അപ്പുവിന് ഒരു മറുപടി !

പ്രിയപ്പെട്ട അപ്പു ,
നമ്മുടെ നാട്ടില്‍ ധാരാളം പാര്‍ട്ടികളും സംഘടനകളും ഉണ്ട് , അത്രതന്നെ പ്രശ്നങ്ങളും ഉണ്ട് . എല്ലാ പാര്‍ട്ടികളും സംഘടനകളും അവരവരുടെ നിലനില്‍പ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതും ! അത് കൊണ്ട് അതാത് സംഘടനകളുടെ നേതാക്കള്‍ മോശമല്ലാത്ത രീതിയില്‍ കഴിഞ്ഞു പോകുന്നു. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നില്ല . നികുതിദായകരായ പൌരജനങ്ങളാണ് ഈ നേതാക്കളെയും ഉദ്യോഗസ്ഥ പ്രഭൃതികളെയും എല്ലാം തീറ്റിപ്പോറ്റുന്നത്. ജനങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത് പ്രസംഗങ്ങളും , പ്രസ്ഥാവനകളും , വാഗ്ദാനങ്ങളും മാത്രം . ഇന്നും ഒരു സര്‍ക്കരാപ്പീസില്‍ സാധാരണ പൌരന്‍ പോയാല്‍ ഒരു കാര്യവും സാധിച്ചു കിട്ടില്ല . പോലീസ് സ്റ്റേഷനില്‍ അടുക്കാന്‍ കഴിയില്ല . ഒരു പരാതി പിവലിക്കാന്‍ പോലും കൈക്കൂലി കൊടുക്കണം . ജീവിതം അസാധ്യമാക്കുന്ന ആചാരങ്ങളാണ് പെരുകി വരുന്നത് . സ്ത്രീധനം നിമിത്തം പെണ്‍‌മക്കളെ കെട്ടിച്ചയച്ച് കിടപ്പാടം വിറ്റ് നിരാലംബരായ രക്ഷിതാക്കള്‍ എത്രയോ ... സര്‍ക്കാറാശുപത്രികളിലെ മരുന്നുകളെല്ലാം പുറത്ത് മറിച്ചു വില്‍ക്കുകയാണ് . ഒരു പാരാസിറ്റാമോള്‍ ഗുളിക പോലും ആര്‍ക്കും സൌജന്യമായി അവിടെ നിന്ന് കിട്ടുന്നില്ല .

ചുരുക്കത്തില്‍ സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുന്നു . നേതാക്കള്‍ സാധാരണക്കാര്‍ക്ക് ഒരു ബന്ധവുമില്ലാത കാര്യങ്ങളാണ് അവരോട് പ്രസംഗിക്കുന്നത് .. ആഗോളവല്‍ക്കരണം , സാമ്രാജ്യത്വം , അധിനിവേശം ഇത്യാദി .. ഇതൊക്കെ കേട്ട് വായും പൊളിച്ച് അവര്‍ ഇരുന്നു കൊടുക്കും , അത് വേറൊരു കാര്യം . പിന്നെ ജനങ്ങളുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും കുറെ മാറ്റങ്ങള്‍ വരാനുണ്ട് . കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന് അറിയാവുന്ന രക്ഷിതാക്കള്‍ വിരളം .. മുക്കിന് മുക്കിന് ജ്യോത്സ്യന്മാരുണ്ട് . ശരിക്ക് പറഞ്ഞാല്‍ നമുക്ക് ഫേമിലി കൌണ്‍‌സിലര്‍മാര്‍ ആയിരുന്നു വേണ്ടിയിരുന്നത് .. പിന്നെ കുറെ ആത്മീയക്കാരുണ്ട് , അവര്‍ക്ക് പിന്നെ സാമൂഹ്യകാര്യങ്ങളോ ,രാഷ്ട്രീയകാര്യങ്ങളോ പഥ്യമല്ലല്ലോ . അവനവന്റെ ഉള്ളില്‍ ഇറങ്ങി പരബ്രഹ്മത്തെ കണ്ട് സായൂജ്യമടയാനാണ് ഒര്‍ജിനലും വ്യാജനുമായ എല്ലാ ആത്മീയക്കാരും ഉല്‍ബോധിപ്പിക്കുന്നത് .

അപ്പോള്‍ പൊതുജനങ്ങളുടെ , പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ഒരു പൊതുവേദിയില്ല . അത് കൊണ്ടാണ് ഒരു ജനാധിപത്യ സാംസ്ക്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത് . ശരിക്ക് പറഞ്ഞാല്‍ സുകുമാര്‍ അഴീക്കോടോ അത് പോലെയുള്ള നായകന്മാര്‍ക്കാണ് ഇത്തരം നിര്‍ദ്ധേശങ്ങള്‍ വെക്കാനുള്ള അവകാശം . ഈ മുന്നണിയില്‍ എല്ലാവരും പങ്കെടുക്കട്ടെ . പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ . സ്ത്രീധനം , വിവാഹാര്‍ഭാടങ്ങള്‍ , ജാതി ചിന്ത , കൈക്കൂലി , മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ബോധവല്‍ക്കരണം നടത്തട്ടെ . അങ്ങിനെയും കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാമല്ലോ . ജനങ്ങളുടെ ഉപ്പും ചോറും തിന്നിട്ട് ദന്തഗോപുരങ്ങളിലിരുന്ന് പ്രസ്താവനകളും ഉല്‍ഘാടനങ്ങളും നടത്തുന്നതിനിടയില്‍ വല്ലപ്പോഴും ഇങ്ങിനെ വെയില്‍ കൊണ്ട് ഉപകാരപ്രദമായ നല്ല കാര്യങ്ങളും നാക്ക് കൊണ്ട് പറയാമല്ലോ .

ഇന്ന് നാലാള്‍ കൂടണമെങ്കില്‍ തരക്കേടില്ലാത്ത ഒരു നേതാവോ നായകനോ വേണമല്ലോ .. ഇനി അഥവാ ഇങ്ങിനെ ഒന്നും നടന്നില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല അപ്പൂ .. ഞാന്‍ പറഞ്ഞു വെക്കുന്നു എന്ന് മാത്രം . ആരെങ്കിലും നാലു പേരുണ്ടെങ്കില്‍ എനിക്ക് കഴിയുന്നത് ചെയ്യുന്നതിന് ഞാനും തയ്യാറാണ് . അതല്ലാതെ ഉരിയാടിയില്ലേ എന്നാല്‍ പോയി പ്ലാവില എടുത്ത് വാ എന്ന് പറയുകയാണെങ്കില്‍ എനിക്ക് ഒരു നിര്‍ബ്ബന്ധവുമില്ല .

അപ്പുവിന്റെ നാട്ടില്‍ കുടുംബശ്രീ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാന്‍ സന്തോഷമുണ്ട് . ഞങ്ങളുടെ നാട്ടില്‍ അതിലും രാഷ്ട്രീയമാണ് . നേതാക്കള്‍ക്ക് അധികാരവും പണവും ബക്കറ്റ് പിരിവെടുത്ത് നല്‍കി അവരെ തടിപ്പിച്ച് കൊഴുപ്പിച്ച് സായൂജ്യം അടയുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് കുടുംബങ്ങള്‍ ! ശ്രീയെല്ലാം നേതാക്കള്‍ക്ക് , ഞങ്ങള്‍ക്ക് കള്ളും വിദേശനും പിന്നെ ലോട്ടറിടിക്കറ്റും പോരേ .......

7 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

( കമന്റ് എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് : അഭിപ്രായങ്ങള്‍ എന്തായാലും സ്വാഗതം ചെയ്യുന്നു .
എന്നാല്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കമന്റിലൂടെ മറുപടി നല്‍കുന്നതല്ല എന്ന് അറിയിക്കുന്നു
അഥവാ കമന്റിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല ,കമന്റുകള്‍ക്ക് വേണ്ടി അല്ല ഞാന്‍ ബ്ലോഗുന്നത് .)

chithrakaran ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

സുകുമാരേട്ടാ,
“ജനാധിപത്യ സാംസ്കാരിക മുന്നണി” എന്ന ആശയം ഒരു മൂവ്മെന്റായും,എന്നാല്‍ ഒരു സംഘടനയല്ലാതേയും ബഹുജനങ്ങളുടെ കലാ-സാഹിത്യ -സാംസ്കാരിക സംഭാവനകളിലൂടെ യാഥാര്‍ത്ഥ്യമാക്കാം എന്നു തന്നെ ചിത്രകാരന്‍ വിശ്വസിക്കുന്നു.
എന്നാല്‍ , അതിനുമുന്‍പ് ഇപ്പോഴത്തെ വര്‍ത്തമാന സാഹചര്യത്തെ നിശിതമായി പഠിക്കുകയും, അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കുകയും,ക്രിയാത്മക പരിഹാരങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അല്ലാത്തപക്ഷം... നൂറുകൂട്ടം സംഘടനകളില്‍ ഒന്നുമാത്രമായി തീര്‍ന്നേക്കാം.

അതിനാല്‍ , ജനാധിപത്യ സാംസ്കാരിക മുന്നണിയുടെ പ്രാധമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ യോഗ്യരായ മനുഷ്യസ്നേഹികളെ കണ്ടെത്തുന്നതിനായി ബൂലോകത്ത് ആശയ വിസ്ഫോടനങ്ങള്‍ നടത്തി ബഹുജന ശ്രദ്ധ ആകര്‍ഷിക്കേണ്ടിയിരിക്കുന്നു.
(ചെറിയ ക്യാപ്സ് പൊട്ടിച്ചാലും മതി . ബൂലൊകത്തിന്റെ വിസ്ത്രിതിവച്ചു നോക്കുംബോള്‍ അതു തന്നെ വിസ്ഫോടനമായി അനുഭവപ്പെട്ടുകൊള്ളും!!!)

മലയാളിയുടെ സാംസ്കാരിക പ്രവര്‍ത്തങ്ങളുടെ സ്വതന്ത്രമായ നോട്ടീസ് ബോര്‍ഡ് ബൂലോകത്ത് സ്ഥാപിക്കുക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനായി ഒരു പുതിയ ബ്ലൊഗ് തുടങ്ങണം. ബ്ലൊഗ് മാത്രം പോര മറുമൊഴിപോലെ ഒരു കമന്റ് അഗ്രഗേറ്ററും ഉചിതമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം പെട്ടെന്ന് കണ്ടെത്താനും, സമയം ലാഭിക്കാനും കമന്റ് അഗ്രഗേറ്റര്‍ ഉപകാരപ്പെടുമെന്ന് തോന്നുന്നു.

പക്ഷേ .., ഈ വിഷയത്തില്‍ വളരെ സ്വതന്ത്ര മനസ്സുള്ളതും, ഈഗോയുടെ അസ്ക്യതയില്ലാത്തതുമായ ഒരു സാങ്കേതിക വിദഗ്ദന്റെ സേവനം ആവശ്യമായിരിക്കുന്നു.

ബാക്കി പിന്നെ എഴുതാം. മറ്റുള്ളവരു അഭിപ്രായം പറയട്ടെ.

Marichan said...

ഇതെന്താ സുകുമാരേട്ടാ അവസാനം ഒരു ഭീഷണി.

പൊതുജനത്തെ ബ്ലോഗു വഴിയെങ്ങനെ സഹായിക്കാം എന്ന ആലോചന പലയിടത്തും നടക്കുന്നുണ്ടെങ്കിലും അതിനൊന്നും മൂര്‍ത്തമായ ഒരു രൂപം ഇതുവരെ ആയിട്ടില്ല. ഒരു മാധ്യമമെന്ന നിലയില്‍ ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗിക്കുകയാവും ഉത്തമമെന്നാണ് എനിക്കു തോന്നുന്നത്.

നിയമപരമായ അറിവുകള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമുളള നടപടിക്രമങ്ങള്‍, മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ പ്രതികരിക്കേണ്ടതെവിടെ എങ്ങനെ എന്നതിനെക്കുറിച്ചുളള വിവരങ്ങള്‍, ഇങ്ങനെ ഒരു സാധാരണ മനുഷ്യന്‍ അവന്റെ ദൈനംദിന ജീവിതത്തില്‍ നേരിടുളള പല പ്രശ്നങ്ങളിലും അവനെ സഹായിക്കാന്‍ അറിവും കഴിവുമുളളവര്‍ക്ക് ഒത്തു കൂടാവുന്ന ഇടമാണ് ബ്ലോഗുകള്‍. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സാധ്യതകളും മലയാള ബ്ലോഗുകള്‍ ഇതുവരെ പരീക്ഷിച്ചു തുടങ്ങിയിട്ടില്ല.

അത്തരം കൂട്ടായ്മകള്‍ ആണ് വേണ്ടുന്നത് എന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍ സമാനചിന്താഗതിയുളള കുറച്ചുപേര്‍ ഒന്നിച്ചിരുന്ന് കൂടിയാലോചിക്കേണ്ട വിഷയമാണിത്.

പക്ഷേ, ബ്ലോഗേഴ്സ് മീറ്റുകള്‍ക്കു പിന്നിലുളള രാഷ്ട്രീയം ബ്ലോഗുകളില്‍ കൂടി തന്നെ അറിയുമ്പോള്‍ അതൊക്കെ എത്രത്തോളം പ്രാവര്‍ത്തികമാക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഏതായാലും സുകുമാരേട്ടന്റെ ഈ വിധമുളള ഇടപെടലുകള്‍ തുടരുക. എവിടെയെങ്കിലും വെച്ച് അതിനൊരു രൂപവും ഘടനയുമുണ്ടാവുമെന്നുറപ്പ്.

അപ്പു said...

സുകുമാരേട്ടാ, ചിത്രകാരന്‍ പറഞ്ഞതുപോലെ ഒരു നാള്‍ ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാം എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. അതിനായി ബ്ലോഗിലൂടെ ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവും.

മാവേലി കേരളം said...

സുകുമാരന്‍ മഷേ
നല്ല അശയങ്ങളാണ് മാഷേ. എല്ലാത്തിനും പിന്തുണയുണ്ട്.

നമ്മുടെ കേരളത്തിന്റെ അധോന്മുഖവും, വിവേചന, യുക്തിയില്ലായ്മയും, പ്രതികരണശേഷിയില്ലായ്മയും വിവിധ സാംഘടനകള്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിയ്കുന്നതു എന്നുമുള്ളതു മാഷു ശക്തമായി വര‍ച്ചുകാട്ടുന്നു.

അപ്പോള്‍ അങ്ങനെയുള്ള ഒരു ജനതയാകുമ്പോള്‍, സ്വാഭാവികമായും അവരുടെ പ്രതികരണങ്ങള്‍ കുറ്റമറ്റതായിരിയ്ക്കില്ല്.

ശരിയാണ് മാഷ്ക്ക് കമന്റു ഡിലീറ്റ് ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷെ അനുകൂലിയ്ക്കുന്നവര്‍ക്കു മാത്രമായി ഒരു നവോധാനം എങ്ങനെയുണ്ടാകും. നമ്മളെപ്പോലെ ചിന്തിയ്ക്കന്‍ കഴിയാത്തവരില്‍ മാറ്റ്മുണ്ടാക്കുക് അതാണ് നവോധാനത്തിന്റെ പ്രാധമികം. എന്നോടു ചേരുന്നവന്‍ മാത്രം എന്റെ കൂടെ വാ,എന്നു പറഞ്ഞാല്‍ അതൊരു പാര്‍ട്ടി ലൈനല്ലേ?

എന്റേതും ഒരു സംശയമാണ്. മറുപടിയ്ക്കായി പ്രതീക്ഷിയ്ക്കുന്നു.ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി തരുന്നതല്ല എന്നു പറഞ്ഞു എങ്കിലും.

പിന്നെ ചിത്രകാരനും മാരീചനും നന്നായി പറഞ്ഞിരിയ്കൂന്നു എല്ലാം.പറഞ്ഞതിനോടെല്ലാം യോജിയ്കുന്നു. ചിത്രകാരന്റെ വിസ്പോടനം എന്തായിരിയ്ക്കും എന്നൊരു ചിന്ത ഇല്ലാതില്ല.

പ്രാക്റ്റിക്കല്‍ ആയി ഒരു പ്രശ്നം കൈകാര്യം ചെയ്യുക ആദ്യം. കൂടുതലായി ഈ ആശയമുള്ളവര്‍ക്ക് ആശയകൈമാറ്റത്തിനായി എന്റെ ഇ-മെയില്‍ അഡ്രസ് ഉപയോഗിയ്ക്കാം

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ചിത്രകാരന്‍,മാരീചന്‍ , അപ്പു, മാവേലികേരളം എന്നിവരോട് ;
എന്റെ ഭീഷണി വകവെയ്ക്കാതെ കമന്റ് എഴുതാനുള്ള ധൈര്യം നിങ്ങള്‍ കാണിച്ചത് എന്നോടുള്ള ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ടും,ഞാന്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളോടുള്ള യോജിപ്പും എന്തെങ്കിലും ചെയ്യാനുള്ള സന്മനസ്സും കൊണ്ടാണെന്നും ഞാന്‍ തിരിച്ചറിയുന്നു . എന്റെ ഹൃദയപൂര്‍വ്വമായ നന്ദി നിങ്ങളെ അറിയിക്കുന്നു.

തീര്‍ച്ചയായും മാറ്റത്തിന് വേണ്ടിയുള്ള ഒരു പ്രസ്ഥാനം അത്രയൊന്നും വിദൂരമല്ലാത്ത ഭാവിയില്‍ ഉടലെടുക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം . എന്തിനും സേവനസന്നദ്ധരായ ഒരു കൂട്ടം ആളുകള്‍ എവിടെയും എക്കാലത്തും ഉണ്ടാകും എന്നത് ഒരു സാമാന്യ സത്യം മാത്രമാണ് . പക്ഷെ എങ്ങിനെ എവിടെ വച്ച് തുടങ്ങും എന്നതാണ് പ്രശ്നം . ഏതായാലും നമുക്ക് തുടര്‍ന്നും ചര്‍ച്ച നടത്താം . നമ്മള്‍ ഈ പരിസരത്ത് ഒരു മൌസ് ക്ലിക്കിന്റെ അകലത്തില്‍ ഇവിടെ തന്നെയുണ്ടല്ലോ .

മാവേലിയുടെ സംശയം ന്യായമാണ് . അതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് ഇതാണ് . സമൂഹത്തില്‍ എല്ലായ്പ്പോഴും മാറ്റങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന തല്‍‌സ്ഥിതി വാദികളാണ് ഭൂരിപക്ഷവും ഉണ്ടാവുക . നിലവിലുള്ള സ്ഥിതി എന്നും അശേഷം മാറ്റമില്ലാതെ തുടരണമെന്നാണ് അവര്‍ ആഗ്രഹിക്കുക . ഒരു മാറ്റത്തിന് വേണ്ടിയുള്ള സ്വരം നേരിയ തോതില്‍ ഉയരുമ്പോള്‍ തന്നെ അത്തരക്കാര്‍ മുടന്തന്‍ ന്യായങ്ങളുമായി ഓടിയെത്തും . അത്തരക്കാരെ കരുതിയിരിക്കേണ്ടതുണ്ട് . മാരീചന്‍ ,ചിത്രകാരന്റെ പോസ്റ്റില്‍ പറഞ്ഞത് പോലെ എല്ലാവരേയും ബോദ്ധ്യപ്പെടുത്തിക്കൊണ്ട് ഒന്നും തുടങ്ങാന്‍ കഴിയുകയില്ല . യോജിപ്പുള്ളവര്‍ നിരുപാധികമായ പിന്‍‌തുണയുമായി ആദ്യം മുതല്‍ ഒന്നിച്ചു കൂടും . സംശയാലുക്കളെയും എതിര്‍പ്പുള്ളവരെയും ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ നമ്മുടെ ആര്‍ജ്ജവം അപ്പോഴേക്കും തീരും . ഒന്നും നടക്കുകയുമില്ല . അത് കൊണ്ട് അത്തരക്കാരെ അകറ്റി നിര്‍ത്തുന്നതാണ് ഗുണം ചെയ്യുക എന്ന് എനിക്ക് തോന്നുന്നു . ഇത് തികച്ചും ശരിയാകണമെന്നില്ല . എന്റെ അഭിപ്രായം മാത്രം .