Links

സി.പി.എമ്മിനെ നിരോധിക്കും ?

ഈ വാർത്ത ശരിയാണെങ്കിൽ അഡ്വ: ജോജോ ജോസഫിനെ അഭിനന്ദിക്കുന്നു. ഭരണഘടനാവിരുദ്ധമായാണ് സി.പി.എം. അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതെങ്ങനെ അനുവദിച്ചുകൊടുക്കുന്നു എന്ന് ഞാൻ വളരെ കാലമായി ആലോചിക്കുന്നതാണ്. 1948ൽ അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി, അതായത് C.P.I ഇന്ത്യയിൽ സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്യുന്നു. അന്ന് ബി.ടി.രണദിവെ ആയിരുന്നു പാർട്ടി ജനറൽ സെക്രട്ടരി. കൽക്കത്തയിൽ ചേർന്ന പാർട്ടിക്കമ്മറ്റിയാണ് വിപ്ലവത്തിനു ആഹ്വാനം നൽകിയത്. ഇത് സംബന്ധിച്ച് രണദിവെ തയ്യാറാക്കിയ രേഖ കൽക്കത്ത തീസീസ് എന്ന പേരിൽ അറിയപ്പെടുന്നു. 1947 ആഗസ്റ്റ് 15നു ഇന്ത്യ സ്വതന്ത്രയായതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നില്ല. അന്നേ ദിവസം കരിദിനമായി സി.പി.ഐ. ആചരിക്കുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു രണ്ടാമത്തെ പാർട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതിന്റെ വർഗ്ഗബഹുജന സംഘടനകളുടെയും അംഗബലം പരിഗണിച്ച് ഇന്ത്യയിൽ സായുധവിപ്ലവം നടത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായ ഇന്ത്യൻ ബൂർഷ്വാഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനും സമയമായി എന്ന് ബി.ടി.രണദിവെ തീരുമാനിക്കുകയായിരുന്നു. വിപ്ലവാഹ്വാനം കേട്ടയുടനെ സഖാക്കൾ വാരിക്കുന്തങ്ങൾ കൂർപ്പിച്ച് ഇന്ത്യ പിടിച്ചടക്കാൻ തെരുവിലറങ്ങി. സ്വാഭാവികമായും നമ്മുടെ സർക്കാർ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. നേതാക്കൾ ജയിലിലായി. പലരും ഒളിവിൽ പോയി.

പിന്നീട് ജയിലിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം പിൻവലിച്ചു. എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണ എന്നതിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ, തങ്ങൾ വിപ്ലവത്തിനു ഇല്ലെന്നും ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്നും സർക്കാരിനു രേഖാമൂലം ഉറപ്പ് കൊടുത്തതിന്റെ ഫലമായിട്ടാണ് നിരോധനം പിൻവലിക്കപ്പെട്ടത് എന്ന് പറഞ്ഞു കേട്ടിരുന്നു. എന്തായാലും നിരോധനം പിൻവലിച്ചതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി കൽക്കത്താ തീസീസ് തള്ളിപ്പറയുകയും അത് അവതരിപ്പിച്ച രണദിവെയെ പാർട്ടിയിൽ നിന്ന് തരം താഴ്ത്തി ശിക്ഷണനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

പക്ഷെ, അന്നും ഇന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിപാടിയിൽ നിന്നും ഭരണഘടനയിൽ നിന്നും വിപ്ലവം നടത്തി ഇന്ത്യയിൽ തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കും എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം മാറ്റിയിട്ടില്ല. എങ്ങനെ വിപ്ലവം നടത്തും എന്ന കാര്യത്തിൽ മാത്രമാണ് സി.പി.ഐ.ക്കും സി.പി.എമ്മിനും വ്യത്യസ്ത പരിപാടിയുള്ളത്. ജനകീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.എമ്മും ദേശീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.ഐ.യും അതിന്റെ പരിപാടികളിൽ പറയുന്നു. ലക്ഷ്യം ഒന്ന് തന്നെ, ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് പാർലമെന്ററി പ്രവർത്തനം നടത്തി, സാഹചര്യങ്ങൾ പരിപക്വമാകുമ്പോൾ വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്ത് പാർട്ടിയുടെ ഏകകക്ഷിഭരണം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന പേരിൽ സ്ഥാപിക്കുക. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തിയാക്കി ശാസ്ത്രീയകമ്മ്യൂണിസത്തിലേക്ക് കടക്കും.

ഈ പരിപാടി നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അത്കൊണ്ട് തന്നെ ഭരണഘടനാവിരുദ്ധമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാലമത്രയും ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നത് എന്ന് പറയേണ്ടതില്ലല്ലൊ. നിരോധനം പിൻവലിച്ച് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമ്പോൾ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയും പരിപാടിയും മാറ്റി ജനാധിപത്യ സമ്പ്രദായത്തിനു അനുഗുണമായി വിപ്ലവവും വർഗ്ഗസർവ്വാധിപത്യവും ഒഴിവാക്കി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ഒരു പാർട്ടിഭരണഘടന എഴുതിയുണ്ടാക്കാൻ ഇന്ത്യൻ സർക്കാർ അവരെ നിർബ്ബന്ധിച്ചില്ല എന്നത് ദുരൂഹമാണ്. ഇന്ത്യൻ ഭരണഘടന പിച്ചിച്ചീന്തി തൊഴിലാളിവർഗ്ഗത്തിന്റെ ഭരണഘടനയും വ്യവസ്ഥിതിയും കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയിലെ പ്രശ്നങ്ങൾ അവസാനിക്കൂ എന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ പ്രസംഗിച്ചു നടക്കുന്നത് കേട്ടുകൊണ്ടാണ് ഞാനൊക്കെ രാഷ്ട്രീയം പഠിക്കുന്നത്. എന്നിട്ടും അതിലൊന്നും യാതൊരു അപാകതയും ഭരണഘടനാവിരുദ്ധതയും കോൺഗ്രസ്സ് നേതാക്കളും സർക്കാരും കണ്ടില്ല എന്നത് വിചിത്രമായിരിക്കുന്നു.

എന്തായാലും 1989-90 കാലഘട്ടത്തിൽ ആണെന്ന് ഓർമ്മ, സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകർന്ന് തരിപ്പണമായപ്പോൾ അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയിൽ നിന്നും വിപ്ലവവും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും ഒഴിവാക്കി പാർലമെന്ററി ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുന്ന പാർട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടിരുന്നു. അപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വീണ്ടുവിചാരം ഉണ്ടായില്ലെന്ന് മാത്രമല്ല്ല ലോകകമ്മ്യൂണിസത്തിന്റെ തകർച്ചയെ പറ്റി ആലോചിക്കാൻ കൂടി മെനക്കെട്ടില്ല. എല്ലാം ഗോർബച്ചേവിന്റെ ചതി എന്ന ഒറ്റ വാക്കിൽ ഒതുക്കുകയായിരുന്നു. ഒന്നുകിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയും ഭരണഘടനയും മാറ്റണം. അല്ലെങ്കിൽ ഭരണഘടനാവിരുദ്ധമായ കമ്മ്യൂണിസ്റ്റ് പർട്ടികളെ ഇന്ത്യൻ സർക്കാർ നിരോധിക്കണം. അഡ്വ:ജോജോ ജോസഫ് നൽകിയ ഹരജി രണ്ടിലൊന്ന് സാധ്യമാക്കാനുള്ള ചുവട്‌വയ്പാണ്. ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. എങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടുമായിരുന്നു. ഒരു ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യമാണ് എന്നാണ് ഈയുള്ളവന്റെ പക്ഷം.

വാർത്തയുടെ ലിങ്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

No comments: