പെൺ‌മക്കളെ ധീരയായി വളർത്തൂ ...


ഡോക്‌ടർ രജിതകുമാരനെ ചൊല്ലിയുള്ള വിവാദങ്ങൾ രണ്ട് ചിന്താധാരകളുടെ പ്രതിഫലനങ്ങളാണു. സ്ത്രീ അബലയാണു, പ്രകൃത്യാതന്നെ സ്ത്രീകൾക്ക് പരിമിതികളുണ്ട് അത്കൊണ്ട് സ്ത്രീ പുരുഷന്റെ ചൊല്പടിക്ക് നിന്നോണം, ചുരുക്കി പറഞ്ഞാൽ പുരുഷന്റെ രക്ഷാകർതൃത്വത്തിൽ സ്ത്രീ അടിമയായി അടങ്ങിയൊതുങ്ങി ജീവിച്ചോളണം , പുരുഷൻ ബലവാനാണു അവനു പ്രകൃത്യാ പരിമിതികൾ ഇല്ല എന്നൊക്കെയുള്ള പുരുഷാധിപത്യവാദികളാണു രജിതകുമാരനു വേണ്ടി രംഗത്തുള്ളത്.

നേരെ മറിച്ച്, സ്ത്രീയും പുരുഷനും തുല്യരാണെന്നും ആരും ആർക്കും അടിമ അല്ലെന്നും പുരുഷനുള്ള അതേ അധികാരാവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കും ഉണ്ടെന്ന് കരുതുന്നവരാണണു രജിതകുമാരന്റെ എതിർപക്ഷത്തുള്ളത്. സ്ത്രീയടിമാവാദത്തിന്റെ സമകാലിക മിശിഹയായിരിക്കുകയാണു ഡോ.രജിതകുമാരൻ.

ആ ഡോക്‌ടരുടെ കണ്ടുപിടുത്തമാണു ആൺകുട്ടികളെ പോലെ ചാടിയാൽ പെൺകുട്ടികളുടെ യൂട്രസ്സ് ഇളകിപ്പോകും പിന്നെയത് നേരെയാക്കാൻ മൂന്ന് ലക്ഷം രൂപ ചെലവാകും എന്നത്. ആ കണ്ടുപിടുത്തമാണു മഹത്തായ ബയോളജി പാഠമായി രജിതകുമാരാരാധകർ വാഴ്ത്തുന്നത്. എന്നാൽ ചാടിയതിന്റെ പേരിൽ യൂട്രസ്സ് ഇളകിപ്പോയ ഏതെങ്കിലും പെൺകുട്ടിയെ രജിതകുമാരനു കാണിച്ചുതരാനാകുമോ?

സൈക്കിളിൽ സ്ഥിരമായി യാത്രചെയ്യുന്നത്കൊണ്ട് , തൂങ്ങിക്കിടക്കുന്ന ബയോളജിക്കൽ പരിമിതിക്ക് ക്ഷതം പറ്റി സന്താനോല്പാദനശേഷി നഷ്ടപ്പെട്ട് ചികിത്സിക്കുന്ന ചിലരെ എനിക്ക് നേരിട്ടറിയാം. ശരിക്ക് പറഞ്ഞാൽ ജീവനു പോലും അപകടം വരുത്തുന്ന പരിമിതി പുരുഷന്റെ ശരീരത്തിനു പുറത്താണു തൂങ്ങിക്കിടക്കുന്നത്. ബലത്തിന്റെ കാര്യത്തിൽ പുരുഷന്റെ അഹന്ത അസ്ഥാനത്താണു. കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ഏതാനും വൈറസ്സ് മതി പുരുഷന്റെയും ജീവനെടുക്കാൻ. സ്ത്രീക്ക് ഇല്ലാത്ത ഒരു സുരക്ഷിതത്വവും പുരുഷനു മാത്രമായി റിസർവ്വ് ചെയ്തിട്ടില്ല. പിന്നെ പത്ത് മിനിറ്റിന്റെ തെണ്ടിത്തരം. അത് പോട്ടെ.

പെൺകുട്ടികൾക്ക് എങ്ങനെയാണു മൂല്യബോധനം നടത്തേണ്ടത്? ഞാൻ എന്റെ അനുഭവവും രീതിയും പറയാം:

ഒരിക്കൽ ഹൈസ്കൂൾ ക്ലാസ്സ് കഴിഞ്ഞ് വരുന്ന മകൾ ബസ്സിറങ്ങി തല താഴോട്ട് കുനിച്ച് നടന്നുവരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടിൽ എത്തിയപ്പോൾ ഞാൻ മകളെ ഉപദേശിച്ചു. മകളേ തലകുനിച്ച് നടക്കരുത്. നേരെ നോക്കി നടക്കണം. മുന്നിലുള്ള ആരെയും ധൈര്യത്തോടെ അഭിമുഖീകരിക്കാൻ മകൾക്ക് കഴിയണം. ഒരു പെൺകുട്ടിയാണു എന്ന അപകർഷതാബോധത്തോടെ നടക്കരുത്. മോൾ തുല്യ അവകാശവും സ്വാതന്ത്ര്യവും ഉള്ള ഒരു പൗരയായി വളരേണ്ടവളാണു. ആരുടെ മുന്നിലും മോൾക്ക് തലയുയർത്തി നിൽക്കാൻ കഴിയണം.

എന്റെ ഉപദേശം മകൾക്ക് വ്യക്തിത്വം നൽകി. അവൾ ഇന്ന് ASAP എന്ന സർക്കാർ പദ്ധതിയുടെ കണ്ണരിലെ പ്രോഗ്രാം മാനേജരാണു. സ്വന്തമായി ഡ്രൈവ് ചെയ്തുകൊണ്ട് ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിക്കുന്നു. സങ്കോചമില്ലാതെ അവൾ ആരുമായും ഇടപഴകുന്നു. ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. എന്റെ മകൾ എന്റെ അഭിമാനമാണു.

ASAP ന്റെ പ്രോഗ്രാം മാനേജർ നിയമനത്തിനുള്ള ഇന്റർവ്യൂ തിരുവനന്തപുരത്ത് നടക്കുന്നു. വിവാഹിതയായിട്ടും എന്ത്കൊണ്ടാണു സർനെയിം ഭർത്താവിന്റേതായി മാറ്റാതെ അച്ഛന്റേത് തന്നെ തുടരുന്നു എന്ന് ചോദ്യമുണ്ടായി. ഗസറ്റ് വിജ്ഞാപനം ഒക്കെ കൊടുത്ത് പേരു മാറ്റാനുള്ള ബുദ്ധിമുട്ട് നിമിത്തമായിരിക്കും എന്ന് ഇന്റർവ്യൂ ബോർഡിലെ മറ്റൊരു അംഗം ചൂണ്ടിക്കാട്ടി. അപ്പോൾ മകൾ പറഞ്ഞു: അല്ല സർ , ഞാൻ ഇന്ന് ഈ ഇന്റർവ്യൂയിൽ പങ്കെടുക്കാനുള്ള നില ഉണ്ടാക്കിയത് അച്ഛനാണു, അത്കൊണ്ട് സർനെയിം മാറ്റുന്ന കാര്യം ആലോചിട്ടേയില്ല എന്ന്. ആ ഇന്റർവ്യൂയിൽ എന്റെ മകൾക്കായിരുന്നു ഒന്നാം റാങ്ക്.

ഞാൻ ഇത് പറയുന്നത് , ഇങ്ങനെയാണു ഏത് അച്ഛനും മകൾക്ക് മൂല്യബോധനം നടത്തേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണു. പരിമിതികൾ എടുത്ത് പറഞ്ഞ് അപകർഷതാബോധം വളർത്തുകയല്ല വേണ്ടത്. ഏത് സാഹചര്യവും അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം പെൺമക്കളിൽ വളർത്തുകയാണു വേണ്ടത്. ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണു. അതൊക്കെ നേരിടാനുള്ള ധൈര്യവും മന:സാന്നിധ്യവുമാണു പെൺമക്കൾക്ക് പകർന്നുകൊടുക്കേണ്ടത്.

9 comments:

റ്റോംസ്‌ || thattakam.com said...

മാഷെ തീര്‍ത്തും നല്ല പോസ്റ്റ്

വീ കെ said...

വളരെ നല്ല ചിന്തകളും പ്രവർത്തികളും... പക്ഷെ, അധികം പേർക്കും അതിനു കഴിയാറില്ല. ആശംസകൾ...

SREEJITH NP said...

എല്ലാവര്‍ക്കും ഇതുപോലെ കുട്ടികളെ വളര്‍ത്താന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ajith said...

ഉല്‍സാഹജനകമായ സോദ്ദേശലേഖനം

Cv Thankappan said...

നല്ല ഉപദേശങ്ങള്‍ കേട്ടു വളര്‍ന്നാല്‍...,....!
എല്ലാ കുട്ടികളും ഇതുപോലെ ആയിതീര്‍ന്നെങ്കില്‍,........!!!
ഇവിടെ പങ്കുവെച്ചത്‌ നല്ല ചിന്തകളായി സുകുമാരന്‍ സാറെ.
ആശംസകള്‍

Manoj മനോജ് said...

"വിവാഹിതയായിട്ടും എന്ത്കൊണ്ടാണു സർനെയിം ഭർത്താവിന്റേതായി മാറ്റാതെ അച്ഛന്റേത് തന്നെ തുടരുന്നു എന്ന് ചോദ്യമുണ്ടായി"

:) ആ ഭർത്താവിനെ ഞാൻ സെല്യൂട്ട് ചെയ്യുന്നു... ഭാര്യയെ നിർബന്ധപൂർവ്വം പേരു മാറ്റിച്ചില്ലല്ലോ...

എന്റെ ഭാര്യയുടെ പേരിൽ മാറ്റം വരുത്താത്തതിനാൽ അമേരിക്കൻ ഓഫീസിൽ ചെന്നപ്പോൾ എന്ത് കൊണ്ട് ലാസ്റ്റ് നെയിം ഭർത്താവിന്റെ ലാസ്റ്റ് നെയിമാക്കി മാറ്റിയില്ല എന്ന ചോദ്യം നേരിടേണ്ടി വന്നപ്പോൾ ശരിക്കും അത്ഭുതമാണുണ്ടായത്... സ്ത്രീ സ്വാതന്ത്ര്യത്തിനു പേരു കേട്ട രാജ്യത്ത് പോലും സ്ത്രീ ഭർത്താവിന്റെ ലാസ്റ്റ് നെയിം ചേർക്കണം (അമേരിക്കയിൽ വിവാഹമോചനവും പുനർവിവാഹവും സാധാരണമാണെന്നും ഓർക്കുക)....

എന്റെ കാഴ്ചപ്പാടിൽ വിവാഹം കഴിക്കുമ്പോൾ പുരുഷൻ പേരു മാറ്റുന്നില്ല എന്നിരിക്കേ ഭാര്യ മാത്രം എന്തിനു പേരുമാറ്റണം എന്നതാണു!!

നിസ്സഹായന്‍ said...

രജിത്കുമാര്‍ ഫാന്‍സുകാര്‍ വായിക്കേണ്ട നല്ല പോസ്റ്റ്. പെണ്‍ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കും ഉപകാരപ്പെടുന്ന പോസ്റ്റ്.

ചാർ‌വാകൻ‌ said...

സുമാരേട്ടാ,നല്ല പൊസ്റ്റ്.എനിക്ക് മൂന്നു പെണ്മക്കളാണ്.മതങ്ങളൊന്നും പടികയറി അകത്തുവന്നിട്ടില്ലാത്തതിനാൽ ഇങ്ങനെയൊക്കെയാണ് അവരും വളരുന്നത്.

സങ്കൽ‌പ്പങ്ങൾ said...

അതെ പെൺകുട്ടികളെ ആൺകുട്ടികളായല്ലാതെ നല്ല പെൺകുട്ടിയായ് വളർത്താൻ വേണ്ടി എല്ലാവർക്കും ഈ പോസ്റ്റ് ഉപകരിക്കട്ടെ.....ആശംസകൾ....