തസ്ലീമ നസ്രീനെ എന്ത് കൊണ്ട് വീട്ടുതടങ്കലില്‍ ആക്കുന്നു ?

തസ്ലിമ നസ്രീനെ സംബന്ധിച്ച് ഒരു പത്ര റിപ്പോര്‍ട്ട് താഴെ ചേര്‍ക്കുന്നു . ഇപ്പോള്‍ തസ്ലീമ ഫലത്തില്‍ ഡല്‍‌ഹിയില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് . എന്ത് കൊണ്ട് തസ്ലീമയ്ക്ക് ഈ പരിഷ്കൃത യുഗത്തില്‍ ഈ ദുര്‍ഗ്ഗതി വന്നു ? അവര്‍ ചെയ്ത തെറ്റ് എന്താണ് ? തന്റെ എഴുത്തിലൂടെ ആരുടെയെങ്കിലും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നതാണോ ?

അങ്ങിനെയെങ്കില്‍ വ്രണപ്പെടുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടണം . കാരണം ഒരു വിശ്വാസം മറ്റുള്ള എല്ലാ വിശ്വാസങ്ങളേയും വ്രണപ്പെടുത്തുന്നുണ്ടല്ലോ ! എന്തായാലും തസ്ലിമ നസ്രീനെ ഈ വിധം തളച്ചിടാനും പകിട കളിക്കാനും ശ്രമിക്കുന്ന കേന്ദ്ര - ബംഗാള്‍ ഗവണ്മെന്റുകള്‍ നമ്മുടെ മതേതര പാരമ്പര്യങ്ങള്‍ക്ക് തീരാക്കളങ്കമാണ് വരുത്തിവെക്കുന്നത് എന്നതില്‍ സംശയമില്ല .

റിപ്പോര്‍ട്ട് തുടരുന്നു :

കൊല്‍ക്കത്തയുടെ അന്തരീക്ഷത്തെ സ്നേഹിക്കുന്ന, ബംഗാളി തന്‍റെ മാതൃഭാഷയായി അംഗീകരിച്ച തസ്ലീമാ നസ്രീന് പക്ഷെ കൊല്‍ക്കത്തയിലേക്കു മടങ്ങാനാവില്ല. പശ്ചിമബംഗാള്‍ സര്‍ക്കാരല്ല കേന്ദ്രമാണ് ഇത്തവണ തസ്ലീമക്ക് വിലങ്ങുതീര്‍ക്കുന്നത്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ത്ത് സുരക്ഷിത വലയത്തില്‍ കഴിയാം എന്നു നിശ്ചയിച്ചാലും അവര്‍ക്ക് ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെടാനാവില്ല. ഫലത്തില്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയെത്തിയ തസ്ലീമാ നസ്രീന്‍ എന്ന ബംഗ്ലാദേശി എഴുത്തുകാരി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തടങ്കലിലായി.

ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി തസ്ലീമ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്രത്തിന്‍റെ തീരുമാനപ്രകാരമാണ് തനിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. മുസ്ലീം സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ അവര്‍ തന്‍റെ നോവലിലെ വിവാദമായ എതാനും പേജുകള്‍ നീ‍ക്കിയിരുന്നു.
സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുമെന്ന് അവര്‍ പറയുന്നു. കൊല്‍ക്കത്തയിലേക്കു മടങ്ങാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യ വിടുമെന്നും അവര്‍ പറഞ്ഞു. തത്വത്തില്‍ സര്‍ക്കാരിന്‍റെ വീട്ടുതടങ്കലിലാണ് തസ്ലീമ.

തസ്ലീമ നസ്രീന്റെ വെബ്‌സൈറ്റ് ഇവിടെ സന്ദര്‍ശിക്കുക !

11 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

എന്ത് കൊണ്ട് തസ്ലീമയ്ക്ക് ഈ പരിഷ്കൃത യുഗത്തില്‍ ഈ ദുര്‍ഗ്ഗതി വന്നു ? അവര്‍ ചെയ്ത തെറ്റ് എന്താണ് ? തന്റെ എഴുത്തിലൂടെ ആരുടെയെങ്കിലും വിശ്വാസങ്ങളെ വൃണപ്പെടുത്തിയെന്നതാണോ ? അങ്ങിനെയെങ്കില്‍ വൃണപ്പെടുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടണം !

G.manu said...

enthu cheyyam maashey..
matham maravippichu maNNine

കണ്ണൂരാന്‍ - KANNURAN said...

വൃണപ്പെടുത്തലല്ലല്ലോ വ്രണപ്പെടുത്തലല്ലേ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയാണ് കണ്ണൂരാന്‍ , പിശക് പോസ്റ്റില്‍ തിരുത്തി ... ചൂണ്ടിക്കാട്ടിയതിന് നന്ദി ..

പക്ഷെ മനൂ, മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ .. വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ഗൌരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് . അവര്‍ക്ക് അധികാരത്തിന്റെ പ്രശ്നം , നമുക്ക് ഭാവിതലമുറയുടെ പ്രശ്നം !

പാര്‍വണം.. said...

ലജ്ജ, അമര്‍ മെയേബേലാ, ഉതല്‍ ഹവാ, ദ്വിഖന്ദിതോ...
ഇതില്‍ എതാണു വ്രണപ്പെടുത്തുന്നതെന്നു മനസ്സിലാകുന്നില്ല....

"ആത്മകഥയുടെ പേരില്‍ ഒരു സാങ്കല്‍പ്പിക വര്‍ണ്ണനയല്ല ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ ജീവിതത്തെക്കുറിച്ചുള്ള സത്യമായ വിവരണമാണത്. സൌന്ദര്യത്തെപ്പോലെ വൈരൂപ്യത്തെ വിമുഖത കൂടാതെ വിവരിക്കുന്നു. എനിക്കു സ്വന്തം ഭൂതകാലം മാറ്റാന്‍ കഴിയില്ല.
വൈരൂപ്യവും സൌന്ദര്യവും ഒരു പോലെ സ്വീകരിക്കണം. ഞാന്‍ നുണ പറയില്ല. അതു സഭവിച്ചില്ല എന്നു പറയില്ല."

(കച്ചവട തന്ത്രമാണൊ?.. എല്ലാ സത്യങ്ങളും വിളിച്ചുപറയാമൊ?)

രണ്ടു കയ്യുകൊണ്ടും പൊത്തിപ്പിടിച്ചു കാത്തു സൂക്ഷിക്കേണ്ട ഇത്തിരി തീനാളമാണു വിശ്വസം എങ്കില്‍...പെട്ടന്നു വ്രണമാകുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടണം...
ചികിത്സിച്ചിട്ടും മാറുന്നില്ലെങ്കില്‍, വ്രണപ്പെട്ട ഭാഗം മുറിചു കളയണം
മനസ്സിലെങ്കിലും!

കാവലാന്‍ said...

"വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് "
പ്രശസ്തിക്കുംപണത്തിനുംവേണ്ടികച്ചവടക്കാരനും,പുരോഹിതനും,കലാ,സാഹിത്യ,സാംസ്കാരികപ്രബുദ്ധരെന്നവകാശപ്പെടുന്നവരും നയിക്കുന്നേടത്തേയ്ക്കു തന്നെ.

നചികേതസ്സ് said...

തസ്ലീമയുടെ ലജ്ജ 10 വര്‍ഷം മുമ്പ് വായിച്ചപ്പോള്‍, അവര്‍ അന്നു നേരിട്ട ദുരവസ്ഥകള്‍ കണ്ടപ്പോള്‍ ഒരു എഴുത്തുകാരിയുടെ ആവിഷ്കാരസ്വാന്ത്ര്യത്തെ കുറിച്ച് വല്ലാതെ വിഷമിച്ചിരുന്നു.ഇന്നു ലോകം മുഴുവനും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വീണ്ടും അത്തരം കൃതികള്‍ മാത്രം രചികുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് എന്താണ് ? ശ്രദിക്കപ്പെടാനുള്ളാ അടവോ അതോ....?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പാര്‍വണത്തോട് :
സത്യങ്ങള്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവം അപൂര്‍വ്വം ആളുകള്‍ക്കേയുള്ളൂ . നമുക്കവരെ ആദരിക്കാനെങ്കിലും കഴിയേണ്ടതാണ് . സത്യം നിലനില്‍ക്കുന്നവരെയേ ഭൂമിയില്‍ മനുഷ്യന് ജീവിക്കാന്‍ കഴിയൂ !

“പെട്ടന്നു വ്രണമാകുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടണം...
ചികിത്സിച്ചിട്ടും മാറുന്നില്ലെങ്കില്‍, വ്രണപ്പെട്ട ഭാഗം മുറിച്ചു കളയണം
മനസ്സിലെങ്കിലും!"


ഈ വ്രണമാണ് ഇന്ന് അര്‍ബ്ബുദമായി വളര്‍ന്ന് തീവ്രവാദമായി മാനവസംസ്കൃതിയെ വെല്ലുവിളിക്കുന്നത് . എന്നിട്ടും മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞ് തസ്ലിമയെ വേട്ടയാടുന്ന മൌലികവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടത്തെ മതേതരത്വത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് പറയുന്നവര്‍ .
കാവാലനോട് : എന്നെങ്കിലും ജനം തിരിച്ചറിയുമെന്ന് പ്രത്യാശിക്കാനല്ലേ നമുക്ക് കഴിയൂ...

നചികേതസ്സിനോട് : ഇപ്പോഴൊക്കെ ഞാന്‍ വായന കുറവാണ് . തസ്ലീമയുടെ കൃതികള്‍ ഒന്നും വായിച്ചിട്ടില്ല . എന്നാല്‍ അവരുടെ എഴുത്തുകള്‍ ഇസ്ലാമിക തീവ്രവാദത്തെ പ്രകോപിപ്പിക്കുന്നുണ്ടങ്കില്‍ അത് അവരുടെ തെറ്റല്ലല്ലോ . അടിസ്ഥാനപരമായി തീവ്രവാദമല്ലെ തെറ്റ് . തീവ്രവാദികളല്ലേ സമാധാനകാംക്ഷികളെ പ്രകോപിപ്പിക്കുന്നത് . എന്നിട്ടും സമാധാനകാംക്ഷികള്‍ ആയുധം കൈയിലെടുക്കാതെ സമാധാനം പാലിക്കുന്നുണ്ടല്ലോ . തന്റെ അനുഭവങ്ങള്‍ സത്യസന്ധമായി പ്രകാശിപ്പിക്കുകയല്ലേ അവര്‍ ചെയ്യുന്നുള്ളൂ . വിശ്വാസികള്‍ക്ക് വിശ്വാസം മാത്രം പോര , എതിര്‍വിശ്വാസങ്ങള്‍ സഹിക്കാനുള്ള ഹൃദയവിശാലത കൂടി വേണം . എന്നെങ്കിലേ നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഒരു ലോകത്ത് എല്ലവര്‍ക്കും സഹവര്‍ത്തിക്കാനും സഹവസിക്കാനും കഴിയൂ . സ്വന്തം അനുഭവങ്ങള്‍ തസ്ലീമ വളച്ചു കെട്ടില്ലാതെ ആസ്വാദകസമക്ഷം അവതരിപ്പിക്കുമ്പോള്‍ നമ്മളെന്തിന് അവരുടെ ഉദ്ധേശശുദ്ധിയെ സംശയിക്കണം ?

ചിത്രകാരന്‍chithrakaran said...

വിശ്വാസം വര്‍ഗ്ഗീയ പുണ്ണുപരത്തി വര്‍ഗ്ഗത്തിന്റെ വ്യാപ്തിയും ശക്തിയും വികസിപ്പിക്കുംബോള്‍ അതിനെതിരെ ഉണര്‍ന്നെണീക്കാന്‍ ബാധ്യതപ്പെട്ട സമൂഹമനസ്സാക്ഷിയുണ്ടാകേണ്ടതാണ് അതില്ലാതാകുംബോളോ,ദുര്‍ബലമാകുംബോളോ,
രാജ്യങ്ങളും,സംസ്കാരവും ശിഥിലമാകുന്നു.
ജന മനസാക്ഷിയേക്കാള്‍ പ്രധാനപ്പെട്ടതാണ് വര്‍ഗ്ഗീയതയാല്‍ വ്രണിതമായ മനസ്സുമായി പിടയുന്ന രക്തസാക്ഷികളുടെ ചോരമണമുള്ള വാക്കുകള്‍.
തസ്ലീമയും,റുഷ്ദിയും,ഹുസൈനും,സംരക്ഷിക്കപ്പെടാത്ത സമൂഹം തിന്മയുടെ ഭരണത്തിലാണ്.അവിടെ നന്മ ഉറക്കത്തിലാണ്.
സര്‍ക്കാരും,രാഷ്ട്രീയ പാര്‍ട്ടികളും ഉറങ്ങുന്ന നന്മയുടെ വ്യഭിചാരക്കൂലി നിശ്ചയിക്കുന്നതില്‍ വര്‍ഗ്ഗീയതയുമായി വിലപേശിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ നാടു നശിക്കണമോ, വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാനാകാതെ വരും‌മ്പോള്‍ നന്മ ഉറങ്ങുകയല്ലാതെ എന്തുചെയ്യാന്‍ !!

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ചിത്രകാരന്‍ , ശക്തമായ വാക്കുകള്‍ !! തസ്ലീമയും ഹുസൈനും റുഷ്‌ദിയും വേട്ടയാടപ്പെടുമ്പോള്‍ ഇവിടെ മതേതരവാദികള്‍ എന്നവകാശപ്പെടുന്നവര്‍ വോട്ടിന് വേണ്ടി വര്‍ഗ്ഗീയതയുമായി സന്ധി ചെയ്യുന്നത് അടുത്ത തലമുറയോട് ചെയ്യുന്ന പാതകമാണ് .

റഫീക്ക് കിഴാറ്റൂര്‍ said...

@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
############ നേരുന്നു ################