Links

മാധ്യമങ്ങളെ ഭയപ്പെടുന്നത് എന്ത്കൊണ്ട് ?

കാശ് വാങ്ങി വാര്‍ത്തകള്‍ എഴുതുന്നു,  മാധ്യമസിണ്ടിക്കേറ്റ് തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നൊക്കെ വിലപിക്കുന്നത്  ഇന്ത്യയില്‍ തന്നെ ഇടത്പക്ഷങ്ങള്‍ മാത്രമാണെന്ന് തോന്നുന്നു. എന്നാല്‍ അവരുടെ പത്രങ്ങളിലും ചാനലുകളിലും മറ്റുള്ളവര്‍ക്കെതിരെ എഴുതുന്നതിനെയും കാണിക്കുന്നതിനെയും പറ്റി ജനാധിപത്യവിശ്വാസികള്‍ വേവലാതിപ്പെടാറില്ല.  എന്തെന്നാല്‍ ജനങ്ങളുടെ ത്യാജ്യഗ്രാഹ്യശേഷിയില്‍ ജനാധിപത്യവാദികള്‍ക്ക് വിശാസമുണ്ട്. മാധ്യമങ്ങളില്‍ വരുന്നത് അപ്പടി വിഴുങ്ങുന്നവരല്ല ജനങ്ങള്‍ . അവര്‍ക്ക് സാമാന്യവിവരവും കുറച്ചൊക്കെ ചിന്തിക്കാനുള്ള ശേഷിയുമുണ്ട്.  ജനങ്ങളെ പൊട്ടന്മാരാക്കാന്‍ ഇക്കാലത്ത് ആര്‍ക്കും കഴിയില്ല.  മാധ്യമങ്ങള്‍ ഇല്ലാതിരിക്കുകയും ഇവിടെ വെറും പാര്‍ട്ടി മാധ്യമങ്ങള്‍ മാത്രമേ ഉള്ളൂ എന്നൊരു അവസ്ഥയായിരുന്നെങ്കില്‍ സത്യം അറിയാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടാകുമായിരുന്നില്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഒരു പാര്‍ട്ടിയോ പ്രസ്ഥാനമോ ഇന്ത്യയില്‍ ഇല്ല. അത്തരം കുറ്റങ്ങളും കുറവുകളും മാധ്യമങ്ങളില്‍ വെളിച്ചം കാണുമ്പോള്‍ , തങ്ങളെപ്പറ്റി ജനങ്ങള്‍ മനസ്സിലാക്കിപ്പോകുമല്ലോ എന്ന് വെപ്രാളപ്പെട്ട് മാധ്യമങ്ങളുടെ മേലെ കുതിര കയറുകയല്ല വേണ്ടത്. സ്വയംവിമര്‍ശനപരമായി ചിന്തിച്ച് തിരുത്താനാണ് മുന്നോട്ട് വരേണ്ടത്. അപ്പോള്‍ പ്രസ്ഥാനം ശുദ്ധീകരിക്കപ്പെടും. അത്തരമൊരു പോസിറ്റീവ് ചിന്തയായിരിക്കും ഗുണം ചെയ്യുക.

മാധ്യമങ്ങള്‍ എഴുതുന്നതും പ്രസിദ്ധപ്പെടുത്തുന്നതും എല്ലാം പരമസത്യങ്ങള്‍ ആണെന്നല്ല പറയുന്നത്.  ആളുകള്‍ക്ക് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള കഴിവ് ഉണ്ട് എന്നാണ്.  എന്ത് ദോഷങ്ങള്‍ ഉണ്ടായാലും മാധ്യമങ്ങള്‍ ഉണ്ടായാലേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ.  ഏകാധിപത്യവാസനയുള്ളവരാണ് മാധ്യമങ്ങളെ ഭയപ്പെടുന്നത്.  തങ്ങളുടെ തനിനിറം ജനങ്ങള്‍ അറിഞ്ഞുപോകരുത് എന്ന് അവര്‍ കരുതുന്നു.  സമീപകാലത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ സര്‍വ്വ കൊള്ളരുതായ്മകളും ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും ഉണ്ട് എന്ന് കാണാന്‍ കഴിയും.  തങ്ങളുടേത് പരിശുദ്ധമായ പ്രസ്ഥാനം എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ല. അതൊക്കെ മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതാണോ തെറ്റ് അതല്ല  അത്തരം കൊള്ളരുതായ്മകള്‍ വെച്ചുപൊറുപ്പിക്കുന്നതും കൂട്ട് നില്‍ക്കുന്നതുമാണോ തെറ്റ് എന്ന് ആലോചിക്കണം.  തങ്ങള്‍ക്ക് അനുകൂലമാവുമ്പോള്‍ എല്ലാം ശരിയെന്നും പ്രതികൂലമാവുമ്പോള്‍ എല്ലാം തെറ്റ് എന്നുമുള്ള നിലപാട്  എല്ലാവരും അംഗീകരിച്ച് തരില്ല. അത് സര്‍വ്വാധിപത്യത്തില്‍ നടക്കുമായിരിക്കും. ജനാധിപത്യത്തില്‍ നടക്കില്ല.  വൈരുധ്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ ഇടം ഉണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത.  അത് മനസ്സിലാക്കി സഹിഷ്ണുത ഉണ്ടായാല്‍ നന്ന്.  മാധ്യമങ്ങളും മാധ്യമസ്വാതന്ത്ര്യവും ഇവിടെ പുലരുക തന്നെ ചെയ്യും.  അത് കാക്കാന്‍ ഇവിടത്തെ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് മാധ്യങ്ങളുടെ പ്രചാരവും സര്‍ക്കുലേഷനും എന്ന് പറയാം.

പിന്‍‌മൊഴി :  അവനവന്‍ മാത്രമാണ് സമര്‍ത്ഥന്‍ എന്നും മറ്റുള്ളവര്‍ പൊട്ടന്മാരാണ് എന്നും കരുതുന്നതാണ് ഏറ്റവും വലിയ പൊട്ടത്തരം.

19 comments:

ജനാര്‍ദ്ദനന്‍.സി.എം said...

തങ്ങളുടെ ഭാഗം ശരിയാണെന്നു പറയുന്നവര്‍ യഥാര്‍ഥ മാധ്യമ സുഹൃത്തുകള്‍. തങ്ങളുടെ അനീതിയും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവര്‍ മാധ്യമ സിന്റിക്കേറ്റ്. അവര്‍ കാശു വാങ്ങി വാര്‍ത്തയിടുന്നവര്‍.
ഇതുപോലെത്തന്നെ തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ മഹാന്മാര്‍. എന്റങ്കിലും കാരണവശാല്‍ വിട്ടുപോയാല്‍ അവര്‍ മഹാമോശക്കാര്‍. മുജ്ജന്മ ശത്രുക്കള്‍.
സിന്ധുജോയി പാര്‍ട്ടി വിടുന്നു എന്ന വാര്‍ത്തവന്നപ്പോള്‍ ഒര്ള്‍ കമന്റ് എഴുതിയതു നോക്കൂ!
ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും സിനിമാതാരങ്ങളെ പോലെ "ചിരിച്ച് കൊണ്ട് ഫോട്ടോയിട്ടത് കണ്ടപ്പോഴേ തോന്നിയതാണ് ഇവള്‍ പാര്‍ട്ടിയില്‍ നില്‌ക്കേണ്ടവളല്ലല്ലോയെന്ന്...ഇപ്പോള്‍ സമാധാനമായി, അധികാരത്തോടും ഫാഷനോടും ഭ്രമമുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല കുട്ടീ,പാര്‍ട്ടീപ്രവര്‍ത്തനം. കോണ്‍ഗ്രസ് അതിന് പറ്റിയ പാര്‍ട്ടിയാണ്.. പൈങ്കിളിജീവിതം യഥേഷ്ടം നടത്താം...കടന്നുപോവുമ്പോള്‍ നിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി നിശബ്ദരായ ഒരു പാട് എസ്എഫ് ഐ പ്രവര്‍ത്തകരെ ഒരു സെക്കന്റെങ്കിലും ഓര്‍ക്കുക...
സമാധാനമായി, ഇത് പോലുള്ള ആര്‍ത്തിപണ്ടാരങ്ങള്‍ അങ്ങനെയങ്ങ് ഒഴിഞ്ഞ് പോവട്ടെ....."
ഇതെല്ലാം തീവ്രവാദത്തിന്റെ ചെറു ലക്ഷണങ്ങളാണ്.

ChethuVasu said...

പോസ്ടിനോട് വിയോജിക്കുന്നു .
എന്തെന്നാല്‍ ,

ഒരു പാര്‍ട്ടി പത്രത്തില്‍ (അത് ദേശാഭിമാനിയോ , ജന്മഭൂമിയോ , വീക്ഷണമോ ആയിക്കോട്ടെ ) വരുന്ന ഒരു വാര്‍ത്ത‍ നിഷ്പക്ഷമല്ല എന്നാ മുന്‍ ധാരണയോടെയാണ് ആ പത്രത്തെ ഒരു വായനക്കാരന്‍ സമീപിക്കുന്നത് . അത് കൊണ്ട് തന്നെ ആ പത്ര റിപ്പോര്‍ട്ടുകളെ ആ രീതിയില്‍ തന്നെയാണ് അയാള്‍ നോക്കി കാണുന്നത് .

അതെ സമയം , ഇവിടെ ഇപ്പോള്‍ ഉള്ള " പാര്ടിയിതരം ", "നിക്ഷപക്ഷം " എന്നൊക്കെ അവകാശപ്പെട്ടു കൊട്ടിഖോഷിക്കുന്ന പല മാധ്യമങ്ങളും വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവയാണ് . അവയില്‍ വരുന്ന പല വാര്‍ത്തകളും , അതിന്ടെ എഡിടിങ്ങും വാചക പ്രയോഗങ്ങളും വായനക്കാരന്ടെ മനസ്സിനെ തങ്ങളുടെ വരുതിയില്‍ ആക്കുക എന്നാ ഉദ്ദേശത്തോടു കൂടി തന്നെ ആണ് താനും . അങ്ങനെ ഇരിക്കുമ്പോള്‍ , ഇത്തരം മാധ്യമങ്ങള്‍ സ്വതന്ത്രവും നിക്ഷ്പക്ഷവും ആണ് എന്നാ മുന്‍ ധാരണയോടെ അതിനെ സമീപിക്കുന്ന വായനക്കാരന്ടെ വിവേചന ശക്തിയില്‍ നിര്‍ണായകമായ സ്വാധീനം ചോലുതുവാന്‍ ഈ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നു . അതായത് തങ്ങള്‍ ഇന്ന രാഷ്ട്രീയ പാര്‍ടിയെ പ്രോതസാഹിപ്പിക്കുന്നു , തങ്ങള്‍ക്കു നിക്ഷിപ്ത താത്പര്യം ഉണ്ട് എന്ന് മറച്ചു വച്ച് വായനക്കാരെ പറ്റിക്കുന്നു . അങ്ങനെ പറ്റിക്കപ്പെടാന്‍ വായനക്കാരില്‍ നിന്നും കാശും വാങ്ങുന്നു .. ആളെ പൊട്ടന്മാരക്കുന്നതിടെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ആണ് ഇവയെല്ലാം .

തങ്ങള്‍ ഒരു പ്രത്യേക രാഷ്രീയതിന്റെ ഭാഗമാണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളോട് രാഷ്രീയ ആശയ വിനിമയം ചെയ്യുന്നതില്‍ മാന്യത ഉണ്ട് ..അതല്ലാതെ , അത് ഗുപ്തമാക്കി വച്ച് ജനങ്ങളോട് ആശയ രൂപീകരണം നടത്തുന്നത് ശുദ്ധ തടിപ്പല്ലാതെ മറ്റെന്താണ് ..?

K.P.Sukumaran said...

ആ കമന്റ് എഴുതിയ ആളോട് പി.ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടാത്തതിലോ , സ്വയം രാജി എഴുതിക്കൊടുത്തിട്ടും പുറത്ത് പോകാന്‍ കഴിയാത്തതിലോ എന്തെങ്കിലും കമന്റ് ഉണ്ടോ എന്ന് ചോദിക്കണമായിരുന്നു :)

K.P.Sukumaran said...

വാസുവിനോട്, പാര്‍ട്ടി പത്രങ്ങളെ ആ നിലയില്‍ തന്നെ കാണാന്‍ വായനക്കാര്‍ക്ക് സാധിക്കുമെങ്കില്‍ മറ്റ് മാധ്യമങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ വായനക്കാര്‍ക്ക് കഴിയില്ലേ? കഴിയും, കഴിയണം. തങ്ങള്‍ നിഷ്പക്ഷരാണ് രാഷ്ട്രീയേതരമാണ് എന്ന് ലേബല്‍ അടിച്ചുകൊണ്ട് ഒരു പത്രവും ഇറങ്ങുന്നില്ല. പാര്‍ട്ടികള്‍ നേരിട്ട് നടത്തുന്നതാണ് പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും. മറ്റുള്ളവയെയെല്ലാം സ്വകാര്യസംരഭങ്ങളാണ്. അത്തരം സംഭരങ്ങളുടെ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം കാണും. അതൊക്കെ എല്ലാവര്‍ക്കും അറിയാം. ദ ഹിന്ദുവിലെ എന്‍ റാം കറ കളഞ്ഞ മാര്‍ക്സിസ്റ്റ്കാരനാണ്. മറ്റ് മാധ്യമങ്ങള്‍ തട്ടിപ്പാണ്, വായനക്കാരെ വഞ്ചിക്കുകയാണ് എന്ന് കരുതുന്നവര്‍ക്ക് അത് വാങ്ങാതിരിക്കാം. സ്വകാര്യ പത്രങ്ങള്‍ ആളുകള്‍ സ്വമേധയാ ആണ് വാങ്ങുന്നത്. എന്നാല്‍ പാര്‍ട്ടി പത്രങ്ങാള്‍ അടിച്ചേല്‍പ്പിച്ചിട്ടാണ് സര്‍ക്കുലേഷന്‍ നിലനിര്‍ത്തുന്നത്. അതാത് പാര്‍ട്ടിക്കാരന്‍ വാര്‍ത്തകള്‍ അറിയാന്‍ പാര്‍ട്ടിയിതര പത്രങ്ങളാണ് വായിക്കുന്നത്. വാസുവിന്റെ കമന്റ് ശരാശരി ഇടത്പക്ഷക്കാരന്റേതായിപ്പോയി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാകുന്നതാണിത്. ദിവസവും നാലോളം പത്രങ്ങള്‍ ഞാന്‍ വായിക്കുന്നുണ്ട്. പലതും അതിശയോക്തിപരവും വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതുമാണ്. എന്നാലും അവയില്‍ നിന്നാണ് വസ്തുനിഷ്ഠവിവരങ്ങള്‍ ഞാന്‍ അരിച്ചെടുക്കുന്നത്. അതേ സമയം പാര്‍ട്ടിപത്രങ്ങള്‍ തുറന്നു നോക്കാറില്ല. അത്കൊണ്ട് എനിക്ക് ഒരു നഷ്ടവുമില്ല. എന്നെ പോലെ തന്നെയായിരിക്കും മറ്റ് വായനക്കാരും എന്ന് എനിക്കുറപ്പുണ്ട്.

ശ്രീജിത് കൊണ്ടോട്ടി. said...

ശ്രീ. ചെത്തുകാരന്‍ വാസുവിന്‍റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയം ആണ്. നൂറു ശതമാനവും യോജിക്കുന്നു..

നീരാ റാഡിയയെയും, വീര്‍ സന്ഗ്വി-യെയും പോലുള്ള "നിഷ്പക്ഷ" മാധ്യമ പ്രവര്‍ത്തകര്‍ ആണ് കൊണ്ഗ്രെസ്സ് നേതൃത്വത്തില്‍ ഉള്ള യു.പി.എ സര്‍ക്കാരിലെ മന്ത്രിമാരെ വരെ തീരുമാനിക്കുന്നത്‌ എന്ന് ആ വിവാദ ടേപ്പുകള്‍ തെളിയിച്ചു തന്നു.. ഇന്ത്യയുടെ വിദേശ നയങ്ങള്‍ അമേരിക്കയാണ് തീരുമാനിക്കുന്നത്‌ എന്നതിന് "വിക്കീലീക്സും' തെളിവുകള്‍ നിരത്തി. അത് ഇന്ത്യ ശരിവയ്ക്കുകയും ചെയ്തു.. ഓ.ടോ: ഇതെല്ലം മാധ്യമപിണ്ടിക്കെട്ടുകള്‍.... .:)

ChethuVasu said...

സുകുമാരെട്ടനോട് തര്‍ക്കിക്കാനൊന്നും ഞാനില്ല :-) .

ഒരു കാര്യം മാത്രം , ഒരാള്‍ എത്ര സൂക്ഷിച്ചാലും അയാളുടെ ചുറ്റും ശ്രുഷ്ടിക്കപ്പെടുന്ന പരിസ്ഥിതികളുടെ സ്വാധീനത്തിന് വശംവദന്‍ ആയിരിക്കും .. അതില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം എങ്കിലും . ഭൂരിഭാഗം ആളുകളും അവര്‍ ജീവിക്കുന്ന പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് വേണ്ടത്ര ബോധം ഇല്ലാത്തവര്‍ ആണ് .. എല്ലാ കാര്യങ്ങളും ഒരാള്‍ക്ക്‌ തിരഞ്ഞെടുക്കമാവുന്ന ഒന്നാനെങ്ങില്‍ , നല്ലത് ബോധപൂര്‍വ്വമായി സൃഷ്ടിക്കുക എന്ന ചിന്തയിലേക്ക് മനുഷ്യ സമൂഹം എത്ത്തിചെരുകയില്ലയിരുന്നല്ലോ .. സമൂഹത്തില്‍ നല്ലത് ബോധപൂര്‍വ്വമായി സൃഷ്ടിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് . അതിനു നല്ലതല്ലത്തതിനെ ചൂണ്ടിക്കാനിച്ചേ പറ്റൂ ..

തന്റെ ബോധമണ്ഡലം അത്യന്തം ജാഗരൂപമാക്കി , അതിനുള്ളില്‍ കടന്നു വരുന്ന എല്ലാത്തിനെയും വിശകലം ചെയ്തു തിരഞ്ഞെടുക്കുന്ന , അത് വഴി ഒട്ടും തെട്ടിധരിപ്പിക്കപ്പെടാന്‍ സാധ്യതില്ലാത്ത മനസ്സിന്ടെ ഉടമകളാണ് വാസു അടക്കമുള്ള ബഹു ഭൂരിപക്ഷം പൊതു ജനം എന്ന് ഞാന്‍ കരുതുന്നില്ല ..

എനിക്ക് വായിക്കാന്‍ കിട്ടുന്ന മാധ്യമങ്ങളില്‍ ഞാന്‍ പൂര്‍ണമായും അത്രുപ്തന്‍ ആണ് .. വിവേചന ബുദ്ധിയും , ചിന്തയും ലോക പരിചയും വച്ച് ഒരു പാട് കാര്യങ്ങള്‍ ഫില്‍ടര്‍ ചെയ്തെടുക്കെന്നുന്ടെഗിലും , അതിനെക്കാളും എത്രയോ അധികം എന്റെ കണ്ണ് വെട്ടിച്ചു എന്റെ ഉള്ളില്‍ കയറുന്നുടെന്നു ഞാന്‍ അറിയുന്നു .. അതിനെ തടയാന്‍ ഞാന്‍ എത്രയോ അശക്തന്‍ ആണ് താനും .എന്റെ ആ പരിമിതി തിരിച്ചറിയുമ്പോള്‍ ഞാന്‍ കൈചൂണ്ടുക , എന്റെ വീട്ടില്‍ എന്നെ കണ്ണ് വെട്ടിച്ചു സാധങ്ങള്‍ വിക്കാന്‍ വരുന്നവരുടെ നേരെ തന്നെയാണ് :-)

K.P.Sukumaran said...

വായനക്കാരന്‍ എന്ന നിലയില്‍ വാസുവിന്റെ പ്രശ്നം വേറെ, പാര്‍ട്ടിക്കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നേതാക്കള്‍ക്ക് ഉണ്ടാകുന്ന വെപ്രാളം വേറെ. അത് രണ്ടും രണ്ടാണ്. എന്നാല്‍ മാധ്യമങ്ങളെ തെറി പറയുന്ന നേതാക്കള്‍ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതായും കാണാം. ഈ സാധ്യത വളരെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് വി.എസ്. അച്യുതാനന്ദന്‍ എന്നത് നാം കണ്ടതാണ്. മന്ത്രിസഭായോഗം കഴിഞ്ഞുള്ള ഓരോ പത്രസമ്മേളനവും ഔദ്യോഗികമാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനാണ് അച്യുതാനന്ദന്‍ ഉപയോഗപ്പെടുത്തിയത്. രാജിക്കത്തും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന കത്തും പാര്‍ട്ടി സെക്രട്ടരിക്ക് അയച്ചിട്ട് പി.ശശി ഉടനെ ചെയ്തത് അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പ്രസ്സ് ക്ലബ്ബില്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നത് മറ്റൊരു ഉദാഹരണം. മാധ്യമങ്ങളെ എല്ലായ്പ്പോഴും ശകാരിക്കാറുള്ള പിണറായിയെ ഏറ്റവും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവുക അച്യുതാനന്ദന്റെ കാച്ചിക്കുറുക്കിയ പരസ്യപ്രസ്ഥാവനകള്‍ ആയിരിക്കും എന്ന് ആര്‍ക്കാണറിയാത്തത്. എന്ത് തന്നെയായാലും ചൈനയിലെ പോലെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മാധ്യമങ്ങള്‍ മാത്രമുള്ള അവസ്ഥ ഭീകരമായിരിക്കും. അതിനേക്കാളും നല്ലത് സ്വതന്ത്രമാധ്യമങ്ങള്‍ ഉള്ളത് തന്നെയാണ്. ഇക്കാര്യത്തില്‍ നമ്മള്‍ തര്‍ക്കിക്കാനൊന്നുമില്ല :)

Ajith said...

Media (whether independent or aligned), Polical parties, Trade Unions, NGOs are all required for the effective functioning of ademocracy , least it may lead to anarchy.

The concept of democracy itself is evolved out of common sense and majority who become part of the same ought to have basic intelligence.

Good write up and fully agree to the content , especialy this will be the highlight >>

" അവനവന്‍ മാത്രമാണ് സമര്‍ത്ഥന്‍ എന്നും മറ്റുള്ളവര്‍ പൊട്ടന്മാരാണ് എന്നും കരുതുന്നതാണ് ഏറ്റവും വലിയ പൊട്ടത്തരം"

ajith said...

കയ്യില്‍ മറയ്ക്കാനെന്തെങ്കിലുമുള്ളവര്‍ക്കേ മാദ്ധ്യമങ്ങളെ ഭയപ്പെടേണ്ടതുള്ളൂ.

Anonymous said...

എന്‍റെ കമണ്ട് കണ്ടു (കാശു കൊടുത്തു........) സുകുസാര്‍ എഴുതിയ കുറിപ്പിനോട് യോജിക്കാനേ കഴിയില്ല....പാര്‍ടി പത്രങ്ങള്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട
മാധ്യമ ധര്‍മ്മമാണ് നിര്‍വഹിക്കുന്നത്. ദേശീയം, നിഷ്പക്ഷം ,ജനഹിതം എന്നൊക്കെ അവകാസപ്പെടുന്നവയില്‍ നിന്നും ചില താല്‍പ്പര്യങ്ങള്‍ /അജണ്ടകള്‍ വാര്‍ത്തകളായി വരുമ്പോള്‍ നാം അത് വിലകൊടുത്തുവാങ്ങുന്ന 'വിന' കളാവുന്നു..നമ്മെ കടിക്കുകയോ, നക്കിതുവര്‍ത്തുകയോ ചെയ്യുന്ന ശ്വാന മുഖങ്ങളാവുന്നു.......

വാക്കേറുകള്‍ said...

സൂമാരേട്ടോ സംഗതി ശര്യാട്ടോ.... ഇമ്മള്‍ടെ ആളോള് പക്ഷെ ഇപ്പോളും വിവരമറിയാന്‍ മാതൃഭൂമിയും മനോരമയും തന്നെയാ വായിക്കുന്നത്. ചാനലിലാണേല്‍ മനോരമ ഏഷ്യാനെറ്റ് ഇന്ത്യാവിഷന്‍ ഇതൊക്കെയാണ് ആള്‍ക്കാര്‍ക്ക് ഇഷ്ടം. തൃശ്ശൂ‍ര്‍ ടൌണില്‍ ഭാരതും, പത്തന്‍സു, ഇന്ത്യന്‍ കോഫീ ഹൌസും ഉണ്ട്... അവര്‍ വെളമ്പണത് മോശമാണേല്‍ ആരേലും അവിടെ ഊണു കഴിക്കാന്‍ പോകോ?
ഇമ്മടെ .....നെ വച്ചോണ്ടിരിക്കണോരല്ലേ പെണ്ണുകേസിനെ പറ്റിപറഞ്ഞോണ്ട് നടക്കണത്?

Sidheek Thozhiyoor said...

ബഹുജനം പലവിധം ..അത്ര തന്നെ..

ആചാര്യന്‍ said...

കാശ് വാങ്ങി സ്വന്തം രാജ്യത്തെ രഹസ്യങ്ങള്‍ വാര്തകലാക്കി ഇറക്കിയതിനു ബര്‍ക്ക ദത്തും സാങ്ങ്വിയും മറ്റും ആരോപിതരായത് കണ്ടില്ലേ ...എന്തൊക്കെ അവതാരങ്ങള്‍ ആയിരുന്നു അവര്‍ ചെയ്തിരുന്നത്..ഇടതു പക്ഷം മാത്രം അല്ല ഇതൊക്കെ ആരോപിക്കുന്നത് കൊണ്ഗ്രെസ്സ് അടക്കമുള്ള കക്ഷികളും കാശിനു വാര്‍ത്താ ആരോപിക്കുന്നുണ്ട്...ഇല്ലെങ്കില്‍ ഈയടുത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇവര്കൊക്കെ "മാധ്യമങ്ങള്‍ക്ക്" ചാകരകലാണ് കിട്ടുന്നത് ..വെറുത കാശും വാങ്ങി ഓരോ ഫ്ലാഷ് ന്യൂസ്‌ പടച്ചു വിടുന്നു ....ഇതൊക്കെയാണ് നടക്കുന്നത് എന്തേ...എല്ലാരും സമ്മതിക്കും

Mohamedkutty മുഹമ്മദുകുട്ടി said...

ടീവി കാണുമ്പോള്‍ റിമോട്ട് കണ്ട്രോള്‍ ഉപയോഗിക്കാം. പത്രത്തില്‍ ഇഷ്ടപെട്ടതു വായിക്കാം അല്ലാത്തതു തള്ളാം.പത്രം വരുത്തുന്നതു തന്നെ നിര്‍ത്താം..അല്ലാതെന്തു പറയാന്‍.നമ്മളറിയുന്ന കാര്യങ്ങള്‍ വിലയിരുത്തേണ്ടതും ചിന്തിക്കേണ്ടതും നമ്മളല്ലെ? അതിനു പത്രക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ഒരു വ്യവസായം നടത്തുന്നു.ഉപഭോക്താവിനു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെ? ഏതു വായിക്കണം ,ഏത് വായിക്കാതിരിക്കണം എന്നു തീരുമാനിക്കാന്‍.

kharaaksharangal.com said...

ഞാന്‍ മാധ്യമങ്ങളെ പൂര്‍ണമായി അംഗീകരിക്കില്ല. എന്റെ ബ്ലോഗില്‍ ഞാനൊരു കുറിപ്പ് എഴുതിയിട്ടുണ്ട്. ഇതിനു പ്രതികരണമായി അത് വായിക്കാന്‍ അപേക്ഷ.

ബെഞ്ചാലി said...

അധിക മാധ്യമങ്ങൾക്കും ചില വിഷയങ്ങളിൽ മൃദുസമീപ്പനവും മറ്റുചിലതിൽ ദൃഢതയുമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പ്രസ്തുത വിഷയത്തിൽ രണ്ടു വ്യത്യസ്ഥ തലങ്ങളിലുള്ള വായന നടത്തിയാൽ വാദവും പ്രതികരണങ്ങളുമെല്ലാം ചേർത്തുവെച്ച് ബുദ്ധിയുള്ളവന് വിഷയം മനസ്സിലാക്കാം. ആശയങ്ങളും അജണ്ടകളും ഇല്ലാത്ത മീഡിയ ലോകത്ത് ഇല്ല എന്നുതന്നെ പറയാമെങ്കിലും ഈ മീഡിയകൾ സമൂഹത്തിന് വലിയ ആവശ്യമാണുള്ളത്. മീഡിയകളില്ലാത്ത ലോകം സ്വേഛാധിപത്യത്തിന്റെതായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

ഗുണ്ടൂസ് said...

pandokke daivabhayam ullavan thettu cheyyilla ennaayirunnu..

innu maadhyamangale bhayakkunnundenkil thettu cheythittundaakum ennu urappikkaam..

:)

ഷെരീഫ് കൊട്ടാരക്കര said...

പോസ്റ്റിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് തന്നെ മറ്റൊരു സംശയത്തിലേക്ക് മനസ്സ് പോകുന്നു.നീതിപൂര്‍വം വിധിക്കേണ്ടത് ഒരു ന്യായാധിപന്റെ കടമ മാത്രമല്ല സമൂഹം അതിനായി മാത്രമാണ് അയാളെ നിയമിച്ചിരിക്കുന്നത്.നീതിയും ന്യായവും മാത്രമേ അയാളില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളൂ.ധന ലാഭത്തിന് വേണ്ടിയും സ്വന്തം ബന്ധുജനങ്ങള്‍ക്ക് വേണ്ടിയും അയാള്‍ തന്റെ കടമകള്‍ മറക്കുകയും അന്യായമായി വിധികള്‍ പുറപ്പെടുവിപ്പിക്കുകയും ചെയ്താല്‍ സമൂഹത്തില്‍ ന്യായം നടക്കുന്നതെങ്ങിനെ.അങ്ങിനെ ഉള്ള ഒരാളുടെ വിധികളെ ഭയക്കാതെന്ത് ചെയ്യും.അയാളുടെ കോടതി സ്വജന പക്ഷപാതത്തിനും ധനമോഹത്തിനും മാത്രമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ പോലും അതിനെയും കോടതികള്‍ എന്ന പേരിലല്ലേ അറിയപ്പെടുന്നത്. അതില്‍ നിന്നുള്ള വിധികള്‍ കോടതിവിധി എന്ന പേരില്‍ തന്നെയല്ലേ അറിയപ്പെടുനത്.കടമകള്‍ മറക്കുന്ന സ്ഥാപനത്തെ സമൂഹം ഭയക്കാതിരിക്കുന്നതെങ്ങിനെ? ഞാന്‍ ഒരു തെറ്റും ചെയ്തില്ലല്ലോ പിന്നെന്തിന് ഭയക്കണം എന്ന നിയമം ഇവിടെ ബാധകമാകുമോ? സമൂഹത്തിന്റെ നിലനില്‍പ്പ് പത്ര മാധ്യമങ്ങളെ ആശ്രയിച്ച് കഴിയുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അപ്പോല്‍ ആ സ്ഥാപനം നിഷ്പക്ഷമാകേണ്ടത് സമൂഹത്തിന്റെ ആവശ്യം തന്നെയാണ്.സ്ഥാപിത താല്പര്യത്തിനും ധനമോഹത്താലും മാധ്യമങ്ങള്‍ കടമ മറന്നാല്‍ ഭയക്കാതിരിക്കുന്നതെങ്ങിനെ.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

മാധ്യമങ്ങളുടെ കടമകളെക്കുറിച്ച് അവര്‍ക്ക് ഒരു ബോധമുണ്ടാവുന്നത് നല്ലതാണ്. മാധ്യമ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഇപ്പോള്‍ ചട്ടക്കുടുകള്‍ സൃഷ്ടിക്കപ്പെടുകയാണ്...അതിന്റെ നിയന്ത്രണം മറ്റു ചില ബാഹ്യ സൃഷ്ടികളാണ് നിയന്ത്രിക്കപ്പെടുന്നതും. എന്നു കരുതി എല്ലാ പത്രങ്ങളും എല്ലാ വാര്‍ത്തകളും അത്തരത്തിലുള്ളവയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല...


പാമ്പള്ളി
www.paampally.blogspot.com
www.pampally.com