ഞാൻ വീണ്ടും ഫേമസ് ആയി. ഇന്നലെ ക്ലബ് ഹൗസിൽ ശങ്കു ടി ദാസ് ഹോസ്റ്റ് ചെയ്ത മുറിയിൽ ലക്ഷദ്വീപ് പ്രമേയത്തെ പറ്റിയുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. അതിന്റെ സ്ക്രീൻ ഷോട്ട് ആരൊക്കെയോ എടുത്ത് വാട്ട്സ്‌ആപ്പിൽ പ്രചരിപ്പിച്ചാണ് എനിക്ക് വലിയ തോതിൽ പബ്ലിസിറ്റി നൽകിയത്. ഈ സ്ക്രീൻ ഷോട്ട് മിനിറ്റുകൾക്കകം എന്റെ മകളുടെ ഫോണിലും എത്തി. അച്ഛൻ സംഘിയായി അല്ലേ എന്ന ചോദ്യത്തോടെ. എന്നെ സംഘിയാക്കാനുള്ള ഇക്കൂട്ടരുടെ ത്വരയെ ഒരു ആദരവും അംഗീകാരവും ആയിട്ടാണ് ഞാൻ കാണുന്നത്. ചാണകം എന്ന പ്രയോഗത്തോടും എനിക്കിപ്പോൾ വല്ലാത്ത ഇഷ്ടം ആണ്.
2003 മൂന്ന് മുതൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന ആളാണ് ഞാൻ. ആദ്യം ഓർക്കുട്ട്, പിന്നെ ബ്ലോഗ്. 2020 ജനവരി വരെ ഞാൻ കോൺഗ്രസ്സിനു വേണ്ടിയാണ് എഴുതിയത്. ബ്ലോഗിൽ കോൺഗ്രസ്സിനു വേണ്ടി എഴുതുമ്പോൾ എനിക്ക് മാർക്സിസ്റ്റുകാരിൽ നിന്ന് എന്നും ഭീഷണിയായിരുന്നു. നാട്ടിൽ പോകുമ്പോൾ ഒളിച്ചു ജീവിക്കേണ്ട അവസ്ഥയുണ്ടായി. ബ്ലോഗിൽ എഴുതുന്നത് അഞ്ചരക്കണ്ടിയിൽ നാല് നിരത്തിൽ വന്ന് പബ്ലിക്കായി പറയാൻ ധൈര്യമുണ്ടോ എന്നായിരുന്നു ഒരു സഖാവിന്റെ ഭീഷണി. അഞ്ചരക്കണ്ടി ടൗണിലെ കവലയ്ക്ക് ഞങ്ങൾ നാല് നിരത്ത് എന്നാണ് പറഞ്ഞിരുന്നത്.
2020 ജനവരി മുതലാണ് ഞാൻ സംഘിയാകുന്നത്. അല്ലെങ്കിൽ സംഘിയാക്കപ്പെടുന്നത്. ആദ്യം ചിലർ എന്റെ കളസം പുറത്ത് വരുന്നത് കണ്ടു. പിന്നെ ഞാൻ അടിമുടി ചാണകത്തിൽ മുഴുകുന്നതും കണ്ടു. ഇന്ന് ഞാൻ ലക്ഷണമൊത്ത സംഘിയാണ്. ഇന്നലത്തെ സ്ക്രീൻ ഷോട്ട് അതിനു തെളിവുമാണ്. സത്യം പറഞ്ഞാൽ സംഘിയാകുന്ന മലയാള നാട്ടിൽ ഞാനൊരു സംഘിയാകുന്നതിൽ എനിക്ക് എന്തെന്നില്ലാത്ത ആത്മഹർഷവും തോന്നുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയാണ് എന്റെ കളസം പുറത്തേക്ക് അനാവരണം ചെയ്യാൻ ഇടയാക്കിയത് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട സംഗതിയാണ്.
എന്തായിരുന്നു പൗരത്വ നിയമ ഭേദഗതി? ഇന്ത്യയിൽ പാർലമെന്റ് പാസ്സാക്കിയ ഒരു സിറ്റിസൺ ആക്റ്റ് ഉണ്ട്. 1951ൽ ആണ് അത് പാസ്സാക്കിയത്. ഇന്ത്യയിൽ അനധികൃതമായി കുടിയേറുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനെ പറ്റിയാണ് ആ ആക്റ്റിൽ പറയുന്നത്. അതായത് സ്വന്തം രാജ്യത്ത് നിന്ന് യാതൊരു രേഖകളും ഇല്ലാതെ ഇന്ത്യയിൽ കുടിയേറുന്ന വിദേശി കുടിയേറ്റക്കാർ ഇവിടെ 11 വർഷം താമസിച്ചാൽ അവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. ആ നിയമം ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നുമുണ്ട്. അതായത് പാക്കിസ്ഥാനിൽ നിന്നല്ല ഏത് രാജ്യത്ത് നിന്നും രേഖകൾ ഒന്നും ഇല്ലാതെ ഇന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ 11 വർഷം താമസിച്ചാൽ 2032 ജൂൺ ഒന്നിനു ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പൗരത്വം നൽകും. പാക്കിസ്ഥാനി മുസ്ലീമിനും നൽകും. ഒരു വിവേചനവും ഇല്ല. ആ പ്രക്രിയ ഇന്നും തുടരുന്നുമുണ്ട്.
2019ൽ ആ നിയമത്തിൽ CAA എന്ന പേരിൽ ഒരു ഭേദഗതി വരുത്തി പാർലമെന്റ് പാസ്സാക്കി. പാക്ക്, അഫ്‌ഗാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുൻപ് കുടിയേറിയ ആ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് 2020 ജനവരി ഒന്ന് മുതൽ ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 11 വർഷം താമസിക്കണം എന്നിടത്ത് അഞ്ച് വർഷം മതി എന്ന ഇളവ്. മേപ്പടി മൂന്ന് രാജ്യങ്ങളിൽ മുസ്ലീങ്ങൾ മത ന്യൂനപക്ഷം അല്ലാത്തത് കൊണ്ട് ഈ ഇളവ് ഇവിടെ താമസിക്കുന്ന മുസ്ലീം കുടിയേറ്റക്കാർക്ക് ഇല്ല. അവർ 11 വർഷം തന്നെ താമസിക്കണം പൗരത്വം ലഭിക്കാൻ. ഹിന്ദു,സിഖ്,കൃസ്ത്യൻ, ബൗദ്ധ,ജൈന മുതലായ മതവിഭാഗങ്ങൾക്ക് നൽകുന്ന ഈ ഇളവ് ഒറ്റത്തവണ മാത്രമാണ്. 2015 ജനവരി ഒന്ന് മുതൽ കുടിയേറുന്ന ഹിന്ദുവിനും മുസ്ലീമിനും പൗരത്വം കിട്ടാൻ 11 വർഷം താമസിച്ച് 2026 ൽ മാത്രമേ പൗരത്വത്തിനു അപേക്ഷിക്കാൻ പറ്റൂ. വിവേചനം ഒന്നുമില്ല. ഈ ഒറ്റത്തവണ ഇളവാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ട CAA യും കുപ്രസിദ്ധമായ മുസ്ലീം വിവേചനവും.
ഈ സത്യം ഫേസ്‌ബുക്കിൽ എഴുതിയപ്പോൾ ആദ്യം തന്തയ്ക്ക് വിളിച്ചത് കോൺഗ്രസ്സുകാർ തന്നെ ആയിരുന്നു. മുസ്ലീങ്ങൾ എന്റെ കളസം അരയിൽ നിന്ന് ഊരി വരുന്നത് സാകൂതം നോക്കിയിരുന്നു എന്ന് മാത്രം. എനിക്ക് ഈ സത്യം പറഞ്ഞു കൊണ്ടിരിക്കണമായിരുന്നു. ലക്ഷദ്വീപിന്റെ കാര്യത്തിലും എനിക്ക് സത്യം പറഞ്ഞേ പറ്റൂ. കോൺഗ്രസ്സും സി.പി.എമ്മും മുസ്ലീം വോട്ടിനു വേണ്ടി വൃത്തി കെട്ട പ്രീണനം ആണ് നടത്തുന്നത്. CAA വിരുദ്ധ സമരം മുതൽ ലക്ഷദ്വീപ് പ്രമേയം വരെ അതാണ് കാണുന്നത്. സത്യത്തിൽ മുസ്ലീങ്ങളെ കോൺഗ്രസ്സും സി.പി.എമ്മും ഇരയാക്കുകാണ്, വോട്ടിനു വേണ്ടി മാത്രം. വേറെ ഒരു സ്നേഹവും മുസ്ലീങ്ങളോട് ഇല്ല. ഈ കപട സ്നേഹം മുസ്ലീങ്ങൾക്ക് മനസ്സിലാകുന്നില്ല. മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യൻ മണ്ണിന്റെ തുല്യ അവകാശികളാണ്. ബി.ജെ.പി. സർക്കാർ മുസ്ലീങ്ങളോട് ഒരു വിവേചനവും കാണിക്കുന്നില്ല. കാണിക്കുകയും ഇല്ല. ഈ സത്യം വിളിച്കു പറയാൻ ഞാനിതാ കളസം മാത്രം ധരിച്ച് നിങ്ങളുടെ മുന്നിൽ അർദ്ധ നഗ്നനായി നിൽക്കുന്നു. നന്ദി, നമസ്ക്കാരം.
3 comments:
ഒട്ടകപ്പക്ഷികൾ തല പൂഴ്ത്തി നില്ക്കട്ടെ . ചുരുങ്ങിയ വാക്കുകളിൽ CAA അവതരിപ്പിച്ച അങ്ങക്ക് നമസ്കാരം.
"മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യൻ മണ്ണിന്റെ തുല്യ അവകാശികളാണ്. ബി.ജെ.പി. സർക്കാർ മുസ്ലീങ്ങളോട് ഒരു വിവേചനവും കാണിക്കുന്നില്ല. കാണിക്കുകയും ഇല്ല"
ചില്ലിട്ടു സൂക്ഷിക്കേണ്ട വാക്കുകൾ !!!
വായിച്ചു ...
Post a Comment