കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു നഴ്‌സിങ്ങ് സ്കൂളുണ്ട്. തലശ്ശേരിയിൽ BSc. നഴ്‌സിങ്ങ് സ്കൂൾ വേറെ. എല്ലാം സഹകരണ മേഖലയിലാണു. പക്ഷെ സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന ഈ സഹകരണ നഴ്‌സിങ്ങ് സ്കൂളുകളിൽ കുട്ടികൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വന്ന് ഫീസ് കൊടുത്തിട്ടാണു പഠിക്കുന്നത്. ചിത്രത്തിൽ കാണുന്ന നഴ്‌സിങ്ങ് വിദ്യാർത്ഥിനികൾ പിണറായി വിജയന്റെ ചിത്രവുമായി അദ്ദേഹത്തെ സ്വീകരിക്കാൻ റോഡരികിൽ നിരന്ന് നിൽക്കുന്നത് സ്വമേധയാ അല്ല എന്ന് ആർക്കും അറിയാവുന്ന കാര്യമാണു. നഴ്‌സിങ്ങ് വിദ്യാർത്ഥിനികളും പിണറായി വിജയനും തമ്മിലെന്ത് ബന്ധം. പിണറായിയുടെ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നിൽ പഠിക്കുന്നു എന്നത് മാത്രമാണു ബന്ധം. പാർട്ടി മാനേജർമാർ കല്പിച്ചാൽ ഈ കുട്ടികൾക്ക് റോഡിൽ വന്ന് ഇങ്ങനെ വേഷം കെട്ടിയേ തീരൂ. അതാണു കമ്മ്യൂണിസം.
മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ എല്ലാം തന്നെ പാർട്ടിയുടെ സ്വകാര്യസ്വത്ത് പോലെ തന്നെയാണു. മാർക്സിസ്റ്റുകാർക്ക് മാത്രമേ മെമ്പർഷിപ്പും ജോലിയും കിട്ടുകയുള്ളൂ. മാർക്സിസ്റ്റ് പാർട്ടി നടത്തിക്കൊണ്ട് പോകാൻ ആളും അർത്ഥവും കിട്ടുന്നത് ഈ സഹകരണമേഖലയിൽ നിന്നാണു. ഒരൊറ്റ ഫോൺ കോൾ കൊണ്ട് ആയിരം പേരുടെ ജാഥ സംഘടിപ്പിക്കാൻ സി.പി.എമ്മിനു കഴിയുന്നത് പാർട്ടിയുടെ സഹകരണ സംഘങ്ങളിൽ പതിനായിരക്കണക്കിനു ജോലിക്കാരും വായ്പ എടുത്തിട്ടുള്ള ലക്ഷക്കണക്കിനു മെമ്പർമാരും ഉള്ളത്കൊണ്ടാണു.
ഈ ചിത്രം കാണുമ്പോൾ നമുക്ക് ഓർമ്മ വരിക ചൈനയോ , ഉത്തര കൊറിയയോ, ക്യൂബയോ ആണു. ഇപ്രകാരമാണു കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് നേതാക്കളെ വിഗ്രഹവൽക്കരിക്കുക. ഭാഗ്യം, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകളുടെ വിപ്ലവം നടന്നില്ല. നടക്കാനും പോകുന്നില്ല. കേരളത്തിൽ വിപ്ലവം നടന്ന് തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിതമായി എന്ന് വെറുതെ നമുക്കൊന്ന് സങ്കല്പിക്കാം. എന്നിട്ട് പിണറായിയുടെ വരവ് ഒന്ന് ഭാവനയിൽ കണ്ട് നോക്കാം. ബാലവാടികളിലെ ശിശുക്കൾ മുതൽ വീടുകളിലെ വൃദ്ധന്മാർ വരെ ഇപ്രകാരം പിണറായി ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി റോഡരികിൽ കാത്തിരിക്കേണ്ടി വന്നേനേ. അതൊന്നും സാധിക്കാത്തത്കൊണ്ട് ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ എന്ന മട്ടിൽ കഴിയുന്ന പോലെ പിണറായിയെ സുഖിപ്പിക്കാനാണു സംഘാടകർ ഈ നഴ്‌സിങ്ങ് വിദ്യാർത്ഥികളെ നിരയായി നിർത്തിയിരിക്കുന്നത്. ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരാകേണ്ട ഈ പാവം കുട്ടികളെ ഈ വേഷം കെട്ടിച്ച സി.പി.എം.കാർ ആരായാലും ഈ ചെയ്തത് മഹാപാപമായിപ്പോയി. കഷ്ടം!
4 comments:
ആര് ചെയ്യിച്ചാലും കഷ്ടമായിപ്പോയി
ആവൂ അങ്ങിനെ കെ.പി.എസ്. വീണ്ടും ആ പഴയ കെ.പി.എസ്. ആയി ;)
ഇതും ആൾദൈവങ്ങൾ തന്നെയല്ലേയെന്നാണ് മതത്തിന്റെ ലേബൽ ഉള്ളവർ ചോദിക്കുന്നത്. എല്ലായിടത്തും കാണുന്നത് ആരാധന.
താങ്കളുടെ ആപ്പ് വിശ്വാസം എവിടെ പോയി ........ഞാനെ ന്ടെ സ്വന്തം കാറില്‍ വരും എന്ന ഇന്നസന്റു ഡയലോഗ് ഓര്‍മ്മിപ്പിക്കും വിധത്തില്‍ കേരളത്തില്‍ ആപിന്റെ ഒറ്റകക്ഷി ഭരണവുമായി വരും എന്നു പറഞ്ഞു പോയ ആളിനെ പിന്നെ കാണാനേ ഇല്ലായിരുന്നല്ലോ ......എന്തായാലും വീണ്ടും താങ്കളുടെ ബ്ലോഗെഴുത്ത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു !
Post a Comment