Links

ചെറിയ മനുഷ്യരും വലിയ ലോകവും - 1

ഞാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ എന്നെ പരിചയപ്പെടാനും ചില കാര്യങ്ങളില്‍ എന്റെ വിശദീകരണം ലഭിക്കാനും ഒരു സുഹൃത്ത് എന്നെ വന്ന് കാണുകയുണ്ടായി . ഓര്‍മ്മയില്‍ നിന്ന് ആ സംഭാഷണം ഇവിടെ പകര്‍ത്താനുള്ള ശ്രമമാണിത് .

നമസ്ക്കാരം മാഷെ , ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാറുണ്ട് . പല കാര്യങ്ങളിലും നിങ്ങളോട് യോജിക്കാന്‍ കഴിയാറില്ല. എന്നാലും നിങ്ങളെ അവഗണിക്കാനും കഴിയുന്നില്ല . എന്താണ് ബ്ലോഗ് കൊണ്ട് നിങ്ങള്‍ പറയാനുദ്ദേശിക്കുന്നത് ?

ഒരു എഴുത്തുകാരനാവണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു . എന്നാല്‍ എഴുതാനുള്ള കഴിവോ ഭാഷയിലുള്ള പ്രാവീണ്യമോ വാക്കുകള്‍ കൊണ്ട് അമ്മാനമാടാനുള്ള ചാതുര്യമോ ഒന്നുമെനിക്ക് ഉണ്ടായിരുന്നില്ല . വായനശീലമുള്ളത് കൊണ്ട് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. ചിന്തിച്ചിരിക്കുക എന്നതായിരുന്നു എന്റെ പ്രധാന ഹോബി . മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ കുറെ ആശയങ്ങളും എനിക്കുണ്ടായിരുന്നു. ബാംഗ്ലൂരില്‍ താമസം തുടങ്ങിയപ്പോള്‍ ഒരു നേരമ്പോക്കായിട്ടാണ് ബ്ലോഗ്ഗിങ്ങ് തുടങ്ങിയത് . പിന്നീടാണ് എനിക്കതിന്റെ ശക്തിയും പ്രസക്തിയും മനസ്സിലായത് . ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ലോകത്തോട് വിളിച്ചു പറയാനും അത് വഴി സര്‍ക്കാരിന്റെ നയരൂപീകരണങ്ങളില്‍ പോലും ഇടപെടാന്‍ പൌരസമൂഹത്തിന് കഴിയുമെന്നും എനിക്ക് മനസ്സിലായി .

താങ്കള്‍ ബ്ലോഗില്‍ എന്തൊക്കെയോ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നുവെന്നും മറ്റും കേട്ടല്ലോ ? താങ്കള്‍ സ്വന്തമായി ബ്ലോഗ് അക്കാദമി തുടങ്ങാന്‍ പോകുന്നു എന്നൊരു ശ്രുതിയും കേട്ടിരുന്നു ?

ഹേയ് ... വിവാദങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല . ബ്ലോഗിലെ അനോണിമിറ്റിയെ ഞാന്‍ എതിര്‍ത്തിരുന്നു. സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി ബ്ലോഗ്ഗര്‍മാര്‍ സമൂഹത്തില്‍ സക്രിയമായി ഇടപെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായിരിക്കുമെന്ന് ഞാന്‍ കരുതി . മറഞ്ഞിരുന്ന് പറയുന്നതിന് ഒരു വിശ്വാസ്യത ഉണ്ടാവുകയില്ല എന്നും പറഞ്ഞു അത്രയേയുള്ളൂ . അത് അനോണിമസ്സ് ആയി എഴുതുന്നവര്‍ വ്യക്തിപരമായെടുത്തു . അനോണിമസ്സ് ആയി ബ്ലോഗ് ചെയ്യുന്നത് ഒരു ട്രെന്റ് ആയി മാറിപ്പോയി ബ്ലോഗില്‍ . അതിനി മാറുകയില്ല . എന്നാലും ഉത്തരവാദിത്വ ബോധമുള്ള പലരും സ്വന്തം പേരില്‍ തന്നെയാണ് ബ്ലോഗ് എഴുതുന്നത് . ബ്ലോഗ് അതിന്റെ വളര്‍ച്ച പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല അനാശാസ്യപ്രവണതകളും ഇല്ലാതായേക്കാം .

പിന്നെ അക്കാദമിയുടെ കാര്യം . പറഞ്ഞ് പറഞ്ഞ് ബ്ലോഗ് അക്കാദമി എന്നത് ഒരു അശ്ലീലപദം പോലെ ആയിട്ടുണ്ട് . കേരള ബ്ലോഗ് അക്കാദമിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ഞാനും സഹകരിച്ചിരുന്നു . അക്കാദമി ഒരു സംഘടനാരൂപം കൈവരിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. അത്ഭുതമെന്ന് പറയട്ടെ ആ നിര്‍ദ്ദേശം ആര്‍ക്കും സ്വീകാര്യമായില്ല . ബ്ലോഗിനെ സംബന്ധിക്കുന്ന എന്തും വെര്‍ച്വല്‍ മാത്രമേ ആകാവൂ, അതിന് ഒരു സംഘടനാരൂപം പറ്റില്ല എന്നാണ് എല്ലാവരും പറഞ്ഞത് . ആ ഒരു നിരാശയില്‍ ഞാന്‍ ഇട്ട പോസ്റ്റ് ആയിരുന്നു “കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു” എന്നത്. എന്റെ ഒരു തമാശയായിരുന്നു അതെന്ന് മനസ്സിലാക്കാതെ, വ്യാപകമായ എതിര്‍പ്പാണ് ആ പോസ്റ്റ് ക്ഷണിച്ചു വരുത്തിയത് . ഇപ്പോള്‍ ബ്ലോഗ് അക്കാദമി , ബൂലോഗം പോലുള്ള വെര്‍ച്വല്‍ കൂട്ടായ്മകളില്‍ ഞാനില്ല .

മാഷ് ഇടത്പക്ഷങ്ങളെ പ്രത്യേകിച്ച് സി.പി.എമ്മിനെ എതിര്‍ക്കുന്നല്ലോ ? താങ്കള്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയല്ലെ ?

തത്വത്തില്‍ വളരെ പ്രസക്തിയുള്ളതും എന്നാല്‍ പ്രയോഗത്തില്‍ തീരെ അപ്രസക്തവുമായ ഒരു പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. ഇത് ഏറ്റവും നന്നായി അറിയാവുന്നവരാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികനേതാക്കള്‍ . മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലൂടെയാണ് ഞാന്‍ ഈ ലോകത്തെ നോക്കിക്കാണുന്നത് . മാര്‍ക്സിസം എന്നെ സംബന്ധിച്ച് എന്റെ അകക്കണ്ണാണ് . എന്ത് കൊണ്ട് മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ചത് മാര്‍ക്സിസമാണ് . ഇന്നത്തെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലുള്ളതാണ് . മാത്രമല്ല ഇന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ പുത്തന്‍ പണക്കാരും ജന്മിമാരും മാടമ്പിമാരുമാണ് . പല ചോട്ടാ നേതാക്കളും പച്ചയായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു . സഹകരണ ബാങ്കുകളിലെ കെട്ടികിടക്കുന്ന പണമാണ് ഇതിനവര്‍ ഉപയോഗപ്പെടുത്തുന്നത് . ബിനാമിയുടെ പേരില്‍ ലോണ്‍ തരപ്പെടുത്തുന്നു. ബിനാമിയുടെ പേരില്‍ തന്നെ സ്വത്ത് വാങ്ങുന്നു . ബിനാമി എന്നാല്‍ താഴെത്തട്ടിലുള്ള അനുയായി ആയിരിക്കും . ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം സ്വത്ത് വന്‍‌ലാഭത്തിന് മറിച്ചു വിറ്റ് ലോണ്‍ ബാങ്കില്‍ അടക്കുന്നു . നിര്‍ദ്ദോഷമായ ഒരു തിരിമറി . എന്നാല്‍ നേതാവിന് കിട്ടുന്നത് കൈ നനയാതെ പതിനായിരങ്ങള്‍ , ചിലപ്പോള്‍ ലക്ഷങ്ങള്‍ . അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ എന്നിവ സഹകരണമേഖലയില്‍ ഉത്സാഹിച്ച് തുടങ്ങുന്നത് നാട്ടിലെ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല . ഇത് രാഷ്ട്രീയത്തെ വിറ്റ് കാശാക്കലാണ് . ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.

താങ്കളെപ്പോലുള്ളവര്‍ എതിര്‍ത്താല്‍ തകരുന്നതാണോ സി.പി.എം പോലുള്ള പാര്‍ട്ടികള്‍ ?

എന്ത് കൊണ്ട് ഇല്ല ? പ്രളയം വരെ ഈ കച്ചോടം കൊണ്ട് നടക്കാന്‍ കഴിയില്ല . അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വന്‍‌ഭൂരിപക്ഷത്തൊടെ ജയിപ്പിക്കാന്‍ ഇപ്പോഴേ കേരളം തയ്യാറെടുത്തു കഴിഞ്ഞു . കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ഒരു വനിതാവോട്ടര്‍ എന്നോട് പറഞ്ഞത് , “അവര്‍ക്കൊക്കെ വലിയ അഹംഭാവമായിപ്പോയി... അടുത്ത വോട്ടിന് കെട്ടിവെച്ച കാശ് കിട്ടാതെ അവരെ തോല്‍പ്പിക്കണമെന്നാണ് എല്ലാവരും പറയുന്നത് ....” എന്നാണ് . ദിനേശ് ബീഡിക്കമ്പനിയില്‍ വെച്ച് ദേശാഭിമാനി പത്രം മാത്രം വായിച്ചു കേള്‍ക്കുന്ന ഒരു സ്ത്രീയാണവര്‍ . മറ്റൊരു സഖാവ് പറഞ്ഞത് “ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതാണ് ശരി, അഥവാ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്താലും അത് ശരിയാവും . മറ്റുള്ളവര്‍ ചെയ്യുന്നതെന്തും തെറ്റുമാവും....” എന്നാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം ഇരുമുന്നണികളും നന്നായി മനസ്സിലാക്കിയിരിക്കുന്നു . അതിനനുസരിച്ചാണ് അവരുടെ പാര്‍ട്ടി മെഷിനറി ട്യൂണ്‍ ചെയ്ത് വെച്ചിട്ടുള്ളത് . അയ്യഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറി വരും . യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്മറ്റികളേയില്ല . അതിന്റെ ആവശ്യവുമില്ല . തെരഞ്ഞെടുപ്പിന്റെ തലേന്ന് ആരെങ്കിലും വീടുകള്‍ കയറി സ്ലിപ്പുകള്‍ കൊടുത്താലായി . ഇസ്തിരി ചുളിയാത്ത ഖദര്‍ ധരിക്കുന്ന ഏതാനും ചില നേതാക്കളേ കോണ്‍ഗ്രസ്സിന് ഇന്നുള്ളൂ , പ്രവര്‍ത്തകന്മാരില്ല . അതൊക്കെ കരുണാകരന്റെ പ്രൌഢകാലം അസ്തമിച്ചതോടെ പോയി . ഇന്ന് അഞ്ച് കൊല്ലം കൂടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ യു.ഡി.എഫിനെ ജയിപ്പിക്കുന്നത് കൊണ്ട് അവര്‍ക്ക് വിയര്‍പ്പൊഴുക്കേണ്ട കാര്യവുമില്ല. ഇപ്പോള്‍ പരമാവധി ബിസിനസ്സ് സാമ്രാജ്യങ്ങള്‍ വിപുലീകരിക്കുന്ന യജ്ഞത്തിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി . അടുത്ത അഞ്ച് കൊല്ലത്തേക്ക് വേണ്ടത് സമ്പാദിച്ചു വെക്കണമല്ലൊ.

ചെങ്ങറയെപ്പറ്റിയും ഒറീസ്സയെപ്പറ്റിയും എന്ത് പറയുന്നു ?

കേരളത്തില്‍ നടപ്പാക്കി എന്ന് അഭിമാനപൂര്‍വ്വം എടുത്തു പറയുന്ന ഭൂപരിഷ്കരണം വെറും പൊള്ളയായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ചെങ്ങറ . യഥാര്‍ത്ഥ ഭൂരഹിതര്‍ക്ക് ഇന്നും ഭൂമി കിട്ടിയിട്ടില്ല . ഭൂമിയുടെ വിതരണവും വിനിയോഗവും ശാസ്ത്രീയമായി പുനര്‍‌ നിര്‍വചിക്കേണ്ട ആവശ്യകതയിലേക്കാണ് ചെങ്ങറ സമരം വിരല്‍ ചൂണ്ടുന്നത് . ആ സമരം എന്ത് കൊണ്ടും വിജയിക്കേണ്ടതുണ്ട് . തൊഴിലാളി സംരക്ഷണത്തിന്റെ പേരില്‍ അവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേഷപ്രച്ഛന്നമായി നടത്തുന്ന പ്രതിസമരം ആഭാസകരവും മനുഷ്യത്വവിരുദ്ധവുമാണ് .

ഒറീസ്സയെക്കുറിച്ചു പറഞ്ഞാല്‍ , മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല . എന്ന് തന്നെയുമല്ല കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണം . പക്ഷെ ഇവിടത്തെ മതേതരവാദികളാണ് പ്രശ്നം വഷളാക്കുന്നത് എന്നാണെന്റെ അഭിപ്രായം . എന്തിനാണ് ഇപ്പോഴും കൃസ്ത്യന്‍ മെഷിനറിമാര്‍ ദരിദ്രനാരായണന്മാരായ ആദിവാസികളെയും ദളിതുകളെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് ? ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി ജീവിച്ചാല്‍ പോരേ ? തങ്ങളുടെ മതത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കണമെന്ന് കരുതി ആളുകളെ ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിക്കുമ്പോള്‍ , തങ്ങളുടെ മതത്തില്‍ ആളുകള്‍ കുറഞ്ഞു പോകുമല്ലോ നാളെ നാഗാലാന്റ് പോലെ പോലെ ഇന്‍ഡ്യ ഒരു ക്രിസ്ത്യന്‍ രാജ്യമായി പോകുമല്ലോ എന്ന ആശങ്ക ഹിന്ദു മതത്തിലുള്ളവര്‍ക്ക് ഉണ്ടാവുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും ? മതപരിവര്‍ത്തനശ്രമങ്ങള്‍ മതസംഘടനകള്‍ അവസാനിപ്പിക്കേണ്ടതുണ്ട് . അതേ പോലെ മതേതരത്വം എന്നാല്‍ വോട്ടിന് വേണ്ടി മത വിഭാഗങ്ങളെ പ്രീണിപ്പിക്കലല്ല എന്ന് മതേതരപ്പാര്‍ട്ടികള്‍ മനസ്സിലാക്കണം . ഇന്ന് മതേതരവാദികളുടെ പ്രസ്ഥാവനകളാണ് ഇന്‍ഡ്യയില്‍ ഹൈന്ദവവികാരം ഊട്ടി വളര്‍ത്തുന്നത് . തൊട്ടതിനും പിടിച്ചതിനും സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് സ്വീകാര്യത കൂട്ടാനേ ഉപകരിക്കൂ .

(തുടരും)






7 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

വേണു venu said...

ഇന്നത്തെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലുള്ളതാണ് . മാത്രമല്ല ഇന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ പുത്തന്‍ പണക്കാരും ജന്മിമാരും മാടമ്പിമാരുമാണ് . പല ചോട്ടാ നേതാക്കളും പച്ചയായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു .
ഹാഹാ.....മാഷേ...
ഇതേ ആശയം, ഇങ്ങനെയും ഇന്ന് വായിച്ചു. മറ്റൊരു ബ്ലോഗില്‍.
“കമ്യൂണിസത്തിന്റെ പരാജയകാരണം എന്താണ്‌?തൊഴിലാളിയ്ക്കുവേണ്ടി തൊഴിലാളികളാല്‍ വിപ്ലവത്തിലൂടെ നേടിയെടുക്കുന്ന ഭരണ സംവിധാനമാണല്ലോ കമ്യൂണിസത്തിന്റെ ലക്ഷ്യം.എന്നാല്‍ ഓരോ തൊഴിലാളിയും സ്വപ്നം കാണുന്നത്‌ തന്റെ മക്കളെ മുതലാളിയാക്കുക എന്നതാണ്‌.അങ്ങിനെവരുമ്പോള്‍ കമ്യൂണിസം എവിടെ,എപ്പോള്‍, എങ്ങനെ വരും??? “
അപ്പോള്‍ ഉത്തരം ഇങ്ങനെ ഒക്കെ വരുമോ. കമ്യൂണിസം - ക്യാപിറ്റലിസം.
അനോണിമിറ്റി പ്രകൃതി അനുവദിക്കുന്നതാണു്, ഒരു പരിധി വരെ, നിറം മാറുന്നതും, ഒളിച്ചിരിക്കുന്നതും, ഇരുട്ടടി നടത്തുന്നതും ഒക്കെ പ്രകൃതിയില്‍ തന്നെ മറ്റു ജീവികളിലും കാണാമല്ലോ. വെര്ച്വല്‍ ലോകവും അതിനു വിപരീതമാകില്ല. അതിനാല്‍ അതും അംഗീകരിക്കേണ്ട സത്യമല്ലേ എന്നൊക്കെ തോന്നുന്നു.
തുടരുക.:)

Mr. K# said...

1. മാഷേ, ഒറീസ്സയിലെ പ്രശ്നം ഗുജ്ജാറുകള്‍ നടത്തിയ പോലത്തെ ഒരു സംവരണസമരം ആണ്‍. അതിനെ ജാതിയും മതവുമായി കൂട്ടിക്കുഴക്കേണ്ടത് ചിലരുടെ ആവശ്യമാണ്‍. കൂടുതല്‍ പിന്നീട് പറയാം.

2. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചിലര്ക്ക് കൈ നനയാതെ പണം വാരാനുള്ള പരിപാടിയാണ്‍. വികസനപ്രവര്ത്തനങ്ങള്ക്ക് വേണ്ടി ഉപയോഗിക്കപ്പെടാവുന്ന ഭൂമിയുടെ ദൌര്‍ലഭ്യം കൃത്രിമമായി സൃഷ്ടിച്ചു ചിലര്‍ ചുളുവില്‍ പണക്കാരാവുന്ന അവസ്ഥ. ഇതു തടയേണ്ടതല്ലേ? എന്തെന്കിലും തരത്തിലുള്ള നിയമനിര്മ്മാണം സാധ്യമാണോ ഇതു തടയാന്‍? അതായത് വാങ്ങിയ വസ്തു മിനിമം അഞ്ചുകൊല്ലത്തിനു ശേഷമേ കൈമാറാവൂ എന്നോ മറ്റൊ?

3. ചെങ്ങറസമരം എന്തുകൊണ്ടും വിജയിക്കേണ്ടതുണ്ടെന്ന് താന്കള്‍ പറഞ്ഞു. കേരളത്തിലെ ഭൂമി എല്ലാ മലയാളികള്ക്കുമായി ക്രിത്യമായി വിഭജിച്ചാല്‍ ഒരാള്ക്ക് എത്ര സെന്റ് വച്ച് കിട്ടും എന്ന് താന്കള്‍ ആലോചിച്ചിട്ടുണ്ടോ? ഈയിടെ ഒരു കണക്ക് കണ്ടു. ഒരാള്ക്ക് 5 സെന്റൊ മറ്റൊ വച്ച് കിട്ടും എന്ന് കാണിച്ചുകൊണ്ട്. അപ്പോള്‍ ഒരാള്ക്ക് 5(ഇപ്പൊ ഒരേക്കര്‍ ആയിക്കുറഞ്ഞു അല്ലേ?) ഏക്കര്‍ വേണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് നടത്തുന്ന ചെങ്ങറസമരത്തെ താന്കള്‍ എങ്ങനെ ന്യായീകരിക്കുന്നു?
മാത്രമല്ല ഈ സമരം വിജയിച്ചാല്‍ നടക്കാന്‍ പോകുന്നതെന്താണെന്ന് താന്കള്‍ ആലോചിച്ചിട്ടുണ്ടോ? സംഘടിതരാണെന്കില്‍ ആര്ക്കും എവിടെയും കൈയേറാം അല്ലേ? മാത്രമല്ല അവിടെ ആ സമരത്തില്‍ പന്കെടുക്കുന്നവരില്‍ പലര്ക്കും ഭൂമിയും വീടും ഉണ്ടെന്ന് പത്രങ്ങളില്‍ കാണുന്നു. സമരത്തില്‍ പന്കെടുക്കാതെ പണിയെടുത്ത് ജീവിക്കുന്ന ഭൂരഹിതരും ഉണ്ട്. അവര്ക്കും ഭൂമി കിട്ടേണ്ടേ? സമരക്കാര്ക്ക് മാത്രം കൊടുത്താല്‍ മതിയോ?

Unknown said...

പ്രിയപ്പെട്ട കുതിരവട്ടന്‍ , സാമാന്യമായ ഒരു സാമൂഹിക നീതിയിലേക്ക് സമൂഹം പുരോഗമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല . എങ്ങും സംഘര്‍ഷങ്ങളാണ് മൂര്‍ച്ഛിക്കുന്നത് . മതങ്ങളുടെ പേരില്‍ , ഭൂമിയുടെ പേരില്‍ , അധികാരരാഷ്ട്രീയത്തിന്റെ പേരില്‍ അങ്ങനെയങ്ങനെ .... ഇതിന്റെയൊക്കെ നടുവില്‍ നിന്ന് കൊണ്ടാണ് നമ്മള്‍ ചിന്തിക്കുന്നത് . പ്രശ്നങ്ങളാണ് എപ്പോഴും വലുത് , പരിഹാരങ്ങള്‍ നിസ്സാരവും ലളിതവുമായിരിക്കും . എന്നാല്‍ ആര്‍ക്കും പരിഹാരങ്ങളുടെ സമീപത്ത് പോലും എത്താന്‍ കഴിയുന്നില്ല . നമ്മള്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ചു എന്തെങ്കിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു എന്ന് മാത്രം . മതങ്ങള്‍ ആധുനികകാലത്ത് ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം . അത് ആര്‍ക്കും സ്വീകാര്യമാവുകയില്ല . അത്കൊണ്ട് മതപരിവര്‍ത്തനമെങ്കിലും നിരോധിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു . അത്രയെങ്കിലും സംഘര്‍ഷം കുറഞ്ഞു കിട്ടുമല്ലോ . മാത്രമല്ല തങ്ങളുടെ മതത്തില്‍ ,ഇതര മതത്തില്‍ നിന്ന് ആളുകള്‍ വന്നു ചേരണമെന്ന ആ ഒരു വ്യാമോഹം തന്നെ എത്ര ചിന്തിച്ചിട്ടും ശരിയാണെന്ന് തോന്നുന്നില്ല . ഏത് മതത്തില്‍ വിശ്വസിച്ചാലും എല്ലാവരും മനുഷ്യരാണെന്നും അവരൊക്കെ സമാധാനപൂര്‍വ്വം ഈ ഭൂമിയില്‍ മരണം വരെ ജീവിച്ചു പോയ്ക്കോട്ടേ എന്നും നമ്മള്‍ എല്ലാ മത മേധാവികളെയും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട് .

ചെങ്ങറയില്‍ നടക്കുന്നത് സംഘടിതമായ ഭൂമി കൈയേറ്റമല്ല . പാട്ടാക്കാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍ മലയാളം നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന സ്ഥലത്ത് സമരക്കാര്‍ കുടില്‍ കെട്ടി ഭൂമിക്ക് വേണ്ടി സഹന സമരം നടത്തുകയാണ് . ഇതേ പോലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പാട്ടാക്കാലാവധി കഴിഞ്ഞത് പലരും അനധികൃതമായി കൈവശം വയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു . സമരക്കാരില്‍ ഭൂരിപക്ഷത്തിനും എവിടെയും ഒരു തുണ്ട് ഭൂമി പോലുമില്ല എന്ന സത്യം നിലനില്‍ക്കുന്നു . ഭൂമാഫിയകള്‍ എങ്ങും പിടി മുറുക്കുമ്പോള്‍ ഭൂമിയില്ലാത്തവരുടെ , ഭൂമിക്ക് വേണ്ടിയുള്ള സമരം വിജയിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു . ഇവിടെ ഭൂമാഫിയകളുടെ പക്ഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിരോധാഭാസവും കാണാന്‍ കഴിയുന്നു . ചെങ്ങറയില്‍ സമരം ചെയ്യുന്നവര്‍ക്ക് എവിടെ ഭൂമി കൊടുത്താലും അവര്‍ സ്വീകരിക്കാന്‍ തയ്യാറാണ് . സെസ്സും വ്യവസായവല്‍ക്കരണവും റീയല്‍ എസ്റ്റേറ്റും എല്ലാം കൂടി പൊടി പൊടിക്കുമ്പോള്‍ കൃഷിയും കൃഷിക്കാരനും അവഗണിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു . നമ്മള്‍ എല്ലാ വശവും ക്രീയാത്മകമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത് . ശരീഫ് സാഗര്‍ എഴുതുന്ന ചാട്ടുളി എന്ന ഈ ബ്ലോഗ് കൂടി ഒന്ന് വായിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു .

അങ്കിള്‍ said...

ബ്ലോഗിലെ അനോണികള്‍ കാരണം ഗൂഗിള്‍ കോടതി കയറിക്കൊണ്ടിരിക്കുന്നതറിഞ്ഞോ, മാഷേ.

അങ്കിള്‍ said...

മാഷേ,

ഒരു തൊഴിലാളി ആവശ്യപ്പെട്ടാല്‍ 15 ദിവസത്തിനുള്ളീല്‍ തൊഴില്‍ നല്‍കി അതിനുള്ള വേതനം നല്‍കണം, ഇല്ലെങ്കില്‍ തൊഴിലില്ലാ ബത്ത നല്‍കണം. ഇങ്ങനെയൊരു നിയമം നമ്മുടെ സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു കൊല്ലം പാലക്കാടും വയനാടും നടപ്പാക്കിയതെങ്ങനെയെന്നറിയാമോ? ആ പദ്ധതിയെ വ്യഭിചരിക്കയായിരുന്നു എന്ന് തന്നെ പറയാം.

ജനസംഖ്യയുടെ 30% ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ പാര്‍ക്കുന്നാ ഈ സംസ്ഥാനത്ത് അതേ 30% ത്തില്‍ തന്നെ നിലനിര്‍ത്താന്‍ നമ്മുടെ ജനപ്രതിനിധികളടക്കം പെടുന്ന പാട് ഒന്നറിഞ്ഞു വക്കൂ. ഇതാ ഇവിടെ പറഞ്ഞിട്ടുണ്ടെല്ലാം.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സുഹൃത്തെ,
വസ്തുതകള്‍ ശക്തിയായ ഭാഷയില്‍ അവതരിപ്പിച്ചതിന് ഒരുപാട് നന്ദി.പിന്നെ അനോണിമാരുടെ കാര്യം.തന്റേടമുണ്ടെങ്കില്‍ ഇവരൊക്കെ സ്വന്തം അസ്തിത്വം വെളിപ്പെടുത്തട്ടെ.ഇതൊക്കെ ഓരോ തരത്തിലുള്ള മനോവൈകൃതങ്ങളാണ്.ആശംസകള്‍...
വെള്ളായണി വിജയന്‍