Links

സൗമ്യയ്ക്ക് വേണ്ടി ഒരു ദിവസം

Soumyak oru Divasam 22
അനില്‍ കുമാര്‍ തിരുവോത്ത് എന്ന ബ്ലോഗര്‍ തന്റെ  കരുണ  എന്ന ബ്ലോഗിലൂടെ  കേരളത്തിലെ സഹൃദയരോട് നടത്തിയ അഭ്യര്‍ത്ഥനയാണ് ഇവിടെ ഇമേജ് രൂപത്തില്‍ കാണുന്നത്. അതില്‍ ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ വായിക്കാന്‍ കഴിയും.  2011 മാര്‍ച്ച് എട്ടാം തീയ്യതി വൈകുന്നേരം അഞ്ച് മണിക്ക് നമുക്ക് എല്ലാ‍വര്‍ക്കും അവരവരുടെ പ്രദേശത്ത് ഒത്ത് ചേര്‍ന്ന് സൌമ്യയ്ക്ക് നേര്‍ന്ന പോലെ ഒരു ദുര്‍വ്വിധി ഇനിയാര്‍ക്കും വരരുത് എന്ന് കൈകോര്‍ത്ത്കൊണ്ട് പ്രതിജ്ഞ ചെയ്യാം.  നമ്മള്‍ ബ്ലോഗര്‍മാരും  മറ്റുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി അംഗങ്ങളും എല്ലാവരും  മനസ്സ് വെച്ചാല്‍ കേരളം മുഴുവന്‍ നീളുന്ന മഹത്തായൊരു മനുഷ്യച്ചങ്ങലയായി ഈ ദൌത്യത്തെ മാറ്റാന്‍ കഴിയും.  എവിടെ ഒരു നിലവിളിയോ രോദനമോ കേട്ടാല്‍ അവനവന്റെ തിരക്കുകള്‍ മാറ്റി വെച്ച് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍  മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്.  അത്പോലെ തന്നെ എവിടെയായാലും  കണ്മുന്നില്‍ എന്തെങ്കിലും  അനീതിയോ അക്രമമോ നടന്നാലും അതിനെതിരെ പ്രതികരിക്കുന്നവരുടെ ഒരു കൂട്ടായ്മ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരണം.  എല്ലാവരുടെയും മനസ്സില്‍ ഇങ്ങനെയൊരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നാം ഇനിയും അമാന്തിക്കാന്‍ പാടില്ല. അല്ലെങ്കില്‍ പിന്നെ മനുഷ്യന്‍ ഒരു സാമൂഹ്യജീവി എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്?

അവനവന്‍ മാത്രം വിചാരിച്ചാല്‍ അവനവന്റെ സുരക്ഷിതത്വം ഒരിക്കലും ഉറപ്പാക്കാന്‍ കഴിയില്ല. നമ്മള്‍ മലയാളികള്‍ക്ക് അന്യരെ കുറിച്ച് യാതൊരു ചിന്തയോ പരിഗണനയോ ഇല്ല.  എന്തിലും ഏതിലും  സ്വന്തം കാര്യം മാത്രം എന്നതാണ് മനോഭാവം.  ഇങ്ങനെ  അവനവന് വേണ്ടി മാത്രം ഈ ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം? ആ ജീവിതത്തിന് എന്ത് സൌന്ദര്യമാണ് ഉള്ളത്?  സമൂഹത്തിലെ ഓരോ അംഗവും  ദിവസത്തില്‍ അര മണിക്കൂറെങ്കിലും  മറ്റുള്ളവര്‍ക്ക് വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരികയാണെങ്കില്‍ ഇവിടെ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.  ഇനി നമ്മെ ഉല്‍ബോധിപ്പിക്കാനോ വഴി നടത്താനോ പ്രവാചകന്മാര്‍ അവതീര്‍ണ്ണരാവുകയോ മഹാത്മാക്കള്‍ ജനിക്കുകയോ ചെയ്യും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. നമ്മള്‍ മുന്‍‌കൈ എടുത്ത് എന്തെങ്കിലും ചെയ്താലായി.  അത്കൊണ്ട് ഈ വരുന്ന മാര്‍ച്ച് എട്ട് എന്ന ദിവസം കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു ദിവസമായി മാറട്ടെ. നമ്മുടെയെല്ലാം മനസ്സില്‍ മറ്റുള്ളവരോട് സഹാനുഭൂതിയും ആര്‍ദ്രതയും കരുണയും നിറയട്ടെ. അങ്ങനെ നമുക്ക് ഈ ജീവിതം  സാര്‍ഥകവും ഉദാത്തവുമാക്കാം.  

8 comments:

ajith said...

ചങ്ങലയുടെ കുറവൊന്നുമില്ല ഇപ്പോള്‍ കേരളത്തില്‍. എന്തിനുമേതിനും ചങ്ങല പിടിച്ച് കാസര്‍ഗോഡ് മുതല്‍ കളീയിക്കാവിള വരെ പൊട്ടാത്ത ഒരു നിര സൃഷ്ടിച്ചാല്‍ വിജയിച്ചു എന്നാണോ. ശരിയായ നേരത്ത് “ചങ്ങല” വലിക്കാനുള്ള മനുഷ്യത്വം ഹൃദയങ്ങളിലുണ്ടാവട്ടെ.

ChethuVasu said...

ധാര്‍മികമായ മൂല്യച്യുതികള്‍ സമൂഹത്തില്‍ സംഭവിക്കുന്നത്‌ ലഘൂകരിച്ചു കാണാനും അത് തന്നെ നേരിട്ട് ബാധിക്കില്ലെന്നോ അല്ലെങ്ങില്‍ ഇതൊക്കെ സ്വാഭാവികമാണ് എന്നുഒക്കെ പറഞ്ഞോ പൊതുവില്‍ മാറിനില്‍ക്കുന്ന പ്രവണത ആണ് കണ്ടു വരുന്നത് .. ആരോ എന്തൊക്കെയോ ആയിക്കോട്ടെ എനിക്ക് അത് പ്രസ്നാമാകുന്നില്ലല്ലോ എന്നാ രീതിയിലുള്ള ചിന്തയാണ് ഇതിനാധാരം . അതെ സമയം പല ധാര്‍മിക മൂല്യങ്ങളും ഒന്നിനോട് ഒന്ന് എന്നാ രീതിയില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ലഘൂകരിച്ചു കണ്ടാല്‍ നമുക്ക് പ്രാധാന്യമുണ്ട് എന്ന് കരുതുന്ന കാര്യങ്ങളില്‍ അവയുടെ പ്രതിഭലനം ഉണ്ടായേക്കും . ഉദാഹരണത്തിന് അഴിമതി കുറച്ചൊക്കെ ആകാം എന്ന് ഈയിടെയായി പലര്‍ക്കും അഭിപ്രായം ഉള്ളത് കണ്ടു വരുന്നുണ്ട് .. അതെ സമയം അക്രമം സ്ത്രീ പീഡനം തുടങ്ങിയവ ഒട്ടും പാടില്ല എന്നും പറയും .. പക്ഷെ ഇതൊക്കെ ഒന്നിനോടൊന്നു ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് എന്ന് നമ്മള്‍ മനസിലാക്കണം . രാഷ്ട്രീയ അധാര്മികതക്ക് നേരെ കണ്ന്നടച്ചു കൊടുക്കുന്ന ഒരു സമൂഹത്തില്‍ പൊതു ധര്മികതയിലും അപചയം വരുന്നത് സ്വാഭാവികം .

രാഷ്ട്രീയവും അല്ലാത്തതുമായ ഏതു ധര്മികതക്കും സദാചാരത്തിനും പ്രാധാന്യം നല്‍കുകയും അത് പ്രോതാഹിപ്പിക്കുകയും അതിനു പ്രതിഭലം നല്‍കുകയും ചെയ്യേണ്ടത് നല്ല സമൂഹത്തിന്ടെ നില നില്‍പ്പിനു അത്യാവശ്യമാണ് .


അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് ഇവിടെ പ്രധാനമായും ആവശ്യമുള്ളത് നിയമ പരമായ കാര്യങ്ങളില്‍ ഉള്ള സപ്പോര്‍ട്ട് ആണ് .. പൊതു ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു ലീഗല്‍ സെല്‍ തന്നെ ഇതിനു വേണ്ടി രൂപികരിക്കണം എന്നാണു എന്റെ അഭിപ്രായം

ശ്രീജിത് കൊണ്ടോട്ടി. said...

അനില്‍ കുമാര്‍ തിരുവോത്തിന്റെ ഈ മഹത്തായ ഉദ്യമത്തിന് അഭിവാദ്യങ്ങള്‍...

സുകുമാരന്‍ സാര്‍... ബ്ലോഗ്‌ ലിങ്ക് ഷെയര്‍ ചെയ്തതിന് നന്ദി.. ആശംസകള്‍ :)

Muralee Mukundan , ബിലാത്തിപട്ടണം said...

അനില്‍ കുമാര്‍ തിരുവോത്തിന്റെ ഈ സുന്ദരമായ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ച് മന:സാക്ഷിയുള്ളവരെല്ലാം അന്നണിചേരട്ടേ...

Anonymous said...

സ്വാതന്ത്യ്ര ദിനത്തില്‍ ചങ്ങല പിടിച്ചു പിടിച്ചു ഇപ്പോള്‍ മനുഷ്യ ചങ്ങല ഒരു വില കുറഞ്ഞ പരിപാടിയായി

ഡിഫിക്കാര്‍ പോലും അതു തള്ളിക്കളഞ്ഞു, ബീയറുംബിരിയാണിയും കൊടുത്താലേ ആളെക്കിട്ടു എന്നത്‌ കൊണ്ടുമാവാം, അപ്പോഴാണു അ പഴയ പുത്തൂരം പരിപാടിയുമായി ഇറങ്ങുന്നത്‌

ഈ വാര്‍ത്തയുടെ കാലഹരണവും നടന്നു, സന്ധ്യ പറഞ്ഞപോലെ ഗോവിന്ദച്ചാമി രാഷ്ട്രീയക്കാരന്‍ അല്ലാത്തതു കൊണ്ട്‌ കേസെടുത്തു, ലേഡീസ്‌ കമ്പാര്‍ട്ട്മണ്റ്റ്‌ ഇപ്പോഴും പിറകില്‍ തന്നെ, വനിതാ പോലീസിനെ ഇടുമെന്നു കേട്ടു ഇടാനൊന്നും പോകുന്നില്ല രാത്രി ഡ്യൂട്ടിക്കു അവരാരും പോകാറില്ല

കേരളത്തിലെ വനിതാ പോലീസുകാരെ കണ്ടാല്‍ ഗോവിന്ദസാമി പേടിക്കുകയും ഇല്ല , ഇവരെ ഒക്കെ ആരാണു പോലീസില്‍ എടുക്കുന്നതെന്നു സംശയിക്കുകയും ചെയ്യും

ഒന്നിനും നീളവും ഇല്ല നേരെ നില്‍ക്കാനുള്ള കഴിവും ഇല്ല

കാഷ്യൂ ഫാക്ടറിയിലെ പെണ്ണുങ്ങളെ പോലെ രണ്ടെണ്ണം ആയി ഇങ്ങിനെ തേരാ പാര നടക്കുന്നത്‌ കാണം ആണ്‍ പോലീസുകാറ്‍ക്കു തെറിയും ദ്വയാര്‍ഥവും നടത്തി രസിക്കാം എന്നല്ലാതെ ഇവര്‍ സത്യത്തില്‍ ഖജനാവിനു ഭാരം തന്നെ.

ആകെ നട്ടെല്ലുള്ള ഒരു പോലീസുകാരി വിനയ മാത്റം ആണു, സന്ധ്യ പോലും നോവലെഴുത്തും ഭാഗവത പ്റഭാഷണവും ആയി നടക്കുന്നു.

സൌമ്യക്കു ഒരു ധീരതക്കുള്ള മെഡല്‍ അടുത്ത റിപ്പബ്ളിക്കിനു മരണാനന്തര ബഹുമതി ആയി നല്‍കാം

പാവം കുട്ടി, അനിയനു ജോലി കൊടുക്കം, ഫോട്ടൊ കണ്ടിടത്തോളം തന്തയും തള്ളയും കുടുംബം നോക്കാത്തവരായിരുന്നു,

സൌമ്യ നന്നായി പൊരുതി നിന്നു, അതാണു അവനു അത്റ ദേഷ്യം വന്നത്‌

ചങ്ങല പിടിച്ചാലും എന്തു സംഭവിക്കുമെന്നണൂ നിങ്ങള്‍ കരുതുന്നത്‌, റ്റ്റെയിനില്‍ നിന്നും വലിച്ചെറിയപ്പെട്ട പെണ്ണിണ്റ്റെ ഹെല്‍ത്ത്‌ എന്തായിരിക്കും, കയ്യോ കാലോ മുറിയാന്‍ നല്ല സാധ്യത, ഉള്ള ജോലിക്കും പോകാന്‍ പറ്റാതെ ആ കുട്ടി തെണ്ടി നടക്കേണ്ടി വരും, സഹതാപം ഒക്കെ ഒരു ആഴ്ച കൊണ്ട്‌ തീരും, ആ കുട്ടി മരിച്ചത്‌ തന്നെയാണു നന്നായത്‌.

ഒട്ടനവധി ഗോിവിന്ദ സാമിമാറ്‍ ട്റെയിനില്‍ കയറി നടക്കുന്നു അവരെ നിലക്കു നിറ്‍ത്തേണ്ടത്‌ പോലീസാണു പോലീസിനു ഇവരൊക്കെ കസ്റ്റമേറ്‍സ്‌ ആണു

ട്റെയിന്‍ പിടിച്ചു നിറ്‍ത്തുന്ന കാര്യം ഇരിക്കട്ടെ മുന്നില്‍ ഒരു അപകടം ഉണ്ടായാല്‍ തിരിഞ്ഞു നോക്കുന്ന എത്റ പേറ്‍ ഉണ്ടിവിട്‌?

എല്ലാവരും ബിസിയല്ലേ?

ഇന്ത്യന്‍ said...

എല്ലാവരും ബിസിയല്ലേ?

ഊറി വരുന്ന ഒരു വേദന മനസ്സിലുണ്ട്. അതിനപ്പുറം ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയും. സുശീലന്‍ നിറുത്തിയ ചോദ്യം തന്നെയാണ് പ്രസക്തം. നമ്മെ ആരെയും ബാധിക്കാത്ത വെറും വാര്‍ത്തയായി സൌമ്യയും മറ്റു നിര്‍ഭാഗ്യവാന്മാരും മാറിയിട്ട് എത്ര കാലമായി.

എന്നിട്ടും ഈ ചെറിയ കാര്യത്തിനു വേണ്ടി പോലും നമ്മുടെ ഒരു രാഷ്ട്രീയ യുവജന സംഘടനയ്ക്കും ഒന്നും ചെയ്യാന്‍ തോന്നിയില്ലല്ലോ. പല നിര്‍ഭാഗ്യജന്മങ്ങളും ഇങ്ങിനെ ഒടുങ്ങുന്നു. കഥകളായി മാറി, വാക്കുകളായി നീറി ആ സംഭവങ്ങളെല്ലാം ചിലരിലെങ്കിലും നിരാശകള്‍ നിറച്ചു കൊണ്ട്പോവുകയാണ്. നമ്മള്‍ വല്ലാത്തൊരു ലോകത്ത്‌ തന്നെയാണ് ജീവിക്കുന്നത്.

ഇനിയെന്നെങ്കിലും അതൊക്കെ സംഭവിക്കുമോ? നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും മറഞ്ഞുപോയ സ്നേഹമുള്ള ചെറിയ കൂട്ടായ്മകള്‍. അതിനോളം സുരക്ഷിതത്വം ഒന്നിനും നല്‍കാനാവില്ലല്ലോ. പഴയകാലത്തില്‍ നിന്നും എത്ര മാറിപോയി നമ്മുടെ സമൂഹം. അയല്പക്ക ബന്ധം പോലും മരിച്ചിരിക്കുന്നു. പലപ്പോഴും നാട്ടില്‍ ആവേശപൂര്‍വ്വം പോയി വരുമ്പോള്‍ ബന്ധങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടു പോയ സ്നേഹത്തിന്‍റെ മണം സങ്കടം വരുത്താറുണ്ട്.

എല്ലാവരും ബിസിയാണ്. എല്ലാവരും അപരിചിതരാണ്

Unknown said...

എന്തെ കേരളത്തിലെ വനിതാ വിമോചന സംഗടനകള്‍ക്കും, സാംസ്കാരിക
നായകന്മാര്‍ക്കും "ധനലക്ഷ്മി" ഒരു മനുഷ്യകുഞ്ഞല്ലേ??
ആഴ്ചകള്‍ക്ക് മുന്പ് ഷോര്നൂരിലെ സൗമ്യയെ ട്രൈനില്‍നിന്നും
പുറത്തുചാടിച്ചു തലകടിച്ചു കൊന്നു ബലാല്‍സംഗം ചെയ്ത അതിധാരുനിയമായ ആ
ദുരന്തത്തെ അപലപിച്ച കേരളമെന്തേ ഈ കുട്ടിയുടെ ദുരന്തം വിവരിക്കുമ്പോള്‍
അത്ര അങ്ങ് വേദനിക്കാത്തത്??
ധനലക്ഷ്മി എന്നുപേരുള്ള തമിഴ്‌നാട്ബാലിക കേരളത്തിലെ രണ്ടു മനുഷ്യ
പിശാചുക്കള്‍ നടത്തിയ അതി ക്രൂരമായ പീഡനവും അതുമൂലം മരിക്കുകയും
ചെയ്തപ്പോള്‍ അപലപനത്തിന്റെ ശബ്ദത്തിനെന്തേ ഇത്ര കുറവ്???
അവളൊരു തമിഴ്യന്റെ മകളായതുകൊണ്ടാണോ?
അതോ അവളെ പീഡിപ്പിച്ച ആ മനുഷ്യ പിശാചുക്കള്‍ ഉന്നത വിദ്യാഭ്യാസമുള്ള
മലയാളികള്‍ ആയതുകൊണ്ടോ?
തമിഴന്റെ മകളും മനുഷ്യനാണ്. നമ്മളെ പോലെ വേദനയും, ദുഖവും അനുഭവിക്കാനുള്ള
വികാരം അവളിലുമുണ്ട്.. നമ്മുടെ കുഞ്ഞിനു ഇന്ത്യ കൊടുക്കുന്ന സ്വാതന്ത്രം
അവള്‍ക്കുമുണ്ട്...
ഏതോ ഒരു പാവപെട്ട തമിഴന് ജനിച്ചു എന്ന കുറ്റമാണോ അവള്‍ ചെയ്തത്?

പോലീസിന്‍റെ സംരക്ഷണം ഉണ്ടായിട്ടും ആ ക്രൂരന്‍ മാരുടെനേരെ കൈ ഉയര്‍ത്തി
അക്രോശിച്ച നല്ലവരായ ഒരുക്കൂട്ടം നാടുകാരുടെ പെരുമാറ്റം മനസ്സില്‍
അല്പമെങ്കിലും ആശ്വാസം നല്‍കുന്നു.

സ്നേഹത്തോടെ

മൊയ്തു തൈക്കണ്ടി
ദുബായ്
my friend

K.P.Sukumaran said...

@ മൊയ്തു തൈക്കണ്ടി, മേലെയുള്ള കമന്റ് നെറ്റില്‍ വേറെ എവിടെയോ വായിച്ചിരുന്നു. ധനലക്ഷ്മിയുടെയും സൌമ്യയുടെയും കാര്യം ഒരേ പോലെ അല്ല. ധനലക്ഷ്മി മരിച്ചപ്പോഴാണ് പുറം ലോകം അറിയുന്നത്. ഉടനെ തന്നെ ആ മരണത്തിന് കാരണക്കാരായ അഭിഭാഷകനെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിലപ്പുറം എന്താണ് ചെയ്യാ‍ന്‍ പറ്റുക? ഓരോ ക്രിമിനല്‍ കുറ്റങ്ങള്‍ക്കും എതിരെ എല്ലാവര്‍ക്കും പ്രതികരിക്കാന്‍ പറ്റുമോ? സൌമ്യയുടെ ദുരന്തം നടക്കുന്നത് ഒരു കൂട്ടം ആളുകളുടെ അറിവോടെയാണ്. ട്രെയിനില്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്താനുള്ള സന്നദ്ധത പോലും ആര്‍ക്കുമുണ്ടായില്ല. അതിന് ശ്രമിച്ച ആളെ മറ്റ് യാത്രക്കാര്‍ തടയുകയും ചെയ്തു. ആ നിസ്സംഗതയും, പാളത്തില്‍ വീണ് അബോധാവസ്ഥയില്‍ ആയ സൌമ്യയെ ഇരയാക്കിയതും ഒക്കെയാണ് ആളുകളെ ഞെട്ടിച്ചത്. മാത്രമല്ല സൌമ്യ അബോധാവസ്ഥയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ജീവന് വേണ്ടി പോരാടുമ്പോഴാണ് ജനങ്ങളില്‍ നിന്ന് സ്വാഭാവികപ്രതികരണം ഉണ്ടായത് എന്നും ഓര്‍ക്കണം. ധനലക്ഷ്മി എന്ന ബാലികയുടെ മരണത്തിലും ആളുകള്‍ക്ക് ദു:ഖമുണ്ടാവും. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. സൌമ്യയുടെ ദുരന്തത്തില്‍ പ്രതികരിച്ചവരെല്ലാം ഇനിയങ്ങോട്ട് എല്ലാറ്റിനും പ്രതികരിക്കണം എന്ന് പറഞ്ഞേക്കല്ലേ.