ലാല്‍ ജോസിന് ഒരു തുറന്ന കത്ത്

പ്രിയ ലാല്‍ ജോസ്,

താങ്കളുടെ പ്രശ്നം എന്താണ് ? സാമൂഹിക പ്രശ്നങ്ങളോടുള്ള യുവതലമുറയുടെ പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കില്‍ മാത്രമാണെന്നും, സ്വന്തം പോസ്റ്റിന് എത്ര കമന്റും ലൈക്കും കിട്ടി എന്നു നോക്കി ആവേശം കൊള്ളുക മാത്രമാണ് അവരുടെ സാമൂഹികപ്രതിബദ്ധത എന്നും ഇത് മാറണമെന്നും ഉല്‍ബോധിപ്പിക്കുന്ന താങ്കളുടെ ഒരു കുറിപ്പ് വായിക്കാനിടയായി.

ചുരുക്കിപ്പറഞ്ഞാൽ താങ്കൾ ഉദ്ദേശിക്കുന്നത്, യുവാക്കൾ ഫേസ്‌ബുക്ക് പ്രതികരണങ്ങൾ നിർത്തി പണ്ടേ പോലെ അങ്ങ് തലസ്ഥാനത്ത് നിന്ന് നേതാക്കൾ ആഹ്വാനം ചെയ്യുമ്പോൾ അതിനനുസരിച്ച് കലക്റ്ററേറ്റ് വളയുക,   വില്ലേജ് ആഫീസുകളുടെ മുന്നിൽ പോയി ഉപരോധിച്ച് കുത്തിരിക്കുക, ജയിൽ നിറച്ചുകൊടുക്കുക, സർക്കാർ ഓഫീസുകൾ വളയുക, മാർച്ച് നടത്തുക, നേതാക്കൾ കവലകളിൽ പ്രസംഗിക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കുന്ന പോലെ മുന്നിൽ ഇരുന്നു കൊടുക്കുക ഇത്യാദി കലാപരിപാടികൾ നടത്തിയാൽ മതി എന്ന് അല്ലേ?

സാമൂഹികപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നേതാക്കളുടെ തലയിലാണു ഉദിക്കുക. ഉടനെ പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് സർക്കുലർ താഴെത്തട്ടിലേക്ക് കല്പനകളായി പറക്കും. ജില്ലാ ആസ്ഥാനം വളയുക, അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകൾ ഉപരോധിക്കുക അങ്ങനെ. അണികൾക്ക് അനുസരിക്കേണ്ട വിധേയത്വം മാത്രമേ പാടുള്ളൂ. പ്രശ്നങ്ങൾ ഒരിക്കലും അണികൾ നേരിട്ട് മനസ്സിലാക്കരുത്. കമ്പ്യൂട്ടർ തൊഴിൽ ഇല്ലാതാക്കും എന്നൊരു ഭയങ്കര സാമൂഹികപ്രശ്നം നേതാവിന്റെ തലയിൽ ഉദിക്കും. ഉടനെ കമ്പ്യൂട്ടർ വിരുദ്ധം തലയിലേറ്റി അണികൾ പരക്കം പായണം. പ്രി-ഡിഗ്രി ബോർഡ് വന്നാൽ വിദ്യാഭ്യാസം തകരും എന്ന് നേതാവിനു വെളിപാട് വരും. ഉടനെ സർക്കുലർ താഴോട്ട്. അണികൾ ആവേശത്തോടെ ബാലവാടികൾ വരെ പൂട്ടിക്കണം. 

ഇങ്ങനെ പ്രശ്നങ്ങളെല്ലാം നേതാക്കളുടെ ദിവ്യമസ്തിഷ്ക്കത്തിൽ ശോഭിക്കുകയും അണികൾ അതൊക്കെ അന്ധമായി ഏറ്റെടുത്ത് നാട് കുട്ടിച്ചോറാക്കുകയും ചെയ്യുന്ന മധുരമനോജ്ഞപ്രതിഷേധങ്ങളായിരിക്കാം വീണ്ടെടുക്കണമെന്ന് ലാൽജോസ് സ്വപ്നം കാണുന്നത്.

സാധാരണക്കാർക്ക് സ്വന്തമായി അഭിപ്രായം എന്തെങ്കിലും തോന്നിപ്പോയാൽ അതൊന്നും നാലാളെ അറിയിക്കാൻ ഇത്‌വരെയായി ഒരു വേദിയും ഇല്ലായിരുന്നു. അവർക്ക് പ്രസംഗിക്കാൻ കഴിയില്ല. പത്രങ്ങളിൽ എഴുതാൻ കഴിയില്ല. കമ്മറ്റികളിൽ പോയാൽ ചർച്ച എന്നൊന്ന് പതിവാണെങ്കിലും അവിടെ സ്ഥിരം ചർച്ചക്കാർ ഉണ്ടാകും. എവിടെയും മൗനികളായി അടങ്ങിയൊതുങ്ങി കേട്ടിരിക്കുക എന്നതായിരുന്നു സാധാരണക്കാരുടെ നിയോഗം.

ഇപ്പോൾ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ജനങ്ങൾക്ക് ഏറ്റവും ശക്തവും ഫലപ്രദവും ആധുനികവുമായ ജിഹ്വകൾ ലഭിച്ചിരിക്കുന്നു. അതാണു സോഷ്യൽ നെറ്റ്‌വർക്കുകൾ. മറയില്ലാതെ ഏത് കാര്യവും, ഓരോ പ്രശ്നത്തിലും തന്റെ നിലപാടുകളും അപ്പപ്പോൾ ലോകത്തെ അറിയിക്കാൻ ആർക്കും കഴിയും എന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇത് വരെ അനുസരിക്കാൻ മാത്രം ശീലിച്ചവർ സ്വന്തമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങളുടെയും പ്രതിഷേധങ്ങളുടെയും ന്യായാന്യായങ്ങൾ വിചാരണ ചെയ്യപ്പെടുന്നു. നേതാവിന്റെ തലയിൽ മാത്രം ഉദിക്കുന്ന കൃത്രിമ പ്രതിഷേധങ്ങൾ ക്ലച്ച് പിടിക്കാതെ ചീറ്റിപ്പോകുന്നു.

കാലത്തിന്റെ ഈ മാറ്റം നേതാക്കളും അംഗീകരിക്കാൻ നിർബ്ബന്ധിതരായിരിക്കുന്നു. ഫേസ്‌ബുക്കിൽ നേതാക്കൾ അക്കൗണ്ട് തുടങ്ങുന്നു. തിരക്കിനിടയിലും അവർ സ്റ്റാറ്റസ്സ് അപ്‌ഡേറ്റ് ചെയ്യുന്നു. പലരും ഫേസ്‌ബുക്കിൽ വരുന്ന അഭിപ്രായങ്ങൾ വായിക്കുന്നു. എന്റെ ഈ കുറിപ്പ് ഏതെങ്കിലും നേതാവ് വായിക്കാനും എന്റെ നിലപാട് അദ്ദേഹം മനസ്സിലാക്കാനുമുള്ള സാധ്യതയാണു നിലവിൽ വന്നിരിക്കുന്നത്. ഫേ‌സ്‌ബുക്കിന്റെ സ്വാധീനവും പ്രസക്തിയും അനുദിനം വർദ്ധിച്ചുവരികയാണു. ഫേസ്‌ബുക്കിലെ പ്രതികരണങ്ങൾ ആർക്കും അവഗണിക്കാൻ കഴിയാത്തവിധം പ്രചാരം നേടി വരികയാണു. ഇത് മൂലം ജനാധിപത്യവും ഭരണനിർവ്വഹണവും എല്ലാം സുതാര്യമാകാൻ പോവുകയാണു. എല്ലാറ്റിനുമുപരിയായി രാഷ്ട്രീയപാർട്ടികളുടെ രാഷ്ട്രീയമൈലേജിനു വേണ്ടി നടത്തുന്ന കൃത്രിമപ്രതിഷേധങ്ങൾ ജനപിന്തുണ കിട്ടാതെ ഒടുങ്ങിപ്പോവുകയും ശരിയായ ജനകീയപ്രശ്നങ്ങൾ ശ്രദ്ധയാകർഷിക്കാനും അവയുടെ പ്രതിഷേധിക്കാനും പരിഹാരം കാണാനുമുള്ള സാഹചര്യവും നിലവിൽ വരികയാണു. 

അപ്പോൾ പ്രിയപ്പെട്ട ലാൽജോസ് , ശരിക്കും എന്താണു താങ്കളുടെ പ്രശ്നം?

വിശ്വസ്തതയോടെ,
കെ.പി.എസ്.

16 comments:

sidheek Thozhiyoor said...

പ്രതികരണങ്ങളും വിമര്‍ശനങ്ങളും എഴുത്തുകളിലും വാക്കുകളിലും ഒതുക്കാതെ സമൂഹത്തിന്നിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കണമെന്നാണു ലാല്‍ ജോസ്‌ ഉദേശിച്ചത്‌ എന്ന് തോന്നുന്നു.

Ahamed Shibili said...

സോഷ്യല്‍ നെറ്റ്വര്‍ക്ക് വേണ്ട എന്നല്ല , നെറ്റ്വര്‍ക്കുകളില്‍ മാത്രം പ്രതികരണശേഷി ഒതുങ്ങിപ്പോവുന്നു എന്നാണു ലാല്‍ ജോസിന്‍റെ പരിഭവം . അതിന്‍റെ സത്യാവസ്ഥ അന്വേഷിചില്ലെങ്കിലും ലേഖനം നന്നായിട്ടുണ്ട് .

പ്രവീണ്‍ ശേഖര്‍ said...

ലാല്‍ ജോസ് പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് താങ്കള്‍ കോട് ചെയ്തിരിക്കുന്നത് ..അയാള്‍ പറഞ്ഞത് മുഴുവനായും കേട്ടാല്‍ ഒരു പക്ഷെ ഈ ധാരണ മാറാന്‍ വഴിയുണ്ട് എന്ന് തോന്നുന്നു . ഇനി മറ്റൊരു കാര്യം എന്തെന്ന് വച്ചാല്‍ . ലാലു പറഞ്ഞതിനെ പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റില്ല .. പറ്റുമോ ? ഇല്ല. താങ്കള്‍ ചോദിച്ച ചോദ്യവും പ്രസക്തമാണ് . ഇതല്ലാതെ പഴയ രീതിയിലേക്ക് തന്നെ തിരിച്ചു പോകണോ എന്ന് . ലാലു പറയാതെ പറഞ്ഞു നിര്‍ത്തിയിടത് നിന്ന് പറയാന്‍ താങ്കള്‍ക്കും അവസരമുണ്ട് . എന്തൊക്കെയാണ് ഫെയ്സ് ബുക്കിലൂടെ നമുക്ക് കിട്ടിയ ആവിഷ്ക്കാര സ്വാതന്ത്ര്യവും അത് മൂലം നമ്മള്‍ കൈ വരിച്ച നേട്ടങ്ങളും ? മുന്‍കാല സമരങ്ങളെ അത്ര മോശമായി കരുതേണ്ടതുണ്ടോ ? ഇന്ന് ഫെയ്സ് ബുക്ക് ഉള്ളത് കാരണം ആരും അത്തരത്തിലുള സമര മാര്‍ഗങ്ങളില്‍ പോകുന്നില്ല എന്ന് കരുതാമോ ? ( സ്വാതത്ര്യ സമരവും മറ്റും ഫെയ്സ് ബുക്കിലൂടെ അല്ല പൊട്ടി പുറപ്പെട്ടത് എന്ന് ഓര്‍ത്ത്‌ പോകുന്നു ഞാന്‍ . )

താങ്കള്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതെല്ലാം യോജിക്കുന്നു . ഈ തലമുറയ്ക്ക് കിട്ടിയ ഏറ്റവും ശക്തവും ഫലപ്രദവുമായ ജിഹ്വകള്‍ തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ . പക്ഷെ ആ ജിഹ്വ കൊണ്ട് എന്തും വിളിച്ചു പറയാം എന്ന് കരുതുന്ന ചുരുക്കം ചിലരാണ് ഇതിനൊരു അപവാദമാകുന്നതു .

ലാലുവിനാകട്ടെ ഈയിടെയായി സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ കളോട് എന്തോ ഒരു കലിപ്പാണ്‌ താനും . അതിനു വേറെ കാര്യമുണ്ട് . സിനിമകളെ നിരൂപണം ചെയ്യുന്ന ആളുകളുടെ താവളമാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ എന്നും എന്തിനാണിത്ര നിരൂപകര്‍ എന്നൊക്കെ ചോദിച്ചിരുന്നു ഒരിക്കല്‍ ,. ഈ പ്രസ്താവനയും അതിന്റെ ബാക്കിയായി കാണുകയും തള്ളിക്കളയുകയുമാണ്‌ വേണ്ടത് എന്ന് തോന്നുന്നു .

Ananth said...

വലയില്‍ കുടുങ്ങിപോവാതെ നോക്കണം എന്നുപദേശിക്കുന്ന ഈച്ചയെ കുറിച്ച് വലയില്‍ പെട്ടുകിടക്കുന്ന ഈച്ചയുടെ ആത്മഗതം - "ഇയ്യാക്കിതെന്തിന്റെ കേടാ ...ഈ വലയില്‍ കിടക്കുന്നെന്റെ സുഖമോ ഇതിലൂടെ സിദ്ധിക്കാന്‍ പോവുന്ന മോക്ഷപ്രാപ്തിയോ വല്ലോം ഇയ്യാക്ക് അറിയാമോ .....എന്നിട്ട് ചുമ്മാ അങ്ങ് ഉപദേശിക്കാന്‍ ഇറങ്ങിയേക്കും ......അല്ല ഞാന്‍ അറിയാമ്മെലാഞ്ഞിട്ടു ചോദിക്കുവാ ....താനാരുവാ ...എന്തുവാ തന്റെ പ്രശ്നം .....ഞാനീ വലേ തന്നെ കെടന്നാ തനിക്കെന്നാ ....താന്‍ ഒന്ന് പോയേ"

Manoj മനോജ് said...

കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കുന്ന ലേഖനമായി പോയി!!!! ലാൽ ജോസ് പറഞ്ഞത് എന്തെന്ന് ഒന്നു മനസിരുത്തി വായിച്ചിരുന്നുവെങ്കിൽ!!

sumesh said...

ലാല്‍ ജോസ് ഉദ്ദേശിച്ചത് താങ്കള്‍ വിമര്‍ശിച്ച കാര്യങ്ങള്‍ ആവണമെന്നില്ല ...ഫെസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകള്‍ കൂടുതല്‍ കിട്ടുന്ന പോസ്റ്റുകള്‍ക്ക്‌ പകരം സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റുകള്‍ ഇടണം എന്നായിക്കൂടെ ?അങ്ങനെയുള്ള പോസ്റ്റുകളില്‍ ഘോരഘോരം വാ ചലിപ്പിക്കുക മാത്രമല്ല,അതിനായി തങ്ങളാല്‍ ആവും വിധം പ്രവര്‍ത്തിക്കുക കൂടി വേണം എന്നായിക്കൂടെ ? ലാല്‍ ജോസ് പറഞ്ഞു എന്നത് കൊണ്ട് വിമര്‍ശിക്കുന്നതില്‍ കാര്യമില്ല ...

A.K.Anuraj said...

ലാല്‍ ജോസിന്റെ പ്രതികരണം വന്നിരിക്കുന്നതു മനോരമയിലാണെന്നാണു പേജ്‌ കണ്ടിട്ടു തോന്നിയത്‌. ലാല്‍ ജോസിനു പ്രതികരിക്കാന്‍ മനോരമയുണ്ട്‌. കാരണം മനോരമയ്‌ക്കു ലാല്‍ ജോസിനെ വേണം, സെലിബ്രിറ്റിയായതുകൊണ്ട്‌. മനോരമക്കാര്‍ വന്നു ചോദിച്ചാല്‍ ലാല്‍ ജോസ്‌ പ്രതികരിക്കും, കാരണം വലിയ പത്രത്തില്‍ വലിയ പബ്‌ളിസിറ്റി കിട്ടുമെന്നു പ്രതീക്ഷിച്ച്‌. പക്ഷേ, ലാല്‍ ജോസ്‌ ഒരു കാര്യം ചിന്തിച്ചില്ല.

പ്രതികരണ ശേഷിയുള്ള മലയാളികളാണ്‌ വേഗം വേഗം ഫേസ്‌ബുക്കിലേക്കും ട്വിറ്ററിലേക്കും ഗൂഗിള്‍ പ്‌ളസിലേക്കുമൊക്കെ ചേക്കേറുന്നത്‌. ഇക്കാലത്ത്‌ എന്തെങ്കിലും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മകളുടെ പങ്കു കുറച്ചു കാണാനാകുമോ? അത്‌ അണ്ണാ ഹസാരെ സമരമായാലും സ്‌ത്രീപീഡനത്തിനെതിരെയുള്ള പ്രതിഷേധങ്ങളായാലും. ലാല്‍ ജോസ്‌ പ്രതികരിച്ച പത്രമൊക്കെ ഇത്തരം കാര്യങ്ങളില്‍ എന്തു സംഭാവനയാണു ചെയ്യുന്നത്‌? വാര്‍ത്ത പ്രസിദ്ധീകരിക്കുന്നില്ലേ എന്നു മറുചോദ്യമുന്നയിക്കുമായിരിക്കും. അതെന്തിനെന്നുകൂടി ചിന്തിക്കണം: ഇത്തരം വാര്‍ത്തകള്‍ കൊടുത്തില്ലെങ്കില്‍ വായനക്കാരെ നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടു മാത്രമാണു ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌; അതും പറ്റാവുന്നത്ര പ്രാധാന്യം കുറച്ച്‌. പറ്റുമെങ്കില്‍ സിംഗിള്‍ കോളമാക്കും. ഫോട്ടോകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. എന്നിട്ട്‌ ആളില്ലാത്ത റാലികളില്‍ പരിക്ഷീണരായി കൈയുയര്‍ത്തുന്ന അഴിമതിരാഷ്ട്രീയക്കാരുടെ മുഴുകായ ഫോട്ടോകള്‍ അച്ചടിക്കും.

ലാല്‍ ജോസിന്റേതായി പത്രത്തില്‍ കണ്ട വാചകങ്ങള്‍ അദ്ദേഹത്തിന്റേതു തന്നെയാണെങ്കില്‍ പറയാനുള്ളത്‌ പ്രതികരണശേഷി പ്രകടിപ്പിക്കാന്‍ അനുവദിക്കാത്ത പാശ്ചാത്യ വീക്ഷണം വളര്‍ത്തിക്കൊണ്ടുവരാന്‍ സംഘടതിശ്രമം നടക്കുന്നതിനിടെ, അതിനു കീഴടങ്ങാത്തവര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ ഇടമാണു ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍. ദുര്‍ബലമായിരിക്കാം അവയൊക്കെ, പക്ഷേ ശക്തമായ ഒരു ചുവടുവെപ്പാണിത്‌. ബുദ്ധിയുള്ളവര്‍ ആ നീക്കത്തെ പരിപോഷിപ്പിക്കുകയാണു വേണ്ടത്‌. അതിനെ കൂടുതല്‍ ഗുണപരമായി മാറ്റുന്നതെങ്ങനെയെന്നു ചിന്തിക്കുകയാണു വേണ്ടത്‌..

ഫേസ്‌ ബുക്കിനെയൊക്കെ വിമര്‍ശിക്കുന്ന മറ്റൊരു വിഭാഗത്തിന്റെ കാര്യം പരിശോധിച്ചാല്‍ അവര്‍ ഇത്തരം സംവിധാനങ്ങള്‍ ഇതുവരെ ഉപയോഗിച്ചുനോക്കിയിട്ടില്ലെന്നു കാണാം. അഥവാ ഉപയോഗിച്ചുതുടങ്ങിയെങ്കില്‍ തന്നെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ പോയതാണെന്നും വരാം. അല്ലെങ്കിലും, ഇന്നത്തെ സാങ്കേതിക സംവിധാനങ്ങളൊക്കെ ശരിയാംവണ്ണം ഉപയോഗിച്ചു മുന്നോട്ടുപോയിരുന്നെങ്കില്‍ മലയാള ചലച്ചിത്രരംഗം എത്ര മുന്നേറിയേനെ. അരവിന്ദനും അടൂരിനുമൊക്കെ പിന്‍മുറക്കാരുണ്ടായേനെ. അതൊന്നും ഉണ്ടാകുന്നില്ലല്ലോ. അതുണ്ടാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ചെയ്യാവുന്നത്‌ ഇതൊക്കെത്തന്നെ: ഒന്നും തിരിയാതെ പത്രമിറക്കുന്നവരെ കൂട്ടുപിടിച്ച്‌ വല്ലതും വിളിച്ചുപറയുക. സ്വന്തം അജ്ഞത മാലോകരെ അറിയിച്ചു സ്വയം മൂലയ്‌ക്കിരിക്കുകയാണു ചെയ്യുന്നതെന്നു തിരിച്ചറിയുന്നില്ലെന്നു മാത്രം!

Gopal Unnikrishna Kurup said...

ഫൈസ്ബുക്ക് ആശയങ്ങളെ സൃഷ്ടിക്കുകയും തിരുത്തുകയും നവീകരിക്കുകയും ചെയ്യും, ചെയ്യണം. സമൂഹത്തിന്റെ വിവേകം വർദ്ധിപ്പിക്കുക, ബോധതലത്തെ പരിഷ്കരിക്കുക, ഇതാണു യഥാർഥ വിപ്ലവം. വഴികളിലും മൈതാനങ്ങളിലും സാധിക്കാത്തത്.

ഷാജു അത്താണിക്കല്‍ said...

ഇതിൽ മറ്റു തലങ്ങളും ചർച്ച് ചെയ്യേണ്ടി വരും

saji said...

ലാല്‍ ജോസ് പറഞ്ഞതില്‍ ഒരു കുഴപ്പവും ഇല്ല എന്ന് വായിക്കുന്ന ഞ്ങ്ങള്‍ക്കും എഴുതിയ സാറിനും അറിയാം...കുഴപ്പം വേദിയാണ് ...ലാല്‍ ജോസ് ഇതു പറഞ്ഞ വേദി...

Rainy Dreamz ( said...

സത്യത്തില്‍ എനിക്കിതൊക്കെ കാണുമ്പോള്‍ തോന്നുന്ന ചില കാര്യങ്ങള്‍ ഇത്രയേ ഉള്ളൂ.. വളരെ മുന്പ് ലാല്‍ ജോസ് പറയുന്നതിനും മുന്‍പേ ചിലരുടെ ഒക്കെ വാക്കുകളില്‍ നിന്നും എനിക്ക് തോന്നിയതാണ്.

സോഷ്യല്‍ മീഡിയകള്‍ വികസിക്കുമ്പോള്‍ മാറ്റങ്ങള്‍ വളരെ വേഗം സംഭവിക്കുന്നു. ഉദാഹരണത്തിന്, എഫ് ബി യില്‍ ഉള്ള കഴിവുള്ള പത്തു പേര്‍ ഒരുമിച്ചു ചേര്‍ന്ന് സിനിമ പിടിക്കുക എളുപ്പമാണ് . ഒരേ രീതിയില്‍ ചിന്തിക്കുന്ന അല്ലെങ്കില്‍ കഴിവുള്ള ആളുകളെ വളരെ എളുപ്പം കണ്ടു പിടിക്കാംഎന്നൊരു വേഗ വഴി സോഷ്യല്‍ മീടിയകള്‍ക്ക് ഉണ്ട്.ഈ കുന്തം ഇല്ലാതെ എനിക്ക് പറ്റിയ തിരുവനന്തപുറത്തു ഉള്ള ഒരു വ്യക്തിയെ അബൂദാബിയില്‍ ഇരുന്നു എനിക്ക് കൂട്ട് പിടിച്ചു ഒരു കാര്യം ചെയ്യുക സാധ്യമല്ലല്ലോ

രാഷ്ട്രീയക്കാരുടെ വാക്കുകള്‍ അവര്‍ പറയുന്ന ആ ആവേശത്തോടെ അണികള്‍ സ്വീകരിക്കാതെ വരികയും ചെയ്യും. കാരണം ഒരു വാര്‍ത്ത പല തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മീടിയമാണിത്.

ഇതൊക്കെ ചിലരെ വിളറി പിടിപ്പിചെക്കാം. നമ്മള്‍ താഴേക്കു പോകുമോ എന്നൊരു ഭയമല്ലേ ഇത്തരം വിളിച്ചു പറയലുകള്‍ക്ക് പിന്നില്‍ എന്നതാണ് എന്റെ സംശയം.

വളരെ ചുരുക്കം ചിലര്‍ പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇരുന്നു വാചകം അടിക്കാതെ പുറത്തിറങ്ങി പ്രതികരിക്കൂ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരും ഉണ്ടാവാം.

Timoty Louise said...

“ഓറഞ്ചു കഴിക്കാന്‍ നല്ലതാണ്..”......
ആപ്പിള്‍ കഴിക്കാന്‍ കൊള്ളില്ല എന്നുള്ള താങ്കളുടെ വാദം വെറും പൊള്ളയാണ്‌.

റ്റോംസ്‌ || thattakam.com said...

സാധാരണക്കാർക്ക് സ്വന്തമായി അഭിപ്രായം എന്തെങ്കിലും തോന്നിപ്പോയാൽ അതൊന്നും നാലാളെ അറിയിക്കാൻ ഇത്‌വരെയായി ഒരു വേദിയും ഇല്ലായിരുന്നു.
താങ്കള്‍ പറഞ്ഞതും ലാല്‍ ജോസ് ഉദ്ദേശിച്ചതും രണ്ടും രണ്ടാണ് എന്ന് എനിക്ക് തോന്നുകയാണ്. കാരണം പ്രതികരിക്കുക എന്നുള്ളത് ഇപ്പോള്‍ മലയാളിയുടെ ഒരു നവ ട്രെന്റ് കൂടിയാണ്. കാര്യം അതിന്റെ ഗൌരവത്തില്‍ കാണുക എന്നാ വിവക്ഷയാണ് ലാല്‍ ജോസ് നല്കിയത് എന്ന് തോന്നുന്നു. എന്തായാലും ഒരു പ്രതികരണത്തിലൂടെ സുകുമാരന്‍ മാഷ്‌ പറയാന്‍ ശ്രമിച്ചത് അതാണ്‌ ബ്ലോഗിന്റെ (ഓണ്‍ ലൈന്‍ എഴുത്തിന്റെ) ശക്തിയും സാന്നിധ്യവും

Basheer Vallikkunnu said...

സോഷ്യല്‍ മീഡിയക്കപ്പുറത്തുള്ള സാമൂഹിക പ്രതിബദ്ധതയുടെ കാര്യമാകാം ലാല്‍ ജോസ് ഉദ്ദേശിച്ചിരിക്കുക. സോഷ്യല്‍ മീഡിയകളുടെ വളര്‍ച്ച പടിഞ്ഞാറന്‍ നാടുകളിലേതു പോലെ തങ്ങള്‍ക്കു പരയാകുമെന്നു കാണുന്ന പത്രക്കാര്‍ അതിനെ മറ്റൊരു തലത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതാകാനും ഇടയുണ്ട്

HANEESH MANJERI said...

exactly

ajith said...

പ്രതികരണപ്പനി