Links

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ എന്നാല്‍ എന്ത് ?

മൊബൈല്‍ ഫോണിന്റെ പ്രചാരം നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു എന്ന് പറയാം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു ദിവസം ആര്‍ക്കും ഇന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ കൈയ്യില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ബാഹ്യലോകവുമായി 24 മണിക്കൂറും സമ്പര്‍ക്കത്തിലാണ്.  അതിന്റെ അര്‍ത്ഥം നമ്മള്‍ മുമ്പത്തെക്കാളും ഇന്ന് സുരക്ഷിതബോധം അനുഭവിക്കുന്നു എന്നാണ്.  എന്ത് പറ്റിയാലും ഉടന്‍ തന്നെ ആരെയെങ്കിലും വിവരം അറിയിക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാന്‍ മാത്രമുള്ള ഉപകരണമല്ല. പോക്കറ്റില്‍ കൊണ്ടുനടക്കുന്ന ഒരു മിനി കമ്പ്യൂട്ടര്‍ തന്നെയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍.

അത്കൊണ്ട് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഇന്ന് ഏറെ ചിന്തിക്കാനുണ്ട്.  ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വേണ്ടത് എന്നാണ് തീരുമാനിക്കാനുള്ളത്.  എന്താണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം (OS) എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്?

ഹാര്‍ഡ്‌വേര്‍ - സോഫ്റ്റ്‌വേര്‍  എന്ന് കേള്‍ക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും.  ഹാര്‍ഡ്‌വേര്‍ എന്നാല്‍ നമ്മള്‍ കാണുന്ന ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ചേര്‍ന്നതാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറിന്റെ മോണിട്ടര്‍ , സി.പി.യു., കീബോര്‍ഡ്, മൌസ് , മദര്‍ബോര്‍ഡ് പിന്നെ അതിന്റെ ഉള്ളിലുള്ള എല്ലാ സാധനങ്ങളും ചേര്‍ന്നതാണ് ഹാര്‍ഡ്‌വേര്‍. നമുക്ക് അവ സ്പര്‍ശിക്കാന്‍ കഴിയും. എന്നാല്‍ സോഫ്റ്റ്‌വേര്‍ നമുക്ക് സ്പര്‍ശിക്കാന്‍ കഴിയില്ല.

സോഫ്റ്റ്‌വേര്‍ എന്നാല്‍ പ്രോഗ്രാമുകളാണ്. ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണിലുള്ള ഒരു ആപ്ലിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രോഗ്രാമുകള്‍ ആയിട്ടാണ്. എന്നാല്‍ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനും ഒരു പ്രോഗ്രാം വേണം. ആ പ്രോഗ്രാമാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഓ.എസ്സ്. എന്നു ചുരുക്കി പറയും. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രോഗ്രാം ആണ്. ഓയെസ്സിനെ പ്ലാറ്റ്ഫോം എന്നും പറയാറുണ്ട്.  സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ എഴുതിയുണ്ടാക്കുന്നതാണ് പ്രോഗ്രാമുകള്‍.

ഇത്രയും പറഞ്ഞതില്‍ നിന്ന് എന്താണ് മനസ്സിലായത്?  ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന പ്രോഗ്രാം വേണം. മറ്റ് പ്രോഗ്രാമുകള്‍ അഥവാ സോഫ്റ്റ്വേറുകള്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എന്ന പോലെ മൊബൈലിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വേണം.  നോകിയ ഫോണ്‍ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ സിംബ്യന്‍ (Symbian) എന്ന പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അവര്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് മാറുകയാണ്. ബ്ലാക്ക്ബെറിക്ക് അവരുടെ സ്വന്തം ഓയെസ്സ് ഉണ്ട്.  ആപ്പിള്‍ കമ്പനിയുടെ ഐഫോണിന് അവരുടെ ഓയെസ്സ് ( iOS) ഉണ്ട്.  ഈ പറഞ്ഞ ഓപ്പറേറ്റിങ്ങ് സിസ്റ്റം എല്ലാം സ്വകാര്യ പ്രോഗ്രാമുകള്‍ ആണ്.

എന്നാല്‍ ആന്‍ഡ്രോയ്ഡ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ ഗൂഗിള്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അത് കൂടാതെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഫ്രീയായി ലഭിക്കും.  ഐഫോണിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വിപണി കൈയ്യടക്കൊണ്ടിരിക്കുകയാണ്.

ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഒരു പോരായ്മ എന്ന് പറയുന്നത് ബാറ്ററി ചാര്‍ജ്ജ് വേഗം തീര്‍ന്നുപോകും എന്നതാണ്. കുറെ ആപ്ലിക്കേഷന്‍സ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്കൊണ്ടാണിത്. എന്നാല്‍ നെറ്റ് ബ്രൌസ് ചെയ്യാനും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ തുറക്കാനുമൊക്കെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മികച്ചതാണ്.  ഐഫോണിന്റെ സൌകര്യങ്ങള്‍ എല്ലാം ഉള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വളരെ വിലക്കുറവില്‍ ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നമുക്ക് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.  ആന്‍ഡ്രോയ്ഡ് കൈവശം ഇല്ലാത്ത ഒരാള്‍ കാലഗണന അനുസരിച്ച് വളരെ പിന്നിലാണ് എന്ന് പറയേണ്ടി വരും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങണം എന്ന് താല്പര്യപ്പെടുന്നവരോട് അത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങുക എന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.  Flipkart , Letsbuy തുടങ്ങിയ കമ്പനികള്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്ന സമ്പ്രദായത്തില്‍ ഫോണ്‍ അഡ്രസ്സില്‍ എത്തിച്ചു തരും. അവരുടെ സൈറ്റില്‍ നിന്ന് ഏത് ഫോണ്‍ ആണ് വേണ്ടത് എന്ന് സാവകാശം സെലക്റ്റ് ചെയ്യാന്‍ സാധിക്കും. പുറത്ത് മൊബൈല്‍ സ്റ്റോറുകളില്‍ MRP-യില്‍ ഒരു ഇളവും കിട്ടുകയില്ല. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ യഥാര്‍ത്ഥ MRP വിലയും അവര്‍ ഈടാക്കുന്ന വിലയും കാണിച്ചിരിക്കും.  

16 comments:

ajith said...

Thanks KPS

Cv Thankappan said...

നന്ദി സുകുമാരന്‍ സാര്‍

praveen gopinath said...

my blog on "introduction to android" : http://praveenpayyanur.blogspot.in/2011/04/introductory-guide-to-android-phones.html

VANIYATHAN said...

വളരെ പ്രയോജനകരമായിരുന്നൂ

Unknown said...

sir, we expecting more from you about the android os and its details with examples.

സങ്കൽ‌പ്പങ്ങൾ said...

നന്ദി..

SHAJI said...

THANK YOU FOR THE INFORMATION

ഞാന്‍ പുണ്യവാളന്‍ said...

ആന്‍ഡ്രോയ്ഡ് കുറിച്ച് സംശയ രഹിതമായി മനസിലാക്കാന്‍ സാധിച്ചു സന്തോഷം നന്ദി

ChethuVasu said...

എന്തെല്ലാം അറിവുകള്‍ ആണ് സുകുമാരേട്ടന് ..! അഭിവാദ്യങ്ങള്‍ ! താങ്കളില്‍ നിന്നും എല്ലാവര്ക്കും ഒരുപാട് പഠിക്കാനുണ്ട് . ബ്രെയിന്‍ എന്നാ ,പോയ്ഹുവില്‍ അലങ്കാരത്തിനു മാത്രമായി ഉപയോഗിക്കുന്ന വസ്തുവിന്റെ ശരിയായ ഉപയോഗം എന്താണ് എന്ന് താങ്കള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്ക് കൊടുക്കുന്നു . അറിവ് എന്നത് അത്ര സന്തോഷ ദായകമായ ഒരു അനുഭൂതി ആണ് എന്നും .

വാസു തുടങ്ങാന്‍ പോകുന്ന സോഫ്ട്വെയര്‍ കമ്പനിയില്‍ ഒരു സീനിയര്‍ ആര്‍ക്കിറെക്ടിനെ ആവശ്യമുണ്ട് . സുകുമാരേട്ടന് ആ ഓഫാര്‍ തന്നാലോ ..? ഹ ഹ !

K.P.Sukumaran said...

അറിവ് എന്നത് അനന്തമാണ് എന്നൊരു അറിവാണ് ആകെ എനിക്കുള്ള അറിവ്. അതില്‍ നിസ്സാരമായ അറിവുകള്‍ ഞാന്‍ മനസ്സിലാക്കുന്നത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. സോഫ്റ്റ്‌വേര്‍ കമ്പനി തുടങ്ങുന്നുണ്ട് അല്ലേ? ഇനി ബാംഗ്ലൂരില്‍ വെച്ച് കാണുമ്പോള്‍ ട്രീറ്റ് തന്നാല്‍ മതി. ഓഫര്‍ സ്വീകരിക്കാന്‍ മാത്രം ബാല്യം ഇല്ലല്ലോ :)

Sidheek Thozhiyoor said...

"അറിവ് എന്നത് അനന്തമാണ് എന്നൊരു അറിവാണ് ആകെ എനിക്കുള്ള അറിവ്. അതില്‍ നിസ്സാരമായ അറിവുകള്‍ ഞാന്‍ മനസ്സിലാക്കുന്നത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്".
ഇതാണ് നല്ല മനസ്സുകലുകളുടെ ലക്ഷണം

Karuva illias said...

പ്രയോജനകരമായിരുന്നൂ

കുഞ്ചു said...

ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഒരു പോരായ്മ എന്ന് പറയുന്നത് ബാറ്ററി ചാര്‍ജ്ജ് വേഗം തീര്‍ന്നുപോകും എന്നതാണ്. കുറെ ആപ്ലിക്കേഷന്‍സ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്കൊണ്ടാണിത്. ഇത് പരിഹരിക്കാന്‍ പറ്റുമോ ? സുകുമാരന്‍ സാര്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"മൊബൈല്‍ ഫോണ്‍ കൈയ്യില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ബാഹ്യലോകവുമായി 24 മണിക്കൂറും സമ്പര്‍ക്കത്തിലാണ്. അതിന്റെ അര്‍ത്ഥം നമ്മള്‍ മുമ്പത്തെക്കാളും ഇന്ന് സുരക്ഷിതബോധം അനുഭവിക്കുന്നു എന്നാണ്."
ഈ 'സുരക്ഷിതബോധ'ത്തെക്കാള്‍ പതിന്മടങ്ങാണ് ജനങ്ങളുടെ 'സ്വകാര്യത' നഷ്ടപ്പെടുന്ന അരക്ഷിതാവസ്ഥ എന്ന് കൂടി പറയേണ്ടിവരും.
'അണക്കുമൊരു കൈ, അടിക്കുമൊരു കൈ' എന്ന പഴമൊഴി പോലെ ,ഓരോ ശാസ്ത്രനേട്ടത്തിന് പിറകിലും ഓരോ കോട്ടംകൂടി നാം കണ്ടെത്തുന്നു.
ഇന്നിന്റെ ഏറ്റം വലിയ ഭീഷണിയിലൊന്ന് ക്യാമറയുള്ള മൊബൈല്‍ ആണ് എന്നത് സത്യമാണ്.

തികച്ചും അറിവ് പകരുന്ന ലേഖനം..അഭിനന്ദനങ്ങള്‍

rohit c raju said...

ചേട്ടാ ആണ്ട്രോയിദ് ഫോണ്‍ റൂട്ട് ചെയുന്നത് ഒന്ന് പറഞ്ഞുതരുമോ ??

K.P.Sukumaran said...

ഏത്‌ കമ്പനിയുടെ ഏത്‌ മോഡൽ ഫോൺ ആണോ റൂട്ട് ചെയ്യേണ്ടത്‌ ആ മോഡൽ ഗൂഗിളിൽ കൊടുത്തു സർച്ചു ചെയ്ത്‌ നോക്കു. അല്ലെങ്കിൽ മോഡൽ എനിക്കു മെയിൽ ചെയ്യൂ. kpsuku@gmail.com