Links

ഏതാണു നല്ല 3G സർവ്വീസ് ?

മൊബൈൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ നല്ല 3ജി ഡാറ്റ പ്ലാനും സർവ്വീസും എയർടെൽ (Airtel) ആണെന്നാണു എന്റെ അഭിപ്രായം. ഒരു ജിബി 3ജി ഡാറ്റയ്ക്ക് 250 രൂപയാണു ചാർജ്ജ്. ഒരു മാസത്തെ വാലിഡിറ്റിയും. മുൻപ് അത് 450ഉം അതിൽ കൂടുതലും ആയിരുന്നു. എവിടെ പോയാലും എയർടെല്ലിന്റെ സിഗ്നൽ സ്റ്റേബിൾ ആണെന്നതാണു അതിന്റെ പ്രത്യേകത. എയർടെല്ലിനു ഇപ്പോൾ കേരളത്തിൽ 3ജി സർവ്വീസ് ഇല്ല. സി.എ.ജി.യും കോടതിയും എല്ലാം ഇടപെട്ട് നമ്മുടെ 2ജിയും 3ജിയും ഒക്കെ കുളമാക്കി എന്ന് പറഞ്ഞാൽ മതിയല്ലൊ. അല്ലായിരുന്നെങ്കിൽ എത്രയോ കുറഞ്ഞ നിരക്കിൽ ഹൈസ്പീഡ് മൊബൈൽ ഇന്റർനെറ്റ് സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർവ്വീസ് ദാതാക്കൾക്ക് കഴിയുമായിരുന്നു.


സർക്കാരിന്റെ നഷ്ടത്തെ കുറിച്ചാണു എല്ലാവരും വേവലാതിപ്പെട്ടത്. സാധാരണക്കാർക്ക് തുച്ഛമായ നിരക്കിൽ 3ജി സേവനം ലഭ്യമാകുന്നതിനെ പറ്റി ആരും കണക്കിലെടുത്തില്ല. സർക്കാരിനു നഷ്ടം എന്ന് പറയാൻ ഈ സ്പെക്ട്രം എന്ന് പറയുന്നത് സർക്കാരിനു പൈസ മുതൽ മുടക്കില്ലാത്ത സംഗതിയാണു. അത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണു. അത് ഉപയോഗിക്കാൻ കമ്പനികൾക്ക് ലൈസൻസ് നൽകുമ്പോൾ ഈടാക്കുന്ന ചാർജ്ജ് മൊത്തം സർക്കാരിനു ലാഭമാണു. മുതൽ മുടക്കില്ലാത്ത ലാഭം. അപ്പോൾ നഷ്ടം എന്നല്ല പറയേണ്ടത്, ലാഭം കുറഞ്ഞു എന്നാണു. ഒരു പൈസ കിട്ടിയാൽ അതും ലാഭമാണു. ഇത്രയും ചിന്തിക്കാനുള്ള തലച്ചോറു ആ സി.ഏ.ജി.ക്കും നഷ്ടക്കണക്ക് പറഞ്ഞ് നിലവിളിച്ചവർക്കും ഇല്ലാതെ പോയി.


വൻ തുക മുടക്കി ലൈസൻസ് സമ്പാദിച്ചാലും കമ്പനികൾക്ക് 2/3 ജി ജനങ്ങൾക്ക് ലഭ്യമാക്കാൻ പിന്നെയും എത്രയോ മുതൽമുടക്ക് വേണം. മാർക്കറ്റിൽ മത്സരിക്കണം. കുറഞ്ഞ ലൈസൻസ് ഫീസ് ഈടാക്കി കമ്പനികൾക്ക് ലൈസൻസ് ഉദാരമായി നൽകിയിരുന്നെങ്കിൽ ചെറിയ തുകയ്ക്ക് 3ജി സേവനം ആളുകൾക്ക് കിട്ടുമായിരുന്നു. അപ്പോൾ കച്ചവടം കൂടും. അധികം വരിക്കാരും അധികം ഉപഭോഗവും ഉണ്ടാകും. സർക്കാരിനു നികുതിയിനത്തിൽ അധിക വരുമാനം ലഭിക്കും. കമ്പനികൾക്കും അധികലാഭം കിട്ടിയാൽ പുതിയ ടെക്നോളജി ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സ്പീഡ് ഇന്നത്തേതിലും എത്രയോ ഇരട്ടിയാക്കുമായിരുന്നു. 3ജിയുടെ സ്ഥാനത്ത് ഇപ്പോൾ 4ജി രാജ്യത്ത് സർവ്വസാധാരണമാകുമായിരുന്നു. എല്ലാവരും ഹാപ്പിയായേനേ. ഹലാക്കിന്റെ ഒരു നഷ്ടക്കണക്കിൽ എല്ലാം ചളമാക്കി.


ചിലർക്ക് മുതലാളിമാരോട് എന്തോ പകയാണു. ലാഭം എന്നത് ചൂഷണമാണു, അത് പാപമാണു എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിവെച്ചിട്ടുണ്ട്. അത്കൊണ്ട് മുതലാളിത്തം അത് വ്യക്തിയായാലും കുത്തകയായാലും കോർപ്പറേറ്റ് ആയാലും പാടില്ല എന്നാണു പുരോഗമനബുദ്ധിജീവിമതം. സർക്കാർ അത്തരം മുതലാളിമാരെയും കോർപ്പറേറ്റുകാരെയും ഒരു തരത്തിലും സഹായിക്കരുത്. കഴിയുമെങ്കിൽ ഉപദ്രവിക്കണം. അപ്പോൾ ഈ മൊബൈൽ ഫോണും 3ജിയും ഒക്കെ ആരാണു നമുക്ക് ഉണ്ടാക്കിത്തരിക? സ്വകാര്യ/കോർപ്പറേറ്റ് കമ്പനികൾ ഇല്ലെങ്കിൽ ഇക്കാണുന്നതൊക്കെ ആർ നമുക്ക് ഉല്പാദിപ്പിച്ചുതരും? ബീഡി തെറുക്കുന്നത്പോലെ കമ്പ്യൂട്ടറും ലാപ്പും മൊബൈലും അങ്ങനെ അസംഖ്യം ഉപകരണങ്ങളും മെഷിനറിയും എല്ലാം ആളുകൾ കുടിൽ വ്യവസായമായി വീടുകളിൽ നിന്ന് നിർമ്മിക്കുമോ?


അപ്പോൾ പറയും എല്ലാം സർക്കാരിന്റെ കീഴിൽ ആയാൽ എന്താ രാജ്യം പൊതു ഉടമയിൽ സ്വർഗ്ഗം ആവുകയില്ലേ എന്ന്. ആകും ആകും. ദൈവം നേരിട്ടിറക്കിയ ദുതന്മാരല്ലേ സർക്കാരിന്റെ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥന്മാരും. മുതലാളിത്വം ഇല്ലാതാക്കി സർവ്വം സർക്കാർ അധീനതയിൽ ആക്കിയാൽ ആ ദൈവദൂതന്മാർ രാജ്യം ഒരു പറുദീസയാക്കുക തന്നെ ചെയ്യും. BSNL-ന്റെ ഓഫീസുകളിൽ പോയാൽ തിരിയും അവിടെ അത്രയും മാലാഖമാർ ആണെന്ന്. തലയ്ക്ക് വെളിവുള്ളവൻ ഇക്കാലത്ത് പൊതുമേഖലയ്ക്ക് വേണ്ടി വാദിക്കും എന്ന് തോന്നുന്നില്ല.


ചുരുക്കി പറഞ്ഞാൽ എല്ലാം ഓൺലൈൻ ആകുന്ന ഇക്കാലത്ത് നമ്മുടെ ഇന്റർനെറ്റും 3ജിയും എല്ലാം താറുമാറായി ഒച്ചിന്റെ വേഗതയിൽ ഇഴയുകയാണു. പറഞ്ഞുവന്നത് എയർറ്റെല്ലിനു കേരളത്തിൽ 3ജി സേവനം നൽകാൻ പാടില്ല. കോടതിവിധിയാണു. ഇന്ത്യ ഒരൊറ്റ രാജ്യം എന്നാണു സങ്കല്പം. പക്ഷെ മൊബൈലും പ്രകൃതിപ്രതിഭാസമായ 2ജി/3ജി ഇത്യാദി സ്പെക്ട്രം ഒക്കെ വരുമ്പോൾ ഈ രാജ്യത്ത് മുടിഞ്ഞ സർക്കിളുകളും റോമിങ്ങും എല്ലാമാണു. എല്ലാം സർക്കാരിന്റെ ലാഭത്തിനു വേണ്ടി.


ഞാൻ എയർടെല്ലിന്റെ സിം കാർഡ് ബാംഗ്ളൂരിൽ നിന്നാണു വാങ്ങിയത്. അതിൽ 3ജി ഇന്റർനെറ്റ് കർണ്ണാടകയിലും നാട്ടിലും ചെന്നൈയിൽ പോയാൽ അവിടെയും ഒരേ സ്പീഡിൽ ഒരേ റേറ്റിൽ കിട്ടും. എവിടെയും 1 mbps സ്പീഡ് കുറയാതെ ഇടതടവില്ലാതെ കിട്ടുന്നു. ബാംഗ്ലൂരിൽ ആണെങ്കിൽ അവരുടെ 4G യും ഇപ്പോഴുണ്ട്. അതിൽ അവിടെ 4mbps ൽ അധികം ഡൗൺലോഡ് സ്പീഡ് കിട്ടുന്നുണ്ട്. വിദേശത്തെ സ്പീഡ് പരിഗണിച്ചാൽ ഈ സ്പീഡൊന്നും ഒരു സ്പീഡേയല്ല. എന്നാൽ ഇന്ത്യയിൽ ഈ 4mbps എന്ന് പറഞ്ഞാൽ അത്ഭുതം തന്നെയാണു. എന്നെങ്കിലും ഇന്ത്യയിൽ 3ജിയും ഇന്റർനെറ്റും കരകയറുമോ? പറയാൻ പറ്റില്ല. സർക്കാർ കാര്യം മുറ പോലെ എന്നല്ലെ. കൂടാതെ കോടതിയും സി.എ.ജി.യും സി.ബി.ഐ.യും പിന്നെ ജനങ്ങളും.


എയർടെല്ലിന്റെ ആൻഡ്രോയ്‌ഡ് ആപ്പും ഉണ്ട്. അതിൽ നിന്ന് ടോപ്-അപ്പും 3ജിയും റീചാർജ്ജ് ചെയ്യാം. എയർടെൽ മണിയിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് ആവശ്യാനുസരണം റിചാർജ്ജ് ചെയ്യാം. ബാലൻസ് നോക്കാം. എവിടെ പോകുമ്പോഴും നമ്മൾ ഈ ലോകവുമായി കണക്ടഡ് ആയിരിക്കും.

3 comments:

Ananth said...

"ഈ സ്പെക്ട്രം എന്ന് പറയുന്നത് സർക്കാരിനു പൈസ മുതൽ മുടക്കില്ലാത്ത സംഗതിയാണു. അത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണു. അത് ഉപയോഗിക്കാൻ കമ്പനികൾക്ക് ലൈസൻസ് നൽകുമ്പോൾ ഈടാക്കുന്ന ചാർജ്ജ് മൊത്തം സർക്കാരിനു ലാഭമാണു. മുതൽ മുടക്കില്ലാത്ത ലാഭം. അപ്പോൾ നഷ്ടം എന്നല്ല പറയേണ്ടത്, ലാഭം കുറഞ്ഞു എന്നാണു. ഒരു പൈസ കിട്ടിയാൽ അതും ലാഭമാണു. ഇത്രയും ചിന്തിക്കാനുള്ള തലച്ചോറു ആ സി.ഏ.ജി.ക്കും നഷ്ടക്കണക്ക് പറഞ്ഞ് നിലവിളിച്ചവർക്കും ഇല്ലാതെ പോയി."

താങ്കള്‍ക്കു പിതൃസ്വത്തായി കിട്ടിയ ഭൂമി മുതല്‍ മുടക്കൊന്നുമില്ലാതെ കിട്ടിയത് ആണെന്നു കരുതി എന്തു വിലയ്ക്കും വില്‍ ക്കുമൊ .....താങ്കളത്‌ എന്തു കിട്ടിയാലും ലാഭം എന്നു കരുതി ഒരു ലക്ഷം രൂപയ്ക്കു വില്‍ക്കുകയും വാങ്ങിയ ആള്‍ അത് ഒരു കോടി രൂപക്ക് മറിച്ചു വില്ക്കുകയും ചെയ്‌താല്‍ ആ ഇടപാടില്‍ താങ്കള്ക്ക് ലാഭം ആണോ നഷ്ടം ആണോ എന്ന് "ചിന്തിക്കാനുള്ള തലച്ചോറ് " ആര്‍ക്കാണ് ഇല്ലാതെ പോവുന്നത് ......

ajith said...

പിന്നെ ആം ആദ്മിയോട് വല്ലാത്ത പ്രതിബദ്ധതയുള്ള സര്‍ക്കാരായതോണ്ട് ഇതൊന്നും ചിന്തിയ്ക്കേണ്ട കാര്യവുമില്ല

Kalavallabhan said...

കിഴക്കു നിന്നു വന്നതും ഇല്ല, ഒറ്റാലിൽ കിടന്നതും ഇല്ല
ÖT :ഇവിടെ കുറാനാളായി പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കയല്ലായിരുന്നോ ?