അമ്പത്തൊന്ന് വെട്ടേറ്റ് വീണു പിടഞ്ഞ് മരിച്ച ടി.പി.ചന്ദ്രശേഖരന്റെ സ്മരണാർത്ഥം , പിടഞ്ഞ് മരിച്ച സ്ഥലത്ത് സ്ഥാപിച്ച സ്തൂപം തകർത്താൽ എല്ലാം ആയോ? ചന്ദ്രശേഖരനെ വള്ളിക്കാട്ടുകാർ മറക്കുമോ? സാക്ഷി പറയുന്നവരെ ചുവരെഴുത്തെഴുതി ഭീഷണിപ്പെടുത്തിയാൽ കേസ് തേഞ്ഞുമാഞ്ഞുപോകുമോ? ഇല്ല എന്ന് എല്ലാവർക്കും അറിയാം. പിന്നെ എന്തിനിതൊക്കെ ചെയ്യുന്നു എന്ന് ചോദിച്ചാൽ നമ്മൾ ജാത്യാസ്വഭാവം എന്ന് പറയില്ലെ, അത് തന്നെ. മാർക്സിസ്റ്റ് സ്വഭാവം അതാണു. ആ സ്വഭാവം മാറ്റാൻ മാർക്സിസ്റ്റ് സംഘടന സ്പിരിറ്റ് തലക്ക് പിടിച്ചവർക്ക് കഴിയില്ല.
ഈ സ്വഭാവത്തെക്കുറിച്ച് ഞാൻ ഒരു മുൻമാർക്സിസ്റ്റുകാരനോട് ചോദിച്ചു. അവൻ പറഞ്ഞു. എല്ലാം ഒരാവേശമാണു. ആരെയെങ്കിലും കൊല്ലണമെന്ന് നിർദ്ദേശം വന്നാൽ ബാക്കിയൊക്കെ ഞങ്ങൾ ചെയ്തോളും. ആയുധം വരെ ഞങ്ങൾ സംഘടിപ്പിക്കും. ഞങ്ങളുടെ തട്ടകത്തിൽ മറ്റാരെയും വെച്ചുപൊറുപ്പിക്കുകയില്ല. ആരെയെങ്കിലും അടിക്കണമെങ്കിലോ, അല്ലെങ്കിൽ അക്രമം നടത്തണമെങ്കിലോ ഞങ്ങളുടെ കൊടി ഞങ്ങൾ തന്നെ രാത്രി വലിച്ചുകീറി വഴിയിലിടും. പുലർച്ചക്ക് തന്നെ പതാക നശിപ്പിച്ചു എന്ന പ്രചാരണം അഴിച്ചുവിടും. പിന്നെ ആരെ വേണമെങ്കിലും മർദ്ധിക്കാം. ഞങ്ങളുടെ കോട്ടയിൽ ആരെങ്കിലും ബോർഡോ കൊടിയോ സ്ഥാപിച്ചാൽ അതൊക്കെ രാത്രി എടുത്തുകൊണ്ടുപോയി പൊട്ടക്കിണറിലോ തോട്ടിലോ ഇടും.
എല്ലാം പാർട്ടി നിർദ്ദേശപ്രകാരമല്ല ചെയ്യുന്നത്. ഞങ്ങളുടെ ഇഷ്ടപ്രകാരവും ചെയ്യും. എന്തിനാണത് ചെയ്തത് എന്ന് പാർട്ടിയിൽ ആരും ചോദിക്കില്ല. കേസൊക്കെ പാർട്ടി നോക്കും. പോലീസ് സ്റ്റേഷനിൽ പോകാനും മറ്റുള്ള കാര്യങ്ങൾ നോക്കാനും പ്രത്യേകം ചാർജ്ജ് ഉള്ള നേതാവ് ഉണ്ടാകും. പലർക്കും പല ചാർജ്ജ് ആയിരിക്കും. അതൊന്നും പരസ്പരം അറിയുകയും ഇല്ല. ഉദാഹരണത്തിനു കൊലപാതകത്തിന്റെ ചാർജ്ജ് ഉള്ള ആൾ മറ്റൊരു പ്രവർത്തനത്തിനും പോകില്ല. അയാൾ പതിവായി അയാളുടെ ജോലിക്ക് പോകും. ഒരു ദിവസം രാത്രി വീട്ടിൽ എത്തുകയില്ല. അന്ന് രാത്രി ആരെങ്കിലും കൊല്ലപ്പെട്ടിരിക്കും. അന്ന് രാത്രി അയാൾ എവിടെ പോയിരുന്നു എന്ന് ആർക്കും അറിയുകയില്ല. അയാളെ ആരും സംശയിക്കുകയും ഇല്ല.
ഇങ്ങനെയൊക്കെയാണു പാർട്ടി പ്രവർത്തിക്കുന്നത്. എന്ത് നിർദ്ദേശം വന്നാലും അതൊക്കെ അഭിമാനപൂർവ്വം നടപ്പാക്കും. ഇപ്പോൾ ഓർക്കുമ്പോൾ പശ്ചാത്താപം തോന്നുന്നു. കോൺഗ്രസ്സുകാരോടാണു ഇപ്പോൾ ബഹുമാനം തോന്നുന്നത്. ആ സുഹൃത്ത് തുടർന്നു. കോൺഗ്രസ്സുകാരൻ പത്ത് രൂപ കട്ടാൽ അത് നൂറു രൂപയാക്കി കോൺഗ്രസ്സുകാർ തന്നെ വിളിച്ചുപറയും. പക്ഷെ പാർട്ടിയിലെ കാര്യം ആരും ഒന്നും പുറത്ത് പറയില്ല. ഇപ്പോഴൊക്കെ നേതാക്കൾ നല്ല സമ്പന്നതയിലാണു. ദുബൈ സന്ദർശിക്കുന്ന ജില്ലാനേതാക്കൾ ബുർജ്‌ഖലീഫയിലെ സ്റ്റാർ ഹോട്ടലിലാണു റൂം എടുക്കുന്നത്.
നാട്ടിൽ പോയാൽ ഞാൻ ഇപ്പോഴും സഖാവ് തന്നെയാണു. ജീവിക്കണ്ടേ? ചോദിക്കുന്ന സംഭാവന കൊടുക്കും. പ്രവാസിയായ ആ സുഹൃത്തുമായി ഞാൻ കുറെ നേരം സംസാരിച്ചു. കൂടുതൽ കാര്യങ്ങൾ പരസ്യമായി എഴുതാൻ പറ്റില്ല. കൂട്ടത്തിൽ നാട്ടിലെ ഒരു കോൺഗ്രസ് ഭാരവാഹിയെ രാത്രിയിൽ അക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതും, അവൻ സഞ്ചരിക്കുന്ന വഴിയിൽ തമ്പടിച്ചതും ഭാഗ്യത്തിനു അന്നവൻ ആ വഴി പോകാത്തത്കൊണ്ട് രക്ഷപ്പെട്ട വിവരം സുഹൃത്ത് എന്നോട് പറഞ്ഞു. അന്ന് അക്രമിക്കപ്പെടുമായിരുന്ന നേതാവും എന്റെ സുഹൃത്ത് തന്നെയാണു. അവനോട് ഈ വിവരം ഞാൻ പറയാൻ പോകുന്നില്ല.
ഇതൊക്കെയാണു കമ്മ്യൂണിസം. ആയിരം ഫാസിസം സമം ഒരു കമ്മ്യൂണിസം എന്നാണു ഞാൻ പറയുക. ഫാസിസ്റ്റ് ഫാസിസ്റ്റ് എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകൾ ഫാസിസത്തെ ഭയങ്കര സംഭവമാക്കി. സത്യം പറഞ്ഞാൽ ക്രൂരതയുടെ ഏറ്റവും ഉയർന്ന രൂപമാണു കമ്മ്യൂണിസം. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യത്വത്തിനു സ്ഥാനമില്ല. കമ്മ്യൂണിസ്റ്റുകൾക്ക് പാർട്ടിയാണു വലുത്. പാർട്ടിക്ക് ദോഷം വരാതിരിക്കാൻ, പാർട്ടി വളരാൻ എത്ര പേരെയും കൊല്ലും. മതവിശ്വാസത്തേക്കാളും ആയിരം മടങ്ങ് തീവ്രമാണു കമ്മ്യൂണിസ്റ്റുകൾക്ക് പാർട്ടി സ്പിരിറ്റ്.
ആത്മാവ് എന്നൊന്നുണ്ടെങ്കിൽ സി.പി.എമ്മിനു വേണ്ടി പ്രവർത്തിച്ചതിൽ ടി.പി.ചന്ദ്രശേഖരന്റെ ആത്മാവ് ഇപ്പോൾ കേഴുന്നുണ്ടാവണം. എന്നോട് സംസാരിച്ച സുഹൃത്തിനെ പോലെ പല സഖാക്കളും ഇപ്പോൾ പാർട്ടിയോട് അകലം പാലിക്കുന്നുണ്ട്. പലരും അംഗത്വം ഉപേക്ഷിക്കുന്നു. പലരും പ്രവർത്തനത്തിൽ നിന്ന് പിറകോട്ട് പോകുന്നു. എന്നാലും പത്ത് പേർ കൊഴിഞ്ഞുപോകുമ്പോൾ പുതിയ ഇരുപത് പേർ വരുന്നുമുണ്ട്. ആ വരവ് പക്ഷെ ത്യാഗം ചെയ്യാനല്ല. എന്തെങ്കിലും നേടാനാണു. അങ്ങനെ സ്വാർത്ഥമതികളുടെ കൂടാരമായി മാറി ഈ പാർട്ടി. പിണറായി സഖാവ് ഈ പാർട്ടിയെ നശിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടാണു സുഹൃത്ത് സംഭാഷണം അവസാനിപ്പിച്ചത്. പിണറായിയാണു ഈ പാർട്ടിയെ ബിസിനസ്സ് സ്ഥാപനമാക്കിയത് എന്ന് ആ സുഹൃത്ത് ആരോപിക്കുന്നു.
ചന്ദ്രശേഖരൻ വധക്കേസ് കോടതിയിൽ വിചാരണയിലാണു. സാക്ഷികൾ കൂറുമാറുന്നത് തുടർക്കഥയാകുന്നു. കേസിനെ പറ്റി ഇപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല. സാക്ഷികൾ കൂറുമാറുന്നത് സി.പി.എമ്മിന്റെ സമ്മർദ്ധം കൊണ്ടാണോ എന്ന് സർക്കാരാണു പരിശോധിക്കേണ്ടത് എന്ന് പ്രതിപക്ഷനേതാവ് വി.എസ്സ്. ഹിന്റ് കൊടുത്തിട്ടും ആഭ്യന്തരമന്ത്രി വായ തുറന്നിട്ടില്ല. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതി ഇപ്പോൾ, താൻ കയറിച്ചെന്ന് അദ്ധ്യാപകനെ വെട്ടിക്കൊന്ന അതേ സ്ക്കൂളിൽ പി.ടി.എ. പ്രസിഡണ്ടാണു. അതേ സി.പി.എം. കൊടി സുനിയെ ഓർക്കാട്ടേരി പഞ്ചായത്ത് പ്രസിഡണ്ടാക്കുമോ എന്നാണു ഇനി കണ്ടറിയേണ്ടത്.
എന്നാൽ തന്നെയും കേരളത്തിൽ സി.പി.എം. അതിന്റെ തന്നെ ആഭ്യന്തരവൈരുദ്ധ്യങ്ങളാൽ തകരുക തന്നെ ചെയ്യും. നരഹത്യയും ക്രൂരതയും ഉള്ളിൽ ഒളിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുപാർട്ടികളിൽ തകർച്ചയുടെ ബീജവും അതിന്റെ ഉള്ളിൽ തന്നെയുണ്ട്. അത്കൊണ്ടാണു എത്രയോ രാജ്യങ്ങളിൽ അത് തകർന്നത്. ഇപ്പോൾ ബാക്കിയുള്ള ചൈന, വടക്കൻ കൊറിയ, വ.വിയറ്റ്നാം, ക്യൂബ, ഇന്ത്യയിലെ കേരളം എന്നിവിടങ്ങളിൽ നിന്നെല്ല്ലാം കമ്മ്യൂണിസം അപ്രത്യക്ഷമാവുക തന്നെ ചെയ്യും. കാറൽ മാർക്സിന്റെ കമ്മ്യൂണിസം അപ്രായോഗികവും ലെനിന്റെ കമ്മ്യൂണിസം നരഹത്യയിൽ അധിഷ്ഠിതവും ആണു. അത്കൊണ്ട് കമ്മ്യൂണിസത്തെ കാലം മായ്ച്ചുകളയുക തന്നെ ചെയ്യും.