Links

ബേനസീര്‍ ഭൂട്ടോ , തീവ്രവാദത്തിന്റെ മറ്റൊരു ഇര !


പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു . റാവല്‍പിണ്ടിയില്‍ അവര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കഴിഞ്ഞ് കാറില്‍ സഞ്ചരിക്കവേ തീവ്രവാദികള്‍ ഏ.കെ.47 കൊണ്ട് അവരുടെ നെഞ്ചിനും കഴുത്തിനും നിറയൊഴിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ബേനസീറിനെ റാവല്‍പിണ്ടിയിലെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വച്ചാണ് മരണം സംഭവിച്ചത്.
ബേനസീറിന്റെ വെബ്‌സൈറ്റ് ഇവിടെ .
ബേനസീര്‍ ഭൂട്ടോവിന്റെ കൃതികള്‍ :

പാകിസ്താന്‍ ദ ഗേതറിങ് സ്റ്റോം (1983), ഹിജാ ദെ ഓറിയന്റെ (സ്പാനിഷ്), ബേനസീര്‍ ഭൂട്ടോ_ഡോട്ടര്‍ ഓഫ് ദ ഈസ്റ്റ് , ബേനസീര്‍ ഭൂട്ടോ_ഡോട്ടര്‍ ഓഫ് ഡസ്റ്റിനി _ഓട്ടോബയോഗ്രഫി എന്നിവയാണ് ബേനസീറിന്റെ മുഖ്യരചനകള്‍.
ഡബ്ല്യൂ. എഫ്. പെപ്പര്‍, റഫീക് സഖറിയ, ക്രിസ്റ്റിനാ ലാമ്പ്, തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രചിച്ച പതിനാലോളം ജീവചരിത്രകൃതികള്‍ ഇപ്പോഴുണ്ട്.

ഒരു ചെറിയ ന്യൂനപക്ഷമായ തീവ്രവാദികള്‍ക്ക് രാജ്യങ്ങളുടെയും ജനതകളുടെയും തലയെഴുത്ത് മാറ്റിയെഴുതാന്‍ കഴിയുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു .
ബേനസീര്‍ ഭൂട്ടോവിന്റെ ലഘു ജീവചരിത്രം :

1953 ല്‍ സിന്‍ധ് പ്രവിശ്യയിലെ ഭൂഉടമകളുടെ കുടുംബത്തിലാണ് ബേനസീര്‍ ഭൂട്ടോ ജനിച്ചത്. പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോപാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള സമുന്നതനേതാവാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവര്‍ കോളേജ് വിദ്യാഭ്യാസം നടത്തിയത്. 1977 ല്‍ രാജ്യത്ത് മടങ്ങിയ അവര്‍ രാജ്യത്തിന്റെ വിദേശകാര്യ സര്‍വീസില്‍ ചേരാനാണ് ആഗ്രഹിച്ചിരുന്നത്.
ബേനസീര്‍ നാട്ടിലെത്തി ആഴ്ചകള്‍ക്കകം ജനറല്‍ സിയാ ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരം പിടിച്ചെടുത്ത് ഭൂട്ടോവിനെ തടവിലാക്കി.പിതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ അവര്‍ പോരാടി. പല വട്ടം വീട്ടുതടങ്കലിലാക്കപ്പെട്ടു.

ബഹുജനരോഷം വകവെക്കാതെ 1979 എപ്രിലില്‍ ഭൂട്ടോവിനെ പട്ടാളഭരണകൂടം തൂക്കിക്കൊന്നു. പിന്നീടൊരിക്കലും ബേനസീര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നിട്ടില്ല. സിയാവുള്‍ ഹഖിന്റെ ഭരണകൂടം 1981ല്‍ അവരെ തടവിലാക്കുകയുമുണ്ടായി. 1984 ല്‍ ജയില്‍ മോചിതയായ അവര്‍ 1986 വരെ ബ്രിട്ടനില്‍ കഴിഞ്ഞുകൂടി.
88ല്‍ സിയാവുള്‍ ഹഖ് വിമാനാപകടത്തില്‍ മരിച്ചതോടെ സ്ഥിതി മാറി.
പൊതുതിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ബേനസീറിനെയല്ലാതെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയുമായിരുന്നില്ല. അന്നവര്‍ക്ക് 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ലോകത്തിലെ ഒരു ഇസ്ലാമികരാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം അവര്‍ അന്ന് ചരിത്രത്തില്‍ നേടി. 1990 ല്‍ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന്‍ ബേനസീറിനെ പിരിച്ചുവിട്ടു. ഭര്‍ത്താവിനെ തടവിലാക്കി. 1993 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. ബേനസീര്‍ പ്രതിപക്ഷനേതാവായി. കുറെക്കാലം അവരെ നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. 1993ല്‍ നവാസ് ഷെറീഫിന്റെ ഗവണ്മെന്റിനെ പുറത്താക്കി. തുടര്‍ന്ന് ബേനസീര്‍ വീണ്ടും പ്രധാനമന്ത്രിയായെങ്കില്‍ മൂന്നുവര്‍ഷത്തിന് ശേഷം പുറത്താക്കപ്പെട്ടു. 99മുതല്‍ വിദേശത്തായി താമസം.

2007 ഒക്റ്റോബര്‍ 18 ന് നാട്ടില്‍ തിരിച്ചെത്തിയ ബേനസീറിനെ സ്വീകരിക്കാന്‍ മുപ്പത് ലക്ഷം ജനങ്ങള്‍ അണിനിരന്നതായാണ് കണക്ക. അന്നുതന്നെ ബേനസീറിന് നേരെ വധശ്രമം നടന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായാണ് അവര്‍കണക്കാക്കപ്പെടുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, സിന്ധ് സര്‍വകലാശാല, ഫിലിപ്പീന്‍സ് യുണിവേഴ്സിറ്റി, പേശ്വാര്‍ സര്‍വകലാശാല തുടങ്ങി ഒമ്പത് സര്‍വകലാശാലകളില്‍ നിന്ന് അവര്‍ക്ക് ഹോണററിഡോക്റ്ററേറ്റുകള്‍ ലഭിച്ചിട്ടുണ്ട് 87 ല്‍ സിന്ധിലെ ബിസിനസ്സുകാരനായ അസിഫ് അലി സര്‍ദാരിയെ വിവാഹം ചെയ്ത അവര്‍ക്ക് മുന്നുമക്കളുണ്ട് , ഒരാണും രണ്ടുപെണ്‍മക്കളും.

ബേനസീറിന്റെ പിതാവും പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന സുള്‍ഫക്കീര്‍ അലി ഭൂട്ടോയും വധിക്കപ്പെടുകയായിരുന്നു. 1977 ല്‍ ഭൂട്ടോയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത സൈനിക മേധാവി ജനറല്‍ സിയാ ഉള്‍ഹഖ് 1979 ല്‍ അദ്ദേഹത്തെ തൂക്കിക്കൊന്നു. തുടര്‍ന്നാണ് ബേനസീര്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുത്തത്.

19 comments:

വയനാടന്‍ said...

ഇത്ര പെട്ടന്ന് ബ്ലൊഗിയതിനു ഒരുപാദു നന്ദി.
ആശംസകള്‍.

Unknown said...

ഒരു ചെറിയ ന്യൂനപക്ഷമായ തീവ്രവാദികള്‍ക്ക് രാജ്യങ്ങളുടെയും ജനതകളുടെയും തലയെഴുത്ത് മാറ്റിയെഴുതാന്‍ കഴിയുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു .

കണ്ണൂരാന്‍ - KANNURAN said...

സുകുമാരേട്ടാ.. മതതീവ്രവാദത്തിന്റെ ഇരയാണെന്ന് പറയാറായോ? എന്തുകൊണ്ടു പാക്കിസ്ഥാനെ ശിഥിലമാക്കാനുള്ള ആഗോളപദ്ധതിയുടെ ഭാഗമായിക്കൂടാ ഇത്? ഇത്രവേഗം ഒരു തീരുമാനത്തില്‍ എത്താറായോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വീണ്ടും ഒരു രക്തസാക്ഷികൂടെ മാഷെ..
തീവ്രവാദത്തിന്റെ മറ്റൊരു ഇര !
അതു ചിലപ്പോള്‍ മതമൊ മനുഷനൊ ആയിക്കൂടെ മാഷെ..?

Unknown said...

കണ്ണൂരാനേ , ഇത്രയും ഭീരുത്വപരമായതും ക്രൂരവുമായ കൊലപാതകം തീവ്രവാദികള്‍ മാത്രമേ ചെയ്യുകയുള്ളൂ . മുഷറഫ് തന്നെ ഇപ്പോള്‍ പ്രസ്ഥാവിച്ചിരിക്കുന്നത് ഇതിന് പിന്നില്‍ തീവ്രവാദികളാണെന്നും ,തീവ്രവാദം പാകിസ്ഥാനില്‍ നിന്നും തുടച്ചു നീക്കുമെന്നുമാണ് . നമ്മള്‍ മുന്‍‌വിധികളോടെ സംസാരിച്ചിട്ട് കാര്യമില്ല . ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ് . അമേരിക്കയെയോ ബുഷിനെയോ കുറ്റം പറഞ്ഞാലൊന്നും പരിഹാരമാവുകയില്ല . ഇസ്ലാം തീവ്രവാദത്തെ തള്ളിപ്പറയാനും , ഇസ്ലാം മതം തന്നെയും നവീകരണത്തിന് വിധേയമാക്കാനും മുസ്ലിമിങ്ങള്‍ തയ്യാറായാലേ ലോകത്ത് സമാധാനം ഇനി സ്ഥാപിതമാവൂ !

U.Suresh said...

മുസ്ലിം തീവ്രവാദത്തിനെതിരായ പ്രവര്‍തതനങ്ങള്‍ അതേ വിഭാഗത്തില്‍ നിന്നും തന്നെ വരണമെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.അത്തരത്തിലുള്ള പോരട്ടത്തിന്റെ പ്രതിനിധി കൂടിയായിരുന്നില്ലെ ബേനസീര്‍ ? തീര്‍ച്ചയായും അവരുടെ നിലപാടുകള്‍ തീവ്രവാദികള്‍ക്ക് അരുചികരങ്ങളായിരുന്നു. ജനാധിപത്യം അവിടെ വിജയിക്കും , ഉറപ്പ്.

saijith said...

'വാള്‍ എടുത്തവന്‍ വാളാല്‍ 'എന്ന പഴം ചൊല്ല് ഓര്മവരുന്നു ഈ അവസരത്തില്‍ അല്‍ കൊഇദ എന്ന തീവ്രവാദ സംഘടനെയെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ പണ്ട് ഈ ബേനസീരിനും പങ്ക് ഉള്ളത് ആരും മറന്നു പോവരുത് പിന്നീട് അമേരിക്കയെ ചുവടു പിടിച്ചു ഈ തീവ്രവാദ സംഘടനെയെ തള്ളി പറയുകയും അതു വഴി അവരുടെ അപ്രീതിക്ക് കാരണമാവുകയും ച്യ്തതാണ് പിന്നീട് ഉണ്ടായ പ്രശങ്ങള്‍ ഒരു പക്ഷെ ഇവര്‍ വീണ്ടും അധികാരത്തില്‍ വന്നീടുമെന്ന ഭയം കൊണ്ടായിരിക്കാം ഇങ്ങനെ ഒരു നീച കൃത്യം ചെയ്യാന്‍ അവരെ പ്രേരിപിച്ചത് അതുമല്ലെങ്ങില്‍ മുഷരഫ് എന്ന തന്ദ്രശാലിയായ പട്ടാളകാരന്റെ കുബുദ്ധിയും ചിലപ്പോള്‍ ഇതിന്റെ പിന്നില്‍ ഉണ്ടാവാം.എങ്ങിലും നമുക്ക് നഷ്ടപെട്ടത്‌ ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെ ആയിരിക്കാം എങ്ങിലും ആഗോള തീവ്രവാദം എന്ന അവസ്ഥക്ക് പിന്നില്‍ പാകിസ്ഥാനെ പോലെ ഒരു രാജ്യം ഒരു പാടു സഹായം ചെയ്യുന്നു അവരെ വളര്‍ത്തുന്നതില്‍ അവര്‍ വഹിച്ച പങ്ക് അവര്‍ക്ക് തന്നേ അവര്‍ക്ക് തന്നേ വിനയകുകയും ചെയ്യുന്ന ദയനീയമായ കാഴ്ചയാണ്‌ ഇവിടെ കാണാന്‍ സാധിക്കുന്നത് തീര്‍ച്ച...ഇത്രയും പെട്ടെന്നു ഒരു ബ്ലോഗ് ഉണ്ടാക്കിയ സുകുമാരെട്ട്നു നന്ദി.

Dinkan-ഡിങ്കന്‍ said...

ISI എന്നത് ഒരു സ്വതന്ത്ര സംഘടന ആയി മാറിയിരിക്കുകയാണ് സുകുമാരേട്ടാ. പട്ടാളത്തിനോ, രാഷ്ട്രീയക്കാര്‍ക്കോ എത്തിപ്പിടിക്കാനാകാത്ത വിധം അവര്‍ വളര്‍ന്നിരിക്കുന്നു. പുറമെ നിന്ന് കാണുന്നവര്‍ക്ക് കാണാനായി പാക്കിസ്ഥാനില്‍ ഒരു വ്യത്യസ്ഥ സാഹര്യം സൃഷ്ടിക്കാനും , എന്നാല്‍ അതിന്റെ മറവില്‍ യഥാര്‍ത്ഥ കരുനീക്കം നടത്താനും വൈദേശിക പ്രേരണയാല്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഇതിന്റെ പുറകില്‍ തീവ്രവാദം തന്നെയാണ് എന്നാല്‍ മത തീവ്രവാദത്തിലും ഉപരിയായി രാഷ്‌ട്രമൌലീകതയാകുന്ന തീവ്രവാദത്തിന് എന്തൊക്കെ ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇത്. ബേനസീര്‍ വളരെ നല്ല ഭരണകര്‍ത്താവായിരുന്നു എന്ന അഭിപ്രായം ഒന്നും ഇല്ല. എങ്കിലും അവസാനകാലത്ത് അവര്‍ കാണിച്ച ആര്‍ജ്ജവം സമ്മതിക്കാതെ വയ്യ. ഭീഷണികളെ വകവെയ്ക്കാതെയാണ് അവന്‍ ഇത്തവണ പാക്കിസ്ഥാനില്‍ എത്തിയത്. വന്ന അന്നുതന്നെ ഉണ്ടായ വധശ്രമം അതു വെറും ഭീഷണികളല്ല ആസൂത്രിതമായ നീക്കം ആണെന്ന് തെളിയിക്കുന്നതും ആണ്. എന്നിട്ടും അവര്‍ സ്വയം ഓടിയൊളിക്കാതെ പ്രസംഗങ്ങളും, റാലികളും നടത്തുക തന്നെ ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് അയവ് വരുത്താനും ജനാധിപത്യം പുനസ്ഥാപിക്കാനും ശ്രമങ്ങള്‍ നടത്തി.

ഒരു ജനാധിപത്യവാദി എന്ന നിലയില്‍ ഇതിനെ അപലപിക്കാതെ വയ്യ.
വിതച്ചതും, വിതയ്ക്കുന്നതും ഒക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാക്കിസ്ഥാന് കൊയ്യാതെ വയ്യല്ലോ.

G.MANU said...

നമുക്ക്‌ ഉറുമ്പുകളോ തേനീച്ചകളോ ആയി ജനിച്ചാല്‍ മതിയായിരുന്നു.. ബോംബുകള്‍ക്കു മുകളില്‍ സംസ്കൃതി പണിയുന്നത്‌ കാണാതിരിക്കാന്‍..

ആദരാഞ്ജലികള്‍......

...sijEEsh... said...

ഇസ്ലാം തീവ്രവാദത്തെ തള്ളിപ്പറയാനും , ഇസ്ലാം മതം തന്നെയും നവീകരണത്തിന് വിധേയമാക്കാനും മുസ്ലിമിങ്ങള്‍ തയ്യാറായാലേ ലോകത്ത് സമാധാനം ഇനി സ്ഥാപിതമാവൂ !
This is the correct answer....

We should take a strong action against this Terrorism.

അപ്പു ആദ്യാക്ഷരി said...

സുകുമാരേട്ടാ, സമയോചിതമായ പോസ്റ്റ്. ഭീകരതയ്കെതിരായ പോരാത്തിന് എല്ലാ മതങ്ങളും, ജനങ്ങളും കൈകോര്‍ത്തെങ്കില്‍ എന്നാശിച്ചു പോകുന്നു.

chithrakaran ചിത്രകാരന്‍ said...

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമികമതതീവ്രവാദം തന്നെയാണ്.
ബേനസീര്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ പുതിയ രക്തസാക്ഷിയും.
വര്‍ഗ്ഗീയതയുടെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്ന രാഷ്ട്രീയശക്തികളെ ശാരീരികമായി തുടച്ചുനീക്കുന്ന ഇവര്‍ ലോകത്തിലെ സര്‍വ്വ മനുഷ്യരുടേയും നന്മക്കെതിരെയാണ് വാളോങ്ങുന്നത്.
ഇസ്ലാമിലൂടെ മാത്രമേ മോചനമുള്ളു എന്നു വിശ്വസിക്കുന്ന വിവരമില്ലാത്ത ഈ ജനത നമ്മുടെ ഭൂമിയെ ജനവാസയോഗ്യമല്ലാത്ത സ്ഥലമാക്കിത്തീര്‍ക്കുമെന്നാണ് തോന്നുന്നത്.
മാനവിക സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ബോധമുള്ള മുസ്ലീം പാരംബര്യമുള്ളവര്‍ തങ്ങളുടെ സഹോദരങ്ങളായ മുസ്ലീങ്ങളെ ബോധവല്‍ക്കരിക്കാനും, വര്‍ഗ്ഗീയവാദികളെ ഭയംകൂടാതെ തള്ളിപ്പറയാനും മുന്നോട്ടു വരേണ്ടതാണ്. അല്ലാത്തപക്ഷം, അവരും തീവ്രവാദാനുകൂലികളായിത്തന്നെ കണക്കാക്കപ്പെടും.

എല്ലാ മതങ്ങളും തിന്മയുടെ ഉപകരണങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിവു നേടീയവര്‍ അതു വിളിച്ചുപറയുകതന്നെവേണം.
മനുഷ്യനെ അടിമകളാക്കി ചൂഷണം ചെയ്യാനുള്ള നശിച്ച വ്യവസ്ഥിതി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

"ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ്"

സുകുമാരന്‍ മാഷേ, താങ്കളുടെ ഈ നിരീക്ഷണത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. ഇത്തരം തീവ്രവാദികള്‍ മതവിരുദ്ധരാണെന്നും ഇത്തരക്കാര്‍ക്ക്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രഖ്യാപിക്കുകയും, തസ്ലീമയ്ക്കും, റുഷ്ദിക്കുമെതിരേ വാളോങ്ങുന്നതിനും മുന്‍പേ ഇത്തരം പിശാചുക്കളാണ്‌ ഇന്ന് ഇസ്ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളെന്ന തിരിച്ചറിവാണ്‌ മതനേതൃത്വത്തിനും അനുയായികള്‍ക്കും ഉണ്ടാകേണ്ടത്‌. കേവലം വിശ്വാസപരമായ ചില വ്യതിയാനങ്ങളുടെ പേരില്‍ അഹമ്മദീയരെ, അനിസ്ലാമായി പ്രഖ്യാപിക്കുന്ന മതനേതൃത്വം ഇത്തരം വിധ്വംസക മതക്കാരുടെ നേരേ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത്‌ വളരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണിന്ന് ലോകത്ത്‌ നിലനില്‍കുന്നത്‌. ഇനിയും പാലിക്കപ്പെടുന്ന മൗനം മറ്റു മതസ്ഥരില്‍ മുസ്ലിംകളെക്കുറിച്ച്‌ സംശയം ജനിപ്പിക്കുന്നെങ്കില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ കൊല്ലുന്നത്‌ ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്നും അത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ഖുര്‍ആനിലുണ്ടായിട്ട്‌ മാത്രം കാര്യമില്ലല്ലോ? അതുപോലെ ആത്മഹത്യയെന്നത്‌ കഠിനമായ പാപങ്ങളില്‍ ഒന്നാണെന്നും അങ്ങനെ ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗ്ഗം കാണുകയില്ലെന്നും വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിലെ പെട്ടവരെന്ന് അവകാശപ്പെടുന്ന ഈ ഷൈത്താന്മാര്‍ ആത്മഹത്യയിലൂടെ നിരവധി നിരപരാധികളെ കൊന്നൊടുക്കി നേടാനുദ്ദേശിക്കുന്നത്‌ ഒരു തരത്തിലും മതപരമല്ലെന്നും പ്രാബോധനം നടത്തുകയാണ്‌ അടിയന്തിരമായി ഈ മുല്ല്ലാക്കാമാര്‍ ചെയ്യേണ്ടത്‌. അല്ലാതെ ഖുര്‍ആന്‍ അനുസരിക്കാതെ ചില പിശാചുക്കള്‍ നിരപരാധികളെ കൊന്നൊടുക്കുപോള്‍ പെരുന്നാളാഘോഷിക്കുകയല്ല വേണ്ടത്‌. ഇന്ന് ബേനസീര്‍, നാളെ? ഒരിക്കല്‍ ഇത്‌ നമ്മുടെ പടികടന്നെത്തുന്നതുവരെ ഇത്‌ പാക്കിസ്ഥാനിലല്ലേ? അല്ലെങ്കില്‍ ഇറാക്കിലല്ലേ എന്ന് ചിന്തിച്ച്‌ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന പൗരോഹിത്യ കടല്‍ക്കിഴവന്മാര്‍ വായില്‍ നാക്കുണ്ടങ്കില്‍ പ്രതികരിക്കുകയാണ്‌ വേണ്ടത്‌. ഇതര മതസ്ഥരായ സഹോദരങ്ങളുടെ സംശയം ഒഴിവാക്കാന്‍ എല്ലാവരുടേയും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഇസ്ലാമെന്നാല്‍ സാഹോദര്യം, സമാധാനമെന്ന് പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ 'മിംബറില്‍' കയറി പ്രസംഗിക്കുകയല്ല വേണ്ടത്‌. ഇനി പ്രവര്‍ത്തിയാണ്‌ ആവശ്യം.

Nachiketh said...

ഒരു പഴയ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാക്കിസ്ഥാന്‍ രാഷ്ടീയത്തിലുള്ള ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ ”പാക്കിസ്ഥാനില്‍ എന്തും ഇപ്പോള്‍ ചെയ്യാം ഒന്നുകില്‍ അതിന്റെ ഉത്തരവാദിത്വം അല്‍ ക്വയദയ്കു നല്‍കാം അല്ലെങ്കില്‍ അമേരിക്കയ്ക് ..........”

ആരു ചെയ്താലും നഷ്ടപ്പെട്ടത് അവരുടെ കുടുംബത്തിനു മാത്രം കാരണം ജനാധിപത്യം ഒരിക്കലും സാധ്യമാവാത്ത പാക്കിസ്ഥാനില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ ഫലം

“ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ് . അമേരിക്കയെയോ ബുഷിനെയോ കുറ്റം പറഞ്ഞാലൊന്നും പരിഹാരമാവുകയില്ല“ തീര്‍ച്ചയാ‍യും യോജിക്കുന്നു

കാവലാന്‍ said...

ബേനസീര്‍ ഭൂട്ടോ തീവ്ര വാദത്തിന്റെ ഇര, അധികാരമോഹത്തിന്റേയും.

പുരോഹിതര്‍, തീവ്രവാദികളും വിശ്വാസികളും നിരപരാധികളും ചിന്തുന്ന ചോരയ്ക്കുപകരം, സ്വര്‍ഗ്ഗവും എണ്ണമറ്റഹൂറികളെയും ചുളുവില്‍ അടിച്ചുമാറ്റാന്‍ കാത്തിരിക്കുന്ന ചെന്നായകള്‍! അവരുണ്ടോ മിണ്‍ടുന്നു.

"പുസ്തകങ്ങള്‍ മനുഷ്യനെ മനുഷ്യപ്പറ്റില്ലാത്തവരാക്കും" എന്നെന്നോടുപറഞ്ഞത് ജയനാണ്.
ബാംഗ്ലൂരില്‍ അരിഷ്ടിച്ചുകഴിഞ്ഞുകൂടുന്നതിനിടക്കൊരു ദിവസം അവന്റെകൂടെ ബ്ലൂ ഫിലിം കാണാന്‍ ചെല്ലാതെ ഞാനേതോ കവിത വായിച്ചിരിക്കുകയായിരുന്നു അപ്പോള്‍.അവന്റെ വാക്കുകളവിടെക്കിടന്നു.അതെനിക്കൊരു തിരിച്ചറിവുതന്നെയായിരുന്നു.പുസ്തകങ്ങള്‍ വെളിച്ചത്തോടൊപ്പം നിഴലുമുണ്ടാക്കുമെന്ന്.

Unknown said...

പ്രിയസുഹൃത്തുക്കളായ വയനാടന്‍ , കണ്ണൂരാന്‍ , സജി , യു.സുരേഷ് , സായ്‌ജിത്ത് , ഡിങ്കന്‍ , ജി.മനു , സിജി , അപ്പു , ചിത്രകാ‍രന്‍ , നചികേതസ്സ് , ഷാനവാസ് , കാവാലന്‍ , എല്ലാവര്‍ക്കും നന്ദി !

ഷാനവാസ് ഇലിപ്പക്കുളം പറഞ്ഞ അഭിപ്രായം മുസ്ലിം മതനേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ് . മസ്ലീം മതത്തോടും അതില്‍ പെട്ട സമുദായാംഗങ്ങളോടും അല്പമെങ്കിലും കൂറും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആ മതത്തെ നവീകരണത്തിന് വിധേയമാക്കാനും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവരെ പ്രേരിപ്പിക്കാന്‍ വേണ്ടി പ്രചാരണം നടത്തുവാന്‍ തയ്യാറാവുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത് . അന്യമതസ്തരുടെയോ , അമേരിക്കയുടെയോ മേലെ വിദ്വേഷവും പകയും ജനിപ്പിച്ചുകൊണ്ട് ഇസ്ലാം നേരിടുന്ന പ്രതിസന്ധി അതിജീവിയ്ക്കുവാന്‍ കഴിയില്ല . ജനാധിപത്യപരമായിത്തന്നെ ഇസ്ലാം ബഹുദൂരം മുന്നേറേണ്ടതുണ്ട് . ലോകാവസാനം വരെ മാറാതെ നിലകൊള്ളേണ്ടതാണ് ഇന്നത്തെ മതസംഹിതകള്‍ എന്ന് ആരും ധരിക്കരുത് . കാരണം ഭാവിയിലെ മനുഷ്യരാശി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . അന്ന് അതിന് പരിഹാരം കാണേണ്ടത് അപ്പോള്‍ ജീവിക്കുന്നവരാണ് . അവര്‍ക്ക് വേണ്ടി പണ്ടേ പരിഹാരങ്ങള്‍ എഴുതിവെച്ചിട്ടുണ്ട് എന്ന് ധരിക്കുന്നത് എത്ര മൌഢ്യമാണ് എന്ന് ഇന്നുള്ളവര്‍ മനസ്സിലാക്കണം . ലോകത്തില്‍ സമാധാനപൂര്‍വ്വമായി ജീവിയ്ക്കാനുള്ള അവകാശം ഓരോ മനുഷ്യനും ജന്മസിദ്ധമാണ് എന്ന് ഓരോരുത്തരും അംഗീകരിക്കണം . ആ അവകാശം ഹനിക്കുന്ന ഒന്നും തങ്ങള്‍ ചെയ്യുകയില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം . അല്ലെങ്കില്‍ പിന്നെ എന്താണിതിനൊക്കെ അര്‍ത്ഥം ?

പ്രിയ ഷാനവാസ് , ഇവിടെയിങ്ങിനെ ഒരു കമന്റ് എഴുതിയിട്ട് അനങ്ങാതിരിക്കരുത് എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു . തുടര്‍ന്നും ഈ അഭിപ്രായം എല്ലാവരോടും പറയുക . നാം ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ഒരു ഉദ്ധേശ്യമുണ്ടാവണം . അത് മനുഷ്യന്റെ ഗുണത്തിനും നന്മക്കുമായി വരേണം . നമുക്ക് ഉപ്പും ചോറും തരുന്ന സമൂഹത്തോട് അത്രയും കടപ്പാട് നമുക്കുണ്ട് . നമ്മുടെ വാക്കുകള്‍ക്ക് തീര്‍ച്ചയായും ഫലം ഉണ്ടാവും . ഇന്ന് ഒരു ഷാനവാസ് , നാളെ അത് വേറെയൊരു ഷാനവാസ് ഏറ്റ് പിടിക്കും . അങ്ങിനെയേ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവൂ . മാറ്റങ്ങള്‍ എല്ലായ്പ്പോഴും ഇങ്ങിനെ ഒറ്റപ്പെട്ട വ്യക്തികളില്‍ നിന്ന് തന്നെയാണ് തുടങ്ങിയിട്ടുള്ളത് .

ഞങ്ങള്‍ ചില ആളുകള്‍ മതത്തിനെതിരാണ് . അത് പക്ഷെ മതത്തോടോ മറ്റാരോടെങ്കിലുമോ വെറുപ്പോ പകയോ ഉള്ളത് കൊണ്ടല്ല . ഞങ്ങള്‍ മനുഷ്യനെ സമഗ്രമായി കാണുന്നു . മനുഷ്യനില്‍ ഒരു വ്യത്യാസവും ഞങ്ങള്‍ക്ക് കാണാനാവുന്നില്ല . ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനേയും മനുഷ്യവര്‍ഗ്ഗം എന്ന ഒരു കുടുംബത്തിലെ നവാഗതനായിക്കാണനേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ . അങ്ങിനെ ജനിയ്ക്കുന്ന ഓരോ കുഞ്ഞിനും വളരാനും ജീവിയ്ക്കാനും ആവശ്യമായ വിഭവങ്ങള്‍ ഇവിടെയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു . ഓരോ കുഞ്ഞിനും നിരുപാധികമായ സ്നേഹവും പരിഗണനയും അവസരങ്ങളും കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു . മനുഷ്യരെ വിഭജിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും മനുഷ്യന് എതിരാണ് എന്ന് ഞങ്ങള്‍ കരുതുന്നു . മനുഷ്യനാണ് എല്ലാറ്റിനും മേലെ എന്ന് ഞങ്ങള്‍ കരുതുന്നു . ഒരാളും മറ്റാരെക്കാളും മേലെയല്ല എന്നും മനുഷ്യര്‍ സമന്മാരാണ് എന്നും ഞങ്ങള്‍ കരുതുന്നു . അതൊക്കെക്കൊണ്ടാണ് ഞങ്ങള്‍ മതങ്ങള്‍ക്കെതിരാവുന്നത് . അത് പക്ഷെ ആരും മനസ്സിലാക്കുന്നില്ല . ഒരു മനുഷ്യനെയും ഞങ്ങള്‍ക്ക് വെറുക്കാന്‍ കഴിയുന്നില്ല . ഇത് പക്ഷെ ഒരു കാല്പനികമായ ഒരു സങ്കല്‍പ്പമായി തോന്നിയെക്കാം . പക്ഷെ എന്ത് ചെയ്യട്ടെ , ആരെയെങ്കിലും ശത്രുക്കളായിക്കണ്ട് ആരുടെയെങ്കിലും പാളയത്തില്‍ സ്വയം തളച്ചിടാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല . അതിന്റെ ആവശ്യമെന്ത് ? മനുഷ്യന്‍ ജനിക്കുന്നു , ജീവിയ്ക്കുന്നു , മരിക്കുന്നു ! ഇവിടെ ആരാണ് വലിയവന്‍ , ആരാണ് തെറ്റുകാരന്‍ , ആരാണ് വെറുക്കപ്പെടേണ്ടവന്‍ ? ഇവിടെ ആരും സ്ഥിരമായി തങ്ങാന്‍ പോകുന്നില്ലല്ലോ ? ഇവിടെ ആര്‍ക്കും സ്വന്തമായി ഒന്നുമില്ലല്ലോ ? ജീവിയ്ക്കുന്നത് വരെ ഉള്ളത് അനുഭവിക്കാമെന്നല്ലെയുള്ളൂ . സ്വന്തമെന്ന് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഒരു വിശ്വാസം മാത്രമാണ് . അത് കൊണ്ടാണ് എല്ലാവര്‍ക്കും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന എല്ലാ വിഭജങ്ങനങ്ങളും വിഭാഗീയതകളും എതിര്‍ക്കപ്പെടണം എന്ന് ഞങ്ങള്‍ കരുതുന്നത് . എന്നാല്‍ ഇത് അടിയന്തിരമായി നേടവുന്ന ഒരു സാമൂഹ്യ സംവിധാനമല്ല . അത് കൊണ്ടാണ് തല്‍ക്കാലം മതങ്ങള്‍ നവീകരിക്കപ്പെടട്ടേ എന്ന് പറയുന്നത് . അതിനിനി അമാന്തിച്ചു കൂട . കാരണം ഇന്ന് നമുക്കിവിടെ ജീവിക്കണമല്ലോ . നാളെ എന്ത് വേണമെന്ന് നാളെ ജീവിക്കുന്നവര്‍ തീരുമാനിക്കട്ടെ !

കുറുമാന്‍ said...

സുകുമാരേട്ടനും, കുടുംബത്തിനും, ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു

താരാപഥം said...

പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.

Unknown said...

നന്ദി കുറുമാന്‍, താരാപഥം ...