സി.പി.എമ്മിനെ മെരുക്കണം ..

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒന്ന് മെരുക്കിയെടുക്കാനാണ്, മാര്‍ക്സിസ്റ്റ് അനുഭാവികളും മാര്‍ക്സിസ്റ്റ് വിരുദ്ധരുമായ എല്ലാവരും ചേര്‍ന്ന പൊതുസമൂഹം ശ്രമിക്കേണ്ടത്. എന്തെന്നാല്‍ ഇത് പോലെ പ്രാകൃതശൈലിയുള്ള ഒരു പാര്‍ട്ടി ആധുനിക കേരളത്തിന് ഭൂഷണമല്ല.  തങ്ങള്‍ക്ക് എന്തും ചെയ്യാം എന്തും പറയാം ആരുണ്ടിവിടെ ചോദ്യം ചെയ്യാന്‍ എന്ന നിലപാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ പെരുമാറുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും പാര്‍ട്ടി തീപ്പന്തമാകുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്നൊക്കെയാണ് അതിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. അണികളാണെങ്കില്‍ കോടതിയെ വരെ കല്ലെറിയുന്നു.

തങ്ങളുടെ ചെയ്തികളെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. അപ്രകാരം വാര്‍ത്തകള്‍ വരുന്നത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള വലത്പക്ഷ മാധ്യമ ഗൂഢാലോചന ആണത്രെ. അതേ സമയം അവര്‍ക്ക് അനുകൂലമാകുന്ന വാര്‍ത്തകളും അവരുടെ പ്രസ്താവനകളും മാധ്യമങ്ങളില്‍ വരികയും വേണം.  തങ്ങള്‍ പറയുന്നത് എന്തായാലും  അതൊക്കെ നല്ല വറ്റ് തിന്നുന്നവര്‍  ഈ ഇലക്ട്രോണിക്ക് യുഗത്തിലും  വിശ്വസിച്ചുകൊള്ളുമെന്ന് അവര്‍ കരുതുന്നു. ഈ ആധുനികകാലത്ത് ഒരു കാര്യവും രഹസ്യമാക്കി വെക്കാന്‍ കഴിയില്ല എന്നും സത്യം ഞൊടിയിടക്കുള്ളില്‍ ലോകം മുഴുക്കെ പരക്കുമെന്നും നുണ പറഞ്ഞാല്‍ തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും മാര്‍ക്സിസ്റ്റ് നേതാക്കള്‍ മനസ്സിലാക്കുന്നില്ല.  ആശയനവീകരണക്ഷമത ഇല്ലാതെ പഴയ ഫ്യൂഡല്‍ ബോധത്തില്‍ നിന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ മോചിതരാകാത്തത്കൊണ്ടാണിത്. അമ്മാതിരി ആളുകളാണ് ആ പാര്‍ട്ടിയില്‍ നേതൃത്വശ്രേണിയില്‍ എത്തിപ്പെടുന്നത്.

ജനാധിപത്യ സംവിധാനങ്ങളെ പരമാവധി ദുരുപയോഗം ചെയ്യാനും അതേ സമയം ആ സംവിധാനങ്ങളെ കളങ്കപ്പെടുത്താനും ഒരേ സമയം പാര്‍ട്ടി ശ്രമിക്കുന്നു.  തനിക്കെതിരെയുള്ള FIR തള്ളിക്കളയാന്‍ എം.എം. മണി സുപ്രീം കോടതിയെ വരെ സമീപിക്കുന്നു. അതേ സമയം ടി.പി.വധക്കേസില്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്താനും തെളിവെടുപ്പിന് പോലീസ് പോകുമ്പോള്‍ അണികളെ നിരത്തി പ്രതിരോധിക്കുകയും ചെയ്യുന്നു.  ഫസലിനെ വധിച്ചിട്ട് അത് ആറെസ്സെസ്സിന്റെ തലയില്‍ കെട്ടിവെക്കാനും അങ്ങനെ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനും ശ്രമിച്ചു. ഫസലിന്റെ വിധവ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയപ്പോള്‍ അതിനെ എതിര്‍ത്ത് ഇടത്പക്ഷ സര്‍ക്കാര്‍ , ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സുപ്രീം കോടതി വരെ പോയി എന്നത് കേരളീയര്‍ ലജ്ജിക്കേണ്ട സംഗതിയാണ്.

നാട്ടില്‍ ആളുകള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടിയെ പറ്റി പറയാന്‍ ഭയപ്പെടുന്നു.ആ ഒരു ഭയമാണ് സിപി‌എമ്മിന്റെ നിലനില്പിനാധാരം. ഒരു ജനതയെ ഒന്നടങ്കം ഭയത്തിന്റെ പുതപ്പിനടിയില്‍ കിടത്തിയിട്ട് പ്രാകൃതമായ രീതിയില്‍ പാര്‍ട്ടി നടത്തിക്കൊണ്ടുപോയി , തങ്ങള്‍ പുരോഗമനക്കാരാണെന്ന് പറയുന്നത് കാപട്യവും തട്ടിപ്പുമാണ്. നേരെ ചൊവ്വെ, സുതാര്യമായും  ജനങ്ങളോട് കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞും പാര്‍ട്ടി നടത്തിക്കൂടേ? അതിന് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമായിരിക്കണം. ഇപ്പോള്‍ സി.പി.എം. എന്ന പാര്‍ട്ടി അതിന്റെ മെമ്പര്‍മാര്‍ക്കും നേതാക്കള്‍ക്കും ലാഭം ഉണ്ടാക്കിത്തരുന്ന ഒരു വ്യവസായസ്ഥാപനമായി മാറിയിട്ടുണ്ട്. അത്കൊണ്ടാണ് എന്തും ചെയ്തും പാര്‍ട്ടിയെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഒരു ഇടത്പക്ഷം വേണമെന്ന് ആഗ്രഹിക്കുകയും സി.പി.എമ്മിന്റെ സഹയാത്രികരായിരിക്കുകയും ചെയ്യുന്ന ശുദ്ധാത്മാക്കള്‍ ഈ വ്യതിയാനം തിരിച്ചറിഞ്ഞിട്ടില്ല.

സി.പി.എം. തകരണമെന്ന് ആര്‍ക്കും ആഗ്രഹമുണ്ടാവുകയില്ല. ഇവിടെ എത്ര പാര്‍ട്ടികളുണ്ട്. ഏത് പാര്‍ട്ടിക്കും ജനാധിപത്യത്തില്‍ ഇടം ഉണ്ടാകണം. അതാണ് ജനാധിപത്യത്തിന്റെ സൌന്ദര്യം. ഈ യാഥാര്‍ഥ്യം സി.പി.എമ്മിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം. അങ്ങനെ അംഗീകരിച്ചിരുന്നുവെങ്കില്‍ ആര്‍.എം.പി.യുടെ നേതാവ് ചന്ദ്രശേഖരനെ അവര്‍ വധിക്കുമായിരുന്നില്ല. ആ ജനാധിപത്യം ഉള്ളത്കൊണ്ടല്ലേ സി.പി.ഐ.യില്‍ നിന്ന് പിളര്‍ന്ന് വന്ന് സി.പി.എമ്മിനും പ്രവര്‍ത്തിക്കാനായത്. അത്കൊണ്ട് സി.പി.എമ്മിനെ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയായി മെരുക്കിയെടുക്കാനും നവീകരിക്കാനും അതിനെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാവരും ശബ്ദം ഉയര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.  ഏത് ചന്ദ്രശേഖരനും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ഇനി കേരളത്തില്‍ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടുകൂട. സി.പി.എമ്മിന്റെ പ്രാകൃതത്വത്തിന് ആ പാര്‍ട്ടി മാത്രമല്ല ഒരോ കേരളീയനും ഉത്തരവാദിയാണ്.

മാറാന്‍ സി.പി.എമ്മും മാ‍റ്റാന്‍ ജനങ്ങളും തയ്യാറെടുക്കുക. അതിനായി ജനങ്ങള്‍ ഭയം വെടിഞ്ഞ് ഉച്ചത്തില്‍ സംസാരിക്കുക. ആ സംസാരം കേട്ട് പ്രകോപിതരാകാതെ ആത്മവിമര്‍ശനത്തിന് സി.പി.എം. അണികളും നേതാക്കളും തയ്യാറാവുക.

2 comments:

ഞാന്‍ പുണ്യവാളന്‍ said...

സ്വയം മാറൂ മാറ്റം നമ്മെ തേടി വരും ഇതാണ് പുണ്യാളന്റെ മുദ്രാവക്ക്യം ....

അപ്പൊ എന്റെ @ ഞാനാധിപത്യം കൊല്ലപെടുമ്പോള്‍ എന്നാ ലേഖനം കൂടെ ഇതിനോടൊപ്പം ചേര്‍ത്തു വയ്ക്കാം !!

ajith said...

ഈ സി പി എമ്മുകാര്‍ക്കൊന്നും ഇത്രയ്ക്ക് ബുദ്ധിയില്ലേ...?അവര്‍ക്ക് ധാര്‍ഷ്ട്യവും അവിവേകവും മാത്രമേയുള്ളുവെന്ന് തോന്നുന്നു സമകാലികവാര്‍ത്തകള്‍ കാണുമ്പോള്‍