Links

അലോപ്പതിയെ കണ്ടവരുണ്ടോ ?

എന്റെ ജനകീയശാസ്ത്രം ബ്ലോഗില്‍ മനോജ് ചോദിച്ച ഒരു ചോദ്യം ഇതാണ് : “ അലോപ്പതിക്ക് മുന്‍പ് ഭാരതത്തില്‍ ആയൂര്‍വേദമായിരുന്നില്ലേ മാഷേ ഉപയോഗിച്ചിരുന്നത് ? ” ഈ ചോദ്യം കൊണ്ട് മനോജ് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല . ഏറോപ്ലെയിന്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് കാളവണ്ടിയിലല്ലേ സഞ്ചരിച്ചിരുന്നത് , ഉരുണ്ടതാണെന്ന് കണ്ടുപിടിക്കുന്നതിന് മുന്‍പ് ഭൂമി പരന്നതായിരുന്നില്ലേ എന്നൊക്കെ ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക . അതെ ഉപയോഗിച്ചിരുന്നു അതിനെന്താ ? ശരീരത്തിന്റെ സ്വാഭാവികപ്രതിരോധം കൊണ്ട് രോഗങ്ങളെ അതിജീവിച്ചര്‍ രക്ഷപ്പെട്ടു , അല്ലാത്തവര്‍ രോഗങ്ങള്‍ക്കടിമപ്പെട്ട് മരണപ്പെട്ടിട്ടുണ്ടാവണം . ശരീരം തന്നെ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒരു സംവിധാനമാണ് . പിന്നെ ശരീരത്തിന് തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചികിത്സ വേണ്ടി വരുന്നു . ചികിത്സിക്കണമെങ്കില്‍ രോഗകാരണം എന്തെന്ന് മനസ്സിലാവണം . അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കാന്‍ മാര്‍ഗ്ഗമില്ലായിരുന്നു . അന്നത്തെ നിഗമനങ്ങളും അനുമാനങ്ങളും വെച്ച് ചില നിരീക്ഷണങ്ങള്‍ നടത്തി . വാതം , പിത്തം , കഫം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം എന്ന് അന്നവര്‍ വിലയിരുത്തി . അതല്ല കാരണമെന്നും അനേകം സൂക്ഷ്മജീവികളാണ് ശരീരത്തില്‍ പ്രവേശിച്ച് രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നും അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1850 കളില്‍ ലൂയിസ് പാശ്ചര്‍ കണ്ടെത്തി . ലൂയിസ് പാശ്ചറുടെ കണ്ടെത്തല്‍ അവിശ്വസിക്കേണ്ടതില്ല . രോഗബാധിതനായ ഒരാളുടെ രക്തം മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ അതില്‍ ഈ സൂക്ഷ്മജീവികളെ ആര്‍ക്കും കാണാന്‍ കഴിയും . ഈ പശ്ചാത്തലത്തില്‍ ഈ വാതം ,പിത്തം ,കഫം ആണ് രോഗകാരണം എന്ന നിഗമനത്തില്‍ ഇന്നും ചികിത്സ നടത്തേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ ഭൂമി ഇന്നും പരന്നിരിക്കണം .

മറ്റൊന്ന് ഈ അലോപ്പതിയെ ആരെങ്കിലും കണ്ടവരുണ്ടോ ? 1796 ല്‍ ജര്‍മ്മനിയില്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഭിഷഗ്വരന്‍ , താന്‍ ആധുനികമായ ഒരു ചികിത്സാരീതി കണ്ടെത്തി എന്ന് പ്രഖ്യാപിച്ചു . LIKE CURES LIKE അതാണ് അതിന്റെ ശാസ്ത്രീയത പോലും . തന്റെ സിദ്ധാന്തത്തിന് പേരും വിളിച്ചു , അതാണ് ഹോമിയോപ്പതി . അതേവരെ നൂറ്റാണ്ടുകളായി ജര്‍മ്മനിയിലും യൂറോപ്പിലും നിലനിന്നിരുന്ന പഴഞ്ചന്‍ രീതി OPPOSITE CURES OPPOSITE ആയിരുന്നു പോലും . ആ അറുപഴഞ്ചന്‍ രീതി അലോപ്പതി ആയിരുന്നു പോലും . അങ്ങനെ തന്റേതിനെ ആധുനികമെന്നും അത് ഹോമിയോപ്പതിയാണെന്നും തനിക്ക് മുന്‍പേ ഉണ്ടായിരുന്നത് പഴഞ്ചനാണെനും അത് അലോപ്പതിയാണെന്നും പറഞ്ഞത് 1796 ല്‍ ജര്‍മ്മന്‍‌കാരനായ ശാമുവല്‍ ഹാനിമാനാണ് . ആ അലോപ്പതി ഇന്ന് ലോകത്തെവിടെയെങ്കിലും പ്രചാരത്തിലുണ്ടോ എന്നെനിക്കറിയില്ല . നമ്മള്‍ ഇന്ന് വ്യഹഹാരഭാഷയില്‍ ഉപയോഗിക്കുന്ന , രോഗങ്ങളുടെ പേരുകള്‍ മുഴുവനും ആധുനികവൈദ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിച്ച പേരുകളാണ് . ആയുര്‍വേദത്തില്‍ വാത-പിത്ത-കഫ കാരണങ്ങളോട് പൊരുത്തപ്പെടുന്ന പേരുകളാണ് രോഗങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നത് . ഹാനിമാന് പിന്നെ രോഗങ്ങളുമില്ല പേരുമില്ല . രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി, സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ക്കേ ഹോമിയോയില്‍ പേരുകളുള്ളൂ .

രോഗങ്ങള്‍ക്കും , രോഗകാരികളായ സൂക്ഷ്മജീവികള്‍ക്കും , മരുന്നുകള്‍ക്കും ഒക്കെ പേരുകള്‍ നല്‍കിയെങ്കിലും ചികിത്സാരീതിക്ക് ആധുനികവൈദ്യശാസ്ത്രം പേരൊന്നും നല്‍കിയിട്ടില്ല . ചികിത്സക്കെന്തിന് പേര് . വര്‍ക്ക് ഷോപ്പില്‍ വാഹനങ്ങള്‍ നന്നാക്കുന്നതിന് പ്രത്യേകം പ്രത്യേകം പേരുകള്‍ വേണോ ? എന്നാലും രോഗകാരണങ്ങളും അത് മനസ്സിലാക്കാനുള്ള ഉപകരണങ്ങളും , അതിന്റെ പ്രതിവിധികളുമൊക്കെ ഈയടുത്ത നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ടത് കൊണ്ട് അതിനെ പൊതുവെ ആധുനികവൈദ്യശാസ്ത്രം അഥവാ മോഡേണ്‍ മെഡിസിന്‍ എന്ന് പറയുന്നു . ഈ മോഡേണ്‍ മെഡിസിനെ അതായത് ശാമുവല്‍ ഹാനിമാന് ശേഷം പ്രയോഗത്തില്‍ വന്ന ആധുനികചികിത്സാരീതിയെ ഹാനിമാന്‍ തന്നെ തള്ളിക്കളഞ്ഞ അലോപ്പതി എന്ന് പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ് . ഇന്ന് പത്രക്കാരും മറ്റ് ദൃശ്യമാധ്യമക്കാരും മന്ത്രിമാരും പിന്നെ വലിയ വലിയ ആള്‍ക്കാരും എല്ലാം അലോപ്പതി എന്ന് ആധുനികവൈദ്യസമ്പ്രദായത്തെപ്പറ്റി പറയുന്നുണ്ട് എന്നത് വിവരക്കേട് ആരുടെയും കുത്തകയല്ല എന്നതിന് തെളിവാണ് .

ഹാനിമാന്റെ കാലത്ത്, ദൃഷ്ടിക്ക് ഗോചരമല്ലാത്ത സൂക്ഷ്മജീവികള്‍ ഭൂമിയിലുണ്ട് എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും , അത്തരം ജീവികളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു . അത് കൊണ്ട് ഹാനിമാനും ശരിയായ രോഗകാരണങ്ങള്‍ മനസ്സിലാക്കാനായില്ല . ഇന്നാണ് ഹാനിമാന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഒരു മികച്ച ആധുനികവൈദ്യശാസ്ത്രജ്ഞനായേനേ . അപ്പോള്‍ നമ്മള്‍ ആധുനിക ശാസ്ത്രം കണ്ടുപിടിച്ച മറ്റൊന്നിനേയും തള്ളിക്കളയാതെ , അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചാരത്തിലുണ്ടായിരുന്ന ആയുര്‍വേദം ഇന്നും വേണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ? മോഡേണ്‍ മെഡിസിന്‍ കൊണ്ട് മാറ്റാന്‍ കഴിയാത്ത രോഗങ്ങള്‍ ആയുര്‍വേദ-ഹോമിയോ കൊണ്ട് മാറ്റാന്‍ കഴിയും എന്ന് പറയുന്നത് ശുദ്ധതട്ടിപ്പ് ആണ് . സൈഡ് എഫക്റ്റ് എന്ന് പറഞ്ഞാല്‍ , മോഡേണ്‍ മെഡിക്കല്‍ രംഗത്ത് മാത്രമണ് മരുന്നുകളുടെ ഇഫക്റ്റും അതുണ്ടാക്കുന്ന സൈഡ് എഫക്റ്റും സദാ പരിശോധിക്കുന്നത് . എഫക്റ്റ് ഉണ്ടാക്കുന്ന എന്തും സൈഡ് എഫക്റ്റും ഉണ്ടാക്കും . എഫക്റ്റ് ഇല്ലെങ്കില്‍ സൈഡ് എഫക്റ്റും ഇല്ല . ഇന്നയിന്ന മരുന്നുകള്‍ക്കെല്ലാം സൈഡ് എഫക്റ്റുകളുമുണ്ടാവാമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് ആധുനികവൈദ്യശാസ്ത്രത്തിന്റെ മാത്രം മേന്മയാണ് . ആ ഒരു മേന്മ തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ തകാരാറാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ദുഷ്ടലാക്കാണ് . ആയുര്‍വേദ-ഹോമിയോക്കാര്‍ക്ക് പരീക്ഷണം നടത്തേണ്ടതോ അതിന്റെ എഫക്റ്റുകളെക്കുറിച്ചോ സൈഡ് എഫക്റ്റുകളെക്കുറിച്ചോ പറയേണ്ടതോ ആവശ്യമില്ല .

ഇന്ന് പലരോഗങ്ങള്‍ക്കും പ്രതിരോധമരുന്നുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ആയുര്‍വേദ-ഹോമിയോക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ട് . പ്രതിരോധ മരുന്ന് എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഹാനിമാന്‍ ഹോമിയോക്കാര്‍ക്ക് അനുവാദം നല്‍കുന്നില്ല . ഉള്ള ലക്ഷണങ്ങള്‍ക്ക് സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള മരുന്ന് നല്‍കാനേ ഹാനിമാന്റെ ശിഷ്യന്മാര്‍ക്ക് അവകാശമുള്ളൂ . വരാന്‍ പോകുന്ന ലക്ഷണങ്ങളെ എങ്ങനെ ഒരു ഹോമിയോ ഡോക്റ്റര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയും ? രോഗപ്രതിരോധം അഥവാ ഇമ്മ്യൂണിറ്റി എന്ന വാക്ക് തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ സംഭാവനയാണ് .

ആരോഗ്യരംഗത്ത് എല്ലാ ചികിത്സയെയും സമന്വയിപ്പിച്ച് ഒരു ഇന്റഗ്രേഷന്‍ നല്ലതല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് . എന്താണതിന്റെ അവശ്യം ? അതെങ്ങനെ സാധ്യമാവും ? ക്ഷയ രോഗത്തിന് രോഗിക്ക് ആന്റിബയോട്ടിക്ക് ഇഞ്ചക്‍ഷനും , കഷായവും , ഹോമിയോ മതര്‍ടിങ്ചര്‍ ചേര്‍ത്ത ഗ്ലൂക്കോസ് ഗുളികയും ഒരുമിച്ച് കൊടുക്കാനോ ? ഇന്ന് കേന്ദ്രഗവണ്മേന്റിന്റെ കീഴില്‍ ആയുഷ് എന്ന് ഒരു വകുപ്പ് ഉണ്ട് . ആയുര്‍വേദ-സിദ്ധ-യുന്നാനി-യോഗ-ഹോമിയൊ-പ്രകൃതി ചികിത്സകളില്‍ ഗവേഷണം നടത്താന്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ടും നല്‍കിവരുന്നുണ്ട് . അടിസ്ഥാനമില്ലാത്ത രോഗസങ്കല്പങ്ങളെക്കുറിച്ച് ഗവേഷണം നടത്തി എന്ത് ഫലമാണ് കണ്ടെത്താന്‍ കഴിയുക ? അതേ സമയം ആരോഗ്യരംഗം ഒരു വന്‍‌വ്യവസായമായി , വ്യാജഡോക്ടര്‍മാരുടെയും വ്യാജമരുന്നുകളുടെയും പിടിയിലമര്‍ന്ന് ജനം നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ചികിത്സാരംഗത്ത് നിന്ന് പിന്‍‌മാറുകയാണ് .

വഞ്ചിക്കപ്പെടാനും കബളിപ്പിക്കപ്പെടാനും പാകത്തിലാണ് ഇവിടെ ജനങ്ങളുടെ വിശ്വാസങ്ങളും മുന്‍‌വിധികളും . എന്ത് ചെയ്യും ?

11 comments:

അനില്‍@ബ്ലോഗ് // anil said...

മാഷ്,
പുതിയ പോസ്റ്റുകളുമായി താങ്കളെ വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട്.

ഈ പോസ്റ്റ് എന്തിനെന്നു ആലോചിച്ചിട്ടു ഒന്നും പിടികിട്ടിയില്ല.

ഒരു താരതമ്യം നടത്തിയാല്‍ തെറ്റാവില്ലെന്നു തോന്നുന്നു.
ബ്ലോഗ്ഗില്‍ വന്ന അന്നു തന്നെ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു ബ്ലൊഗറുണ്ട് , പേരു പറയുന്നില്ല.പുള്ളി എന്തോ ഒരു പ്രേതാവേശവുമായി നടക്കുന്നതായാണ്‍ പലപ്പോഴും തോന്നിയിട്ടുള്ളതു . ഇല്ലാത്തെ ഒരു ശത്രു, ബ്രാഹ്മണ്യം,സവര്‍ണ്ണര്‍,ബുദ്ധന്‍ തുടങ്ങിയ ചിന്തകളാണേതിലും.നിഴലിനോടു പടവെട്ടുന്ന മാതിരി.

ഇതിനിവിടെ പ്രസക്തിയെന്തെന്നല്ലെ?

താങ്കളും ഈ വിഷയത്തില്‍ ഇത്തരം ഒരു സമീപനമല്ലെ പുലര്‍ത്തുന്നതു എന്നൊരു തോന്നല്‍. ഒരു തരം ആത്മ വഞ്ചന !!
ഇന്റെര്‍നെറ്റില്‍ പരതിനടക്കുന്ന താങ്കള്‍ക്കു, ചെടികളും മറ്റും ഉപയോഗിച്ചു നടത്തുന്ന ചികിത്സാ ഫലങ്ങളും , ഫൈറ്റോ മെഡിസിനിലെ ഗവേഷണങ്ങളും കാണാനാവുന്നില്ല എന്നു വിശ്വസിക്കാനാവുന്നില്ല്.

രണ്ടു മൂന്നു ലിങ്കുകള്‍ ഉദാഹരണമായി തരുന്നു (വാദത്തിനായി )

ന്യൂസിലാന്റില്‍ നിന്നുള്ള വിവരം

ബ്രെസ്റ്റ് കാന്‍സറും ഫൈറ്റോ ഈസ്ട്രജനുകളും

ബ്രെസ്റ്റ് ക്യാന്‍സറും ഫൈറ്റോ ഈസ്ടജനുകളും

കീമോതെറാപ്യൂട്ടിക് ഇഫ്ഫക്റ്റ്

മുഴുവന്‍ തട്ടിപ്പാണെന്നു പറയരുത്.

Unknown said...

അനില്‍ , ഈ പോസ്റ്റ് ഒന്നു കൂടി വായിച്ചാല്‍ ഇതിന്റെ ഉദ്ദേശ്യം മനസ്സിലാവും . അലോപ്പതി എന്ന വാക്ക് തെറ്റായാണ് ഉപയോഗിക്കുന്നത് . മനോജിന് കൊടുക്കാനുള്ള മറുപടി നീണ്ടു പോയതില്‍ പോസ്റ്റാക്കി . പിന്നെ ലിങ്കിന്റെ കാര്യം . ഇന്റര്‍നെറ്റില്‍ ആയുര്‍വേദ ഹോമിയോ തുടങ്ങിയ അള്‍ട്ടര്‍നേറ്റിവ് മെഡിസിന്റെ പേരില്‍ നൂറ് കണക്കിന് ലിങ്കുകളുണ്ട് . സത്യം നമ്മള്‍ ചികഞ്ഞെടുക്കണ്ടെ . കേരളത്തില്‍ ദൈവവിശ്വാസം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രബലമാണ് ആയുര്‍വേദ - ഹോമിയോ വിശ്വാസം . പബ്ലിക്കായി എതിര്‍ത്താല്‍ അടി കിട്ടും . ഞാന്‍ വസ്തുതകളേ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളൂ . ശരീരം ഒന്ന് , അതിന് വരാവുന്ന തകരാറുകള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗവും ഒന്ന് . ഇതാണ് എന്റെ തീയറി .ഞാനത് ബ്ലോഗില്‍ പറയുന്നു എന്നേയുള്ളൂ . അടിച്ചേല്‍പ്പിക്കുന്നില്ലല്ലൊ . എന്റെ മക്കളെ ഞാന്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ അവരോടൊപ്പം പഠിച്ച് അവരെ പഠിപ്പിച്ചു . അപ്പോള്‍ കിട്ടിയ അറിവ് വെച്ചാണ് ഞാന്‍ സംസാരിക്കുന്നത് . പാഠപുസ്തകങ്ങളിലെ ജീവശാസ്ത്രം പാഠങ്ങള്‍ മാറ്റി പകരം ഹോമിയോ ആയുര്‍വേദപാഠങ്ങള്‍ക്കനുസരിച്ച് ത്രിദോഷസിദ്ധാന്തവും സമാനലക്ഷണ സിദ്ധാന്തങ്ങളും കുട്ടികളെ പഠിപ്പിക്കാനാണ് അനിലിനെപ്പോലെയുള്ള ജനലക്ഷങ്ങള്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കേണ്ടത് . ഇന്നത്തെ നിലയില്‍ ബയോളജി ടെക്സ്റ്റുകള്‍ പഠിച്ചു പോയാല്‍ വളരുന്ന കുട്ടികളില്‍ ചുരുക്കം പേര്‍ എന്നെ പോലെ മോഡേണ്‍ മെഡിസിന്റെ വക്താക്കളായിപ്പോകാവുന്ന അപകടമുണ്ട് .

Anonymous said...

Ayurvedam kondu oru gunavumilla, dosham mathrame ullu ennano thankal parayunnathu? Avide researchine yaathoru prasakthiyumille? Atho ayurvedathil vendavithathil research nadakkunnilla ennano?

Unknown said...

ആയുര്‍വേദത്തിന്റെ ഗുണവും ദോഷവും പറയാന്‍ ഞാന്‍ ആളല്ല . എനിക്ക് എന്റെ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നല്ല വണ്ണം അറിയാം . എന്റെ ശരീരത്തെ ബാധിക്കുന്ന രോഗത്തിന് ആവശ്യമായ ചികിത്സ മോഡേണ്‍ മെഡിസിനില്‍ ഇന്ന് ലഭ്യമാണ് . അഥവാ മോഡേണ്‍ മെഡിസിനില്‍ ലഭ്യമല്ലെങ്കില്‍ മറ്റെവിടെയും എനിക്ക് ലഭ്യവുമല്ല .

ആയുര്‍വേദത്തില്‍ റിസര്‍ച്ച് നടക്കുന്നുണ്ട് എന്നാണ് ലഭ്യമായ വിവരങ്ങള്‍ വെച്ച് മനസ്സിലാക്കുന്നത് . അത് വേണ്ട വിധത്തിലാണോ നടക്കുന്നത് എന്ന് വിധിയെഴുതാനും ഞാനാളല്ല . അത് റിസര്‍ച്ച് നടത്തുന്നവരുടെ കാര്യം .

റിസര്‍ച്ച് നടത്തുന്നതിന് പ്രസക്തിയില്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്താണ് പറയുക ? റിസര്‍ച്ച് എന്നാല്‍ ഒരു സത്യം കണ്ടുപിടിക്കാനും അതിന്റെ നിജസ്ഥിതി മനസ്സിലാക്കാനുമായിരിക്കേണ്ടേ ? ആയുര്‍വേദത്തില്‍ രോഗകാരണങ്ങളും അതിന്റെ പ്രതിവിധികളും സാമാന്യം സവിസ്തരമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട് . ഇനി മേല്‍ക്കൊണ്ട് അതില്‍ എന്ത് റിസര്‍ച്ച് ആണ് നടക്കാന്‍ ബാക്കിയുള്ളത് ?

മോഡേണ്‍ മെഡിസിനില്‍ റിസര്‍ച്ച് അനവരതം നടക്കുന്നുണ്ട് . കാരണം ഇനിയും ധാരാളം കണ്ടുപിടിക്കാനുണ്ട് . ഒരു ഉദാഹരണം പറയാം . നമ്മുടെ ശരീരത്തില്‍ 200ഓളം ബാക്റ്റീരിയകള്‍ സഹവസിക്കുന്നുണ്ട് പോലും . അതില്‍ 20ശതമാനത്തെ ഇനിയും ശാസ്ത്രത്തിന് ഐഡന്റിഫൈ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല . അങ്ങനെ രോഗകാരികളും അല്ലാത്തതുമായ ബക്റ്റീരിയകള്‍ , വൈറസ്സുകള്‍ പിന്നെ ഉല്പരിവര്‍ത്തനം മൂലം ഇത്തരം സൂക്ഷ്മജീവികള്‍ മരുന്നിനോട് പ്രതിരോധം ആര്‍ജ്ജിക്കുന്നത് ഇങ്ങനെ ആധുനിക വൈദ്യശാസ്ത്രം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട് . വൈറസ്സിന് ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല . എയിഡ്‌സിന് വാക്സിനേഷന്‍ കണ്ടുപിടിക്കണം . ഇതിനെല്ലാം വേണ്ടി ലോകമാസകലം പരീക്ഷണങ്ങള്‍ നടന്നു വരുന്നുണ്ട് .

റിസര്‍ച്ചിലൂടെ ആയുര്‍വേദത്തിന് മോഡേണ്‍ മെഡിസിനെ പിന്നിലാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല . കാരണം സത്യം ഒന്നേയുള്ളൂ . അത് മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്റേതല്ലാത്ത മറ്റ് മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട് എന്ന് തോന്നുന്നില്ല . പിന്നെ റിസര്‍ച്ച് ആയുര്‍വേദത്തില്‍ മാത്രമല്ല സിദ്ധയിലും യുനാനിയിലും കൊണ്ടുപിടിച്ചു നടക്കുന്നുണ്ട് .

Anonymous said...

Mashinte nilapadu vyekthamakkiyathil santhosham. Oru samshayam koodi. Ippozhulla ayurveda marunnil chilathenkilum rogam maattan karanamakunnenkil , athile verum kaayum pachavellavum mercuryum mattum maatti, roga maattunna padartham maathram aakkunna reethiyilulla research nallathalle? aa padartham, ippozhulla modern medicinil ninnu vethyasamakilla ennu viushwasikkamenkilum angane oru research nallathalle?

Unknown said...

എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് റിസര്‍ച്ച് നടത്തുന്നത് ? ശരിയായ രോഗനിര്‍ണ്ണയം നടത്തുക ആയുര്‍വേദത്തില്‍ സാധ്യമല്ല . അത് കൊണ്ടാണല്ലൊ റിസര്‍ച്ച് നടത്തി മോഡേണ്‍ മെഡിസിനില്‍ രോഗനിര്‍ണ്ണയം നടത്താനുള്ള എത്രയോ ഉപകരണങ്ങള്‍ കണ്ടുപിടിച്ചത് . മോഡേണ്‍ മെഡിസിനില്‍ കഴിയാത്ത എന്തെങ്കിലും ഒന്ന് റിസര്‍ച്ച് നടത്തി ആയുര്‍വേദത്തില്‍ കണ്ടു പിടിക്കാന്‍ കഴിയുമോ ? രോഗം മാറ്റുന്ന പദാര്‍ത്ഥം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? ബാക്റ്റീരിയ കൊണ്ടുള്ള രോഗബാധയാണെങ്കില്‍ അതിന് സിറപ്പ് , ടേബ്‌ലെറ്റ്, ഇഞ്ചക്‍ഷന്‍ എന്നീ രൂപത്തില്‍ നല്കാവുന്ന ആന്റി ബയോട്ടിക് മരുന്നുകള്‍ മോഡേണ്‍ മെഡിസിനിലേ കഴിയൂ . പിന്നെ ആന്തരീകമായ തകരാറാണെങ്കില്‍ അത് കണ്ടുപിടിക്കാനും ശസ്ത്രക്രീയ ചെയ്യാനും ആധുനികവൈദ്യശാസ്ത്രത്തിലേ കഴിയൂ . അവയവങ്ങള്‍ മാറ്റി വെക്കുക അങ്ങനെ എത്രയോ സാധ്യതകള്‍ മോഡേണ്‍ മെഡിസിനിലേ കഴിയൂ . ഇതൊക്കെ ആയുര്‍വേദയില്‍ റിസര്‍ച്ച് നടത്തി ചെയ്യാന്‍ കഴിയില്ല . കഷായം , എണ്ണ-തൈലം , കിഴി-ഉഴിച്ചില്‍ എന്നതല്ലാതെ എന്ത് റിസര്‍ച്ച് നടത്തിയാലും അതിനപുറം പോകാന്‍ കഴിയില്ല . ഞാന്‍ പറഞ്ഞില്ലേ , റിസര്‍ച്ച് എന്ന് പറഞ്ഞാല്‍ അതിന് പ്രപഞ്ചത്തിലെവിടെയും ഒറ്റ റിസല്‍ട്ടേ ഉണ്ടാവൂ . ഇവിടെ മനസ്സില്‍ കടന്ന് കൂടിയ മുന്‍‌വിധികള്‍ ഉപേക്ഷിക്കാനുള്ള വൈഷമ്യം കൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തോന്നുന്നത് . ശാസ്ത്രീയവീക്ഷണത്തിന്റെ അഭാവവും അതിന് ഒരു കാരണമാണ് .

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ചര്‍ച്ച നടക്കട്ടെ.

ആദ്യമായി പ്രയോഗത്തില്‍ വരുത്തിയ ആന്റിബയോട്ടിക്ക് ഏതില്‍ നിന്നാണാവൊ ഉരുത്തിരിഞ്ഞതു?

കൃതൃമമായി നിര്‍മ്മിക്കുന്ന രാസവസ്തുക്കള്‍ മാത്രമല്ല മാഷെ ആന്റി ബയോട്ടിക്കുകളും മറ്റും, പ്രകൃതിയില്‍ നിലവിലുള്ള പലതിനും അത്തരം കഴിവുകളുണ്ട്.

ഈസ്ത്രജന്റെ ഉപയോഗം നിയന്ത്രിച്ചതിന്റ്റെ ഭാഗമായി ഫൈറ്റോ ഈസ്റ്റ്രജനുകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നു. മൃഗചികിത്സാ രംഗത്തു ഹോര്‍മോണ്‍ ഉപയൊഗം കുറക്കുന്നതു പ്രധാനമായും ഫൈറ്റോ ഈസ്റ്റ്രജന്‍സ്സാണ്.ഏറ്റവും ഫലപ്രദമായതുപയോഗിക്കുന്നുമുണ്ടു. ഒരു ലിങ്ക് ഹിമാലയ ഫാര്‍മസ്യൂട്ടിക്കത്സ് , മാഷ്ക്കല്ല , ആര്‍ക്കെങ്കിലും ഉപയോഗിക്കണമെങ്കില്‍ , നോക്കുക.

Anonymous said...

Mashe, munvidhiyundu. Karanam ayurvedam upayogicha palarum rogam maariyathayi saakshyapeduthunnathu kondanu. Ayurvedathinu roganirnnayam polum nadathan saadhikkilla ennu parayumbol ithreyum kaalam keralathile oru nalla vibhagam janangal aashrayikukkayum, medical collegukal sarkar thanne nadathukayum, entrance pareeksha nadathi nalla mark vaangunna kure per athu padikkan pokukayum cheyyumbol athil enthenkilum undayittayirikkille..?

Anonymous said...

Chilappo ayurveda collegukalil ippo surgeryum koode kurachu modern medicinum okke BAMS il padippukkunnathu kondu aayirikkam avidunnu padichirangunna doctor maar chikilsa nadathunnathu. Anganeyenkil njan paranjathokke thettanu. Ithokke nalla pole arenkilum anweshikkandathanu. Athinu modern medicinte aalukal thanne munkai edukkkanam.

jk said...

aayurvedam - theerchayaayum phalapradam thanne, pala asughangalkkum. ivide thanne palarum paranju kazhinju, phytoestrogens, other plant products etc.
appozhanu ente samshayam..
ee biologically active agents are responsible for the curative effect. similarly they will also act on other receptors and definitely will cause side effects.
appo, side effects undavilla ennu parayunnathile yukthi shariyalla.
one known side effects of many herbal medicines are interstitial nephritis- one type of kidney damage. that usually seen by pathologists on renal biopsy.
side effects of medicine should be systematically studied, for ayurvedic medicines also. ayurvedic physicians should take their on efforts to document these.. thats how we improve.
i am a modern medicine doctor, specifically pathologist

docD said...

അനില്‍ ,ഇപ്പറഞ്ഞ ഫൈടോഈര്ട്രജന്‍സ് ആധുനിക വൈദ്യശാസ്ത്രസ്തിലും ഉപയോഗിക്കുന്നുണ്ട് ..ആണ്ടിബയോടികുകളില്‍ ചിലത് ഫങ്ങസ്സുകളില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് ..രിസര്പിന്‍ ,ക്വിനൈന്‍ തുടങ്ങിയവ സസ്യങ്ങളില്‍ നിന്നും എടുക്കുന്നു ...ആധുനിക വൈദ്യ ശാസ്ത്ര മരുന്നുകള്‍ കൃത്രിമ രാസവസ്തുക്കള്‍ മാത്രമാണെന്ന് താങ്കള്‍ ധരിച്ചു വശായിരിക്കുകയാനല്ലോ ?