ഇന്ന് രാവിലെ ഫേസ്‌ബുക്കില്‍ വായിച്ച ഒരു ബുദ്ധിജീവി-പുരോഗമനക്കാരന്റെ സ്റ്റാറ്റസ്സ് തുടങ്ങുന്നത് ഇങ്ങനെയാണ്:
“റെയ്പ് എക്കാലത്തും ഭരണകൂടശക്തികള്‍ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു പോന്നിട്ടുള്ള, അടിച്ചമര്‍ത്തല്‍ ലക്‌ഷ്യം വെച്ചുള്ള അധികാര പ്രയോഗമാണ്.”
അതായത് നാട് സ്വതന്ത്രമായതോ, ഇവിടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ ഭരണം നടത്തുന്ന ജനാധിപത്യസമ്പ്രദായം നിലവില്‍ വന്നതോ ഈ പുരോഗമനക്കാരന്‍ അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല. ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുന്ന, ജനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന, ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത അധികാരകേന്ദ്രമായ ഒരു ഭരണകൂടം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് ഈ പുരോഗമനക്കാരന്‍ പറയുന്നത്.
ഇതാണ് ഞാന്‍ പറയുന്ന കമ്മ്യൂണിസ്റ്റ് രോഗം. അവര്‍ ഇപ്പോഴും വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വാവ്യവസ്ഥിതി ആണെന്ന് അവര്‍ വിശ്വസിക്കണം. ഇവിടത്തെ സര്‍ക്കാര്‍ എന്നത് ബൂര്‍ഷാവര്‍ഗ്ഗത്തിന്റെ മര്‍ദ്ധനോപകരണമാണെന്നും അവര്‍ വിശ്വസിച്ചേ തീരൂ. എന്തെന്നാല്‍ അവരുടെ മസ്തിഷ്കം കമ്മ്യൂണിസ്റ്റ് രോഗബാധിതമാണ്. ആ രോഗം ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവം നടത്തി അവരുടെ വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നത് വരെ എല്ലാം ബൂര്‍ഷ്വാ ആണ്.
മറ്റെല്ലാ പാര്‍ട്ടികളെയും അടിച്ചമര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്നാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ വിശ്വസിക്കേണ്ടത്. ഇവിടെ സംഭവിക്കുന്ന എല്ലാ ദൂഷ്യങ്ങളും ബൂർഷ്വാ വ്യവസ്ഥിതിയുടെ ഫലമാണ് എന്നും കമ്മ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കണം. ആ വ്യവസ്ഥിതി മാറ്റുക എന്നതാണ് ഇപ്പോഴും തങ്ങളുടെ ദൌത്യമെന്ന് അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കണം. അതാണ് കമ്മ്യൂണിസ്റ്റ് രോഗം. ഇതാണ്, ഇത് തന്നെയാണ് ജനാധിപത്യ സമ്പ്രദായം ഇതിനപ്പുറം ഒരു ജനാധിപത്യമില്ല, നമ്മള്‍ ഇതിനെ നന്നാക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞാലൊന്നും കമ്മ്യൂണിസ്റ്റുകാരന്റെ തലയില്‍ കയറില്ല. അവിടെ മറ്റേ സംഗതിയുണ്ടല്ലൊ, വര്‍ഗ്ഗസമരം.
ഈ ഒരു ബോധത്തില്‍ നിന്നാണ് ഞാന്‍ മേലെ ഉദ്ധരിച്ച പുരോഗമനക്കാരന്റെ ഭരണകൂടശക്തികളുടെ പ്രയോഗമാണ് റെയ്പ് എന്ന കണ്ടുപിടുത്തം ഉത്ഭവിക്കുന്നത്. മറ്റൊരു അതിബുദ്ധിജീവിയും അതിപുരോഗമനക്കാരിയുമായ അരുന്ധതി റോയിയും എന്തോ പറഞ്ഞിട്ടുണ്ടല്ലൊ. ഡല്‍ഹിയിലെ പ്രക്ഷോഭം, പാവപ്പെട്ട പ്രതികള്‍ മധ്യവര്‍ഗ്ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്കൊണ്ട് മധ്യവര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണത് എന്നാണ് അരുന്ധതി റോയിയുടെ നിരീക്ഷണം. അതായത്, അരുന്ധതി റോയിയുടെ കാഴ്ചപ്പാടില്‍ പ്രക്ഷോഭം എന്നത് യഥാര്‍ഥ പ്രക്ഷോഭമാകണമെങ്കില്‍ പ്രതികള്‍ മധ്യവര്‍ഗ്ഗത്തിലും ഇര ആദിവാസി-ദലിത്-പിന്നോക്കവിഭാഗത്തിലും പെടണം. ഇതും ഒരു രോഗമാണ്, പുരോഗമന-ബുദ്ധിജീവിരോഗം. ഈ രോഗം കലശലായി ബാധിച്ചവര്‍ക്ക് മനുഷ്യരെ സമഗ്രമായി കാണാന്‍ കഴിയില്ല. മാത്രമല്ല എപ്പോഴും എന്തെങ്കിലും ഒരു ജാടയും കാണിക്കണം.
കമ്മ്യൂണിസ്റ്റ് രോഗത്തിന്റെ മറ്റൊരു ലക്ഷണം അവര്‍ക്ക് മുതലാളിമാരെ സഹിക്കാന്‍ പറ്റില്ല എന്നതാണ്. മുതലാളിമാര്‍ കുത്തകമുതലാളിമാരും പിന്നീട് സാമ്രാജ്യത്വമായും മാറി ജനങ്ങളെ എന്നും ഉപദ്രവിക്കും എന്നാണവരുടെ പേടി. അതിനും പോംവഴിയുണ്ട്, കമ്മ്യൂണിസ്റ്റുകാരന്റെ മാത്രം ഭരണം. കമ്മ്യൂണിസ്റ്റുകാരന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍ മാത്രം ഭരിക്കുമെന്നതിനാല്‍ ആ ഭരണാധികാരി എന്ത് കാണിച്ചാലും മറുത്തൊന്നും പറയരുത്. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വകള്‍ക്ക് വേണ്ടിയുള്ള ഭരണമായത്കൊണ്ട് ഈ ഭരണകൂടം കുത്തകമുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് എന്നും പാവപെട്ടവരെ നിര്‍ദ്ധയം ചൂഷണം ചെയ്തിട്ട് ആ ചൂഷണത്തുകയാണ് കുത്തകകള്‍ക്ക് കൊടുക്കുന്നത് എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുകയും അത് സദാ ഉരുവിടുകയും വേണം. അല്ലാതെ വേറെ വഴിയില്ലാലോ, രോഗം അമ്മാതിരിയായിപ്പോയില്ലേ.
മുതലാളിമാര്‍ എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് ചെറുകിട സംരംഭകര്‍ മാത്രമാണ്. ബാക്കിയുള്ള കമ്പനികള്‍ക്കൊന്നും മുതലാളിമാരില്ല. ഏത് കമ്പനിയുടെയും ഉടമസ്ഥര്‍ അതിന്റെ ഓഹരിയുടമകളാണ്. മുതലാളി, കുത്തകമുതലാളി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് ഇന്നത്തെ ഓഹരി മൂലധനത്തിന്റെ കാലഘട്ടത്തില്‍ പഴയ അര്‍ഥമല്ല ഉള്ളത്. കാറല്‍ മാര്‍ക്സിന്റെ കാലത്തുള്ള മുതലാളിവര്‍ഗ്ഗം ഇപ്പോഴില്ല. ഏത് കമ്പനിയിലും പാവപ്പെട്ടവനും ഓഹരി എടുക്കാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് ലോകം മാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
കമ്പനികള്‍ ഇല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. എനിക്ക് ഒരു കമ്പ്യൂട്ടര്‍ വേണമെങ്കില്‍ അത് ഉല്പാദിപ്പിക്കുന്ന കമ്പനി വേണം. ആര്‍ക്കെങ്കിലും മൊബൈല്‍ ഫോണ്‍ വിളിക്കണമെങ്കില്‍ ആ സൌകര്യം ഏര്‍പ്പെടുത്തിത്തരാന്‍ കമ്പനികള്‍ വേണം. ചുരുക്കത്തില്‍ എനിക്ക് എന്ത് വേണമെങ്കിലും അതൊക്കെ ഒരുക്കിത്തരാന്‍ കമ്പനികളോ ചെറുകിട മുതലാളിമാരോ വേണം. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇതൊക്കെ വേണം. പക്ഷെ അതവര്‍ സമ്മതിച്ചു തരില്ല. ജനങ്ങള്‍ എല്ലാവരും ഒരേ പോലെ സമത്വത്തില്‍ ഇരിക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിത്തരും എന്നുമാണ് അവര്‍ പറയുക.
എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആക്കി സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ചിട്ട് അതൊന്നും വിജയിച്ചില്ലാലോ, അത്കൊണ്ട് ഇവിടെ നടപ്പ് രീതിയില്‍ ഉള്ള സമ്പ്രദായമല്ലേ പ്രായോഗികമായതും ശരിയും എന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചുതരില്ല. ചില രാജ്യങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും അന്തിമമായി വിപ്ലവം വരുമെന്നും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് ലോകത്ത് സോഷ്യലിസവും ഒടുവില്‍ ശാസ്ത്രീയ കമ്മ്യൂണിസവും വരുമെന്നും അവര്‍ വിശ്വസിക്കുന്നു. കാരണം മാര്‍ക്സിസം അജയ്യവും ശാസ്ത്രവും ആണ് പോലും. അത്കൊണ്ട് പുറമേക്ക് ജനാധിപത്യവും പാര്‍ലമെന്റിന്റെ മഹത്വവും ഒക്കെ പറഞ്ഞാലും ഇവിടെ നടക്കുന്ന ഭരണം ബൂര്‍ഷ്വകള്‍ക്ക് വേണ്ടി ബൂര്‍ഷ്വകള്‍ നടത്തുന്നതാണെന്നാണ് ഓരോ സഖാവും വിശ്വസിക്കേണ്ടത്. ചില വിശ്വാസരോഗങ്ങള്‍ക്ക് ചികിത്സയില്ല.
ജനാധിപത്യ വിശ്വാസികള്‍ ഭരണകൂടം എന്ന വാക്ക് ഉപയോഗിക്കരുത്. അത് കമ്മ്യൂണിസ്റ്റ് പദാവലിയിലെ പ്രയോഗമാണ്. ഭാഷയില്‍ കുറെയധികം കമ്മ്യൂണിസ്റ്റ് പദങ്ങള്‍ കലര്‍ന്ന് ആളുകള്‍ അതൊക്കെ സ്വാഭാവിക വാക്കുകളാണെന്ന് ധരിച്ചുപോയിട്ടുണ്ട്. ഇവിടെയുള്ള സര്‍ക്കാര്‍ നമ്മുടെ സര്‍ക്കാരാണ്. സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ നമ്മളാണ് പ്രതിനിധികളെ നിശ്ചയിക്കുന്നത്. സര്‍ക്കാരിന്റെ രൂപവും ഭാവവും തീരുമാനികേണ്ടത് നമ്മളാണ്. നമുക്കിടയേ അഭിപ്രായയൈക്യം ഉണ്ടോ എന്നതാണ് പ്രശ്നം. എന്തായാലും നമ്മളില്‍ ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനേക്കാളും മെച്ചപ്പെട്ട മറ്റൊരു സമ്പ്രദായം ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക. ഭരണകൂടം എന്ന വാക്ക് ഹിറ്റ്ലരുടെയോ സ്റ്റാലിന്റെയോ അല്ലെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണ് ചേരുക. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനകീയ സര്‍ക്കാരാണ് ഉണ്ടാവുക. സര്‍ക്കാര്‍ എന്നത് സമൂഹത്തിന്റെ സുരക്ഷക്കും സുസ്ഥിതിക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്നും മനസ്സിലാക്കണം.
നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ ചെയ്യേണ്ടത് സദാ സര്‍ക്കാര്‍ വിരുദ്ധം പാടലല്ല. ആദ്യമായി ഇത് നമ്മുടെ സര്‍ക്കാരാണ് എന്ന് ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയല്ല. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയിലാണ് പൌരസമൂഹത്തിന്റെ തുടര്‍ച്ചയും ഉണ്ടാകുന്നത്. അത് കൊണ്ട് സര്‍ക്കാര്‍ ശരി ചെയ്യുമ്പോള്‍ ആ ശരിയെ അംഗീകരിക്കുക. തെറ്റ് ചെയ്യുമ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാണിക്കുക, വിമര്‍ശിക്കുക. അതാണ് വേണ്ടത്.