Links

പ്രവാസത്തിന്റെ ബാക്കിപത്രം

ലിജു ഫിലിപ്പ് എന്ന സുഹൃത്ത് മെയിലില്‍ ഫോര്‍വേഡ് ചെയ്ത് തന്നതാണ് മേലെ കാണുന്നത്. പലര്‍ക്കും ഇത് ഫോര്‍വേഡായി ലഭിച്ചിരിക്കും . വായിച്ചപ്പോള്‍ എനിക്കുണ്ടായ അസ്വസ്ഥത ഒരു പോസ്റ്റായി എഴുതാമെന്ന് കരുതി. ഗള്‍ഫിലേക്ക് ഇപ്പോഴും ആളുകള്‍ പോകുന്നുണ്ട്. മുന്‍പത്തെയത്ര ഗരിമ ഇപ്പോള്‍ ഗള്‍ഫ്‌കാരന് നാട്ടില്‍ ഇല്ല. എന്നാലും ലക്ഷവും അതിലധികവും രൂപ വിസയ്ക്ക് നല്‍കി അക്കരെ കടക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ ഇപ്പോഴും ഏറെ. നാട്ടില്‍ ഇപ്പോഴൊന്നും ആളുകളെ പുറത്തെവിടെയും കാണാനില്ല. ചെറുപ്പക്കാര്‍ അധികവും ഗള്‍ഫിലോ അല്ലെങ്കില്‍ മറ്റ് വിദേശരാജ്യങ്ങളിലോ, അയല്‍സംസ്ഥാനങ്ങളിലോ ആണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ടിവിയുടെ മുന്‍പിലാ‍യിരിക്കും. നാലാളെ ഇന്ന് നാട്ടില്‍ കാണണമെങ്കില്‍ അടുത്തുള്ള ചെറിയ ടൌണില്‍ പോകണം. അയല്‍പ്പക്കത്തൊന്നും ആരുമില്ല. ഒരു പണിക്കും ആളെ കിട്ടാനില്ല. എലക്ട്രീഷ്യന്‍സ് , പ്ലമ്പേര്‍സ് , കാര്‍പ്പന്റേര്‍സ് എന്ന് വേണ്ട ചെറിയ അറ്റകുറ്റപ്പണിക്ക് ഒരു രക്ഷയുമില്ല. ഉള്ളവരെല്ലാം ഗള്‍ഫിലാണ്, പിന്നെ ഇത്തരം പണികള്‍ പഠിക്കാന്‍ കുട്ടികള്‍ ആരും ഇപ്പോള്‍ മെനക്കെടുന്നില്ല. അഥവാ രക്ഷിതാക്കള്‍ക്ക് മക്കള്‍ക്ക് വെള്ള കോളര്‍ ജോലി കിട്ടുന്നതിലാണ് താല്പര്യം. കൈത്തൊഴില്‍ ശീലിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല.
നമ്മുടെ നാട് വളരെ മാറിപ്പോയി. ഈ ഒരു മാറ്റം വ്യക്തികളുടെ ജീവിതത്തില്‍ എന്ത് പ്രത്യാഘാതങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ് മേലെയുള്ള വാചകങ്ങള്‍. അടുത്തടുത്തായി ധാരാളം കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു വന്നു, ഇപ്പോഴും ഉയരുന്നു എന്നതാണ് നാട്ടില്‍ പ്രവാസജീവിതത്തിന്റെ ബാക്കിപത്രം. മറ്റൊന്നു കൂടിയുണ്ട്. വീട് നിര്‍മ്മിക്കുന്നെങ്കില്‍ അത് വാര്‍പ്പ് വീട് ആയിരിക്കണം എന്നത് ഇപ്പോള്‍ ഒരു അലിഖിതനിയമമായിട്ടുണ്ട്. സാധാരണക്കാരായവര്‍ക്ക് ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണ്‍ ഉദാരമായി കിട്ടുന്നുണ്ട്. അത് കൊണ്ട് എല്ലാവരും വീട് നിര്‍മ്മിക്കാന്‍ ബാങ്കുകളില്‍ നിന്ന് ഭവനവായ്പ എടുക്കുന്നു. കാര്‍ഷിക ബാങ്കുകളില്‍ നിന്നും വായ്പ ഭൂരിഭാഗവും വാങ്ങുന്നത് വീട് വയ്ക്കാന്‍ തന്നെയാണ് . അങ്ങനെ ഒരുവകപ്പെട്ട ആളുകളുടെ എല്ലാം ആധാരം ഇന്ന് ബാങ്കുകളില്‍ പണയത്തിലാണ്. ഈ വായ്പ എപ്പോള്‍ തിരിച്ചടക്കാന്‍ കഴിയുമെന്ന് അത് വാങ്ങിയവര്‍ക്കോ ബാങ്കുകള്‍ക്കോ നിശ്ചയമില്ല. കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന്റെ സൂചനകള്‍ കാണാനുണ്ട്. അമേരിക്കയിലെ ലേമേന്‍ ബാങ്കിന്റെ തകര്‍ച്ച പോലെ ഒന്ന് കേരളത്തില്‍ സംഭവിച്ചു കൂടായ്കയില്ല. വീടിന്റെ പണി പൂര്‍ത്തിയാക്കുക എന്നത് പലര്‍ക്കും ഇന്ന് വിദൂരസ്വപ്നമാണ്. അത്രമാത്രം പ്രലോഭനങ്ങളാണ് വീട്ടിന്റെ കാര്യത്തില്‍. ഗള്‍ഫില്‍ 15 കൊല്ലം പണിയെടുത്തിട്ടും പലര്‍ക്കും വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തില്‍ നമ്മുടെ മുന്‍‌ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം. അവനവന്റെ കഴിവിനും അപ്പുറമാണ് ഓരോരുത്തരുടെയും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍. മറ്റൊന്ന് വിവാഹത്തോടനുബന്ധിച്ചുള്ള ആര്‍ഭാടങ്ങളും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമാണ്. ആക മൊത്തം ഒരു വീട് പണിയലിലും കല്യാണത്തിലും ഒടുങ്ങുന്നു ജീവിതം. മറ്റൊന്നിനും നേരമില്ല.
ഈ ഒരു വിഷമവൃത്തത്തില്‍ നിന്നും ആര്‍ക്കും കരകയറാന്‍ കഴിയുന്നില്ല. മനുഷ്യന്‍ സാമൂഹ്യജീവിയായതിന് കൊടുക്കേണ്ടി വരുന്ന വില !
മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് ഭയം. ആളുകളെ പേടിച്ചിട്ടാണ് ഇന്ന് സ്വന്തം മക്കളെ ഇംഗീഷ് മീഡിയം സ്കൂളുകളിലേക്ക് അയക്കുന്നത്. മലയാളം മീഡിയത്തിലോ സര്‍ക്കാര്‍ സ്കൂളിലോ മക്കളെ അയച്ചാല്‍ അതിനോളം നാണക്കേട് വേറെയുണ്ടോ. സി.ബി.എസ്സ്.ഇ. എന്ന് പറയുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ അധികവും പ്ലസ് റ്റൂ വരെ മാത്രം പഠിച്ചവരോ അല്ലെങ്കില്‍ ചരിത്രമോ ധനതത്വശാസ്ത്രമോ എടുത്ത് ഡിഗ്രി പാസ്സായവരോ തോറ്റവരോ ആയിരിക്കും. മറ്റൊരു പരീക്ഷയിലും ജയിച്ചവരല്ല അവര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി നിയമനം കിട്ടണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. മാത്രമല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത് മലയാളത്തിലാണ്. ഒരു വിധത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ടീ‍ച്ചര്‍മാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുറവാണ്. നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. മക്കള്‍ യൂനിഫോം ഇട്ട് , സ്കൂള്‍ വാനില്‍ കയറിപ്പോയാലേ ഒരന്തസ്സ് ഉള്ളൂ എന്നാണ് വിചാരം. സ്കൂളിന് ഇംഗ്ലീഷ് മീഡിയം എന്നും അഫിലിയേറ്റഡ് സി.ബി.എസ്.ഇ. എന്നുമുള്ള ഒരു ബോര്‍ഡ് തൂക്കിയിരിക്കണം എന്ന് മാത്രം. നമ്മുടെ കുട്ടികളുടെ ഭാവി ഓര്‍ത്താല്‍ സങ്കടം തോന്നും.
ഇതിനൊക്കെ പരിഹാരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ആരും ഒന്നും തുറന്ന് പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുകയില്ല. എല്ലാം സഹിക്കും. സ്വയം വരിഞ്ഞ് മുറുക്കപ്പെട്ട അവസ്ഥയിലാണ് എല്ലാവരും.

6 comments:

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

മാഷേ, ഞാനും ചെറുപ്പം മുതലേ സര്‍ക്കാര്‍ സ്കൂളിലും മലയാളം മീഡിയം സ്കൂളിലുമൊക്കെയായി പഠിച്ചതാണ്. എനിക്കു പക്ഷേ അതു കൊണ്ടൊരു കുറവു തോന്നിയത് രണ്ടവസരങ്ങളിലാണ്.ഒന്നു +2 ഇനു ചേര്‍ന്ന ആദ്യ ഒന്നു രണ്ടു മാസങ്ങളും പിന്നെ എഞ്ഞ്ജിനീയറിങ്ങിനു കോളേജില്‍ ചേര്‍ന്ന അവസരത്തിലും. ഞാന്‍ ത്രുശ്ശൂര്‍ ഗവ:എഞ്ജിനീയറിങ്ങ് കോളേജിലാണ് പഠിച്ചത്. അവിടെ എത്തിയപ്പോള്‍ എല്ലവരേയും പോലെ എന്റേയും ആഗ്രഹം ഒരു ജോലി കാമ്പസില്‍ നിന്നു ഒപ്പിക്കുകയായിരുന്നു. പക്ഷേ, അവിടെ ജോലിക്കു വേണ്ട മിനിമം യോഗ്യത ഇംഗ്ലിഷില്‍ സംസാരിക്കാനുള്ള കഴിവായിരുന്നു. എനിക്കു പേടിയായിരുന്നു. പക്ഷേ ഞാന്‍ ഇപ്പോള്‍ നന്നായി ഇംഗ്ലിഷില്‍ സംസാരിക്കുന്നുണ്ട്. രണ്ട് ജോലി നേടുകയും ചെയ്തു. പക്ഷേ എനിക്കു എങ്ലിഷ് പഠിക്കാന്‍ വേണ്ടി മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കഷ്ട്ടപെടേണ്ടി വന്നു. ഒരുപാട് വായിക്കേണ്ടി വന്നു. ദിവസവും ഇംഗ്ലീഷ് പത്രം വായിച്ചു. ഇംഗ്ലീഷ് ന്യൂസ് ചാനലുകള്‍ കാണുന്നത് പതിവാക്കി. ഇതിലെല്ലാം എനിക്കു താതപര്യം ഉണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുത. ഇടയിലെന്നോ എനിക്കല്‍പ്പം അപകര്‍ഷതാ ബോധം ഉള്ളിലുണ്ടായിരുന്നു. 10 ഇല്‍ 93 ശതമാനം മാര്‍ക്ക് ഞാന്‍ മലയാളത്തില്‍ വാങ്ങിയിരുന്നു. പക്ഷേ അത് കൊണ്ട് എനിക്കു ജീവിതത്തില്‍ എന്തുപകാരം എന്നു എനിക്കു മനസ്സിലായിരുന്നില്ല.ഇംഗ്ലിഷ് അറിയാതെ ഒരു പ്രൊഫഷണലിനു ജീവിക്കാന്‍ പറ്റില്ല എന്ന വസ്തുത ഞാന്‍ മനസ്സിലാക്കി. ഭാഷ പഠിക്കാനുള്ള കഴിവു മനുഷ്യന്റെ സെറിബ്രത്തില്‍ ഉണ്ട്. ആവശ്യമാണ് നമ്മളെ കൊണ്ട് അത് ചെയ്യിക്കുക. തങ്ങള്‍ക്കുണ്ടായ കുറവുകള്‍ മക്കള്‍ക്കു വരരുത് എന്നു കരുതുന്ന കൊണ്ടാകും പലരും ഇംഗ്ലീഷ് മീഡിയങ്ങളെ സമീപിക്കുന്നത്. മാ‍ത്രമല്ല ഇംഗ്ലിഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് മലയാളം മീഡിയത്തില്‍ പഠിച്ചവരുടെ മേല്‍ അനിഷേധ്യമായ ഒരു മേല്‍ക്കൈ കിട്ടുന്നുവെന്ന ധാരണയും സമൂഹം അത് ഒരു പരിധി വരെ അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന വസ്തുതയുമായിരിക്കാം നമ്മൂടെ നാട്ടില്‍ കൂണു പോലെ മുളച്ചു പൊങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പ്രചോദനം. പിന്നെ പ്രവാസ ജീവിതം, ഞാന്‍ മസകറ്റില്‍ നിന്നുള്ള ഒരു കമ്പനിയുടെ ഓഫര്‍ നിരസിക്കുകയുണ്ടായി. കാരണം ഇതൊക്കെ തന്നെയാണ്. കല്യാണത്തിനു മുന്‍പ് എനിക്കു സമ്പാദിക്കാനുള്ള എല്ലാ അവസരങ്ങളും ആ ജോലി നലകണം. അതിനു ശേഷം നാട്ടില്‍ തന്നെ നില്‍ക്കാന്‍ എനിക്കു സാധിക്കണം. നമുക്കൊക്കെ ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ അത് നമ്മുടെ പ്രിയപെട്ടവരുടെ കൂടെ ജീവിക്കാന്‍ കഴിഞില്ലേല്‍ പിന്നെ എന്തു കാര്യം? ഗള്‍ഫിലേക്കു പോകാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നത് ശമ്പളം തന്നെയാണ്.എല്ലാവര്‍ക്കും വേണം നല്ലൊരു വീട്. അതു കഴിഞ്ഞ് നല്ലൊരു ഭാര്യ. പക്ഷേ ഈ വീട്ടില്‍ ഭാര്യയോടൊപ്പം എന്നു ജീവിക്കും എന്നുള്ളതു മാത്രം നിശ്ചയമില്ല. തനിക്കു ജനിച്ച കുട്ടിയുടെ മുഖം അവനു രണ്ടു വയസ്സായിട്ടു മാത്രം കാണേണ്ടി വരുന്ന ഗതികേട്. നമ്മുടെ രാജ്യം കുറച്ചും കൂടെ സമ്പന്നമായിരുന്നേല്‍ ഇവിടെ വിരഹദുഖമനുഭവിക്കുന്ന ആത്മാക്കള്‍ ദുര്‍ലഭമായേനേ

Joker said...

ജീവിതത്തില്‍ നമ്മുടെ മുന്‍‌ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം...

നമ്മേക്കാള്‍ സമ്പന്നമലാത്ത പല രാ‍ാജ്യങ്ങലിലെയും ആളുകളെല്ലാം നമ്മെ പോലെ പ്രവാസികളല്ല. നമ്മുടെ ഊര്‍ജ്ജം മറ്റ് നാടുകള്‍ക്ക് നല്‍കാന്‍ വിധീക്കപ്പെട്ടവരായിപ്പോയി നമ്മള്‍. സഹോദരിമാരെ കെട്ടിച്ചയക്കാ‍ന്‍ വേണ്ടി ഗള്‍ഫില്‍ ജീവിതം ഹോമിക്കുന്നവര്‍ (പ്രശ്നം സ്ത്രീധനം), വലിയ വീട് വെക്കാന്‍ ഗള്‍ഫില്‍ ജീവിതം ഹോമിച്ചവന്‍ (പൊങ്ങച്ചം, അല്ലെങ്കില്‍ അലങ്കാരങ്ങളോടുള്ള ആര്‍ത്തി). തലമുറക്ക് ജീവിതത്തിന്റെ ലക്ഷ്യം നല്‍കാന്‍ മുതിര്‍ന്ന തലമുറ മറന്ന് പോയി എന്നതാണ് ഇതിനൊക്കെ ഞാന്‍ കാണുന്ന കാരണം.

കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്ക് വേണ്ടി ജീവിതം പുകച്ച് കളയുന്നവനൂം പറയും ഗള്‍ഫിന്റെ കഥന കഥ, അവനോട് ചിലപ്പോള്‍ പുച്ചമാണ് തോന്നുക.ഗള്‍ഫിന്റെ മികവ് അവന്‍ അനുഭവിക്കുന്നു എങ്കില്‍ അവന്‍ പിന്നെ ഇങ്ങനെയുള്ള കഥന കഥകള്‍ പറയാന്‍ യോഗ്യനേ അല്ല.

Unknown said...

now i'm in uae,ente nadine janum orupad ishtapedunnu.pakshe innenikku nattil jeevikkan pedithonni thudangiyirikkunnu.

Unknown said...

പ്രിയ ഗോപിക്കുട്ടന്‍,ആത്മകഥാകഥനപരമായ കമന്റിന് നന്ദി. ഇത്തരം തുറന്ന ഏറ്റുപറച്ചിലുകള്‍ ബ്ലോഗിന്റെ സാധ്യതകള്‍ വിപുലമാക്കുന്നു.

നമുക്കൊക്കെ ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ അത് നമ്മുടെ പ്രിയപെട്ടവരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞില്ലേല്‍ പിന്നെ എന്തു കാര്യം? എന്ന ചോദ്യം മനസ്സില്‍ തട്ടുന്നതായി.

നമ്മുടെ രാജ്യം കുറച്ചും കൂടെ സമ്പന്നമായിരുന്നേല്‍ ഇവിടെ വിരഹദുഖമനുഭവിക്കുന്ന ആത്മാക്കള്‍ ദുര്‍ലഭമായേനേ എന്ന പരിഭവത്തിന് ജോക്കറുടെ വാക്കുകള്‍ ശ്രദ്ധിക്കുക :
നമ്മേക്കാള്‍ സമ്പന്നമല്ലാത്ത പല രാ‍ജ്യങ്ങളിലെയും ആളുകളെല്ലാം നമ്മെ പോലെ പ്രവാസികളല്ല. നമ്മുടെ ഊര്‍ജ്ജം മറ്റ് നാടുകള്‍ക്ക് നല്‍കാന്‍ വിധീക്കപ്പെട്ടവരായിപ്പോയി നമ്മള്‍.

Dear bobtess, എന്ത് തന്നെ ആയാലും നമ്മുടെ വേരുകള്‍ ജന്മനാട്ടില്‍ തന്നെയാണല്ലൊ.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

വിശപ്പൊഴിഞ്ഞ വയറിനേ സ്നേഹവും തത്വവും ദഹിക്കുകയുള്ളൂ. നമുക്കു നമ്മെ സ്നേഹിക്കുന്നവരുടെ വിശപ്പകറ്റാന്‍ കയ്യില്‍ വില്‍ക്കാനായി നമ്മുടെ ഊര്‍ജ്ജം മാത്രമല്ലേ ഉള്ളൂ. നമ്മുടെ രാജ്യം മറ്റു രാജ്യങ്ങളെ പോലെയല്ല. ഈ രാജ്യം ഒരേ സമയം ദരിദ്രവും അതേ സമയം ഏറ്റവും വലിയ ഉപഭോക്ത്രുരാജ്യവുമാണ്.

saijith said...

യഥാര്‍ത്ഥ പ്രവാസികള്‍ കഥ പറയട്ടെ, എല്ലെരെയും ഒരു പോലെ കാണുന്നത് ശരിയല്ല എന്നാണു മുകളിലെ കമ്മെന്റ് എഴുതിയ ജോക്കെര്‍ എന്ന ആളിനോട് എനിക്ക് പറയാന്‍ ഉള്ളത്,ഇവിടെ ഞാന്‍ ജോലി ചെയ്യുന്ന രാജ്യത്ത് 15000 രൂപയില്‍ താഴെ ശമ്പളം പറ്റുന്നവരാണ് കൂടുതല്‍ പേരും അവരൊക്കെ എങ്ങിനെ പണിയും മണി സൌധങ്ങള്‍ ??? പിന്നെ നമ്മുടെ നാട്ടില്‍ ഉള്ളതിനെക്കളും സന്തോഷമായി ആണ് ഇവിടെ പ്രവാസികള്‍ ജീവിക്കുന്നത് സമാധാനം ഉണ്ട് ,ഇവിടെ കക്ഷി രാഷ്ട്രീയം ഇല്ല .നാട്ടിലെ അത്രയും മത ഭ്രാന്ത്,ജാതി ഭ്രാന്ത് ഒന്നും ഇവിടെ ഇല്ല ഒരു ചെറിയ ശതമാനം പേര്‍ പൊങ്ങച്ചം കാട്ടുന്നുണ്ടാവാം ,പക്ഷെ എല്ലാരും അങ്ങിനെ അല്ല.അവനു എപ്പോളും മനസ്സില്‍ നാടിനെ കുറിച്ചും കൂട്ടുകാരെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഒക്കെ ഉള്ള ചിന്തകള്‍ തന്നെ ആണ് ഉള്ളത്.നഷ്ടങ്ങളുടെ കണക്കു പുസ്തകം തലയില്‍ വെച്ച് ഉറങ്ങുമ്പോള്‍,അങ്ങ് നാട്ടില്‍ നേട്ടങ്ങളുടെ കണക്കു പുസ്തകം ഉയര്‍ത്തി പിടിച്ചുറങ്ങുന്ന ഒരു കുടുംബം ഉണ്ടല്ലോ എന്നോര്‍ത് ദിവസങ്ങള്‍ കുടുസ്സു മുറിയില്‍ തള്ളി നീക്കുന്ന ആയിരങ്ങള്‍ ഉണ്ട് ഇവിടെ അവരുടെ ഒക്കെ സ്വപനം ഒന്ന് തന്നെ ആണ് ,എന്നെന്നേക്കുമായി നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക്........