അഭിമുഖന്‍ : കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെ എങ്ങിനെയാണ് താങ്കള്‍ വിലയിരുത്തുന്നത് ?
ഞാന്‍ : കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് സ:ഇ.എം.എസ്സിന്റെ ഒരു ശൈലിയാണ് ഓര്‍മ്മ വരുന്നത് . വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടുക എന്നത് . എല്ലാ രംഗങ്ങളിലും കേരളം തകര്‍ച്ചയിലാണ് . ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു .... എന്ന മാനസികാവസ്ഥയിലാണ് കേരളീയര്‍ . വെറും പൊങ്ങച്ചം മാത്രം . ഉള്ള് വെറും പൊള്ള ! പിന്നെ , പ്രവാസികള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു നാട്ടിലേക്ക് അയക്കുന്ന കുറെ പണമുണ്ട് . അത് കൊണ്ട് അങ്ങിനെ ആര്‍മ്മാദിച്ചും ദൂര്‍ത്തടിച്ചും കഴിഞ്ഞു പോകുന്നു ..അത്രതന്നെ ! മലയാളി മേലനങ്ങി പണിയെടുക്കുന്നത് ഗള്‍ഫില്‍ പോയാലാണ് . അറബിക്കഥ കണ്ടല്ലോ ? നാട്ടില്‍ ഒരു പണിക്കും ആളെ കിട്ടാനില്ല . പിന്നെ കുറെ തമിഴന്മാരും , ഇപ്പോള്‍ ബംഗാളികളും ഒറീസ്സക്കാരും മറ്റും കടന്നു വരുന്നത് കൊണ്ട് കെട്ടിടനിര്‍മ്മാണങ്ങള്‍ അങ്ങിനെ നടന്നു പോകുന്നു ... കെട്ടിട നിര്‍മ്മാണം മാത്രമാണല്ലോ നാട്ടില്‍ ഒരേയൊരു തൊഴില്‍ മേഖല ...
അഭി : ഇ.എം.എസ്സിനെ കുറിച്ച് എന്താണഭിപ്രായം ?
ഞാന്‍ : അദ്ധേഹത്തെ പറ്റി എനിക്ക് അത്ര നല്ല അഭിപ്രായമല്ല ഉള്ളത് . അദ്ധേഹം തന്റെ സമ്പാദ്യം മുഴുവന്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്ത ആളാണെന്നൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ അതിനേക്കാളുപരി അദ്ധേഹം തന്റെ പേരില്‍ നിന്ന് ആ വാല് മുറിച്ചു കളഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അദ്ധേഹം ആദരിക്കപ്പെടുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കാന്‍ ഒരിക്കലും പാടില്ലായിരുന്നു. കാരണം ചില ജാതികള്‍ മറ്റുള്ള ജാതികളേക്കാളും ഉയര്‍ന്നതാണെന്നും , ഉയര്‍ന്ന ജാതിയെന്നു കരുതപ്പെടുന്നവര്‍ തങ്ങളുടെ ജാതിപ്പേരുകള്‍ പരസ്യപ്പെടുത്തിയാല്‍ സമൂഹത്തില്‍ തങ്ങളുടെ അന്തസ്സ് ഉയരുമെന്നുമുള്ള ധാരണയിലാണ് അങ്ങിനെ ചെയ്യുന്നത് . അതുകൊണ്ടാണല്ലോ താഴ്ന്ന ജാതി എന്ന് കരുതപ്പെടുന്ന ജാതികളില്‍ പെടുന്നവര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിയടയാളം ചേര്‍ക്കാത്തത് . ഉദാഹരണത്തിന് അച്യുതാനന്ദന്‍ ഈഴവന്‍ , കുട്ടപ്പന്‍ ദളിതന്‍ എന്നൊന്നും പേര്‍ പറയാറില്ലല്ലോ . മനുഷ്യര്‍ ജന്മനാ സമന്മാരാണെന്നും , ജാതിയോ മതമോ , അതു പോലെ മറ്റു പണമോ പദവിയോ ഒന്നും തന്നെ ഒരാളെ മറ്റൊരാളില്‍ നിന്ന് ഉയര്‍ന്നവനാക്കുന്നില്ലെന്ന സാമാന്യതത്വം കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസ്സിലാക്കണമായിരുന്നു .
അഭി : താങ്കള്‍ എന്തെങ്കിലും സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടോ ? അങ്ങിനെയൊരു ശ്രുതി കേള്‍ക്കുന്നുണ്ടല്ലോ . ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് ഒരു പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ വായിച്ചതായി ഓര്‍ക്കുന്നു . ഒരു പുതിയ സംഘടന രൂപീകരിച്ചാല്‍ അതും കാലക്രമേണ ദുഷിച്ചു പോവുകയില്ലേ ?
ഞാന്‍ : കേരളത്തില്‍ ഒരു പുതിയ ജനാധിപത്യ-സാംസ്കാരീക മുന്നണി കെട്ടിപ്പടുക്കണം എന്ന് എനിക്ക് താല്‍പ്പര്യമുണ്ട് . എന്നാല്‍ അതിന്റെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ എനിക്ക് പരിമിതികളുണ്ട് . ഈ ഒരു ആവശ്യം മനുഷ്യ സ്നേഹികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . പുതിയ പാര്‍ട്ടി എന്ന പോസ്റ്റ് , ഒരു പാര്‍ട്ടി എങ്ങിനെ ആയിരിക്കണം എന്ന എന്റെ സങ്കല്‍പ്പം വിശദീകരിക്കാന്‍ വേണ്ടി എഴുതിയതാണ് . നിലവിലുള്ള പാര്‍ട്ടികള്‍ ഇങ്ങിനെ അധ:പതിക്കാന്‍ കാരണം ജനങ്ങളുടെ സാംസ്കാരീക നിലവാരം ഉയരാത്തത് കൊണ്ടാണ് . അതു കൊണ്ട് ഒരു സാംസ്കാരീക മുന്നേറ്റമാണ് ഇന്നത്തെ ആവശ്യം . പിന്നെ പുതിയത് ഒന്ന് തുടങ്ങിയാല്‍ അതും ദുഷിച്ചു പോവുകയില്ലേ എന്ന ചോദ്യത്തിന് , ദുഷിക്കട്ടെ എന്നേ പറയാന്‍ കഴിയൂ . അപ്പോള്‍ പുതിയ വേറൊന്ന് തുടങ്ങാമല്ലോ . സമൂഹം അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . ഒന്നു ദുഷിക്കുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്ന് വരും . അങ്ങിനെയാണ് നവീകരിക്കപ്പെടുക . അല്ലാതെ ഒരു സംഘടന ഉദയം ചെയ്താല്‍ അത് പ്രളയം വരെ നിലനില്‍ക്കണം എന്ന് പ്രതീക്ഷിക്കരുതല്ലോ ?
അഭി : എന്താണ് ജനാധിപത്യ-സാംസ്കാരീക മുന്നണി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ?
ഞാന്‍ : എല്ലാ മത ജാതികളിലും , പാര്‍ട്ടികളിലും മറ്റു സംഘടനകളിലും പെടുന്ന എത്രയോ ആളുകള്‍ ഇന്നത്തെ ഈ ജീര്‍ണ്ണതയില്‍ അസ്വസ്ഥരാണ് . എന്നാല്‍ ഇവരൊക്കെ വ്യത്യസ്ഥ ആശയക്കാരും ചിന്താഗതിക്കാരുമാണ് . എന്നാല്‍ എല്ലാവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലയാണ് സാംസ്കാരീകരംഗം . അവിടെ ഒരു നിരീശ്വരവാദിക്കും , തികഞ്ഞ ഒരു ഭക്തനും ഒന്നിച്ചു പ്രവത്തിക്കാം . സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് പ്രധാനം .പൌരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും, അതേ പോലെ നമ്മുടെ കടമകളെ കുറിച്ചും സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട് . ഇന്ന് ഒരു തരം അരാഷ്ട്രീയ വാദം വളര്‍ന്ന് വരുന്നുണ്ട് . അതും അപകടമാണ് . രാഷ്ട്രീയമെന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് ആ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലി കഴിക്കലല്ല . മറിച്ചു നമ്മുടെ നാടിന്റെ പ്രശ്നങ്ങളില്‍ സക്രിയമായി ഇടപെടുക എന്നതാണ് . ഇന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധ:പതിച്ചു കഴിഞ്ഞു . ഇതിന്റെ ഒരു പ്രധാന കാരണം വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതാണ് . നമ്മുടെ സാംസ്കാരിക രംഗം ഏറ്റവും അപടകരാംവണ്ണം ജീര്‍ണ്ണുച്ചു പോയി . യുവ തലമുറ മദ്യത്തിന്റെ പിന്നാലെയാണ് . യാതൊരു ധാര്‍മ്മിക ബോധമില്ലാതെയാണ് അവര്‍ വളരുന്നത് . എല്ലാ മതങ്ങളിലും അനാചാരങ്ങളും അസഹിഷ്ണുതയും വളര്‍ന്നു വരുന്നു . ഇങ്ങിനെ പോയാല്‍ നാളെ ഇവിടെ മനുഷ്യ ജീവിതം ദു:സാധ്യമായിപ്പോകും . ഒറ്റക്കും കൂട്ടായും സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട് . എന്നാല്‍ ഒന്നും ഏശുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . സമൂഹത്തില്‍ സാംസ്ക്കാരിക മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും , അയാള്‍ ഏത് മതത്തില്‍ , പാര്‍ട്ടിയില്‍ , സംഘടനയില്‍ പെട്ട ആളായാലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാംസ്കാരിക ഐക്യമുന്നണിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത് . ഉദാഹരണത്തിന് മദ്യപാനത്തിന്റെ കാര്യമെടുക്കാം . ഇന്ന് 15 വയസ്സ് കഴിഞ്ഞ മിക്കവാറും ബാലന്മാര്‍ മദ്യപാനം ശീലിച്ചു വരുന്നുണ്ട് . അത് കൂടാതെ മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് കേരളത്തിലാണ് . ഈ ദുശ്ശീലങ്ങള്‍ക്കെതിരെ മദ്യവിരുദ്ധസമിതി മാത്രം പ്രചരണം നടത്തിയാല്‍ അതാരുംശ്രദ്ധിക്കുകയില്ല . എന്നാല്‍ ഒരു സ്ഥലത്ത് , മാര്‍ക്സിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പിക്കാരനും , ഹിന്ദു മുസ്ലീം കൃസ്ത്യന്‍ ആദി മതങ്ങളില്‍ പെട്ടവരും ; യുക്തിവാദി സംഘം, പരിഷത്ത് , തുടങ്ങി എല്ലാ സംഘടനകളില്‍ പെട്ടവരും ചേര്‍ന്ന് ഒരു പ്രചരണം നടത്തിയാല്‍ തീര്‍ച്ചയായും മദ്യത്തിന്റെ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നുറപ്പാണ് .അങ്ങിനെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ആവശ്യമായ ഒട്ടേറെ മേഖലകളുണ്ട്. ഇന്ന് അങ്ങിനെ സമൂഹത്തിന്റെ അപചയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പോംവഴി നിര്‍ദ്ധേശിക്കാനും ഒരു പൊതുവേദിയില്ല . താന്താങ്ങളുടെ വിയോജിപ്പുകള്‍ മാറ്റിവെച്ചു , യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി സമൂഹത്തിന്റെ സാംസ്കാരികവളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ സാംസ്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ ചിന്തിക്കുന്ന എല്ലാ മലയാളികളുടെയും മുന്‍പാകെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു .
അഭി : ശരി സുകുമാരേട്ടാ .... ഇനിയും ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് .. നമുക്ക് വീണ്ടും കാണാം .. നന്ദി !
ഞാന്‍ : ഓക്കെ , വീണ്ടും കാണാം നന്ദി !!!
10 comments:
ഇന്ന് 15 വയസ്സ് കഴിഞ്ഞ മിക്കവാറും ബാലന്മാര്‍ മദ്യപാനം ശീലിച്ചു വരുന്നുണ്ട് . അത് കൂടാതെ മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് കേരളത്തിലാണ് . ഈ ദുശ്ശീലങ്ങള്‍ക്കെതിരെ മദ്യവിരുദ്ധസമിതി മാത്രം പ്രചരണം നടത്തിയാല്‍ അതാരുംശ്രദ്ധിക്കുകയില്ല . എന്നാല്‍ ഒരു സ്ഥലത്ത് , മാര്‍ക്സിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പിക്കാരനും , ഹിന്ദു മുസ്ലീം കൃസ്ത്യന്‍ ആദി മതങ്ങളില്‍ പെട്ടവരും ; യുക്തിവാദി സംഘം, പരിഷത്ത് , തുടങ്ങി എല്ലാ സംഘടനകളില്‍ പെട്ടവരും ചേര്‍ന്ന് ഒരു പ്രചരണം നടത്തിയാല്‍ തീര്‍ച്ചയായും മദ്യത്തിന്റെ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നുറപ്പാണ് .അങ്ങിനെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ആവശ്യമായ ഒട്ടേറെ മേഖലകളുണ്ട്. ഇന്ന് അങ്ങിനെ സമൂഹത്തിന്റെ അപചയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പോംവഴി നിര്‍ദ്ധേശിക്കാനും ഒരു പൊതുവേദിയില്ല . താന്താങ്ങളുടെ വിയോജിപ്പുകള്‍ മാറ്റിവെച്ചു , യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി സമൂഹത്തിന്റെ സാംസ്കാരികവളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ സാംസ്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ ചിന്തിക്കുന്ന എല്ലാ മലയാളികളുടെയും മുന്‍പാകെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു .
Good Post.
Visit this Malayalam Blogroll
http://malayalamblogroll.wordpress.com
http://mlblogroll.blogspot.com
സുകുമാരേട്ടാ..,
താങ്കളുടെ അഭിമുഖം രസമായി. താങ്കളുടെ തന്നെ രണ്ടു വാചകം ക്വോട്ടുന്നു.
“ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു .... എന്ന മാനസികാവസ്ഥയിലാണ് കേരളീയര്‍ . വെറും പൊങ്ങച്ചം മാത്രം . ഉള്ള് വെറും പൊള്ള ! പിന്നെ , പ്രവാസികള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു നാട്ടിലേക്ക് അയക്കുന്ന കുറെ പണമുണ്ട് . അത് കൊണ്ട് അങ്ങിനെ ആര്‍മ്മാദിച്ചും ദൂര്‍ത്തടിച്ചും കഴിഞ്ഞു പോകുന്നു ..അത്രതന്നെ !“
ഗള്‍ഫ് മലയാളിയുടെ ചിലവില്‍ ... കൊട്ടാര സദൃശമായ വീടുകളും,കോഴി ബിരിയാണിയും,ബൈക്കും, മൊബൈല്‍ ഫോണും, ചാനല്‍ ആര്‍മ്മാദങ്ങളും, വര്‍ഗ്ഗീയ തീവ്രവാദവും, ലാന്‍ഡ് മാഫിയകളും, സിനിമയും,പുത്തന്‍ കാറുകളുടെ മലവെള്ളപ്പാച്ചിലും, അനുഭവിക്കുന്ന മലയാളി മൂല്യബോധമോ , കര്‍ത്തവ്യ ബോധമോ ഇല്ലാത്ത നിക്രിഷ്ടരായ പരാന്ന ജീവികളായി അധപ്പതിച്ചിരിക്കുന്നു.
എന്തും വിലക്കു വാങ്ങാന്‍ കഴിവുള്ള പണമാണ് ഇവരുടെ ദൈവം. മൊബൈല്‍ ഫോണിന്റെ പുതിയ ബ്രന്‍ഡ് കൈവശം വെക്കുന്നതിലുള്ള അഭിമാനം, പുതിയ ബ്രാന്‍ഡ് കാര്‍ സ്വന്തമാക്കിയില്ലെങ്കില്‍ മോശപ്പെട്ടവനാകുമെന്ന ഭയം, വീടുവക്കുംബോള്‍ മരത്തിന്റെ ചിത്രപ്പണികള്‍ കുറഞ്ഞുപോയാല്‍ തറവാടിത്തവും, പാരംബര്യവും ആവിയായി പോകുമെന്ന ഉറച്ച വിശ്വാസം.
ഇങ്ങനെ മലയാളി പണത്തിനു പിന്നാലേ ഓടുന്ന ഭിക്ഷക്കാരന്റെ ആത്മബോധം മാത്രമുള്ള ധനികനാണ്.
ഇതിനു പരിഹാരം... ഒരു സാംസ്കാരിക നവോദ്ധാനം തന്നെയാണ്.
പണം തീര്‍ച്ചയായും വേണം.
പക്ഷേ ഓസ്സിനു കിട്ടുന്നതാകരുത്, നാടിനെ കൂട്ടിക്കൊടുത്തതിന്റെ പ്രതിഫലവുമാകരുത്. നമ്മുടെ ബുദ്ധിയുടെ/വിയര്‍പ്പിന്റെ കരുത്തില്‍ പണം നമ്മേ തേടി വരണം...പണംഒരു പട്ടിയെപ്പോലെ നമ്മുടെ കാലു നക്കിത്തുടച്ച് അതിന്റെ സ്ഥാനത്തു നില്‍ക്കണം.
അതിനുള്ള ആത്മബോധം ജനങ്ങള്‍ക്കു നല്‍കാന്‍ ഒരു സാംസ്കാരിക നവോദ്ധാനം അനിവാര്യമാകുന്നു.
സുകുമാരേട്ടന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും,ചിന്തകള്‍ക്കും, ചിത്രകാരന്റെ ആശംസകള്‍ !!!
സുകുമാരന്‍ സാര്‍,
കമന്‍റിയില്ലെങ്കിലും, താങ്കളുടെ അഭിപ്രായങ്ങള്‍ സാകൂതം ശ്രദ്ധിക്കുന്നുണ്ട്.
ഇവിടെ പ്രധാന പ്രശ്നം മതാതീത ആത്മീയതയുടെ അഭാവമാണ്. (ചിത്രകാരന്‍ ഇതിനെക്കുറിച്ചു പറഞ്ഞിരുന്നുവെന്നു തോന്നുന്നു.)
സമൂഹമാകെ മൂല്യച്യുതിയിലെത്തുന്നതിന്റെ മൂലകാരണം അതുതന്നെ.
എല്ലാ വിഭവ സമൃദ്ധിയുണ്ടായിട്ടും, വിദേശിയുടെ വാല്യക്കാരനാകേണ്ടിവരുന്നതും, യഥാര്‍ത്ഥ ആത്മീയതയുടെ ഇല്ലായ്മയാവണം.
ഒരു സമൂഹമാകെ ലക്ഷ്യബോധമില്ലാതെ ആകുന്നെങ്കില്‍ അതിനു തടയിടാന്‍ കുറച്ചു അഭിപ്രായപ്രകടനങ്ങള്‍ക്കോ, ഉദ്ബോധനങ്ങള്‍ക്കോ കഴിയുമെങ്കില്‍ സ്വാമി വിവേകാനന്ദന്‍ ഡോ. പല്‍പ്പുവിനോട് ഒരു ആത്മീയ ആചാര്യനെ കണ്ടുപിടിച്ചു മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉപദേശിക്കില്ലായിരുന്നു. അങ്ങനെ പ്രവര്‍ത്തിച്ചപ്പോള്‍ എന്തുണ്ടായി എന്നതു ഞാന്‍ പറയാതെ സുകുമാരന്‍ സാറിനും അറിയാവുന്ന ചരിത്രമാണല്ലോ.
താങ്കളുടെ ഉദ്ദേശ്യശുദ്ധിയെയും, അഭിപ്രായങ്ങളിലെ ആത്മാര്‍ത്ഥതയെയും മാനിക്കുന്നു.
എന്നാല്‍ സംശുദ്ധമായ, മനുഷ്യനെ കുരങ്ങുകളിപ്പിക്കാത്ത ആത്മീയതയ്ക്കും, അതിലൂന്നിയ വിശ്വസാംസ്കാരിക നവോത്ഥാനത്തിനും മാത്രമേ എന്തെങ്കിലും ഇവിടെ കഴിയൂ.
"ഇവിടെ പ്രധാന പ്രശ്നം മതാതീത ആത്മീയതയുടെ അഭാവമാണ്."
priya saaha,
മതാതീതമായ മനുഷ്യ സ്നേഹപരമായ ഒരു ആത്മീയതയുടെ അന്വേഷണം തന്നെയാണ് ഇന്ന് വളരെ പ്രസക്തമായിരിക്കുന്നത്.
താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ !!!
വളരെ നന്ദി സാഹാ ......മതാതീത ആത്മീയത എന്ന ആശയം നിലനില്‍ക്കത്തക്കതാണോ എന്നെനിക്കറിയില്ല ..കാരണം മതവും ആത്മീയതയും പരസ്പര പൂരകങ്ങളായ ആശയങ്ങളാണെന്ന് തോന്നുന്നു. ഞാനും , സാഹയും , ചിത്രകാരനും മറ്റനേകം മനുഷ്യസ്നേഹികളും ലക്ഷ്യമാക്കുന്നത് സംശുദ്ധമായ മാനവികത തന്നെയാണ് . മതാത്മക ആത്മീയതയില്‍ പരലോക ജീവിതം എന്ന ഒരു സംഭവമുണ്ട്. മതാതീത ആത്മീയതയില്‍ ഐഹീകജീവിതം മാത്രമാണ് വിഷയീഭവിക്കുന്നതെങ്കില്‍ , മാനവീകത എന്ന പദത്തെ, മതാതീത ആത്മീയത എന്ന പ്രയോഗം കൊണ്ട് പകരം വെക്കാമെന്ന് തോന്നുന്നു. കുറച്ചു കൂടി വിശദീകരണം സാഹയില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
എന്റെ നിലപാട് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. അതായത് അവനവനെ അവസാനം സ്നേഹിക്കുക , ആദ്യം പ്രപഞ്ചത്തെ സ്നേഹിക്കുക ! കുറച്ചു കൂടി ലളിതമാക്കിയാല്‍ ഞാന്‍ , എന്റെ എന്നു തുടങ്ങാതെ ഈ പ്രപഞ്ചം , പ്രകൃതി പിന്നെ അവസാനം ഞാന്‍ എന്ന് ചിന്തിക്കുക . ഈ മാനസീക ഭാവത്തെയാണ് ഞാന്‍ മാനവീകത എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് . അപ്പോള്‍ ഓരോരുത്തര്‍ക്കും നിരുപാധീകവും, അപരിമിതവുമായ സ്നേഹം എല്ലാവരില്‍ നിന്നും ലഭിക്കും . മാത്രമല്ല പ്രപഞ്ചത്തിലെ ഓരോ തരിയും ഓരോ നിമിഷവും സ്നേഹിക്കപ്പെടുകയും ചെയ്യും . ഇന്ന് , ഞാന്‍ അഥവാ എന്നില്‍ നിന്നാണ് എല്ലാവരും തുടങ്ങുന്നത് . അത് കൊണ്ട് ആര്‍ക്കും ആരില്‍ നിന്നും സ്നേഹമോ അംഗീകരമോ ലഭിക്കുന്നില്ല . അപ്പോള്‍ ചിലര്‍ കുറുക്കുവഴികളിലൂടെയും , തെറ്റിദ്ധരിപ്പിച്ചും സ്നേഹവും അംഗീകാരവും പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നു . അങ്ങിനെയാണ് വ്യാജ നേതൃത്വങ്ങളും ആള്‍ദൈവങ്ങളും ഉണ്ടാകുന്നത് .
പറഞ്ഞു വന്നാല്‍ നമുക്കിടയേ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയില്ല . എന്നാല്‍ വാക്കുകള്‍ അഥവാ ഭാഷ നമുക്കിടയില്‍ അനാവശ്യമായ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തോന്നുന്നു ....
ചിത്രകാരന്: നന്ദി! നല്ല വാക്കുകള്‍ക്കും, അഭിവാദനങ്ങള്‍ക്കും :)
സുകുമാരന്‍ സാര്‍... എന്റെ കമന്‍റിന്‍റെ അന്ത:സത്ത ഉള്‍ക്കൊള്ളുന്നുവെന്നു കാണുന്നതില്‍ വളരെ സന്തോഷം!.
മതാതീത ആത്മീയത തീര്‍ച്ചയായും നിലനില്‍ക്കുന്നതു തന്നെ. കാരണം, അത് കാലത്തിന്‍റെ ആവശ്യം തന്നെയാണ്.
മതമില്ലാതെ ആത്മീയതയ്ക്ക് നിലനില്‍പ്പുണ്ടോ എന്നത്, നമ്മുടെ ധാരണയില്‍ എന്താണ് ആത്മീയതകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ആശ്രയിച്ചിരിക്കുന്നു. പരലോകത്തിന്‍റെ സാംഗത്യം, ഈ ചര്‍ച്ചയില്‍ വലിയ പ്രാധാന്യമുള്ളതാണോ? (പിന്നെ, അതെല്ലാം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ചചെയ്യേണ്ടുന്ന വിഷയമല്ലേ? ശ്രീകൃഷ്ണന്‍റെ ഗീതയെ നമ്മള്‍ അംഗീകരിക്കുന്നുവെങ്കില്‍ പരലോകം നമുക്ക് തള്ളിക്കളയാന്‍ പറ്റിയ ഒന്നാകില്ല. അദ്ദേഹം പറഞ്ഞതില്‍ കുറെ കൊള്ളാനും ഏറെ തള്ളാനും വേണ്ട ത്യാജ്യഗ്രാഹ്യവിവേചനാശക്തി നമുക്കില്ലെന്ന് ഞാന്‍ കരുതുന്നു!)
Live in the Present, എന്ന തത്വമനുസ്സരിച്ച് ഐഹികജീവിതം മാത്രം ഒരുപക്ഷേ നമുക്ക് കണക്കിലെടുക്കാം. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയും മറ്റും ഐഹികജീവിതത്തില്‍ മാത്രമൂന്നിയ ആശയങ്ങളുടെ പരിമിതി ബോധ്യപ്പെടുത്തുന്നില്ലേ? പക്ഷേ, സാര്‍വലൗകിക സാഹോദര്യത്തിന്‍റെയും മതാതീത ആത്മീയതയുടെയും ചട്ടക്കൂടിനുള്ളിലല്ലാതെ യുക്തിവാദിക്കുപോലും അസ്തിത്വമില്ല. നമുക്ക് ഗോചരമോ, അനുഭവവേദ്യമോ അല്ലാത്തതെല്ലാം തള്ളുന്നതിനു പകരം അവയെ, നമുക്ക് അറിയില്ലാത്തവ എന്ന ഗണത്തില്‍ പെടുത്തുന്നതാവും നന്നെന്നാണ്, എന്‍റെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. കാരണം, പ്രഹേളികകള്‍ പലതും അനുഭവവേദ്യമാകുമ്പോള്‍ അവയെ അംഗീകരിച്ചുകൊടുത്തല്ലേ മതിയാവൂ?
15 വയസ്സുകാരന്‍ കുട്ടി മദ്യപനാകുന്നതെന്തുകൊണ്ട്? അവന്‍റെ അതേ വീട്ടില്‍ അതേ സാഹചര്യത്തില്‍ത്തന്നെ വളരുന്ന മറ്റൊരു കുട്ടി ചിലപ്പോള്‍ അങ്ങനെ ആകണമെന്നുമില്ല; എങ്കില്‍, ആദ്യത്തെ കുട്ടിയെ നയിക്കുന്ന, എന്തെങ്കിലും ഭൗതികേതര സാഹചര്യം ഉണ്ടോ? കര്‍മ്മബന്ധങ്ങളില്‍ തീരെ വിശ്വാസമില്ലാത്ത ഒരാളിന് കുറ്റബോധമില്ലെങ്കില്‍ എന്തു താന്തോന്നിത്തരവും കാട്ടിയിട്ട് ചരമഗതി പ്രാപിച്ചാല്‍ കഴിഞ്ഞോ? അങ്ങനെ പോവുന്നുവെങ്കില്‍, Every action has an equal and opposite reaction എന്ന സാര്‍വലൗകിക നിയമം എങ്ങനെയാവും ബാധിക്കുക? ഒരു തെറ്റും ചെയ്യാത്തെ പിഞ്ചുകുട്ടികള്‍ വികലാംഗരും, അശരണരും ഒക്കെ ആകുന്നതെന്തുകൊണ്ടാവാം? ഇങ്ങനെ ഇവരെ സൃഷ്ടിക്കാന്‍ തക്ക ക്രൂരനാണോ, ഈ ദൈവം? ദൈവം സ്നേഹമാണ് എന്ന വാക്യം സത്യമെങ്കില്‍, ഈ ദു:ഖകരമായ സാഹചര്യം എങ്ങനെ വന്നുപെടുന്നു?
ആ വിഷയം തത്‌കാലം അവിടെ നില്‍ക്കട്ടെ.
ആകര്‍ഷകമായ ഒരു കാഴ്ചപ്പാടെന്ന നിലയില്‍, അവസാനം അവനവനെ സ്നേഹിക്കുകയെന്നത് അംഗീകരിക്കുന്നു. പക്ഷേ, സ്നേഹം നമ്മളിലല്ലേ സര്‍, തുടങ്ങേണ്ടുന്നത്? "Everything starts at home" എന്നപോലെ, നമ്മില്‍ തുടങ്ങി, നമ്മുടെ ചുറ്റുപാടുകളില്‍ വ്യാപിച്ച്, ലോകം മുഴുവനെത്തേണ്ടുന്നതല്ലേ മാനവികതയുടെ പ്രായോഗികത? നമ്മോടുള്ള സ്നേഹമെന്നതുകൊണ്ട് അതിരുകടന്ന സ്വാര്‍ത്ഥപരതയല്ല, ഞാന്‍ ഉദ്ദേശിക്കുന്നത്. സ്നേഹം ഒരുതരം വഴിഞ്ഞൊഴുകലാവണമെന്ന് ഞാന്‍ കരുതുന്നു. നമ്മില്‍ നിറഞ്ഞ്, അങ്ങനെ പുറമേയ്ക്ക് വഴിഞ്ഞൊഴുകുന്ന ഒരു സ്വാഭാവികത അതിലുണ്ടാവേണ്ടേ? അങ്ങനെ നമ്മില്‍ നിറഞ്ഞുകവിഞ്ഞ്, പുറമേയ്ക്ക് പരക്കുന്ന ഒരു സ്നേഹം കൂടിയാകണം, സാര്‍വലൗകിക ആത്മീയത. (താങ്കള്‍ സൂചിപ്പിച്ചതുപോലെ, സ്വാര്‍ത്ഥമായതാണ് സ്നേഹമെങ്കില്‍, അവനവനില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുകയും ചെയ്യും.)
വ്യാജനേതൃത്വങ്ങളെക്കുറിച്ചും ആള്‍ദൈവങ്ങളെക്കുറിച്ചും പറഞ്ഞപ്പോഴാണ്, ഒരു കാര്യം ഓര്‍മവന്നത്. ഇതേക്കുറിച്ച് ഒരല്‍പ്പം വിശദമായി എന്‍റെ കാഴ്ചപ്പാട് ഒരിടത്ത് ഒരുവര്‍ഷം മുന്‍പ് എഴുതിയിട്ടുണ്ട്. (സൂ എഴുതിയ, ദിവ്യത്വം എന്ന കഥയുടെ കമന്‍റില്‍)
അത് ഒരു സ്വതന്ത്രമായ പോസ്റ്റ് ആക്കേണ്ടിയിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. താങ്കള്‍ അത് ഒന്നു വായിച്ചാല്‍ നമ്മുടെ സംവാദത്തിന് കുറെക്കൂടി മാനങ്ങളും അര്‍ത്ഥതലങ്ങളും കൈവരും. ഇതില്‍ "ബുലോഗസുന്ദരന്മാരേ സുന്ദരികളേ..." എന്നു തുടങ്ങി, മൂന്നുനാലു കമന്‍റുകളിലായി കുറേക്കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്.
ഒന്നുനോക്കുക
ഇത് വൈകാതെ ഒരു പോസ്റ്റായി ഇടാനും ശ്രമിക്കാം.
നമ്മുടെ ചര്‍ച്ചയ്ക്കും ഈ വിഷയങ്ങള്‍ക്കും തമ്മില്‍ ചില അഭേദ്യബന്ധമുണ്ട്.
ശേഷം പിന്നീട്....
സ്നേഹാദരങ്ങളോടെ
സഹ
സുകുമാരേട്ടാ... നല്ല ആശയങ്ങളാണ് താങ്കളുടേത്. പക്ഷേ ഇതെങ്ങനെ പ്രയോഗത്തില്‍ വരുത്തും? ഞങ്ങളുടെ നാട്ടില്‍ കുടുംബശ്രീ എന്ന പരിപാടിയില്‍ നല്ല ജനപങ്കാളിത്തം കാണുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഇങ്ങനെയാണോ? ഒരു തുടക്കമെന്ന നിലയില്‍ ഇത്തരം സരംഭങ്ങളിലൂടെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാനാരംഭിച്ചുകൂടേ?
പ്രിയപ്പെട്ട അപ്പു ,
നമ്മുടെ നാട്ടില്‍ ധാരാളം പാര്‍ട്ടികളും സംഘടനകളും ഉണ്ട് , അത്രതന്നെ പ്രശ്നങ്ങളും ഉണ്ട് . എല്ലാ പാര്‍ട്ടികളും സംഘടനകളും അവരവരുടെ നിലനില്‍പ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതും ! അത് കൊണ്ട് അതാത് സംഘടനകളുടെ നേതാക്കള്‍ മോശമല്ലാത്ത രീതിയില്‍ കഴിഞ്ഞു പോകുന്നു. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നില്ല . നികുതിദായകരായ പൌരജനങ്ങളാണ് ഈ നേതാക്കളെയും ഉദ്യോഗസ്ഥ പ്രഭൃതികളെയും എല്ലാം തീറ്റിപ്പോറ്റുന്നത്. ജനങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത് പ്രസംഗങ്ങളും , പ്രസ്ഥാവനകളും , വാഗ്ദാനങ്ങളും മാത്രം . ഇന്നും ഒരു സര്‍ക്കരാപ്പീസില്‍ സാധാരണ പൌരന്‍ പോയാല്‍ ഒരു കാര്യവും സാധിച്ചു കിട്ടില്ല . പോലീസ് സ്റ്റേഷനില്‍ അടുക്കാന്‍ കഴിയില്ല . ഒരു പരാതി പിവലിക്കാന്‍ പോലും കൈക്കൂലി കൊടുക്കണം . ജീവിതം അസാധ്യമാക്കുന്ന ആചാരങ്ങളാണ് പെരുകി വരുന്നത് . സ്ത്രീധനം നിമിത്തം പെണ്‍മക്കളെ കെട്ടിച്ചയച്ച് കിടപ്പാടം വിറ്റ് നിരാലംബരായ രക്ഷിതാക്കള്‍ എത്രയോ ... സര്‍ക്കാറാശുപത്രികളിലെ മരുന്നുകളെല്ലാം പുറത്ത് മറിച്ചു വില്‍ക്കുകയാണ് . ഒരു പാരാസിറ്റാമോള്‍ ഗുളിക പോലും ആര്‍ക്കും സൌജന്യമായി അവിടെ നിന്ന് കിട്ടുന്നില്ല . ചുരുക്കത്തില്‍ സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുന്നു . നേതാക്കള്‍ സാധാരണക്കാര്‍ക്ക് ഒരു ബന്ധവുമില്ലാത കാര്യങ്ങളാണ് അവരോട് പ്രസംഗിക്കുന്നത് .. ആഗോളവല്‍ക്കരണം , സാമ്രാജ്യത്വം , അധിനിവേശം ഇത്യാദി .. ഇതൊക്കെ കെട്ട് വായും പൊളിച്ച് അവര്‍ ഇരുന്നു കൊടുക്കും , അത് വേറൊരു കാര്യം . പിന്നെ ജനങ്ങളുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും കുറെ മാറ്റങ്ങള്‍ വരാനുണ്ട് . കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന് അറിയാവുന്ന രക്ഷിതാക്കള്‍ വിരളം .. മുക്കിന് മുക്കിന് ജ്യോത്സ്യന്മാരുണ്ട് . ശരിക്ക് പറഞ്ഞാല്‍ നമുക്ക് ഫേമിലി കൌണ്‍സിലര്‍മാര്‍ ആയിരുന്നു വേണ്ടിയിരുന്നത് .. പിന്നെ കുറെ ആത്മീയക്കാരുണ്ട് , അവര്‍ക്ക് പിന്നെ സാമൂഹ്യകാര്യങ്ങളോ ,രാഷ്ട്രീയകാര്യങ്ങളോ പഥ്യമല്ലല്ലോ . അവനവന്റെ ഉള്ളില്‍ ഇറങ്ങി പരബ്രഹ്മത്തെ കണ്ട് സായൂജ്യമടയാനാണ് ഒര്‍ജിനലും വ്യാജനുമായ എല്ലാ ആത്മീയക്കാരും ഉല്‍ബോധിപ്പിക്കുന്നത് . അപ്പോള്‍ പൊതുജനങ്ങളുടെ , പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ഒരു പൊതുവേദിയില്ല . അത് കൊണ്ടാണ് ഒരു ജനാധിപത്യ സാംസ്ക്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത് . ശരിക്ക് പറഞ്ഞാല്‍ സുകുമാര്‍ അഴീക്കോടോ അത് പോലെയുള്ള നായകന്മാര്‍ക്കാണ് ഇത്തരം നിര്‍ദ്ധേശങ്ങള്‍ വെക്കാനുള്ള അവകാശം . ഈ മുന്നണിയില്‍ എല്ലാവരും പങ്കെടുക്കട്ടെ . പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ . സ്ത്രീധനം , വിവാഹാര്‍ഭാടങ്ങള്‍ , ജാതി ചിന്ത , കൈക്കൂലി , മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ബോധവല്‍ക്കരണം നടത്തട്ടെ . അങ്ങിനെയും കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാമല്ലോ . ജനങ്ങളുടെ ഉപ്പും ചോറും തിന്നിട്ട് ദന്തഗോപുരങ്ങളിലിരുന്ന് പ്രസ്താവനകളും ഉല്‍ഘാടനങ്ങളും നടത്തുന്നതിനിടയില്‍ വല്ലപ്പോഴും ഇങ്ങിനെ വെയില്‍ കൊണ്ട് ഉപകാരപ്രദമായ നല്ല കാര്യങ്ങളും നാക്ക് കൊണ്ട് പറയാമല്ലോ . ഇന്ന് നാലാള്‍ കൂടണമെങ്കില്‍ തരക്കേടില്ലാത്ത ഒരു നേതാവോ നായകനോ വേണമല്ലോ .. ഇനി അഥവാ ഇങ്ങിനെ ഒന്നും നടന്നില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല അപ്പൂ .. ഞാന്‍ പറഞ്ഞു വെക്കുന്നു എന്ന് മാത്രം . ആരെങ്കിലും നാലു പേരുണ്ടെങ്കില്‍ എനിക്ക് കഴിയുന്നത് ചെയ്യുന്നതിന് ഞാനും തയ്യാറാണ് . അതല്ലാതെ ഉരിയാടിയില്ലേ എന്നാല്‍ പോയി പ്ലാവില എടുത്ത് വാ എന്ന് പറയുകയാണെങ്കില്‍ എനിക്ക് ഒരു നിബ്ബന്ധവുമില്ല . അപ്പുവിന്റെ നാട്ടില്‍ കുടുംബശ്രീ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാന്‍ സന്തോഷമുണ്ട് . ഞങ്ങളുടെ നാട്ടില്‍ അതിലും രാഷ്ട്രീയമാണ് . നേതാക്കള്‍ക്ക് അധികാരവും പണവും ബക്കറ്റ് പിരിവെടുത്ത് നല്‍കി അവരെ തടിപ്പിച്ച് കൊഴുപ്പിച്ച് സായൂജ്യം അടയുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് കുടുംബങ്ങള്‍ ! ശ്രീയെല്ലാം നേതാക്കള്‍ക്ക് , ഞങ്ങള്‍ക്ക് കള്ളും വിദേശനും പിന്നെ ലോട്ടറിടിക്കറ്റും പോരേ .......
Post a Comment