ബി.ജെ.പി.യും സി.പി.എമ്മും കോണ്‍ഗ്രസ്സ് വിരോധപാര്‍ട്ടികള്‍ എന്ന നിലയില്‍ യോജിക്കാനുള്ള അവസരം പലപ്പോഴും അവര്‍ക്ക് ലഭിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ കല്‍ക്കരിപ്പാടക്കൊയ്ത്താണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ തന്നെ നേരിട്ട് അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സുവര്‍ണ്ണാവസരവും കിട്ടിയിരിക്കുന്നു. അഴിമതിത്തുകയും നിസ്സാരമല്ല. 2ജിയെക്കാളും വലിയ അഴിമതി. 1.86ലക്ഷം കോടി രൂപ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും അത്കൊണ്ട് ഇനി പ്രധാനമന്ത്രി രാജിവെക്കുന്നത് വരെ സമരം എന്നുമാണ് ബി.ജെ.പി.യുടെ നിലപാട്.
സി.പി.എം.കാര്‍ക്കും മറിച്ചൊരു നിലപാട് ഉണ്ടാകാന്‍ വഴിയില്ല. അങ്ങനെ ഈ അഴിമതി വിരുദ്ധസമരം ഫലപ്രാപ്തിയില്‍ എത്തിയാല്‍ അടുത്ത തവണ നരേന്ദ്രമോഡി പ്രധാനമന്ത്രിയാവാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പാണ്. സി.പി.എമ്മില്‍ ഇനി പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആരും ഇല്ല, ഉണ്ടാവുകയും ഇല്ല. ഒരിക്കല്‍ ജ്യോതി ബസുവിന് അവസരം ലഭിച്ചപ്പോള്‍ അവര്‍ തട്ടി തെറിപ്പിച്ചതാണ്. പിന്നെ ഉണ്ടായിരുന്ന നേതാവ് സോമനാഥ് ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹം സി.പി.എമ്മുകാര്‍ക്ക് അനഭിമതനാവുകയും ചെയ്തു. ഇപ്പോള്‍ പ്രധാനമന്ത്രികുപ്പായം തുന്നിവെച്ചിരിക്കുന്ന ഒരേയൊരാള്‍ മോഡിയാണ്. അത് സാധിച്ചു കൊടുക്കാന്‍ സി.പി.എമ്മുകാരും സഹായിക്കുമായിരിക്കും. രണ്ട് സീറ്റ് മാത്രം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ബി.ജെ.പി.യെ ഇക്കാണുന്ന രീതിയില്‍ വളര്‍ത്താന്‍ സി.പി.എം. പെട്ട പാട് ചില്ലറയല്ല.
കല്‍ക്കരിപ്പാടം ലഭിക്കുക വഴി സ്വകാര്യ കമ്പനികള്‍ 1.86ലക്ഷം കോടി ലാഭം ഉണ്ടാക്കി എന്നാണ് സി.എ.ജി.യുടെ കണക്ക്. അതേ തുക 1.86.ലക്ഷം കോടി പ്രധാനമന്ത്രി അഴിമതി നടത്തി അടിച്ചുമാറ്റി എന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും കണക്ക്. ഇത്രയും തുകയ്ക്ക് എത്ര പൂജ്യം ഉണ്ട് എന്നറിയാത്ത സാധാരണക്കാരുടെ മുന്നില്‍ മന്‍മോഹന്‍ സിങ്ങിനെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. സി.ഏ.ജി. കണക്ക് വേദവാക്യമായി എടുക്കുന്ന പ്രതിപക്ഷം സി.എ.ജി. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല എന്ന കാര്യം വിസ്മരിക്കുന്നു. അഴിമതിയുടെ പുകമറ ഉണ്ടാക്കി മോഡിയെ അധികാരമേല്‍പ്പിക്കണം എന്നതില്‍ കവിഞ്ഞ ഒരു നോട്ടവും അവര്‍ക്കില്ല.
എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? കേന്ദ്ര കല്‍ക്കരി സെക്രട്ടരിയും മറ്റ് ഒന്‍പത് മന്ത്രാലയങ്ങളിലെ സെക്രട്ടരിമാരും അടങ്ങിയ സ്ക്രീനിങ്ങ് കമ്മറ്റിയാണ് 194 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകൊണ്ട് രാജസ്ഥാന്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാര്‍ക്കണ്ട്, ഒഡീഷ മുതലായ സംസ്ഥാനങ്ങളെ അറിയിച്ചത്. ആ കല്‍ക്കരി ബ്ലോക്കുകള്‍ ഏതൊക്കെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് അതത് സംസ്ഥാനങ്ങളാണ്. മാത്രമല്ല, സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും മുഖ്യമന്ത്രിമാര്‍ ബുദ്ധദേവ് ഭട്ടാചാര്യ, വസുന്ധരരാജ് സിന്ധ്യ, അര്‍ജ്ജുന്‍ മുണ്ട എന്നിവരൊക്കെ കല്‍ക്കരിപ്പാടം ലേലം വേണ്ട എന്നും സ്ക്രീനിങ്ങ് കമ്മറ്റി ഉണ്ടാക്കി ആ കമ്മറ്റി അനുവദിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ആ സ്ക്രീനിങ്ങ് കമ്മറ്റി സുതാര്യമായല്ല തീരുമാനങ്ങള്‍ എടുത്തതെന്ന് സി.എ.ജി. പറഞ്ഞിട്ടുമുണ്ട്. ഇതൊന്നും സി.പി.എമ്മുകാര്‍ക്കും ബി.ജെ.പി.ക്കാര്‍ക്കും വിഷയമല്ല. അവര്‍ക്ക് ഒരു രാഷ്ട്രീയ ഇര വേണം എന്നേയുള്ളൂ.
അങ്ങനെ, ഇത് വരെയിലും ആരാലും അഴിമതിയാരോപണം ഉന്നയിക്കാന്‍ കഴിയാതിരുന്ന മന്‍മോഹന്‍ സിങ്ങിനെ തന്നെ ഇന്ത്യാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ആയുധം ബി.ജെ.പി.ക്കും സി.പി.എമ്മുകാര്‍ക്കും എറിഞ്ഞുകൊടുത്ത സി.എ.ജി.യുടെ മനസ്സിലിരുപ്പ് മോഡിയെ പ്രധാനമന്ത്രിയാക്കണം എന്ന് തന്നെയായിരിക്കും എന്ന് കരുതാന്‍ ന്യായമുണ്ട്. ഇന്ത്യയില്‍ ഇത് വരെയിലും പ്രധാനമന്ത്രിയാകാന്‍ കൊതിച്ച എല്ലാവര്‍ക്കും ആ സൌഭാഗ്യം കൈവന്നിട്ടുണ്ട്. അദ്വാനിക്കൊഴികെ. നരേന്ദ്രമോഡിക്ക് അദ്വാനിയുടെ ഗതി വരാതിരിക്കട്ടെ എന്നായിരിക്കും ബി.ജെ.പി.യിലെ അദ്വാനിവിരുദ്ധ വിഭാഗത്തിന്റെയും സി.പി.എമ്മിന്റെയും മോഹം.