ഗൂഗ്‌ള്‍ ചൈനയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമോ അതോ അവര്‍ ചൈനയിലെ കച്ചവടം പൂട്ടിക്കെട്ടി പോകുമോ എന്നൊന്നും പറയാറിട്ടില്ല. കാരണം ചൈനയുടെ ഉപാധി സ്വീകരിച്ചു കൊണ്ട് ഗൂഗ്‌ള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് തന്നെ ബിസിനസ്സ് താല്പര്യം മുന്‍നിര്‍ത്തിയാണ്. ചൈന നിര്‍ദ്ദേശിക്കുന്ന വാക്കുകള്‍ google.cn സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ സെര്‍ച്ച് ഫലം ഫില്‍ട്ടര്‍ ചെയ്യാമെന്നാണ് ഗൂഗ്‌ള്‍ സമ്മതിച്ചത്. ചൈനയ്ക്ക് മാത്രമായി ഇത്തരമൊരു ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചതില്‍ ഗൂഗ്‌ള്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍, ചൈനയ്ക്ക് വേണ്ടി സെര്‍ച്ച് ഫലങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നത് നിര്‍ത്തി വെക്കാനാണ് ഗുഗ്‌ള്‍ തീരുമാനിച്ചിട്ടുള്ളത്. ഗൂഗ്‌ളിന്റെ ഈ തീരുമാനത്തെ പറ്റി കുറിഞ്ഞി ഓണ്‍ലൈനില്‍ എഴുതിയിട്ടുണ്ട്, ഇവിടെയും വായിക്കാം. ഇക്കാര്യം ഗൂഗ്‌ളുമായി ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് അധികാരികള്‍ സൂചിപ്പിച്ചതായി കണ്ടു. എന്നാല്‍ ഗൂഗ്‌ളിന്റെ ഈ തീരുമാനം ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോള്‍ ചൈനയില്‍ ഒരു ചലനവും ഉണ്ടായില്ലെന്ന് മാത്രമല്ല ഈ വാര്‍ത്തയും അവിടെ സെന്‍സര്‍ ചെയ്യപ്പെട്ടു.
ഗൂഗ്‌ളില്‍ നമ്മള്‍ ഒരോ വാക്ക് സെര്‍ച്ച് ചെയ്യുമ്പോളും നമ്മുടെ ഐ.പി.അഡ്രസ്സും തേടപ്പെട്ട വാക്കും ഗൂഗ്‌ള്‍ സൂക്ഷിച്ചു വെക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. സെര്‍ച്ച് ചെയ്യുന്ന ഒരാളെ ഗൂഗ്‌ളിന് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. മാത്രമല്ല ഈ വിവരങ്ങള്‍ ഒരിക്കലും നശിപ്പിക്കുന്നുമില്ല. ജിമെയില്‍ തൊട്ട് എല്ലാ ഗൂഗ്‌ള്‍ സര്‍വ്വീസിനും ഇത് ബാധകമാണ്. ചൈനയില്‍ മനുഷ്യാവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ വേണ്ടി ചൈനക്കകത്തും പുറത്തും നിരവധി ചൈനക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ചാര്‍ട്ടര്‍ 8 എന്ന പേരില്‍ ഒരു രേഖ തന്നെ അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ചൈനീസ് ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ചൈന ഏറ്റവും ഭയപ്പെടുന്നത് സ്വന്തം ജനതയ്ക്ക് അറിയാനുള്ള അവകാശവും അഭിപ്രായം പറയാനുള്ള അവകാശവും നല്‍കുന്നതിനാണ്. നമ്മുടെ നാട്ടിലും കമ്മ്യൂണിസം വന്നാല്‍ ഇതൊക്കെ തന്നെയാണ് ഗതി എന്ന് എല്ലാവരും മനസിലാക്കണം. രണ്ട് രണ്ടേകാല്‍ സംസ്ഥാനത്ത് മാത്രം ഒതുക്കപ്പെട്ടത് കൊണ്ടാണ് കമ്മ്യൂണിസത്തിന്റെ ഭീകരത നമുക്ക് മനസ്സിലാകാത്തത്. ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞ ഫാസിസ്റ്റുകളാണ് കമ്മ്യൂണിസ്റ്റുകാര്‍. ഫാസിസം എന്നത് ഒരു ക്ലീഷേ ആയിപ്പോയത് കൊണ്ട് ഭീകരതയുടെ ഏറ്റവും ഉയര്‍ന്ന രൂപമായി നാം ഫാസിസം എന്ന വാക്ക് ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഫാസിസത്തിന്റെ വല്യേട്ടനാണ് കമ്മ്യൂണിസം.
സെര്‍ച്ച് ഫലം ഫില്‍ട്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച ചൈനീസ് സര്‍ക്കാര്‍, സെര്‍ച്ച ചെയ്ത വ്യക്തിയെ കാട്ടിക്കൊടുക്കാനും നിര്‍ദ്ദേശിച്ചു കൂടായ്കയില്ല. യാഹൂ മെയില്‍ അക്കൌണ്ടിന്റെ ഉടമയായ ഒരു പത്രപ്രവര്‍ത്തകനെ ചൈന പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. യാഹൂ ആണ് അയാളെ ഭരണകൂടത്തിന് കാട്ടിക്കൊടുത്തത്. ചാര്‍ട്ടര്‍ 8 ന്റെ കരട് ഓണ്‍ലൈനില്‍ ലഭ്യമാക്കിയെന്ന് സംശയിക്കുന്ന ലിയൂ ഷിയാബോ ഇപ്പോള്‍ ജയിലിലാണ്. ഗൂഗ്‌ള്‍ സെര്‍ച്ച് ഫില്‍ട്ടര്‍ ചെയ്യുക മാത്രമല്ല ബ്ലോഗ്ഗര്‍, ഫേസ്ബുക്ക്, ട്വിറ്റര്‍,ഓര്‍ക്കുട്ട് തുടങ്ങി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എല്ലാം ചൈനയില്‍ നിരോധിതമാണ്.
എന്തൊക്കെ വാക്കുകളാണ് നിരോധിച്ചിട്ടുള്ളത് എന്നതിന്റെ ഏകദേശ പട്ടികയാണ് ഇത്. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. google.com ല്‍ tiananmen square എന്ന് സെര്‍ച്ച് ചെയ്താല്‍ 1989ല്‍ ടിയാന്‍മെന്‍ സ്ക്വയറില്‍ നടന്ന മുഴുവന്‍ സംഭവങ്ങളും നമുക്ക് ഗൂഗ്‌ളില്‍ നിന്ന് കിട്ടും. എന്നാല്‍ google.cn ല്‍ സെര്‍ച്ച് ചെയ്താല്‍ ഒന്നും ലഭിക്കില്ല. അതേ പോലെ അന്നത്തെ സംഭവത്തെ കുറിച്ച് വിക്കിപീഡിയയില്‍ ലേഖനങ്ങളുണ്ട്. വിക്കിപീഡിയയും ചൈനയില്‍ നിരോധിതമാണ്. അതേ പോലെ images.google.com ലും images.google.cn ലും ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്താലും വ്യത്യാസം മനസ്സിലാകും. നോക്കണം , പാര്‍ട്ടി ഭരണം കുത്തകയാക്കി വെക്കാന്‍ ചൈനീസ് ഭരണകൂടം എന്ത് പാടാണ് പെടുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണം വന്നാല്‍ ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ഭരിക്കുന്ന പോലെയേ ഭരിക്കൂ , ഇവിടെ ജനാധിപത്യമാണ് പാര്‍ട്ടി നടപ്പാക്കുക പിന്നെ എന്തിനാണ് നിങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നത് എന്നും മറ്റും ചിലര്‍ എന്നോട് കമന്റിലൂടെ ചോദിക്കാറുണ്ട്. നല്ല കാര്യായിപ്പോയി. ഇന്ത്യയില്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രണ്ടാമത്തെ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അക്കണക്കിന് പാര്‍ട്ടി ക്രമപ്രവൃദ്ധമായി ഇവിടെ വളര്‍ന്നിരുന്നുവെങ്കില്‍ കാണാമായിരുന്നു അവരുടെ ജനാധിപത്യം. ഇപ്പോള്‍ തന്നെ ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രത്തിനും പ്രവേശനമില്ല. കമ്മ്യൂണിസം ഒറ്റ ഇസമാണ്. അത് നടപ്പാക്കുന്നതിനും ഒറ്റ രീതിയേയുള്ളൂ. അധികാരം കിട്ടുന്നത് വരെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പുരോഗമനത്തിന്റെയും ഒക്കെ സംരക്ഷകരാണെന്ന് നടിക്കും അവര്‍. അധികാരം കിട്ടിയാലോ, പിന്നെ എല്ലാ അവകാശങ്ങളും പാര്‍ട്ടിക്കും സര്‍ക്കാറിനും മാത്രം. ഇടത് കമ്മ്യൂണിസ്റ്റ്,വലത് കമ്മ്യൂണിസ്റ്റ്, നക്സല്‍, മാവോയിസ്റ്റ് എന്നെല്ലാം പറയുന്നത് അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലെ വ്യത്യാസം കൊണ്ടാണ്. അധികാരം കിട്ടിയാല്‍ സംഗതി എല്ലാം ഒന്ന് തന്നെ. സ്റ്റാലിനില്‍ നിന്ന് പ്രചണ്ഡക്കും,പ്രചണ്ഡയില്‍ നിന്ന് പിണറായിക്കും വലിയ വ്യത്യാസം ഒന്നുമുണ്ടാകില്ല. നേപ്പാളില്‍ പ്രചണ്ഡയുടെ പ്രധാന ആവശ്യം കേട്ടില്ലെ. ഒളിപ്പോരാളികളായ തന്റെ മുഴുവന്‍ അനുകൂലികളെയും പട്ടാളത്തില്‍ ലയിപ്പിക്കണമെന്ന്. എന്താ ഉദ്ദേശ്യം? നേപ്പാള്‍ മാവോയിസ്റ്റ് ഏകകക്ഷിഭരണത്തില്‍ കൊണ്ടുവരാനുള്ള കൌശലം. പരിഷ്കൃതലോകത്ത് ഇത്തരം ഒരാവശ്യം ആരെങ്കിലും മുന്നോട്ട് വെക്കുമോ? അതാണ് കമ്മ്യൂണിസ്റ്റ്കാരുടെ സോ കോള്‍ഡ് അടവ്-തന്ത്രം. ഇങ്ങനെ പൌരന്മാരെ അവിശ്വസിച്ച് കൊണ്ട് ഭരണം നടത്തിയിട്ട് ആര്‍ക്ക് എന്ത് നേട്ടം? ഇന്റര്‍നെറ്റിനെതിരെ ഇരുമ്പ് മറ തീര്‍ക്കുന്ന ചൈനയുടെ കാര്‍ക്കശ്യം ആധുനികലോകം എത്ര കാലം അനുവദിക്കും എന്ന് കാത്തിരുന്ന് കാണാം.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളത് ചൈനയിലാണ്. ഏകദേശം 36 കോടിയിലധികം നെറ്റ് ഉപഭോക്താക്കള്‍ എന്നാണ് കണക്ക്. ചൈനയിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഇന്‍ഡസ്ട്രിയില്‍ 30 ശതമാനം മാത്രമാണ് ഗൂഗ്‌ളിന്റെ പങ്ക്. ചൈനയുടെ സെര്‍ച്ച് എഞ്ചിന്‍ ആയ baidu.cn വിനാണ് 60 ശതമാനത്തിലധികം പങ്കും. വ്യാജ സോഫ്റ്റ്‌വേര്‍ അധികം ഉപയോഗിക്കുന്നതും ചൈനയില്‍ തന്നെ. മൈക്രോസോഫ്റ്റ് വളരെ വില കുറച്ചാണ് അവിടെ സോഫ്റ്റ്‌വേറുകള്‍ നല്‍കുന്നത്. എന്നിട്ടും സോഫ്റ്റ്‌വേര്‍ മോഷണത്തിന് കുറവൊന്നുമില്ല എന്ന് പറയപ്പെടുന്നു. സെര്‍ച്ച് ഫലം ഫില്‍ട്ടര്‍ ചെയ്യുന്നത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് ഗൂഗ്‌ളിന്റെ വ്യാപാരതന്ത്രമായും കരുതപ്പെടുന്നുണ്ട്. 2006 മുതല്‍ തീവ്രമായി പരിശ്രമിച്ചിട്ടും baidu.cn നെ പിന്തള്ളാനോ ബിസിനസ്സില്‍ കാര്യമായ ലാഭം ഉണ്ടാക്കാനോ ഗൂഗ്‌ളിന് സാധിച്ചിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗ്‌ളിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാടാണ് എന്നും വാദിക്കുന്നവരുണ്ട്. ലോകത്ത് അതിവേഗം വളര്‍ന്ന് വരുന്ന സാമ്പത്തികശക്തിയായ ചൈനയില്‍ നിന്ന് പിന്മാറിയാല്‍ അതിനാല്‍ ബാധിക്കപ്പെടുക ഗൂഗ്‌ള്‍ തന്നെയായിരിക്കും എന്നും അവര്‍ കരുതുന്നു. അത്കൊണ്ടാണ് ഗൂഗ്‌ളിന്റെ ഇപ്പോഴത്തെ തീരുമാനത്തിന്റെ പര്യവസാനം പ്രവചിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ആദ്യം പറഞ്ഞത്. ഗൂഗ്‌ള്‍ ചൈനയില്‍ നിന്ന് പിന്മാറി എന്ന മട്ടിലാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്. ഗൂഗ്‌ളും ചൈനീസ് ഗവണ്മെന്റും സന്ധി ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്. എന്നാലും ജനാധിപത്യവ്യവസ്ഥിതിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ചൈനയ്ക്ക് എത്ര കാലം അതിന് കഴിയും? ചൈനയില്‍ നിന്ന് നമുക്ക് കുറെ കാണാനും പഠിക്കാനുമുണ്ട്. കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ വില അറിയില്ല.
(ഇമേജുകള്‍ക്ക് ഗൂഗ്‌ളിനോട് കടപ്പാട്)