Links

വാക്സിൻ എന്നാൽ എന്ത് ?

വാക്സിനും മരുന്നും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ഒരു സുഹൃത്ത് എന്റെ ഒരു പോസ്റ്റിനു കമന്റ് എഴുതിയിരുന്നു, ഞാനതിനു മറുപടി പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ്-19 നെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്ക് Covaxin എന്ന പേരിൽ ഒരു വാക്സിൻ വികസിപ്പിക്കുകയും അത് ആഗസ്റ്റ് മധ്യത്തോടെ വിപണിയിൽ എത്തിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചത് കൊണ്ട് എന്താണ് മരുന്നും വാക്സിനും എന്ന് എഴുതാമെന്ന് കരുതി. അതുകൊണ്ടാണ് ഈ പോസ്റ്റ്.

വാക്സിൻ എന്ന് പറഞ്ഞാൽ ഒരു സ്പെസിഫിക് വൈറസിനെ അല്ലെങ്കിൽ ബാക്റ്റീരിയയെ നിർജ്ജീവമാക്കി ഓറലായോ ഇഞ്ചക്‌ഷൻ ആയോ നമ്മുടെ ശരീരത്തിൽ കടത്തി വിടലാണ്. നിർജ്ജീവം ആയത് കൊണ്ട് ആ സ്പെസിഫിക് വൈറസിനു അല്ലെങ്കിൽ ബാക്റ്റീരിയയ്ക്ക് നമ്മിൽ രോഗം ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ ഇത് അപകടകാരിയായ ആന്റിജൻ എന്ന് ധരിച്ച് നമ്മുടെ പ്രതിരോധ സംവിധാനം ആ നിർജ്ജീവ വൈറസ്/ബാക്റ്റീരിയക്കെതിരെ ആന്റിബോഡികൾ നിർമ്മിക്കും. അതോടൊപ്പം ആ ആന്റിബോഡി നിർമ്മിക്കാനുള്ള മെമ്മറി ചില പ്രത്യേക പ്രതിരോധ കോശങ്ങളിൽ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും ഒറിജിനൽ ആക്റ്റീവായ അതേ വൈറസ് നമ്മെ ബാധിച്ചാൽ തൽക്ഷണം തന്നെ അതിനെ നിർവീര്യമാക്കാൻ ശരീരം ആന്റിബോഡികൾ നിർമ്മിക്കും. വൈറസ് നശിപ്പിക്കപ്പെടും. നമ്മെ രോഗം ബാധിക്കുകയില്ല. ഇതാണ് വാക്സിനേഷൻ നമുക്ക് നൽകുന്ന പ്രോട്ടക്‌ഷൻ.

വാക്സിൻ എടുത്തില്ലെങ്കിൽ നമ്മെ ബാധിക്കുന്ന വൈറസിനെതിരെ ശരീരം ആന്റിബോഡി നിർമ്മിക്കാൻ കാലതാമസം നേരിടും. ആ പിരീഡാണ് രോഗാവസ്ഥ എന്ന് പറയുന്നത്. ശരീരം വീക്ക് ആയാൽ വൈറസ് ചിലപ്പോൾ ജീവനു അപകടവും ഉണ്ടാക്കും. വാക്സിൻ എടുത്താൻ വൈറസിനെ അപ്പോൾ തന്നെ ആന്റിബോഡി നിർമ്മിച്ച് ശരീരം പ്രതിരോധിക്കും. രോഗം ഉണ്ടാവുകയില്ല. ഇതിനാണ് നമ്മൾ ഒരു സ്പെസിഫിക് വൈറസിനെതിരെയുള്ള ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്. വാക്സിൻ എടുത്തില്ലെങ്കിലും വൈറസ് രോഗത്തെ അതിജീവിച്ചാൽ ആ വൈറസിനെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിക്കുകയും ആ മെമ്മറി സൂക്ഷിക്കുകയും ചെയ്യും. അങ്ങനെയാണ് നിസ്സാരമായ വൈറസിനെയും ബാക്റ്റീരിയയെയും ഒക്കെ നമ്മൂടെ ശരീരം പ്രതിരോധിക്കുന്നത്. മാരകമായ വൈറസ്/ബാക്റ്റീരിയകൾക്കെതിരെയാണ് വാക്സിൻ വികസിപ്പിക്കുന്നതും ആളുകൾക്ക് നൽകുന്നതും.


മരുന്ന് എന്നാൽ ബാക്റ്റീരിയ, ഫംഗസ് , വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കളെ നേരിട്ട് നശിപ്പിക്കാനുള്ളതാണ്. ഇതാണ് വാക്സിനും മരുന്നും തമ്മിലുള്ള വ്യത്യാസം. മരുന്ന് നമ്മുടെ രക്തത്തിൽ കലർന്ന് എല്ലാ കോശങ്ങളിലും എത്തി എവിടെയൊക്കെ രോഗാണുക്കൾ ഉണ്ടോ അതിനെയൊക്കെ നേരിട്ട് നശിപ്പിക്കുന്നു.  വാക്സിൻ എന്നാൽ ഓരോരോ രോഗാണുവിനെതിരെയും പെട്ടെന്ന് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുക എന്ന കൃത്രിമമാർഗ്ഗമാണ്.  ഇതിനു ഉപയോഗിക്കുന്നത് ഓരോ രോഗാണുവിനെയും നിർജ്ജീവമാക്കിയിട്ട് കിട്ടിന്ന സ്ട്രെയിൻസ് ആണ്.  കോവിഡ്-19 എന്ന രോഗം ഉണ്ടാക്കുന്നത് SARS-Cov-2 എന്ന വൈറസ്സാണ്. ഇതിന്റെ സ്ട്രെയിൻസ് പൂന നേഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് വേർതിരിച്ചെടുത്തിട്ടുണ്ട്. അത് ഉപയോഗിച്ചിട്ടാണ് ഭാരത് ബയോടെക്ക് എന്ന കമ്പനി കോവാക്സിൻ എന്ന വാക്സിൻ ഉല്പാദിപ്പിച്ച് വിപണിയിൽ ഇറക്കും എന്ന് പറയുന്നത്. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചിരുന്നോ എന്ന് ആ കമ്പനിയാണ് പറയേണ്ടത്.

ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരാം. എന്തിനാണ് വാക്സിൻ, വൈറസുകൾക്ക് എതിരെയും മരുന്നുകൾ പോരേ എന്ന്. പോര എന്നാണ് ഉത്തരം. ബാക്റ്റീരിയകളെ മരുന്നുകൾ കൊണ്ട് നശിപ്പിക്കാം എന്നാൽ വൈറസുകളെ അങ്ങനെ കഴിയില്ല. അതിനു കാരണം ബാക്റ്റീരിയയും  വൈറസും തമ്മിലുള്ള ഘടനാപരമായ വ്യത്യാസമാണ്. ബാക്റ്റീരിയ പോലുള്ള സൂക്ഷ്മാണുക്കൾ ഏകകോശ ജീവികളാണ്. അവ ആഹാരം ഉൾക്കൊള്ളുകയും ഉപാപചയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ആന്റിബയോട്ടിക്ക് മരുന്നുകൾ അവയുടെ കോശത്തിൽ കടന്ന് അവയെ നശിപ്പിക്കും. എന്നാൽ വൈറസുകൾ കോശങ്ങൾ അല്ല. അവ ആഹരിക്കുന്നില്ല, ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നില്ല. വൈറസുകൾ എന്നാൽ ഒരു പ്രോട്ടീൻ ആവരണത്തിനകത്തുള്ള RNA അല്ലെങ്കിൽ  DNA മാത്രമാണ്. അതുകൊണ്ട് ആന്റിബയോട്ടിക്ക് പോലെ ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുക എളുപ്പമല്ല. എന്നാലും ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗങ്ങൾക്ക് നിലവിൽ ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. വൈറസ് രോഗത്തെ ചെറുക്കാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം വാക്സിനേഷനാണ് എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ അല്ലേ?

No comments: