Links

എന്താണ് വൈറസ് ?

വൈറസ് എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ നമ്മുടെ ശരീരകോശത്തെ പറ്റി ആദ്യം മനസ്സിലാക്കണം. ഒരു കോശത്തിൽ നിന്നാണ് നമ്മൾ ഉണ്ടായത്. കൃത്യമായി പറഞ്ഞാൽ ഒരു അണ്ഡവും ബീജവും ചേർന്ന് ഉണ്ടായ ഒരു ഭ്രൂണകോശത്തിൽ നിന്ന്. ആ കോശം വിഭജിച്ച് ഒരേ പോലെയുള്ള രണ്ട് കോശങ്ങൾ ഉണ്ടാകുന്നു. അങ്ങനെ വിഭജിച്ച് ഒരോ പോലെയുള്ള കോശങ്ങൾ ചേന്ന് കലകളും (ടിഷ്യു) ഒരേ പോലുള്ള കലകൾ ചേർന്ന് അവയവങ്ങളും അവയങ്ങൾ ചേർന്ന് കുഞ്ഞും ഉണ്ടാകുന്നു. കോശവിഭജനം തുടരുന്നു. ഒരു മനുഷ്യന്റെ ശരീരത്തിൽ 32 ട്രില്ല്യനിലധികം കോശങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ജീവജാലങ്ങളും സസ്യജാലങ്ങളും ഇത് പോലെ ഒരു കോശത്തിൽ നിന്നാണ് തുടങ്ങുന്നത്. അപ്പോൾ ജീവന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് കോശങ്ങളിൽ വെച്ചാണ്. ഒരു കോശം ഉള്ള ജീവികളാണ് ബാക്ടീരിയ, അമീബ പോലുള്ളവ. ആഹാരം കഴിക്കുന്നു, കോശവിഭജനത്തിലൂടെ പുതിയ തലമുറ ഉണ്ടാകുന്നു ഇതൊക്കെ ഒരു കോശം മാത്രമുള്ള ബാക്റ്റീരിയയിലും അമീബയിലും നടക്കുന്നു. അങ്ങനെ ഏകകോശ ജീവി മുതൽ ആന, തിമിംഗലം വരെയുള്ള ബഹുകോശ ജീവികൾ വരെ ഭൂമിയിൽ ജീവിയ്ക്കുന്നു. ഒരു കോശത്തെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. മൈക്രോസ്കോപ്പ് വേണ്ടി വരും.

കോശത്തിനകത്ത് പല പദാർത്ഥങ്ങളും ഉണ്ട്. ചിത്രം നോക്കിയാൽ മനസ്സിലാകും. കോശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ മർമ്മം അല്ലെങ്കിൽ ന്യൂക്ലിയസ്സ് ആണ്. ന്യൂക്ലിയസ്സിലാണ് കോശത്തെ നിയന്ത്രിക്കുന്ന എല്ലാ ഭാഗങ്ങളും ഉള്ളത്. അതിൽ പ്രധാനം DNA ആണ്. ഡി.എൻ.എ.യിൽ ആണ് ജീനുകൾ ഉള്ളത്. ഒരു ജീവിയുടെ അതേ പകർപ്പുകൾ ഉണ്ടാക്കുന്നതിനുള്ള കോഡ് DNA-യിലും ജീനുകളിലും ആണ് ഉള്ളത്. ഇനി നമുക്ക് വൈറസ് എന്താണെന്ന് നോക്കാം. ബാക്റ്റീരിയ പോലെ അതൊരു കോശമല്ല. കോശത്തിന്റെ ന്യൂക്ലിയസ്സ് പോലുമല്ല. അതൊരു DNA മാത്രമാണ്. പുറമേക്ക് ഒരു പ്രോട്ടീൻ അവരണമുണ്ട്. അതായത് പ്രോട്ടീനിൽ പൊതിഞ്ഞ ഒരു DNA തന്മാത്ര. അതുകൊണ്ട് ഒരു വൈറസിനു ഒരു ജീവൽ പ്രവർത്തനവും നടത്താൻ കഴിയില്ല. ആഹാരം ഉൾക്കൊള്ളാൻ കഴിയില്ല. പെറ്റ് പെരുകാനും കഴിയില്ല. അതുകൊണ്ട് വൈറസ് ജീവൻ ഉള്ളതോ ഇല്ലാത്തതോ എന്ന് പോലും പറയാൻ പറ്റില്ല. പുറത്ത് ഏതെങ്കിലും പ്രതലത്തിൽ പറ്റി പിടിച്ചിരിക്കുന്ന വൈറസിന്റെ അവസ്ഥയാണിത്.

ജലദോഷം ബാധിച്ച ഒരാൾ തുമ്മിയാലോ ചുമച്ചാലോ അയാളിൽ നിന്ന് അസംഖ്യം വൈറസുകൾ പുറത്തേക്ക് തെറിച്ച് വായുവിലും അടുത്തുള്ള പ്രതലങ്ങളിലും പതിക്കും. ആ വൈറസ്സുകൾ ഏതാനും മണിക്കൂറുകൾ കൊണ്ട് നശിച്ചു പോകും. വൈറസ്സിനു ജീവൻ വയ്ക്കണമെങ്കിൽ പെറ്റ് പെരുകണമെങ്കിൽ ഒരു ആതിഥേയ ശരീരം ലഭിക്കണം. ആ ആതിഥേയ ശരീരം ഏകകോശമായ ബാക്റ്റീരിയ മുതൽ സസ്യങ്ങളോ മൃഗങ്ങളോ പക്ഷികളോ മനുഷ്യരോ എന്തുമാകാം. ഒരു ആതിഥേയ ശരീരം കിട്ടിയില്ലെങ്കിൽ കുറേക്കാലം വൈറസ്സിനു അതിജീവിയ്ക്കാൻ കഴിയില്ല. എന്നാൽ വസൂരിക്ക് കാരണമായ വാരിയോള വൈറസ് രണ്ട് വർഷം വരെയൊക്കെ ക്രിസ്റ്റൽ രൂപത്തിൽ നിലനിന്നതായി കണ്ടെത്തിയിരുന്നു. ജീവന്റെ കണിക ആവിർഭവിച്ചത് മുതൽ വൈറസ് ഭൂമിയിലുണ്ട്. പക്ഷെ വൈറസ്സിനെ കണ്ടെത്തിയിട്ട് കൃത്യമായി പറഞ്ഞാൽ 128 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. 1892ലാണ് Dmitri Ivanovsky എന്ന റഷ്യൻ സസ്യശാസ്ത്രജ്ഞൻ വൈറസ്സിനെ കണ്ടുപിടിക്കുന്നത്. അതിനു മുൻപ് സൂക്ഷ്മജീവികളാണ് മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന് ലൂയി പാശ്ചറും, വസൂരിക്കെതിരെ എഡ്വേർഡ് ജന്നർ വാക്സിനും കണ്ടുപിടിച്ചിരുന്നു. പക്ഷെ അപ്പോഴും ആ സൂക്ഷ്മജീവി വൈറസ് ആണെന്ന് മനസ്സിലാക്കുകയോ കണ്ടുപിടിക്കുകയോ ചെയ്തിരുന്നില്ല.

വൈറസ്സ് നമ്മുടെ ശരീരത്തിൽ കടന്നുകൂടിയാൽ നേരെ കോശങ്ങളിലേക്കാണ് പോകുന്നത്. എന്നിട്ട് കോശത്തിന്റെ ന്യൂക്ലിയസ്സിൽ പോയി നിയന്ത്രണം ഏറ്റെടുക്കുകയും ആ വൈറസ്സിന്റെ DNA-യുടെ പകർപ്പുകൾ ഉണ്ടാക്കി പെരുകുകയും ചെയ്യുന്നു. അങ്ങനെ പെരുകാൻ ആവശ്യമായ പ്രോട്ടീൻ അടക്കമുള്ള പദാർത്ഥങ്ങൾ നമ്മുടെ കോശങ്ങളിൽ എന്ന് എടുക്കുകയും ചെയ്യുന്നു. സെക്കന്റുകൾ കൊണ്ട് വൈറസ്സുകൾ പെറ്റു പെരുന്നു. ഏതൊരു വൈറസ്സ് നമ്മുടെ ശരീരത്തെ ബാധിച്ചാലും ഇതാണ് സംഭവിക്കുന്നത്. പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മറ്റ് മനുഷ്യരിൽ നിന്നുമൊക്കെ വൈറസ്സുകൾ നമ്മെ ബാധിക്കുന്നു. വൈറസ്സുകളിൽ നിരുപദ്രവകാരികൾ മുതൽ ചെറിയ ഉപദ്രവം ഉണ്ടാക്കുന്നത് തൊട്ട് മരണകാരണമായ മാരകവൈറസ്സുകൾ വരെയുണ്ട്. ഇപ്പോൾ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്സ് അത്തരത്തിൽ പെട്ട മാരക വൈറസ്സാണ്.

ജലദോഷത്തിനു പോലും മോഡേൺ മെഡിസിനിൽ മരുന്ന് ഇല്ലല്ലൊ എന്ന് ആയുർവേദ-ഹോമിയോ-പ്രകൃതിക്കാർ പുച്ഛിക്കാറുണ്ട്. ശരിയാണ്, വൈറസ്സ് രോഗങ്ങൾക്ക് മരുന്ന് ഇല്ല. ജലദോഷം ഉണ്ടാക്കുന്നതും ഒരു മാതിരി വൈറസ്സ് ആണ്. ശരീരത്തിൽ കടന്നുകൂടുന്ന വൈറസ്സിനെ നശിപ്പിക്കാനുള്ള ടെക്‌നിക്ക് മോഡേൺ മെഡിസിനിൽ ഇനിയും ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല. എന്നാലും പുരോഗമിക്കുന്നുണ്ട്. ചിക്കൻ പോക്സിനും ചില തരം ക്യാൻസറിനും ഒക്കെ ഇപ്പോൾ മരുന്നുണ്ട്. അതേ സമയം കോശങ്ങൾ എന്ന ഘടനയുള്ള ബാക്റ്റീരിയ, ഫംഗസ് പോലുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കാൻ മോഡേൺ മെഡിസിനിൽ മരുന്നുകൾ ഉണ്ട്. വൈറസ്സ് ഒരു കോശമല്ല എന്നത് തന്നെയാണ് മോഡേൺ മെഡിസിൻ നേരിടുന്ന വെല്ലുവിളി. മോഡേൺ മെഡിസിനു മുൻപേയുള്ള ആയുർവേദത്തിലും ഹോമിയോയിലും ഒക്കെ വൈറൽ രോഗങ്ങൾക്ക് ചികിത്സ ഉണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവരുടെ വൈദ്യത്തിൽ രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന സയന്റിഫിക് തീയറി അംഗീകരിച്ചിട്ടില്ല എന്ന് സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.

അപ്പോൾ എങ്ങനെയാണ് സാധാരണയായി വൈറസ്സുകൾ ബാധിച്ച് രോഗം ഉണ്ടായാൽ മാറുന്നത് എന്ന് നോക്കാം. പണ്ടും വസൂരി ബാധിച്ചാൽ ചിലരെങ്കിലും രക്ഷപ്പെടാറുണ്ടായിരുന്നു. പണ്ടൊക്കെ മുഖത്ത് വസൂരിക്കലയുള്ള ആളുകളെ നാട്ടിൽ കാണാൻ കഴിയുമായിരുന്നു. വൈറസ്സ് എന്നല്ല ബാക്റ്റീരിയയോ മറ്റേത് രോഗാണു ആയാലും ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നശിപ്പിക്കാൻ ആ കോശങ്ങളിലേക്ക് ശരീരം സൈന്യത്തെ അയയ്ക്കും. തലച്ചോർ ആണ് അതിനു ആജ്ഞ നൽകുന്നത്. ആ സൈന്യങ്ങളാണ് രക്തത്തിലെ വെള്ള അണുക്കൾ. അവയും കോശങ്ങൾ തന്നെയാണ്. രക്തത്തിലെ വെള്ള അണുക്കളുടെ ജോലി ശരീരത്തിൽ പ്രവേശിക്കുന്ന അന്യജീവികളെ പ്രതിരോധിച്ച് നശിപ്പിക്കുക എന്നതാണ്. മരുന്ന് ഇല്ലാതെ മുറിവ് ഉണങ്ങുന്നതും ജലദോഷം മാറുന്നതും ഒക്കെ ഇപ്രകാരമാണ്. എന്നാൽ ചില മാരക വൈറസ്സുകളെ നമ്മുടെ രക്തത്തിലെ വെള്ള അണുക്കൾക്ക് നശിപ്പിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് രോഗം നമ്മെ കീഴടക്കുന്നത്.

ഒരു വൈറസ് നമ്മെ ബാധിച്ചാൽ ആ സ്പെസിഫിക് വൈറസ്സിനെ നമ്മുടെ തലച്ചോറ് മെമ്മറിയിൽ സൂക്ഷിക്കും. പിന്നെ എപ്പോഴെങ്കിലും ആ വൈറസ് വീണ്ടും ബാധിച്ചാൽ മെമ്മറി ഉണരുകയും അപ്പോൾ തന്നെ പെട്ടെന്ന് അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം നിർമ്മിക്കും. അതുകൊണ്ടാണ് ഒരിക്കൽ വന്നാൽ ചിക്കൻപോക്സ് പിന്നെ ബാധിക്കാത്തത്. ജലദോഷം,ഫ്ലൂ എന്നിവയുണ്ടാക്കുന്ന വൈറസ്സുകൾക്കെതിരെ ഹ്രസ്വകാല മെമ്മറി മാത്രമേയുള്ളൂ. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഫ്ലൂ ഒക്കെ വരുന്നത്. ഈ മെമ്മറിയാണ് വാക്സിനേഷന്റെ അടിസ്ഥാനം. ഒരു സ്പെസിഫിക് വൈറസ്സിന്റെ ഉദാഹരണത്തിനു പോളിയോ ഉണ്ടാക്കുന്ന വൈറസ്സിനെ നിർവീര്യമാക്കിയതാണ് പോളിയോ വാക്സിൻ എന്ന തുള്ളിയിൽ ഉള്ളത്. നിർവീര്യമാക്കിയത് കൊണ്ട് ആ വൈറസ്സിനു കുട്ടിയുടെ കോശങ്ങളിൽ പോയി പെറ്റ് പെരുകാൻ കഴിയില്ല. പക്ഷെ നമ്മുടെ തലച്ചോർ അതിനെ രോഗകാരിയായ ആന്റിജൻ ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് ആ വൈറസ്സിനെ ഐഡന്റിഫൈ ചെയ്ത് അതിനെ നശിപ്പിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ നിർമ്മിക്കുന്നു. എന്നിട്ട്  ആ മെമ്മറി തലച്ചോറിൽ സൂക്ഷിക്കുന്നു. പിന്നെ എപ്പോഴെങ്കിലും ശരിയായ പോളിയോ വൈറസ്സ് കുട്ടിയെ ബാധിച്ചാൽ ആ സെക്കന്റിൽ തന്നെ മെമ്മറി ഉണർന്ന് അതിനെ നശിപ്പിക്കാനുള്ള ആന്റിബോഡി സജ്ജമാകുന്നു. കുട്ടിയെ പോളിയോ ബാധിക്കുന്നില്ല. ഇതിൽ നിന്നും വാക്സിനേഷൻ എങ്ങനെയാണ് മാരക വൈറസ്സ് ബാധയിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്ന് മനസ്സിലായല്ലോ അല്ലേ?


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

'ഒരു വൈറസ് നമ്മെ ബാധിച്ചാൽ ആ സ്പെസിഫിക് വൈറസ്സിനെ നമ്മുടെ തലച്ചോറ് മെമ്മറിയിൽ സൂക്ഷിക്കും. പിന്നെ എപ്പോഴെങ്കിലും ആ വൈറസ് വീണ്ടും ബാധിച്ചാൽ മെമ്മറി ഉണരുകയും അപ്പോൾ തന്നെ പെട്ടെന്ന് അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം നിർമ്മിക്കും. അതുകൊണ്ടാണ് ഒരിക്കൽ വന്നാൽ ചിക്കൻപോക്സ് പിന്നെ ബാധിക്കാത്തത്. ജലദോഷം,ഫ്ലൂ എന്നിവയുണ്ടാക്കുന്ന വൈറസ്സുകൾക്കെതിരെ ഹ്രസ്വകാല മെമ്മറി മാത്രമേയുള്ളൂ. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഫ്ലൂ ഒക്കെ വരുന്നത്. ഈ മെമ്മറിയാണ് വാക്സിനേഷന്റെ അടിസ്ഥാനം'. 

വിജ്ഞാനപ്രദം ...!