Links

ഫേസ്‌ബുക്കും നമ്മളും ...

FB
FB-1
FB-2
ഗൂഗിള്‍ പ്ലസിന്റെ വരവ് കണ്ട് നമ്മള്‍ വിചാരിച്ചു ഇനി ഫെയിസ്‌ബുക്കിന്റെ കഥ കഴിഞ്ഞത് തന്നെ എന്ന്.  എന്തായിരുന്നു പ്ലസില്‍ കയറി പറ്റാന്‍ ആളുകളുടെ നെട്ടോട്ടം!  ഇപ്പോള്‍ നോക്കുമ്പോള്‍ ഗൂഗിള്‍ ‘ബസ്സ്’ പോലെ തന്നെ ഒരെണ്ണം ‘പ്ലസ്സ്’ എന്നും പറഞ്ഞ് അവിടെ കിടക്കുന്നു എന്നേ എല്ലാവരും കരുതുന്നുള്ളൂ എന്ന് തോന്നുന്നു.  പ്ലസ്സില്‍ നമുക്ക് ഫ്രണ്ട്സ് എന്ന് പറയാന്‍ ആരുമില്ല. ആരൊക്കെയോ അവരുടെ സര്‍ക്കിളില്‍ നമ്മെ ഉള്‍പ്പെടുത്തുന്നു. നമ്മളും ചിലരെ സര്‍ക്കിളില്‍ കയറ്റുന്നു.  നാം നമ്മുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ചിലരുടെ പോസ്റ്റുകള്‍ ഷേര്‍ ചെയ്യുകയും ചെയ്യുന്നു. ഹാങ്‌ഔട്ട് എന്നൊരു ഗ്രൂപ്പ് ചാറ്റ് ഉണ്ടെങ്കിലും ചാറ്റിന് നമുക്ക് ക്ഷാമമുണ്ടോ? ചുരുക്കിപ്പറഞ്ഞാല്‍ ഫെയിസ്‌ബുക്ക് തന്നെയാണ് എല്ലാവര്‍ക്കും ഇന്നും പ്രിയപ്പെട്ടതായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. കിടക്കട്ടെ പ്ലസ്സും ഒരെണ്ണം അത്രയേയുള്ളൂ.

ഞാന്‍ ഫെയിസ്‌ബുക്കിലും ഗൂഗിള്‍ പ്ലസിലും ദിവസേന എന്തെങ്കിലും കാച്ചിവിടുന്നുണ്ട്.  താങ്കളുടെ ബ്ലോഗ് പോസ്റ്റുകളാണ് നല്ലത്. ഫെയിസ്‌ബുക്കില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ ബ്ലോഗെഴുത്ത് കുറവാണല്ലോ എന്ന് ഫെയിസ്ബുക്കില്‍ തന്നെ എന്റെ സ്റ്റാറ്റസ്സിന് താഴെ ഒരു സുഹൃത്ത് കമന്റ് എഴുതിയിരുന്നു. അത്കൊണ്ട് വീണ്ടും ബ്ലോഗില്‍ തന്നെ ശ്രദ്ധ പതിപ്പിക്കാനാണ് എന്റെ തീരുമാനം.

അതിനിടയ്ക്ക് കണ്ണൂരില്‍ ഒരു സൈബര്‍മീറ്റ് നടക്കാന്‍ പോകുന്നുണ്ട്.  ബ്ലോഗ്‌മീറ്റുകളിലോ ഗ്രൂപ്പുകളിലോ പങ്കെടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ തന്നെ സൈബര്‍‌മീറ്റ് എന്നൊരു സംഭവം നടക്കുമ്പോള്‍ സൈബര്‍ സ്നേഹിയായ ഞാന്‍ ഒഴിഞ്ഞ് നില്‍ക്കുന്നത് ശരിയല്ലല്ലൊ.  മീറ്റിന്റെ മുഖ്യ സംഘാടകന്‍ ബിജു കൊട്ടില എന്നെ വിളിച്ചിരുന്നു. സെപ്തമ്പര്‍ 11നാണ് മീറ്റ്.  ഈ പരിപാടി അവിസ്മരണീയമാക്കാന്‍ ബിജു കഠിനമായി പരിശ്രമിക്കുന്നുണ്ട്.  എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും.  കണ്ണൂരിലെ സാധാരണക്കാര്‍ക്ക് കൂടി സൈബര്‍ സ്പെയിസ് എന്ന ഈ മാസ്മരിക ലോകത്തെ പറ്റി പരിചയപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഈ മീറ്റ് വിജയിക്കട്ടെ എന്നാണ് എന്റെ ആശ.

എഴുതാന്‍ തുടങ്ങിയത് ഫെയിസ്‌ബുക്കിനെ പറ്റിയാ‍ണല്ലൊ. എന്നാലും കാടൊന്നും കയറിട്ടില്ല അല്ലേ. ഫെയിസ്‌ബുക്കില്‍ നിത്യേന സ്റ്റാറ്റസ് എഴുതുന്നവരും ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഇടപ്പെട്ട് കമന്റ് എഴുതുന്നവരും നിരവധിയുണ്ട്. ഫെയിസ്‌ബുക്ക് ഇന്ന് പലര്‍ക്കും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.  എന്തൊക്കെയാണ് നമ്മള്‍ ഓരോ ദിവസവും എഫ്ബിയില്‍ എഴുതുന്നത് എന്ന് ആരെങ്കിലും ഓര്‍ത്ത് വെക്കാറുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നമ്മള്‍ എന്താണ് എഫ്.ബിയില്‍ എഴുതിയിരുന്നത് എന്ന് ഇന്ന് ആരെങ്കിലും നമ്മെ ഓര്‍മ്മപ്പെടുത്തിയാല്‍ രസകരമല്ലേ?  അതെ, അതിനൊരു സൈറ്റ് ഉണ്ട് പാസ്റ്റ്‌പോസ്റ്റ് എന്ന പേരില്‍ . ആ സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ട ചിത്രമാണ് മേലെ കാണുന്നത്.  ഞാന്‍ ഇപ്പോള്‍ മാത്രമാണ് അതില്‍ ജോയ്ന്‍ ചെയ്തത്. നാളെ മുതല്‍ എന്റെ മെയിലില്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ ഞാന്‍ എഴുതിയതൊക്കെ വീണ്ടും അയച്ചു തരുമത്രെ. ഞാന്‍ കാര്യമാ‍യൊന്നും കഴിഞ്ഞ കൊല്ലം എഴുതിയിട്ടില്ല.  കഴിഞ്ഞ വര്‍ഷം മുതല്‍ എഫ്ബിയില്‍ സജീവമായിരുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പാസ്റ്റ്‌പോസ്റ്റില്‍ ചേരുക.  പിന്നെ നമുക്ക് ഈ ഫെയിസ്‌ബുക്ക് വിട്ട് പോകാനേ കഴിയില്ല...

http://pastposts.com/

12 comments:

ഇ.എ.സജിം തട്ടത്തുമല said...

ആ പറഞ്ഞതിൽ ജോയിൻ ഒക്കെ ചെയ്യാം. പക്ഷെ താങ്കൾ ഇനി വീണ്ടും ബ്ലോഗിൽ കൂടുതൽ ശ്രദ്ധിക്കാൻ പോകുന്നു എന്ന് എഴുതി കണ്ടതിൽ സന്തോഷം.ഇനിയെന്തൊക്കെ വന്നാലും പോയാലും അതിലൊകെ ഞാനും ചേരുമെങ്കിലും എനിക്ക് ബ്ലോഗാണ് സാർ ഇഷ്ടം. ബ്ലോഗിൽ വന്ന് താങ്കൾക്ക് ഒരു അഭിനന്ദനമോ അല്ലെങ്കിൽ ഒരു തങ്ങോ താങ്ങിയിട്ട് പോകുന്ന സുഖം എഫ്.ബിയിലൊന്നും കിട്ടുന്നില്ല. യോജിപ്പുകളും വിയോജിപ്പുകളും ഒക്കെ ബ്ലോഗിലാകുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡാർഡ് ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. തൽക്കാലം എന്റെ തോന്നലുകൾ ഒക്കെ അങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ. കെ.പി.സുകുമാരൻ അവർകളുടെ ഐഡ്ന്റിറ്റി ഒരു ബ്ലോഗ്ഗർ എന്നതാണ് (എന്റെ ധാരണ അതാന്). അത് അങ്ങനെ തന്നെ നില നിന്നു കാണണമെന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ബ്ലോഗിന് ഫസ്റ്റ് പ്രിഫറൻസ് കൊടുക്കൂ.

ajith said...

ബ്ലോഗില്‍ കൂടുതല്‍ ശ്രദ്ധിക്കൂ കെപിയെസ്. ഫേസ് ബുക്ക് പിള്ളേര് കളി പോലെയാണെനിക്ക് തോന്നുന്നത്

Anurag said...

ബ്ലോഗാണ്‌ നല്ലത്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇമെയില്‍ ചാറ്റ്
ബ്ലോഗ്
ഓര്‍ക്കുട്ട്
ഫേസ്ബുക്ക്
ബസ്സു
അവസാനം.... പ്ലസ്
ദിവസം 24 മണിക്കൂറ്‌ പോരല്ലോ ദൈവമേ...

San said...

Facebook and similar tools are for interaction while blog is for expression..

Yours truly have an account n phase book , never uses it.. So trivial..!!!

Noise from a crowd trigger excitement to the mob , but you need less noisy environment to listen to your own voice and make it heard to others as well..

mayflowers said...

blog and blog only...

Noushad Vadakkel said...

ഗൂഗിള്‍ പ്ലസ്‌ വന്ന വഴി പോയ ലക്ഷണമാണ് കാണുന്നത് . ആശയ കൈമാറ്റത്തിനു ബ്ലോഗ്‌ നല്‍കുന്ന സുഖവും സൌകര്യവും തന്നെ മതിയായതാണ് .ഫേസ് ബുക്ക്‌ ഒരു വ്യക്തി പരമായ പരിചയപ്പെടലിനു മാത്രം ഉപയോഗിച്ച് ബ്ലോഗില്‍ സജീവമാകു മാഷേ :)


reporter പോലുള്ള ഗ്രൂപ്പുകളില്‍ മാഷ്‌ എഴുതിയ വാക്കുകളും നിലപാടുകളും എങ്ങനെ തിരിച്ചു പിടിക്കും ? അത് വല്ലാത്ത നഷ്ടം തന്നെ ...നമ്മള്‍ ആലോചിച്ചു ചിന്തിച്ചു പങ്കു വെച്ച വാക്കുകള്‍ കടലിന്റെ അഗാധതയില്‍ എന്നാ വണ്ണം മുങ്ങി പോയിരിക്കുന്നു ..


എന്നാല്‍ ബ്ലോഗില്‍ എഴുതിയവ ഇപ്പോഴും അതെ പടി എപ്പോള്‍ വേണമെങ്കിലും നോക്കാവുന്ന വിധത്തില്‍ ഭദ്രമായിരിക്കുന്നു ...

(കെ പി എസ് എന്നാ ബ്ലോഗ്ഗരെ ഇനി ഫേസ് ബുക്കില്‍ പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല ) ...

താങ്കളുടെ ബ്ലോഗിലേക്കാണ് ഞാന്‍ അടക്കമുള്ളവര്‍ ആകാംക്ഷയോടെ നോക്കുന്നത് ... ഇനിയുള്ള എഴുത്തുകള്‍ ബ്ലോഗില്‍ ആകട്ടെ..:)

Manikandan said...

കണ്ണൂരിലെ ബ്ലോഗ് മീറ്റിന് എത്താൻ സാധിക്കില്ല. ഈ സംഗമവും വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.

മെഹദ്‌ മഖ്‌ബൂല്‍ said...

ബ്ലോഗില്‍ സജീവമാകുന്നു എന്ന് കേട്ടതില്‍ സന്തോഷം .. പാസ്റ്റ് പോസ്റ്റ്‌ പരിചയപ്പെടുതിയത്തിലും ..........

Abdul Hakkim said...

ഗൂഗിള്‍ + ന്റെ വരവോടു കൂടി ഫേസ് ബുക്കിന്റെ കാര്യം കട്ടപൊക എന്ന് ഏട്ടന്‍ മുമ്പ് എവിടെയോ എഴുതിയതായിട്ടു ഒരു ഓര്‍മയുണ്ട്. അത് എന്തായാലും തിരുത്തിയതില്‍ സന്തോഷം ഉണ്ട് . താങ്കളുടെ ബ്ലോഗുകള്‍ വളരെയധികം വ്യത്യാസവും വൈവിധ്യം ഉള്ളതുമാണ് . അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം...

ChethuVasu said...

ഓ ! എനിക്ക് വിശാസിക്കാന്‍ വയ്യ ! സുകുമാരേട്ടന്‍ ആദ്യമായി പറഞ്ഞ കാര്യം സ്വയം തിരുത്തിയിരിക്കുന്നു !! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല !! ഇത് സത്യമോ മിഥ്യയോ ...!! ;-)

Mohamedkutty മുഹമ്മദുകുട്ടി said...

കാര്യം ശരിയാണ്, ഈ ഗൂഗിള്‍ പ്ലസ് വെറും പറ്റിക്കലാണ്. അതില്‍ കാര്യമായൊന്നും ചെയ്യാനില്ല. പലരും പലരെയും വട്ടത്തിലാക്കുന്നു. നമ്മുടെ പൊന്മളക്കാരന്‍ അതെ പറ്റി ഒരു പോസ്റ്റിട്ടിരുന്നു.പണ്ട് ഓര്‍ക്കൂട്ടില്‍ കുറെ കളിച്ചു മടുത്തു പോന്നതായിരുന്നു ഞാന്‍. പിന്നെ ഫേസ് ബുക്കു വന്നപ്പോള്‍ ആദ്യം ഒന്നറച്ചു നിന്നു. പിന്നെ ഒന്നടുത്തിട പഴകിയപ്പോള്‍ സംഭവം കൊള്ളാമെന്നു തോന്നി.പുതിയ ഗ്രൂപ്പുകളൊക്കെ തുടങ്ങി കുറെ പേരുമായി പല വിഷയങ്ങള്‍ ചര്‍ച്ച /ഷെയര്‍ ചെയ്യാന്‍ നല്ലൊരു മാധ്യമമാണത്. എന്നാല്‍ ഇനിയും നന്നാക്കാന്‍ കഴിയും. പേജിന്റെ ലേ ഔട്ട് നമുക്ക് വഴങ്ങുന്ന രീതിയിലായാല്‍ നന്നായിരിക്കും. അതിലെ ആ ലൈക്കലും അതു പോലെ ചില അപ്ലിക്കേഷനുകളും ദേഷ്യം പിടിപ്പിക്കും!.പിന്നെ ബ്ലോഗിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാനും ഫേസ് ബുക്കു സഹായിക്കുന്നുണ്ട്.പിന്നെ ഈയിടെയായി കണ്ടമാനം കമ്യൂണിറ്റി സൈറ്റുകള്‍ രംഗത്തുണ്ട്. എല്ലായിടത്തും കൂടി കറങ്ങാന്‍ തണല്‍ ഇസ്മയില്‍ പറഞ്ഞ പോലെ 24 മണിക്കൂര്‍ പോര!. ഫേസ് ബുക്കില്‍ വന്നാല്‍ നമ്മുടെ സുഹൃത്തുക്കളെ പെട്ടെന്നു കണ്ടു പിടിച്ചു അവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാന്‍ പറ്റുന്നുണ്ട്. ആരൊക്കെ പച്ച കത്തിച്ചു വലയില്‍ നില്‍ക്കുന്നുണ്ടെന്നറിയുന്നതും ഒരു രസം തന്നെ!.ഏതായാലും ഈ ഹൈപര്‍ ലിങ്കെന്ന കുന്ത്രാണ്ടം വല്ലാത്തൊരു സംഭവം തന്നെ!. എത്ര പെട്ടെന്നാ നമുക്കോരോ സ്ഥലത്തെത്തിപ്പെടാന്‍ കഴിയുന്നത്?.ഇനിയിപ്പോ “ശിഥില ചിന്തകള്‍” എന്നത് മാറ്റി “സൈബര്‍ ചിന്തകള്‍” എന്നാക്കുന്നതാവും നല്ലത്!