Links

നാടകം ആവര്‍ത്തിച്ചാലും ചരിത്രം ആവര്‍ത്തിക്കുകയില്ല


സി.പി.എമ്മിന്റെ  സ്ഥാനാര്‍ത്ഥിനാടകം കഴിഞ്ഞു. വി.എസ്സിന്  സീറ്റ് നിഷേധിച്ചിരുന്നില്ല എന്നും രണ്ട് ദിവസത്തെ വിവാദങ്ങള്‍  മാധ്യമസൃഷ്ടി ആയിരുന്നു എന്നും കോടിയേരി അവകാശപ്പെട്ടു. ഇതേ കോടിയേരി തന്നെയായിരുന്നു പി.ശശിക്കെതിരെ ഒരു പരാതിയും ഇല്ലെന്ന് പറഞ്ഞിരുന്നത്. അതൊക്കെ എന്തോ ആകട്ടെ, അവരുടെ ആഭ്യന്തരകാര്യം.  ഇപ്പോഴത്തെ നാടകത്തിന്റെ ഫലമായി വി.എസ്സിനെ വീണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റും എന്ന് ഇടത് സുഹൃത്തുക്കള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടി വരും. 2006 അല്ല 2011.  അന്ന്  വി.എസ്സിനെ പറ്റി ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.  എന്നാല്‍ പറഞ്ഞതൊന്നും നടപ്പാക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രിയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂച്ചു വിലങ്ങ് ഇടുന്ന കാഴ്ചയാണ് ജനം കണ്ടത്.  പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് എല്ലാം വി.എസ്സും  ,  വി.എസ്സ്നിറ്റെ എല്ലാ നിലപാടുകള്‍ക്ക് പാര്‍ട്ടിയും എതിരായിരുന്നു.  ഒരേയൊരു ആശ്വാസമുള്ളത്  ഔദ്യോഗികവിഭാഗം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ വീതിച്ചെടുക്കുമായിരുന്ന ഒരവസ്ഥ അച്യുതാനന്ദനാല്‍ തടയപ്പെട്ടു എന്നതാണ്.  ഇപ്പോള്‍  വി.എസ്സും  പിണറായിയും തമ്മിലുള്ള വൈരുദ്ധ്യം ഏറ്റവും രൂക്ഷമായിരിക്കുന്നു എന്നതാണ് സത്യം.  വി.എസ്സ്.  ജയിച്ച്  മുഖ്യമന്ത്രി പോയിട്ട് പ്രതിപക്ഷ നേതാവായാല്‍ പോലും ലാവലിന്‍ കേസിന്റെ പേരില്‍ തന്നെ വേട്ടയാടും എന്ന് പിണറായി ഭയപ്പെടാതിരിക്കില്ല.  സര്‍ക്കാരിന് 2 കോടി നഷ്ടം ഉണ്ടാക്കി എന്ന പേരില്‍ ബാലകൃഷ്ണപിള്ളയ്ക്ക്  ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാമെങ്കില്‍ 350 കോടി നഷ്ടം ലാവലിന്‍ കരാറില്‍ ഉണ്ടായി എന്ന കേസില്‍ പ്രതിയായ പിണറായിക്ക്  എത്ര വര്‍ഷം ശിക്ഷ കിട്ടും എന്ന് കണ്ടറിയണം.  ഈ ചാന്‍സ് വി.എസ്സ്. വേണ്ടെന്ന് വയ്ക്കുമോ?  കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ അധികാരത്തര്‍ക്കം വന്നാല്‍ എതിരാളിയെ ഉന്മൂലനം ചെയ്യുക എന്നതാണ് സ്റ്റാലിനിസ്റ്റ് രീതി.  എന്നാല്‍ ഇവിടെ ജനാധിപത്യമായത്കൊണ്ട് അത് നടപ്പില്ല.  പക്ഷെ  വി.എസ്സ്.  നീയമാനുസൃതമായി തന്നെ പിണറായിയെ ജയിലില്‍ എത്തിക്കും എന്ന് ആര് സംശയിച്ചില്ലെങ്കിലും പിണറായി അക്കാര്യത്തെക്കുറിച്ച്  ബോധവാനായിരിക്കും.

ഇനിയും കേരളം ഒരവസരം കൂടി കൊടുത്താല്‍  വി.എസ്സിന്  ഇക്കഴിഞ്ഞ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക.  തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും  തമ്മില്‍ തല്ലുന്ന മാര്‍ക്സിസ്റ്റുകാരെയായിരിക്കും ഇനി കേരളത്തില്‍ കാണാന്‍ കഴിയുക.  വി.എസ്സിന് വേണ്ടി പ്രകടനം നടത്തിയവര്‍ മാര്‍ക്സിസ്റ്റ്കാരല്ലെന്ന് പിണറായി പറഞ്ഞുവെച്ചിട്ടുണ്ട്.   ഒരു രണ്ടാമൂഴം കേരളം ഒരിക്കലും മാര്‍ക്സിസ്റ്റുകള്‍ക്ക് കൊടുക്കാതിരിക്കാന്‍ കാരണം  അങ്ങനെ വന്നാല്‍ കേരളം മറ്റൊരു ബംഗാളാകും എന്ന് ഭയന്നിട്ടാണ്. മാര്‍ക്സിസ്റ്റുകള്‍ തുടര്‍ച്ചയായി ഭരിച്ചാല്‍ നാട് എന്താകും എന്നതിന് നല്ല ഉദാഹരണമാണ് ബംഗാള്‍ .  യു.ഡി.എഫ്. മാറി മാറി ഭരിച്ചത്കൊണ്ട് മാത്രമാണ് കേരളത്തില്‍ ഇക്കണ്ട പുരോഗതി ഉണ്ടായത്.  പുരോഗതിയെ 15കൊല്ലത്തേക്കെങ്കിലും പിറകോട്ട് വലിക്കുക എന്നതായിരുന്നു മാര്‍ക്സിസ്റ്റുകാരുടെ എക്കാലത്തെയും  ശൈലി.  കമ്പ്യൂട്ടര്‍ വിരുദ്ധസമരം നിമിത്തം ലക്ഷക്കണക്കിന്  ഐ.ടി. പ്രൊഫഷണലുകള്‍ക്ക് സ്വന്തം നാട്ടില്‍ ജോലി ചെയ്ത് ജീവിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് മാര്‍ക്സിസ്റ്റ്കാര്‍ ഉണ്ടാക്കിയത്.  എന്തിനായിരുന്നു പ്രി-ഡിഗ്രി ബോര്‍ഡിനെതിരെയുള്ള സമരാഭാസങ്ങള്‍ ? നാലാള്‍ക്ക് പണി കൊടുക്കുന്ന എന്ത് തുടങ്ങിയാലും കൊടി പിടിച്ച് പൂട്ടിക്കും എന്നത് ഇന്നും എല്ലാവരും പറയുന്ന ഒരു ശൈലിയാണ്.  മലയാളികളെ കൂട്ടപ്രവാസികളാക്കി എന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം.  പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ പുരോഗതി.  ആ പുരോഗതികൊണ്ടാണ്  ബംഗാളികള്‍ കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നത്.   ബംഗാളികള്‍ക്ക് കേരളമെന്നാല്‍ ഗള്‍ഫാണ്.  ഈ പുരോഗതി ഞങ്ങള്‍ ഉണ്ടാക്കിയതാണ് എന്നാണ് ചില കമ്മ്യൂണിസ്റ്റുകാര്‍ വീമ്പ് പറയുന്നത്. ആ വീമ്പിന് മറുപടി ബംഗാളാണ്.

കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ജനാധിപത്യവിശ്വാസികളാണെന്നതാണ് വസ്തുത.  ജനാധിപത്യച്ചേരിയില്‍ വിള്ളല്‍ ഉണ്ടാകുന്നത്കൊണ്ടാണ്  ഇടത്പക്ഷം ജയിക്കുന്നത്.  പലപ്പോഴും കോണ്‍ഗ്രസ്സിനെ ശിക്ഷിക്കക്കാന്‍ വേണ്ടി നിഷ്പക്ഷമതികള്‍  വോട്ട് മറിച്ചു കുത്തുമ്പോള്‍ ഇടത് പക്ഷം ജയിക്കുന്നു എന്നല്ലാതെ  ഇടത്പക്ഷത്തിന്  ജനത്തിന്റെ ഭൂരിപക്ഷ പിന്തുണ ഒരിക്കലുമില്ല.  അത്കൊണ്ടാണ്  അവര്‍ കള്ള വോട്ടിനെയും  പേശിബലത്തെയും അക്രമണങ്ങളെയും ആശ്രയിക്കാറുള്ളത്.  കോണ്‍ഗ്രസ്സിനെ കുറ്റം പറയാന്‍ എല്ലാവര്‍ക്കും കഴിയും.  എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം കോണ്‍ഗ്രസ്സിന്റെ കൈകളില്‍ ലഭിച്ചത് കൊണ്ടാണ്  ഇവിടെ ഇക്കാണുന്ന  സ്വാതന്ത്ര്യവും ജനാധിപത്യവും  മതേതരത്വവും നിലനില്‍ക്കുന്നതും  നാട്  പുരോഗതിയിലേക്ക് നീങ്ങിയതും  എന്നത് അനിഷേധ്യമായ വസ്തുതയാണ്.  ഹിന്ദുത്വശക്തികള്‍ക്ക്  സ്വതന്ത്ര ഇന്ത്യ ലഭിച്ചിരുന്നുവെങ്കില്‍  ഇവിടത്തെ  മുസ്ലീം സഹോദരന്മാരുടെ അസ്തിത്വം അപകടത്തില്‍ ആയേനേ.  കമ്മ്യൂണിസ്റ്റുകള്‍ക്ക്  ലഭിച്ചിരുന്നുവെങ്കില്‍  മറ്റ്  ആശയക്കാരെയെല്ലാം കൊന്നൊടുക്കി രാജ്യം മൊത്തം ഒരു തുറന്ന ജയില്‍ പോലെ ആയേനേ. അതിന്റെ പേരാണ് തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം.

എന്തായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും തോറ്റ്  ദേശീയപാര്‍ട്ടി എന്ന പദവി പോയാലും  അവര്‍ക്ക് തെറ്റ്  തിരുത്തി  മുന്നേറാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രമാത്രം ജീര്‍ണ്ണത ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നു.  യഥാര്‍ത്ഥ ഇടത് ചിന്തകര്‍  ബദല്‍ പ്രസ്ഥാനം രൂപപ്പെടുത്താന്‍ ശ്രമിക്കട്ടെ.  എന്ത് തന്നെയായാലും ഒരു തിരുത്തല്‍ ശക്തിയെന്ന നിലയില്‍ ഇടത്പക്ഷത്തെ രാജ്യത്തിന് ആവശ്യമുണ്ട്.  അത്തരം  ഒരു ബദല്‍ ഇടത്പക്ഷം രൂപപ്പെടുന്നതിന് ഇവിടെയുള്ള  സ്യൂഡോ ഇടത് പക്ഷം കണിശമായും തകരേണ്ടതുണ്ട്.  ആ തകര്‍ച്ചയുടെ ആരംഭമായിരിക്കും  വരുന്ന തെരഞ്ഞെടുപ്പിലെ ഫലം.   അച്യുതാനന്ദന് വേണ്ടി തെരുവില്‍ പ്രകടനം നടത്തിയവര്‍ക്ക്  നാളെ  ആ നവ ഇടത് പക്ഷത്തോടൊപ്പം  ചേരേണ്ടി വരും. എന്തെന്നാല്‍ വി.എസ്സിന്  ഒരു സീറ്റ് കിട്ടാന്‍ മാത്രമുള്ളതല്ല അവരുടെ ദാഹം.  

15 comments:

ajith said...

ഞാനെന്തായാലും പ്രവചനത്തിനില്ല

ഇപ്പോഴത്തെ സാഹചര്യത്തില്‍ പകരം വയ്ക്കാനൊരാളിനെ ചൂണ്ടിക്കാണിക്കാന്‍ (ഒരഭിപ്രായം എങ്കിലും) കെ പി എസിനു തോന്നുന്നതാരെയാണ്?

Indian-Spartucus said...

താങ്കളുടെ രണ്ടു ദിവസം മുമ്പുള്ള ബസ്സ് കണ്ടിരുന്നു..വി എസ്സിന് സീറ്റ് കൊടുക്കാഞ്ഞതില്‍ പരിഭവിച്ചുകൊണ്ട്..
ഇന്നിപ്പം ഇത്.തൊലിക്കട്ടി അപാരം തന്നെ.. കണ്ടാമൃഗം തോല്‍ക്കും....

K.P.Sukumaran said...

ആ ബസ്സില്‍ ഞാന്‍ എഴുതിയ ഒരു കമന്റ്, നൊടിച്ചിലിന്റെ അറിവിലേക്കായി ഇവിടെ പെയിസ്റ്റ് ചെയ്യുന്നു. “ലോകത്ത് തകര്‍ന്നടിഞ്ഞ കമ്മ്യൂണിസം , ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ മുതലെടുത്ത്കൊണ്ട് ഇന്ത്യയില്‍ നിലനിന്നു വരികയായിരുന്നു. ജാനാധിപത്യവും കമ്മ്യൂണിസവും ഒരിക്കലും ചേര്‍ന്നുപോവുകയില്ല. സര്‍വാധിപത്യവും എതിര്‍ക്കുന്നവരെ കൊലചെയ്യലുമാണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്ര. ആ കമ്മ്യൂണിസത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുന്നതില്‍ എണ്ണം പറഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ കാരാട്ട്-പിണറായാദികള്‍ ഉത്സാഹിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നാളെയുടെ വിജയം ജനാധിപത്യത്തിനാണ്. കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യം ചരിത്രത്തിന്റെ ചവറ്റ്കൊട്ടയില്‍ എറിയപ്പെട്ടേ പറ്റൂ. എന്നാലും കമ്മ്യൂനിസവും ജനാധിപത്യവും സമന്വയപ്പെടുത്താന്‍ സാധിക്കുകയില്ലേ എന്നും ആധുനികകാലത്തിനൊപ്പിച്ച് കമ്മ്യൂണിസത്തെ പരിപോഷിപ്പിക്കാന്‍ സാധിക്കുകയില്ലേ എന്നും സംശയമുണ്ടായിരുന്നു. ആ സംശയം ബാക്കി വെക്കേണ്ട എന്നാണ് പിണറായിഭക്തരുടെ ജല്പനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.”

K.P.Sukumaran said...

@ അജിത്, പകരം വയ്ക്കാന്‍ ഞാന്‍ ആരെ ചൂണ്ടിക്കാട്ടണം എന്നാണ് പറയുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ് അല്ലാതെ നേതാക്കളല്ല. ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വന്നാലേ എന്തെങ്കിലും മാറ്റം സമൂഹത്തില്‍ നടക്കുകയുള്ളൂ. വി.എസ്സ്. വിഗ്രഹവല്‍ക്കരിക്കപ്പെട്ടു എന്നല്ലാതെ സമൂഹത്തില്‍ എന്ത് മാറ്റമാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്? ഇപ്പോഴത്തെ സാഹചര്യത്തില്‍ ദൈവംതമ്പുരാന്‍ ഇറങ്ങിവന്ന് നേതാവായാലും വിശേഷിച്ച് നേട്ടമൊന്നുമില്ല. ഭരണാധികാരികളെ വിമര്‍ശിക്കാനും മാറ്റാനും കഴിയുന്നു എന്നൊരു ഭാഗ്യം നമുക്കുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ആ ഭാഗ്യം ജനങ്ങള്‍ക്കില്ല. അതിന്റെ സംഘര്‍ഷമാണ് പത്രങ്ങളില്‍ നാം ഇപ്പോള്‍ വായിക്കുന്നത്. കൈയില്‍ കിട്ടിയ ആ ജനാധിപത്യം സമ്പുഷ്ടമാക്കാന്‍ നാം ജനങ്ങള്‍ തയ്യാറാവണം. അല്ലാതെ ഏതെങ്കിലും ഒരു നേതാവിനെ പകരം വെച്ചാല്‍ ഒന്നും സംഭവിക്കാനില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

സ്ഥിരം വായിക്കാറുണ്ട് കേട്ടൊ ഭായ്

Anonymous said...

വേണ്ട ആവര്‍ത്തിക്കണ്ട .....പിള്ളയും കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്ന് ഭരിക്കട്ടെ ...അല്ലെ സാറേ

K.P.Sukumaran said...

മുരളിക്ക് നന്ദി :)


സുന്ദര്‍ രാജിന്റെ അഭിപ്രായം പിന്നെ എന്താണ്? വി.എസ്സിനെ വീണ്ടും ജയിപ്പിച്ച് , അദ്ദേഹവും പിണറായിപ്പാര്‍ട്ടിയും തമ്മില്‍ തല്ലി വീണ്ടും അഞ്ച് കൊല്ലം കേരളം പാഴാക്കണോ? ഇപ്പോഴത്തേത് തല്‍ക്കാലത്തേക്കുള്ള പരസ്പര കീഴടങ്ങലാണ്. തോറ്റാലും ജയിച്ചാലും വി.എസ്സോ പിണറായിയോ എന്ന് തീരുമാനമാകും വരെ പാര്‍ട്ടിയില്‍ ആഭ്യന്തരയുദ്ധം നടക്കും. അത്കൊണ്ട് അടുത്ത അഞ്ച് കൊല്ലം യു ഡി എഫ് ഭരിക്കുന്നതാണ് സംസ്ഥാനത്തിന്റെ താല്പര്യത്തിന് ഉത്തമം.

ChethuVasu said...

സുകുമാരേട്ടാ ഏറെ നല്‍ക്കു ശേഷം ബ്ലോഗില്‍ സജീവം ആയതില്‍ സന്തോഷം :-)

കേരളത്തിലെ (ഇന്ത്യയിലെ തന്നെ ) ഇടതു പക്ഷം ഒരു പൊളിച്ചെഴുത്തിനു വിധേയമാകണം എന്ന് കരുതുന്ന ഒരാള്‍ ആണ് ഞാനും ... പൊളിച്ചു പണിയാതെ ചെറിയ മിനുക്ക്‌ പണികള്‍ കൊണ്ട് പുതിയ ലോകത്തിലേക്ക്‌ പാര്‍ട്ടിക്ക് മാറാന്‍ പറ്റും എന്ന് തോന്നുന്നില്ല .. പക്ഷെ ഒന്ന് പൊളിച്ചാല്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ ഇനി എപ്പോഴെങ്ങിലും പുതുതായി ഒരു ഇടതു ബദല്‍ പണിഞ്ഞെടുക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്‌ .. കാരണം ഇന്ത്യയിലെ ഭൂരിപക്ഷത്തെ താരതമ്യേന നന്നേ ചെറിയ ഒരു ന്യുന പക്ഷത്തിനു അനായാസം നിയന്ത്രിക്കവുന്നതെ ഉള്ളൂ ... അത് കൊണ്ട് പുതിയതായി ഉണ്ടാവുന്ന എന്തിനെയും മുരടിപ്പിക്കാനുള്ള കരുത്തു ഈ രാജ്യത്തിന്ടെ മനുഷ്യ പുരോഗതിയെ പിന്നോട്ട് നയിക്കുന്ന ശക്തികല്‍ക്കുണ്ട് എന്ന് സാരം .അത് കൊണ്ട് തന്നെ പൊളിച്ചു പണിയാന്‍ കടല്‍ ഭിത്തി ഇടിച്ചിട്ടു കഴിഞ്ഞാല്‍ , പല തിരമാലകളും അകത്തു കയറി തീരത്തെ തന്നെ മുക്കി കളയുമോ എന്നെഉ എനിക്ക് ഈയിടെയായി തോന്നുന്നുണ്ട് .

കാരണം ,എന്ത് തന്നെയായാലും കേരളത്തില്‍ ഇടതു പക്ഷത്തിനും കൊണ്ഗ്രസ്സിനും അധികം നാള്‍ പ്രധാന പാര്‍ട്ടി എന്നാ സ്ഥാനം നില നിര്‍ത്താന്‍ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ...ഇടതു പക്ഷതിന്ടെ പരാജയത്തോടെ കേരളത്തില്‍ ബി ജെ പി ഒരു വലിയ ശക്തിയായി മാറും എന്ന് തന്നെയാണ് എന്റെ നിരീക്ഷണം . ബി ജെ പി ക്ക് ഒരു പക്ഷെ ഭരിക്കാന്‍ കഴിഞ്ഞേക്കില്ല .പക്ഷെ അനതിവിദൂര ഭാവിയില്‍ ബി ജെ പി ഇവിടെ സിപിഎം നെക്കാളും കൊണ്ഗ്രസ്സിനെക്കാലും വലിയ കക്ഷിയായാല്‍ അത്ഭുതപ്പെടാനില്ല .അതോടൊപ്പം ഇന്ന് UDF ഇലെ രണ്ടു പാര്‍ടികള്‍ കൊണ്ഗ്രസ്സിനെ വരും വര്‍ഷങ്ങളില്‍ ചെറുതാക്കും എന്നുറപ്പ് ..അതായതു UDF തകരും ...കാരണം ഇവിടെ സി പി എം ഇല്ലെങ്ങില്‍ UDF എന്നാ സംവിധനതിണ്ടേ അവശ്യം ഇല്ല തന്നെ ..!!!! UDF സി പി എം എന്നതിന്റെ പൂരകമാണ് .ഒന്നില്ലെങ്ങില്‍ മറ്റൊന്നില്ല ..

BorN said...

More laboures comming to kerala for job not only from P. Bengal --- Orissa, assam, bihar... most of the state ruled by CONGRESS PARTY... LONG TERM... NORTHERN STATES & NORTH EAST STATES... THINK ABOUT IT.. MR. KPS

ശ്രീജിത് കൊണ്ടോട്ടി. said...

എന്തൊക്കെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാലും ഇടതുപക്ഷം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇടതുപക്ഷത്തിന് ബദല്‍ ആയി കൊണ്ടുവന്ന സാധനം കൊള്ളം. ഇന്ത്യയെ മൊത്തം വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്ന, കോടികളുടെ അഴിമതികളില്‍ കുളിച്ചു നില്‍ക്കുന്ന, രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ മേലാളന്മാര്‍ ആയ കൊണ്ഗ്രെസ്സ് തന്നെ... കേരളത്തില്‍ യു.ഡി.എഫ് ഭരിക്കട്ടെ.. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി, കുഞ്ഞാലിക്കുട്ടി ആഭ്യന്തര മന്ത്രി, പിള്ളക്ക് ജയില്‍ വകുപ്പും നല്‍കാം.. സുകുമാരന്‍ സാറിന്റെ പ്രവചനങ്ങള്‍ എല്ലാം ഫലിക്കട്ടെ.. കൊണ്ഗ്രെസ്സ്-ന്‍റെ സീറ്റ്‌ നാടകത്തിന് ഇനിയും തിരശ്ശീല വീണിട്ടില്ല എന്ന് തോന്നുന്നു..

Faizal Kondotty said...

സുകുമാരന്‍ മാഷിന്റെ ഒരു കാര്യം ! ഇടതുപക്ഷത്തിനു പകരം അധികാരത്തില്‍ വരേണ്ട ആളുകള്‍ ആരാ സാറേ ? നീതിപീഠങ്ങളെ വരെ പണം കൊടുത്തു വ്യഭിചരിക്കുന്ന , എന്നിട്ട് സമുദായ സ്നേഹവും പറഞ്ഞു നടക്കുന്ന ചില വൃത്തികെട്ടവന്മാരെയോ ? നടപടി ക്രമങ്ങളിലുള്ള വീഴ്ചയുടെ പേരില്‍ മന്ത്രിമാര്‍ ക്കെതിരെ കേസെടുക്കരുത് എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്ന ,ടി എച് മുസ്തഫയുടെ കൂട്ട് പ്രതിയെയോ ? എന്തോ വീര ചെയ്തിയുടെ പേരില്‍ ജയിലില്‍ പോയി ത്യാഗം വരിക്കുന്നു എന്ന് ഭാവിച്ചു വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന ആര്‍ ബാലകൃഷ്ണ പിള്ളയെയോ ?

ഒരല്പം എങ്കിലും മൂള ഉള്ള ഒരു മലയാളി യു ഡി എഫിനെ ഭരണത്തില്‍ എത്തിക്കാന്‍ അനുവദിക്കും എന്ന് തോന്നുന്നുണ്ടോ ?

പിന്നെ എന്താണ് യു ഡി എഫിന്റെ വികസന സമീപനം ? സ്മാര്‍ട്ട്‌ സിറ്റി കരാര്‍ കാര്യത്തില്‍ നമ്മള്‍ കണ്ടതല്ലേ ? ... ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കക, മറ്റു എടി സംരംഭങ്ങള്‍ പാടില്ല, സൗജന്യമായി നമ്മുടെ ഭൂമി വിട്ടുകൊടുക്കല്‍, തുടങ്ങിയ അതിഗുരതരമായ വീഴ്ചകള്‍ അടങ്ങിയ ആ കരാറും , എല്‍ ഡി എഫ് മാറ്റം വരുത്തിയ പുതിയ കരാറും ഒന്ന് കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും എന്താണ് വികസനത്തിന്റെ മറവില്‍ ഈ യു ഡി എഫ് അഴിമതി വീരന്മാര്‍ക്കു ചെയ്യാനുള്ളത് എന്ന് ? ഏഷ്യനെറ്റ് ന്യൂസ്‌ ല്‍ വന്ന ഈ ചെറിയ ചാര്‍ട്ട് ഒന്ന് കണ്ടിട്ട് പറയൂ ..

അല്ലെങ്കില്‍ തന്നെ കാമപേക്കൂത്തുകള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് വീടും സ്ഥലവും , എന്തിനു ഭര്‍ത്താക്കന്മാരെ വരെ ഒപ്പിച്ചു കൊടുക്കാന്‍ ഒത്തിരി പണം വേണമല്ലോ ...അപ്പൊ പിന്നെ ഏത് പദ്ധതിയും അങ്ങിനെ ഒക്കെ നടക്കൂ ...

പിന്കുറി :
തെരുവില്‍ കേട്ട മുദ്രാവാക്യങ്ങളില്‍ ല്‍ ചിലത് : കണ്ണേ കരളേ വി എസേ ...മുല്ലപ്പൂവേ ..

യു ഡി ഫിന്റെ ഇപ്പോള്‍ മത്സര രംഗത്തുള്ള ഏതെങ്കിലും നേതാക്കളെ ഇത്തരത്തില്‍ സ്നേഹത്തോടെ നെഞ്ചിലേറ്റി സത്യസന്ധമായി ഒന്ന് മുദ്രാവാക്യം വിളിക്കാന്‍ ജനങ്ങള്‍ക്ക്‌ ഒക്കുമോ ? ആത്മാര്‍ഥമായി ഒന്ന് ആലോചിച്ചു നോക്കൂ .. യു ഡി എഫിലെ ഇപ്പോള്‍ മത്സരിക്കുന്ന ഒരു നേതാവിനെയെങ്കിലും ചൂണ്ടി കാണിച്ചു തരൂ ..പ്ലീസ്‌

Anonymous said...

ചെത്തുകാരന്‍ വാസു പ്റവചനം ഫലിക്കില്ല ബീ ജേ പി കേരള രാഷ്ട്റീയത്തില്‍ ഒന്നും ആകാന്‍ പോകുന്നില്ല അതിലെ അന്ത ഛിദ്രം തൊഴുത്തില്‍ കുത്ത്‌ പാരവെയ്പ്‌ എന്നിവ കോങ്ങ്രസിനെയും സീ പീ എമിനെയും കടത്തി വെട്ടും മാധ്യമങ്ങള്‍ക്കു അതില്‍ ശ്രധ ഇല്ലാത്തതു കൊണ്ട്‌ നമ്മള്‍ അറിയുന്നില്ലെന്നു മാത്റം, പക്ഷെ മൂവായിരം വരുന്ന ബീ ജേപി വോട്ടാണു പലപ്പോഴും യു ഡീ എഫിനെ സഹായിക്കുന്നത്‌ , ഇനി ഒരു പ്റാവശ്യം കൂടി ഇടത്‌ വന്നാല്‍ ബീ ജേ പി അത്റത്തോളം തകരും അതവറ്‍ക്കറിയാം അതുകൊണ്ട്‌ പല മണ്ഢലങ്ങളിലും അറിഞ്ഞും അറിയാതെയും ബീ ജേ പി വോട്ട്‌ യു ഡീ എഫിനു നല്‍കും

കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ വ്യ്കതി ബന്ധങ്ങള്‍ കൊണ്ട്‌ മുകുന്ദന്‍ പ്റഭ്റ്‍തികള്‍ ഈ വോട്ട്‌ മറിച്ചിരുന്നു ഇപ്പോള്‍ കരുണാകരണ്റ്റെ വിടവ്‌ വല്ലാതെ അവശേഷിക്കുന്നു മുരളിക്കു സീറ്റ്‌ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്കോ ചെന്നിത്തലക്കോ പരിപാടി ഇല്ല പത്മജ ജയിക്കാനും പോകുന്നില്ല ആണ്റ്റണി ആണു നിറ്‍ണ്ണായകഘടകം

ഈസി വാക്കോവറ്‍ ആയിരുന്ന യൂ ഡീ എഫ്‌ വിജയം ഇപ്പോള്‍ എല്‍ ഡീ എഫ്‌ മുന്‍ തൂക്കം എന്ന നിലയില്‍ ബ്ളോഗ്‌ ഉലകത്തില്‍ കാണുന്നു പക്ഷെ യാഥാറ്‍ഥ്യം അതാവണമെന്നില്ല

വീ എസിനെതിരെ നല്ല ഒരു കാന്‍ഡിഡേറ്റിനെ ഇട്ടാല്‍ (വീ എം സുധീരന്‍ ) വീ എസ്‌ മലമ്പുഴയില്‍ തന്നെ തോല്‍ക്കും എല്ലാം യു ഡീ എഫിണ്റ്റെ കാന്‍ഡിഡേറ്റ്‌ ലിസ്റ്റിനെ ആശ്രയിച്ചിരിക്കുന്നു, കരുണാകരണ്റ്റെ അസാന്നിധ്യം തന്ത്റങ്ങള്‍ മെനയാന്‍ ആളില്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്‌, ആണ്റ്റണി ചെന്നിത്തല ഉമ്മന്‍ ചാണ്ടി റിലേഷനുകള്‍ വ്യക്തമല്ല ലിസ്റ്റ്‌ വന്നാലെ പറയാന്‍ പറ്റു ഗൌരി അമ്മ ഒന്നും ജയിക്കില്ല വെറുതെ ഒരു സീറ്റ്‌ കളയുന്നു അത്റയേ ഉള്ളു

ഓവറ്‍ കോണ്‍ഫിന്‍ഡന്‍സ്‌ ഇടതു പാളയത്തില്‍ ഉണ്ടാവുന്നത്‌ യു ഡീ എഫിനു നല്ലതാണു , ബീ ജേ പിയുമായി ഒരു അടവ്‌ നയം രൂപീകരിച്ചാല്‍ യു ഡീ എഫ്‌ തൂത്തു വാരും, നേമം ഓ രാജഗോപാലിനു വിട്ടു കൊടുക്കണം എന്നു മാത്റം

നൂറു സതമാനം ലിറ്ററസി ഉള്ള കേരളത്തില്‍ മുണ്ടും വലിച്ചു കേറ്റി തോളും കുലുക്കി ആഭാസത്തരം പറയുന്ന ഒരു മുഖ്യനെ ആണു യുവതലമുറക്കു വേണ്ടതെങ്കില്‍ അതു കേരളത്തിണ്റ്റെ ദുര്യോഗം

ചാർ‌വാകൻ‌ said...

വോട്ടില്ലാത്ത ഞാനെന്തു പറയാൻ..?
ഭരണ കക്ഷികൾ-പ്രതിപക്ഷ കക്ഷികൾ എന്നുപറയുന്നതിനു പകരം എന്തൊക്കയൊ അർത്ഥമില്ലാത്തപേരുകൾ വിളിച്ച്,കാലത്തിനൊത്ത് വളരാത്ത നേതാക്കളിൽ പ്രതീക്ഷ അർപ്പിക്കുന്നത് എന്തോന്നു രാഷ്ട്രീയം..?
പേരിനെങ്കിലും ഒരു ജനാധിപത്യമനസ്സ് ഉണ്ടന്നതാണ് ആകെ ആശ്വാസം.

Irshad said...

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി മുമ്പ് നടന്നതും വെറും നാടകമായിരുന്നെന്നു ഇപ്പോള്‍ ജനങ്ങള്‍ക്കു മനസ്സിലായി.

ഒന്നും ചെയ്യാതെ നാലര വര്‍ഷം കഴിച്ചു കൂട്ടിയിട്ടു (അതിന്റെ ഫലമായി രണ്ടു പ്രാവശ്യം എട്ടുനിലയില്‍ പൊട്ടി എന്നു കൂടിയോര്‍ക്കണം) ഇപ്പോള്‍ പഴയ കുറേ കേസുകളുമായി വന്നാല്‍ ജനം തിരിയുമെന്നു തോന്നുന്നില്ല. യു.ഡി.എഫിന്റെ ഭരണമികവു ഇടതിനില്ലായെന്നതു ഒരിക്കല്‍കൂടി ഈ ഭരണം വെളിവാക്കി. നാടിന്റെ സമ്പാദ്യം നഷ്ടപ്പെടുത്തുന്നതാണ്‍ അഴിമതി. വലത്തും ഇടത്തും ആരോപണവിധേയരായവരുണ്ട്. ഈ ഭരണത്തില്‍ തന്നെ കെ.എസ്.റ്റി.പി പദ്ധതിയില്‍ ഇരുന്നൂറോളം കോടി നഷ്ടപ്പെടുത്തിയത് മന്ത്രിമാര്‍ തന്നെ സമ്മതിച്ചതാണ്‍. കുരുവിള രാജി വെച്ചതും സ്വജനപക്ഷപാതത്തിന്റെ പേരിലല്ലേ? ജോസഫിനെതിരെ ഇടതു പക്ഷം ഉന്നയിക്കുന്ന അഴിമതികളും ഇടതു ഭരണത്തിന്റേതു തന്നെ. ഇടതു പക്ഷം എതിര്‍ത്തിരുന്ന ഏ.ഡീ.ബി വായ്പ വാങ്ങാനുള്ള സാഹചര്യങ്ങളും, സുതാര്യമല്ലാത്ത സ്മാര്‍ട്ട് സിറ്റി കരാറുമൊക്കെ വരും കാലം വെളിച്ചത്തു കൊണ്ടുവരേണ്ട സംഗതികളാണ്.

മറ്റുള്ളവന്റെ കുറ്റം മാത്രം കാണുന്ന ഇടതു പക്ഷം പ്രതിപക്ഷത്തുള്ളതാണു നല്ലതു. ആ കുറ്റങ്ങളെ തീര്‍ത്തു യുഡീഫ് കൊണ്ടു വരുന്ന പദ്ധതികളേക്കാള്‍ നന്നായി ഒന്നുംകൊണ്ടു വരാന്‍ ഇടതിനാവില്ല. അതിനുള്ള ദീര്‍ഘ വീക്ഷണമൊന്നും ഇടതിനില്ല. സ്മാര്‍ട്ട് സിറ്റി പോലും വന്നതു പഴയ ഗവണ്മെന്റ് ഉണ്ടാക്കിയ നിക്ഷേപ സൌഹൃദ ലേബലിന്റെ ബലത്തിലാണ്.

Abdul Hakkim said...

ആര്‍ക്കും വോട്ടുചെയ്യാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് നിഷേധ വോട്ടു കൂടി ചെയ്യാന്‍ അവസരം ഉണ്ടാക്കണം...