Links

സഖാവ് പിണറായി സംശയത്തിന്റെ നിഴലില്‍ !



ജനശക്തി വാരികയില്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് കൂടിയായ ശ്രീ. തനേഷ് തമ്പി എഴുതിയ ലേഖനത്തിന്റെ മുഖചിത്രമാണിവിടെ കാണുന്നത് . ഇതേ ലേഖനം പീപ്പ്‌ള്‍സ് ഫോറം എന്ന ബ്ലോഗില്‍ പകര്‍ത്തിയെടുത്ത് പോസ്റ്റ് ചെയ്തിട്ടുമുണ്ട് . അവിടെ എന്റെ ബ്ലോഗ്ഗര്‍ സുഹൃത്ത് കിരണ്‍ തോമസ് ഒരു പ്രസക്തമായ ഒരു കമന്റ് എഴുതിക്കണ്ടു . എന്റെ വക ഒരു കമന്റ് കൂടി എഴുതി മിണ്ടാ‍തിരിക്കാമെന്ന് കരുതിയതാണ് . കാരണം ഞാന്‍ ഈ ബ്ലോഗ് തല്‍ക്കാലത്തെക്ക് നിര്‍ത്തി വെച്ച് മറ്റൊരു ബ്ലോഗായ ജനകീയശാസ്ത്രത്തില്‍ ആരോഗ്യ ശാസ്ത്രത്തെപ്പറ്റി ഒരു തുടരന്‍ പോസ്റ്റ് എഴുതുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതി. പക്ഷെ ആ ബ്ലോഗില്‍ അവരുടെ കമന്റ് പോപ്പ് അപ് വിന്‍ഡോ കാരണം കമന്റ് എഴുതാന്‍ കഴിഞ്ഞില്ല. കഴിയുമായിരിക്കാം , എന്നാല്‍ അത്ര കഷ്ടപ്പെടുന്നതെന്തിന് ഇവിടെ എനിക്ക് പറയാനുള്ളത് ഒരു പോസ്റ്റാക്കാമല്ലോ എന്ന് തോന്നി . മാത്രമല്ല ചില സുഹൃത്തുക്കള്‍ എന്തിനാണ് ബ്ലോഗ് നിര്‍ത്തുന്നത് എന്നും ചോദിച്ചിരുന്നു . എന്റെ മനസ്സില്‍ തോന്നുന്നത് അപ്പപ്പോള്‍ കുറിച്ചു വെക്കാനുള്ളതാണല്ലോ ഈ ഇടം . അപ്പോള്‍ നിര്‍ത്തേണ്ടതില്ല എന്ന് എനിക്ക് കിട്ടിയ ചില സുഹൃത്തുക്കളുടെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു . ഈ ബ്ലോഗ് ഒരു ചര്‍ച്ചാ വേദി അല്ല . പിന്നെ ഒരു പബ്ലിക്ക് സ്പെയിസ് ആയത് കൊണ്ട് ആര്‍ക്കും വായിക്കാമെന്ന് മാത്രം . ഞാനും എല്ലാ ദിവസങ്ങളിലും ബ്ലോഗുകള്‍ വാ‍യിക്കുന്നുണ്ട് . എനിക്ക് ഇഷ്ടപ്പെടാത്ത ബ്ലോഗുകളുടെ ഭാഗത്തേക്ക് ഞാന്‍ പോകാറില്ല . തീര്‍ച്ചയായും എന്റെ ബ്ലോഗും പലര്‍ക്കും ഇഷ്ടപ്പെടുകയില്ല . എന്നല്ല , എല്ലാവര്‍ക്കും ഇഷ്ടപ്പെടരുത് . അങ്ങിനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന , അല്ലെങ്കില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സംഭവം എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടോ ?

പിണറായി വിജയന്‍ , അദ്ദേഹം സി.പി.എമ്മിന്റെ സെക്രട്ടരിയാണെങ്കിലും വിമര്‍ശനത്തിനതീതനല്ല . മാത്രമല്ല ലോകത്ത് ഒന്നിനേയും അവര്‍ വിമര്‍ശിക്കാതെ വിടാറുമില്ല . ഇവിടെ ഈ ജനശക്തി ലേഖനം സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട് . അത് മകന്‍ വിദേശത്ത് പഠിക്കുന്നത് കൊണ്ടല്ല . കഴിവും യോഗ്യതയും ഉണ്ടെങ്കില്‍ ലോകത്ത് എവിടെയും പോയി ആരും പഠക്കട്ടെ . അങ്ങിനെയാണ് വേണ്ടത് താനും . പക്ഷെ കഴിഞ്ഞ് പത്ത് ഇരുപത് വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് സമരാഭാസങ്ങള്‍ നടത്തി കേരളത്തിന്റെ സ്വൈര്യം കെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം . ! അതിന്റെ നേതാവാണ് സ:പിണറായി . പ്രീ‌-ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരക്കാലത്ത് നഴ്സറി സ്കൂള്‍ പോലുമാണ് പൂട്ടിച്ചത് . ആ സമരങ്ങളുടെ തുടര്‍ച്ചയായാണ് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായത് . ആ പാര്‍ട്ടിയുടെ നേതാവിന്റെ സ്വന്തം മകന്റെ വിദ്യാഭ്യാസത്തിന്റെ പ്രശ്നം വന്നപ്പോള്‍ സ്വീകരിച്ച നിലപാട് രസാവഹമാണ് :

ഒന്ന് : അദ്ദേഹത്തിന്റെ മകന്‍ വിദ്യാഭ്യാസത്തില്‍ ഒരു പ്രതിഭയൊന്നുമല്ല . ഒരു ശരാശരി വിദ്യാര്‍ത്ഥി . എന്നിട്ടും ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാല അതും ഒരു സ്വയംഭരണ സര്‍വകലാശാല ! അവനവന്റെ കാര്യം വരുമ്പോള്‍ കണ്ടോ ? ഇതൊന്നും കേരളത്തില്‍ പറ്റില്ല എന്ന് പറഞ്ഞ് ഇപ്പോഴും കുട്ടിസഖാക്കള്‍ അല്ല ഭാവി നേതാക്കാള്‍ ഇപ്പോഴും ഒച്ച വെക്കുന്നുണ്ട് .

രണ്ട് : 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌.

മൂന്ന് : വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ!

നാല് : ഇതിനായി എവിടെ നിന്നും പുതിയതായി ഒരു ലോണ്‍ കൂടി എടുത്തതായി പറയുന്നില്ല . മറ്റുള്ള പാര്‍ട്ടിക്കാരെ കള്ളന്മാര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഈ ചോദ്യത്തെ നേരിടുന്നത് മുടന്തന്‍ ന്യായങ്ങള്‍ കൊണ്ടാണ് .

ഇനി സിങ്കപ്പൂര്‍ യാത്ര , ചെന്നെയിലെ തോക്കില്ലാ ഉണ്ട , ലാവ്‌ലിന്‍ ഇടപാട് , ഫാരിസ് ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ തീര്‍ച്ചയായും സ:പിണറായി സംശയങ്ങളുടെ നിഴലില്‍ തന്നെയാണെന്ന് കൊച്ചുകുട്ടിക്ക് പോലും തോന്നും . എന്നാലും സി.പി.എം. എന്ന് പറയുന്നത് കോടിക്കണക്കിന് ആസ്ഥിയുള്ള പ്രസ്ഥാനമാണ് . ആര്‍ക്കാണ് ഇന്നത്തെക്കാലത്ത് ഇങ്ങിനെ നിഷ്പ്രയാസം പണവും സൌകര്യങ്ങളും കിട്ടുമെങ്കില്‍ വേണ്ടാത്തത് ?

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പൊതുവെ ധനത്തിലും ആഡംബരങ്ങളിലും ആര്‍ത്തിയുള്ളവരാണെന്ന് കി.യൂറോപ്യന്‍ കമ്മ്യൂ:രാഷ്ടത്തലവന്മാരുടെ പതനസമയത്ത് കണ്ടതാണല്ലോ . റൊമാ‍നിയയിലെ ചെഷസ്ക്യൂവിന്റെ ഭാര്യയുടെ സ്വര്‍ണ്ണ ചെരുപ്പുകള്‍ നാം ടി വിയില്‍ കണ്ടതല്ലെ . സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ ഭീമമായ ആസ്തിയെക്കുറിച്ചും വാര്‍ത്തയുണ്ടായിരുന്നു . എല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരങ്ങള്‍ എന്നാണവരുടെ സ്ഥിരം പല്ലവി .

ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അച്ചടിച്ച് വന്നത് കൊണ്ടൊന്നും പിണറായിക്കോ പാര്‍ട്ടിക്കോ യാതൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ല . സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ബക്കറ്റു പിരിവുകളും ഇനിയും കേരളത്തില്‍ നിര്‍ബ്ബാധം തുടരും . അതാണ് കേരളം !

23 comments:

Unknown said...

ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അച്ചടിച്ച് വന്നത് കൊണ്ടൊന്നും പിണറായിക്കോ പാര്‍ട്ടിക്കോ യാതൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ല . സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ബക്കറ്റു പിരിവുകളും ഇനിയും കേരളത്തില്‍ നിര്‍ബ്ബാധം തുടരും . അതാണ് കേരളം !

Murali K Menon said...

ശ്രീ കെ.പി.എസ്. പോസ്റ്റില്‍ പറഞ്ഞതും കമന്റില്‍ പറഞ്ഞതും വളരെ പ്രസ്കതമായ കാര്യം. ഇവര്‍ ചെയ്യുന്നതിനൊക്കെ എന്തെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി അതൊക്കെ അണികളില്‍ ബ്രെയിന്‍ വാഷ് ചെയ്ത് അടിച്ചേല്‍പ്പിച്ച് കുരങ്ങു കളിപ്പിക്കുകയാണു ചെയ്യുന്നത്. മറ്റുള്ളവര്‍ ചെയ്യുന്നതിനെയൊക്കെ കഠിനമായ് വിമര്‍ശിക്കുകയും തൊഴിലാളി വിരുദ്ധവും, പാവപ്പെട്ടവന്റ്റെ അവകാശ നിഷേധവുമായ് കാണുന്ന ഇവര്‍ക്ക് സ്വന്തം ചെയ്തികളെ നല്ല രീതിയില്‍ പോലും ഒന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ് മന്ത്രി സുധാകരന്റെ സാറാ ജോസഫിനെതിരായുള്ള പ്രതികരണവും. ശ്രീ ബി.ആര്‍.പി. ബാസ്കര്‍ മന്ത്രി സുധാകരന്റെ പ്രസംഗം കേരളകൌമുദിയില്‍ വന്നത് സ്കാന്‍ ചെയ്ത് കൊടുത്തീട്ടുണ്ട് അദ്ദേഹത്തിന്റെ ബ്ലോഗില്‍.
ഇനി ഒടുവില്‍ താങ്കളുടെ കമന്റ് സൂചിപ്പിച്ച പോലെ ഇതുകൊണ്ടൊന്നും ഞങ്ങള്‍ തളരില്ല, കാരണം ഞങ്ങളുടെ അണികള്‍ ഇത് വിശ്വസിക്കില്ല അതിനുമാത്രം മന്ദബുദ്ധികളാക്കി മാറ്റാ‍ന്‍ ഞങ്ങള്‍ക്ക് സാധിച്ചീട്ടുണ്ട്, അതാണ് ഞങ്ങളുടെ വിജയവും, ലാല്‍ സലാം!

കിരണ്‍ തോമസ് തോമ്പില്‍ said...

മുരളി മേനോനേ,
BRP യുടെ ബ്ലോഗില്‍ മരീചന്‍ എഴുതിയ കമന്റ്‌ കണ്ടിരുന്നോ? ഇല്ലെങ്കില്‍ അത്‌ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

സിപിഎമ്മിലെ ഗ്രൂപ്പുകളിയില്‍ സാറാ ജോസഫ് ഒരു പക്ഷം ചേരുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. പിണറായിയുടെ മകന്‍ സ്വാശ്രയ കോളെജില്‍ (വിദേശം) പഠിക്കുന്നതിനെ എതിര്‍ക്കുന്ന അവര്‍ എന്തുകൊണ്ട് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ സ്വാശ്രയ കോളെജില്‍ (സ്വദേശം) പഠിച്ചതിനെ എതിര്‍ക്കുന്നില്ല.

കേവലം മുപ്പതാം വയസില്‍ കേര ഫെഡിന്റെ എംഡിയായി അരുണ്‍കുമാര്‍ അവരോധിതനായതും അയാളുടെ കഴിവുകൊണ്ടാണെന്ന് പറഞ്ഞേക്കാം. ഏതായിരുന്നു നിയമന മാനദണ്ഡം?

അച്യുതാനന്ദന്റെ മകള്‍ ആശ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നത് ഏത് ടെസ്റ്റ് എഴുതി പാസായിട്ടാണ്? അവരുടെ മാര്‍ക്കുലിസ്റ്റും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. എവിടെപ്പോയിരുന്നു അന്ന് സാറാജോസഫ്?

ഇക്കാര്യങ്ങള്‍ പച്ചയ്ക്ക് ചോദിക്കാന്‍ സുധാകരനും പിണറായിയ്ക്കും വിഷമമുണ്ടാകുമ്പോഴാണ് അമേരിക്കയെ അവര്‍ കൂട്ടുപിടിക്കുന്നത്. പിണറായി വിജയന്റെ മകന് ഇരുപതു ലക്ഷം രൂപ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കുന്ന അതേ ആര്‍ജവം ഇപ്പുറത്തെ നേതാവിന്റെ മരുമകള്‍ക്ക് ബാംഗ്ലൂരില്‍ എംഡി കോഴ്സ് ചെയ്യാന്‍ 45 ലക്ഷം രൂപ കിട്ടിയ ഉറവിടം കൂടി അന്വേഷിക്കാന്‍ കാണിക്കുമ്പോള്‍ നമുക്ക് അവരെ ബഹുമാനിക്കാം.

കിടപ്പിലായ ജോസഫേട്ടന്റെ കഥയും പെന്‍ഷന്‍പുരാണവും സാന്‍ട്രോ കാറിന് ലോണൊപ്പിച്ചതും എഴുതിക്കൂട്ടിയാല്‍ ലേഖനമാവും. സാമൂഹ്യ വിമര്‍ശനമാവുമോ, സംശയമാണ്.

samvidanand said...

പിണറായി വിജയന്‍ പിശകായ് വിജയനായ്
സുകുവേട്ടന്‍ പറഞ്ഞ പോലെ ഇതൊന്നും കൊണ്ടും ഒന്നും മാറില്ല എന്നു കരുതണ്ട
എല്ലാത്തിനും മാറ്റം വന്നോളും മാറാത്തതൊന്നുണ്ട് അതാണല്ലൊ മാറ്റം

കെ said...

മറ്റേതു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ സിപിഎമ്മിനെ കാണാനാകാത്തു കൊണ്ടാണ് സുകുമാരേട്ടാ, ഇത്തരം സംശയങ്ങള്‍ ഉണ്ടാകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെന്നാല്‍ ആദര്‍ശത്തിന്റെ അമൃതകുംഭങ്ങളാണെന്നും ആയിരിക്കണമെന്നും നാം ശഠിക്കുന്നു. എന്നിട്ട് നമ്മുടെ ശാഠ്യത്തിന്റെ കട്ടിലിനുളളില്‍ അവരെ കിടത്താന്‍ ശ്രമിക്കുന്നു. കൂട്ടിന് കുറെ പഴയ ഓര്‍മ്മകളും. പ്രശ്നങ്ങളെ വിലയിരുത്തുന്നതില്‍ ഈ ചിന്തയുടെ സ്വാധീനം മൂലം പാളിച്ച ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

രാഷ്ട്രീയത്തില്‍ ആരില്‍ നിന്നും പ്രതീക്ഷിക്കരുതാത്തതാണ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുളള ബന്ധം. അങ്ങനെ ബന്ധമുളളവര്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത മേഖലയാണ് കക്ഷിരാഷ്ട്രീയത്തിന്റെ വഴുവഴുപ്പന്‍ ചട്ടക്കൂടെന്ന് നാം മറന്നു പോകുന്നു.

പിണറായി വിജയന്റെ മകന്റെ പഠനം വന്‍വാര്‍ത്തയാകുന്നത് സിപിഎമ്മിന്റെ സമ്മേളനങ്ങളുമായി ബന്ധപ്പെട്ടാണ്. ലാവലിന്‍ അഴിമതിയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അപഥ സഞ്ചാരവും പ്രചരണ വിഷയമാക്കേണ്ടത് മറുപക്ഷത്തിന്റെ ആവശ്യമാണ്. അങ്ങനെ സിപിഎമ്മില്‍ ഒരു വിഭാഗം സൃഷ്ടിക്കുന്ന അജണ്ടയില്‍ കുരുങ്ങിയാണ് നമ്മുടെ രാഷ്ട്രീയ വിമര്‍ശനം മുന്നോട്ടു നീങ്ങുന്നതെങ്കില്‍ കഷ്ടമെന്നേ പറയേണ്ടൂ.

പിണറായിയുടെ മകന്‍ സ്വാശ്രയ കോളെജില്‍ പഠിക്കുന്നതു പാപമാണെങ്കില്‍ അതിനും മുമ്പേ അത്തരം കോളെജില്‍ പഠിച്ച വിഎസിന്റെ മകന്‍ ചെയ്തതോ? എന്തേ അത് ചര്‍ച്ചയാകാതെ പോകുന്നു? ഇരുപതു ലക്ഷം എവിടെ നിന്ന് എന്നലറുന്ന സംസ്ക്കാരിക പ്രഭൃതികള്‍ മറ്റേ നാല്‍പത്തി അഞ്ചു ലക്ഷം മൂടിവെയ്ക്കുന്നതെന്തിന്?

പിണറായിയുടെ മക്കള്‍ സ്വാശ്രയകോളെജില്‍ പഠിച്ചത് എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് എനിക്ക് അഭിപ്രായമില്ല. അങ്ങനെ എതിര്‍ക്കുന്നുവെങ്കില്‍ വിഎസിന്റെ മകന്‍ പഠിച്ചതിനെയും എതിര്‍ക്കണം. ഏറ്റവും ഒടുവില്‍ മതിയായ യോഗ്യതയില്ലാതെ, അച്ഛന്‍ മുഖ്യമന്ത്രിയായതിന്റെ ഹുങ്കും പേറി പിഎച്ച്ഡി ചെയ്യാന്‍ ശ്രമിച്ച് ആ വിദ്വാന്‍ സംസ്ഥാന മുഖ്യമന്ത്രിയെ നാണം കെടുത്തിയ സംഭവവും നമുക്കോര്‍ക്കാം. ആരോപണങ്ങളുണ്ടാകുമ്പോള്‍എന്നെയും കുടുംബത്തെയും അപകീര്‍‍ത്തിപ്പെടുത്താനെന്ന് വിഎസ് പറയുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനെന്ന് പിണറായി പറയുന്നു. കാര്യങ്ങള്‍ മനസിലാക്കുന്നവരില്‍ ഇത് രണ്ടും ചിരിയുണര്‍ത്തും. ആദ്യത്തേത് ശരിവെയ്ക്കുകയും രണ്ടാമത്തേത് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുകയും ചെയ്യുമ്പോള്‍ എവിടെയോ എന്തോ ഒരു പന്തികേട്.

സിപിഎം സംസ്ഥാന സെക്രട്ടറി വിചാരിച്ചാല്‍ മാത്രമല്ല പണം മറിയുന്നതെന്നും സംസ്ഥാന മുഖ്യമന്ത്രി വിചാരിച്ചാലും അത് മറിയുമെന്നും നമുക്ക് മനസിലാകുന്നില്ലെങ്കില്‍ അത് നമ്മുടെ കുഴപ്പമാണ്.

ജനശക്തി എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും എന്താണ് അതിന്റെ ഉദ്ദേശ്യമെന്നും അറിയാവുന്നവര്‍ക്ക് ഈ ലേഖനങ്ങളിലോ പ്രചരണങ്ങളിലോ ഒന്നും അത്ഭുതം തോന്നില്ല. പിണറായി പക്ഷം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമായതു കൊണ്ട് മറുവിഭാഗത്തിന്റെ ചെയ്തികള്‍ ഇതുപോലെ തുറന്നടിക്കാന്‍ അവര്‍ക്ക് പരിമിതികളുണ്ടെന്നും നാം മറക്കാമോ?

അവര്‍ക്ക് തുറന്നു പറയാനുളള ആ വാര്‍ത്തകളിലാണ് മാരീചന്റെ കണ്ണും മനസും മുഴുവന്‍. ഒരു സെക്രട്ടറിയുടെ നോട്ട് മാതൃഭൂമിയ്ക്ക് ചോര്‍ത്തി നല്‍കി ഇതാ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാന്‍ പോകുന്നു എന്ന ബ്രഹ്മാണ്ഡ കോലാഹലം മുതല്‍ ക്രൈം നന്ദകുമാറിനെക്കൊണ്ട് പിണറായിയ്ക്കെതിരെ മഞ്ഞക്കഥകള്‍ എഴുതിച്ച് ദേശാഭിമാനി ബുക്ക് സ്റ്റാളില്‍ വില്‍പനയ്ക്ക് വെച്ചതും പ്രത്യുപകാരമായി ക്രൈമിനെതിരെ പണ്ടു കൊടുത്ത കേസ് പിന്‍വലിച്ചതുമൊക്കെ പുറത്തറിഞ്ഞ ചെറിയ കാര്യങ്ങള്‍ മാത്രം.

ആരും മോശമല്ല സുകുമാരേട്ടാ. അത്രയേ പറയാനുളളൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ

എനിക്ക്‌ ഓര്‍മ്മവരുന്നത്‌ താങ്കളുടെ ഈ പോസ്റ്റാണ്‌ . അബദ്ധത്തിലെങ്കിലും ഞാന്‍ ഇന്ന് ഈ പോസ്റ്റ്‌ വീണ്ടും കണ്ടു. ഇതും ഇപ്പോഴത്തേ ഈ പോസ്റ്റും വെറുതെ ഒന്ന് താരതമ്യം ചെയ്തു നോക്കിയപ്പോള്‍ എന്തോ സുകുമാരേട്ടന്‍ വല്ലാതെ വികരാപരമാകുന്നു എന്ന് കാണുന്നു. താങ്കള്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടും അതിന്റെ പ്രവര്‍ത്തനങ്ങളോടും കാലാനുസൃതമായി അത്‌ മാറാത്തതിലും ശക്തമായ വിയോജിപ്പുണ്ട്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. താങ്കളുടെ പല പോസ്റ്റിന്റെയും അന്തസത്ത തന്നെ അത്‌ സൂചിപ്പിക്കുന്നു. എന്നാല്‍ ചില കാര്യം വരുമ്പോള്‍ താങ്കള്‍ പെട്ടെന്ന് വികാരപരമായി എടുത്തു ചാടുന്നില്ലേ എന്ന് ഒരു സംശയം. വളരെ വ്യക്തമായിപ്പറഞ്ഞാല്‍ ഒരു ജനശക്തി വാരിക ലൈന്‍.

പിണറായി വിജയനില്‍ ഒരുപാട്‌ കുറവുകള്‍ ഉണ്ട്‌. വേണമെങ്കില്‍ നമുക്ക്‌ അദ്ദേഹം വെറുക്കപ്പെടേണ്ടവനാണ്‌ എന്ന് വരെപ്പറയാവുന്ന ആരോപണങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ പിണറായിയേ അളക്കാന്‍ ഉപയോഗിക്കുന്ന അളവുകോള്‍ അച്ചുതാനന്ദനെ അളക്കാനും ഉപയോഗിക്കേണ്ടേ. മാതൃഭൂമി പത്രം വച്ചാണ്‌ നമ്മള്‍ വസ്തുതകളെ വിലയിരുത്തേണ്ടതെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ.

ഇപ്പോള്‍ മരീചന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പ്രസക്തം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എനിക്ക്‌ പിണറായോട്‌ പ്രത്യേക അഭിമുഖ്യമൊന്നും ഇല്ല പക്ഷേ പിണറായി മോശവും അച്ചുതാനന്ദന്‍ നല്ലവനും എന്ന് പറഞ്ഞ്‌ ഫലിപ്പിക്കുമ്പോള്‍ അലെങ്കില്‍ പിണറായിയേ മാത്രം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടീ ജീര്‍ണ്ണത ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ അല്‍പം യുക്തിഭദ്രത്‌ കുറവില്ലേ എന്ന് ചോദിക്കാതെ വയ്യ. പിണറായിക്കൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം ജീര്‍ണ്ണത്‌ അച്ചുതാനന്ദനൊപ്പം നില്‍ക്കുന്നവര്‍ക്കും ഉണ്ട്‌ എന്നത്‌ തമസ്ക്കരിക്കരുത്‌ എന്ന് ഒരു അഭ്യര്‍ത്ഥന എനിക്കുണ്ട്‌. അല്ലെങ്കില്‍ സുകുമാരേട്ടനും ഒരു പിപ്പിള്‍ ഫോറമാണ്‌ എന്ന് പറയേണ്ടി വരും

Unknown said...

പ്രിയപ്പെട്ട മാരീചന്‍ , വല്ലാത്ത ഒരു വിഷമ വൃത്തത്തിലാണ് നമ്മള്‍ . നമുക്ക് ഒരു മാറ്റം വേണ്ടേ ? നേരും നെറിയും തിരിച്ചെടുക്കണ്ടേ ? മാരീചന്‍ പറഞ്ഞതിനെപ്പറ്റി ഞാനും ബോധവാനാണ് . പക്ഷെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിപീഠത്തില്‍ സാംസ്കാരിക കേരളത്തിന്റെ ഭാവി ബലി കഴിക്കാമോ ? കമ്മ്യൂണിസ്റ്റ് അനുഭാവം വെച്ച് എന്തെങ്കിലും മിണ്ടിയാല്‍ സഖാക്കന്മാര്‍ നമ്മെ ഒന്നാന്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധരാക്കും . ലോകത്തെവിടെയും കമ്മ്യൂണിസം തകര്‍ന്നതില്‍ ഈ മനോഭാവത്തിനും പങ്കുണ്ട് . കേരളത്തില്‍ ഒരു ഭാഗത്ത് സര്‍വ്വ അനാചാരങ്ങളും പെരുകി പ്രാഥമികമായ സാമാന്യ യുക്തിയെ വെല്ലു വിളിക്കുന്നു . പുരോഗമനത്തിന്റെ മൊത്തക്കുത്തകയുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നില്‍ക്കുന്നു . എന്നാല്‍ അവരും ഇത്തരം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു . പത്ത് വോട്ട് കുറഞ്ഞു പോകുമെന്ന പേടി . എന്നാല്‍ വാക്കും പ്രവൃത്തിയും കൊണ്ട് ജനങ്ങളില്‍ നിന്ന് അകലുകയും ചെയ്യുന്നു .

എന്റെ സുചിന്തിതമായ അഭിപ്രായം ഇതാണ് : കേരളം നന്നാകണമെങ്കില്‍ ഒന്നുകില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നന്നാകണം അല്ലെങ്കില്‍ ആ പാര്‍ട്ടി തകരണം . ഇത് രണ്ടും ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുഭാവിയായി നിന്നുകൊണ്ട് പറയാന്‍ കഴിയില്ല . ഈ രണ്ട് മാര്‍ഗ്ഗമല്ലാതെ വേറെ വഴി ഞാന്‍ കാണുന്നുമില്ല . പിന്നെയുള്ളത് എന്തെങ്കിലും ആയി തുലയട്ടെ എന്ന് കരുതലാണ് . അങ്ങിനെയാണെങ്കില്‍ പിന്നെ നമ്മള്‍ ഒന്നും മിണ്ടരുതല്ലോ . നിലവിലുള്ളതിന് ഒരു ബദല്‍ പ്രസ്ഥാനം എന്ന നിലയിലാണ് സി.പി.എമ്മിനെ വിമര്‍ശിക്കേണ്ടിവരുന്നത് . അല്ലെങ്കില്‍ ഇവിടെ ശക്തി പ്രാപിക്കുന്ന വര്‍ഗ്ഗീയ ശക്തികളോളം ഉപദ്രവകാരികളല്ലല്ലോ അവര്‍ !

ഇപ്പോള്‍ കണ്ടോ കൊല്‍ക്കത്തയില്‍ നിന്ന് തസ്ലീമ നസ്രീനെ നാട് കടത്തി . ക്രമസമാധാന പ്രശ്നം ഉണ്ട് ശരി തന്നെ . പക്ഷെ ഇത് രണ്ട് ഭാഗത്തും വര്‍ഗ്ഗീയത വളര്‍ത്താനും നമ്മുടെ മതേതരത്വത്തെ ദുര്‍ബ്ബലപ്പെടുത്താനുമല്ലേ സഹായിക്കുക ?

നാട്ടില്‍ നല്ല രാഷ്ട്രീയം പുലരണം എന്നാഗ്രഹിക്കുനവര്‍ എന്ത് ചെയ്യും ?

Unknown said...

പ്രിയപ്പെട്ട കിരണ്‍ , മാരീചനോട് ഞാന്‍ പറഞ്ഞ മറുപടി ശ്രദ്ധിക്കുക ! ഞാന്‍ പെട്ടെന്ന് വികാരപരമായി എടുത്തു ചാടുന്നില്ലേ എന്ന കിരണിന്റെ സംശയം ശരിയാണ് .കിരണ്‍ പറഞ്ഞത് ഞാന്‍ ഉള്‍ക്കൊള്ളുന്നുമുണ്ട് . പക്ഷെ എന്ത് ചെയ്യാം കിരണ്‍ , നാട്ടിലെ സ്ഥിതിഗതികള്‍ ആകെക്കൂടി അങ്ങിനെയാണ് . ഒന്നുകില്‍ കണ്ണും പൂട്ടി സി.പി.എമ്മിനെ അനുകൂലിക്കണം അല്ലെങ്കില്‍ കണ്ണും പൂട്ടി എതിര്‍ക്കണം . ഇതില്‍ ഒരു മധ്യമാര്‍ഗ്ഗം സ്വീകരിക്കുമ്പോള്‍ സഖാക്കള്‍ ഒരു സ്ഥാനം കല്‍പ്പിച്ചു തരും മുന്‍‌കമ്മ്യൂണിസ്റ്റ് എന്ന് . എന്നിട്ട് ഒരു പുച്ഛിക്കലും . ആ പുച്ഛത്തിലെ ഔദ്യോഗിക മാര്‍ക്സിസ്റ്റ് ദാര്‍ഷ്ട്യം അസഹനീയമാണ് . അപ്പോള്‍ ഇങ്ങിനെ വികാരപരമായി പറയേണ്ടി വരുന്നു . ഏതായാലും മാരീചനോടും കിരണിനോടും ഞാന്‍ സ്വയം ന്യായീകരിക്കുന്നില്ല .

Murali K Menon said...

കിരണ്‍,
ബി.ആര്‍.പി യുടെ പോസ്റ്റില്‍ മാരീചന്‍ എഴുതിയത് വായിച്ചു, അതും മനസ്സിലാക്കുന്നു. പക്ഷെ എപ്പോഴും ‘ഇതെന്താ നിങ്ങള്‍ അത് കാണാതെ ഇതിനെ മാത്രം പറയുന്നത്‘ എന്ന് പറയുന്നതിലൂടെ വെറും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളേ ആവുന്നുള്ളു. സത്യം അപ്പോഴും (രണ്ടു പേരുടെ കാര്യത്തിലും) പുറത്തുവരുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് രണ്ടുപേരുടെ കാര്യങ്ങളും പുറത്ത് കൊണ്ടു വരുന്നത് പ്രബുദ്ധരായ ജനങ്ങള്‍ക്ക് ആ പാര്‍ട്ടിയില്‍ അന്തസ്സ് കൈമോശം വന്നീട്ടില്ലെന്ന് വിശ്വസിക്കാനെങ്കിലും ഉപകാരപ്പെടും. (പാര്‍ട്ടിയില്‍ അന്ധമായ് വിശ്വസിക്കുന്നവര്‍ക്ക് ആരെന്തൊക്കെ പറഞ്ഞാലും അത് പ്രതിപക്ഷത്തിന്റേയോ ഗ്രൂപ്പു കളിയുടേയോ ഭാഗമായ് എടുക്കാനാവും). ഏതെങ്കിലും ഒരു പ്രശ്നം മാദ്ധ്യമ ശ്രദ്ധയില്‍ വരികയും, സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരോ ചൂണ്ടിക്കാട്ടിയാല്‍, നിയമസഭയില്‍ ഉത്തരം നല്‍കുന്നതുപോലെ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യ പ്രസ്താവനകളും നടത്താറ്. അവര്‍ ഭരിക്കുമ്പോള്‍ 10 ബലാത്സംഗം നടന്നീട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഭരിക്കുമ്പോള്‍ വെറും 5 എണ്ണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന രീതിയില്‍. ഇതുകൊണ്ട് നമുക്ക് എന്ത് പ്രയോജനമാണുള്ളത്. വീണ്ടും വീണ്ടും ഞാന്‍ പറയട്ടെ, ഒരച്ഛന്റെ അവകാശമാണ് ഒരു മകന്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ചെയ്യണമെന്നത്. അതില്‍ യാതൊരു തെറ്റുമില്ലെന്ന് തന്നെയാണ് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്. ആ അച്ഛന്‍ ഏതെങ്കിലും ഒരു പൌരനായിരുന്നെങ്കില്‍ ഇത്തരം ചോദ്യോത്തരങ്ങള്‍ ഉണ്ടാവില്ലായിരുന്നു എന്നും നമുക്കറിയാം. അപ്പോള്‍ അതിന്റെ സത്യാവസ്ഥ ജനങ്ങളോട് പറയുക എന്നതാണ് സത്യസന്ധമായ രീതി. അതല്ല, മറ്റു ഗ്രൂപ്പുകാര്‍ തന്നെ കരിവാരിതേക്കാനണിത് പറയുന്നതെന്നും അതുകൊണ്ട് ഞാന്‍ പറയില്ലെന്നും പറഞ്ഞാല്‍ കേരള ജനതയല്ലേ അവര്‍ക്കത് സഹിക്കാനാവും.

കിരണ്‍ തോമസ് തോമ്പില്‍ said...

മുരളി മേനോനേ,
പാര്‍ട്ടിയില്‍ ജീര്‍ണ്ണത്അയുണ്ട് എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല. ജീര്‍ണ്ണത മാത്രമല്ല കാലാനുസൃതമായ മാറ്റവും ഇല്ല. ഇതും രണ്ടും മാറേണ്ടതാണ്. ഇവിടെ പിണറായി മോശം അച്ചുതാനന്ദന്‍ ശരി എന്ന പ്രചരണത്തെ മാത്രമാണ് ഞാന്‍ എതിര്‍ത്തിട്ടുള്ളൂ. അതില്‍ വെറും സ്വാര്‍ത്ഥതയോ കൊതിക്കെറുവോ മാത്രമാണ് ഉള്ളതെന്നതുകൊണ്ടും ഇതിനെ പര്‍വ്വതീകരിക്കുന്നതിനോറ്റ് യൊജിപ്പില്ല.

ഇനി ഈ വിഷയത്തില്‍ പിണറായി ഒതുങി എന്ന് കരുതുക പക്ഷെ അപ്പോഴും ജീര്‍ണ്ണത് ജീര്‍ണ്ണതയായിത്തന്നെ നിലനില്‍ക്കും. അതോറ്റൊപ്പം കാലാനുസ്രിതമായ മാറ്റം എന്നത് ജലരേഖയായിത്തീരുകയും ചെയ്യും.

ജനശക്തി വാരിക പ്രധാനമായും ഉന്നം വയ്ക്കുന്നത് തോമസ് ഐസക്കിനെയാണ്. അദ്ദേഹത്തിന്റെ സാമ്പത്തീക നയങ്ങളേയുമാണ്. പണ്ട് പാഠം മാസിക എന്താണോ ചെയ്തത് അത് ഇന്ന് ജനശക്തി ചെയ്യുന്നു. മുരളി ജനശക്തി വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. അത് മുന്നോട്ട് വയ്ക്കുന്നത് തികച്ചും കാലഹരണപ്പെട്ട് ക്ലാസിക്കല്‍ മാര്‍ക്സിസമാണ്. തോമസ് ഐസക്ക് അമേരിക്കന്‍ സാമ്രാജിത്ത ഏജന്റാണ് എന്ന് പറയുന്ന തരത്തിലുള്ള ആരോപണങ്ങളാണ് അതില്‍ മുഴുവന്‍. കേവലം വ്യക്തിഹത്യ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ക്രൈം വാരിക സ്വഭാവമുള്ളതും എന്നാല് ക്രൈമിലും നല്ല ഭാഷയിലും പ്രസിദ്ധീകരിക്കുന്ന ഒന്ന് മാത്രമാണ് ജനശക്തി.

കേവലം വണ്‍ സൈഡഡായി നടക്കുന്ന പാര്‍ട്ടി നവീകരണ ശ്രമങ്ങളുടെ പൊള്ളത്ത്രം മനസ്സിലാക്കാന്‍ കഴിയാത്താവര്‍ക്ക് ഒഴിക്കൊനൊപ്പം നീന്താം അത്രയേ എനിക്ക് പറയാനുള്ളൂ. പക്ഷെ ഒന്ന് പറയാതെ വയ്യ സുകുമാരേട്ടന്‍ ഒളിച്ചു കളികളിക്കുന്നു

മുക്കുവന്‍ said...

വി.എസു. പിശചു വിജയനും ഒരേ ചിന്താഗതിയുള്ളവരല്ലേ? നാട്ടില്‍ സ്വയാശ്രയം പാടില്ല എന്ന് ഒരു കാലത്ത്, അപ്പോള്‍ സ്വന്തം മക്കളെ നാട്ടിലും വിദേശത്തും സ്വയാശ്രയ കോളേജുകളില്‍ തന്നെ പഠിപ്പിക്കുക. ഒരു തവണ പോലും നെല്‍ പാടത്ത് കാലുകുത്താത്ത ഈ ദേവന്മാര്‍ അന്യരുടെ കൃഷി വെട്ടി നിരത്തുക. ഇവയെ ഞാന്‍ എതിര്‍ക്കുന്നുള്ളൂ!

കേവലം എഞ്ജിനീയറിങ്ങ് പഠിച്ച് പാസായ കുട്ടി സഖാവിന് , ഒരു തൊഴിലിനും കൊള്ളില്ല എന്ന് ഉറപ്പായപ്പോള്‍ ഫെഡ് ചെയര്‍മാനാക്കി അവരോധിച്ചു. ഇനി പഠിച്ചപ്പോള്‍ എങ്ങനെ പാസായാവോ? ചിലപ്പോള്‍ എസ്.എഫ്.ഐ അതിനും സമരം നടത്തി കൊടുത്തിട്ടുണ്ടാവും...

കഷ്ടം തന്നെ കുട്ടി സഖാക്കളേ!

Unknown said...

കിരണ്‍ , ഞാന്‍ ഒളിച്ചുകളി നടത്തുകയാണ് എന്ന് പറയുന്നത് ശരിയല്ല . കാരണം ഒളിച്ചു കളി നടത്തുന്ന ആള്‍ക്ക് എന്തെങ്കിലും ഒരു നേട്ടമുണ്ടാവണം . എന്നാല്‍ കിരണിന് അങ്ങിനെ തോന്നാന്‍ കാരണങ്ങളുണ്ട് . ഞാന്‍ ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കുന്നില്ല , നിലപാടുകളില്‍ വൈരുധ്യങ്ങളും ചാഞ്ചാട്ടങ്ങളും കാണുന്നു . ഈ ഒരു ദോഷം എനിക്കുണ്ട് എന്ന് എന്റെ പോസ്റ്റ് വായിക്കുന്നവര്‍ക്ക് തോന്നാം . അത് തന്നെയാവണം കിരണിനെ, ഞാന്‍ ഒളിച്ചു കളിക്കുന്നു എന്ന് പറയാന്‍ പ്രേരിപ്പിച്ചത് . സി.പി.എമ്മില്‍ ജീര്‍ണ്ണതയുണ്ട് എന്നും അതില്‍ മാറ്റം വരേണ്ടതുണ്ട് എന്നും കിരണ്‍ തന്നെ മുരളി മേനോനോട് പറഞ്ഞല്ലോ . ആ ജീര്‍ണ്ണതയുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ഞാന്‍ എത്തുന്നത് സ്റ്റാലിനിലേക്കാണ് . അവിടെ നിന്ന് ഒരു പടി കൂടി കടന്ന് കെ.വേണു ലെനിനിലേക്ക് വരെ എത്തുന്നു . ഈ വിഷയം കിരണിന്റെ ചിന്തക്ക് പുറത്താണ് . ലെനിനാണ് ആ ജീര്‍ണ്ണതയുടെ ഉപജ്ഞാതാവ് എന്ന് വേണു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്കത് ബോധ്യമാകുന്നുണ്ട് . എന്നാല്‍ ആ ജീര്‍ണ്ണത എപ്പോഴായാലും വേരോടെ പിഴുതെറിയാമല്ലോ എന്ന് മറ്റനേകം മുന്‍‌കമ്മ്യൂണിസ്റ്റുകളെപ്പോലെ ഞാനും വ്യാമോഹിക്കുന്നു . അതാണ് എന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ക്ക് കാരണം . ഗോര്‍ബച്ചേവ് ഗ്ലാസ്‌നോസ്റ്റ് , പെരിസ്റ്റ്രോയിക എന്നിവ കൊണ്ടു വന്നത് കമ്മ്യൂണിസത്തിന് ജനാധിപത്യത്തിന്റെയും മാനവീകതയുടെയും മുഖം നല്‍കാനായിരുന്നു . എന്നാല്‍ അത് കമ്മ്യൂണിസത്തിന്റെ തന്നെ തകര്‍ച്ചക്ക് വഴി വെച്ചത് പാര്‍ട്ടിയില്‍ കെട്ടിക്കിടന്ന ജീര്‍ണ്ണതയായിരുന്നു എന്നാണ് ഞാനും കരുതുന്നത് . ഈ വാദമൊന്നും ഒരു സി.പി.എം അനുഭാവിയും അംഗീകരിക്കുകയില്ല . അവിടെ വരെ ചിന്ത എത്തുകയില്ല , അത് കൊണ്ടാണ് . ഇപ്പോള്‍ പിണറായി-അച്യുതാനന്ദന്‍ ഗ്രൂപ്പ് കളിയുടെ വിവാദങ്ങളില്‍ രമിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം . സി.പി.എമ്മില്‍ ഒരു കണ്ണൂര്‍ ലോബിയുണ്ടെന്നേ ഞാന്‍ കരുതുന്നുള്ളൂ . ആ ലോബിയോട് തീരെ താല്പര്യമില്ലാത്ത ഒരു കാഴ്ചക്കാരന്‍ മാത്രമാണ് ഞാന്‍ . ഇക്കാരണത്താല്‍ ഒരു സി.പി.എം അനുഭാവി എന്ന പദവി പോലും ആരും എനിക്ക് അനുവദിച്ചു തരില്ല . ഇനി ഒന്നു കൂടി പറയാം , ഒരു കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്ന സ്വപ്നവും കാഴ്ചക്കാരനായിട്ട് പോലും എനിക്കുണ്ട് . ഇത് ഏതെങ്കിലും ഒരു സി.പി.എം. അനുഭാവിക്ക് സഹിക്കാന്‍ പറ്റുമോ ? ഇതൊക്കെയാണ് എന്റെ ഒളിച്ചു കളിയുടെ പിന്നിലുള്ള ചേതൊവികാരം . ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എനിക്കൊരു മതമല്ല . ഒരു ഉപകരണമാണ് . ആ ഉപകരണം ദ്രവിക്കുമ്പോള്‍ മാനവരാശിയെ കരുതി എതിര്‍ക്കാതിരിക്കാന്‍ പറ്റില്ല .

Murali K Menon said...

കിരണ്‍ തോമസിനോട് ഒരു കാര്യത്തില്‍ യോജിപ്പുണ്ട്. പാര്‍ട്ടിയിലെ ജീര്‍ണ്ണതയാണ് പ്രശ്നം. വ്യക്തികളല്ല, അത് അചുതാനന്ദനായാലും പിണറായിയായാലും തെറ്റ് ചെയ്തീട്ടുണ്ടെങ്കില്‍ വിസ്തരിക്കപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണ്. പിന്നെ പൊതുജന നന്മക്കല്ലാതെ വ്യക്തിഹത്യ നടത്തുന്ന ഒരു മാദ്ധ്യമത്തേയും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരാളെന്ന നിലയില്‍ അത്തരം പ്രസിദ്ധീകരണങ്ങളെ അതിന്റേതായ ഗൌരവത്തിലേ എടുക്കാറുള്ളു.

chithrakaran ചിത്രകാരന്‍ said...

രാഷ്ട്രീയക്കാരുടെ മക്കള്‍ എവിടെയോ പഠിക്കട്ടെ...അവരെ ആരോ സ്പോണ്‍സര്‍ ചെയ്തോട്ടെ... അവരുടെ വിവാഹ മാര്‍കറ്റിലെ വില എന്തോ ആകട്ടെ...ഏതു സ്ഥാപനത്തില്‍ ഏതു ജോലിയോ ചെയ്യട്ടെ....നമുക്കെന്ത്?
രാഷ്ട്രീയ കക്ഷി നേതാക്കളുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചു ശുദ്ധീകരിക്കുംബോഴേ നമ്മുടെ സമയം ദുര്‍വ്യയം ചെയ്യപ്പെടാതിരിക്കുന്നുള്ളു.

Anonymous said...

ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അച്ചടിച്ച് വന്നത് കൊണ്ടൊന്നും പിണറായിക്കോ പാര്‍ട്ടിക്കോ യാതൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ല . സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ബക്കറ്റു പിരിവുകളും ഇനിയും കേരളത്തില്‍ നിര്‍ബ്ബാധം തുടരും . അതാണ് കേരളം !മന്ദബുദ്ധികളൂടെ സ്വന്തം നാട്!!!എന്നിട്ട് പറയുന്നത് കേരളീയര്‍ ഉല്ബുദ്ധരാണെന്ന്.. ഹ ഹ ഹ.തലച്ചൊറിന്‍ സ്ഥാനത്ത് തീട്ടമുള്ളവരാണ്‍ പിണ്റായിയെയും നെയും പിന്തുണക്കുന്നത്, മുക്കുവന്‍ പറഞ്ഞതാണ്‍ ശരി.

മിടുക്കന്‍ said...

ചിത്രകാര്‍ സഡ് ഇറ്റ്...

Unknown said...

മാദ്ധ്യമങ്ങളില്‍ നിന്നുള്ള അറിവ് വച്ച് നാം പിടിക്കുന്ന ഒരു ശാഠ്യമാണു പിണറായി അഗ്നിപരീക്ഷയ്ക്ക് വിധേയനാകണം എന്നത്. കേരളത്തില്‍ ആദര്‍ശ്ശ ശുദ്ധി വേണ്ട ഏക വ്യക്തി പിണറായി മാത്രമാണോ? എങ്കില്‍ ആ വ്യക്തിത്വം എത്ര മഹത്തരമാണു്!! പിണറായിയെ എന്തിനാണ് നാം ഇത്ര ഭയപ്പെടുന്നത്? അയാല്‍ക്ക് നേരെ അനേകം ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. അതിനു അയ്യാള്‍ മറുപടി പറയുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? പാര്‍ട്ടിയെ ന്യായീകരിക്കണ്ട എല്ലായിടത്തും ശക്തമായി അയാള്‍ വരും. വ്യക്തിപരമായ ആരോപണണ്‍ഗള്‍ക്ക് മറുപടി പറയാറില്ല. അത് മൂപ്പരുടെ വ്യക്തിത്വത്തിന്റെ മികവല്ലെ? സാമൂഹികപ്രവര്‍ത്തകര്‍ അഴിമതി കാണിച്ചാല്‍ ശിക്ഷിക്കാനുള്ള നിയമവ്യവസ്ഥയുണ്ട്. അതിനുള്ള നീക്കം നടത്താന്‍ വലുതായിട്ടൊന്നും ആരും തയാറാകുന്നില്ല. എന്തു കൊണ്ട്? ആരോപണണ്‍ഗള്‍ ഉന്നയിക്കുന്നവരുടെ ചുമതലയല്ലെ അതു തെളിയിച്ച് അത്തരക്കാറെ ജയിലിടേണ്ടത്? അല്ലാതെ വെറുതെ കൂക്കി വിളിച്ചാല്‍ കാര്യമുണ്ടോ? ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും തെളിയിക്കപ്പെട്ടവ എത്ര? കിരണ് ശരിയായ വഴിയിലാണു. വി.എസ്സിന്റെ മകന്‍ കൃത്രിമമായി ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി യൂണിവേര്‍സിറ്റിയില്‍ നിന്നൊരു ആനുകൂല്യം സമ്പാദിക്കാന്‍ ശ്രമിച്ചത് ഓര്‍മ്മയുണ്ടോ? ആ കേസ്സ് എവിടെപ്പോയി? മുന്‍പ് ഒരു എം.എല്‍.എ വ്യാജ ഫാക്സ് ഹാജരാക്കിയ്തിന്റെ പൊല്ലാപ്പ് ഓര്‍ത്ത് നോക്കുക്. അതിനേക്കാള്‍ ഗുരുതരമായ ഒരു കുറ്റം നടന്നപ്പോള്‍ മാദ്ധ്യമങ്ങള്‍ക്കും ശേഷക്കാര്‍ക്കും ഒരു നടുക്കവുമില്ല. എന്തായിത്?

Unknown said...

rajeshine
കപട സ്നേഹിത നിന്‍ നാട്യ വൈഭവം കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍ (കുരീപ്പുഴ‌

sajeesh manthattil said...

കമന്റ്സ് എഴുതിയ മിക്കവരുടെയും ഉള്ളിലേ പൊതുവായ വികാരം കംമുനിസതോടുള്ള ഒരുതരം വിലകുറഞ്ഞ എതിര്പന്.പക്ഷെ പ്രിയപ്പെട്ട കൂടുകരെ ഒരു കാര്യം മനസിലാകുക,ഒരു പിണറായി വിജയനോ,വി എസ് അച്ചുതന്താണോ.മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.അവര്‍ എപ്പോള്‍ അതികാരം കൊണ്ട് പാര്‍ട്ടി യൌടെ തലപ്പതയിരിക്കാം,എന്ന് വച്ച് രണ്ടു പേരെ വച്ച് പാര്‍ട്ടിയെ വിലയിരുത്താന്‍ പാടില.നമുക്കരിയം മറ്റു സംസ്തനെങ്ങളെ അപേക്ഷിച്ച് കേരളം,ഏതെങ്കിലും മേഖലയില്‍ മുന്നെര്യുട്ടുന്ടെന്കില്‍ അതില്‍ നല്ല പന്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവകസപെട്ടതാണ്.അതാണ് സത്യം.

gravatarcomn56789011.wordpress.com said...

Sandhwanam media

SANTHWANAM PRESS CLUB VARTHA Sunil N B Leader Manager.Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara.index.php.mangalam12 0046333https.blogspot.com.Sandhwa nam.Sandhwanam media.co പത്ര .Facebook.ദേശാഭിമാനി.മെട്രോ

വാർത്ത

gravatarcomn56789011.wordpress.com said...

SANTHWANAM

PRESS CLUB VARTHA

Sunil N B Leader Manager

gravatarcomn56789011.wordpress.com said...

Sandhwanam media

SANTHWANAM PRESS CLUB VARTHA Sunil N B Leader Manager. Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala,India. ALL INDIA PRESS CURTVM/TC/41 2015

Neyyattinkara.index.php.mangalam120046333https. blogspot.com.Sandhwanam Sandhwanam media.കേരള പത്ര .Facebook.ദേശാഭിമാനി.മെട്രോ വാർത്ത

gravatarcomn56789011.wordpress.com said...

Sandhwanam media CURTVM/TC/41 2015 Neyyattinkara

Sandhwanam media. Facebook PRESS CLUB VARTHA.ALL INDIA PRESS CURTVM/TC/41 2015 Neyyattinkara Sunil N B Leader Manager