Links

കമ്മ്യൂണിസ്റ്റ് ബൂമറാങ്ങുകള്‍

കമ്മ്യൂണിസ്റ്റുകാര്‍ കാലാകാലങ്ങളായി തൊടുത്തുവിടാറുള്ള ബൂമറാങ്ങുകള്‍ ഇപ്പോള്‍ അവര്‍ക്ക് നേരെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആഡംബരത്തിന്റെയും ആര്‍ഭാടജീവിതത്തിന്റെയും കാര്യമെടുക്കാം. പണ്ട് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ പ്രയോഗിച്ചിരുന്ന ആയുധമായിരുന്നു ഇത്. കമ്മ്യൂണിസം നാട്ടില്‍ പ്രചരിപ്പിക്കാനും പാര്‍ട്ടിക്ക് ജനകീയ അടിത്തറ വിപുലപ്പെടുത്താനും ഈ പ്രചരണമാണ് സഹായിച്ചത്. നാട്ടില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും അദ്ധ്വാനിക്കുന്നവരും ദരിദ്രനാരായണന്മാരും ആയിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത അക്കാലത്തെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തികഭദ്രതയുള്ളവരോ ജന്മികുടുംബങ്ങളില്‍ നിന്നുള്ളവരോ മാത്രമേ അന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങാറുള്ളൂ. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇന്നത്തെ പോലെ ലാഭം കിട്ടുന്ന അധികാരരാഷ്ട്രീയമല്ല അന്ന്, ത്യാഗം ചെയ്യലും ത്യജിക്കലുമായിരുന്നു രാഷ്ട്രീയം. അങ്ങനെ നാട്ടില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍ ഒക്കെ സമ്പന്ന കുടുംബങ്ങളില്‍ പെട്ടവരായിരുന്നു. എന്നാല്‍ അവരൊക്കെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനല്ല മറിച്ച് ഉള്ളത് ത്യജിച്ച്കൊണ്ട് ദേശാഭിമാനത്താല്‍ പ്രചോദിതരായി സ്വാതന്ത്ര്യസമരത്തില്‍ എടുത്തുചാടുകയായിരുന്നു.

അപ്പോഴാണ് പാവപ്പെട്ടവര്‍ക്ക് സോഷ്യലിസ്റ്റ് സ്ഥിതിസമത്വലോകം വാഗ്ദ്ധാനം ചെയ്തുകൊണ്ട് പുതിയൊരു തത്വശാസ്ത്രവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗപ്രവേശം ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാര്‍ ബൂര്‍ഷ്വകളാണ്, ചന്ദനമരം കൊണ്ടാണ് അവരുടെ വീടുകള്‍ പണിതിരിക്കുന്നത്,ചന്ദനക്കട്ടിലിലാണ് അവര്‍ ഉറങ്ങുന്നത്, വെള്ളിക്കിണ്ണത്തിലാണ് ഉണ്ണുന്നത് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവപ്പെട്ടവന്റെ പാര്‍ട്ടിയാണ് ഇങ്ങനെ പോയി പ്രചരണങ്ങള്‍ . ആളുകള്‍ക്കത് വിശ്വസിക്കാന്‍ പ്രയാസമുണ്ടായില്ല. അന്നത്തെ സാഹചര്യം അതായിരുന്നു. എവിടെ നോക്കിയാലും ഓല മേഞ്ഞ വീടുകളേ കാണാന്‍ കഴിയൂ. അപൂര്‍വ്വമായുള്ള ഓടിട്ട വീടുകള്‍ കോണ്‍ഗ്രസ്സുകാരന്റേതായിരിക്കും. വിദ്യാഭ്യാസം സാര്‍വ്വത്രികമായിരുന്നില്ല. ചുരുക്കത്തില്‍ , സാമ്പത്തികമായ ചുറ്റുപാടുകളുള്ളവരും വിദ്യാഭ്യാസം ഉള്ളവരും ആണ് അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സുകാര്‍ എന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പെട്ടെന്ന് തന്നെ പാവപ്പെട്ടവരുടെ പ്രീതിയും പിന്തുണയും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു.

ആ പ്രചരണമാണ് ഇന്ന് കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. തെറ്റുതിരുത്തല്‍ രേഖ പുറത്ത് പ്രചരിക്കുക വഴി മാര്‍ക്സിസ്റ്റുകാര്‍ തന്നെ അതിന് ആധികാരികതയും നല്‍കിയിരിക്കുന്നു. ആഡംബരങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകിയാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ഇന്ന് ജിവിയ്ക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തവുമാണ്. അത് ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റുള്ളവരും അങ്ങനെ തന്നെയല്ലെ എന്ന് പ്രതിരോധിക്കാനും അവര്‍ക്കാവുന്നില്ല. പിന്നെന്ത് ഇടത് പക്ഷം, കമ്മ്യൂണിസം എന്ന മറുചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പരുങ്ങുകയാണ് അവര്‍ . അതാണ് ഒരു ബൂമറാംഗ്. മറ്റൊന്നാണ് ലാവലിന്‍ കേസ്. അഴിമതിക്കെതിരെ നിരന്തരമായി പ്രക്ഷോഭം നയിക്കാറുള്ള പാര്‍ട്ടിക്ക് ഇനി അഴിമതിയെ പറ്റി ശബ്ദിക്കാനുള്ള ധാര്‍മ്മിക ബലം ഉണ്ടാവില്ല. ലാവലിന്‍ കേസല്ല, ആ കേസില്‍ പ്രതിയായ ആളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സ്വീകരിച്ച മാര്‍ഗ്ഗം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. പാര്‍ട്ടി അകപ്പെട്ട ഒരു പ്രതിസന്ധിയാണതിന് കാരണം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടും നിരപരാധിത്വം തെളിയിക്കപ്പെടുന്നവരെ സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടില്ല എന്നത് പാര്‍ട്ടിയുടെ ഗതികേട് ആയിട്ടേ കാണാന്‍ കഴിയൂ, ന്യായീകരണങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും.

തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരുടെ രാജി ആവശ്യപ്പെടാറുള്ള പാര്‍ട്ടിയാണ് സി.പി.എം. ഒരു ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പോലും രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ നിരന്തരമായി അവര്‍ രാജി ആവശ്യപ്പെടാറുണ്ട്. ഇപ്പോള്‍ , ബംഗാളില്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ സര്‍ക്കാര്‍ രാജി വെച്ചു പുതിയ ജനവിധി തേടണം എന്ന് ആവശ്യപ്പെട്ടത് മാര്‍ക്സിസ്റ്റ് മന്ത്രി തന്നെയാണ്. ബൂമറാംഗ് വരുന്ന വരവ് കണ്ടോ! മാര്‍ക്സിസ്റ്റ് ഭാഷ കടമെടുത്ത് പറഞ്ഞാല്‍ രണ്ടായിരത്തി പതിനൊന്ന് വരെ അധികാരത്തില്‍ കടിച്ചു തൂങ്ങാനാണ് ബംഗാളില്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. മാറുമോ എന്നറിയില്ല.

തെറ്റുതിരുത്തല്‍ രേഖ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളിലേക്ക് ചര്‍ച്ച വ്യാപിക്കുമ്പോള്‍ അത് പാര്‍ട്ടിയില്‍ ഒരു ഗ്ലാസ്‌നോസ്റ്റ് ഉണ്ടാക്കുമോ എന്ന് കണ്ടറിയണം. നേതാക്കന്മാരുടെ മുഖത്ത് നോക്കി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ രേഖയിലൂടെ കേന്ദ്രനേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് തടയിടാനാണ് പി.ശശി കേന്ദ്രനേതൃത്വത്തിനെതിരെ വിമര്‍ശനം തൊടുത്തുവിട്ടത്. തെറ്റ് തിരുത്താതെ പാര്‍ട്ടിക്ക് ഒരിഞ്ച് പോലും ഇനി മുന്നോട്ട് പോകാന്‍ കഴിയാതിരിക്കെ പിണറായിയുടെ മൌനാനുവാദത്തോടെ ശശി നടത്തിയ രോഷപ്രകടനം ഫലിക്കുമോ എന്നറിയില്ല. ഇത് വരെ എല്ലാ വിമര്‍ശനങ്ങളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആക്രോശം എന്ന് പരിഹസിച്ചവര്‍ക്ക് അണികള്‍ തന്നെ മറുപടി പറയാന്‍ ഇടയാക്കും തെറ്റുതിരുത്തല്‍ ചര്‍ച്ചകള്‍ .

തെറ്റുകള്‍ തിരുത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇനിയും ഇന്ത്യയില്‍ ഭാവിയുണ്ട്, ഇല്ലെങ്കില്‍ ഇല്ല അതാണ് അവസ്ഥ. തെറ്റ് തിരുത്തല്‍ അത്ര എളുപ്പമല്ല എന്ന് മാത്രം പറഞ്ഞുവെക്കട്ടെ.

15 comments:

ഷീജിത്-ഖതര്‍ said...

ഇന്ത്യയില്‍ കമ്മ്യുണിസത്തിന്‍റെ മരണമണി മുഴങ്ങിയിരിക്കുന്നു... എത്ര തിരുത്തിയാലും കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ഇനി നിലനില്‍ക്കുമെന്ന് തോന്നുന്നില്ല... അതിന്‍റെ ആരംഭമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്... പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍...

അങ്കിള്‍ said...

:) tracking

K Govindan Kutty said...

ഒറ്റപ്പെട്ടവർക്കും നഷ്ടപ്പെട്ടവർക്കും അഭയം കൊറ്റുക്കുന്നു എന്ന ധാരണയിലാൺ കമ്യൂണിസം ഇവ്വ്വിട്ടെ പ്രചരിച്ചത്. പക്ഷേ അതൊക്കെ മുദ്രാവാക്യത്തിൽ ഒതുങ്ങിപ്പോയിരിക്കുന്നു. ശീലം കൊണ്ട് സഖാക്കളായി തുടരുന്ന ചുറുപ്പക്കാരാകട്ടെ, വലിയ അസഹിഷ്ണുതയും ഫാസിസ്റ്റ് പ്രവണതയും കാണിക്കുന്നു. ഇത് ഏറെ മുന്നോട്ടു പോവില്ല, ഈ രൂപത്തിലും ഭാവത്തിലും.

Unknown said...

മാഷെ ട്രാക്കിങ്ങില്‍ വലിയ കാര്യമില്ല,അങ്ങനെ ഒരു ചര്‍ച്ചയൊന്നും നടക്കാനില്ല. വായിച്ചു പോകുന്ന നിശബ്ദവായനക്കാരേയുള്ളൂ ഈ ബ്ലോഗിന് :)

ഗോവിന്ദന്‍ കുട്ടി മാഷിന്റെ അഭിപ്രായം ഏറെ പ്രസക്തം!

അങ്കിള്‍ said...

തൊട്ടതിനും പിടിച്ചതിനും രാജിയെന്നുള്ളത് ഇവിടെയും നടപ്പിലാക്കുന്നുണ്ടല്ലോ, തെറ്റുതിരുത്തലിലൂടെ. ഇനി ഒരു പ്രാവശ്യം കൂടെ പാർട്ടി സെക്രട്ടറിയാകാൻ പറ്റില്ല എന്നത് അടുത്ത കൊല്ലാത്തോടെ രാജിവക്കാൻ ആവശ്യപ്പെടുന്നതിനു തുല്യമല്ലേ.

ചാണക്യന്‍ said...

:)

kaalidaasan said...

തെറ്റുകള്‍ തിരുത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇനിയും ഇന്ത്യയില്‍ ഭാവിയുണ്ട്, ഇല്ലെങ്കില്‍ ഇല്ല അതാണ് അവസ്ഥ.

അപ്പോള്‍ മാഷ് അങ്ങനെ ഒരഭിപ്രായത്തിലേക്ക് എത്തി അല്ലേ?
ഇതിനു മുമ്പ് പല പോസ്റ്റുകളിലും കമ്യൂണിസത്തിനോ സി പി എമ്മിനോ ഇന്‍ഡ്യയിലും ലോകത്തൊരിടത്തും ഭാവിയില്ല എന്നാണല്ലോ മാഷ് പറഞ്ഞു വന്നിരുന്നത്.

Unknown said...

കാളിദാസന്‍ മാഷെ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തെറ്റ് തിരുത്തിയ ചരിത്രമില്ല.തകര്‍ന്ന ചരിത്രമേ ഉള്ളൂ.പാമ്പ് ഉറ പൊഴിക്കുന്നത് പോലെ അത്ര ലാഘവമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തെറ്റു തിരുത്തുന്നത്. അസ്തിവാരം ഇളക്കിയാല്‍ പിന്നെ കെട്ടിടം നില്‍ക്കുമൊ?തെറ്റുകളുടെ അടിത്തറയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. ലെനിന്‍ ആണ് അതിന്
കാരണക്കാരന്‍. മാര്‍ക്സിസം ലോകത്തുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലാത ദര്‍ശനമാണ്. ലെനിനിനിസം ആയിട്ടാണ് എല്ലാ പാര്‍ട്ടികള്‍ക്കും ബന്ധം. വാക്കില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും വര്‍ഗ്ഗസമരകാഴ്ചപ്പാടും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും ഉപേക്ഷിച്ചു സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആയാല്‍ പിന്നെയും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭാവിയുണ്ടാകും എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭാവിയുണ്ടായില്ലെങ്കിലും ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് സാര്‍ത്ഥകമായ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം എന്ന് മാത്രം. മാഷ് കരുതുന്നുണ്ടോ ഇപ്പോഴത്തെ തെറ്റുതിരുത്തല്‍ പാര്‍ട്ടിയെ ശുദ്ധീകരിക്കുമെന്ന്? ഞാന്‍ വെല്ലുവിളിക്കുന്നു.ഒരു ചുക്കും നടക്കില്ല. ഏറിയാല്‍ കുറെ ബിനാമികളാല്‍ നേതൃത്വം പകരം വയ്ക്കപ്പെടും. മാഷ് ഏതോ സങ്കല്പലോകത്തിലാണ് വ്യാപരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.

manu said...

mashinte uddesham endennnu,, nerathe ulla post kalil thanne mash vykthamakkiyittundu,, oru blog communist virudhathayku mathram upayogikkumbo,, comments um ezhuthiyathu thanne ezhuthendi varum,, nisabda vayanakkarayathu,, endanennu parayendallo???

Unknown said...

ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ബ്ലോഗിന്റെ ആവശ്യം മലയാളം സൈബര്‍ സ്പേസില്‍ ഉണ്ടായിരുന്നു മനൂ. വായിക്കപ്പെടാന്‍ തന്നെയാണ് ഞാന്‍ എഴുതുന്നത്. കമന്റുകള്‍ക്ക് വേണ്ടിയല്ല. ബ്ലോഗിലെ മിക്ക ഇടതര്‍ക്കും ബിനാമി ഐഡികള്‍ ഉണ്ടാക്കി പരിഹാസവും തെറിയും മാത്രമേ എഴുതാന്‍ കഴിയുന്നുള്ളൂ. അവരുടെ കൈയ്യില്‍ ആശയങ്ങള്‍ ഒന്നുമില്ല. സ്വതസിദ്ധമായ ശൈലിയിലൂടെ പത്ത് വോട്ട് കുറയ്ക്കാന്‍ അവര്‍ ബ്ലോഗിലും ശ്രമിക്കുന്നു.

Baiju Elikkattoor said...

:)

NITHYAN said...

നമ്മള പഴയ കടല്‍പ്പാലം പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ദുഷിച്ച കടല്‍വ്യവസ്ഥിതി കാരണം കമ്പിത്തൂണെല്ലാം തുരുമ്പെടുത്ത് ഹലാക്കായി. ആ തുരുമ്പെല്ലാം മുട്ടിക്കളഞ്ഞാല്‍ പിന്നെ ബാക്കിയൊന്നും കാണുകയില്ല.

നിധീഷ് said...

മാഷെ
കുറച്ചു നാള്‍ മുന്‍പ് നിങ്ങള്‍ പറഞ്ഞു ഞാനൊരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ അല്ല എന്ന്. എപ്പോള്‍ പറയുന്നു ഒരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ബ്ലോഗിന്റെ ആവശ്യം സൈബര്‍ സ്പേസില്‍ ഉണ്ടായിരുന്നത് കൊണ്ട് നിങ്ങള്‍ അത് തുടങ്ങി എന്ന്. ഇതിനു മലയാളിതില്‍ വിരോതബാസം എന്നല്ലേ പറയുക?
ആദ്യം ദയവായി ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍കുക... എന്നിട് എഴുതുക
നിധീഷ്

Joker said...

ഖേദത്തോടെ ഒരു ഓ.ടോ.

സഖാവ് : പിണറായി വിജയന്റേതെന്നും ഒരു വീടിന്റെ പടം മെയിലില്‍ കറാങ്ങി നടാപ്പുണ്ട്. സുകുമാരേട്ടന്‍ നേരില്‍ ആ വീട് കണ്ടിട്ടൂണ്ടെങ്കില്‍ ഒന്ന് പറയണേ.
:)
http://jokercircus.blogspot.com/2009/11/blog-post_16.html

kaalidaasan said...

സുകുമാരന്‍ മാഷേ,

മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും മറ്റു കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കും തെറ്റുകള്‍ തിരുത്തിയ ചരിത്രം മാത്രമേ ഉള്ളു. തെറ്റാണെന്നു മനസിലാക്കിയതെല്ലാം അവര്‍ തിരുത്തിയിട്ടുണ്ട്. അവര്‍ തെറ്റുകള്‍ തിരുത്താതെ തകര്‍ന്നു പോകണം എന്നൊക്കെ കരുതുനവര്‍ക്ക് മാഷിനേപ്പോലെ പറഞ്ഞു കൊണ്ടിരിക്കാം. ഇപ്പോഴും 30 % വോട്ടുകളുള്ള പാര്‍ട്ടിയാണു സി പി എം കേരളത്തില്‍ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ അത്രയും തന്നെ വോട്ടുകള്‍ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കു കിട്ടി.

തെറ്റു തിരുത്താതെ മുന്നോട്ടു പോയില്ലെങ്കില്‍ എല്ലാ പാര്‍ട്ടികളും നശിക്കും . ഇന്ദിര ഗാന്ധി അടിയന്തരാവ്സ്ഥ എന്ന തെറ്റു തിരുത്തി ജനങ്ങളോടു മാപ്പു പറഞ്ഞതുകൊണ്ടാണ്, കോണ്‍ഗ്രസ് ഇന്നും നില നില്ക്കുന്നത്. അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്നേ തകര്‍ന്നു പോയേനേ. അടിയന്തരവസ്ഥ ശരിയായിരുന്നു എന്ന് മാഷു പറഞ്ഞാലും അത് തെറ്റായിരുന്നു എന്നാണ്, അത് നടപ്പാക്കിയ ഇന്ദിര പറഞ്ഞത്. മാഷിനതൊന്നും ഉള്‍ക്കൊള്ളാനുള്ള വിവേകമില്ലാത്തതു കൊണ്ട് ഇപ്പോഴും അടിയന്താരവസ്ഥയെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഇടക്കാലത്ത് അതിന്റെ സാമൂഹിക നീതി എന്ന അജണ്ടയില്‍ നിന്നും മാറിപ്പോയി. ആ ഇടയില്‍ ബി ജെ പി കയറി വന്നു. തെറ്റു മനസിലാക്കിയ കോണ്‍ഗ്രസ് സമൂഹിക നീതിയിലൂന്നിയാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അപ്പോള്‍ അവരുടെ ജന പിന്തുണ കൂടി.


ഒരു തെറ്റിന്റെയും അടിത്തറയിലല്ല കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ചൈനയിലും വിയറ്റ്നാമിലും ക്യൂബയിലും അര നൂറ്റാണ്ടിനു മേലായി കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഭരിക്കുന്നത്. ക്യാപിറ്റലിസ്റ്റ് രാജ്യമായ സൈപ്രസിന്റെ പ്രസിഡണ്ട് ഒരു കമ്യൂണിസ്റ്റുകാരനാണ്.

ലെനിനിസത്തില്‍ എന്താണ്, തെറ്റെന്നു പറയാമോ?

ഒരു പിണറായി വിജയ്നെയോ ജയരാജനേയോ കണ്ട് കമ്യൂണിസ്റ്റുപാര്‍ ട്ടികള്‍ക്ക് മാര്‍ക്സിസവുമായി ബന്ധമില്ല എന്നൊക്കെ വാചകമടിക്കുന്നത് ശരിയല്ല. കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ നയങ്ങള്‍ മാര്‍ക്സിസത്തില്‍ നിന്നും എത്ര അകലെയാണെന്നു പറഞ്ഞാല്‍ മനസിലാക്കാമായിരുന്നു.

ലെനിനിസ്റ്റ് സംഘടന തത്വം ഭരണ രംഗത്തിപയോഗിക്കുന്നില്ല. അത് പാര്‍ട്ടിക്കു പുറത്തുള്ളവരെ ഒരു തരത്തിലും ബാധിക്കില്ല.

ഇന്‍ഡ്യയിലെ സോഷ്യല്‍ ഡെമോക്രസിക്കെന്തു സംഭവിച്ചു എന്ന് അന്വേഷിച്ചാല്‍ അതിന്റെ ഭാവി എന്താകുമെന്ന് മനസിലാകും . ലോഹ്യയും ജയപ്രകാശ് നാരായണും നയിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനം മുഴുവനായി തന്നെ സംഘ പരിവാറിന്റെ വലാവുകയാണുണ്ടായത്. സംഘ പരിവാറിന്റെ കാവിത്തുണിയുടെ അറ്റത്ത് പിടിക്കാതിരുന്ന ഒരാളെ ഉള്ളു. മുലയം സിംഗ് യാദവ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ മാത്രം ഒതുങ്ങുന്നതും ഇപ്പോള്‍ അവിടെ പ്രസ്ക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ആണ്.

ഇതുപോലെയുള്ള സോഷ്യല്‍ ഡെമോക്രാറ്റുകളാകാനൊന്നും ഏതായാലും കമ്യൂണിസ്റ്റു പാര്‍ട്ടി തയ്യാറല്ല. ഈ സോഷ്യലല്‍ ഡെമോക്രസി എന്ന വാക്ക് മാഷിതിനു മുമ്പ് ഉപയോഗിച്ചു കണ്ടിട്ടില്ല. ഇപ്പോള്‍ എങ്ങനെയാണീ വാക്ക് മാഷിന്റെ ഇഷ്ടപദമായത്?

1977 ലെ തെരഞ്ഞെടുപ്പില്‍ 15 സീറ്റിലേക്കൊതുങ്ങിയതാണു സി പി എം . അന്നൊന്നും പാര്‍ട്ടി തകര്‍ന്നില്ല. ഇപ്പൊഴും തകരില്ല. തെറ്റുകള്‍ തിരുത്തി തന്നെ മുന്നോട്ടു പോകും.

കമ്യൂണിസ്റ്റുകാര്‍ ഇന്‍ഡ്യ ഭരിക്കുമെന്നൊന്നും ഞാന്‍ സ്വപ്നം കാണുന്നില്ല. എങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഞാന്‍ പിന്തുണക്കും.