Links

3G - യും ഞാനും ..

കഴിഞ്ഞ കൊല്ലമാണ് എനിക്കൊരു  ബ്ലാക്ക്ബെറി കിട്ടിയത്.  അപ്പോഴാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ ത്രീജി സര്‍വ്വീസും തുടങ്ങുന്നത്.  ഞാന്‍ ഉടനെ തന്നെ BSNL ഓഫീസില്‍ പോയി ഒരു 3G സിം വാങ്ങി. അതോടൊപ്പം ഒരു ഡാറ്റാ പ്ലാനും എടുത്തു.  ത്രീജിയുടെ ഒരാകര്‍ഷണമാണല്ലൊ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുക എന്നത്. ഈ സൌകര്യമൊക്കെ നമ്മുടെ ആയുസ്സില്‍ തന്നെ കാണാന്‍ കഴിയുക എന്നത് ഒരു മഹാഭാഗ്യമല്ലേ. ചെറുപ്പകാലത്ത് ബസ്സ് പോലും നാട്ടില്‍ സുലഭമായിരുന്നില്ല. അഞ്ചരക്കണ്ടിയില്‍ നിന്ന് കണ്ണൂരേക്ക് ആകെ മൂന്ന് ബസ്സുകള്‍ ഉണ്ടായിരുന്നു. അതും  തട്ടാരിയില്‍ തോടിന് കുറുകെ പാലം ഇല്ലാത്തത്കൊണ്ട് എക്കാല്‍ വരെ മാത്രമേ ബസ്സ് വരികയുള്ളൂ. തലശ്ശേരിയില്‍ പോകണമെങ്കില്‍ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയും പാലം നിര്‍മ്മിച്ചിരുന്നില്ല. ആദ്യം തട്ടാരിപ്പാ‍ലം പണിതു. ആദ്യമായി കോണ്‍ഗ്രീറ്റില്‍ പണിത് കണ്ട ആ പാലം നാട്ടുകാര്‍ക്ക് വിസ്മയമയമായിരുന്നു. പിന്നെ അഞ്ചരക്കണ്ടിപ്പുഴയിലും പാലം നിര്‍മ്മിച്ചു. അപ്പോഴും കാളവണ്ടി തന്നെയായിരുന്നു കുട്ടിക്കാലത്ത് നമ്മളെ സംബന്ധിച്ച് പ്രധാന വാഹനം. സൈക്കിള്‍ അപൂര്‍വ്വമായിരുന്നു. അടുത്തുള്ള സ്കൂളിലെ ശങ്കരന്‍ മാഷ്ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു. കുറ്റിയാട്ടൂരില്‍ നിന്ന് ഞങ്ങള്‍ പഠിക്കുന്ന വിദ്യാവിനോദിനി എല്‍.പി.സ്കൂളിലേക്ക്  മാഷ് സൈക്കിളിലാണ് വരിക. സൈക്കിളിന് അന്ന് റജിസ്ട്രേഷന്‍ വേണമായിരുന്നു.  പഠിപ്പിക്കുന്നതില്‍ അത്ര മിടുക്കൊന്നും ഇല്ല്ലായിരുന്ന ആ മാഷിന്റെ സൈക്കിളില്‍ കയറിയുള്ള വരവിന് ഒരു ഗരിമ വേറെ തന്നെയായിരുന്നു.

ബ്ലാക്ക്ബെറിയില്‍ ത്രീജി സിം ഇട്ടുനോക്കിയപ്പോഴാണ് മനസ്സിലാ‍കുന്നത് അതിന് ഫ്രണ്ട് ക്യാമറ ഇല്ല എന്ന സത്യം.  വീഡിയോ കോളിങ്ങിന് ഫോണില്‍ ഫ്രണ്ട് ക്യാമറ വേണമെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. മകളുടെ കൈയില്‍ ഒരു N73 നോക്കിയ ഫോണ്‍ ഉണ്ടായിരുന്നു. അതില്‍ ഇപ്പറഞ്ഞ ക്യാമറയുണ്ട്.  മകള്‍ക്ക് വേണ്ടിയും ഒരു  സിം വാങ്ങി വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നോ നെറ്റ്‌വര്‍ക്ക്.  കണ്ണൂര്‍ ടൌണില്‍ നെറ്റ്‌വര്‍ക്ക് കവറേജ് ഉണ്ടാകും എന്ന് കരുതിയെങ്കിലും ടൌണില്‍ പോയി ശ്രമിച്ചപ്പോള്‍ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന അറിയിപ്പാണ് അപ്പോഴും ഫോണില്‍ നിന്നും കിട്ടിയത്.  ശരിക്കും BSNL-ന്റെ ത്രീജി വര്‍ക്കൌട്ട് ആകാത്തത്കൊണ്ടാണോ അതോ എന്റെ ബ്ലാക്ക്ബെറിയിലും ഫ്രണ്ട് ക്യാമറ ഇല്ലാത്തത്കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അങ്ങനെ ഞാ‍ന്‍ വീഡിയോ കോള്‍ എന്ന ആശയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇപ്രാവശ്യം  എനിക്ക് മകന്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിത്തന്നു. Samsung Galaxy SII (GT-I9100)  ആണ് സംഭവം. കിടിലന്‍ ഫോണ്‍ തന്നെ.  ഞാന്‍ ഐഡിയയുടെ രണ്ട് ത്രീജി സിം വാങ്ങി, അങ്ങനെ ആദ്യമായി വീട്ടില്‍ വെച്ചു തന്നെ ശ്രീമതിയുമായി വീഡിയോ കോള്‍ ചെയ്തുനോക്കി.  എന്താ ഒരു ക്ലാരിറ്റി, ഐഡിയയുടെ നെറ്റ്‌വര്‍ക്ക് കവറേജ് സൂപ്പര്‍ തന്നെ.  3G എന്നും   H+ എന്നുമാണ് സിഗ്നല്‍ കാണിക്കുന്നത്.   2ജിയും 2.5ജിയും ഉള്ള GPRS , EDGE  എന്നീ മൊബൈല്‍ ടെക്നോളജിയെ പിന്നിലാക്കിക്കൊണ്ട് ത്രീജിയും പ്ലസ്സും ഉള്ള HSDPA /HSUPA  എന്നീ ടെക്നോളജി അങ്ങനെ നമുക്കും ലഭ്യമാവുകയാണ്.  ആദ്യമായി രാജ്യത്ത് ത്രീജി ആരംഭിച്ച BSNL-ന്റെ സ്ഥിതി ഇപ്പോള്‍ എന്താണെന്നറിയില്ല.  അവര്‍ക്കായിരുന്നു ഈ ടെക്നോളജി രാജ്യമൊട്ടാകെ എല്ലാവര്‍ക്കും ലഭ്യമാക്കാ‍ന്‍ കഴിയുമായിരുന്ന ഇന്‍ഫ്രാ‌സ്ട്രക്ചര്‍ ഉണ്ടായിരുന്നത്. പറഞ്ഞിട്ടെന്താ, അവര്‍ കമ്പനിയായെങ്കിലും  സര്‍ക്കാരിന്റെയാണല്ലൊ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരല്ല്ലേ അതിനെ നിയന്ത്രിക്കുന്നത്.  അങ്ങനെ ജനങ്ങള്‍ക്ക് മൊത്തം ആധുനികടെക്നോളജി എളുപ്പത്തില്‍ ലഭ്യമാക്കാനാണോ ആ ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങുന്നത്. നല്ല കാര്യായിപ്പോയി. ദോഷം പറയരുതല്ലോ, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് രാജ്യത്ത് ഒരു വിധം കുഴപ്പമില്ലാതെ അവര്‍ സംഘടിപ്പിച്ച് തരുന്നുണ്ട്.

എന്നാല്‍ അവര്‍ തുടങ്ങിയ EVDO എന്ന ഇന്റര്‍നെറ്റ് സൌകര്യം  ആരോരുമറിയാതെ ഒടുങ്ങിപ്പോകാനാണ് സാധ്യത.  2mbps ആണത്രെ അതിന്റെ സ്പീഡ്. എന്നാല്‍ ത്രീജിയുടെ സ്പീഡ് ഏറ്റവും കുറവ് 3.5mbps മുതല്‍ 21.5mbps വരെയാണത്രെ.  സ്വകാര്യകമ്പനികള്‍ക്ക് വളരാന്‍ വേണ്ടിയാണ് EVDO സംവിധാനം  സാര്‍വ്വത്രികമാക്കാന്‍ BSNL-ന്റെ തലപ്പത്തുള്ളവര്‍ ശ്രമിക്കാത്തത് എന്ന് എന്നോട് പറഞ്ഞത് ഒരു ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ തന്നെയാണ്.  2ജി നാട്ടില്‍ ഒരു മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയെങ്കില്‍ 3ജി ഒരു മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം ഉണ്ടാക്കാന്‍ പോവുകയാണ്. ഐഡിയ പോലുള്ള സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഉള്ളത് നമ്മുടെ ഭാഗ്യം.  ഈ രംഗം സര്‍ക്കാരിന്റെ മാത്രം കുത്തകയായിരുന്നെങ്കില്‍ നമുക്ക് ഇതൊന്നും സ്വപ്നം  കാണാന്‍ കൂടി കഴിയില്ലായിരുന്നു.

സാംസംഗ് ഗാലക്സി ഫോണ്‍ വാങ്ങി ത്രീജിയുടെ സൌകര്യം  അനുഭവിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടിയും സാംസംഗ് ഒരു ത്രീജി ഫോണ്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  SAMSUNG HERO E3213 എന്നാണ് ആ മോഡലിന്റെ പേര്. MRP വില 3730 രൂപയാണ്. എന്നാല്‍ അതിലും കുറച്ചു കിട്ടും.  എവിടെ പോയി വാങ്ങണം എന്നല്ലേ. ഓണ്‍‌ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. അഡ്രസ്സും ഫോണ്‍ നമ്പറും കാണിച്ച് ഓര്‍ഡര്‍ ചെയ്താല്‍  സാധനം വീട്ടില്‍ എത്തുമ്പോള്‍ കാശ് കൊടുത്താല്‍ മതി.  ഇങ്ങനെ ഓണ്‍‌ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച്  സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ കുറെയുണ്ടങ്കിലും ഞാന്‍ ശിപാര്‍ശ ചെയ്യുക ഫ്ലിപ്കാര്‍ട്ട് ആണ്.  ആ സൈറ്റില്‍ പോയി നോക്കൂ,  3730 രൂപ എം.ആര്‍.പി.യുള്ള  ഹീറോ E3213 ഫോണ്‍ 3090 രൂപയ്ക്ക് നിങ്ങളുടെ വീട്ടില്‍ മൂന്ന് ദിവസത്തിനകം എത്തിച്ചു തരും.  ഇന്ന് കിട്ടാവുന്നതില്‍ വില കുറഞ്ഞ ഏറ്റവും നല്ല ത്രീജി ഫോണ്‍ ആണിത്.

കൂട്ടത്തില്‍ പറയട്ടെ, ഞാന്‍ എന്റെ ഗ്യാലക്സി-2 ഫോണില്‍ ഒപേരമിനി ഇന്‍സ്റ്റാള്‍ ചെയ്തു. അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എങ്ങും പോകണ്ട. ഫോണില്‍ തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ഉണ്ട്. അതില്‍ വില കൊടുത്തും ഫ്രീയായും ലഭിക്കുന്ന ആപ്ലിക്കേഷന്‍സ് ഉണ്ട്. ആന്‍ഡ്രോയ്ഡ് ആപ്പ്സ്  ഓപന്‍ ചെയ്ത് ഒപേര മിനി എന്ന് ഫോണില്‍ തന്നെ സര്‍ച്ച് ചെയ്താല്‍ അതിന്റെ ലിങ്ക് കിട്ടുകയും ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.  ഞാന്‍ ഒപേര തുറന്ന് ഈ ബ്ലോഗ് നോക്കിയപ്പോള്‍ വായിക്കാം, പക്ഷെ അക്ഷരങ്ങള്‍ അവ്യക്തമായിട്ടാണ് കാണുന്നത്. സെറ്റിംഗ്സ് ശരിയാക്കണമെന്ന് തോന്നുന്നു. മാതൃഭൂമി പത്രം സുന്ദരമായി വായിക്കാന്‍ കഴിയുന്നുണ്ട്.

അങ്ങനെ ആദ്യമായി ത്രീജിയില്‍ വീഡിയോ കോള്‍ ചെയ്ത സന്തോഷത്തിലാണ് ഞാനിന്ന്.  ഇക്കഴിഞ്ഞ അരനൂറ്റാണ്ട് എന്തെല്ലാം മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.  എന്തെല്ലാം സൌകര്യങ്ങളാണ് മനുഷ്യര്‍ക്ക് ലഭ്യമായത്.  അതേ സമയം, അന്നും ഇന്നും താരതമ്യപ്പെടുത്തിയാല്‍ മനുഷ്യരുടെ മനസ്സ് അന്നത്തേക്കാള്‍ വളരെ സങ്കുചിതമായി പോയി എന്ന് കാണാം.  മനുഷ്യന്റെ പെരുമാറ്റം വെറും കൃത്രിമവും സ്വാര്‍ത്ഥനിര്‍ഭരവുമായി പോയി. അവനവന് എന്തെങ്കിലും നേട്ടമോ കാര്യമോ ഇല്ലെങ്കില്‍ ചുമ്മാ ഒന്ന് പുഞ്ചിരിക്കാന്‍ പോലും ഇന്ന് ആളുകള്‍ തയ്യാറാവുന്നില്ല. കുട്ടികളുടെയും യുവാക്കളുടെയുമിടയില്‍ മാത്രമാണ്  സൌഹാര്‍ദ്ദവും പരസ്പരസഹകരണവുമെല്ലാം  ഇപ്പോള്‍ നിലനില്‍ക്കുന്നത്. കല്യാണം കഴിച്ച് സ്വന്തം കുടുംബമായാ‍ല്‍ പിന്നെ ആരും വേണ്ട എന്നാണ് മനോഭാവം.   ശാസ്ത്ര-സാങ്കേതിക രംഗത്തെ ഈ പുരോഗതിക്കൊപ്പം എല്ലാ മനുഷ്യരുടെയും മനസ്സില്‍ ഈ വികാസം സംഭവിച്ചിരുന്നുവെങ്കില്‍ വര്‍ത്തമാനകാല ജീവിതം എത്രയോ ആനന്ദപ്രദമായേനേ.... 

33 comments:

വേണു venu said...

Price: Rs. 7350 Rs. 5190
Discount: Rs. 2160
വില ഇങ്ങനെ കാണിക്കുന്നല്ലോ.
പഴമയും പുതുമയും കലര്‍ന്ന ലേഖനം വായനാ സുഖം നല്‍കി.
തന്നിലേയ്ക്കൊതുങ്ങി കൂടുന്ന ഒരു തലമുറയുടെ സൃഷ്ടിയിലും ഇവയൊക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

K.P.Sukumaran said...

വേണു ലിങ്ക് ഒന്ന് കൂടി പരിശോധിക്കൂ. നേരത്തെ കൊടുത്ത ലിങ്ക് തെറ്റായിരുന്നു :)

Unknown said...

സന്തോഷത്തില്‍ പങ്കുചേരുന്നു... അനുഭവം പങ്കുവച്ചത് രസകരമായിട്ടുണ്ട് ട്ടോ

എഡിറ്റർ said...

നല്ല പോസ്റ്റ്..കഷ്ടപ്പാടുകൾ ഏറുമ്പോഴാണ് മനുഷ്യനിൽ മാനുഷികത വളരുന്നത്..സുഖസൌകര്യങ്ങൾ കൂടുമ്പോൾ മനുഷ്യൻ സ്വാർഥനാകുന്നു.പോസ്റ്റിന് നന്ദി

Ashil Prabhakar said...

സുകുമാരേട്ടാ നല്ലൊരു എഴുത്ത് ....
അഭിനന്ദനങള്‍ ...
ഈ 3g അനുഭവം ഞാന്‍ പ്രവാസിയായിരുന്ന സമയത്ത് ഉണ്ടായിട്ടുണ്ട്...
പക്ഷെ വീഡിയോ കോളിന് മൊബൈല്‍ കമ്പനിക്കാര്‍ കൂടുതല്‍ പൈസ ഈടാക്കാറുണ്ട് ...കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നതിനാലാകാം ..എന്നാലും സംഗതി രസകരമാണ് ...നമ്മള്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ ലൈവ് ആയി തന്നെ സ്നേഹിതരേം ബന്ധുമിത്രാടികളെയും അറിയിക്കാന്‍ കഴിയുന്നത്‌ ഒരു സന്തോഷം തന്നെയല്ലേ ...
ഇപ്പോള്‍ നമ്മള്‍ അറിയുന്നത് ഈ 3g മാത്രമാണ്...ഇതില്‍ കൂടുതല്‍ വേഗതയും കൃത്യതയും ഉള്ള 3.5g and 4g നെറ്റ്‌വര്‍ക്ക് വിടെഷരാജങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്...ഇനി അത്യാധുനിക സൌകര്യങ്ങളുടെ പരുധീസയാകാനിരിക്കുന്നത്തെ ഉള്ളൂ ഈ ലോകം ...

Unknown said...

Very good attempt.....
and wish you very best.....

വിധു ചോപ്ര said...

നന്നായി വിവരിച്ചു. ആദ്യം പറഞ്ഞ 3ജി അടുത്ത കൊല്ലം വെറും ആയിരം രൂപക്ക് വാങ്ങി സ്കൂൾ കുട്ടികളടക്കം ഉപയോഗിക്കുന്നതും, നമ്മൾ തന്നെ കാണും. അപ്പോൾ സാറ് പറഞ്ഞതു പോലെ ബന്ധങ്ങൾ പിന്നേയും ചുരുങ്ങും. എന്നാലും ഫോണിലൂടെയെങ്കിലും ബന്ധങ്ങളുണ്ടാകുമെന്ന് സമാധാനിക്കാം. ആയുരാരോഗ്യ സൌഖ്യം നേരുന്നു...........സ്നേഹ പൂർവ്വം വിധു

Akshay S Dinesh said...

bsnl to bsnl കണ്ണൂര്‍ തളാപ്പില്‍ വെച്ച് 2010 ഇല്‍ ഞാന്‍ വീഡിയോ കാള്‍ ചെയ്തിട്ടുള്ള വിവരം അറിയിച്ചു കൊള്ളുന്നു... വെറുതെ bsnl ഇനെ കുറ്റം പറയരുത്

ബിജുകുമാര്‍ alakode said...

Opera Mini യില്‍ മലയാളം വായിയ്ക്കാന്‍ സെറ്റു ചെയ്യുന്ന വിധം ഇവിടെയുണ്ട്. http://minibijukumar.blogspot.com/2011/05/blog-post_14.html

ആചാര്യന്‍ said...

ഞാനും നാട്ടില്‍ പോയപ്പോള്‍ ഐഡിയ ആണ് എടുത്തത് ടു ജി തന്നെ അത്യാവശ്യം കാര്യങ്ങള്‍ക്ക് മതിയാകുന്നു..സര്‍ക്കാര്‍ കാര്യം മുറപോലെ അതാണ്‌ ബി എസ എന്‍ എല്‍..

പിന്നെ മൊബൈലില്‍ മലയാളം വായിക്കാന്‍ നമ്മുടെ ഗ്രൂപ്പില്‍ തന്നെ ഒരു ഡോക്ക് ഇട്ടിട്ടുണ്ട് അത് നോക്കൂ മാഷേ http://www.facebook.com/groups/malayalamblogers/doc/?id=247262198617618

ajith said...

കെപിയെസ്സേ, ഞാന്‍ ആദ്യം ഒരു മൊബൈല്‍ ഫോണ്‍ കാണുന്നത് 90 ല്‍ സിംഗപ്പൂരില്‍ വച്ചായിരുന്നു. ഒരു അപൂര്‍വസാധനം തന്നെ. കാണാന്‍ വന്ന ജനക്കൂട്ടത്തിന്റെ അത്ഭുതം കലര്‍ന്ന മുഖഭാവങ്ങള്‍ ഇപ്പോഴുമെന്റെ ഓര്‍മ്മയിലുണ്ട്. ആ അപൂര്‍വ സാധനം ഇന്ന് എത്ര സര്‍വസാധാരണമായിരിക്കുന്നു. പഴയ ഇഷ്ടികമൊബൈലില്‍ നിന്ന് രൂപവും ടെക്നോളജിയുമൊക്കെ എത്ര മാറി. വിലയെത്ര താഴേയ്ക്ക് വന്നു! കൊള്ളാം...2ജിയും 3ജിയും ചവറുപോലെ നിറയും ഇനി.

(അരിയും ഗോതമ്പുമൊക്കെ ഇങ്ങിനെ വിലകുറഞ്ഞും സുലഭമായുമൊക്കെ വന്നെങ്കില്‍ നന്നായിരുന്നു. )

Sidheek Thozhiyoor said...

ബി എസ എന്‍ എല്‍ കാലത്തിനൊത്ത് വളരുന്നില്ല , അനുഭവം നന്നായി പറഞ്ഞു ,സന്തോഷം.

Unknown said...

വായിച്ചു.നന്നായിട്ടുണ്ട്

yousufpa said...

വിവരസാങ്കേതീകത വാനോളം ഉയരുംതോറും വിവേകം പാതാളത്തോളം കുറഞ്ഞുവരികയാണ്‌.ഒപ്പം മനുഷ്യത്വവും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല പോസ്റ്റ്‌.പറയാന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ കാര്യങ്ങള്‍ വായനയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ .

ChethuVasu said...

മധുരം ഗായതി !

യന്ത്രങ്ങളും മരങ്ങളും തമ്മില്‍ എന്നാണു ലോകയുദ്ധം ..?

Kalavallabhan said...

പോസ്റ്റ് വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു ടേസ്റ്റ് വ്യത്യാസം അനുഭവപ്പെട്ടത് അവസാനമെത്തിയപ്പോഴാണ് മനസ്സിലായത് :
“അവനവന് എന്തെങ്കിലും നേട്ടമോ കാര്യമോ ഇല്ലെങ്കില്‍ ചുമ്മാ ഒന്ന് പുഞ്ചിരിക്കാന്‍ പോലും ഇന്ന് ആളുകള്‍ തയ്യാറാവുന്നില്ല. “

സാംസങ്ങിൽ നെറ്റ് കണക്റ്റ് ചെയ്യുമ്പോഴേക്കും ബാറ്ററി ഡൌണാകുമെന്നെ കേട്ടത് ശരിയാണോ ?
ഈ ഗാലക്സി മിനി എങ്ങനുണ്ട് ?

K.P.Sukumaran said...

കമന്റ് എഴുതിയ
SONY.M.M. ,
എഡിറ്റർ ,
അഷില്‍ പ്രഭാകര്‍ ,
സുബൈർ ബിൻ ഇബ്രാഹിം,
വിധു ചോപ്ര,
Akshay S Dinesh,
ആചാര്യന്‍,
ബിജുകുമാര്‍ alakode
ajith,
സിദ്ധീക്ക..
ജുവൈരിയ സലാം
yousufpa
ആറങ്ങോട്ടുകര മുഹമ്മദ്‌,
Vasu
Kalavallabhan

എന്നിവര്‍ക്കും വായിച്ചവര്‍ക്കും നന്ദി..

@ Kalavallabhan ഈ പോസ്റ്റില്‍ പറഞ്ഞ രണ്ട് ഫോണും എന്റെ കൈവശമുണ്ട്.ഇതില്‍ ഗ്യാലക്സി S2 30000 രൂപയോളം വിലയാവും. നിരവധി ആപ്ലിക്കേഷന്‍സും ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ്ങ് സിസ്റ്റവുമാണ് അതിന്റെ പ്രത്യേകത. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഓപ്പന്‍ സോഴ്സ് ആയത്കൊണ്ട് അതാരെങ്കിലും ഡവലപ് ചെയ്ത്കൊണ്ടിരിക്കും. നമുക്ക് അപ്‌ഗ്രേഡ് ചെയ്യാനും പറ്റും. ആപ്ലിക്കേഷന്‍സ് കൂടുതല്‍ ഉള്ളത്കൊണ്ട് ഗ്യാലക്സി ഫോണിലെ ബാറ്ററിചാര്‍ജ്ജ് വേഗം തീര്‍ന്നുപോകും. അതൊരു ന്യൂനതയായി എടുക്കരുത്. രണ്ടാമത് പറഞ്ഞ ഹീറോ ഫോണ്‍ 3000രൂപയ്ക്ക് കിട്ടുന്നത്കൊണ്ട് വീഡിയോ കോള്‍, എഫ്.എം.റേഡിയോ, റേഡിയോ റെക്കോര്‍ഡിങ്ങ്,മറ്റും ക്യാമറ മുതലായ പ്രാഥമികാവശ്യങ്ങള്‍ക്ക് ധാരാളം. സാംസങ്ങിന്റെ മറ്റ് ഫോണുകളെ പറ്റി ഒന്നും അറിയില്ല.

@Akshay S Dinesh, BSNL-നെ കുറ്റം പറയാന്‍ ന്യായമില്ല എന്നത് തന്നെയാണ് ശരി. എന്തെന്നാല്‍ അതൊരു സര്‍ക്കാര്‍ സ്ഥാപനമാണല്ലൊ. സര്‍ക്കാര്‍ കാര്യം മുറ പോലെ എന്നല്ലേ. ഒന്ന് നമ്മള്‍ മനസ്സിലാക്കണം. ഇപ്പറയുന്ന ത്രീജി 2003ല്‍ ജപ്പാനില്‍ തുടങ്ങിയതാണ്. വികസിതരാജ്യങ്ങളില്‍ ത്രീജി കാലഹരണപ്പെട്ടു.ഇപ്പോള്‍ 4ജി ആണ്. ടെലികോം രംഗം BSNL-ന്റെ കുത്തകയില്‍ നിന്ന് സ്വതന്ത്രമായത്കൊണ്ട് ഇവിടെ ഇപ്പോഴെങ്കിലും ത്രീജി വന്നു എന്ന് സമാധാനിക്കാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇന്നത്തെ ടെക്നോളജിയൊക്കെ പത്തിരുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഉണ്ടായിരുന്നെങ്കില്‍.....!
അസംസ്കൃതവസ്തുക്കള്‍, മനുഷ്യവിഭവശേഷി എല്ലാം അന്നുണ്ടായിരുന്നല്ലോ.
ഇല്ലാത്തത് എന്തായിരുന്നു?
നല്ല ലേഖനം

K.P.Sukumaran said...

ഇസ്മായിലിന്റെ നല്ല ചോദ്യം. ഉത്തരം പറയാന്‍ തുടങ്ങിയാല്‍ ഒരു പോസ്റ്റില്‍ തീരില്ല. എന്നാല്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍, പല ടെക്നോളജിയും നമുക്ക് ഇന്നും ഇല്ല. അതൊക്കെ പത്തോ അമ്പതോ വര്‍ഷങ്ങള്‍ കഴിഞ്ഞ് മനുഷ്യന്‍ സ്വായത്തമാക്കുമായിരിക്കും. എന്ത്കൊണ്ട് അവ ഇന്ന് സാധ്യമാകുന്നില്ല :)

ദൃശ്യ- INTIMATE STRANGER said...

3g കാലം ...ഇതൊരു തുടക്കം മാത്രം വരാന്‍ കിടക്കുന്നത്തെ ഉള്ളു tech miracles ...

anoop said...

സാങ്കേതിക വിവരണത്തിലൂടെ ഒരു സാമൂഹിക ബോധവല്‍കരണം.....ഇഷ്ടമായി മാഷേ....

ദേവന്‍ said...

എന്റെ ബി എസ് എന്‍ എല്‍ 3ജി ആണെ ഒരു കുഴപ്പവുമില്ല ഇവിടെ...

ChethuVasu said...

ഇതിപ്പോ വല്യ ടെക്നോലോജി ഒന്നും അല്ലെന്നേ .. ടെലെഫോനും ടെലെവിഷനും കണ്ടു പിടിച്ചു അര നൂറ്റാണ്ട് കഴിന്ജീക്ക്നു ... അതന്നല്ലേ ഇതും ... കുറെ കമ്പനിക്കാര് ഇപ്പൊ അവടവൈടെ ടിവി ടവര്‍ കുഴിച്ചിടാന്‍ തുടങ്ങി അത്ര തന്നെ ... പിന്നെ ഈ കംബനിക്കരോക്കെപ്പാടെ അങ്ങോട്ടും ഇങ്ങോട്ടും ഷേകെ ഹാന്‍ഡ്‌ കൊടുക്കണ്ടാതെങ്ങനെ ആണെന്ന് ചായ മേശയില്‍ അപ്പുരോം ഇപ്പുരോം ഇരുന്നു തീരുമാനിച്ചു ..അത്രയേ ഉണ്ടായുള്ളൂ ...

എന്തയാലും , നന്നായി ..ഇനി ഇപ്പൊ റോഡ്‌ അക്സിടന്റ്റ് , മുങ്ങി മരണം ,സ്ത്രീ പീഡനം തുടങ്ങിയവ ലൈവ് ആയി ആളുകള്‍ക്ക് കണ്ടു രസിക്കാം.. .. അങ്ങനേം ഒരു വശമുണ്ടല്ലോ നമ്മുടെ ടെക്നോളജിക്ക് ..ഇതിന്റെ പേരില്‍ തൂങ്ങാന്‍ പോകുന്ന കുട്ടികളുടെ എന്നാവും അത്രയാവൂന്നു നിശ്ചയം ഇല്ല ..

"വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം "

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പുതിയ വിവരങ്ങൾ തന്നു. നന്ദി.

Blogreader said...

I also have BSNL 3g which give me a internet speed anywhere between 5 to 10 Mbps in Metros.The quality of Video calls are amazing. My friends are complaining about airtel for No 3g in certain area and speed. Please dont Criticize the carrier(BSNL) if you dont have the required Mobile.

K.P.Sukumaran said...

@ Blogreader, നന്ദി, ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന BSNL-ന്റെ 3ജി സിം 2ജിയിലേക്ക് മാറ്റിയിരുന്നു അത് വീണ്ടും 3ജിയിലേക്ക് മിഗ്രേറ്റ് ചെയ്യാന്‍ എസ്.എം.എസ്. അയച്ചു :)


പള്ളിക്കരയ്ക്കും നന്ദി :)

Dennis said...

താങ്കള്‍ പറഞ്ഞത്‌ ശരി തന്നെ. നോകിയ സാധാരണ ഫോണ്‍ ഉപയോഗിച്ചിരുന്ന ഞാന്‍ 3ജി വീഡിയോ കോള്‍ വിളിക്കാന്‍ വേണ്ടി ഫ്രന്റ്‌ കാമെറ ഉള്ള മൊബില്‍ വാങ്ങി BSNL 3ജി സിം എടുത്തു 'ഫാര്യയ്ക്കും' എടുത്തു. വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം വിഡിയൊ കോളിന്റെ കാശു പോയെങ്കിലും ഒന്നും കണ്ടില്ല. ഏതായാലും ഇപ്പൊ ശരിയായി, വിഡിയൊ ഒക്കെ വരുന്നുണ്ട്‌. മിനിട്ടിന്ന് 70 പൈസ ആണു നിരക്ക്‌. BSNL 3ജി ഇന്റര്‍നെറ്റ്‌ എടുക്കാന്‍ ഞാന്‍ ആദ്യം ഒരു വയര്‍ലെസ്‌ മോഡം വാങ്ങിയിരുന്നു. അതിന്റെ കാര്യമാ കഷ്ടം. എത്ര പ്രാവശ്യം റിഫ്രഷ്‌ ചെയ്താലാന്ന് മിക്കപ്പോഴും സൈറ്റ്‌ ഓപ്പണ്‍ ആകുക! എന്നാലും ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ 800kbps(kilo bits) ഒക്കെ സ്പീഡ്‌ കിട്ടാറുണ്ട്‌.

K.P.Sukumaran said...

@the menace , 3ജി ഇന്റര്‍നെറ്റ് എടുക്കാന്‍ നല്ലൊരു USB മോഡം ഉണ്ട്. ഏത് 3ജി സിമ്മും ഇടാം. ഇത് നോക്കുക : http://www.worldofgprs.com/2011/07/huawei-umg-1831-21-mbps-unlocked-3g-modem-specifications-and-review/#more-1253

Dennis said...

എന്റെ കൈയ്യിലുള്ളത്‌ HUAWEI model E156 HSDPA USB മൊദെം തന്നെ. പക്ഷെ BSNL 3ജി ഇന്റര്‍നെറ്റ്‌ സ്പീഡ്‌ ലിമിറ്റഡ്‌ ആന്ന് 3.6 mbps. പിന്നെ അവരുടെ സെര്‍വര്‍ എപ്പൊഴും പ്രശ്നമാ.. അതു കൊണ്ടാ സൈറ്റ്‌ ഒപെന്‍ ആകാന്‍ താമസം. DNS മാറ്റി കൊടുത്താല്‍ ചിലപ്പോള്‍ സ്പീഡ്‌ കുറച്ചു കൂടും.

ഹാക്കര്‍ said...

live malayalam channels...www.channel4u.webnode.com

Mohamedkutty മുഹമ്മദുകുട്ടി said...

കാലം പൊയ പോക്കേ, നമുക്ക് പഴയതും പുതിയതും കാണാന്‍ കഴിഞ്ഞു. പഴയ ഗ്രാമ ഫോണ്‍ തൊട്ടിതു വരെ. ഇത്രയും ആശ്വാസം. ഇനിയും ആയുസ്സിന്റെ വലിപ്പമനുസരിച്ച് എന്തെല്ലാം കാണാന്‍ കിടക്കുന്നു!. ലേഖനത്തിനു നന്ദി!. ങ്ങളും ഞമ്മളെപ്പോലെ ഒരു ഹൈടെക് ബ്ലൊഗറാണല്ലെ?[ചുമ്മാ..!]

Salim Veemboor സലിം വീമ്പൂര്‍ said...

വായിക്കാന്‍ വൈകി , എങ്കിലും എനിക്കു കുറെ നല്ല വിവരങ്ങള്‍ ഇവിടെ നിന്നും കിട്ടി .. ആശംസകള്‍