പ്രഷർ കുക്കറിൽ പാചകം ചെയ്യുന്ന കാര്യം പറയുമ്പോൾ രണ്ട് വിസിൽ, മൂന്ന് വിസിൽ എന്നൊക്കെ വിവരിക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. അത് പ്രഷർ കുക്കർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്തത് കൊണ്ടാണ്. തെറ്റായ വിവരങ്ങളാണ് എന്തിനെ കുറിച്ചായാലും വേഗത്തിലും വ്യാപകമായും പ്രചരിക്കുന്നത്. അപ്പോൾ സത്യം മൗനം പാലിക്കേണ്ടി വരുന്നു.
പ്രഷർ കുക്കർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഒരു മർദ്ദം പ്രവർത്തിക്കുന്നുണ്ട്. ഇതിനെ അന്തരീക്ഷമർദ്ദം എന്ന് പറയുന്നു. ഇത് വായു തന്മാത്രകൾ നാല്പാടും ചലിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന മർദ്ദമാണ്. നമ്മുടെ ശരീരത്തിന് മേൽ മുതൽ എല്ലാ വസ്തുക്കളിലും ഈ മർദ്ദം പ്രയോഗിക്കപ്പെടുന്നുണ്ട്. സാധാരണ അന്തരീക്ഷമർദ്ദത്തിൽ 100 ഡിഗ്രി സെൽഷ്യസിലാണ് വെള്ളം തിളക്കുന്നത്. മറ്റ് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ഈ 100 ഡിഗ്രി ചൂടിലാണ് ആഹാരപദാർഥങ്ങൾ വേവുന്നത്. അത്രയും ചൂടിൽ തിളക്കുന്ന വെള്ളത്തിന്റെ തന്മാത്രകൾ ആഹാരപദാർഥത്തിന്റെ തന്മാത്രകൾക്കിടയിൽ ഇടിച്ചുകയറുന്നു. അപ്പോൾ ആഹാരപദാർഥങ്ങൾക്ക് മാർദ്ധവം കൈവരുന്നു. ഇതാണ് വേവുക എന്ന സംഭവം. അരി വെന്ത് ചോറ് ആകുന്ന സംഗതിയിൽ നിന്ന് നിങ്ങൾക്കിത് മനസ്സിലാകും.
എന്നാൽ പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ , അതിൽ നിന്ന് നീരാവി അഥവാ സ്റ്റീം പുറത്ത് പോകാൻ സാധിക്കാത്തത് കൊണ്ട് കുക്കറിന്റെ ഉള്ളിലെ പ്രഷർ 120 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. പിന്നെയും പ്രഷർ വർദ്ധിക്കുമ്പോഴാണ് വെയിറ്റ് മേൽപ്പോട്ട് പൊങ്ങി സ്റ്റീം പുറത്തേക്ക് പോകുന്നത്. അതൊരു സുരക്ഷാ ഏർപ്പാടാണ്. നമ്മൾ ചെയ്യേണ്ടത്, കുക്കറിന്റെ മൂടി ഇട്ടതിന് ശേഷം സ്റ്റീം വരാൻ തുടങ്ങുമ്പോൾ വെയിറ്റ് ഇടുക. എന്നിട്ട് വെയിറ്റ് പൊങ്ങി സ്റ്റീം വീണ്ടും പുറത്തേക്ക് വരാൻ തുടങ്ങുമ്പോൾ അടുപ്പ് ലോ ഫ്ലെയിമിൽ കത്തുന്ന രീതിയിൽ നോബ് തിരിച്ചു വെച്ചിട്ട് പിന്നീട് വേവുന്ന സമയം ആണ് നോക്കേണ്ടത്. ഒരോന്നും വേവുന്ന സമയം അനുഭവത്തിൽ നിന്ന് മനസ്സിലാക്കണം. മിക്ക പദാർഥങ്ങളും പത്ത് മിനിറ്റ് കൊണ്ട് വേവും.
അടുപ്പ് ഹൈ ഫ്ലെയിമിൽ കത്തിയാൽ കൂടെക്കൂടെ സ്റ്റീം പുറത്തേക്ക് പോകും. അപ്പോൾ കുക്കർ സാധാരണ പാത്രം പോലെയാണ് പ്രവർത്തിക്കുക. ലോ ഫ്ലെയിമിൽ കത്തിയാൽ സ്റ്റീം പുറത്ത് പോകാതെ കുക്കറിൽ 120 ഡിഗ്രി ചൂട് നിലനിൽക്കുകയും പദാർഥങ്ങൾ വേഗം വേവുകയും ചെയ്യും. നമുക്ക് ഗ്യാസ് അധികമായി നഷ്ടമാവുകയും ഇല്ല. കുക്കറിന്റെ അകത്ത് ചൂട് 120 ഡിഗ്രി ഉള്ളത് കൊണ്ട് ആ ചൂടിൽ തിളക്കുന്ന ജലതന്മാത്രകൾ കൂടുതൽ ശക്തിയോടെ ആഹാരപദാർഥങ്ങളുടെ തന്മാത്രകൾക്കിടയിൽ ഇടിച്ചു കയറുന്നത് കൊണ്ടാണ് പ്രഷർ കുക്കറിൽ വേഗം വേവുന്നത്.
മുൻപ് മാർക്കറ്റിൽ റൈസ് കുക്കർ എന്ന ഒന്ന് കിട്ടുമായിരുന്നു. അത് പ്രഷർ കുക്കറോ ഹൈ പ്രഷറിൽ പ്രവർത്തിക്കുന്നതോ അല്ല. 100 ഡിഗ്രി ചൂടിൽ വെള്ളം തിളക്കുമ്പോൾ അതിന്റെ മൂടിയിൽ ഉള്ള ദ്വാരത്തിലൂടെ നീരാവി പുറത്തേക്ക് പോകും. അപ്പോൾ വിസിലടിക്കുന്നത് പോലെ ശബ്ദവും ഉണ്ടാകും. അത് വെച്ചായിരിക്കും പ്രഷർ കുക്കറിൽ നിന്ന് സ്റ്റീം പുറത്തേക്ക് പോകുന്ന ശബ്ദത്തെയും വിസിൽ എന്ന് പറഞ്ഞ് പ്രചരിച്ചത്. എന്നാൽ ഇത്ര വിസിൽ എന്ന് പറയുന്നത് വിവരക്കേടാണ്. പ്രഷർ കുക്കറിൽ അടുപ്പ് ലോ ഫ്ലെയിമിൽ കത്തിച്ച് സ്റ്റീം പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കുകയാണ് വേണ്ടത്. എന്നിട്ട് ഇത്ര സമയം വേവിക്കുക എന്നാണ് പറയേണ്ടത്. അതാണ് ശരി.

No comments:
Post a Comment