ജനശക്തി വാരികയില്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് കൂടിയായ ശ്രീ. തനേഷ് തമ്പി എഴുതിയ ലേഖനത്തിന്റെ മുഖചിത്രമാണിവിടെ കാണുന്നത് . ഇതേ ലേഖനം പീപ്പ്‌ള്‍സ് ഫോറം എന്ന ബ്ലോഗില്‍ പകര്‍ത്തിയെടുത്ത് പോസ്റ്റ് ചെയ്തിട്ടുമുണ്ട് . അവിടെ എന്റെ ബ്ലോഗ്ഗര്‍ സുഹൃത്ത് കിരണ്‍ തോമസ് ഒരു പ്രസക്തമായ ഒരു കമന്റ് എഴുതിക്കണ്ടു . എന്റെ വക ഒരു കമന്റ് കൂടി എഴുതി മിണ്ടാതിരിക്കാമെന്ന് കരുതിയതാണ് . കാരണം ഞാന്‍ ഈ ബ്ലോഗ് തല്‍ക്കാലത്തെക്ക് നിര്‍ത്തി വെച്ച് മറ്റൊരു ബ്ലോഗായ ജനകീയശാസ്ത്രത്തില്‍ ആരോഗ്യ ശാസ്ത്രത്തെപ്പറ്റി ഒരു തുടരന്‍ പോസ്റ്റ് എഴുതുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതി. പക്ഷെ ആ ബ്ലോഗില്‍ അവരുടെ കമന്റ് പോപ്പ് അപ് വിന്‍ഡോ കാരണം കമന്റ് എഴുതാന്‍ കഴിഞ്ഞില്ല. കഴിയുമായിരിക്കാം , എന്നാല്‍ അത്ര കഷ്ടപ്പെടുന്നതെന്തിന് ഇവിടെ എനിക്ക് പറയാനുള്ളത് ഒരു പോസ്റ്റാക്കാമല്ലോ എന്ന് തോന്നി . മാത്രമല്ല ചില സുഹൃത്തുക്കള്‍ എന്തിനാണ് ബ്ലോഗ് നിര്‍ത്തുന്നത് എന്നും ചോദിച്ചിരുന്നു . എന്റെ മനസ്സില്‍ തോന്നുന്നത് അപ്പപ്പോള്‍ കുറിച്ചു വെക്കാനുള്ളതാണല്ലോ ഈ ഇടം . അപ്പോള്‍ നിര്‍ത്തേണ്ടതില്ല എന്ന് എനിക്ക് കിട്ടിയ ചില സുഹൃത്തുക്കളുടെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു . ഈ ബ്ലോഗ് ഒരു ചര്‍ച്ചാ വേദി അല്ല . പിന്നെ ഒരു പബ്ലിക്ക് സ്പെയിസ് ആയത് കൊണ്ട് ആര്‍ക്കും വായിക്കാമെന്ന് മാത്രം . ഞാനും എല്ലാ ദിവസങ്ങളിലും ബ്ലോഗുകള്‍ വായിക്കുന്നുണ്ട് . എനിക്ക് ഇഷ്ടപ്പെടാത്ത ബ്ലോഗുകളുടെ ഭാഗത്തേക്ക് ഞാന്‍ പോകാറില്ല . തീര്‍ച്ചയായും എന്റെ ബ്ലോഗും പലര്‍ക്കും ഇഷ്ടപ്പെടുകയില്ല . എന്നല്ല , എല്ലാവര്‍ക്കും ഇഷ്ടപ്പെടരുത് . അങ്ങിനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന , അല്ലെങ്കില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സംഭവം എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടോ ?
പിണറായി വിജയന്‍ , അദ്ദേഹം സി.പി.എമ്മിന്റെ സെക്രട്ടരിയാണെങ്കിലും വിമര്‍ശനത്തിനതീതനല്ല . മാത്രമല്ല ലോകത്ത് ഒന്നിനേയും അവര്‍ വിമര്‍ശിക്കാതെ വിടാറുമില്ല . ഇവിടെ ഈ ജനശക്തി ലേഖനം സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട് . അത് മകന്‍ വിദേശത്ത് പഠിക്കുന്നത് കൊണ്ടല്ല . കഴിവും യോഗ്യതയും ഉണ്ടെങ്കില്‍ ലോകത്ത് എവിടെയും പോയി ആരും പഠക്കട്ടെ . അങ്ങിനെയാണ് വേണ്ടത് താനും . പക്ഷെ കഴിഞ്ഞ് പത്ത് ഇരുപത് വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് സമരാഭാസങ്ങള്‍ നടത്തി കേരളത്തിന്റെ സ്വൈര്യം കെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം . ! അതിന്റെ നേതാവാണ് സ:പിണറായി . പ്രീ-ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരക്കാലത്ത് നഴ്സറി സ്കൂള്‍ പോലുമാണ് പൂട്ടിച്ചത് . ആ സമരങ്ങളുടെ തുടര്‍ച്ചയായാണ് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായത് . ആ പാര്‍ട്ടിയുടെ നേതാവിന്റെ സ്വന്തം മകന്റെ വിദ്യാഭ്യാസത്തിന്റെ പ്രശ്നം വന്നപ്പോള്‍ സ്വീകരിച്ച നിലപാട് രസാവഹമാണ് :
ഒന്ന് : അദ്ദേഹത്തിന്റെ മകന്‍ വിദ്യാഭ്യാസത്തില്‍ ഒരു പ്രതിഭയൊന്നുമല്ല . ഒരു ശരാശരി വിദ്യാര്‍ത്ഥി . എന്നിട്ടും ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാല അതും ഒരു സ്വയംഭരണ സര്‍വകലാശാല ! അവനവന്റെ കാര്യം വരുമ്പോള്‍ കണ്ടോ ? ഇതൊന്നും കേരളത്തില്‍ പറ്റില്ല എന്ന് പറഞ്ഞ് ഇപ്പോഴും കുട്ടിസഖാക്കള്‍ അല്ല ഭാവി നേതാക്കാള്‍ ഇപ്പോഴും ഒച്ച വെക്കുന്നുണ്ട് .
രണ്ട് : 2001-2003 വര്‍ഷത്തില്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന് പഠിച്ചത് എസ് ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ് (അക്കൗണ്ട് നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ് തിരിച്ചടക്കേണ്ടത്. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ് തുടങ്ങിയത് അടുത്തിടെയാണ്. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത് 2,58,371 രൂപയാണ്.
മൂന്ന് : വിക്കി എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക് കിരണിന് ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത് ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത് അരക്കോടിയിലേറെ രൂപ!
നാല് : ഇതിനായി എവിടെ നിന്നും പുതിയതായി ഒരു ലോണ്‍ കൂടി എടുത്തതായി പറയുന്നില്ല . മറ്റുള്ള പാര്‍ട്ടിക്കാരെ കള്ളന്മാര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഈ ചോദ്യത്തെ നേരിടുന്നത് മുടന്തന്‍ ന്യായങ്ങള്‍ കൊണ്ടാണ് .
ഇനി സിങ്കപ്പൂര്‍ യാത്ര , ചെന്നെയിലെ തോക്കില്ലാ ഉണ്ട , ലാവ്‌ലിന്‍ ഇടപാട് , ഫാരിസ് ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ തീര്‍ച്ചയായും സ:പിണറായി സംശയങ്ങളുടെ നിഴലില്‍ തന്നെയാണെന്ന് കൊച്ചുകുട്ടിക്ക് പോലും തോന്നും . എന്നാലും സി.പി.എം. എന്ന് പറയുന്നത് കോടിക്കണക്കിന് ആസ്ഥിയുള്ള പ്രസ്ഥാനമാണ് . ആര്‍ക്കാണ് ഇന്നത്തെക്കാലത്ത് ഇങ്ങിനെ നിഷ്പ്രയാസം പണവും സൌകര്യങ്ങളും കിട്ടുമെങ്കില്‍ വേണ്ടാത്തത് ?
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പൊതുവെ ധനത്തിലും ആഡംബരങ്ങളിലും ആര്‍ത്തിയുള്ളവരാണെന്ന് കി.യൂറോപ്യന്‍ കമ്മ്യൂ:രാഷ്ടത്തലവന്മാരുടെ പതനസമയത്ത് കണ്ടതാണല്ലോ . റൊമാനിയയിലെ ചെഷസ്ക്യൂവിന്റെ ഭാര്യയുടെ സ്വര്‍ണ്ണ ചെരുപ്പുകള്‍ നാം ടി വിയില്‍ കണ്ടതല്ലെ . സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ ഭീമമായ ആസ്തിയെക്കുറിച്ചും വാര്‍ത്തയുണ്ടായിരുന്നു . എല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരങ്ങള്‍ എന്നാണവരുടെ സ്ഥിരം പല്ലവി .
ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അച്ചടിച്ച് വന്നത് കൊണ്ടൊന്നും പിണറായിക്കോ പാര്‍ട്ടിക്കോ യാതൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ല . സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ബക്കറ്റു പിരിവുകളും ഇനിയും കേരളത്തില്‍ നിര്‍ബ്ബാധം തുടരും . അതാണ് കേരളം !