Links

എന്താണ് ക്യാൻസർ ?

ക്യാൻസർ എന്നാൽ എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ കോശങ്ങളെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മനസ്സിലാക്കണം. നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന യൂനിറ്റ് ആണു കോശം. ഇഷ്ടികകൾ ചേർത്ത് വെച്ച് കെട്ടിടങ്ങൾ പണിതിരിക്കുന്നത് പോലെയാണു കോശങ്ങൾ ചേർന്ന് ശരീരം രൂപം കൊണ്ടിട്ടുള്ളത്. പിതാവിന്റെ അർദ്ധകോശവും(ബീജം) മാതാവിന്റെ അർദ്ധകോശവും (അണ്ഡം) ചേർന്ന് സിക്താണ്ഡം അഥവാ ഭ്രൂണം എന്ന ഒരൊറ്റ കോശത്തിൽ നിന്നാണു മനുഷ്യന്റെ തുടക്കം. ഒരൊറ്റ കോശമായ ഭ്രൂണം വിഭജിച്ച് രണ്ട് കോശമായും പിന്നെ നാലായും അങ്ങനെ തുടർച്ചയായി കോശം വളർന്നും വിഭജിച്ചും ഗർഭസ്ഥശിശുവും പിറന്നതിനു ശേഷം കുഞ്ഞും വളരുന്നു. കോശങ്ങൾ വിഭജിക്കലും പുതിയ കോശങ്ങൾ ഉണ്ടാകലും പഴയ കോശങ്ങൾ നശിക്കലും ജീവിതാവസാനം വരെയിലും തുടരുന്നു.

നമ്മുടെ ശരീരത്തിൽ എത്ര കോശങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ ട്രില്ല്യൻ കണക്കിലാണു പറയുക. 10 ട്രില്ല്യൻ മുതൽ 100 ട്രില്ല്യൻ വരെ കോശങ്ങളുണ്ടാകാം. വ്യത്യസ്ത കോശങ്ങൾ ഉണ്ടെങ്കിലും ഓരോ കോശങ്ങളിലും ഉള്ള പദാർത്ഥങ്ങളും ജീനുകളും പ്രവർത്തനങ്ങളും ഒന്ന് തന്നെയായിരിക്കും. ഒരു കോശം എന്നത് സ്വയം‌പര്യാപ്തമായ ഒരു ജൈവയൂനിറ്റ് ആണു. ഒരേ ഒരു കോശം മാത്രമുള്ള ഏകകോശജീവികളാണു ഭൂമിയിൽ കൂടുതൽ ഉള്ളത്. നമ്മുടെ ശരീരത്തിൽ തന്നെ അസംഖ്യം ഏകകോശജീവികൾ പാർക്കുന്നുണ്ട്. വിഭജിക്കുക, വളരുക, നശിക്കുക എന്നതാണു കോശങ്ങളുടെ ജൈവസവിശേഷത. ഈ പ്രവർത്തനങ്ങൾ ഒക്കെ നിയന്ത്രിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും കോശങ്ങളിലെ ജീനുകൾ ആണു. നമ്മൾ എന്തായിരിക്കണം എന്നതിന്റെ സ്ക്രിപ്റ്റ് ജീനുകളിലാണുള്ളത്. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നതാണു ഈ സ്ക്രിപ്റ്റ്. പിതാവിന്റെ ബീജത്തിലുള്ള 23 ക്രോമോസോമും മാതാവിന്റെ അണ്ഡത്തിലുള്ള 23 ക്രോമോസോമും ചേർന്ന് 23 ജോഡി ക്രോസോസോമുകളിലാണു ഈ സ്ക്രിപ്റ്റ് അടക്കം ചെയ്തിരിക്കുന്നത്.

ശരീരത്തിൽ കോശങ്ങൾ വിഭജിക്കപ്പെട്ട് പുതിയ കോശങ്ങൾ രൂപപ്പെടുന്നതും ഉള്ള കോശങ്ങൾ വളർച്ച പൂർത്തിയാക്കി മരണമടയുന്നതും ഓരോ സെക്കന്റിലും നടക്കുന്നുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ ഓരോ മിനിറ്റിലും 96 ദശലക്ഷം കോശങ്ങൾ നശിക്കുന്നുണ്ട്. അത്രയും കോശങ്ങൾ ഒരോ മിനിറ്റിലും ഉണ്ടാവുകയും ചെയ്യുന്നു. അതായത് ശരീരം അനവരതം പുതുപ്പിക്കപ്പെടുന്നു. ഏഴ് വർഷങ്ങൾക്ക് മുൻപുള്ള നമ്മളല്ല ഇപ്പോൾ ഉള്ളത്, തികച്ചും പുതിയ ആളാണെന്ന് പറയാറുണ്ട്. ആ പറച്ചിൽ പക്ഷെ പൂർണ്ണമായും ശരിയല്ല. വ്യത്യസ്ത കോശങ്ങളുടെ ആയുസ്സും വ്യത്യസ്തമാണു. ഉദഹരണത്തിനു ബീജകോശത്തിന്റെ ആയുസ്സ് മൂന്ന് ദിവസം ആണെങ്കിൽ മസ്തിഷ്കകോശങ്ങളുടെ ആയുസ്സ് നമ്മുടെ ജീവിതകാലം മുഴുവനുമാണു. തൊലിയുടെ കോശങ്ങൾ രണ്ട് മുതൽ നാല് ആഴ്ചകളിൽ പുതുപ്പിക്കപെടുമ്പോൾ എല്ലിലെ കോശങ്ങൾക്ക് 10വർഷത്തെ ആയുസ്സുണ്ട്. രക്തത്തിലെ ചുകപ്പ് കോശങ്ങളുടെ ആയുസ്സ് നാല് മാസമാണെന്നും കണക്കാക്കിയിട്ടുണ്ട്.

ഇനി എന്താണു ക്യാൻസർ എന്ന് നോക്കാം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കോശങ്ങൾ ക്രമം തെറ്റി വളർന്ന് ട്യൂമർ ആയി രൂപാന്തരപ്പെടുന്നതാണു ക്യാൻസർ. പുറ്റ് പോലെ വളരുന്നത് കൊണ്ട് ക്യാൻസറിനു തമിഴിൽ പുറ്റ്‌നോയ് എന്നാണു പറയുന്നത്. ഏതോ കോശത്തിലെ ജീനുകൾക്ക് മ്യൂട്ടേഷൻ (ഉൽപരിവർത്തനം) ഉണ്ടായിട്ടാണു ഇങ്ങനെ സംഭവിക്കുന്നത്. സാധാരണഗതിയിൽ കോശങ്ങളുടെ വളർച്ചയും വിഭജനവും ആയുസ്സ് പൂർത്തിയാകലും ജീനുകളാണു നിയന്ത്രിക്കുന്നത്. എന്നാൽ ക്യാൻസർ കോശങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാവുന്നില്ല. അവ ഒരിക്കലും നശിക്കാതെ വിഭജിച്ച് പെരുകിക്കൊണ്ടേ പോകുന്നു. ഈ അനാവശ്യകോശങ്ങളാണു ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തുടക്കത്തിൽ ഇത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണു. ക്യാൻസർ കോശങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചിലർക്ക് പാരമ്പര്യമായി തന്നെ ജീനുകളിലൂടെ ലഭിക്കുന്നുണ്ട്. മറ്റ് കാരണങ്ങളാലും ക്യാൻസർ ഉണ്ടാകുന്നു. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സ എന്നിവയിലൂടെ ക്യാൻസർ മുഴകൾ നീക്കം  ചെയ്ത് മാറ്റിയാലും ചിലർക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. എത്രയും നേരത്തെ ക്യാൻസർ കണ്ടുപിടിക്കുന്നുവോ അത്രയും എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാനും കഴിയും. 

3 comments:

Ratheesh said...

കീടനാശിനികളും കാൻസറും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമായി തെളിയിക്കപെട്ടിട്ടില്ല. ഇതുവരെയുള്ള പഠനങ്ങളിൽ കീടനാശിനികൾ കാൻസർ ഉണ്ടാകാൻ കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല . പല പഠനങ്ങളിലും കീടനാശിനിയും കാൻസറുമായി associate ചെയ്യുന്ന ചില suggesions ഉണ്ട് . പക്ഷെ അത്തരം പഠനങ്ങൾ മാത്രം അടിസ്ഥാനമാക്കി കീടനാശിനികളാണു കാൻസർ ഉണ്ടാക്കുന്നത്‌ എന്ന് പറയുവാൻ കഴിയില്ല . kuhs കേരളത്തില എൻഡോസൽഫാന്റെ ഉപയോഗം കാരണം കാൻസർ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടുള്ള പഠനത്തിൽ അങ്ങിനെ ഒരു കാര്യം കാണുന്നില്ല എന്നാണു പറയുന്നത് . പക്ഷെ കേരളത്തിലെ വികാരജീവികൾ കാൻസറിന്റെ കാരണം കീടനാശിനിയാണെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

ajith said...

ഓരോ വര്‍ഷം ചെല്ലുന്തോറൂം കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് പ്റയുന്നത് ശരിയാണോ? അങ്ങനെ വല്ല സ്റ്റാറ്റിറ്റിക്സും ആര്രെങ്കിലും എടുക്കുന്നുണ്ടോ

Ananth said...

@ajith.........please check out this report


Projections of number of cancer cases in India (2010-2020) by cancer groups.


The total cancer cases are likely to go up from 979,786 cases in the year 2010 to 1,148,757 cases in the year 2020.