സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കേരളം വളരുകയാണ്. സമ്പന്നതയുടെ ചിലരൂപങ്ങള്‍ എങ്ങും കാണാനുണ്ട്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിവിധ വലിപ്പത്തിലുള്ള ആഡംബരക്കാറുകളുടെ എണ്ണപ്പെരുപ്പം, കൊട്ടാരസമാനമായ വീടുകള്‍, കുടിച്ച് സുഖിക്കുന്നതിന് ഗ്രാമ – നഗര ഭേദമന്യേ സ്റ്റാര്‍ ഹോട്ടലുകള്‍, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്റ്റാര്‍ സ്കൂളുകള്‍, സ്റ്റാര്‍ കോളേജുകള്‍, സ്റ്റാര്‍ ഹോസ്പിറ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഉപഭോഗഭ്രാന്ത് പിടിച്ച ഒരു കൂട്ടം ജനങ്ങള്‍, വിദേശത്തുനിന്നു വരുന്ന പണംകൊണ്ടാണെങ്കിലും, സ്വദേശത്തെ ബ്രോക്കര്‍ ബിസിനസ്സ് കൊണ്ടാണെങ്കിലും, സമ്പന്നതയുടെ ഒരു വിളയാട്ടം കേരത്തിലെങ്ങും കാണാം.
പക്ഷേ, ഈ ബാഹ്യവികസനം ഉള്ള് പൊള്ളയായതാണ് എന്ന് മാത്രമല്ല, മനുഷ്യന്റെ സുസ്ഥിരവും തുല്യതയാര്‍ന്നതുമായ വികസനമുന്നേറ്റങ്ങള്‍ക്ക് വിഘാതവുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥനങ്ങളും മുന്നോട്ടുവെച്ച വികസന സങ്കല്‍പങ്ങള്‍ക്ക് കടക വിരുദ്ധവുമാണിത്.
അശാസ്ത്രീയ ഭൂ ഉപയോഗം നിമിത്തം, കൃഷിയും ഭക്ഷ്യസുരക്ഷയും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഭൂമി ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും കേവലം വില്പന ചരക്കാകുന്നു. വീട് പാര്‍ക്കാനുള്ള ഇടത്തിനപ്പുറം ഊഹക്കച്ചവടത്തിനുള്ള ഉപാധിയാകുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലേക്ക് ഉത്പാദനോപാധികള്‍ എത്തിച്ചേരുന്നു. പ്രകൃതി സമ്പത്തിനെ ന്യായമായ രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം, അത് ഒരു കൊള്ളവസ്തുവാക്കുന്നു.
സാമൂഹ്യബോധത്തില്‍ നിന്ന് വ്യക്തിഗതബോധത്തിലേക്ക് ജനങ്ങള്‍ തരം താഴുന്നു. ഇതുമൂലം രോഗാതുരത, മലിനമായ ജീവിതസാഹചര്യങ്ങള്‍, മനുഷിക മൂല്യങ്ങളും ഭാഷയും, സംസ്കാരവും നഷ്ടപ്പെടുന്ന സാഹചര്യം, വായനയില്‍ നിന്നും യുക്തിചിന്തയില്‍ നിന്നുമുള്ള അന്യവല്‍ക്കരണം, തുടങ്ങയവയ്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ലഭിക്കുന്നു. എന്തുചെയ്തും പണം ഉണ്ടാക്കണം എന്ന ചിന്ത പ്രബലമായിരിക്കുന്നു.
മേല്‍ക്കാണുന്നത് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന “ വേണം മറ്റൊരു കേരളം” എന്ന ക്യാമ്പയിന്റെ ലഘുലേഖയിലെ കുറിപ്പാണ്. കേരളം എന്ന നാട് മലയാളികള്‍ക്ക് പ്രിയപ്പെട്ട മണ്ണാണ്. അത്കൊണ്ടാണ് ലോകത്ത് എവിടെ പോയി താമസമുറപ്പിച്ചാലും മലയാളി സ്വന്തം നാട്ടില്‍ വീട് പണിയുന്നത്. എന്നെങ്കിലും ജനിച്ച നാട്ടില്‍ വരേണ്ടേ എന്നാണ് ഓരോ പ്രവാസി മലയാളിയും കരുതുന്നത്. ഇത്കൊണ്ടൊക്കെ ഫലത്തില്‍ , കേരളത്തില്‍ കുറേ പണം വരുന്നുണ്ട്. ആ പണം ഉപയോഗിച്ച് കണ്‍സ്ട്രക്‍ഷന്‍ മാത്രമാണ് നടക്കുന്നത്. മറ്റൊരു ജോലിക്കും ആളെ കിട്ടാനില്ല. കെട്ടിടങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം വെറുതെ കിടക്കുകയാണ്.
കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് ബംഗാളില്‍ നിന്നും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക് ആളുകള്‍ വരുന്നുണ്ട്. മണ്ണില്‍ മറ്റ് പണികള്‍ എടുക്കാന്‍ ആരുമില്ല. അഥവാ ഒരാളെ കിട്ടിയാലും അയാള്‍ കാട്ടിക്കൂട്ടി ഒപ്പിച്ച് തോന്നിയ പോലെ കൂലി വാങ്ങും. ഞാന്‍ താമസിക്കുന്ന വീട്ടില്‍ നാലു തെങ്ങിന്റെ മൂട് തുറന്ന് വളം ഇടാന്‍ വേണ്ടി ഒരാളെ വിളിച്ചു. അയാള്‍ നാല് തെങ്ങിന്റെ ചുറ്റും ചെറുതായി മാന്തി കുഴി പോലെ ഒന്ന് ആക്കിയിട്ട് എന്നോട് 500രൂപയാണ് വാങ്ങിയത്. പിറ്റേന്ന് ഞാന്‍ തന്നെ വളമൊക്കെ ഇട്ട് കുഴി മൂടി. ഇതാണ് അവസ്ഥ. നാട്ടില്‍ എന്തെങ്കിലും പണിയെടുക്കുന്നവര്‍ എടുപ്പിക്കുന്നവരെ പിടിച്ചു പറിക്കുകയാണ്.
ഒരു ഉദാഹരണം പറയാം. പണിക്ക് ആവശ്യമായ എന്തെങ്കിലും സാധനം വാങ്ങണമെങ്കില്‍ അവരാണ് വാങ്ങിക്കൊണ്ട് വരിക. അതിന്റെ വില എം.ആര്‍.പി.യില്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരത് ചുരണ്ടിക്കളയും. ഇങ്ങനെ വാങ്ങുന്ന പൈസ അത്രയും വെള്ളം കുടിച്ചു കളയാനാണ് അവര്‍ ഉപയോഗിക്കുന്നത്. ആ കാശ് കൊണ്ട് അവര്‍ക്കും പ്രയോജനമില്ല എന്നര്‍ത്ഥം. നേരിയൊരു തലകറക്കം ഉണ്ടാവുന്നു എന്നതാണ് വെള്ളം കുടിയിലെ ഒരേയൊരു എഫക്ട്. നോക്കണം, ആ തലകറക്കത്തിനാണ് കേരളത്തിലെ പണം മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.
നമ്മുടെ സാംസ്കാരിക രംഗം നോക്കൂ. എത്ര വരണ്ടുപോയി. രാഷ്ട്രീയമാണെങ്കില്‍ അധ:പതനത്തിന്റെ നെല്ലിപടിയിലാണ്. അലക്കിത്തേച്ച് വടി പോലത്തെ കുപ്പായവുമിട്ട് സുന്ദരക്കുട്ടപ്പന്മാരായി വിലസുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം സംസാരിക്കുന്നുണ്ടോ? ഇവന്മാരൊക്കെ ഇങ്ങനെ വിലസി ജീവിക്കുമ്പോള്‍ സമൂഹത്തിന് തിരിച്ചു നല്‍കുന്നത് എന്ത് എന്ന് ആലോചിട്ടുണ്ടോ? പക, വിദ്വേഷം, വെറുപ്പ് ഇത്യാദി മൃഗീയഗുണങ്ങള്‍ മാത്രം. പത്രങ്ങളില്‍ അച്ചടിച്ചു വരുന്ന ഇവന്മാരുടെ വാക്കുകള്‍ക്ക് ജല്പനങ്ങള്‍ എന്നതിലപ്പുറം എന്തെങ്കിലും മൂല്യമുണ്ടോ?
ആകമാനം തകര്‍ന്ന് നാശകോശമായ സാമൂഹ്യസാഹചര്യമാണ് ഇവിടെയുള്ളത്. ആര്‍ക്കും ആരോടും സ്നേഹമോ ആത്മാര്‍ത്ഥതയോ ഇല്ല. എങ്ങനെയും എവിടെ പോയും പണം സമ്പാദിക്കണം എന്ന് മാത്രം. എന്നിട്ട് ഈ പണം കൊണ്ട് എന്താണ് ചെയ്യുന്നത്? ചുമ്മാ ധൂര്‍ത്ത്. അല്ലാതെ മറ്റെന്ത്? ജീവിതനിലവാരം കൂടിയോ? നൂറ് രൂപ ചെലവാക്കേണ്ടിടത്ത് ആയിരം രൂപ ചെലവാക്കുന്നു. കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേ അയയ്ക്കാന്‍ പറ്റൂ. അതും വാഹനത്തിലേ പോകാന്‍ പറ്റൂ. എന്നിട്ടെന്താ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടിയോ?
സമൂഹത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ ഊടും പാവും നെയ്തെടുക്കുന്ന ആ ഒരു ഡിസൈന്‍ തെറ്റിപ്പോയിരിക്കുന്നു. ഒരു തരം അരാജകത്വം. ഒരു നാട്ടില്‍ , ആ നാടിന് വേണ്ടി പണിയെടുക്കാന്‍ ആവശ്യമായ പണിക്കാര്‍ ഇല്ലെങ്കില്‍ ആ നാട് എങ്ങനെയാണ് മുന്നോട്ട് പോവുക? എന്ത് ജോലിയും പുറത്ത് പോയി മാത്രമേ എടുക്കൂ, നാട്ടില്‍ പണി എടുക്കുന്നത് അപമാനമാണ് എന്നൊരു തൊഴില്‍ സംസ്കാരം നിലനിന്നാല്‍ ആ നാടിന് എങ്ങനെയാണ് മുന്നോട്ട് പോകാന്‍ കഴിയുക? നാട് വിട്ട് പ്രവാസിയായി കുറെ പണം ഉണ്ടാക്കിയാല്‍ ആ പണം കൊണ്ട് ജീവിതമോ നഷ്ടപ്പെടുന്ന കുടുംബജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളോ വിലയ്ക്ക് വാങ്ങാന്‍ പറ്റുമോ?
മക്കളെ എന്ത് ത്യാഗം സഹിച്ചും പഠിപ്പിച്ച് , കുടുതല്‍ പണവും സൌകര്യങ്ങളും കിട്ടാന്‍ വേണ്ടി വിദൂരങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവിവേകമാണ് ചെയ്യുന്നത് എന്ന് തോന്നുന്നു. കഴിയുന്നതും എല്ലാവരും ഒരുമിച്ച് ജീവിച്ച് ഇല്ലായ്മയും വല്ലായ്മയും പങ്കിടുന്നതില്‍ ഒരു സാന്ത്വനവും സുഖവും ഉണ്ട് എന്നാണ് എന്റെ തോന്നല്‍. അല്ലെങ്കില്‍ വാര്‍ദ്ധക്യം അരക്ഷിതവും വേദനാജനകവുമാകും. സ്വന്തം അധ്വാനശേഷി സ്വന്തം നാട്ടില്‍ പ്രയോജനപ്പെടുത്തി അങ്ങനെ നാടും കുടുംബവും പുരോഗതി പ്രാപിക്കുന്നതാണ് ഏറ്റവും അഭിലഷണീയമായ സാമൂഹ്യസാഹചര്യം. നമ്മുടെ നാട്ടില്‍ എല്ലാ കൈത്തൊഴിലുകളും അപ്രത്യക്ഷമായി വരുന്നു. പുറമേക്ക് നോക്കുമ്പോള്‍ എല്ലാം വളരെ സുന്ദരം. പക്ഷെ ഉള്ള് പൊള്ളയായ , അനുദിനം ജീര്‍ണ്ണിച്ച് വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ നാളെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.