ശാസ്ത്രവും മാർക്സിസ്റ്റുകാരനും

ഇന്നലെ ഒരു സഖാവുമായി തെറ്റി. അഭ്യസ്ഥവിദ്യനും മാർക്സിസ്റ്റുകാരനുമായത് കൊണ്ടാണ് തെറ്റിയത്. മാർക്സിസ്റ്റുകാരനും ബിരുദധാരിയും ആകുമ്പോൾ മിനിമം ഒരു ശാസ്ത്രബോധം പ്രതീക്ഷിച്ചുപോകും. യോഗയും ആയുർവേദവും ഭാരതത്തിന്റെ സംഭാവനയായ ശാസ്ത്രമാണെന്ന വാദത്തിൽ ഉറച്ചു നിന്നതാണ് തെറ്റാൻ കാരണം. ഭാരതത്തിലെ പൗരാണിക ദർശനങ്ങളെല്ലാം ശാസ്ത്രമാണെന്ന് മാർക്സിസ്റ്റുകാരൻ കരുതാൻ പാടില്ല. ഇപ്പോൾ യോഗയും കൊണ്ട് ഇറങ്ങിയിരിക്കുന്നത് വോട്ടിനു വേണ്ടിയാണ്. വിശ്വാസങ്ങളെ ചൂഷണം ചെയ്ത് വോട്ട് പെട്ടിയിലാക്കുക എന്ന അടവ്തന്ത്രം. എന്ന് വെച്ച് ശാസ്ത്രം ഏത് അശാസ്ത്രം ഏത് എന്ന തിരിച്ചറിവ് മാർക്സിസ്റ്റുകാരനു നഷ്ടപ്പെട്ടുകൂട.
പ്രപഞ്ചത്തിൽ ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്ന പുരാതന ഭാരതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് വാതം,പിത്തം,കഫം എന്നിങ്ങനെ ത്രിദോഷങ്ങളാണ് രോഗങ്ങൾക്ക് നിദാനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ സിദ്ധാന്തം രചിക്കപ്പെട്ടത്. പഞ്ചഭൂതസിദ്ധാന്തവും ത്രിദോഷ സിദ്ധാന്തവും ശാസ്ത്രമായാണ് പൗരാണിക ഭാരതത്തിൽ പഠിപ്പിക്കപ്പെട്ടത്. ഇക്കാലത്തും അത് ശാസ്ത്രമാണെന്ന് ആരും പറയില്ല. പക്ഷെ, കേവലം അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെട്ട അത്തരം സിദ്ധാന്തങ്ങളെല്ലാം വാസ്തു, ജ്യോതിഷം ഉൾപ്പെടെ ഹിന്ദുമതവുമായി ബന്ധപ്പെടുത്തി ദേശീയശാസ്ത്രമാണെന്ന് സ്ഥാപിക്കാൻ മതവാദികൾ ശ്രമിക്കുന്നുണ്ട്. മാർക്സിസ്റ്റുകാരൻ ആ കുരുക്കിൽ വീണുകൂട.
ദേശീയശാസ്ത്രം എന്നൊന്നില്ല. ശാസ്ത്രത്തിനു ദേശത്തിന്റെ അതിരുകൾ ഇല്ല. ശാസ്ത്രം പ്രപഞ്ചത്തിൽ എവിടെയും അപ്ലിക്കബിൾ ആയിരിക്കണം, എന്നാൽ മാത്രമേ അത് ശാസ്ത്രമാകൂ. ഞങ്ങൾ ഭാരതീയർക്ക് ഭാരതീയശാസ്ത്രമുണ്ടെന്ന് പറയുന്നത് മിഥ്യയായ ഈഗോ മാത്രമാണ്. പ്രപഞ്ചം നിർമ്മിക്കപ്പെട്ടത് പഞ്ചഭൂതങ്ങളാൽ അല്ല. പഞ്ചഭൂതങ്ങൾ എന്ന് അന്ന് നിരീക്ഷിച്ച മണ്ണ് സിലിക്കൺ, അലൂമിനിയം, ഇരുമ്പ് തുടങ്ങി കുറേ മൂലകങ്ങളുടെ സംയുക്തമാണ്. വായു ഓക്സിജൻ,നൈട്രജൻ,കാർബൺ ഡൈഓക്സൈഡ് മുതലായ മൂലകങ്ങളും , ജലം ഓക്സിജനും ഹൈഡ്രജനും ചേർന്നതും , ആകാശം മിഥ്യയായ ഒരു കാഴ്ചയും അഗ്നി എന്നത് ഏത് പദാർത്ഥത്തിലെയും കാർബൺ അണു ഓക്സിജനുമായി സംയോജിച്ച് കത്തുമ്പോൾ പുറത്തേക്ക് തെറിക്കുന്ന എലക്ട്രോണുകളുമാണ്. പണ്ടത്തെ അനുമാനങ്ങളിൽ നിന്നും ഇതൊക്കെ എന്താണെന്ന് വസ്തുനിഷ്ടമായി തിരിച്ചറിയുന്നിടത്താണ് യഥാർഥ ശാസ്ത്രം ആരംഭിക്കുന്നത്. ഊഹങ്ങളും അനുമാനങ്ങളും ശാസ്ത്രമല്ല. അത്കൊണ്ട് ശാസ്ത്രം പൗരാണികചിന്തകളുടെ തുടർച്ചയല്ല. വസ്തുക്കളുടെയും വസ്തുതകളുടെയും കാര്യകാരണ ബന്ധം സ്ഥാപിക്കലാണ് ശാസ്ത്രം.
രോഗങ്ങൾ ഉണ്ടാകുന്നത് ത്രിദോഷം കൊണ്ടാണെന്ന ആയുർവേദ നിഗമനങ്ങൾ ശാസ്ത്രമല്ല. എന്ത്കൊണ്ട് രോഗം ഉണ്ടാകുന്ന എന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നിടത്തിടത്താണ് വൈദ്യത്തിന്റെ ശാസ്ത്രം ആരംഭിക്കുന്നത്. വ്യത്യസ്തവും വൈവിധ്യവുമാർന്ന അനേകതരം രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ട് അത്രയും കാലമായിട്ടില്ല. ആ രോഗാണുക്കളുടെ കണ്ടുപിടുത്തവും അതിനെ നശിപ്പിക്കാനുള്ള മരുന്നുകളും ആണ് ശാസ്ത്രം. രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന കണ്ടുപിടുത്തം ആയുർവേദമോ, ഹോമിയോപ്പതിയോ, സിദ്ധയോ, യുനാനിയോ , നേച്വറോപ്പതിയോ അംഗീകരിക്കുന്നില്ല. അംഗീകരിച്ചാൽ ആ സിദ്ധാന്തങ്ങളിലൊന്നും രോഗാണുക്കളെ നശിപ്പിക്കാനുള്ള മരുന്നുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയില്ല. അത്കൊണ്ട് രോഗാണുസിദ്ധാന്തം തള്ളിക്കളയുക എന്ന തന്ത്രമാണ്, ഇക്കാലത്തെ ആയുർവേദാദി ചികിത്സകർ പയറ്റുന്നത്. ആയുർവേദ-ഹോമിയോ-നേച്വറോപ്പതിക്കാർ തള്ളിക്കളയുന്നു എന്ന് വെച്ച് ഭൂമിയിൽ രോഗകാരികളായ രോഗാണുക്കൾ ഇല്ല എന്ന് അർത്ഥമില്ല. രോഗാണുക്കൾ ഉണ്ട്. അവയെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് വിഭാഗത്തിൽ നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. അത്കൊണ്ട് മോഡേൺ മെഡിസിൻ മാത്രമാണ് ശാസ്ത്രം.
യോഗ എടുത്താൽ ശരീരത്തിനും മനസ്സിനും വ്യായാമം എന്ന് മാത്രമല്ല ശരീരവും മനസ്സും ശുദ്ധീകരിക്കാൻ ചികിത്സയും കൂടിയാണ് എന്നാണ് അവകാശവാദം. അപ്പറയുന്നത് ശാസ്ത്രമല്ല. ആത്മീയവാദമാണ്. മനസ്സ് എന്ന് പറയുമെങ്കിലും അങ്ങനെ ഒരു അവയവം ശരീരത്തിൽ ഇല്ല. വെളിച്ചം, മധുരം എന്നൊക്കെ പറയുന്നത് പോലെ അമൂർത്തമായ വാക്കുകളാണ് മനസ്സും ആത്മാവും ഒക്കെ. ശരീരം ഭൗതികമാണ്, പക്ഷെ മനസ്സും ആത്മാവും ഭൗതികമല്ല. ഭൗതികമല്ലാത്ത ഒന്നിൽ വ്യായാമമോ ശുദ്ധീകരണ പ്രക്രിയയോ ശരീരത്തിൽ എന്ന പോലെ സാധ്യമാകുന്ന ഒന്നല്ല. യോഗ പതിവായി ചെയ്താൽ ഒരു ലഘുവ്യായാമം മാത്രം. എന്നാൽ ജിം‌നേഷ്യത്തിലെ അഭ്യാസമുറകൾ നമ്മുടെ ശരീരത്തെ എങ്ങനെയും വളക്കാനും ഒടിക്കാനും രൂപപ്പെടുത്താനും പ്രാപ്തമാക്കുന്ന എക്സർസൈസുകളാണ്. ജിം അഭ്യാസങ്ങളുമായി തുലനം ചെയ്താൽ യോഗ ഒന്നുമല്ല.
മനുഷ്യനെ മുന്നോട്ടേക്ക് പ്രയാണം ചെയ്യുന്നതിൽ നിന്ന് വിലക്കി പിന്നോട്ടേക്ക് പിടിച്ചുവലിക്കുന്നത് ഭൂതകാല ചിന്തകളും വിശ്വാസങ്ങളുമാണെന്ന് കാറൽ മാർക്സ് എഴുതിയിട്ടുണ്ട്. അത് മാർക്സിസ്റ്റുകാരൻ മനസ്സിലാക്കേണ്ടതാണ്. യോഗയോടും ആയുർവേദത്തോടും ഒക്കെ ആളുകൾക്ക് വൈകാരികമായ ബന്ധം തോന്നുന്നത് ഭൂതകാലത്തിനു മനുഷ്യമനസ്സുകളിൽ ഉള്ള പിടുത്തം കൊണ്ടാണ്. ആ പിടുത്തം പൊട്ടിച്ചെറിഞ്ഞ് വർത്തമാന കാലത്തിനോടൊപ്പമാണ് മനുഷ്യർ സഞ്ചരിക്കേണ്ടത്. അതിന്റെ അർത്ഥം മനുഷ്യരാശിയുടെ സഞ്ചിത സംസ്ക്കാരവും മൂല്യങ്ങളും നിരാകരിക്കണം എന്നല്ല. അറിവുകൾ പുതുപ്പിക്കപ്പെടണം എന്നാണ് ഉദ്ദേശിച്ചത്. ഒരു യഥാർഥ മാർക്സിസ്റ്റുകാരനു ഞാൻ മേൽപ്പറഞ്ഞതെല്ലാം മനസ്സിലാകുമായിരുന്നു. ഒട്ടും മനസ്സിലാക്കാൻ ശ്രമിക്കാത്തത്കൊണ്ടാണ് ആ സഖാവുമായി തെറ്റേണ്ടി വന്നത്. അതിൽ ഞാൻ ഖേദിക്കുന്നു.

7 comments:

Baiju Elikkattoor said...

പുറമേ മാര്‍ക്സിസം എന്ന തോട് മാത്രമാണ് ഇന്നവശേഷിക്കുന്നത്..

Abdul Hakkim said...

It's a great article comparing basics of modern and Indian ancient medical terms ...

ajith said...

യോജിക്കുന്നു

Roy Prabhakaran said...

ഞാന്‍ കണ്ട ഏറ്റവും വലിയ അന്ധവിശ്വാസികള്‍ ഏതെങ്കിലും മതവിഭാഗങ്ങള്‍ (ഹിന്ദുവോ മുസ്ലീമോ) അല്ല. ഈ പറയുന്ന സഖാക്കന്മാര്‍ തന്നെയാണ്.

Anshad said...

സഖാവും കമ്മ്യൂണിസവും ഒക്കെ ഇപ്പോ ഉണ്ടോ? സഖാവ് എന്ന് പറയാൻ മടിക്കുന്ന ആളുകളാണ് ഇപ്പോൾ ഉള്ളത്.
ആ പ്രസ്ഥാനം അത്രയ്ക്ക് അധപദിച്ചു പോയി

Anshad said...

പൊതുവേ ഇടതു പാരമ്പര്യം ചിന്തിക്കുക ആണെങ്കില് വികാരപരമായി നിലപാടുകള് എടുക്കുകയും കാലം ആ നിലപാട് തെറ്റ് എന്ന് തെളിയിക്കുമ്പോള്, തെറ്റിപ്പോയി ഞങ്ങള് തിരുത്തുന്നു എന്നും പറയുക ആണ് പതിവ്.
യു എന് ' യോഗ ' ദിനം പ്രഖ്യാപിച്ചു, ദുബായി ഉള്പ്പടെ ഉള്ള രാജ്യങ്ങള് അത് വല്യ രീതിയില് ആഘോഷിച്ചപ്പോള് സി പി എം എടുത്ത നിലപാട് മോദി സര്ക്കാര് വര്ഗീയത പടര്ത്തുന്നു എന്നുള്ളത് ആയിരുന്നു.
ഇന്ന് ആ നിലപാട് മാറ്റി കൊണ്ട് മതേതര യോഗ എന്നാ സങ്കല്പം ആയി മുന്നോട്ടു വരുന്നു സി പി എം.
ഇതൊക്കെ വിശ്വസിച്ചു പിറകെ നടക്കാന് അണികള് ഉണ്ട്, അതും ബുദ്ധിജീവികള് എന്നുള്ളത് ആണ് രസാവഹം.
തിരുത്തേണ്ടാത്ത നിലപാടുകള് സി പി എം എടുക്കും എന്നാ വിശ്വാസത്തില് നമുക്ക് മുന്നോട്ടു പോകാം അല്ലെ?

Benny Perumaden said...

മുന്‍പ് ഇ.എം.എസ് ഇത്തരത്തില്‍ പല വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് ചര്‍ച്ചയാക്കാന്‍ വിടുമായിരുന്നു. പിന്നീടു നിരന്തരമായ സംവാദങ്ങളിലൂടെ താന്‍ പറഞ്ഞത് ശരിയാണെന്ന് ആളുകളെ ബോധ്യപെടുത്താന്‍ ശ്രമിക്കുമായിരുന്നു. പക്ഷെ ഇ.എം.എസ്സിന് ശേഷം മറ്റാര്‍ക്കും അത്തരം കഴിവുകള്‍ ഉള്ളതായി കമ്മുനിസ്റ്റ്‌ പാര്‍ടിയില്‍ കണ്ടിട്ടില്ല.