Links

അണ്ണാ ഹസാരയുടെ ധര്‍മ്മസമരം ജനങ്ങള്‍ ഏറ്റെടുക്കണം.

അണ്ണാ ഹസാരെ ആരംഭിച്ചിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ധര്‍മ്മ സമരമാണ്.  നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ പുതുക്കി പണിയാനുള്ള സമരമാണ് ഇത് എന്നാണ് ഹസാരെ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ സമരം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനും ജനങ്ങള്‍ മുന്നോട്ട് വരികയും ലക്ഷ്യം കാണുന്നത് വരെ പൊരുതാന്‍  തയ്യാറാവുകയും വേണം. ഇതൊരു രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് പറയുമ്പോള്‍ ആരില്‍ നിന്നാണ് ഇപ്പോള്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടേണ്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. അത്പോലെ തന്നെ ഈ സമരത്തില്‍ ആരാണ് ജനങ്ങളുടെ എതിര്‍പക്ഷത്ത് ഉള്ളത് എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും അടിമത്വത്തിനും എതിരായിരുന്നുവല്ലോ. ഇപ്പോള്‍ ഈ സമരം , രണ്ടാം സ്വാതന്ത്ര്യസമരം ആര്‍ക്കെതിരായിട്ടാണ്, ആരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടാനാണ്?  അഴിമതിക്കാര്‍ക്ക് എതിരെയാണ് ഈ സമരം എന്ന് ഒറ്റവാക്കില്‍ പറയാം. അഴിമതി നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ തന്നെയാണ്. അഴിമതിയാണ് ജനങ്ങളുടെ ജീവിതം ദുരിതമാക്കുന്നത്. അഴിമതി ജനങ്ങളെ നിരന്തരം വേട്ടയാടുന്നുണ്ട്.  നമ്മള്‍ ദിനവും സഞ്ചരിക്കുന്ന റോഡുകള്‍ നോക്കൂ. ആ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടാക്കുന്നത് ആ‍രാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ എന്തെങ്കിലും കാര്യത്തിന് പോയി നോക്കൂ. നമ്മുടെ സമയത്തിന് പുല്ല് വില കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യം കണ്ടിട്ടുണ്ടോ? ഇതൊക്കെ അഴിമതിയുടെ ഉദാഹരണങ്ങളാണ്.

ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ എന്ത് തന്നെയായാലും കാര്യങ്ങള്‍ക്ക് ഒരു നേരും നെറിയും ഉണ്ടായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്.  ജനാധിപത്യവിരുദ്ധമായിരുന്നെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ മെഷിനറി ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു എന്നും കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും ഭയപ്പെട്ടിരുന്നു എന്നും നമുക്ക് അറിയാം.  അതൊക്കെ അടിയന്തിരാവസ്ഥയുടെ നല്ല വശങ്ങളല്ലേ എന്ന് പറഞ്ഞപ്പോള്‍ അതിന് പൌരാവകാശങ്ങള്‍ ധ്വംസിക്കുന്ന അടിയന്തിരാവസ്ഥ എന്തിന്, അല്ലാതെ തന്നെ സര്‍ക്കാരിന് നിയമം മൂലം ഉദ്യോഗസ്ഥരുടെ ജനസേവനവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കലും ഉറപ്പാക്കാമല്ലൊ എന്നാണ് ഉത്തരം തരപ്പെട്ടത്. എന്നാല്‍ അടിയന്തിരാവസ്ഥ പിന്‍‌വലിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കരിഞ്ചന്തയും കൃത്രിമവിലക്കയറ്റവും അഴിമതിയും കൈക്കൂലിയും എല്ലാം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയാണുണ്ടായത്. അതിന്റെ പാരമ്യമാണ് ഇന്ന് കാണുന്നത്. ഒന്നിനും ഒരു വ്യവസ്ഥയുമില്ല.

ഉദ്യോഗസ്ഥന്മാരും വ്യാപാരികളും  മുതലാളിമാരും രാഷ്ട്രീയക്കാരും ഇന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ കൊള്ളക്കൂട്ടത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ കഴിയില്ല. രാഷ്ട്രീയക്കാരില്‍ നല്ലവര്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ നല്ലവരായവര്‍ പോലീസിലുമില്ലേ എന്ന് പറയേണ്ടി വരും.  അഴിമതിക്ക് വേണ്ടതായ സംരംക്ഷണം കിട്ടുന്നത് തീര്‍ച്ചയായും രാഷ്ട്രീയക്കാരില്‍ നിന്നാണ്. രാഷ്ട്രീയക്കാര്‍ അഴിമതിരഹിതര്‍ ആയിരുന്നെങ്കില്‍ രാജ്യത്ത് അഴിമതി ഇത്ര വ്യാപിക്കുകയില്ലായിരുന്നു. മറ്റൊരു വരുമാനവുമില്ലാത്ത മുഴുവന്‍ സമയ പാര്‍ട്ടി നേതാക്കള്‍/പ്രവര്‍ത്തകര്‍ ആര്‍ഭാടപൂര്‍വ്വം ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അത് അഴിമതിയിലൂടെയാണ് എന്നതിന് തെളിവ് വേണോ? സ്വാതന്ത്ര്യാനന്തരം അഴിമതി ഇത്ര മൂര്‍ച്ഛിക്കാന്‍ കാരണം അഴിമതിയുടെ പെറ്റമ്മയും പോറ്റമ്മയും രാഷ്ട്രീയക്കാര്‍ ആയത്കൊണ്ട് തന്നെയാണ്.  ഇത് രാഷ്ട്രീയക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്.  സംശയമുണ്ടെങ്കില്‍ ആരാണ് അഴിമതിക്കാര്‍ എന്ന് ഒരു പാര്‍ട്ടിക്കാരനോട് ചോദിച്ചു നോക്കൂ, മറ്റേ പാര്‍ട്ടിക്കാര്‍ എന്നായിരിക്കും പെട്ടെന്നുള്ള ഉത്തരം.  അഴിമതിയാരോപണം നേരിടാത്ത ഒരു പാര്‍ട്ടിക്കാരനും ഇന്ത്യയില്‍ ഇല്ല തന്നെ.  ഓരോ പാര്‍ട്ടിക്കാരനും തന്നെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന അനുയായിവൃന്ദം ഉള്ളത്കൊണ്ടാണ് രക്ഷപ്പെട്ടുപോകുന്നത്.

രാഷ്ട്രീയക്കാര്‍ക്കെതിരെ സംസാരിക്കുമ്പോഴോ,  രാഷ്ട്രീയക്കാരെ പങ്കെടുപ്പിക്കാതെ എന്തെങ്കിലും സമരം നടത്തുമ്പോഴോ അതിനെ അരാഷ്ട്രീയവല്‍ക്കരണം എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും ശ്രമിക്കാറുണ്ട്.  സ്വന്തം വയറ്റുപ്പിഴപ്പിന്റെ കാര്യം വരുമ്പോള്‍ , അത് വരെ പരസ്പരം അഴിമതി ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ ഒരേതൂവല്‍ പക്ഷികളെ പോലെ ഒരുമിക്കാറുണ്ട്. സ്വന്തം വര്‍‌ഗ്ഗപരമായ ഐക്യം കാത്ത് സൂക്ഷിക്കാറുണ്ട്. അപ്പോള്‍ വിഡ്ഡികളാക്കപ്പെടുന്നത് ജനങ്ങളാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ തന്ത്രപരമായ ഈ ഐക്യത്തിലൂടെയാണ് എല്ലാ തിന്മകളും നാട്ടില്‍ നിലനിന്നുപോകുന്നത് എന്ന് നാം തിരിച്ചറിയണം. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ പറയുന്ന അരാഷ്ട്രീയം ഇന്നത്തെ നിലയില്‍ ഏറ്റവും പുരോഗമനപരമായ ചിന്തയാണ്.

അണ്ണാ‍ ഹസാരെയെ പോലെ ഒരു സമരത്തിന് ഇറങ്ങാന്‍ ഇന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് കഴിയുമോ? അതിനുള്ള ആര്‍ജ്ജവവും ധാര്‍മ്മികബലവും ഉള്ള ഏതെങ്കിലും രാഷ്ട്രീയനേതാവ് ഇന്ന് ഇന്ത്യയില്‍ ഉണ്ടോ? ഇല്ല. എന്ത്കൊണ്ട്? രാഷ്ട്രീയക്കാരന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് അധികാരത്തിനും പദവിക്കും അധ്വാനിക്കാതെ ആഡംബരപൂര്‍വ്വം ജിവിയ്ക്കാനും വേണ്ടിയാണ്. ത്യാഗപൂര്‍ണ്ണമായ രാഷ്ട്രീയപ്രവര്‍ത്തനം സ്വാതന്ത്ര്യത്തിന് മുന്‍പ് മാത്രമേ നടന്നിട്ടുള്ളൂ.  അത്കൊണ്ട് രാജ്യത്ത് ഇനി വല്ല പരിവര്‍ത്തനവും നടക്കണമെങ്കില്‍ അതിന് നേതൃത്വം നല്‍കാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തിന് പുറത്ത് നിന്ന് ആളുകള്‍ മുന്നോട്ട് വരണം. അതാണ് അരാഷ്ട്രീ‍യത്തിന്റെ രാഷ്ട്രീയം. ഈ കാലഘട്ടത്തിന്റെ ശരിയായ രാഷ്ട്രീയം. അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയാകുന്നത് അങ്ങനെയാണ്.  ഈ സമരം രണ്ടാം സ്വാതന്ത്ര്യസമരമാകുന്നത് അഴിമതിക്കാരായ സര്‍വ്വരാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കും എതിരായി ജനങ്ങളുടെ പ്രത്യക്ഷസമരമാകുമ്പോഴാണ്.  ഇതൊരു തുടക്കം മാത്രമാണെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ജന ലോക്‍പാല്‍ ബില്‍ ഒറ്റമൂലിയല്ല.  അത് ആദ്യത്തെ ഒരു പടി മാത്രമാണ്.

ഈ സമരം വിജയിക്കണമെങ്കില്‍  രാഷ്ട്രീയപാര്‍ട്ടികളെ ഇതില്‍ അടുപ്പിക്കാതിരിക്കുകയും അവര്‍ സമരത്തെ ഹൈജായ്ക്ക് ചെയ്തുകൊണ്ടുപോകുന്നത് തടയുകയും വേണം. ഇതൊരു കോണ്‍ഗ്രസ്സ് വിരുദ്ധസമരമാക്കി മാറ്റാനുള്ള അടവുകളും തന്ത്രങ്ങളും ബി.ജെ.പി.യും ഇടത്പക്ഷവും മെനയുന്നുണ്ട്. അപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസ്സുകാര്‍ ഹസാരെയ്ക്ക് എതിരായി നിലയുറപ്പിക്കുമല്ലൊ. അങ്ങനെ അണ്ണാ ഹസാരെ ജനങ്ങളുടെ നേതാവാകുന്നതില്‍ നിന്ന് തടയുകയാണ് അവരുടെ ലക്ഷ്യം.  പാര്‍ലമെന്റിന്റെ പരമാധികാരം എന്ന് അവര്‍ പറയുമ്പോള്‍ അവരുടെ മനസ്സിലിരുപ്പ് തങ്ങളുടെ അധികാരം എന്നാണ്.  പാര്‍ലമെന്റിനോട് ഇവര്‍ക്കൊക്കെയുള്ള മതിപ്പും മര്യാദയും പാര്‍ലമെന്റ് നടപടികള്‍ ടിവിയില്‍ കാണുന്ന ജനം മനസ്സിലാക്കുന്നുണ്ട്.

അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുള്ള ഈ സമരം നാം ജനങ്ങള്‍ ഏറ്റെടുക്കണം.  അധര്‍മ്മവും അനീതിയും പെരുകുമ്പോള്‍ സംഭവാമി യുഗേ യുഗേ എന്നാണല്ലൊ. എപ്പോഴായാലും ഒരു തുടക്കം വേണമല്ലോ. അത് ഇപ്പോള്‍ നമ്മുടെ കാലഘട്ടത്തില്‍ തന്നെ  തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അവസാനം വരെ അഹിംസയിലും സമാധാനപരമായും ചര്‍ച്ചകളില്‍ വിശ്വാസമര്‍പ്പിച്ചും വേണം സമരം തുടരാന്‍ . എന്നാല്‍ വിട്ടുവീഴ്ച പാടില്ല താനും.  ഒരു മാറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിയും.  അത്കൊണ്ട് ഈ സമരം നാം ജനങ്ങള്‍ ഏറ്റെടുക്കണം. തന്റെ പാര്‍ട്ടി നേതാവിനോടുള്ള വിധേയത്വവും അന്ധമായ വീരാരാധനയും മാറ്റി വെച്ചുകൊണ്ട് രാജ്യത്തിന്റെയും ജനങ്ങളുടെയും ശോഭനമായ ഭാവിയില്‍ വിശ്വാസവും പ്രതീക്ഷയും ഉള്ളവര്‍ മാത്രമേ ഈ സമരത്തില്‍ അണി ചേരാവൂ.  സ്വന്തം പാര്‍ട്ടിയും പാര്‍ട്ടിനേതാക്കളും ശുദ്ധീകരിക്കപ്പെടാന്‍ കൂടി ഇങ്ങനെയൊരു ധര്‍മ്മസമരം അത്യന്താപേക്ഷിതമാണെന്ന് കടുത്ത പാര്‍ട്ടി വിശ്വാസികളും മനസ്സിലാക്കട്ടെ.

അണ്ണാ ഹസാ‍രെ സിന്ദാബാദ് !

അല്പം ചില വ്യക്തിപര ചിന്തകള്‍ ...

ഇംഗ്ലീഷ് ഒരു അത്ഭുതകരമായ ഭാഷയാണ്. ഇങ്ങനെ ഒരു ഭാഷ വളര്‍ന്ന് വികസിച്ചത്കൊണ്ട് ലോകത്തെവിടെയുമുള്ള വിജ്ഞാനകുതുകികള്‍ക്ക് ഉള്ള നേട്ടം പറഞ്ഞാല്‍ തീരില്ല.  എന്തെങ്കിലും ഒരു സംശയം ഇംഗ്ലീഷില്‍ ടൈപ്പ് ഗൂഗിളില്‍ സര്‍ച്ച് ചെയ്തുനോക്കൂ.  ശരിയായ ഉത്തരങ്ങളുടെ അനേകം ലിങ്കുകള്‍ നമ്മുടെ മോണിട്ടറില്‍ തെളിഞ്ഞുവരും.  എന്ത് കാര്യമായാലും ശരി ഒരു മൌസ് ക്ലിക്ക് കൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.  ഗൂഗിള്‍ നമുക്ക് കൊണ്ടുവന്നു തരാത്ത ഒരറിവും ഇല്ല എന്ന് പറയാം. വെറും 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് ചെയ്യുന്ന വൈജ്ഞാനിക മായാജാലമാണിത്.  ആധുനിക മനുഷ്യന് ലഭിച്ച വരദാനമാണ് ഇംഗ്ലീഷ്.

ഞാന്‍ ഇംഗ്ലീഷ് സ്കൂളില്‍ നിന്ന് പഠിച്ചതല്ല.  എഴുതാനും കൂട്ടിവായിക്കാനും മാത്രമേ ഇംഗ്ലീഷ് സ്കൂളില്‍ നിന്ന് പഠിച്ചിട്ടുള്ളൂ.  വിജ്ഞാന ദാഹമാണ് ഇംഗ്ലീഷ് പഠിക്കാന്‍ എനിക്ക് പ്രേരണയായത്.  എന്റെ അനുഭവത്തില്‍ ഏറ്റവും ലളിതമായ ഭാഷയാണ് ഇംഗ്ലീഷ് എന്ന് ഞാന്‍ പറയും.  എത്ര വലിയ കാര്യമായാലും വളരെ സിമ്പിളായ ഭാഷയിലൂടെ ഇംഗ്ലീഷില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയും.  ഇംഗ്ലീഷിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുമ്പോള്‍ നമുക്കത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയും.  എനിക്ക് ഇംഗ്ലീഷില്‍ വായിച്ചാല്‍ കാര്യങ്ങള്‍ പച്ചവെള്ളം പോലെ , മലയാളത്തേക്കാളും നന്നായി മനസ്സിലാക്കാന്‍ പറ്റും.  പക്ഷെ ഇംഗ്ലീഷില്‍ രണ്ട് വാക്ക് പറയാന്‍ പ്രയാസപ്പെടുന്നു. പ്രയാസം എന്ന് പറഞ്ഞാല്‍ പോര. തീരെ പറ്റുന്നില്ല എന്ന് വേണം പറയാന്‍.  ബാംഗ്ലൂരില്‍ ഓട്ടോ ഡ്രൈവര്‍മാരോടും ബസ്സ് കണ്ടക്‍റ്റര്‍മാരോടും ഇംഗ്ലീഷ് പറയാന്‍ കഴിയാതെ ഞാന്‍ നാണം കെട്ടുപോയിട്ടുണ്ട്.  കേരളത്തില്‍ എന്നെ പോലെ നിരവധി പേരുണ്ടാവും.  പത്ത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നപ്പോള്‍ ഇംഗ്ലീഷും തമിഴും അനായാസം സംസാരിക്കുമായിരുന്നു. അതിന് ശേഷം നാട്ടില്‍ ആരോടും സംസാരിക്കാന്‍ അവസരം കിട്ടാത്തത്കൊണ്ട് എനിക്ക് ഈ രണ്ടു ഭാഷയിലും സംസാരിക്കാനുള്ള കഴിവ് നഷ്ടമായിപ്പോയി. ഇപ്പോഴും ഞാന്‍ ഓണ്‍ലൈനില്‍ കൂടുതലായി വായിക്കുന്നത് ഇംഗ്ലീഷും തമിഴും തന്നെയാണ്.  മലയാളത്തോട് അവഗണന ഉള്ളത്കൊണ്ടല്ല. ഇന്നും തണിയാത്ത എന്റെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കുന്നത് ഈ രണ്ട് ഭാഷകളാണ്.

ഇംഗ്ലീഷിനേക്കാളും പഠിക്കാന്‍ പ്രയാസമാണ് മലയാളം എന്നാണ് എന്റെ അഭിപ്രായം.  എന്നിട്ടും എന്ത്കൊണ്ടാണ് കേരളത്തില്‍ ഉള്ളവര്‍ക്ക് , കേരളത്തിന് പുറത്ത് പോയി താമസിക്കുന്നവരെ പോലെ ഇംഗ്ലീഷ് സംസാരിക്കാനോ വായിച്ച് ഗ്രഹിക്കാനോ സാധിക്കാത്തത്?  എന്തിനും ഒരു ഉത്സാഹം വേണമല്ലൊ അല്ലേ?  പൊതു ഇടങ്ങളില്‍ ആരും ഇംഗ്ലീഷ് സംസാരിക്കാത്തത്കൊണ്ടാണ് ഇവിടെയാര്‍ക്കും  ആ ഭാഷയില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്തത്.  സംസാ‍രഭാഷ വേറെ തന്നെയാണല്ലൊ. ഇപ്പോള്‍ ഒരു വക സൌകര്യം ഉള്ള രക്ഷിതാക്കളെല്ലാം മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അയക്കുന്നത്.  ഉയര്‍ന്ന ഫീസ് വാങ്ങി അത്തരം സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മലയാളത്തിലാണ്. എന്തൊരു തമാശ. ഓര്‍ത്താ‍ല്‍ ചിരി വരും.  എല്ലാ സ്കൂളുകളുമല്ല. അപൂര്‍വ്വം ചില സ്കൂളുകളില്‍ ഇംഗ്ലീഷില്‍ അധ്യയനം നടക്കുന്നുണ്ടാവാം.  വീടുകളില്‍  മക്കളെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശീലിപ്പിക്കാന്‍ കഴിവുള്ള രക്ഷിതാക്കള്‍ ഉള്ള കുട്ടികള്‍ക്ക് മാത്രമേ ഇംഗ്ലീഷില്‍ പറയാന്‍ കഴിയുകയുള്ളൂ. ബാക്കി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇംഗ്ലീഷ് മീഡിയത്തിലല്ലേ പഠിക്കുന്നത്/ പഠിച്ചത് എന്നൊരു മന:സമാധാനമേ ഉണ്ടാവൂ.  മുഖത്ത് നോക്കി ഇംഗ്ലീഷില്‍ രണ്ട് വാക്ക് പറയണമെങ്കില്‍ കേരളത്തിന് പുറത്ത് പോകേണ്ടി വരും. ഇവിടെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇവിടെ നിന്ന് തന്നെ ഡോക്ടറേറ്റ് എടുത്താലും ഇംഗ്ലീഷില്‍ വര്‍ത്താനം പറയണമെങ്കില്‍ ക്ലേശിക്കേണ്ടി വരും.

ഇടക്കാലത്ത്  സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലിപ്പിക്കാന്‍ കുറെ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. എന്നിട്ടെന്തായി? ആരെങ്കിലും ഇത്തരം ക്ലാസ്സുകളില്‍ പോയിട്ട് ഇംഗ്ലീഷ് സംസാരിക്കാ‍ന്‍ പഠിച്ചോ? എന്റെ അറിവില്‍ ഇല്ല. ശരി, സംസാരിക്കാനോ കഴിയുന്നില്ല എന്നാല്‍ ഇംഗ്ലീഷ് വായിച്ച് മനസ്സിലാക്കാനെങ്കിലും ആളുകള്‍ ഉത്സാഹിക്കുന്നുണ്ടോ?  ഒരു കാലത്ത്  നിശാപാഠശാലകള്‍ ഒക്കെ ഉണ്ടായിരുന്നു. ഇന്നോ, സന്ധ്യ കഴിഞ്ഞാല്‍ വെള്ളമടിക്കാത്ത ആരാണ് ഇക്കാലത്ത് നാട്ടിലുള്ളത്.  പിന്നെ എന്ത് പഠിപ്പ്. എങ്ങനെയെങ്കിലും വൈകുന്നേരമായി കിട്ടിയാല്‍ കള്ളോ  വെള്ളമോ സേവിക്കാമായിരുന്നു എന്ന ശുഭപ്രതീക്ഷയിലാണ് ചെറുപ്പക്കാരെല്ലാം പകല്‍ തള്ളിനീക്കുന്നത്.  കാലത്തിന്റെ മാറ്റം ഭയാനകം തന്നെ.

വായനകൊണ്ട് എന്താണ് നമുക്ക് ലഭിക്കുന്നത്?  ജീവിതം സമ്പന്നമാകുന്നു എന്നാണ് എന്റെ അഭിപ്രായം.  വായിക്കുന്തോറും അനേകം ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്ന അനുഭവമാണ് നമുക്ക് ഉണ്ടാവുന്നത്.  ഞാന്‍ ഇംഗ്ലീഷിനെ കുറിച്ച് ഇന്ന് ഇത്രയധികം വാചാലനാകാന്‍ കാരണം  TED  എന്ന സൈറ്റില്‍ നിന്ന് ആനന്ദ ശങ്കര്‍ ജയന്ത് എന്ന നര്‍ത്തകിയുടെ പ്രഭാഷണം കേട്ടത്കൊണ്ടാണ്. TED എന്നത് തന്നെ ഒരു മഹത്തായ പ്രസ്ഥാനമാണ്. ഞാന്‍ അതിനെക്കുറിച്ചൊന്നും വിശദീകരിക്കുന്നില്ല. നിങ്ങള്‍ക്കും വായിച്ചുനോക്കാമല്ലൊ.  ഇവിടെ ക്ലിക്ക് ചെയ്ത് നോക്കൂ.

രാഷ്ട്രപതിയില്‍ നിന്ന് കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത നര്‍ത്തകിയാണ് ആനന്ദ ശങ്കര്‍ ജയന്ത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും  അഗാധമായ നൈപുണ്യമുള്ള ജയന്തിന് 2008ല്‍ ക്യാന്‍സര്‍ ബാ‍ധിച്ചു.  ആ മഹാരോഗത്തെ ജയന്ത് കീഴ്പ്പെടുത്തിയത് തന്റെ കഠിനമായ ഇച്ഛാശക്തി കൊണ്ടും നൃത്തത്തിന് തന്നെ അര്‍പ്പിച്ചുകൊണ്ടുമാണ്.  ആ കഥ ജയന്ത് നമ്മോട് പറയുന്നത് TED ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം ചെയ്തുകൊണ്ടാണ്.  ആ വീഡിയോ താഴെ കാണാം.  എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഈ വീഡിയോ നിങ്ങള്‍ മുഴുവനുമായി കാണണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  ആനന്ദ ശങ്കര്‍ ജയന്തിന്റെ സ്വന്തം വെബ് പോര്‍ട്ടല്‍ ഇതാണ്.

അവരുടെ ഫെയിസ്‌ബുക്ക് പ്രൊഫൈല്‍ ..

ഇനി വീഡിയോ കാണാം അല്ലേ ...



ഫേസ്‌ബുക്കും നമ്മളും ...

FB
FB-1
FB-2
ഗൂഗിള്‍ പ്ലസിന്റെ വരവ് കണ്ട് നമ്മള്‍ വിചാരിച്ചു ഇനി ഫെയിസ്‌ബുക്കിന്റെ കഥ കഴിഞ്ഞത് തന്നെ എന്ന്.  എന്തായിരുന്നു പ്ലസില്‍ കയറി പറ്റാന്‍ ആളുകളുടെ നെട്ടോട്ടം!  ഇപ്പോള്‍ നോക്കുമ്പോള്‍ ഗൂഗിള്‍ ‘ബസ്സ്’ പോലെ തന്നെ ഒരെണ്ണം ‘പ്ലസ്സ്’ എന്നും പറഞ്ഞ് അവിടെ കിടക്കുന്നു എന്നേ എല്ലാവരും കരുതുന്നുള്ളൂ എന്ന് തോന്നുന്നു.  പ്ലസ്സില്‍ നമുക്ക് ഫ്രണ്ട്സ് എന്ന് പറയാന്‍ ആരുമില്ല. ആരൊക്കെയോ അവരുടെ സര്‍ക്കിളില്‍ നമ്മെ ഉള്‍പ്പെടുത്തുന്നു. നമ്മളും ചിലരെ സര്‍ക്കിളില്‍ കയറ്റുന്നു.  നാം നമ്മുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ചിലരുടെ പോസ്റ്റുകള്‍ ഷേര്‍ ചെയ്യുകയും ചെയ്യുന്നു. ഹാങ്‌ഔട്ട് എന്നൊരു ഗ്രൂപ്പ് ചാറ്റ് ഉണ്ടെങ്കിലും ചാറ്റിന് നമുക്ക് ക്ഷാമമുണ്ടോ? ചുരുക്കിപ്പറഞ്ഞാല്‍ ഫെയിസ്‌ബുക്ക് തന്നെയാണ് എല്ലാവര്‍ക്കും ഇന്നും പ്രിയപ്പെട്ടതായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. കിടക്കട്ടെ പ്ലസ്സും ഒരെണ്ണം അത്രയേയുള്ളൂ.

ഞാന്‍ ഫെയിസ്‌ബുക്കിലും ഗൂഗിള്‍ പ്ലസിലും ദിവസേന എന്തെങ്കിലും കാച്ചിവിടുന്നുണ്ട്.  താങ്കളുടെ ബ്ലോഗ് പോസ്റ്റുകളാണ് നല്ലത്. ഫെയിസ്‌ബുക്കില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ ബ്ലോഗെഴുത്ത് കുറവാണല്ലോ എന്ന് ഫെയിസ്ബുക്കില്‍ തന്നെ എന്റെ സ്റ്റാറ്റസ്സിന് താഴെ ഒരു സുഹൃത്ത് കമന്റ് എഴുതിയിരുന്നു. അത്കൊണ്ട് വീണ്ടും ബ്ലോഗില്‍ തന്നെ ശ്രദ്ധ പതിപ്പിക്കാനാണ് എന്റെ തീരുമാനം.

അതിനിടയ്ക്ക് കണ്ണൂരില്‍ ഒരു സൈബര്‍മീറ്റ് നടക്കാന്‍ പോകുന്നുണ്ട്.  ബ്ലോഗ്‌മീറ്റുകളിലോ ഗ്രൂപ്പുകളിലോ പങ്കെടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ തന്നെ സൈബര്‍‌മീറ്റ് എന്നൊരു സംഭവം നടക്കുമ്പോള്‍ സൈബര്‍ സ്നേഹിയായ ഞാന്‍ ഒഴിഞ്ഞ് നില്‍ക്കുന്നത് ശരിയല്ലല്ലൊ.  മീറ്റിന്റെ മുഖ്യ സംഘാടകന്‍ ബിജു കൊട്ടില എന്നെ വിളിച്ചിരുന്നു. സെപ്തമ്പര്‍ 11നാണ് മീറ്റ്.  ഈ പരിപാടി അവിസ്മരണീയമാക്കാന്‍ ബിജു കഠിനമായി പരിശ്രമിക്കുന്നുണ്ട്.  എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും.  കണ്ണൂരിലെ സാധാരണക്കാര്‍ക്ക് കൂടി സൈബര്‍ സ്പെയിസ് എന്ന ഈ മാസ്മരിക ലോകത്തെ പറ്റി പരിചയപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഈ മീറ്റ് വിജയിക്കട്ടെ എന്നാണ് എന്റെ ആശ.

എഴുതാന്‍ തുടങ്ങിയത് ഫെയിസ്‌ബുക്കിനെ പറ്റിയാ‍ണല്ലൊ. എന്നാലും കാടൊന്നും കയറിട്ടില്ല അല്ലേ. ഫെയിസ്‌ബുക്കില്‍ നിത്യേന സ്റ്റാറ്റസ് എഴുതുന്നവരും ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഇടപ്പെട്ട് കമന്റ് എഴുതുന്നവരും നിരവധിയുണ്ട്. ഫെയിസ്‌ബുക്ക് ഇന്ന് പലര്‍ക്കും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.  എന്തൊക്കെയാണ് നമ്മള്‍ ഓരോ ദിവസവും എഫ്ബിയില്‍ എഴുതുന്നത് എന്ന് ആരെങ്കിലും ഓര്‍ത്ത് വെക്കാറുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നമ്മള്‍ എന്താണ് എഫ്.ബിയില്‍ എഴുതിയിരുന്നത് എന്ന് ഇന്ന് ആരെങ്കിലും നമ്മെ ഓര്‍മ്മപ്പെടുത്തിയാല്‍ രസകരമല്ലേ?  അതെ, അതിനൊരു സൈറ്റ് ഉണ്ട് പാസ്റ്റ്‌പോസ്റ്റ് എന്ന പേരില്‍ . ആ സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ട ചിത്രമാണ് മേലെ കാണുന്നത്.  ഞാന്‍ ഇപ്പോള്‍ മാത്രമാണ് അതില്‍ ജോയ്ന്‍ ചെയ്തത്. നാളെ മുതല്‍ എന്റെ മെയിലില്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ ഞാന്‍ എഴുതിയതൊക്കെ വീണ്ടും അയച്ചു തരുമത്രെ. ഞാന്‍ കാര്യമാ‍യൊന്നും കഴിഞ്ഞ കൊല്ലം എഴുതിയിട്ടില്ല.  കഴിഞ്ഞ വര്‍ഷം മുതല്‍ എഫ്ബിയില്‍ സജീവമായിരുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പാസ്റ്റ്‌പോസ്റ്റില്‍ ചേരുക.  പിന്നെ നമുക്ക് ഈ ഫെയിസ്‌ബുക്ക് വിട്ട് പോകാനേ കഴിയില്ല...

http://pastposts.com/

3G - യും ഞാനും ..

കഴിഞ്ഞ കൊല്ലമാണ് എനിക്കൊരു  ബ്ലാക്ക്ബെറി കിട്ടിയത്.  അപ്പോഴാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ ത്രീജി സര്‍വ്വീസും തുടങ്ങുന്നത്.  ഞാന്‍ ഉടനെ തന്നെ BSNL ഓഫീസില്‍ പോയി ഒരു 3G സിം വാങ്ങി. അതോടൊപ്പം ഒരു ഡാറ്റാ പ്ലാനും എടുത്തു.  ത്രീജിയുടെ ഒരാകര്‍ഷണമാണല്ലൊ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുക എന്നത്. ഈ സൌകര്യമൊക്കെ നമ്മുടെ ആയുസ്സില്‍ തന്നെ കാണാന്‍ കഴിയുക എന്നത് ഒരു മഹാഭാഗ്യമല്ലേ. ചെറുപ്പകാലത്ത് ബസ്സ് പോലും നാട്ടില്‍ സുലഭമായിരുന്നില്ല. അഞ്ചരക്കണ്ടിയില്‍ നിന്ന് കണ്ണൂരേക്ക് ആകെ മൂന്ന് ബസ്സുകള്‍ ഉണ്ടായിരുന്നു. അതും  തട്ടാരിയില്‍ തോടിന് കുറുകെ പാലം ഇല്ലാത്തത്കൊണ്ട് എക്കാല്‍ വരെ മാത്രമേ ബസ്സ് വരികയുള്ളൂ. തലശ്ശേരിയില്‍ പോകണമെങ്കില്‍ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയും പാലം നിര്‍മ്മിച്ചിരുന്നില്ല. ആദ്യം തട്ടാരിപ്പാ‍ലം പണിതു. ആദ്യമായി കോണ്‍ഗ്രീറ്റില്‍ പണിത് കണ്ട ആ പാലം നാട്ടുകാര്‍ക്ക് വിസ്മയമയമായിരുന്നു. പിന്നെ അഞ്ചരക്കണ്ടിപ്പുഴയിലും പാലം നിര്‍മ്മിച്ചു. അപ്പോഴും കാളവണ്ടി തന്നെയായിരുന്നു കുട്ടിക്കാലത്ത് നമ്മളെ സംബന്ധിച്ച് പ്രധാന വാഹനം. സൈക്കിള്‍ അപൂര്‍വ്വമായിരുന്നു. അടുത്തുള്ള സ്കൂളിലെ ശങ്കരന്‍ മാഷ്ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു. കുറ്റിയാട്ടൂരില്‍ നിന്ന് ഞങ്ങള്‍ പഠിക്കുന്ന വിദ്യാവിനോദിനി എല്‍.പി.സ്കൂളിലേക്ക്  മാഷ് സൈക്കിളിലാണ് വരിക. സൈക്കിളിന് അന്ന് റജിസ്ട്രേഷന്‍ വേണമായിരുന്നു.  പഠിപ്പിക്കുന്നതില്‍ അത്ര മിടുക്കൊന്നും ഇല്ല്ലായിരുന്ന ആ മാഷിന്റെ സൈക്കിളില്‍ കയറിയുള്ള വരവിന് ഒരു ഗരിമ വേറെ തന്നെയായിരുന്നു.

ബ്ലാക്ക്ബെറിയില്‍ ത്രീജി സിം ഇട്ടുനോക്കിയപ്പോഴാണ് മനസ്സിലാ‍കുന്നത് അതിന് ഫ്രണ്ട് ക്യാമറ ഇല്ല എന്ന സത്യം.  വീഡിയോ കോളിങ്ങിന് ഫോണില്‍ ഫ്രണ്ട് ക്യാമറ വേണമെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. മകളുടെ കൈയില്‍ ഒരു N73 നോക്കിയ ഫോണ്‍ ഉണ്ടായിരുന്നു. അതില്‍ ഇപ്പറഞ്ഞ ക്യാമറയുണ്ട്.  മകള്‍ക്ക് വേണ്ടിയും ഒരു  സിം വാങ്ങി വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നോ നെറ്റ്‌വര്‍ക്ക്.  കണ്ണൂര്‍ ടൌണില്‍ നെറ്റ്‌വര്‍ക്ക് കവറേജ് ഉണ്ടാകും എന്ന് കരുതിയെങ്കിലും ടൌണില്‍ പോയി ശ്രമിച്ചപ്പോള്‍ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന അറിയിപ്പാണ് അപ്പോഴും ഫോണില്‍ നിന്നും കിട്ടിയത്.  ശരിക്കും BSNL-ന്റെ ത്രീജി വര്‍ക്കൌട്ട് ആകാത്തത്കൊണ്ടാണോ അതോ എന്റെ ബ്ലാക്ക്ബെറിയിലും ഫ്രണ്ട് ക്യാമറ ഇല്ലാത്തത്കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അങ്ങനെ ഞാ‍ന്‍ വീഡിയോ കോള്‍ എന്ന ആശയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇപ്രാവശ്യം  എനിക്ക് മകന്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിത്തന്നു. Samsung Galaxy SII (GT-I9100)  ആണ് സംഭവം. കിടിലന്‍ ഫോണ്‍ തന്നെ.  ഞാന്‍ ഐഡിയയുടെ രണ്ട് ത്രീജി സിം വാങ്ങി, അങ്ങനെ ആദ്യമായി വീട്ടില്‍ വെച്ചു തന്നെ ശ്രീമതിയുമായി വീഡിയോ കോള്‍ ചെയ്തുനോക്കി.  എന്താ ഒരു ക്ലാരിറ്റി, ഐഡിയയുടെ നെറ്റ്‌വര്‍ക്ക് കവറേജ് സൂപ്പര്‍ തന്നെ.  3G എന്നും   H+ എന്നുമാണ് സിഗ്നല്‍ കാണിക്കുന്നത്.   2ജിയും 2.5ജിയും ഉള്ള GPRS , EDGE  എന്നീ മൊബൈല്‍ ടെക്നോളജിയെ പിന്നിലാക്കിക്കൊണ്ട് ത്രീജിയും പ്ലസ്സും ഉള്ള HSDPA /HSUPA  എന്നീ ടെക്നോളജി അങ്ങനെ നമുക്കും ലഭ്യമാവുകയാണ്.  ആദ്യമായി രാജ്യത്ത് ത്രീജി ആരംഭിച്ച BSNL-ന്റെ സ്ഥിതി ഇപ്പോള്‍ എന്താണെന്നറിയില്ല.  അവര്‍ക്കായിരുന്നു ഈ ടെക്നോളജി രാജ്യമൊട്ടാകെ എല്ലാവര്‍ക്കും ലഭ്യമാക്കാ‍ന്‍ കഴിയുമായിരുന്ന ഇന്‍ഫ്രാ‌സ്ട്രക്ചര്‍ ഉണ്ടായിരുന്നത്. പറഞ്ഞിട്ടെന്താ, അവര്‍ കമ്പനിയായെങ്കിലും  സര്‍ക്കാരിന്റെയാണല്ലൊ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരല്ല്ലേ അതിനെ നിയന്ത്രിക്കുന്നത്.  അങ്ങനെ ജനങ്ങള്‍ക്ക് മൊത്തം ആധുനികടെക്നോളജി എളുപ്പത്തില്‍ ലഭ്യമാക്കാനാണോ ആ ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങുന്നത്. നല്ല കാര്യായിപ്പോയി. ദോഷം പറയരുതല്ലോ, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് രാജ്യത്ത് ഒരു വിധം കുഴപ്പമില്ലാതെ അവര്‍ സംഘടിപ്പിച്ച് തരുന്നുണ്ട്.

എന്നാല്‍ അവര്‍ തുടങ്ങിയ EVDO എന്ന ഇന്റര്‍നെറ്റ് സൌകര്യം  ആരോരുമറിയാതെ ഒടുങ്ങിപ്പോകാനാണ് സാധ്യത.  2mbps ആണത്രെ അതിന്റെ സ്പീഡ്. എന്നാല്‍ ത്രീജിയുടെ സ്പീഡ് ഏറ്റവും കുറവ് 3.5mbps മുതല്‍ 21.5mbps വരെയാണത്രെ.  സ്വകാര്യകമ്പനികള്‍ക്ക് വളരാന്‍ വേണ്ടിയാണ് EVDO സംവിധാനം  സാര്‍വ്വത്രികമാക്കാന്‍ BSNL-ന്റെ തലപ്പത്തുള്ളവര്‍ ശ്രമിക്കാത്തത് എന്ന് എന്നോട് പറഞ്ഞത് ഒരു ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ തന്നെയാണ്.  2ജി നാട്ടില്‍ ഒരു മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയെങ്കില്‍ 3ജി ഒരു മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം ഉണ്ടാക്കാന്‍ പോവുകയാണ്. ഐഡിയ പോലുള്ള സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഉള്ളത് നമ്മുടെ ഭാഗ്യം.  ഈ രംഗം സര്‍ക്കാരിന്റെ മാത്രം കുത്തകയായിരുന്നെങ്കില്‍ നമുക്ക് ഇതൊന്നും സ്വപ്നം  കാണാന്‍ കൂടി കഴിയില്ലായിരുന്നു.

സാംസംഗ് ഗാലക്സി ഫോണ്‍ വാങ്ങി ത്രീജിയുടെ സൌകര്യം  അനുഭവിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടിയും സാംസംഗ് ഒരു ത്രീജി ഫോണ്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  SAMSUNG HERO E3213 എന്നാണ് ആ മോഡലിന്റെ പേര്. MRP വില 3730 രൂപയാണ്. എന്നാല്‍ അതിലും കുറച്ചു കിട്ടും.  എവിടെ പോയി വാങ്ങണം എന്നല്ലേ. ഓണ്‍‌ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. അഡ്രസ്സും ഫോണ്‍ നമ്പറും കാണിച്ച് ഓര്‍ഡര്‍ ചെയ്താല്‍  സാധനം വീട്ടില്‍ എത്തുമ്പോള്‍ കാശ് കൊടുത്താല്‍ മതി.  ഇങ്ങനെ ഓണ്‍‌ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച്  സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ കുറെയുണ്ടങ്കിലും ഞാന്‍ ശിപാര്‍ശ ചെയ്യുക ഫ്ലിപ്കാര്‍ട്ട് ആണ്.  ആ സൈറ്റില്‍ പോയി നോക്കൂ,  3730 രൂപ എം.ആര്‍.പി.യുള്ള  ഹീറോ E3213 ഫോണ്‍ 3090 രൂപയ്ക്ക് നിങ്ങളുടെ വീട്ടില്‍ മൂന്ന് ദിവസത്തിനകം എത്തിച്ചു തരും.  ഇന്ന് കിട്ടാവുന്നതില്‍ വില കുറഞ്ഞ ഏറ്റവും നല്ല ത്രീജി ഫോണ്‍ ആണിത്.

കൂട്ടത്തില്‍ പറയട്ടെ, ഞാന്‍ എന്റെ ഗ്യാലക്സി-2 ഫോണില്‍ ഒപേരമിനി ഇന്‍സ്റ്റാള്‍ ചെയ്തു. അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എങ്ങും പോകണ്ട. ഫോണില്‍ തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ഉണ്ട്. അതില്‍ വില കൊടുത്തും ഫ്രീയായും ലഭിക്കുന്ന ആപ്ലിക്കേഷന്‍സ് ഉണ്ട്. ആന്‍ഡ്രോയ്ഡ് ആപ്പ്സ്  ഓപന്‍ ചെയ്ത് ഒപേര മിനി എന്ന് ഫോണില്‍ തന്നെ സര്‍ച്ച് ചെയ്താല്‍ അതിന്റെ ലിങ്ക് കിട്ടുകയും ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.  ഞാന്‍ ഒപേര തുറന്ന് ഈ ബ്ലോഗ് നോക്കിയപ്പോള്‍ വായിക്കാം, പക്ഷെ അക്ഷരങ്ങള്‍ അവ്യക്തമായിട്ടാണ് കാണുന്നത്. സെറ്റിംഗ്സ് ശരിയാക്കണമെന്ന് തോന്നുന്നു. മാതൃഭൂമി പത്രം സുന്ദരമായി വായിക്കാന്‍ കഴിയുന്നുണ്ട്.

അങ്ങനെ ആദ്യമായി ത്രീജിയില്‍ വീഡിയോ കോള്‍ ചെയ്ത സന്തോഷത്തിലാണ് ഞാനിന്ന്.  ഇക്കഴിഞ്ഞ അരനൂറ്റാണ്ട് എന്തെല്ലാം മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.  എന്തെല്ലാം സൌകര്യങ്ങളാണ് മനുഷ്യര്‍ക്ക് ലഭ്യമായത്.  അതേ സമയം, അന്നും ഇന്നും താരതമ്യപ്പെടുത്തിയാല്‍ മനുഷ്യരുടെ മനസ്സ് അന്നത്തേക്കാള്‍ വളരെ സങ്കുചിതമായി പോയി എന്ന് കാണാം.  മനുഷ്യന്റെ പെരുമാറ്റം വെറും കൃത്രിമവും സ്വാര്‍ത്ഥനിര്‍ഭരവുമായി പോയി. അവനവന് എന്തെങ്കിലും നേട്ടമോ കാര്യമോ ഇല്ലെങ്കില്‍ ചുമ്മാ ഒന്ന് പുഞ്ചിരിക്കാന്‍ പോലും ഇന്ന് ആളുകള്‍ തയ്യാറാവുന്നില്ല. കുട്ടികളുടെയും യുവാക്കളുടെയുമിടയില്‍ മാത്രമാണ്  സൌഹാര്‍ദ്ദവും പരസ്പരസഹകരണവുമെല്ലാം  ഇപ്പോള്‍ നിലനില്‍ക്കുന്നത്. കല്യാണം കഴിച്ച് സ്വന്തം കുടുംബമായാ‍ല്‍ പിന്നെ ആരും വേണ്ട എന്നാണ് മനോഭാവം.   ശാസ്ത്ര-സാങ്കേതിക രംഗത്തെ ഈ പുരോഗതിക്കൊപ്പം എല്ലാ മനുഷ്യരുടെയും മനസ്സില്‍ ഈ വികാസം സംഭവിച്ചിരുന്നുവെങ്കില്‍ വര്‍ത്തമാനകാല ജീവിതം എത്രയോ ആനന്ദപ്രദമായേനേ....