ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ ഷാജഹാനേ ഇത് കണ്ണൂരാടാ എന്നൊരു പോസ്റ്റ് വായിക്കാനിടയായി. അവിടെ ഞാന്‍ ഒരു കമന്റ് താഴെ കാണുന്ന പോലെ എഴുതി:
പേശീബലവും കുതന്ത്രങ്ങളും നുണപ്രചാരണങ്ങളും കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്. അത് കണ്ണൂരില്‍ മാത്രമല്ല. എവിടെയും അങ്ങനെ തന്നെയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസം ഹിംസയില്‍ അധിഷ്ഠിതമാണ്. കമ്മ്യൂണിസം അധികാരം പിടിച്ചടക്കിയ രാജ്യങ്ങളില്‍ അതില്‍ നിന്ന് മോചനം നേടാന്‍ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ കടുത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെ ജനാധിപത്യമായത്കൊണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ക്രമപ്രവൃദ്ധമായി വര്‍ദ്ധിക്കാത്തത്കൊണ്ടും അതിന്റെ ഭീകരമുഖം അധികം ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് മാത്രം. എന്നാല്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ പാര്‍ട്ടി സ്വേച്ഛാധിപത്യം തന്നെയാണ് നടക്കാറ്. മറ്റ് പത്രങ്ങള്‍ക്ക് വിലക്കുണ്ട്. പോളിങ്ങ് ബൂത്തുകളില്‍ മറ്റ് പാര്‍ട്ടി ഏജന്റുമാരെ ഇരിക്കാന്‍ അനുവദിക്കാറില്ല. പൗരന്മാരുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയുടെ ലോക്കല്‍ മുതല്‍ അങ്ങോട്ട് നേതാവായി കഴിഞ്ഞാല്‍ താന്‍ ജനങ്ങളുടെ യജമാനനാണ് എന്നാണ് മാര്‍ക്സിസ്റ്റുകാര്‍ കരുതാറ്. തങ്ങള്‍ക്ക് മറ്റുള്ളവരെ എന്തും പറയാം. തങ്ങളെ പറ്റി മറ്റാരും ശബ്ദിക്കരുത് എന്നവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ അവരെ പോലെ ഒരുമ്പെടാത്തത്കൊണ്ടാണ് അവരുടെ ഇമ്മാതിരി പോക്രിത്തരങ്ങള്‍ വിജയിക്കാറുള്ളത്. മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് 24 മണിക്കൂറും രാഷ്ട്രീയമാണ്. എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അതിന് കിട്ടുകയില്ല. ഇതൊക്കെ മനസ്സിലാക്കി നേരും നെറിയും പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെറുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആ പാര്‍ട്ടി ശോഷിക്കാന്‍ തുടങ്ങിയത്.
എന്തോ കണ്ണൂരില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകാധിപത്യപാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പഠിക്കാന്‍ മെനക്കെടാത്തത്കൊണ്ടാണ്. കണ്ണൂരിലും പാണ്ടന്‍ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ല എന്നതാണ് സത്യം. കണ്ടല്‍ പാര്‍ക്ക് പൂട്ടേണ്ടി വന്നില്ലേ? നേരാം വണ്ണം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ വളരാമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്. ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച ശീലമോ പാരമ്പര്യമോ ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇല്ല. അതിനുള്ള ഒരവസരമായിരുന്നു ഇന്ത്യയില്‍ . എന്നാല്‍ അവരതിന് മെനക്കെട്ടില്ല. ആദ്യം പറഞ്ഞു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന്. പിന്നെ ഇവിടെയുള്ളത് ബൂര്‍ഷ്വ ജനാധിപത്യമാണ് എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ചുരുക്കത്തില്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒട്ടും അറിയില്ല. അതിനവര്‍ പാകപ്പെട്ടിട്ടില്ല. അത്കൊണ്ടൊക്കെ ആ പാര്‍ട്ടി ഇവിടെയും നാശത്തിന്റെ വക്കിലാണ്. ഈ തെരഞ്ഞെടുപ്പില്‍ തന്നെ ബംഗാളിലും കേരളത്തിലും തോറ്റാല്‍ ആ നാശം പൂര്‍ണ്ണമാവും. ഇനി അഥവാ തോറ്റില്ലെങ്കിലും നശിച്ചേ തീരൂ. എന്തെന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം വേരോടിക്കഴിഞ്ഞു. ജനാധിപത്യം ശീലിക്കാത്ത ഒരു പാര്‍ട്ടിക്കും ഇനി ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തിലേക്ക് മാറാന്‍ കഴിയില്ല. എന്തെന്നാല്‍ അത് കമ്മ്യൂണിസത്തിന്റെ നിഷേധമായിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിഷ്ക്കളങ്കമായോ പരിശുദ്ധമായോ ആദര്‍ശനിര്‍ഭരമായോ ചിലര്‍ കാണുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല. ഒന്നുകില്‍ ലോകചരിത്രം പഠിക്കാഞ്ഞിട്ട്, അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകളുടെ മസ്സില്‍ പവ്വറിനെ ഭയന്നിട്ട്. മറ്റെന്താണ് പറയാന്‍ കഴിയുക.
എന്റെ മേല്‍ക്കമന്റിനെ പരാമര്‍ശിച്ച് ശ്രീജിത് കൊണ്ടോട്ടി അവിടെ ഇങ്ങനെ എഴുതി:
"എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്."
സാര്‍ പതിവായി പറയുന്ന കുറെ പേരുകള്‍ വിട്ടുപോയി എന്നുതോന്നുന്നു. :)
അവിടെ ശ്രീജിത്തിന് മറുപടിയായി വീണ്ടും ഒരു കമന്റ് കൂടി എഴുതി. പ്രസക്തമായ ചിന്തയായതിനാല്‍ ആ രണ്ട് കമന്റും ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു.
ശ്രീജിത്തേ , ഞാന്‍ പതിവായി കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്റെ ഓരോ പോസ്റ്റിലും കമന്റിലും പുതിയതായി ഒന്ന് പറയുന്നുണ്ട്. അതൊന്നും ചെറുപ്പക്കാരനായ ശ്രീജിത്തിന് പോലും മനസ്സിലാകാത്തത് സമൂഹമനസ്സ് അത്രമാത്രം യാഥാസ്ഥിതികമായി ഘനീഭവിച്ചുപോയത്കൊണ്ടാണ്. സമൂഹമനസ്സിന്റെ ഒരു യൂനിറ്റ് തന്നെയാണ് വ്യക്തിമനസ്സും. സമൂഹത്തില്‍ ഒരു മാറ്റവും വരാത്തതിന്റെ കാരണവും ഇപ്രകാരം ഘനീകൃതമനസ്സ് നിമിത്തമാണ്. തെറ്റോ ശരിയോ തന്റെ മനസ്സിന്റെ വിശ്വാസങ്ങള്‍ക്കപ്പുറം ഒന്നിനെയും മനസ്സ് കടത്തിവിടുന്നില്ല. ഇവിടെയും പുതിയ ഒരാശയം ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമോ ശീലമോ കമ്മ്യൂണിസ്റ്റുകള്‍ക്കില്ല. എന്ന്. അതിന്റെ അര്‍ത്ഥം പോലും ശ്രീജിത്തിന് മനസ്സിലാകാന്‍ വഴിയില്ലാത്തത്കൊണ്ട് എന്നോട് ചോദിച്ചേക്കാം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന്. ഇവിടെയുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ് എന്ന് വിലയിരുത്തിക്കൊണ്ട് ജനകീയജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യവും മുന്നോട്ട് വെച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ലോകത്ത് മറ്റെല്ലാ ജനാധിപത്യരാജ്യങ്ങളിലും അപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ബോണ്‍സായ് പാര്‍ട്ടിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ച് വിജയിക്കണമെങ്കില്‍ വിപ്ലവപൂര്‍വ്വ റഷ്യയോ ചൈനയോ പോലുള്ള രാജ്യങ്ങള്‍ വേണം. അതൊന്നും ഇനി നടക്കാന്‍ പോകുന്ന സംഗതികളല്ല. കാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്.
ഞാന്‍ ചോദിക്കുന്നു: ജനാധിപത്യത്തില്‍ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികള്‍ കൂടിയേ തീരൂ. ലോകത്ത് ഏറ്റവും ആധുനികമായ ഭരണസമ്പ്രദായം പാര്‍ലമെന്ററി രീതിയാണ്. അത്കൊണ്ട് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ബൂര്‍ഷ്വാജനാധിപത്യം എന്നൊന്നില്ല എന്നും ഉള്ളത് ബഹുകക്ഷി ജനാധിപത്യം മാത്രമാണ് എന്നും അംഗീകരിക്കുകയും വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പരിപാടി ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നവീനമായ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിവര്‍ത്തിപ്പിച്ചുകൂടേ? എന്നാല്‍ ഈ ചോദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോ അണികളോ കേട്ട മാതിരി നടിക്കുകയില്ല. എന്ത്കൊണ്ട്? മനസ്സിന്റെ ഘനീഭാവം. നേതാക്കള്‍ക്ക് ഉള്ള കാലത്തോളം ഇങ്ങനെ പോകണമെന്നേയുള്ളൂ. അണികള്‍ക്ക് ചിന്തിക്കുക എന്ന റിസ്ക്ക് എടുക്കുകയും വേണ്ട. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടാന്‍ പോവുകയാണെന്ന് ശ്രീജിത്തിനും മനസ്സിലായിക്കാണും.
എല്ലാം ഇവിടെ പറയുന്നില്ല. ഇനിയും എഴുതണമല്ലോ. മെയ് 13 കഴിഞ്ഞിട്ട് കുറെ പറയാനുണ്ട് :)