ബീജിങ്ങ് കോമ

ബീജിങ്ങ് കോമ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഇത് പോലെ നിരവധി ലിങ്കുകള്‍ കാണാന്‍ കഴിയും. സ്വയം നാട് കടത്തപ്പെട്ട് ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന, ചൈനയുടെ സോള്‍‌ഷെനിറ്റ്സണ്‍ (ഗുലാഗ് ആര്‍ക്കിപെലാഗോ'യിലൂടെ സോള്‍ഷെനിറ്റ്സണ്‍ സോവ്യറ്റ് ജയിലുകളിലെ ക്രൂരതയുടെ കഥകള്‍ പുറം ലോകത്തെ അറിയിച്ചു)എന്നറിയപ്പെടുന്ന മാ ജിയാന്‍ എഴുതിയ നോവല്‍ ആണ് “ബീജിങ്ങ് കോമ”. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട മൂലകൃതി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തത് മാ ജിയാന്റെ ജീവിതപങ്കാളിയും പരിഭാഷകയുമായ ഫ്ലോറ ഡ്രൂ ആണ്. ഞാന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കാറില്ല. ഒരാവേശത്തിന് മുന്‍പൊക്കെ കുറെ പുസ്തകങ്ങള്‍ വായിച്ചു തള്ളി. അതൊന്നും ഇപ്പോള്‍ ഓര്‍മ്മയുമില്ല. ഈ പുസ്തകത്തെ പറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഒരു തമിഴ് ബ്ലോഗില്‍ നിന്നാണ്. മലയാളത്തിലെ ബുജികളൊന്നും ഇത്തരം കൃതികള്‍ വായിക്കുകയില്ല. ആ ബ്ലോഗില്‍ ഇത് സംബന്ധിച്ച് എഴുതപ്പെട്ട രണ്ട് പോസ്റ്റുകളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അല്പം ബുദ്ധിപരവും അംഗുലീപരവുമായ ശ്രമം ആവശ്യമായത് കൊണ്ട് തല്‍ക്കാലം ആ ബ്ലോഗില്‍ നിന്ന് പ്രസക്തമായ വിവരങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണ്.

ലോകത്തെ നടുക്കിയ ടിയാനന്‍‌മെന്‍ ചത്വരത്തിലെ നരഹത്യ നടന്നിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ചൈനക്കാരെ സംബന്ധിച്ച് ആ സംഭവം ഇന്നാരും ഓര്‍ക്കുന്നത് തന്നെയില്ല. ആ സ്മരണകള്‍ ചൈനക്കാരന്റെ മനസ്സില്‍ ഒരിക്കലും ഉണര്‍ന്ന് വരാതിരിക്കാന്‍ ഭരണകൂടം നിതാന്തജാഗ്രത പാലിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഒരു ലിങ്കും കണ്ടെത്താന്‍ കഴിയില്ല. ഇത് പോലെയുള്ള സൈറ്റ് ചൈനയില്‍ നിന്ന് കാണാന്‍ കഴിയില്ല. ഗൂഗ്‌ള്‍ മാത്രമല്ല യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ചൈനയില്‍ നിന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതുന്നവരുടെ യു. ആര്‍ . എല്‍ . അഡ്രസ്സ് കാട്ടിക്കൊടുത്തുകൊണ്ട് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്.

ടിയാനന്‍‌മെന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ബീ‍ജിങ്ങ് കോമ. ശിരസ്സിന് വെടിയേറ്റ് “കോമ”യില്‍ കഴിയുന്ന നായകന്റെ ഓര്‍മ്മകളിലൂടെയാണ് സംഭവങ്ങളുടെ ചുരുള്‍ നിവരുന്നത്. ടിയാനന്‍‌മെന്‍ സ്ക്വയര്‍ സംഭവത്തെ ഗണിതശാസ്ത്രത്തിലെ singularity യോടാണ് നമ്മുടെ തമിഴ് ബ്ലോഗ്ഗര്‍ നാഗാര്‍ജ്ജുനന്‍ ഉപമിക്കുന്നത്. അതായത് ആ സമരത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന് നേതൃത്വം നല്‍കിയവര്‍ക്കോ ഭരണകൂടത്തിനോ അന്ന് അറിയില്ലായിരുന്നു. ജനക്കൂട്ടം വലിയ തോതില്‍ പങ്കെടുക്കുന്ന ഇത്തരം singular സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ ഒട്ടേറെ തെളിവുകള്‍ കാണാന്‍ കഴിയും. മാ ജിയാന്റെ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട മറ്റൊരു കൃതിയാണ് Stick out your toung.


ടിയാനന്‍‌മെന്‍ പ്രക്ഷോഭത്തിലേക്ക് ചൈനീസ് വിദ്യാര്‍ത്ഥികളെ നയിച്ച സംഭവങ്ങളുടെ തുടക്കം ഇന്ന് അധികമാരും ഓര്‍ക്കാനിടയില്ല. ചൈനയില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് വേഗത കൂട്ടിയ നേതാവ് ഹൂ യാബങ്ങ് 1989 ഏപ്രില്‍ 15ന് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടി ഒത്തുകൂടിയ ചെറു ചെറു സംഘങ്ങള്‍ , ഘോഷയാത്രകള്‍ ഒടുവില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. സത്യാഗ്രഹം, നിരാഹാരം, ചെറിയ ഉരസലുകള്‍ , തുടങ്ങി പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഈ സമരത്തെ എങ്ങനെ നേരിടും എന്ന ആശങ്ക സാര്‍വ്വത്രികമായ അവസരത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടരിയായിരുന്ന ഴാവോ സിയാങ്ങ് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ നേരിട്ട് സമരമുഖത്ത് എത്തി. ചൈനയില്‍ എന്താണ് നടക്കുന്നത്, എന്ത് മാറ്റങ്ങളാണ് അവിടെ സംഭവിക്കാന്‍ പോകുന്നത് എന്ന് ലോകം ഉറ്റുനോക്കിയിരിക്കെ ടിയാന്‍‌മെന്‍ സ്ക്വയറിലേക്ക് പട്ടാളം ഇരച്ചുകയറുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് മൃദുസമീപനം സ്വീകരിച്ച ഴാവോ സിയാങ്ങ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും വീട്ടു തടങ്കലിലാവുകയും ചെയ്തു. 15 വര്‍ഷത്തോളം അങ്ങനെ കാവലില്‍ കഴിഞ്ഞ അദ്ദേഹം 2005 ല്‍ ഹൃദയസ്തംഭനത്താല്‍ മരണപ്പെടുന്നതിന് മുന്‍പ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. അത് കഴിഞ്ഞ വര്‍ഷം Prisoner of the State: The Secret Journal of Premier Zhao Ziyang എന്ന പേരില്‍ ഹോങ്കോങ്ങില്‍ പ്രസിദ്ദീകരിക്കപ്പെട്ടിരുന്നു.


ബീജിങ്ങ് കോമ എന്ന് നോവലിന് ഇംഗ്ലീഷ് തലക്കെട്ട് നല്‍കിയത് പരിഭാഷകയാണ്. മാംസം പുരണ്ട മണ്ണ് എന്നോ മറ്റോ അര്‍ത്ഥം
വരുന്ന തരത്തില്‍ ചൈനീസ് ഭാഷയില്‍ Rou Tu എന്നോ മറ്റോ ആണ് മൂലകൃതിയുടെ പേര് എന്ന് ഞാനേതോ ലിങ്കില്‍ വായിച്ചു. ബീജിങ്ങ് കോമ എന്ന പേര്, ടിയാന്‍‌മെന്‍ സംഭവത്തിന്റെ സ്മരണകളെ പാര്‍ട്ടി നേതൃത്വം തുടച്ചുനീക്കിയതിനെ സൂചിപ്പിക്കുന്നു എന്ന് ഈ ബ്ലോഗ്ഗര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ആ പ്രക്ഷോഭത്തില്‍ എത്ര പേര്‍ മരണപ്പെട്ടെന്ന് കൃത്യമായി പുറം ലോകം ഇന്ന് വരെ അറിഞ്ഞിട്ടില്ല. ബാക്കിയായവരില്‍ എത്രയോ പേര്‍ രാജ്യം വിട്ട് ഒളിച്ചോടി. പലരും ജയിലിലായി. സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളോട് വരെ സര്‍ക്കാര്‍ പ്രതികാരം ചെയ്തു. നിരായുധരായി സമരം ചെയ്ത എത്രയോ പേരെ പട്ടാളം വധിച്ചെങ്കിലും അതിനെ പറ്റി ഉരിയാടാന്‍ പോലും ആര്‍ക്കും അനുവാദമില്ലായിരുന്നു. സര്‍ക്കാര്‍ പറയുന്നതല്ലാതെ ടിയാനന്‍‌മെന്നിനെ പറ്റി ആര്‍ക്കും ഒന്നും ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥ.

ചുരുക്കത്തില്‍ ചൈനയിലെ ഇന്നത്തെ യുവതലമുറയില്‍ പലര്‍ക്കും ടിയാനന്‍‌മെന്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. പട്ടാള ടാങ്കുകള്‍ ഇരച്ചു വന്നപ്പോള്‍ മുന്നില്‍ നിന്ന ചെറുപ്പക്കാരന്റെ ഈ സുപ്രസിദ്ധ ചിത്രം പലരും കണ്ടിരിക്കാനേ ഇടയില്ല. ചൈനയില്‍ ഇന്ന് ഉയര്‍ന്ന് വന്ന നവ സമ്പന്ന വര്‍ഗ്ഗം ആ സംഭവത്തെ പറ്റി വ്യാകുലപ്പെടാനിടയില്ലെന്ന് മാ ജിയാന്‍ നോവലില്‍ മനോഹരമായി അവതരിപ്പിച്ചതായി പറയുന്ന ബ്ലോഗ്ഗറും താമസം ലണ്ടനില്‍ തന്നെയാണ്. ബീജിങ്ങ് കോമ എന്ന നോവലിന്റെ കഥാസാരം ആ ബ്ലോഗില്‍ നിന്ന് ഞാനിവിടെ പരിഭാഷപ്പെടുത്താന്‍ മെനക്കെടുന്നില്ല. താല്പര്യമുള്ളവര്‍ക്ക് റിവ്യൂകള്‍ നെറ്റില്‍ നിന്ന് വായിക്കുകയോ, പുസ്തകം ഓണ്‍‌ലൈനില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പ്രസ്തുത പുസ്തകത്തെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് ചൂണ്ടിക്കാട്ടുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

3 comments:

ആരുഷിയുടെ ലോകം said...

അമേരിക്കയില്‍ പഠിച്ചു വളറ്‍ന്ന കുട്ടികള്‍ ആയിരുന്നു ടിയാനെന്‍ സ്ക്വയറിനു നേത്റ്‍ത്വം നല്‍കിയത്‌ അന്നു ഈ എം എസ്‌ പറഞ്ഞത്‌ സീ ഐ എ ആണു കുട്ടികളെ ഇതിനു പ്റേരിപ്പിച്ചതെന്നാണു

ഏതായാലും ആ കുട്ടികള്‍ക്കു കമ്യൂണിസം എങ്ങിനെയാണു ഒരു ജനാധിപത്യ പരമായ പ്റക്ഷോഭണത്തെ നേരിടുന്നതെന്നറിയില്ലായിരുന്നു ഇങ്ങിനെ പട്ടാളം വന്നു ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടികളെ കൊല്ലുമെന്നു ആരും പ്റതീക്ഷിച്ചില്ല പ്റത്യേകിചും ഒണ്‍ ചൈല്‍ഡ്‌ നോം ഉള്ള ചൈനയില്‍ ഒരു കുട്ടി മരിച്ചാല്‍ ഒരു കുടുംബം അനാഥമാകുന്നു എന്നാണല്ലോ

നമ്മടെ പുന്നപ്റ വയലാറ്‍ ഒക്കെ നടത്തിയ നേതാക്കന്‍മാറ്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെനില്‍ പട്ടാള ടാങ്കുരുളുന്നത്‌ കാണുമ്പോഴേ കാര്യം മനസ്സിലാക്കി പര്യമ്പുറത്തു കൂടി സ്ഥലം വിടുമായിരുന്നു

അതു കണ്ടു നില്‍ക്കുന്ന ബുധി ഉള്ള കുറെപ്പേരും രക്ഷപെടുമായിരുന്നു

പക്ഷെ അമേരിക്കയില്‍ ജനാധിപത്യമായി പ്റഖോഭണം നടത്തി കണ്ടു മാത്റ പരിചയിച്ച ആ പിള്ളേര്‍ തോക്കിനിരയായി

ലുമൂം ബാ , മാണ്ടേലാ എന്നു പറഞ്ഞു നിലവിളിച്ചിരുന്ന ഡിഫിയോ എസ്‌ എഫ്‌ ഐയോ അന്നു ഒരക്ഷരം മിണ്ടിയില്ല തലതൊട്ടപ്പന്‍ ഈ എം എസ്‌ സമ്റ്‍ഥമായി സീ ഐ എ എന്ന പദം ഉപയോഗിച്ച്‌ ഒതുക്കുകയും ചെയ്തു

അന്നു ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വെറുതെ ഒരു മാറ്‍ക്കു ലിസ്റ്റ്‌ സമരം പോലെ ഒരു ജാഥ ഇതിണ്റ്റെ പേരില്‍ നടത്താമെന്നു തീരുമാനിച്ചു പക്ഷെ എസ്‌ എഫ്‌ ഐ ചോട്ട നേതാക്കള്‍ തടി കേടാവും എന്ന മുന്നറിയിപു തന്നതോടെ അപ്പോഴേ കോളേജില്‍ നിന്നും നൂണ്‍ ഷോക്കു പോയി

അതുകൊണ്ട്‌ ഇപ്പൊഴും ജീവിച്ചിരിക്കുന്നു

കെ.പി.സുകുമാരന്‍ (K.P.S.) said...

ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവത്തെ തോല്‍പ്പിച്ച ചീന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഇ.എം.എസ്. അന്ന് ദേശാഭിമാനിയില്‍ ലേഖനം എഴുതിയതായി ഓര്‍ക്കുന്നു.

Nibu D Alappad said...

ടാങ്കിന് മുന്നില്‍ നിര്‍ഭയനായി നിന്ന ആ വിദ്യാര്‍ത്ഥിക്ക് എന്ത് സംഭവിച്ചു