പഞ്ചഭൂതങ്ങളിൽ ആകാശവും അഗ്നിയും വായുവും ഭൂതങ്ങളല്ല. ഭൂതം എന്നാൽ പദാർത്ഥം എന്നാണ് മനസ്സിലാക്കേണ്ടത്. മണ്ണും ജലവും മാത്രമാണ് ഭൂതങ്ങൾ. വായു ഒരു പദാർത്ഥമല്ല, പദാർത്ഥങ്ങളുടെ ഒരു അവസ്ഥയാണ്. പദാർത്ഥങ്ങൾ മൂന്ന് അവസ്ഥയിൽ നിലനിൽക്കുന്നു. ദ്രാവകം, വാതകം, ഖരം എന്നിവയാണ് ആ മൂന്ന് അവസ്ഥകൾ. നാം ശ്വസിക്കുന്നത് ഓക്സിജന്റെ വാതകരൂപത്തെയാണ്. ഓക്സിജനെ ഖരം, ദ്രാവകം എന്നീ അവസ്ഥയിലേക്ക് മാറ്റാൻ പറ്റും. അങ്ങനെ ഏത് പദാർത്ഥത്തെയും ഈ മൂന്ന് അവസ്ഥയിലേക്ക് മാറ്റം. വെള്ളത്തെ ഓർത്താൽ മതി. ദ്രാവകമായ വെള്ളം ഐസും നീരാവിയും ആകും. ആകാശവും അഗ്നിയും നമുക്ക് തോന്നുന്ന മായക്കാഴ്ചകൾ ആണ്. അല്ലാതെ അവ പദാർത്ഥങ്ങൾ അല്ല. പഞ്ചഭൂത സിദ്ധാന്തം പ്രാചീന മനുഷ്യന്റെ അനുമാനമാണ്. ഇന്നും അത് വിശ്വസിക്കുന്നെങ്കിൽ പ്രാചീനതയോടുള്ള ഇഷ്ടവും ആധുനിക അറിവിലുള്ള അജ്ഞതയും കൊണ്ടാണ്.
എന്താണ് ആകാശം എന്ന് മനസ്സിലാക്കണമെങ്കിൽ ഗ്രാവിറ്റിയെ പറ്റി മനസ്സിലാക്കണം. ഫിസിക്സിൽ നാല് അടിസ്ഥാന ബലം ആണ് പഠിക്കാനുള്ളത്. അതിൽ ഒന്നാണ് ഗ്രാവിറ്റി അല്ലെങ്കിൽ ആകർഷണബലം. ന്യൂട്ടൺ ആകർഷണ ബലത്തെ വളരെ സിമ്പിളായി വ്യാഖ്യാനിച്ചു. വസ്തുക്കൾ അന്യോന്യം ആകർഷിക്കുന്നു എന്നതാണത്. ഐൻസ്റ്റീൻ അതിനെ കുറേക്കൂടി ആഴത്തിൽ വിശദീകരിച്ചിട്ടുണ്ട്. നമ്മൾ അങ്ങോട്ട് പോകണ്ട. മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഐൻസ്റ്റീൻ വിശദീകരിച്ച ആകർഷണ ബലത്തിലാണ് പ്രപഞ്ചം ഇക്കാണുന്ന നിലയിൽ നിൽക്കുന്നത്. എല്ലാ വസ്തുകളും പരസ്പരം ആകർഷിക്കുകയും എന്നാൽ ഓരോന്നും അതാതിന്റെ ആകർഷണ ബലത്തിൽ നിന്ന് തെന്നി മാറാനും ശ്രമിക്കുന്നു.
ഭൂമി അതിന്റെ ആകർഷണ പരിധിയിൽ ഉള്ള സർവ്വതിനെയും ആകർഷിക്കുന്നു. എന്നാൽ വളരെ കുറച്ച് മാസ്സ് (ദ്രവ്യം) ഉള്ളവ ഭൂമിയുടെ ആകർഷണ ബലത്തിൽ നിന്ന് തെന്നി മാറുകയോ ഭൂമിയുടെ ആകർഷണ പരിധിക്ക് പുറത്തേക്ക് പോവുകയോ ചെയ്യുന്നു. അങ്ങനെ ഭൂമിയുടെ ആകർഷണത്തിൽ നിന്ന് തെന്നി മാറുകയും എന്നാൽ പുറത്തേക്ക് പോകാൻ കഴിയാത്ത വിധം ഭൂമി പിടിച്ചു വലിക്കുന്നതുമായ വാതകങ്ങളും പൊടിപടലങ്ങളും നീർകണങ്ങളും ഒക്കെ ചേർന്ന് ഭൂമിക്ക് ചുറ്റും ഒരു വലയമായി സ്ഥിതി ചെയ്യുന്നു. ഇതിനെയാണ് നാം അന്തരീക്ഷം എന്ന് പറയുന്നത്. സൂര്യപ്രകാശം ഭൂമിയുടെ ഈ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ പൊടിപടലങ്ങളിൽ തട്ടി പ്രതിഫലിക്കുമ്പോൾ നമുക്ക് തോന്നുന്ന കാഴ്ചയാണ് ആകാശം. അല്ലാതെ ആകാശം എന്നൊരു വസ്തു ഇല്ല. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ്, ബ്ലൂ എന്നീ രശ്മികളാണ് കൂടുതലായി പ്രതിഫലിപ്പിക്കപ്പെടുന്നത് എന്നത് കൊണ്ടാണ് ആകാശക്കാഴ്ചയ്ക്ക് നീല നിറം. അൾട്രാ വയലറ്റ് നമുക്ക് കാണാൻ കഴിയില്ല. ചന്ദ്രന് അതിന്റെ മേൽപ്പരപ്പിൽ ഉള്ള ഒന്നിനെയും പിടിച്ചു നിർത്താനുള്ള ആകർഷണ ബലം പോര. അതുകൊണ്ട് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ചന്ദ്രനിൽ ഒരന്തരീക്ഷം ഇല്ല. അതിനാൽ സൂര്യപ്രകാശം നേരെ ചന്ദ്രനിൽ പതിക്കുകയാണ്. അവിടെ നിന്ന് മേൽപ്പോട്ട് നോക്കിയാൽ ഏത് സമയവും കറുത്ത പശ്ചാത്തലത്തിൽ നക്ഷത്രങ്ങളെയും മറ്റ് ഗ്രഹങ്ങളെയും മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടാണ് ചന്ദ്രനിൽ ആകാശം ഇല്ല എന്ന് പറയുന്നത്. അതായത് അവിടെ ആകാശക്കാഴ്ച ഇല്ല.
പ്രപഞ്ചം ആകെ നോക്കിയാൽ ഇതിൽ ആറ്റങ്ങൾ മാത്രമേയുള്ളൂ. ആറ്റം എന്ന് പറഞ്ഞാൽ പദാർത്ഥങ്ങളുടെ ഏറ്റവും ചെറിയ രൂപം. ഉദാഹരണത്തിനു നക്ഷത്രം ഏതായാലും അവയിൽ രണ്ടേ രണ്ട് ആറ്റങ്ങൾ മാത്രമേയുള്ളൂ. അവ ഹൈഡ്രജനും ഹീലിയവും ആണ്. നക്ഷത്രങ്ങൾ എന്ന് പറഞ്ഞാൽ ഹൈഡ്രജൻ, ഹീലിയം എന്ന് രണ്ട് വാതകങ്ങളുടെ മഹാ കൂമ്പാരം എന്ന് പറയാം. ഹൈഡ്രജൻ സംയോജിച്ച് ഹീലിയം ആയി മാറുമ്പോൾ അതിലെ ഒരു ഭാഗം ഊർജ്ജമായി മാറുന്നു. അപ്പോൾ ചൂടും പ്രകാശവും ഉണ്ടാകുന്നു. ആ ഊർജ്ജവും ചൂടും പ്രകാശവും കൊണ്ടാണ് ഭൂമിയിൽ സർവ്വതും നടക്കുന്നത്. അപ്പോൾ പ്രപഞ്ചത്തിൽ ആകെയുള്ളത് മാസ്സും (ദ്രവ്യം) ഊർജ്ജവും (എനർജി) മാത്രമാണ്. വേറെ ഒന്നും ഇല്ല. ദ്രവ്യത്തെ ഊർജ്ജമായും ഊർജ്ജത്തെ ദ്രവ്യമായും മാറ്റാം. ഉള്ള ഊർജ്ജമോ ദ്രവ്യമോ നശിക്കുന്നില്ല. ഇതൊക്കെ ഐൻസ്റ്റീൻ വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
അപ്പോൾ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു എന്ന് പറയുമ്പോൾ ദൈവം ആറ്റങ്ങൾ സൃഷ്ടിച്ചു എന്ന് പറയേണ്ടി വരും. മനുഷ്യൻ ഒക്കെ പ്രപഞ്ചത്തിന്റെ ഒരു മൂലയിലുള്ള ഭൂമിയിൽ ഏറ്റവും ഒടുവിൽ ഉണ്ടായ ജീവിയാണ്. അതിനൊക്കെ എത്രയോ മുൻപ് ദിനോസറുകൾ ഉണ്ടായിരുന്നു. ആറ്റം എന്ന് പറയുമ്പോൾ ആറ്റവും മോളിക്യൂളും തമ്മിലുള്ള വ്യത്യാസം നമ്മൾ ഓർക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിനു നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ ആറ്റം അല്ല. രണ്ട് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന ഓക്സിജൻ തന്മാത്രയാണ് നമ്മൾ ശ്വസിക്കുന്നത്, മുന്ന് ഓക്സിജൻ ചേർന്നാൽ അതൊരു ഓസോൺ തന്മാത്രയാകും. ആറ്റം പിളർന്ന് ഊർജ്ജം ഉല്പാദിപ്പിക്കാം എന്നതൊക്കെ സമീപ കാലത്ത് കണ്ടെത്തിയതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ആണവോർജ്ജ വൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നത്.
ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. പ്രാചീന വിശ്വാസങ്ങളിൽ മനസ്സിലാക്കാൻ ഒന്നും ഇല്ല. എന്നിട്ടും യാതൊരു അടിസ്ഥാനവും ഇല്ലാത്ത പുരാതന വിശ്വാസങ്ങളെ മുറുകെ പിടിച്ച് ആധുനകമായ അറിവുകൾ അവഗണിച്ച് ജീവിയ്ക്കുന്നത് ഭൂഷണമാണോ എന്ന് നിങ്ങൾ തന്നെ ആലോചിക്കുക.
1 comment:
പ്രാചീന വിശ്വാസങ്ങളിൽ മനസ്സിലാക്കാൻ ഒന്നും ഇല്ല. എന്നിട്ടും യാതൊരു അടിസ്ഥാനവും ഇല്ലാത്ത പുരാതന വിശ്വാസങ്ങളെ മുറുകെ പിടിച്ച് ആധുനകമായ അറിവുകൾ അവഗണിച്ച് ജീവിയ്ക്കുന്നത് ഒട്ടും ഭൂഷണമല്ല
Post a Comment