Links

തിരുത്തുന്നതാണ് തെറ്റ്

പി.ശശി പറഞ്ഞത് ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ തെറ്റുതിരുത്തല്‍ രേഖ ഇങ്ങനെ ചര്‍ച്ച ചെയ്യുന്നത്കൊണ്ട് പാര്‍ട്ടിയെന്തോ മഹാ തെറ്റുകള്‍ ചെയ്യുന്നതായി പൊതുജങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരക്കും എന്നും തെറ്റുതിരുത്തലല്ല ദേശീയ നേതൃത്വത്തിന്റെ സ്വാധീനക്കുറവാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തെറ്റും ശരിയും എന്താണെന്ന് നിര്‍വ്വചിക്കണം എന്ന് മറ്റൊരു നേതാവ് ആവശ്യപ്പെട്ടത്രെ. ശശിയുടെ അഭിപ്രായം നിസ്സാരമായി തള്ളിക്കളയാനാവില്ല. അഥവാ പിണറായി സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറേണ്ടി വരികയാണെങ്കില്‍ തല്‍‌സ്ഥാനത്ത് സി.പി.എമ്മിലെ നടപ്പ് രീതിയനുസരിച്ച് വരാന്‍ യോഗ്യതയുള്ള ഒരേ നേതാവാണ് ശശി. കേരളത്തില്‍ നിന്ന് അടുത്തതായി പി.ബി.അംഗമാകാനും ശശിയേയുള്ളൂ. തിരുത്തപ്പെടാന്‍ കഴിയുന്ന തെറ്റുകളൊന്നും ഇപ്പോള്‍ സി.പി.എമ്മുകാര്‍ ചെയ്യുന്നില്ല. അഥവാ ചെയ്യുന്ന തെറ്റുകളൊന്നും തിരുത്താനും പോകുന്നില്ല. പിന്നെന്തിന് പാര്‍ട്ടിയെ തെറ്റുകളുടെ പുകമറയില്‍ നിര്‍ത്തണം എന്നതാണ് ശശിയുടെ ലോജിക്ക്. ശരിയുമാണത്.

തെറ്റുതിരുത്തല്‍ രേഖയുടെ പൂര്‍ണ്ണരൂപം തങ്ങള്‍ക്ക് കിട്ടിയെന്നാണ് ഇന്ത്യവിഷന്‍ അവകാശപ്പെട്ടത്. അവര്‍ അത് കാണിക്കുകയും ചെയ്തു. എന്ത് തന്നെയായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചില മൂല്യങ്ങള്‍ ഉണ്ടായിരുന്നു. ആ മൂല്യങ്ങള്‍ അതേ പടി തിരിച്ചുപിടിക്കണം എന്നാണ് തെറ്റുതിരുത്തല്‍ രേഖ ആവശ്യപ്പെടുന്നത്. അണികളും അതാഗ്രഹിക്കുന്നു. എന്നാല്‍ സംഗതി കൊള്ളാമെങ്കിലും അത് നടപ്പുള്ള കാര്യമാണോ? അല്ലേയല്ല. ഇങ്ങനെ ചില മൂല്യങ്ങള്‍ പാര്‍ട്ടിക്കുണ്ടന്നും അതൊക്കെ ലംഘിച്ചുകൊണ്ട് തെറ്റാണ് തങ്ങള്‍ ചെയ്തുവരുന്നതെന്നും ഏതെങ്കിലും നേതാവിന് അറിയാതിരിക്കുമോ? അത്രയ്ക്കും മന്ദബുദ്ധികളാണോ നേതാക്കള്‍ . ഉദാഹരണത്തിന്, വയല്‍ നികത്തലിന് എതിരെ വെട്ടിനിരത്തല്‍ നടക്കുമ്പോഴാണ് ഇ.പി.ജയരാജന്‍ അന്നത്തെ ബഡ്‌ജറ്റ് അനുസരിച്ച് 25ലക്ഷം ചെലവാക്കി വയല്‍ നികത്തിക്കൊണ്ട് സുന്ദരമായി വീട് നിര്‍മ്മിച്ചത്. അത് 96ലെ രേഖയ്ക്ക് മുന്‍പാണെന്ന് പറയാം. എന്നാലും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വി.എസ്സ്. പറഞ്ഞത് ഇക്കാലത്ത് വീട്ടിനൊക്കെ അത്രചെലവാകും എന്നാണ്. വയല്‍ നികത്തിയ കാര്യം മിണ്ടിയതുമില്ല. രേഖയില്‍ പറയുന്ന കാര്യങ്ങള്‍ പണ്ട് കൃഷ്ണപ്പിള്ളയുടെ കാലത്തേ പറയുന്നതാണ്. ഇപ്പോഴാണ് രേഖ ആക്കുന്നത് എന്ന് മാത്രം.

കമ്മ്യൂണിസ്റ്റുകാര്‍ വെള്ളത്തിലെ മീനിനെ പോലെ ജനങ്ങള്‍ക്കിടയിലാണ് ജീവിയ്ക്കേണ്ടത് എന്ന് ഏത് നേതാവിനാണ് അറിയാത്തത്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടരിക്ക് മേലെയുള്ള സകല നേതാക്കളും അണികള്‍ക്ക് അപ്രാപ്യരാണ്. പ്രസംഗിക്കുക,കീഴ്‌കമ്മറ്റികളില്‍ റിപ്പോര്‍ട്ടിങ്ങ് നടത്തുക, ഉത്തരവുകള്‍ ഇറക്കുക, ഇതൊക്കെയാണ് അവരുടെ ചുമതലകള്‍ . ബ്രാഞ്ച് സെക്രട്ടരി മുതല്‍ താഴോട്ടുള്ളവരെയേ അണികള്‍ക്കോ ജനങ്ങള്‍ക്കോ ബന്ധപ്പെടാന്‍ പറ്റൂ. അതിന് മേല്‍പ്പോട്ടുള്ളവരെ കാണണമെങ്കില്‍ ബ്രാഞ്ചില്‍ നിന്ന് കത്ത് വാങ്ങണം. വെരിഫിക്കേഷന്‍ നടത്തിയിട്ടേ കത്ത് ലഭിക്കൂ. സഖാക്കള്‍ തമാശയായി പറയാറുണ്ട് കോണ്‍ഗ്രസ്സിന്റെ എം.പി.യെയോ,എമ്മെല്ലെയെയോ കാണണമെങ്കില്‍ നേരിട്ട് സമീപിക്കാം,നമ്മളെ പാര്‍ട്ടിയില്‍ നടക്കുകയേയില്ല എന്ന്. അണികളെയോ,ജനങ്ങളെയോ ബന്ധപ്പെടാന്‍ അനുവദിച്ചാല്‍ അവരോട് ഇടപഴകിയാല്‍ തങ്ങളുടെ വില ഇടിഞ്ഞുപോകും എന്നാണ് ഏരിയാക്കമ്മറ്റി തൊട്ടു മുകളിലോട്ടുള്ള നേതാക്കള്‍ കരുതുന്നത്.

തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കി ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ ഇന്നുള്ള ഏരിയാക്കമ്മറ്റി തൊട്ട് മേല്‍പ്പോട്ട് സകല ഭാരവാഹികളെയും ഒഴിവാക്കി പുതിയ സാരഥികളെ കണ്ടെത്താന്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് കഴിയണം. അത് ഒരിക്കലും നടക്കില്ല. കാരണം സംഘടനാതെരഞ്ഞെടുപ്പ് മുറ പോലെ നടക്കുമെങ്കിലും കീഴ്‌ക്കമ്മറ്റി ഭാരവാഹികളെ മേല്‍ക്കമ്മറ്റി നിര്‍ദ്ദേശിക്കലാണ് തെരഞ്ഞെടുപ്പ് രീതി. മത്സരം പാര്‍ട്ടിച്ചട്ടക്കൂടിന് വിരുദ്ധമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മേലെ എത്തിയാല്‍ പിന്നെ ഒരിക്കലും ഇറങ്ങേണ്ടി വരില്ല. ഇതൊക്കെക്കൊണ്ട് തന്നെയാണ് ഞാന്‍ ശശിയോട് യോജിക്കുന്നത്. ഈ തെറ്റുതിരുത്തല്‍ നാടകം പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കൂ.

5 comments:

ശ്രീക്കുട്ടന്‍ said...

മാഷേ,
എന്തു തെറ്റുതിരുത്തല്‍.എന്തു രേഖ.ഇതെല്ലാം മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രം. ഏതെങ്കിലും ഒരു സഖാവ് സമ്മതിക്കുമോ താന്‍ തെറ്റു ചെയ്തെന്നും അത് തിരുത്തുമെന്നും. ഇപ്പോല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സുഖസൗകര്യങ്ങളുപേക്ഷിക്കുവാന്‍ മാത്രം മണ്ടമ്മാരാണോ നമ്മുടെ സഖാക്കള്‍ .മണിമാളികകളിലെ ഏസിയില്‍ മാത്രമുറങുകയും ജനങ്ങളുടെ സന്തോഷലബ്ധിക്കുവേണ്ടി പാര്‍ട്ടിയുടെ പേരില്‍ നക്ഷത്രഹോട്ടലുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും വ്യാപാരസമുച്ചയങ്ങളും കെട്ടിപടുക്കുകയും മാത്രം ചെയ്യുന്ന ഇന്നിന്റെ യഥാര്‍ഥ കമ്മ്യൂണിസ്റ്റു മഹാരഥന്മാര്‍ക്കുവേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന അണികള്‍ മാത്രമാണ് മണ്ടന്മാര്‍. ഈ കാപട്യം കഴുതകള്‍ എന്ന്‍ സ്വയം സമ്മതിക്കുന്ന ജനം (ഓരോ കമ്മ്യൂണിസ്റ്റ്കാരനും) എന്ന്‍ തിരിച്ചറിയപ്പെടുമോ അന്നു മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടു.

manu said...

:)

മുക്കുവന്‍ said...

if you want to make money without doing work, you will have to stay in kerala and work for party. so the people who support party in kerala is not fools.. they are brilliant than you and me uncle...

dont you miss your home town.. the sweet water..the rainy season in kerala? I am sure you are... you moved to another state because you are ready to work :)

chithrakaran:ചിത്രകാരന്‍ said...

പ്രസക്തമായ പോയന്റ്.

കടത്തുകാരന്‍/kadathukaaran said...

പാര്‍ട്ടീ മാനേജര്‍മാര്‍ തിരുത്തല്‍രേഖ അവതരിപ്പിക്കുന്നു, പുതിയ തെറ്റുകള്‍ ഊര്‍ജ്ജസ്വലതയോടെ ചെയ്യാനും അപ്രീതിയുള്ളവരെ ഒതുക്കുവാനും വേണ്ടി മാത്രം...
ശശി, ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയുന്നുവെന്നുമാത്രം.