30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.പി.എം. രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി ഏതാനും പേരെ വെടി വെച്ചും കുത്തിയും തല്ലിയും കൊന്ന സംഭവം എം.എം.മണി പ്രസംഗിച്ചത് മുഖ്യധാര ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൊലപാതകം പാര്‍ട്ടിയുടെ നയം അല്ല എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഒരുവകപ്പെട്ട നേതാക്കളൊക്കെ പറയുന്നത്. എന്നാല്‍ എപ്പോള്‍ മുതലാണ് കൊലപാതകം സി.പി.എമ്മിന്റെ നയമല്ലാതായത്? 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി അറിയാതെയാണോ മണി ഒറ്റയ്ക്ക് കൊന്നത്? അതില്‍ പിന്നീടും എത്ര കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തി? ഷുക്കൂറിന്റെ കൊല പാര്‍ട്ടി നടത്തിയതാണെന്ന് കണ്ണുര്‍ ജില്ലാ സെക്രട്ടരിക്ക് സമ്മതിക്കേണ്ടി വന്നല്ലൊ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എം. നടത്തിയതാണെന്ന് തെളിഞ്ഞാലോ? അങ്ങനെ തെളിയുകയാണെങ്കില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത് വരെ കൊലപാതകം സി.പി.എമ്മിന്റെ നയം തന്നെയാണെന്നല്ലെ അര്‍ത്ഥം?
എം.എം.മണി പ്രസംഗിക്കുന്നത് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത് മറ്റ് ചാനലുകള്‍ക്ക് കിട്ടിയിരുന്നില്ലെങ്കില്‍ മണിക്ക് ഒരു ചുക്കും സംഭവിക്കില്ല്ലായിരുന്നു. ആ ഒരു വേദിയില്‍ മാത്രമല്ല മണി അങ്ങനെ പ്രസംഗിച്ചിട്ടുള്ളത്. പാര്‍ട്ടി പട്ടിക ഉണ്ടാക്കുന്നതും കൊല്ലുന്നതും എല്ലാം എല്ലാ സി.പി.എം.കാര്‍ക്കും അറിയാം. ഇപ്പോള്‍ ചാനലുകളില്‍ മണിയുടെ പ്രസംഗവും ആ ശരീരഭാഷയും ഒക്കെ കണ്ട് സി.പി.എം. എന്നാല്‍ കൊലപാതകപാര്‍ട്ടി ആണെന്ന് മാലോകര്‍ അറിഞ്ഞപ്പോഴാണ് കൊലപാതകം പാര്‍ട്ടിയുടെ നയത്തില്‍ പെട്ടതല്ല എന്ന് സി.പി.എം.കാര്‍ പറയുന്നത്. അത് ആരെങ്കിലും വിശ്വസിക്കുമോ? അതേ സമയം, തങ്ങള്‍ ഇനി മേലില്‍ ആരെയും കൊല്ലുകയില്ല എന്നും കൊലപാതകരാഷ്ട്രീയം തങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും പറഞ്ഞാല്‍ ആളുകള്‍ ഒരുപക്ഷെ മുഖവിലക്കെടുത്തേക്കും. അങ്ങനെയൊരു പ്രഖ്യാപനം സി.പി.എമ്മില്‍ നിന്ന് കേള്‍ക്കാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ സി.പി.എം. അങ്ങനെയൊരു പ്രഖ്യാപനത്തിന് മുതിരുമോ? ഇല്ല.
തല്‍ക്കാലം മണിയെ സ്ഥാനത്ത് നിന്ന് നീക്കിയോ സസ്പന്റ് ചെയ്തോ മുഖം രക്ഷിക്കാനായിരിക്കും സി.പി.എം. ശ്രമിക്കുക. പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ പേരില്‍ മണിയെ മാത്രം ബലിയാടാക്കുക എന്നത് അന്യായമായിരിക്കും എന്ന് എല്ലാ സി.പി.എം.കാര്‍ക്കും അറിയാം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി വിപ്ലവം നടത്തുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയം. വിപ്ലവം എന്നാല്‍ ചായസല്‍ക്കാരമല്ല. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ ഉന്മൂലനം ചെയ്റ്റ് പാര്‍ട്ടി ആധിപത്യം സ്ഥാപിക്കുന്നതിനാണ് വിപ്ലവം എന്ന് പറയുന്നത്. വിപ്ലവത്തിന്റെ സമൂര്‍ത്ത സാഹചര്യം പരിപക്വമാകുന്നത് വരെയാണ് ഒറ്റയ്ക്കും തെറ്റയ്ക്കും കൊല്ലുക. വിപ്ലവസാഹചര്യം ഒത്തുവന്നാല്‍ കൂട്ടത്തോടെ കൊന്ന് അധികാരം പിടിച്ചടക്കുന്നതിനെയാണ് വിപ്ലവം എന്നു പറയുന്നത്. അത് വരെയുള്ള റിഹേഴസല്‍ ആണ് പട്ടികയുണ്ടാക്കി എം.എം.മണി പറഞ്ഞ പോലെയുള്ള കൊലപാതകങ്ങള്‍. ഇടയ്ക്ക് മറ്റ് കമ്മ്യൂണിസ്റ്റുകാരെയും കൊല്ലേണ്ടി വരും. തങ്ങളുടെ പാര്‍ട്ടിയെ കവച്ചുവെച്ച് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ന്നുപോകുമോ എന്ന സംശയത്തിലാണ് ചന്ദ്രശേഖരനെ കൊന്നത്. മറ്റൊരു കാരണവും ആ കൊലയ്ക്ക് പിന്നിലില്ല.
വിപ്ലവം പരിപാടിയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കൊലപാതകം ഉപേക്ഷിക്കാന്‍ കഴിയില്ല. വിപ്ലവം തന്നെ എന്തിനാണ്? മറ്റുള്ളവരുടെ രാഷ്ട്രീയസ്വാതന്ത്ര്യം ഹനിച്ചും മറ്റ് രാഷ്ട്രീയക്കാരെ കൊന്നൊടുക്കിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം ഭരണം സ്ഥാപിക്കാനുമല്ലേ വിപ്ലവം നടത്തേണ്ടി വരുന്നത്. തങ്ങള്‍ വിപ്ലവപാര്‍ട്ടിയാണെന്ന് പറയുന്ന ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനാധിപത്യം അംഗീകരിക്കാത്തവരും കൊലപാതകം ഒരു നയമായി സ്വീകരിച്ചവരും തന്നെയാണ്. മറിച്ച് പറയുന്നത് തട്ടിപ്പും വഞ്ചനയുമാണ് കാപട്യവുമാണ്. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്ന പാര്‍ട്ടികള്‍ വിപ്ലവം ലക്ഷ്യമാക്കുകയില്ല. കാരണം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി ഭരണനിര്‍വ്വഹണം നടത്തുകയാണ് ചെയ്യുക. ഈ സമ്പ്രദായത്തില്‍ വിപ്ലവങ്ങള്‍ പാടില്ല. വിപ്ലവം നടത്തുക എന്നു പറഞ്ഞാല്‍ പാര്‍ലമെന്ററി ജനാധിപത്യം അവസാനിപ്പിച്ച് ഏകകക്ഷി ഭരണവ്യവസ്ഥ നടപ്പാക്കുക എന്നാണര്‍ത്ഥം. വിപ്ലവം ലക്ഷ്യവും പരിപാടിയുമാക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാത്ത പാര്‍ട്ടികളാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിശക്തിയൊന്നും വേണ്ട.
ഒരേ സമയം പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നു എന്നു പറയുകയും വിപ്ലവം ലക്ഷ്യമാക്കുകയും ചെയ്യുന്നു എന്നതാണ് മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വൈരുദ്ധ്യം. മാവോയിസ്റ്റുകളും നക്സല്‍ബാരികളും അത്പോലെയുള്ള ഗ്രൂപ്പുകളും പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നില്ല. അവര്‍ വിപ്ലവം മാത്രമാണ് ഉന്നം വയ്ക്കുന്നത്. അതായത് അവരുടെ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം മാത്രമാണവരുടെ ലക്ഷ്യം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നാല്‍ ഒറ്റക്കക്ഷി ഭരണക്കുത്തകയാണെന്നും അത് പാര്‍ലമെന്ററി ഡെമോക്രസിക്ക് എതിരാണെന്നും പറയേണ്ടല്ലൊ. ഇന്ത്യയില്‍ സി.പി.ഐ.യും സി.പി.എമ്മും ആണ് പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുന്നു എന്ന് പറയുകയും എന്നാല്‍ വിപ്ലവം ഉപേക്ഷിക്കുകയും ചെയ്യാത്ത രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഒരേ സമയം പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുന്നു എന്നു പറയുകയും അതേ സമയം വിപ്ലവം എന്ന പരിപാടിയും ലക്ഷ്യവും അവര്‍ ഉന്നം വെക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള പാര്‍ട്ടികള്‍ക്ക് കൊലപാതകം എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്. സി.പി.ഐ.ക്ക് ആള്‍ബലമില്ല. അത്കൊണ്ട് അവര്‍ കൊല്ലുന്നില്ല. സി.പി.എമ്മിന് ആള്‍ബലമുണ്ട്. അത്കൊണ്ട് അവര്‍ കൊല്ലുന്നു.
ജനാധിപത്യം അംഗീകരിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ജനാധിപത്യത്തെ കൊല ചെയ്യുന്ന വിപ്ലവപരിപാടികള്‍ സി.പി.ഐ.ക്കും സി.പി.എമ്മിനും ഉണ്ട്. ജനാധിപത്യം തത്വത്തില്‍ അംഗീകരിക്കുന്നെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും വിപ്ലവ പരിപാടി ഒഴിവാക്കണമായിരുന്നു. അത് ചെയ്തിട്ടില്ല. കമ്മ്യൂണിസം തകര്‍ന്ന റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുന:സഘടിപ്പിക്കപ്പെട്ടുണ്ട്. അവരൊക്കെ വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും വര്‍ഗ്ഗസമരവും ഒഴിവാക്കി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ചു. ഭൂരിപക്ഷം കിട്ടിയാല്‍ ഭരണം നടത്തും. അല്ലെങ്കില്‍ പ്രതിപക്ഷത്ത് ഇരുന്ന് ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും. പാര്‍ലമെന്ററി വ്യവസ്ഥയില്‍ വിപ്ലവത്തിന് പ്രസക്തി ഇല്ലെന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യയിലെ രണ്ട് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും ഇങ്ങനെ തീരുമാനിക്കാതെ ആളുകളെയും അണികളെയും പറ്റിക്കുകയാണ് ചെയ്യുന്നത്.
എന്താണ് സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും വിപ്ലവ പരിപാടികള്‍. ദേശീയ ജനാധിപത്യ വിപ്ലവമാണ് സി.പി.ഐ.യുടേത്. യോജിക്കാവുന്ന പാര്‍ട്ടികളെ കൂട്ടുപിടിച്ച് സായുധവിപ്ലവത്തിലൂടെയല്ലാതെ വിപ്ലവത്തിന്റെ ആദ്യപടിയായ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കണമെന്നാണ് സി.പി.ഐ.യുടെ പരിപാടി. പിന്നെയാണ് സോഷ്യലിസ്റ്റ് വിപ്ലവം. സോഷ്യലിസ്റ്റ് വിപ്ലവം നടന്നു കഴിഞ്ഞാല്‍ പിന്നെ സി.പി.ഐ.യും അതിന്റെ ഭരണവും മാത്രമേയുണ്ടാവൂ. ആദ്യഘട്ടമായ ദേശീയ ജനാധിപത്യ വിപ്ലവത്തില്‍ നേതൃത്വപരമായ പങ്ക് സി.പി.ഐ.ക്ക് തന്നെ വേണമെന്ന് നിര്‍ബ്ബന്ധമില്ല. അത്കൊണ്ട് സി.പി.ഐ.ക്ക് ആരുമായും കൂട്ടുകൂടാനും ഏത് ഭരണത്തില്‍ പങ്ക് പറ്റാനും തടസ്സമില്ല. സമാധാനപരമായ രീതിയില്‍ വിപ്ലവത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് സി.പി.ഐ. കരുതുന്നു. എന്നാലും സോഷ്യലിസ്റ്റ് വിപ്ലവാനന്തരം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം എന്ന വ്യവസ്ഥ സി.പി.ഐ.യും അംഗീകരിച്ചിട്ടില്ല.
സി.പി.ഐ.യുടേതിനേക്കാളും കട്ടിയും കടുപ്പവും കൂടിയതാണ് സി.പി.എമ്മിന്റെ പരിപാടി. ജനകീയ ജനാധിപത്യ വിപ്ലവമാണ് ആദ്യപടി. ആ വിപ്ലവത്തില്‍ സായുധവിപ്ലവം ഒഴിവാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ ആയുധം എടുക്കണം എന്നാണ് നിലപാട്. സി.പി.ഐ.യെ പോലെ സമാധാനപരമായി വിപ്ലവം നടക്കും എന്ന് സി.പി.എം. കരുതുന്നില്ല. വേണ്ടി വന്നാല്‍ ആയുധം എടുക്കേണ്ടി വരുമെന്ന് അവര്‍ കരുതുന്നു. മാത്രമല്ല നേതൃത്വപരമായ പങ്ക് എപ്പോഴും സി.പി.എമ്മിന് ആയിരിക്കുകയും വേണം. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് പാര്‍ട്ടികളും ആത്യന്തികമായി ഉന്നം വയ്ക്കുന്നത് വിപ്ലവവും വിപ്ലവാനന്തരം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവുമാണ്. ഇവര്‍ ശരിക്കും ജനാധിപത്യം അംഗീകരിക്കുന്നെങ്കില്‍ ചെയ്യേണ്ടത് റഷ്യയിലെയും കിഴക്കന്‍ യുറോപ്യയിലെയും പുന:സംഘടിപ്പിക്കപെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്ത പോലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് പഴയ സിദ്ധാന്തങ്ങളായ വര്‍ഗ്ഗസമരവും വിപ്ലവവും ഒക്കെ ഒഴിവാക്കുകയാണ്. അത് ചെയ്യാത്ത കാലത്തോളം സി.പി.ഐ.യും സി.പി.എമ്മും ജനാധിപത്യ പാര്‍ട്ടികളല്ല.
എം.എം. മണി ഇപ്പോള്‍ പറഞ്ഞ കൊലപാതകങ്ങള്‍ സി.പി.എം. നടത്തിയ അക്കാലത്ത് കമ്മ്യൂണിസം അതിന്റെ ഉച്ചസ്ഥായിലായിരുന്നു. ലോകത്തിലെ ജനസംഖ്യയില്‍ മുന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റുകാരാണ് എന്ന് അവര്‍ അഹങ്കരിച്ചു നടന്നിരുന്ന കാലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതിനും മുന്‍പ് ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഏ.കെ.ജി. ആയിരുന്നു പ്രതിപക്ഷ നേതാവ്. ഒട്ടനവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഇന്ന് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്തി നില്‍ക്കുന്ന അവസ്ഥ എല്ലാവര്‍ക്കുമറിയാം. ഇന്ത്യയില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ത്രിപുരയില്‍ മാത്രമായി ഒതുങ്ങിപ്പോയി. കേരളത്തില്‍ അടുത്ത തവണ എങ്ങനെയും ഭരണം പിടിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് അഭൂതപൂര്‍വ്വമായ പ്രതിസന്ധി സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത്. സി.പി.എം. കൈയ്യാളിയിരുന്ന കൊലപാതകരാഷ്ട്രീയം ഒന്ന് മാത്രമാണ് ഈ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഞഞ്ഞാമിഞ്ഞ പറഞ്ഞ് പ്രതിസന്ധിയെ മറികടക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
അത്കൊണ്ട് , തങ്ങള്‍ക്ക് കൊലപാതകങ്ങളില്‍ പങ്ക് ഇല്ലെന്ന് പറഞ്ഞത്കൊണ്ടോ കൊലപാതകം തങ്ങളുടെ നയമല്ല എന്ന് പറഞ്ഞത്കൊണ്ടോ മറ്റ് പാര്‍ട്ടികളും കൊന്നിട്ടുണ്ട് തങ്ങളുടെ സഖാക്കളും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ന്യായീകരിച്ചത്കൊണ്ടോ സി.പി.എം. രക്ഷപ്പെടാന്‍ പോകുന്നില്ല. ഇനി മേലില്‍ പാര്‍ട്ടി തലത്തില്‍ ആസൂത്രണം ചെയ്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യില്ല എന്നും ക്രിമിനലുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാനും സി.പി.എം. തയ്യാറാകണം. അത് സി.പി.എം. ചെയ്യില്ല. കാരണം അങ്ങനെ ചെയ്താല്‍ സി.പി.എം. എന്ന പാര്‍ട്ടി പിന്നെ ഇല്ല. സി.പി.എം. അല്ലാത്ത പാര്‍ട്ടികള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അതൊക്കെ ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ്. സി.പി.എം.കാരെ കൊന്നിട്ടുള്ള കേസുകളില്‍ കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും സി.പി.എം. പിന്നീട് കൊന്നിട്ടുണ്ട്. എന്നാല്‍ സി.പി.എം. പ്രതികളെ കോടതി വെറുതെ വിട്ടാല്‍ അവര്‍ക്ക് ഒരു പോറലും സംഭവിക്കാറില്ല. കൊലപാതകരാഷ്ട്രീയം മറ്റ് പാര്‍ട്ടികള്‍ പരിപാടി ആക്കാത്തത്കൊണ്ടാണത്.
കേരളത്തില്‍ സി.പി.എം. കൊലപാതകരാഷ്ട്രീയം ഒഴിവാക്കിയാല്‍ മറ്റ് പാര്‍ട്ടികള്‍ ആരെയും കൊല്ലില്ല. എന്തെന്നാല്‍ സി.പി.എമ്മാണ് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി. വേണ്ടി വന്നാല്‍ ആയുധം പേറി വിപ്ലവത്തിന് സജ്ജമാകേണ്ട പാര്‍ട്ടി എന്ന ബോധം പേറുന്ന സി.പി.എം. കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കരുതാന്‍ വയ്യ. അത്കൊണ്ട് സി.പി.എമ്മിനെ കഴിയാവുന്നത്ര ദുര്‍ബ്ബലമാക്കുക എന്ന കടമയാണ് ജനാധിപത്യവാദികള്‍ നിര്‍വ്വഹിക്കേണ്ടത്. ഇപ്പോള്‍ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും വി.എസ്സ്. ഫാക്ടറും എല്ലാം ചേര്‍ന്ന് കേരളത്തിലും സി.പി.എം. ദുര്‍ബ്ബലമാകുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിലും ജനാധിപത്യം ശക്തി പ്രാപിക്കുന്ന ഈ പരിഷ്കൃത കാലഘട്ടത്തില്‍ പ്രാകൃതമായ ഉന്മൂലന സിദ്ധാന്തത്തിനും വിപ്ലവത്തിനും എന്ത് പ്രസക്തിയും ആയുസ്സും ആണുള്ളത്. പാര്‍ലമെന്ററി ഡെമോക്രസി അതിന്റെ സ്പിരിറ്റില്‍ അംഗീകരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും എന്ന് മാത്രം വെറുതെ പറഞ്ഞു വെക്കട്ടെ.