Links

വിശ്വാസങ്ങളെക്കുറിച്ച്........................

വിശ്വാസങ്ങള്‍ എല്ലാം തന്നെ അന്ധവിശ്വാസങ്ങളാണ്.ഞാന്‍ ഇത് വിശ്വസിക്കുന്നു എന്ന് ഒരാള്‍ പറയുമ്പോള്‍ അത് സത്യമായിക്കൊള്ളണമെന്നില്ല എന്നാലും ഞാന്‍ അത് വിശ്വസിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതും,സത്യവുമായവസ്തുതകളെപ്പററി പറയുമ്പോള്‍ ഞാനത് വിശ്വസിക്കുന്നു എന്നാരും പറയില്ല. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണെന്നോ,ആകാശത്തിന് നീലനിറമാണെന്നോ ഞാന്‍ വിശ്വസിക്കുന്നതായി ആരും പറയില്ല. കാരണം അത് തര്‍ക്കമററതും,ഏവര്‍ക്കും ബോധ്യപ്പെടുന്നതുമാണല്ലോ. വിശ്വാസത്തെ പററി നിങ്ങളുടെ അഭിപ്രായമെന്തെന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതിങ്ങിനെയാണ് , “എനിക്ക് വിശ്വാസങ്ങള്‍ ഒന്നുമില്ല... കുറച്ച് അറിവുകളും കുറേ അറിവില്ലായ്മകളുമാണുള്ളത്. ഞാനെന്തിന് വെറുതെ എന്തെങ്കിലും വിശ്വസിക്കണം..? ’’ മാര്‍ക്സിസം വായിച്ചാല്‍ എനിക്ക് മനസ്സിലാവും. അതിലുള്ള സത്യങ്ങളും,അര്‍ധസത്യങ്ങളും,അപൂര്‍ണ്ണതകളും എനിക്ക് തിരിച്ചറിയാന്‍ കഴിയും. സത്യമായവ സ്വീകരിക്കുകയും ചെയ്യും. അല്ലാതെ ഞാനെന്തിനത് വിശ്വസിക്കുകയോ,വിശ്വസിക്കാതിരിക്കുകയോ ചെയ്യണം? പൂര്‍ണ്ണമായ സത്യം പറയാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല,കഴിയുകയുമില്ല. എല്ലാ ദര്‍ശനങ്ങളും , തത്വശാസ്ത്രങ്ങളും,പ്രബോധനങ്ങളും , ചിന്തകളും അപൂര്‍ണ്ണങ്ങളാണ്,എന്നാല്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശനവും !! എല്ലാം കൂട്ടിവായിക്കുമ്പോഴാണ് നാം സത്യത്തിലേക്ക് അടുക്കുന്നത്. തനിക്ക് ബോധ്യപ്പെടാത്തതും,തെളിയിക്കപ്പെടാത്തതുമായ എത്രയോ വിശ്വാസങ്ങള്‍ മനുഷ്യന്‍ ചുമക്കുന്നു.യുക്തിയുടെ യാതൊരു പിന്‍ബലവുമില്ലാതെ എന്തും വിശ്വസിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പുറത്താണ് എല്ലാ എസ്റ്റാബ്ലിഷ് മെന്റുകളും, ആചാരങ്ങളും,ചടങ്ങുകളും നിലനില്‍ക്കുന്നത്.
ഇവയില്‍ പലതും മനുഷ്യജീവിതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും,അവന്റെ ആനന്ദവും സംതൃപ്തിയും ആയുസ്സ് തന്നെയും അപഹരിക്കുന്നതുമാണ്. എല്ലാ വിശ്വാസങ്ങളേയും മനസ്സില്‍ നിന്ന് പുറന്തള്ളി അറിവുകളെ സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കഴിവ് ആര്‍ജ്ജിക്കുകയുമാണ് വേണ്ടത്. മുന്‍ വിധിയില്ലാത്ത നേര്‍ക്കാഴ്ചക്ക് മനസ്സിന്റെ വാതില്‍ തുറന്നിടുക......................

2 comments:

sanju said...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്ക്‌ ഓടിയെത്തിയതു സാധാരണയുള്ള ഒരു പറച്ചിലാണ്‌ - നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. അതു എന്നെ രക്ഷിക്കില്ല ;-) തുടര്‍ന്നും blog ചെയ്യുക - സസ്നേഹം സഞ്ജു.

ശ്രീ ഇടശ്ശേരി. said...

ഇത് തങ്കളുടെ വിശ്വാസമോ സത്യമോ??
മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന മനസ്സിന്റെ പോസറ്റീവ് എനര്‍ജിയാണ് വിശ്വാസം.[ഇത് എന്റെ വിശ്വാസം]
ഒരറിവും എല്ലാ കാലത്തും പൂര്‍ണ്ണമോ സത്യമോ ആയിക്കൊള്ളണമെന്നില്ല.അപ്പോള്‍ അറിവ് സത്യമാ‍ണ് എന്ന് വിശ്വസിക്കുന്നു.അതായത് ‘സത്യം’ എന്ന വാക്കുപോലും വിശ്വാസത്തില്‍ ഉള്‍പ്പെടുന്നു....
എന്താ വിശ്വാസമായോ??
:)