മാവോയിസവും ജനാധിപത്യവും

മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണു. നമ്മുടെ രാജ്യത്ത് പാർലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലുള്ളത്. മനുഷ്യർക്ക് ഏറ്റവും പ്രധാനം വ്യക്തിസ്വാതന്ത്ര്യമാണു. സ്വാതന്ത്ര്യമില്ലെങ്കിൽ മരണമാണു ജീവിതത്തേക്കാൾ നല്ലത്. വ്യക്തിസ്വാതന്ത്ര്യം പൂർണ്ണമായ അർത്ഥത്തിൽ ഉറപ്പ് തരുന്ന സമ്പ്രദായമാണു പാർലമെന്ററി ജനാധിപത്യം. രാജ്യത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യരീതിയിൽ പരിഹരിക്കാൻ കഴിയും. എന്നാലും പ്രശ്നങ്ങൾ മുഴുവനും പരിഹരിച്ച് പ്രശ്നരഹിതമായ സമൂഹം സൃഷ്ടിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ സമൂഹജീവിതത്തിന്റെ കൂടപ്പിറപ്പാണു. ഒന്ന് തീരുമ്പോൾ മറ്റ് പലത് ഉടലെടുക്കും.

പ്രശ്നങ്ങൾ ഉണ്ടാവുകയും അവ പരിഹരിക്കുകയും വീണ്ടും ഉണ്ടാകുന്നത് പിന്നെയും പരിഹരിക്കുക. ഇതൊരു തുടർപ്രക്രിയയാണു. ജനാധിപത്യസർക്കാരാകുമ്പോൾ നമുക്ക് പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും കഴിയും. മറ്റ് ഭരണസമ്പ്രദായത്തിൽ പൗരന്മാർക്ക് ഈ സ്വാതന്ത്ര്യം ലഭ്യമല്ല. ഭരണകൂടം ചെയ്യുന്നത് കണ്ടിരിക്കാനേ പറ്റൂ. അത്കൊണ്ട് നിലവിലുള്ള സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചത് പാർലമെന്ററി ജനാധിപത്യമാണു.

കമ്മ്യൂണിസ്റ്റുകളിൽ പല ഗ്രൂപ്പുകളുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും നിലവിലെ ബൂർഷ്വാ വ്യ്വസ്ഥിതിയാണു കാരണമെന്നും അത് കൊണ്ട് നിലവിലെ ബൂർഷ്വാഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് പാർട്ടിയുടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിച്ചാൽ എല്ലാ പ്രശ്നങ്ങളും പാർട്ടിനേതാക്കൾ പരിഹരിക്കും എന്നുമാണു കമ്മ്യൂണിസ്റ്റുകൾ പൊതുവെ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇതിൽ വിപ്ലവത്തിനുള്ള മാർഗ്ഗങ്ങളിലാണു കമ്മ്യൂണിസ്റ്റുകൾ വ്യത്യാസപ്പെട്ട് പല ഗ്രൂപ്പുകളാകുന്നത്. സായുധവിപ്ലവത്തിൽ വിശ്വസിക്കുകയും അതിനായി നിലകൊള്ളൂകയും ചെയ്യുന്ന ഗ്രൂപ്പാണു മാവോയിസ്റ്റുകൾ. ഗ്രാമങ്ങളിൽ പാവങ്ങളെ പ്രലോഭിപ്പിച്ച് സംഘടിപ്പിച്ച് ആയുധങ്ങളുമായി നഗരം വളഞ്ഞ് പിടിച്ച് വിപ്ലവം നയിച്ച് ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണു മാവോയിസ്റ്റ് തന്ത്രം.

ഈ മാവോയിസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗറില്ലകൾ ഇന്ത്യയിൽ നിരവധിയുണ്ട്. അതിലും പല ഗ്രൂപ്പുകളുമുണ്ട്. ഈ മാവോയിസ്റ്റുകൾ പാർലമെന്ററി ജനാധിപത്യത്തിന്റെയും അത് വഴി നിരുപാധികമായ പൗരസ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളാണു. ഇത്കൊണ്ടാണു പരിഷ്കൃതസമൂഹം കമ്മ്യൂണിസത്തെയും അതിലെ അവാന്തരവിഭാഗങ്ങളെയും തിരസ്ക്കരിക്കുന്നത്. ആദ്യം സ്വാതന്ത്ര്യം പിന്നെ ജീവിതം. ഇതാണു നമ്മൾ ആഗ്രഹിക്കുന്നത്.

കോടതിയിലെ ഒരു ജഡ്‌ജി പറഞ്ഞാൽ മാവോയിസം നമുക്ക് സ്വീകാര്യമാവുകയില്ല. ഇരിക്കുന്ന കൊമ്പ് ആരെങ്കിലും മുറിക്കുമോ? അനുഭവിക്കുന്ന സ്വാതന്ത്ര്യം ആവശ്യമില്ല്ല എന്ന് ആരെങ്കിലും പറയുമോ? ഒരു ജഡ്‌ജി പറഞ്ഞെങ്കിൽ അത് ആ ജഡ്‌ജിയുടെ സ്വന്തം അഭിപ്രായം. ജനങ്ങൾ അത് അംഗീകരിക്കുകയില്ല. മാവോയിസ്റ്റുകളുടെ മാനവികത എന്ന് പറയുന്നത് പാർട്ടി അടിമത്വത്തിലേക്ക് ചൂണ്ടയിട്ട് പിടിക്കലാണു. ജനാധിപത്യം അനുഭവിക്കുമ്പോൾ അതാണു നല്ലത് എന്ന് ചിലർക്ക് തോന്നാം. അങ്ങനെ ആർക്ക് തോന്നിയാലും അവരൊക്കെ രാജ്യദ്രോഹികളാണു.

മാവോയിസം ഒരിക്കലും ഇന്ത്യയിൽ വിജയിക്കുകയില്ല. ഇവിടെ പ്രശ്നങ്ങൾ ഉള്ളത് മാറി മാറി വരുന്ന ജനാധിപത്യസർക്കാരുകൾ കാലാകാലങ്ങളിൽ പരിഹരിച്ചു വരും. വിപ്ലവം നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനെയും ഇന്ത്യൻ ജനത അനുവദിക്കുകയില്ല. അത് സി.പി.എം. ആയാലും മാവോയിസ്റ്റുകൾ ആയാലും. ഇങ്ക്വിലാബിന്റെ പകൽകിനാവ് എല്ലാ കമ്മ്യൂണിസ്റ്റുകളും ഉപേക്ഷിക്കണം എന്ന് ഇന്ത്യൻ ജനങ്ങൾക്ക് വേണ്ടി ഞാൻ ആവശ്യപ്പെടുന്നു.

3 comments:

Ananth said...

മാവോയിസ്റ്റുകളെ ന്യായീകരിക്കുക ആണ് ജഡ്ജി ചെയ്തത് എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അല്പമൊന്നു ചിന്തിച്ചാൽ അങ്ങനെയല്ല എന്നത് വ്യക്തമാവും ..........അദ്ദേഹം പറഞ്ഞത് മാവോയിസത്തിൽ വിശ്വസിക്കുന്നത് ഒരു കുറ്റമല്ല എന്നു മാത്രമാണ് .......അത്തരം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ പ്രവർത്തികൾ ചെയ്യുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല ..........മാവോയിസത്തിൽ വിശ്വസിക്കുന്ന പലരും വിധ്വംസക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നതൊരു വസ്തുത ആണെങ്കിൽ കൂടി അത്തരമൊരു വിശ്വാസം കേവലം ആശയപരമായ തലത്തിൽ കൊണ്ടു നടക്കുന്നത് നിയമപരമായ ഒരു കുറ്റം ആയി കാണാൻ കഴിയില്ല എന്നു മാത്രമേ ഞാൻ ആ ജഡ്ജിയുടെ വാക്കുകളിൽ കാണുന്നുള്ളൂ ..........മറ്റൊരു ഉദാഹരണം പറഞ്ഞാൽ വഹാബികൾ , താലിബാൻ ,I S I S തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ആളുകള് ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അക്ഷരം പ്രതി നടപ്പാക്കുക എന്ന പേരില് എത്രമാത്രം ക്രൂരതകൾ ചെയ്യുന്നു .........എന്നു വച്ച് ഖുറാനിൽ വിശ്വസിക്കുന്നത് തെറ്റാണെന്ന് പറയാനാവുമോ .....ലോകത്തു ബഹുഭൂരിപക്ഷം ഇസ്ലാമിക വിശ്വാസികളും അതേ ഖുറാനിൽ വിശ്വസിച്ചു കൊണ്ടു സമാധാനപരമായ ജീവിതം നയിക്കുന്നു എന്നോർക്കുക

ajith said...

ഒരിടത്തും വിജയിക്കുകയില്ല

Modern Gallery said...

ആരും മാവോയിസ്റ്റ് ആകുന്നതിൽ തെറ്റില്ല. മാവോയിസ്റ്റുകളെ പോലെ പെരുമാറാതിരുന്നാൽ മതി !
തമാശയ്ക്ക് എഴുതിയതാണെങ്കിലും ഇതിലൊരു സത്യമുണ്ട്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്. മാവോയിസ്റ്റുകളുടെ വഴി തികച്ചും അക്രമാസക്തമാണ`. ബോംബ് വച്ചും കല്ലെറിഞ്ഞും കൊന്നും ഇവർ എന്ത് അവകാശങ്ങളാണ` നേടിയെടുക്കാൻ പൊകുന്നതെന്ന് അറിയില്ല. മാവോയിസത്തോട് വിയോജിപ്പൊന്നുമില്ല. അവരുടെ പ്രവർത്തനരീതിയോടാണ` വിയോജിപ്പ് തോന്നുന്നത്.