ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തം

ജൈവകൃഷി എന്നൊരു കൃഷി ഇല്ല. ആ പ്രയോഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണു. ഏത് വിഢിയാണു ഈ വാക്ക് കണ്ടുപിടിച്ചത് എന്നറിയില്ല. കൃഷി ഒന്നേയുള്ളൂ, അത് കൃഷി തന്നെയാണു. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയും.

കാട്ടിലൊക്കെ മരങ്ങൾക്ക് ആരും വളം ഇടുന്നില്ല. അവയ്ക്കൊക്കെ ആവശ്യമായ വളങ്ങൾ മണ്ണിൽ നിന്ന് കിട്ടുന്നുണ്ട്. കൂടാതെ മരങ്ങളിലെ ഇലകളും മറ്റും അവിടെ തന്നെ വീണ് വീണ്ടും മണ്ണിൽ കലർന്നു റിസൈക്കിൾ ആയി വൃക്ഷങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വളം എന്ന വാക്കാണു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെയാണു ജൈവവളം എന്നും കൃത്രിമവളം എന്നൊക്കെ തെറ്റിദ്ധാരയുണ്ടാകുന്നത്. ജൈവം എന്നും കൃത്രിമം എന്നും രണ്ട് തരം വളങ്ങൾ ഇല്ല. വളം ഒന്നേയുള്ളൂ. വളം എന്നാൽ ചെടികൾക്ക് ആവശ്യമുള്ള ഭക്ഷണം എന്നും പറയാം. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നതാണു രണ്ടാമത്തെ ചിത്രത്തിലെ ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നത്. ഹൈഡ്രജൻ മുതൽ മൊളിബ്‌ഡിനം വരെ 16 മൂലകങ്ങളുടെ പേരുകൾ അതിൽ കാണാം. അത് മാത്രമാണു എല്ലാ സസ്യ-വൃക്ഷ-ലാതാദികൾക്കും ആവശ്യമുള്ള വളം അല്ലെങ്കിൽ ഭക്ഷണം. ഇപ്പറഞ്ഞ 16 മൂലകങ്ങളിൽ കാർബണും ഓക്സിജനും ഹൈഡ്രജനും അങ്ങനെ മൂന്നെണ്ണം അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നുമാണു കിട്ടുന്നത്. ബാക്കി 13 മൂലകങ്ങളാണു മണ്ണിൽ നിന്ന് കിട്ടുന്നത്.
എന്നാൽ ഈ മൂലകങ്ങൾ പതിമൂന്നും അതാത് മൂലകങ്ങളായി നേരിട്ടല്ല മണ്ണിൽ നിന്ന് ചെടികളുടെ വേരുകൾ വലിച്ചെടുക്കുന്നത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളായി എന്നിട്ട് അവയിൽ നിന്ന് എലക്ട്രോണുകൾ നഷ്ടപ്പെടുകയോ കൂടിച്ചേരുകയോ ചെയ്ത് അയണുകളായി മാറി ജലവും ആയി ചേർന്ന ലായനിയായിട്ടാണു വേരുകൾ വലിച്ചെടുക്കുന്നത്. ഒന്നാമത്തെ ചിത്രം അതാണു കാണിക്കുന്നത്. പ്രധാന വേരുകളിൽ നിന്ന് മുളയ്ക്കുന്നു ചെറുവേരുകൾ റൂട്ട് ഹെയർ എന്ന് പറയും. അതിൽ കൂടിയാണു ഈ ലായനി വലിച്ചെടുക്കപ്പെടുന്നത്. രണ്ടാമത്തെ ചിത്രം പട്ടിക രണ്ടിൽ അയണുകളായ സംയുക്തങ്ങളുടെ ഫോർമുല കൊടുത്തിട്ടുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണു ഇത് മാത്രമാണു വളം. ഇതിൽ ജൈവം എന്നും കൃത്രിമം എന്നും വേർതിരിക്കുന്നത് അസംബന്ധമാണു. ജൈവളത്തിലും ഇപ്പറഞ്ഞ മൂലകങ്ങളിൽ ചിലത് ഉണ്ടാകും. എന്നാൽ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അത് വിഘടിക്കപ്പെട്ട് അയണുകളായി മാറണമെങ്കിൽ കുറേക്കാലം അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിക്കണം. കൃത്രിമവളം എന്ന് പറയുന്നത് അസംബന്ധമാണു. ഉദാഹരണം പറയാം. സസ്യങ്ങൾക്ക് കൂടുതലായി വേണ്ടത് നൈട്രജൻ ആണു. പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിൽ നൈട്രജൻ ഇല്ല. മറ്റ് ധാതുമൂലകങ്ങൾ ഉണ്ട്. എന്നാൽ അന്തരീക്ഷവായുവിൽ 80 ശതമാനവും നൈട്രജൻ ആണു. ഈ നൈട്രജൻ ഇടിമിന്നൽ ഉണ്ടാകുന്ന വേളയിൽ ഓക്സിജനുമായി സംയോജിച്ച് നൈട്രിക്ക് ആസിഡായി രൂപാന്തരപ്പെട്ട് മണ്ണിൽ പതിക്കുന്നു. ചെടികൾക്ക് ആവശ്യമുള്ള നൈട്രജൻ അമോണിയം അയൺ ( NH₄ᐩ)എന്ന സംയുക്തമായിട്ട് മാത്രമേ ചെടി വലിച്ചെടുക്കൂ. മണ്ണിലെ ചില സൂഷ്മജീവികൾ നൈട്രിക് ആസിഡിനെ അമോണിയ ആക്കി മാറ്റുന്നു. ഇതിനെ നൈട്രജൻ ഫിക്സേഷൻ എന്നാണു പറയുന്നത് ആ അമോണിയ ജലവുമായി ചേരുമ്പോൾ അമോണിയം അയൺ ലായനിയായി മാറുന്നു. വായുവിലെ നൈട്രജൻ തന്നെയാണു ഫാക്ടറികളിൽ യൂറിയ നിർമ്മിക്കാനും ഉപയോഗിക്കുന്നത്. അല്ലാതെ നൈട്രജൻ കൃത്രിമമായി നിർമ്മിക്കുന്നില്ല. യൂറിയ മണ്ണിൽ ഇട്ടാൽ ജലവുമായി സമ്പർക്കത്തിലാവുമ്പോൾ അത് അമോണിയം അയൺ ആയി മാറുന്നു. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലോ ഭൂമിയിലോ ഉള്ള പദാർത്ഥങ്ങളിൽ നിന്ന് തന്നെയാണു കൃത്രിമമായി വളം നിർമ്മിക്കുന്നത്. കൃത്രിമമായി നിർമ്മിക്കുക എന്ന് പറഞ്ഞാൽ പ്രകൃതിയിലെ മൂലകങ്ങൾ ഫാക്ടറികളിൽ വെച്ച് സംയോജിപ്പിക്കുന്നു എന്നേയുള്ളൂ. മനുഷ്യൻ ഒന്നും കൃത്രിമമായി നിർമ്മിക്കുന്നില്ല. ഉള്ളതിനെ രൂപമാറ്റം വരുത്തുന്നു എന്നേയുള്ളൂ. ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ മണ്ണിൽ കുറഞ്ഞു പോകും. കാരണം മണ്ണിൽ നിന്ന് ഉണ്ടാകുന്നത് നമ്മൾ വിളവെടുത്ത് പോവുകയാണു. അപ്പോൾ കുറവുള്ള മൂലകം മണ്ണിൽ തിരിച്ച് നിക്ഷേപിക്കണം. അതുകൊണ്ടാണു വളം അഥവാ മൂലകങ്ങൾ മണ്ണിൽ ഇടേണ്ടി വരുന്നത്. സാധാരണഗതിയിൽ അധിക അളവിൽ ചെടികൾക്ക് വേണ്ടതായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ആണു കുറവ് വരിക. വളരെ കുറവേ ആവശ്യമുള്ളൂ എങ്കിലും ട്രേസ് എലമെന്റ്സും പ്രധാനമാണു. ഉദാഹരണത്തിനു മൊളിബ്‌ഡിനം എന്ന മൂലകം ഇല്ലെങ്കിൽ നൈട്രജൻ ഫിക്സേഷൻ നടക്കില്ല്ല. ഇതൊക്കെ പരിഹരിക്കാനാണു ശാസ്ത്രം മണ്ണ് പരിശോധനയും രാസവളങ്ങളും കണ്ടുപിടിച്ചത്. രാസവളങ്ങൾ വിഷം ആണെന്ന് പറയുന്നവൻ വെറും പമ്പരവിഢി മാത്രമല്ല സാമൂഹ്യദ്രോഹി കൂടിയാണു. കാരണം അവൻ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ നിന്ന് അകറ്റുകയാണു. ചെടികൾ നമുക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണു? ശരിക്ക് പറഞ്ഞാൽ ചെടികൾ അവയ്ക്ക് വേണ്ടി ആഹാരം നിർമ്മിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു എന്നേയുള്ളൂ. നമുക്ക് വേണ്ടി അവ ഒന്നും ചെയ്യുന്നില്ല. നമ്മളാണു അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ മാത്രമല്ല ഭൂമിയിൽ ഏകകോശ ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ ആന വരെ സസ്യങ്ങളെ ആശ്രയിച്ചിട്ടാണു ജീവിയ്ക്കുന്നത്. സസ്യങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജന്തുവർഗങ്ങൾക്ക് നിലനിൽപ്പില്ല. എന്തുകൊണ്ടെന്നല്ലേ? എല്ലാ ജീവികൾക്കും ആഹാരം വേണമല്ലൊ. ആഹാരത്തിന്റെ ഏറ്റവും അടിസ്ഥാന യൂനിറ്റ് ഷുഗർ, പഞ്ചസാര, എന്നൊക്കെ പറയാവുന്ന ഗ്ളൂക്കോസ് ആണു. ഈ ഗ്ളൂക്കോസ് നിർമ്മിക്കാൻ കഴിയുന്നത് സസ്യങ്ങൾക്ക് മാത്രമാണു. ഗ്ളൂക്കോസ് എന്ന് പറഞ്ഞാൽ അതിന്റെ ഫോർമുല ഇതാണ് : C₆H₁₂O₆. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ചേർന്ന സംയുക്തം. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ‌ഓക്സൈഡും മണ്ണിൽ നിന്ന് ജലവും സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജവും ഇതിനായി സസ്യങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾക്ക് മാത്രമേ ഇത് കഴിയൂ. സൂര്യനിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം ഗ്ളൂക്കോസ് തന്മാത്രയിൽ ചെടികൾ സൂക്ഷിക്കുന്നു. ഗ്ളൂക്കോസ് പിന്നെ സെല്ലുലോസ് ആയും സ്റ്റാർച്ച് ആയും ഒക്കെ മാറ്റി ചെടികൾ അവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു. ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്ന ഊർജ്ജമാണു മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ ജീവികളും അവയുടെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കുന്നത്.

2 comments:

Shaji K S Pandalam said...

പക്ഷേ, രാസവളങ്ങളുടെ അമിതോപയോഗം മണ്ണിനേയും, അതുവഴി ജലത്തേയും മലിനപ്പെടുത്തില്ലേ. അത്‌; മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക്‌ ഭീഷണിയാവുകയും ചെയ്യും. ജൈവകൃഷിയിൽ വളത്തേക്കാളുപരി കീടനാശിനികളെ കുറിച്ചാണല്ലോ ചർച്ചചെയ്യുന്നത്‌. അമിതലാഭം കൊതിക്കുന്ന കർഷകൻ നിയന്ത്രണമില്ലാതെ ഇവ കൈകാര്യം ചെയ്യുന്നതിനെയണ്‌ നാം ഭയക്കേണ്ടത്‌.

renjith jith said...

എന്തായാലും ശരി,രാസവളങ്ങളും കീടനാശിനികളും അഥവാ ശാസ്ത്രീയകൃഷിരീതി ഇല്ലായിരുന്നെങ്കിൽ മനുഷ്യവംശം എന്നേ കുറ്റിയറ്റുപൊയേനേ..ദിനോസറുകൾ വിശന്നുമരിച്ചതുപോലെ..