Links

വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നത് ഹിമാലയന്‍ വിഡ്ഡിത്തം !

കല്യാണം കഴിക്കുകയെന്നത് ഇപ്പോള്‍ വളരെ ദുഷ്ക്കരമായ ഒരേര്‍പ്പാടാണ് . കൃസ്ത്യന്‍-മുസ്ലീമാദി ഹൈന്ദവേതര സമുദായങ്ങളില്‍ പെട്ടവര്‍ക്ക് ഒരു പ്രയാസവുമില്ല. ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണ് കാണുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്താല്‍ ഒരു തടസ്സവുമില്ലാതെ വിവാഹം നടക്കും. എന്നാല്‍ ഹിന്ദുക്കളുടെ കാര്യം അത്യന്തം ശോചനീയമാണ് ഇപ്പോള്‍ . ഏത് ദിക്കില്‍ പോയി പെണ്ണ് കാണണം എന്നു തുടങ്ങി താലി കെട്ടുന്നത് വരെയുള്ള സര്‍വ്വ സംഗതികളും നിയന്ത്രിക്കുന്നത് ജ്യോത്സ്യന്മാരാണ്. മറ്റൊന്നുമില്ലെങ്കിലും ഉണ്ടെങ്കിലും ജാതകപ്പൊരുത്തം എന്നത് എല്ലാവര്‍ക്കും ഇന്ന് വളരെ നിര്‍ബ്ബന്ധമാണ്. എന്താണ് ഈ ജാതകപ്പൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത് ? ഈ പൊരുത്തം മാത്രം പൂര്‍ണ്ണമായാല്‍ ബാക്കിയെല്ലാം ശുഭമായോ ? ഇങ്ങിനെ ജാതകപ്പൊരുത്തം ഉറപ്പാക്കിയിട്ട് വിവാഹം കഴിഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്നങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ലേ ? അഥവാ എന്തെല്ലാം പ്രശ്നങ്ങളിലാണ് ജാതകപ്പൊരുത്തം അവര്‍ക്ക് പരിരക്ഷ നല്‍കുന്നത് ? ജാതകം നോക്കാതേയും ഇക്കാലത്ത് ചുരുക്കം ചില ഹിന്ദുക്കളെങ്കിലും വിവാഹിതരാവുന്നുണ്ടല്ലോ. അങ്ങിനെയുള്ളവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലേ ? ജനനസമയത്ത് വിരലിലെണ്ണാവുന്ന ചില ഗ്രഹങ്ങളുടെയും ഏതാനും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കിയാണല്ലോ ജാതകം നിര്‍ണ്ണയിക്കുന്നത് . ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും എന്തുകൊണ്ടാണ് , ലോകജനസംഖ്യയില്‍ താരതമ്യേന ന്യൂനപക്ഷമായ ഹിന്ദുക്കളെ മാത്രം സ്വാധീനിക്കുന്നത് ?

പെണ്ണ് കാണാന്‍ തുടങ്ങി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ജാതകപ്പൊരുത്തമുള്ള പെണ്ണിനെ കിട്ടാതെ നട്ടം തിരിയുന്നവര്‍ നാട്ടില്‍ ധാരാളം . പ്രവാസികളായ മലയാളി യുവാക്കളുടെ കാര്യമാണ് ഏറെ പരിതാപകരം . രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് ഏതാനും മാസത്തെ അവധിക്ക് വിവാഹ സ്വപ്നവുമായി
നാട്ടില്‍ വരുന്ന പലരും പൊരുത്തം കാണാതെ പൊരിയുന്നു . ഒരു പെണ്ണിനെ കാണിച്ചു കൊടുക്കാന്‍ പണ്ടത്തെ പോലെ ഇപ്പോള്‍ ആരും തയ്യാറാവുന്നില്ല . കാരണം എത്ര കാണിച്ചു കൊടുത്താലാണ് ഒന്ന് പൊരുന്തുക എന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. അത് കൊണ്ട് ബ്രോക്കര്‍മാര്‍ ഇപ്പോള്‍ മുക്കിലും മൂലയിലുമുണ്ട്. കല്യാണത്തിന് കരുതിവെച്ച കാശ് മുഴുവന്‍ പെണ്ണ് കാണലില്‍ തുലച്ചവര്‍ എത്രയോ . യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു മൂഡ്ഡ വിശ്വാസത്തിന്റെ പുറത്ത് ആളുകള്‍ ഇങ്ങിനെ വെപ്രാളപ്പെടുന്നത് കാണുമ്പോള്‍ സങ്കടവും പരിഹാസവും തോന്നുന്നു.

എന്റെ അയല്‍ക്കാരനായ ഒരു യുവാവ് ദുബൈയില്‍ നിന്ന് വന്നപ്പോള്‍ കല്യാണാലോചന തുടങ്ങി . ആ വരവിന് തന്നെ എങ്ങിനെയെങ്കിലും ഒരു കല്യാണം തരപ്പെടുത്തണമെന്ന് അവന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഒരു പെണ്ണിനെ കണ്ടു . എല്ലാവര്‍ക്കും അന്യോന്യം ഇഷ്ടപ്പെട്ടു. രണ്ടു വീട്ടുകാരും ചേര്‍ന്ന് ജ്യോത്സ്യന്റെ അടുത്തെത്തി. ജാതകക്കുറിപ്പുകള്‍ പരിശോധിച്ച ജ്യോത്സ്യന്‍ പൊരുത്തം തീര്‍ത്തും നഹിയെന്ന് വിധിച്ചു . വല്ല രക്ഷയുമുണ്ടോ എന്ന് ബന്ധുക്കള്‍ ആരാഞ്ഞപ്പോള്‍ ഈ ജാതകങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്ന് ജ്യോത്സ്യന്റെ ഉഗ്രശാസന ! (ജാതകം കൂട്ടിക്കെട്ടലാണ് മലബാര്‍ ഭാഗത്ത് ഏറ്റവും പ്രാധാന്യമേറിയ ചടങ്ങ്) പിന്നീട് എങ്ങിനെയോ പൊരുത്തമുള്ള ഒരു ജതകം കണ്ടെത്തി. അവധി തീരുന്നതിന് മുന്‍പ് വിവാഹം നടന്നു. ദുബായിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നതിനടയില്‍ ഒരു നാള്‍ ഞാനവനെ കണ്ടു. സുകുമാരേട്ടാ ...... ഞാന്‍ ആദ്യം കണ്ട പെണ്‍കുട്ടിയുടെ ചിത്രം എന്റെ മനസ്സില്‍ കൊത്തിവെച്ചത് പോലെയുണ്ട്. എത്ര ശ്രമിച്ചിട്ടും മറക്കാന്‍ കഴിയുന്നില്ല. ഒരു ജാതകത്തിനെയാണ് ഞാന്‍ ഇപ്പോള്‍ കല്യാണം കഴിച്ചത്. അല്ലാതെ എന്റെ സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെയല്ല ................... ഇത് പറയുമ്പോള്‍ അവന്റെ മനസ്സില്‍ നുരയുന്ന അസംതൃപ്തിയും നൈരാശ്യവും അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഇങ്ങിനെയുള്ള നിരാശകള്‍ പലരുടെയും പില്‍ക്കാല ദാമ്പത്യ ജീവിതത്തെ കരി പുരണ്ടതാക്കുന്നുണ്ടാവാം .

എന്റെ വീട്ടിന്റെ അടുത്ത് നടന്ന മറ്റൊരു സംഭവം. സുമുഖനും സുശീലനുമായ ഒരു യുവാവ് . വീട്ടില്‍ കല്യാണാലോചന വന്നു. ഉടനെ ജ്യോത്സ്യന്റെ അടുത്ത്. കൃത്യം ആറ് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ മനസ്സില്‍ കല്യാണമെന്ന് നിരൂപിക്കാന്‍ പോലും പാടുള്ളൂ. അവര്‍ ഒരു വര്‍ഷം കാത്തു . ജ്യോത്സ്യന്റെ അനുവാദപ്രകാരം പെണ്ണ് കാണല്‍ യജ്ഞം തുടങ്ങി. പൊരുത്തങ്ങളില്‍ മൊത്തം ഉത്തമമായിരിക്കണമെന്ന് ചെക്കന്റെ അമ്മക്ക് നിര്‍ബ്ബന്ധം. രണ്ട് വര്‍ഷത്തോളമുള്ള അലച്ചിലിനൊടുവില്‍ സര്‍വ്വ പൊരുത്തങ്ങളും ഒത്തിണങ്ങിയ ഒരു ജാതകം കണ്ടു. മതി , പെണ്ണിനെ കാണുന്നത് പിന്നെ ഒരു ചടങ്ങിന് മാത്രം . വിസ്തരിച്ചു കണ്ട് ഇഷ്ടപ്പെടാതെ പോയാല്‍ പിന്നെയെപ്പോഴാണ് ഇതുപോലൊരു പൊരുത്തജാതകം കണികാണാനെങ്കിലും കിട്ടുക. പിന്നീട് അങ്ങോട്ട് ഓരോ ഘട്ടങ്ങളിലും ജ്യോത്സ്യന്റെ വിദഗ്ദ്ധോപദേശം തേടി. ഓരോ വിവാഹപൂര്‍വ്വ ചടങ്ങുകള്‍ക്കും മുഹൂര്‍ത്ഥം, തെറ്റാതെ ഗണിച്ചു കിട്ടി. ഒടുവില്‍ വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു രാത്രി അവന് പാമ്പ് കടിയേറ്റു. ആസ്പത്രിയില്‍ എത്തുന്നതിന് മുന്‍പേ മരണപ്പെട്ടു. മാരക വിഷമുള്ള പാമ്പായിരുന്നതിനാലും അവന്‍ വളരെ പരിഭ്രമിച്ച് അവശനായിപ്പോയതിനാലും മരണം വേഗത്തില്‍ കീഴ്പ്പെടുത്തുകായായിരുന്നു. ഗ്രാമം മുഴുവന്‍ മരണവീട്ടില്‍ വന്ന് ഗദ്ഗദത്തോടെ തേങ്ങി. പക്ഷെ അപ്പോള്‍ പോലും ഒരാളും ജ്യോത്സ്യനെയോ ജ്യോത്സ്യത്തെയോ പഴിക്കുന്നത് കണ്ടില്ല. മറ്റൊരിടത്ത് ഇതിന് സമാനമായ എല്ലാ വിവാഹപൂര്‍വ്വ ഉപാധികളും ഒരുക്കിയിട്ടും കല്യാണത്തലേന്ന് രാത്രി പ്രതിശ്രുത വരന്‍ കെട്ടിത്തൂങ്ങിമരിച്ചു. എന്റെ സ്വന്തം ജ്യേഷ്ഠന്‍ തന്നെ ഒരു കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്നു. എത്രയോ ജാതകക്കുറിപ്പുകള്‍ അലസി ആരാഞ്ഞതിന് ശേഷമാണ് അദ്ദെഹം തന്റെ മൂത്ത മകള്‍ക്ക് ഒരു ഭര്‍ത്താവിനെ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച അദ്ധേഹം സാമ്പത്തിക ബാധ്യത നിമിത്തം ആത്മഹത്യ ചെയ്തു. ഇങ്ങിനെ എത്രയോ സംഭവങ്ങള്‍ നടക്കുന്നു. ഇത്തരം ആകസ്മിതകളെ മുന്‍‌കൂട്ടി കാണാനോ തടയാനോ കഴിയുകയില്ല. പിന്നെ ഈ ജാതകപ്പൊരുത്തം എന്ത് വ്യത്യസ്തതയാണ് , മറ്റ് സമുദായങ്ങളെയോ മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയോ അപേക്ഷിച്ച് ഇന്ത്യക്കാരായ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കുന്നത് ? ജാതകം കാരണം വിവാഹം മുടങ്ങിപ്പോയ എത്രയോ പേര്‍ നാട്ടിലുണ്ട്. ഇതിലും വിചിത്രമാണ് ചൊവ്വാദോഷം ! എത്രയോ കാതം അകലെയുള്ള ഒരു ഗ്രഹം ചിലരെ മാത്രം തേടിപ്പിടിച്ച് ദോഷം ഉണ്ടാക്കുമോ ?

എന്റെ ഒരു സ്നേഹിതന്റെ മകന് വയസ്സ് 38 കഴിഞ്ഞു . പല പല കാരണങ്ങളാല്‍ കല്യാണം നീണ്ടു നീണ്ടു പോയി . ഇപ്പോള്‍ വീണ്ടും ഒന്ന് ശ്രമിച്ചു നോക്കി . പ്രായം കടന്നതിനാല്‍ യോജിച്ച ഒരു വധുവിനെ കണ്ടെത്തേണ്ടേ . 35 വയസ്സ് ഉള്ള അവിവാഹിതയായ ഒരു വിവാഹാര്‍ത്ഥിനിയെ കണ്ടെത്തി. രണ്ട് വീട്ടുകാര്‍ക്കും ആശ്വാസം ! പക്ഷെ ജ്യോത്സ്യനെ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യം ആണ്‍‌വീട്ടുകര്‍ തിരിച്ചറിഞ്ഞത് . പെണ്ണിന്റെ ജാതകത്തില്‍ വൈധവ്യയോഗം !! അങ്ങിനെ ആ ആലോചനയും അലസി . സ്നേഹിതനോട് ഞാന്‍ പറഞ്ഞു : മിക്കവാറും എല്ലാ പുരുഷന്മാരും തന്നേക്കാളും പ്രായം കുറഞ്ഞ സ്ത്രീകളെയാണ് കല്യാണം കഴിക്കുന്നത്. അപ്പോള്‍ സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ വൈധവ്യദു:ഖം അനുഭവിക്കാനിട വരാനിടയില്ലാത്ത ഏത് വിവാഹിതകളാണ് ലോകത്ത് ഉള്ളത് ? “ ജാതകം നോക്കിയത് കൊണ്ടാണ് കുഴപ്പം വന്നത്.... മനസ്സില്‍ ഒരു അജ്ഞാനം ... ഇല്ലെങ്കില്‍ നടത്താമായിരുന്നു...." സ്നേഹിതന്റെ ഉച്ചത്തിലുള്ള ആത്മഗതം !

ഞാന്‍ ആദ്യം പരാമര്‍ശിച്ച , പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ സഹോദരീ ഭര്‍ത്താവിനെ പിന്നെയൊരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത്ര കൃത്യമായി ജ്യോത്സ്യന്റെ വാക്കുകള്‍ പാലിച്ചിട്ടും , പലവട്ടം ജാതകം ഗണിച്ചിട്ടും ഒരു സൂചന പോലും തരാന്‍ ജ്യോത്സ്യന് കഴിയാതിരുന്നതിന്റെ കാരണം തിരക്കണ്ടേ . അവന്റെ മറുപടി ഇങ്ങിനെ : ജനിച്ച സമയം നമ്മള്‍ ജ്യോത്സ്യനോട് പറഞ്ഞുകൊടുക്കുമ്പോള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അത് കാരണം പ്രവചനം പലപ്പോഴും തെറ്റാമെന്നാണ് ജ്യോത്സ്യന്മാര്‍ പറയുന്നത് പോലും ! അത് ശരി , അപ്പോള്‍ ഏതാണ് ശരിയായ ജനന സമയം ? ഏത് വാച്ചിലാണ് ആ സമയം ഒളിഞ്ഞിരിക്കുന്നത് ? ഇങ്ങിനെ ശരിയായ സമയം തിട്ടപ്പെടുത്തി ഗണിച്ചെടുത്ത ജാതകം ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ ? ഒരേ സമയം ആസ്പത്രികളിലെ ലേബര്‍ റൂമുകളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരൊറ്റ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മതിയാവുമോ ? പ്രബുദ്ധ കേരളം ചിന്തിക്കുമോ ?

അനുബന്ധം :

ഈ ലേഖനം വായിച്ച എന്റെ ഒരു പ്രിയ സുഹൃത്ത് അനീഷ് എന്റെ സ്ക്രാപ്പ് ബുക്കില്‍ ഇങ്ങിനെ എഴുതി : “ മാഷേ നന്നായിരിക്കുന്നു. പക്ഷേ ഇതില്‍ ഒരു മറു വശം ഉള്ളത് എന്താണെന്നു വച്ചാല്‍ മനസ്സില്‍ പതിഞ്ഞ് പോയ വിശ്വാസങ്ങളില്‍ നിന്ന് അത്ര വേഗം പോരാന്‍ പറ്റില്ല. ഈ ഞാനും അതിന്റെ ഒരു ഇര തന്നെയാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് ഉപരി ഞാന്‍ എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും, വിശ്വാസത്തിനും പ്രാധാന്യം കൊടുക്കുന്നു. അത്ര മാത്രം."
ഈ ഒരു മനോഭാവമാണ്, ഈ മൂഡ്ഡ വിശ്വാസം വര്‍ത്തമാനകാല സമൂഹത്തില്‍ നിലനില്‍ക്കാനും ആധിപത്യം ചെലുത്താനും കാരണമാകുന്ന മന:ശാസ്ത്രപരമായ അടിത്തറ. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന യുവ തലമുറ ജ്യോതിഷത്തിലോ മറ്റ് അനുബന്ധ അനാചാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാല്‍ അച്ഛനുമമ്മയും മറ്റു പ്രായമായ ബന്ധുക്കളും വിശ്വസിക്കുന്നു. അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് എങ്ങിനെ മറിച്ചൊരു തീരുമാനമെടുക്കും ? ഇതാണു പലരും പറയുന്നത്. ശരിയാണു , അവരുടെ മനസ്സിനെ വേദനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കാര്യങ്ങള്‍ അനായാസമായും വിഘാതങ്ങള്‍ ഇല്ലാതെയും നടന്നുപോകുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇവിടെ ഈ വിശ്വാസം ഒരു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും പലര്‍ക്കും ജീവിതം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ പറ്റുന്നില്ലെങ്കില്‍ ധിക്കരിക്കുകയോ ചെയ്യുകയാണ് വേണ്ടത്. കുറച്ചു നാള്‍ വേദനിക്കട്ടെ.പിന്നീട് ബോദ്ധ്യപ്പെട്ടുകൊള്ളും. പിന്നെ ഒരു കാര്യം ഇന്നത്തെ പ്രായമായവരില്‍, അവര്‍ കല്യാണം കഴിക്കുന്ന കാലത്ത് ജാതകപ്പൊരുത്തം നോക്കിയവര്‍ അധികമുണ്ടാവില്ല,തീര്‍ച്ച ! എന്നിട്ട് അവര്‍ ഇത്രയും കാലം തട്ടും മുട്ടും ഒന്നുമില്ലാതെ ജീവിച്ചില്ലെ ? ദുരന്തങ്ങള്‍ നേരിടേണ്ടി വന്നവരെ ജാതകമോ , മന്ത്രവാദമോ, മറ്റു വിശ്വാസങ്ങളോ ഒന്നും രക്ഷിച്ചതുമില്ല...

ജ്യോതിഷം ഒരു ശാസ്ത്രാഭാസമാണെന്ന് സ്ഥപിക്കുന്ന വസ്തുതകള്‍ ഇവിടെ വായിക്കുക !



പുതിയ രാഷ്ട്രപതിയെ സ്വാഗതം ചെയ്യാം !


ഇന്ത്യയില്‍ ജനങ്ങള്‍ നേരിട്ടല്ല തങ്ങളുടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. മാത്രമല്ല ഒരു ഔപചാരിക പദവി എന്നതില്‍ കവിഞ്ഞ് ആ സ്ഥാനത്തിന് വലിയ പ്രാധാന്യമൊന്നും നമ്മുടെ ഭരണഘടന നല്‍കുന്നുമില്ല. ജനാധിപത്യ സമ്പ്രദായത്തിന്റെ മഹത്തായ സ്പിരിറ്റ് ഉള്‍ക്കൊണ്ട് , പുതിയ രാഷ്ട്രപതിയെ നമുക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം !
തന്റെ മുന്‍ഗാമിയുടെ പാത പിന്‍‌തുടരാന്‍ ശ്രീമതി പ്രതിഭാ പാട്ടീലിന് കഴിയട്ടെ ! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാത്സര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് എല്ലാവരും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കാം !

നമ്മുടെ രാഷ്ട്രപതി വിട വാങ്ങുന്നു !


ഭാരതം കണ്ട എക്കാലത്തെയും മഹാനായ രാഷ്ട്രപതിക്ക്
അഭിവാദനങ്ങള്‍ !

കേരള രാഷ്ട്രീയത്തില്‍ ഒരു അഴിച്ചുപണി ആവശ്യമില്ലേ ?

ഇവിടെ എല്ലാ പാര്‍ട്ടികളും ഒരേ കണക്കാണ് , പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം മാത്രമാണ് , ആര് ഭരിച്ചാലും ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല എന്നിങ്ങനെ ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇപ്പറഞ്ഞവര്‍ തന്നെ പുലരുന്നതിനു മുന്‍പേ പോയി ക്യൂ നിന്ന് തങ്ങള്‍ വിശ്വസിക്കുന്ന ചിഹ്നത്തില്‍ ആവേശപൂര്‍വ്വം വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഒരു മന:ശാസ്ത്രം അത്ഭുതം തന്നെ ! അത്കൊണ്ട് നേതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനശൈലിയിലോ നയപരിപാടികളിലോ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തേണ്ടി വരുന്നില്ല. എന്തുകൊണ്ട് നമുക്ക് ഒരു പരീക്ഷണം നടത്തിക്കൂട ? ജനപക്ഷം എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി കേരളത്തില്‍ ജന്മം കൊണ്ടിട്ടുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ പതിവിന് വിപരീതമായി നമുക്ക് എന്തുകൊണ്ട് യു.ഡി.എഫിന് പകരം ജനപക്ഷത്തിന് ഭരിക്കാനുള്ള ഒരു അവസരം നല്‍കിക്കൂട ? LDF-UDF മുന്നണികള്‍ മാറി മാറി ഭരിക്കുന്നതിനിടയില്‍ ഒരു അഞ്ചു വര്‍ഷം മറ്റാരെങ്കിലും ഭരിച്ചാല്‍ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമോ ? ഒന്നുമില്ലെങ്കിലും ഇരുമുന്നണികളിലും പെട്ട നേതാക്കള്‍ക്ക് ഒരു പുനര്‍ വിചിന്തനത്തിനും ആത്മ വിമര്‍ശനത്തിനും അത് അവസരം നല്‍കുമല്ലോ !

കേരളത്തില്‍ ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടോ ? അല്ലെങ്കില്‍ ഒരേകകക്ഷിഭരണം പ്രായോഗികമാണോ ? എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാനും, അഭിപ്രായം രേഖപ്പെടുത്താനും എല്ലാ ബ്ലോഗ്ഗേര്‍സിനേയും വായനക്കാരേയും ക്ഷണിക്കുന്നു.

കേരളാ സി.പി.ഐ.(എം) വഴിത്തിരിവില്‍ !!

കേരളത്തിലെ സി.പി.ഐ.(എം) ല്‍ പിണറായി യുഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. പാര്‍ട്ടിയും ജനങ്ങളും ഒറ്റക്കെട്ടായി വി.എസ്സിന്റെ പിന്നില്‍ അണിനിരക്കാനുള്ള സാധ്യതയാണുള്ളത്. അങ്ങിനെയാണെങ്കില്‍ കേരളത്തിലെ മണ്ണില്‍ നിന്ന് സകല അഴിമതികളും തൂത്തെറിയാനുള്ള ചരിത്രപരമായ ദൌത്യമായിരിക്കും വി.എസ്സിനു ഏറ്റെടുക്കേണ്ടി വരിക ! കോടികള്‍ വാരിക്കൂട്ടി പാര്‍ട്ടിയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുമ്പോഴും പിണറായിയുടെ ദാര്‍ഷ്ട്യം മാനം മുട്ടെ വളരാന്‍ കാരണം തന്റെ സില്‍ബന്ധികളും സാധാരണക്കാരായ അണികളും എക്കാലവും തന്നെ സം‌രക്ഷിക്കും എന്ന മിഥ്യാ ബോധമായിരുന്നു. പാവം പിണറായിക്ക് , അധികാരത്തിന്റെയും പണത്തിന്റെയും ധാരാളിത്തത്തില്‍ അഹന്ത തലക്ക് പിടിച്ചത് കൊണ്ട് ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ പോലും ഇന്നേറ്റവും വെറുക്കുന്നത് അയാളെയാണെന്ന് പാവം അറിയുന്നില്ല.
കേരളത്തില്‍, സമ്പൂര്‍ണ്ണമായി ശുദ്ധീകൃതമായ ഒരു യഥാര്‍ത്ഥമായ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ട്. നമുക്ക് എത്രയോ നല്ല നേതാക്കന്മാരും പ്രവര്‍ത്തകന്മാരുമുണ്ട്. പിണാറായിയും കൂട്ടരും ഒറ്റപ്പെടുമ്പോള്‍ കേരളത്തില്‍ നേരിന്റെയും നെറിയുടെയും ഒരു പുതുയുഗം തുടങ്ങുന്നതിന്റെ നാന്ദി കുറിക്കപ്പെടും. പക്ഷെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അഴിമതിക്കാരെയും അവിഹിതമായി സമ്പാദിക്കുന്ന നേതാക്കളേയും ഇനി വെച്ചു പൊറുപ്പിക്കുകയില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട് !!