പ്രഭാകരന്‍ മരിച്ചിട്ടില്ല ?

രസകരമായ കവര്‍ ചിത്രത്തോടുകൂടിയാണ് നക്കീരന്‍ എന്ന തമിഴ് ദ്വൈവാരിക ഈ ലക്കം ഇറങ്ങിയിരിക്കുന്നത്. സ്വന്തം മൃതദേഹം ടിവിയില്‍ കണ്ട് ആസ്വദിക്കുന്ന പ്രഭാകരന്റെ ഫോട്ടോ ആണ് അതിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പ്രഭാകരന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ അന്ത്യം ഇനിയും വിശ്വസിച്ചിട്ടില്ല. പ്രഭാകരന്‍ സുരക്ഷിതമായി കഴിയുന്നുണ്ടെന്ന് എസ്.പത്മനാഭന്‍ എന്ന പുലിനേതാവ് എവിടെയോ മറഞ്ഞിരുന്നുകൊണ്ട് ലോകത്തോട് വിളിച്ചു പറയുന്നുമുണ്ട്. പ്രഭാകരന്‍ തിരിച്ചുവരുമെന്ന് തന്നെ പല പുലി അനുകൂലികളും വിശ്വസിക്കുന്നു. എന്നാല്‍ നക്കീരന്‍ എന്ന പ്രസിദ്ധീകരണം ചെയ്തത് പത്രധര്‍മ്മത്തിന് ഒട്ടും നിരക്കാത്ത നീചമായ ഒരു നടപടിയായിപ്പോയി. നക്കീരന്‍ റിപ്പോര്‍ട്ടിനെ പറ്റി ചെന്നെയില്‍ നിന്ന്:
ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.
ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58ആം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍.ടി.ടി.ഇ.യുടെ നേതാവായിരുന്ന ആന്റണ്‍ ബാലസിംഗവുമായി വേലുപ്പിള്ള പ്രഭാകരന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടും തമിഴ് പുലി അനുകൂല വെബ്‌സൈറ്റ് ആയ തമിഴ് നെറ്റില്‍ 2003 മാര്‍ച്ച് 2ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ഫോട്ടോ കമ്പ്യൂട്ടറിന്റെ സാ‍ധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കൃത്രിമമായി ഉണ്ടാക്കിയിട്ടാണ് നക്കീരന്‍ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്. നക്കീരന്റെ വിശ്വാസ്യത ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 2-3-2003ന്റെ ലക്കം തമിഴ്‌നെറ്റില്‍ പ്രഭാകരനും ബാലസിംഗവും സംസാരിക്കുന്ന ചിത്രം താഴെ കാണുക. ഒരു പ്രസിദ്ധീകരണവും ഇത്രയും തരം താഴരുത്.

ഏതൊരു ഫാസിസ്റ്റിനും സംഭവിക്കാവുന്ന അന്ത്യമാണ് പ്രഭാകരനും സംഭവിച്ചത്. തന്റെ കഴിവുകള്‍ ശ്രീലങ്കന്‍ തമിഴരുടെ ഉന്നമനത്തിനായി ക്രിയാത്മകമായി പ്രഭാകരന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ അത് അവിടത്തെ തമിഴ് വംശജര്‍ക്കും ശ്രീലങ്കയ്കും ഗുണകരമാവുമായിരുന്നു. എത്രയോ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ ജന്മനാ ഫാസിസ്റ്റായവര്‍ ചരിത്രത്തില്‍ നിന്ന് ഒരിക്കലും പാഠം പഠിക്കുന്നില്ല. ചെറുതും വലുതുമായ ഫാസിസ്റ്റുകള്‍ക്ക് സമൂഹം ജന്മം നല്‍കിക്കൊണ്ടേയിരിക്കുന്നു എന്നത് എക്കാലത്തെയും നിത്യസത്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഏതൊരു സംഘടനയും മഹത്തായ ലക്ഷ്യത്തെ മുന്‍‌നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്റെ മാര്‍ഗ്ഗവും മഹത്തായതായിരിക്കണം. മഹാത്മാഗന്ധിജി ലോകത്തിന് നല്‍കിയ ഈ സന്ദേശം എക്കാലത്തും പ്രസക്തമാണ്. ലക്ഷ്യം ഒരിക്കലും മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല. മാത്രമല്ല തിന്മയിലൂടെ സഞ്ചരിച്ച ഒരു പ്രസ്ഥാനത്തിന് പിന്നീട് ഒരിക്കലും നന്മയുടെ മാര്‍ഗ്ഗത്തില്‍ എത്തിപ്പെടാന്‍ കഴിയില്ല. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച തകര്‍ച്ചയുടെ അടിസ്ഥാനകാരണം ഇതാണ്. ആശയമോ തത്വശാസ്ത്രമോ മഹത്തരമായത്കൊണ്ട് കാര്യമില്ല. അത് ഫാസിസ്റ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായില്ലെങ്കില്‍ പ്രത്യയശാസ്ത്രവും സംഘടനയും ജനവിരുദ്ധവും ആളെക്കൊല്ലിയുമാവും. പക്ഷെ ശരിയായ നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ പലപ്പോഴും ജനങ്ങള്‍ക്ക് കഴിയുന്നില്ല. ചിലപ്പോഴൊക്കെ അത് ഒരു ഭാഗ്യം പോലെ സംഭവിക്കുന്നു എന്ന് മാത്രം!

(പ്രഭാകരന്റെ അവസാനനാളുകള്‍ വായിക്കുക)

25 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഏതൊരു സംഘടനയും മഹത്തായ ലക്ഷ്യത്തെ മുന്‍‌നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്റെ മാര്‍ഗ്ഗവും മഹത്തായതായിരിക്കണം. മഹാത്മാഗന്ധിജി ലോകത്തിന് നല്‍കിയ ഈ സന്ദേശം എക്കാലത്തും പ്രസക്തമാണ്. ലക്ഷ്യം ഒരിക്കലും മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല. മാത്രമല്ല തിന്മയിലൂടെ സഞ്ചരിച്ച ഒരു പ്രസ്ഥാനത്തിന് പിന്നീട് ഒരിക്കലും നന്മയുടെ മാര്‍ഗ്ഗത്തില്‍ എത്തിപ്പെടാന്‍ കഴിയില്ല.

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ്.

Amarghosh | വടക്കൂടന്‍ said...

തനിക്ക് യോജിപ്പില്ലാത്ത തത്വശാസ്ത്രങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഫാസിസ്റ്റ് ലേബല്‍ ചാര്‍ത്തിക്കൊടുക്കുന്നത് ശരിയാണോ? പ്രഭാകരന്‍ ശരിക്കും ഒരു ഫാസിസ്റ്റ് ആയിരുന്നോ - ഹിറ്റ്ലറെയോ മുസോളിനിയേയോ പോലെ, അതുമല്ലെങ്കില്‍ ഇന്നാട്ടിലെയും അഫ്ഘാനിലെയും മൌലികവാദികളെപ്പോലെ?

ആദ്യം പ്രഭാകരന്‍ ഒരു മനുഷ്യസ്നേഹിയായിരുന്നിരിക്കണം - അതുകൊണ്ടായിരിക്കുമല്ലോ അവഗണിക്കപ്പെട്ട് പോയ ജനതയ്ക്ക് വേണ്ടി സ്വരമുയര്‍ത്തിയത്. ചോരയുടെ തിളപ്പില്‍ ആയുധമെടുത്തവര്‍ പിന്നെ ആ ജനതയുടെ പ്രതീക്ഷയായി മാറി... പ്രസ്ഥാനത്തിന് സംഭവിച്ച അപചയത്തിന്റെ/തെറ്റായ തീരുമാനങ്ങളുടെ പരിണിതഫലമായി ഒടുവില്‍ തീവ്രവാദിയില്‍ നിന്ന് ഭീകരവാദിയായി മാറി..

മരിക്കുമ്പോള്‍ പ്രഭാകരന്‍ തീവ്രവാദി/ഭീകരവാദിയായിരുന്നു.. ഒരിക്കലും ഒരു ഫാസിസ്റ്റ് ആയിരുന്നില്ല. ഫാസിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഹിറ്റ്ലറാണ് ആദ്യം മനസില്‍ വരുന്ന ചിത്രം. ശ്രീലങ്കന്‍ തമിഴന്റെ മോചനത്തിന് ഇതാണ് വഴി എന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നത് കൊണ്ടായിരിക്കാം പ്രഭാകരന്‍ മിതവാദി പ്രസ്ഥാനങ്ങളെ ഒതുക്കിയത് - ജൂതരെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ ഹിറ്റ്ലറുമായി ഇതിനെ താരതമ്യം ചെയ്യാമോ?

ഞാന്‍ അവരെ ന്യായീകരിക്കുകയല്ല - അവര്‍ ചെയ്തത് തെറ്റ് തന്നെയായിരുന്നു. (ഇന്ത്യന്‍ (മുന്‍) പ്രധാനമന്ത്രിയെ കൊന്നവരെ അപ്പോള്‍ തന്നെ നിലക്ക് നിര്‍ത്താന്‍ കഴിയാഞ്ഞത് നമ്മുടെ കഴിവുകേട്).

പ്രഭാകരന്റെ വീഴ്ചയും രാജീവിന്റെ പിന്‍ഗാമികളുടെ വാഴ്ചയും ഒരേ സമയത്തായത് ചരിത്രത്തിന്റെ യാദൃച്ഛികത മാത്രമാണോ അതോ... പുലികളെ വീഴ്ത്തിയ സൈനികമുന്നേറ്റത്തിന് പിന്നില്‍ ഇന്ത്യയുടെ കരങ്ങളുണ്ടാകുമോ? ഉണ്ടെങ്കില്‍ തന്നെ അതൊന്നും നമ്മളറിയാന്‍ പോണില്ല, അല്ലേ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഫാസിസം എന്ന പദം ഇന്ന് സാധാരണയായി ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ ശരിയായ അര്‍ത്ഥത്തിലാണോ ആ വാക്ക് ഉപയോഗിച്ചു വരുന്നത് എന്ന് സംശയമാണ്. ഭരണകൂടഭീകരതയെ ഉദാഹരിക്കാനാണ് ആ പദം ഉപയോഗിക്കുന്നതെങ്കില്‍ ഫാസിസം എന്ന വാക്കിനേക്കാള്‍ അര്‍ത്ഥവത്തായ പദം കമ്മ്യൂണിസം എന്നതാണെന്ന് എം.ജി.എസ്.നാരായണന്‍ പറഞ്ഞിട്ടുണ്ട്. കാരണം കമ്മ്യൂണിസ്റ്റ് ഭരണകൂടഭീകരതകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല. ആയിരം ഹിറ്റ്ലര്‍ ചേര്‍ന്നതാണ് സ്റ്റാലിന്‍ എന്ന് ക്രൂഷ്ചേവ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയില്‍ മുസ്സോളിനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രസ്ഥാനത്തെയാണല്ലൊ ഫാസിസം എന്ന് പറയുന്നത്. അത് ഇറ്റലിയില്‍ മാത്രമായിരുന്നു. മാത്രമല്ല അതിന്റെ ആയുസ്സ് എകദേശം രണ്ടര പതിറ്റാണ്ടോളം മാത്രമായിരുന്നു താനും. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടഭീകരത എത്രയോ രാജ്യങ്ങളില്‍ വ്യാപിച്ചിരുന്നതും സ്റ്റാലിന്‍ തുടങ്ങി പോള്‍ പോട്ട് വരെ അനേകം സര്‍വ്വാധിപതികളെ സൃഷ്ടിച്ചതുമായ പ്രത്യയശാസ്ത്രമായിരുന്നു.

ഭരണകൂടഭീകരതയുടെ കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം കമ്മ്യൂണിസത്തി(സ്റ്റാലിന്‍)നും, നാസിസ(ഹിറ്റ്ലര്‍)ത്തിനുമാണ് എന്നും ഫാസിസ(മുസ്സോളിനി)ത്തിന് മൂന്നാം സ്ഥാനം മാത്രമേയുള്ളൂവെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഫാസിസം എന്ന വാക്കാണ് ഭരണകൂടഭീകരതയുടെ പര്യായമായി പറയപ്പെടുന്നത്.

പ്രഭാകരനെ സംബന്ധിച്ചു പറഞ്ഞാല്‍ കുട്ടികളെ പോലും ഓരോ കുടുംബത്തില്‍ നിന്നും നിര്‍ബ്ബന്ധമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത കിരാതമായ നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. ഫാസിസ്റ്റ് എന്ന വിശേഷണം അദ്ദേഹത്തിന്റെ ഭീകരതകള്‍ക്ക് അപര്യാപ്തമാണ്.

പിന്നെ, പുലികളെ വീഴ്ത്തിയ സൈനികമുന്നേറ്റത്തിന് പിന്നില്‍ ഇന്ത്യയുടെ കരങ്ങളുണ്ടാകുമോ എന്ന് എന്തിനാണ് നാം സംശയിക്കുന്നത്? നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പുലികള്‍ക്ക് പോലും അത്രയും സുസജ്ജമായ ഒരു സൈനീകശേഷി കൈവരിക്കാനാകുമെങ്കില്‍ അവരെ ഉന്മൂലനം ചെയ്യാനുള്ള കരുത്ത് വ്യവസ്ഥാപിതമായ ശ്രീലങ്കന്‍ സര്‍ക്കാരിനും സൈന്യത്തിനും ആര്‍ജ്ജിക്കാന്‍ കഴിയില്ലെ?

വയലന്‍സ് കൊണ്ട് ഒരു സാമൂഹ്യപ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി ചരിത്രമില്ല എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.

NITHYAN said...

നല്ല നിരീക്ഷണങ്ങൾ. ചർച്ച തുടരട്ടെ.

Amarghosh | വടക്കൂടന്‍ said...

എന്നാല്‍ ശരിയായ അര്‍ത്ഥത്തിലാണോ ആ വാക്ക് ഉപയോഗിച്ചു വരുന്നത് എന്ന് സംശയമാണ്ഇത് തന്നെയാണ് ഞാനും പറഞ്ഞത്. (ഭീകരവാദിയും തീവ്രവാദിയും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് എത്ര പേര്‍ ഓര്‍ക്കുന്നു - ഒന്ന് extrimist ആണെങ്കില്‍ മറ്റേത് terrorist ആണ്). ഒരാള്‍ ഫാസിസ്റ്റാണെന്ന് നൂറാള്‍ ചേര്‍ന്ന് നൂറ് വട്ടം പറയുന്നതോടെ ചരിത്രം അയാളില്‍ ഫാസിസം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആരോപിച്ചോളുമല്ലോ. അതോടെ അയാള്‍ എന്തിന് വേണ്ടി നിലകൊണ്ടുവോ അത് വിസ്മരിക്കപ്പെടും/അവഗണിക്കപ്പെടും. എന്നും വിജയിച്ചവരാണ് ചരിത്രം എഴുതിയിട്ടുള്ളത് എന്നതുകൊണ്ട് തന്നെ ഇതില്‍ കൂടുതല്‍ നീതി ചരിത്രം പ്രഭാകരനോട് കാണിക്കുമെന്ന് കരുതാന്‍ വയ്യ.

കുട്ടികളെ പോലും ഓരോ കുടുംബത്തില്‍ നിന്നും നിര്‍ബ്ബന്ധമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത കിരാതമായ നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.ഒരു രാത്രി കൊണ്ട് സായുധവിപ്ലവം നടത്തി വിമോചിതരാകാമെന്ന സ്വപ്നവുമായി ഇറങ്ങിപ്പുറപ്പെട്ട് പരാജയപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും തങ്ങളുടെ അപചയത്തിന്റെ കാലത്ത് ഇത്തരം കിരാതനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏതോ സംഘക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയി യന്ത്രത്തോക്കുകള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നത് ഏതോ റിയല്‍ ലൈഫ് ബേസ്ഡ് സിനിമയില്‍ ഈയിടെ കണ്ടിരുന്നു.

ആഫ്രിക്കക്കാര്‍ക്കാകാമെങ്കില്‍ പുലികള്‍ക്കായിക്കൂടേ എന്നല്ല ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസിലാക്കുമല്ലോ. വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രഭാകരനെ ഭീകരവാദിയാക്കിയ (പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും അതുപോലെ തുടരുന്ന) സാഹചര്യങ്ങള്‍ക്ക് നേരെ കണ്ണടക്കരുത് എന്നേ ഞാന്‍ പറയുന്നുള്ളൂ.

ഭരണകൂട ഭീകരത എന്നത് Totalitarianism എന്നതിന്റെ കൂടിയ ഇനമാണെന്നാണ് എന്റെ വിശ്വാസം - ടോട്ടാലിറ്റേറിയനിസം മൂത്താല്‍ ഭീകരത കാണിക്കാതെ വയ്യല്ലോ. അതിനെ കമ്യൂണിസം എന്ന് വിളിക്കുമ്പോള്‍ കമ്യൂണിസം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം മറക്കപ്പെടും എന്ന ഒരു ഗുണം എം.ജി.എസ്. കണ്ട് കാണും.

പുലികളെ വീഴ്ത്തിയ സൈനികമുന്നേറ്റത്തിന് പിന്നില്‍ ഇന്ത്യയുടെ കരങ്ങളുണ്ടായിരുന്നെങ്കില്‍ അതിലൊരു കാവ്യനീതി ഉണ്ടാകുമായിരുന്നു :)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയാണ്, പ്രഭാകരനെ ഭീകരവാദിയാക്കാന്‍ തക്ക സാഹചര്യം ശ്രീലങ്കയില്‍ ഉണ്ടായിരുന്നു. എന്നാലും ഭീകരവാദം കൊണ്ട് ഒന്നും നേടാന്‍ ഒരിക്കലും കഴിയുകയുമില്ല. ഈ യാഥാര്‍ഥ്യങ്ങളുമായാണ് നമ്മള്‍ പൊരുത്തപ്പെടേണ്ടത്. മാത്രമല്ല ഒരു കാരണവശാലും ഭീകരവാദത്തെ ന്യായീകരിക്കാനും കഴിയില്ല. പ്രഭാകരന് ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ എത്രയോ അവസരങ്ങളുണ്ടായിരുന്നു. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ന്യായമായ ജനാധിപത്യ-പൌരാവകാശങ്ങള്‍ ലഭിക്കുന്നതിന് അടിയന്തിര നടപടികള്‍ മഹീന്ദ രജപക്ഷെ സ്വീകരിക്കുമെന്ന് തന്നെ കരുതാം.

Amarghosh | വടക്കൂടന്‍ said...

അക്രമം ഒന്നിനും പരിഹാരമാകുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുക എന്നത് പറയുന്നത്ര എളുപ്പമാകണമെന്നില്ല - ഇപ്പോളത്തെ സൈനികനടപടിയില്‍ നിന്നും പുതുതായി ആരൊക്കെ മുളച്ച് വരുമെന്ന് കണ്ട് തന്നെ അറിയണം.

കലങ്ങാനുള്ളത് കലങ്ങി.. ഇനി തെളിയുമെന്ന് തന്നെ കരുതാം... :)

പിപ്പിള്‍സ് വോയ്സ് said...

തമിഴ് ജനതയുടെ വിമോചനപോരാളി.
ശ്രിലങ്കയിലെ തമിഴ് വംശരരുടെ അവകാശങള്‍ക്കും സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ വേലുപ്പിള്ള പ്രഭാകരനേയും കുട്ടാളികളെയും കൊലചെയ്ത് തമിഴ് വംശിയപ്രശ്നത്തിന്ന് പരിഹാരം കണ്ടുവെന്ന് വീമ്പിളക്കി സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ശ്രിലങ്ക സര്‍ക്കാര്‍ സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തം അതിഭീകരമായിരിക്കും. ഒരു വിമോചനസമരത്തെയും അവര്‍ ഉയര്‍ത്തിയ ആവശ്യം അംഗികരിക്കാതെ ആയുധശക്തികൊണ്ട് അടിച്ചമര്‍ത്തി വാഴാന്‍ ലോകത്തില്‍ ഒരു വന്‍ ശക്തിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ശ്രിലങ്കയില്‍ തമിഴ് വംശര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന്നാണ് ശ്രിലങ്കന്‍ സര്‍ക്കാര്‍ മുതിരേണ്ടത്. ഇതില്‍ കുറഞ്ഞ യാതൊരു പ്രശ്നപരിഹാരത്തിന്നും അവിടെ പ്രസക്തിയില്ല.. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അത് അംഗികരിക്കാന്‍ ശ്രിലങ്കന്‍ സര്‍ക്കാറും തയ്യാറാകണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.തമിഴരും സിംഹളരും ശ്രിലങ്കന്‍ പൗരന്മാരാണന്നും രാജ്യത്ത് ഇവര്‍ക്ക് തുല്യ അവകാശമാണെന്നും അംഗികരിച്ചുകൊണ്ടുള്ള രാഷ്ട്രിയപരിഹാരമാണ് വേണ്ടത്.ഇതിന്ന് ഇന്ത്യഗവണ്മെണ്ടിന്നും കാര്യമായി പലതും ചെയ്യാനുണ്ട്.ശ്രിലങ്കയിലെ തമിഴ്‌വംശരുടെ പ്രശ്നപരിഹാരത്തിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യ സര്‍ക്കാര്‍ ആയുധങളും പണവും മറ്റ് തന്ത്രങളും പരിശിലനങളും നല്‍കി ശ്രിലങ്കന്‍ സര്‍ക്കാറിനെ എന്നും സഹായിച്ചു പോന്നിട്ടും ഉണ്ട്. ഇത് പാവപ്പെട്ട തമിഴ് വംശജരെ കൂട്ടക്കൊലചെയ്യാന്‍ ശ്രിലങ്കന്‍ സര്‍ക്കാറിന്ന് ഏറെ സഹായകരമഅയിട്ടുണ്ട്. ശ്രിലങ്കയിലെ തമിഴ് വംശജര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും മനുഷ്യാവകാശങളും ഉറപ്പ് വരുത്താന്‍ഇന്ത്യയുടെ ഭാഗത്തിനിന്നുംഅന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങളൂം പിന്തുണയും ഉണ്ടായെ മതിയാകൂ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണവും ഉറപ്പാക്കിക്കൊണ്ടുള്ള രാഷ്ട്രീയപരിഹാരം സുസാധ്യമാക്കുന്നതായിരുന്നു രാജീവ് ഗാന്ധി-ജയവര്‍ദ്ധന കരാര്‍. പ്രഭാകരന്റെ നിഗൂഢ രാഷ്ട്രീയമോഹങ്ങളാണ് ആ കരാര്‍ അട്ടിമറിക്കപ്പെടാന്‍ കാരണം. തമിഴ് വംശജരുടെ വിമോചനപ്പോരാളി എന്ന നിലയില്‍ നിന്നും അപ്പോഴേക്കും പ്രഭാകരനില്‍ ഒരു സര്‍വ്വാധിപതി ഉടലെടുത്തിരുന്നു. തീവ്രവാദനയം സ്വീകരിക്കാത്ത മറ്റ് തമിഴ് നേതാക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ പ്രഭാകരന്‍ തുനിഞ്ഞത് ഈ ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനമാണ്. തമിഴരുടെ മോചനമല്ല, വിഭജിച്ചു കിട്ടുന്ന ഈഴരാജ്യത്തിന്റെ സര്‍വ്വാധിപതിയാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രഭാകരന്‍ പിന്നീടുള്ള ഓരോ ചുവടുവെപ്പിലും തെളിയിച്ചിട്ടുണ്ട്.

ഒരു ജനാധിപത്യവാദിക്ക് മാത്രമേ തന്റെ ജനതയ്ക്ക് വിമോചനം നേടിത്തരാന്‍ കഴിയുകയുള്ളൂ എന്നാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന പാഠം. അബ്രഹാം ലിങ്കണ്‍ മുതല്‍ മഹാത്മാഗാന്ധിജി, നെല്‍‌സണ്‍ മണ്ടേല തുടങ്ങിയ മഹാന്മാരായ നേതാക്കള്‍ ഇതിനുദാഹരണങ്ങളാണ്. ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ക്ക് എന്റെ ഈ നിരീക്ഷണത്തോട് യോജിക്കാന്‍ കഴിയാതിരിക്കുക സ്വാഭാവികം.

പ്രഭാകരനെപ്പോലെ ഒരു നേതാവിനെയും, എല്‍.ടി.ടി.ഇ.യെപ്പോലെ ഒരു സംഘടനയെയും ഒരു രാജ്യത്തിനും വെച്ചുപൊറുപ്പിക്കാന്‍ കഴിയുമായിരുന്നില്ല. എന്ത് വില കൊടുത്തും അത്തരം ഒരു ശക്തിയെ ശ്രീലങ്കയില്‍ നിന്ന് തുടച്ചെറിയാന്‍ അവിടത്തെ സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നു. അത് നിറവേറ്റിയതിനെ തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പ്രഭാകരന്‍ മാത്രമാണ് അവിടെ നടന്ന മനുഷ്യക്കുരുതിയ്ക്ക് കാരണം. പ്രഭാകരന്‍ തന്നെ എത്ര നേതാക്കളെയും നിരപരാധികളെയും വധിക്കുന്നതിന് കാരണമായിട്ടുണ്ട്?

ചുരുക്കത്തില്‍ ശ്രീലങ്കയില്‍ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നു. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അവിടത്തെ സര്‍ക്കാര്‍ കാണിക്കും എന്ന് പ്രതീക്ഷിക്കാനേ ഇപ്പോള്‍ കഴിയൂ. മറിച്ചാണെങ്കില്‍ അവിടെ അതിന് മുന്‍‌കൈ എടുക്കാന്‍ ജനാധിപത്യവാദികളായ നേതാക്കളാണ് തമിഴ് വംശജരില്‍ നിന്ന് ഉയര്‍ന്നു വരേണ്ടത്. അല്ലാതെ പ്രഭാകരന്മാരല്ല.

ഇവിടെ പീപ്പിള്‍സ് വോയ്‌സ് നടത്തിയിട്ടുള്ളത് യാന്ത്രികമായ നിരീക്ഷണങ്ങളുടെ കട്ട് ആന്‍ഡ് പെയിസ്റ്റ് മാത്രമാണ്. ദേശീയവും അന്തര്‍ദ്ദേശീയവുമായ കാര്യങ്ങളില്‍ ഇത്തരം യാന്ത്രികമായ നിലപാടുകള്‍ കൈക്കൊള്ളുക എന്നത് ഇപ്പോഴൊക്കെ ഒരു ഫാഷന്‍ ആയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കുമാരന്‍,
വടക്കൂടന്‍,
നിത്യന്‍,
പീപ്പിള്‍സ് വോയ്‌സ്,
എന്നിവര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും നന്ദി!

NIYAS C said...

സ്വന്തം വംശത്തെ ക്രൂരമായി ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന സിംഹള വംശത്തെ സായുധമായി പ്രധിരോധിക്കാന് ശ്രമിച്ച പ്രഭാകരന് ഫാഷിസ്റ്റ് മുദ്ര നല്കിയത് ശരിയായില്ല..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നിയാസേ, പ്രഭാകരന് ഫാസിസ്റ്റ് മുദ്ര നല്‍കിയത് ഞാന്‍ പിന്‍‌വലിക്കാം. പക്ഷെ ശരിയായ ലക്ഷ്യത്തിന് വേണ്ടി അങ്ങേയറ്റം തെറ്റായ മാര്‍ഗ്ഗമാണ് അയാള്‍ അവലംബിച്ചതെന്ന് വിവേകശാലികളായ എല്ലാവരും സമ്മതിക്കുന്നുണ്ട്. ഞാന്‍ മേലെ എഴുതിയ കമന്റുകള്‍ ഒന്നുകൂടി മനസ്സിരുത്തി വായിക്കണമെന്ന് സ്നേഹപൂര്‍വ്വം ഉപദേശിക്കുന്നു.

dhanesh said...

എതൊ ന്യുസ് പേപറില്‍ വന്ന അര്റ്റിക്ളിന്റെ അടിസ്താനത്തില്‍ പ്രഭാകരന്‍ പുലികലെ വാളും കത്തിയും പ്രയൊഗിക്കാന്‍ പഠിപ്പിച്ചതു സിമ്ഹളികരുടെ ദേഹത്തു സയനിഡു പുരട്ടിയ ആയുധങള്‍ പ്രയോഗിച്ചുകൊന്ഡായിരുന്നു. ഇതു സത്യമാണു എങ്കില്‍ ഫാസിസ്റ്റ് എന്നല്ലാതെ മറ്റു ഏതു വാക്കാണു പ്രഅഭാകരനു അനുയോജ്യം?

dhanesh said...

പ്രഭാകരന്റ്റെ ലക്ഷ്യങള്‍ എന്തു തന്നെ ആയിരുന്നാലും മാര്‍ഗ്ഗങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണു അതിനു ലഭിച്ചതും.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

തീര്‍ച്ചയായും ധനേഷ് ... വാളെടുത്തവന്‍ വാളാലേ എന്നല്ലേ?

ഒരു ജനാധിപത്യവാദിക്ക് മാത്രമേ തന്റെ ജനതയ്ക്ക് വിമോചനം നേടിത്തരാന്‍ കഴിയുകയുള്ളൂ എന്ന സത്യം ലോകത്തോട് വിളിച്ചു പറയേണ്ടതുണ്ട്. കാരണം ഫാസിസ്റ്റ് ചിന്താഗതിയുള്ളവരാണ് ജനാധിപത്യത്തിന്റെ പൊയ്‌മുഖം അണിഞ്ഞുകൊണ്ട് പലപ്പോഴും നേതൃത്വത്തിലേക്ക് വരുന്നത്. സത്യവും ജനാധിപത്യവും മാത്രമേ അന്തിമമായി വിജയിക്കുകയുള്ളൂ...

Post said...

'ഒരു ജനാധിപത്യവാദിക്ക് മാത്രമേ തന്റെ ജനതയ്ക്ക് വിമോചനം നേടിത്തരാന്‍ കഴിയുകയുള്ളൂ... സത്യവും ജനാധിപത്യവും മാത്രമേ അന്തിമമായി വിജയിക്കുകയുള്ളൂ...' എന്നൊക്കെ പറയുന്നത് ചരിത്രത്തിന്റെ ന്യൂനീകരണമല്ലെ മാഷെ? അഹിംസയും സത്യവും മാത്രമേ ജയിക്കുവെങ്കില്‍ രാജപക്സെ സര്‍ക്കാരിനോടു പുലികള്‍ക്കെതിരെ അഹിംസാ മര്‍ഗത്തില്‍ പോരാടാന്‍ പറയാത്തതെന്ത്?

"എന്ത് വില കൊടുത്തും അത്തരം ഒരു ശക്തിയെ ശ്രീലങ്കയില്‍ നിന്ന് തുടച്ചെറിയാന്‍ അവിടത്തെ സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നു." എന്നാണ് മാഷ് പറയുന്നത്. അതായത് ഭരണകൂടത്തിന് ഏത് ആയുധവും ഉപയോഗിക്കാം. ഏതറ്റം വരേയും പോകാം. എത്ര സിവിലിയന്മാരെ വേണമെങ്കിലും കൊന്നു തള്ളാം. അതു ഭരണകൂടത്തിന്റെ കടമ "നിറവേറ്റല്‍" മാത്രമേ ആകൂ. അതിനെ "തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല" എന്നാണല്ലൊ മാഷിന്റെ അഭിപ്രായം.

അവസാനത്തെ ഒരു മാസത്തെ പോരാട്ടത്തില്‍ മാത്രം എത്ര പേര് മരിച്ചെന്ന് ഒരു കയ്യും കണക്കുമില്ലെന്നാണ് അന്തര്‍ദേശീയ ഏജന്‍സികള്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്നത് ആറായിരം, റെഡ് ക്രോസ് പറയുന്നത് 14,000. തമിഴ് അഭിമുഖ്യമുള്ള പത്രങ്ങളും ഡയസ്പോറയും പറയുന്നത് അമ്പതിനായിരത്തോളം എന്നും. അങ്ങിനെ പതിനായിരകണക്കിന് തമിഴരെ കൂട്ടക്കൊല ചെയ്ത ഒരു വംശീയ ഭരണകൂടത്തില്‍ നിന്ന് പതിറ്റാണ്ടുകളായി പീഡനമനുവിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷത്തിന് നീതി ലഭിക്കുമെന്ന് വിശ്വസിക്കാന്‍ യുക്തിയും ചരിത്രവും അനുവദിക്കുന്നില്ല. എത്ര പതിനഅയിരങ്ങളാണ് ഇപ്പോള്‍ നിര്‍ബന്ധിത പട്ടാള ക്യാമ്പില്‍ നരകജീവിതം നയിക്കുനത്? വംശീയവാദിയായ രജപക്സെ അവരെ എങ്ങിനെ പുനരധിവസിപ്പിക്കുമെന്നതും കാത്തിരുന്നു കാണാവുന്നതാണ്.

സിന്‍ഹളിസം ഒരു പ്രത്യയശാസ്ത്രമാണെന്നത് മറന്നു പോകരുത്. സുകുമാരന്‍ മാഷ് പരഞ്ഞത് പൊലെ, പ്രഭാകരന്റെ ഈലമല്ല, സിന്‍ഹളിസമാണ് ഫാഷിസത്തില്‍ അടിസ്ഥാനമാക്കിയ പ്രത്യയശാസ്ത്രം. അതു മനസിലാക്കാന്‍ എല്‍റ്റിറ്റിയുടെ രൂപീകരണത്തിനു മുന്‍പ് ലങ്കയില്‍ എത്ര തമിഴ് വിരുദ്ധ കലാപങ്ങള്‍ നടന്നിട്ടുണ്ടെന്നു നോക്കിയാല്‍ മതിയാവും. ജോണ്‍ പില്‍ജര്‍ പറഞ്ഞതു പോലെ, പ്രശ്നത്തിന്റെ കാരണല്ല, ഉല്‍പന്നം മത്രമാണ് എല്‍റ്റിറ്റിഇ.

വീ.കെ.ബാല said...

മാഷെ, ഞാൻ ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. ഇതിൽ പോസ്റ്റ് എന്ന ബ്ലോഗറുടെ കമന്റിന് താങ്കൾ മറുപടി പറ്യും എന്നു കരുതുന്നു

വീ.കെ.ബാല said...

ഞാനും ഇതിൽ ഒരു കുറിപ്പ് ഇട്ടിരുന്നു, വായിക്കുമല്ലോ

manoj said...

പ്രിയ സുകുമാരേട്ടാ,
താങ്കളുടെ പോസ്റ്റുകള്‍ പലതും ഞാന്‍ വായിക്കാറുണ്ട്. താങ്കള്‍ വിഷയങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന രീതിയും അഭിപ്രായങ്ങളോട് പ്രതികരിക്കുന്ന രീതിയും ശ്ലാഘനീയമാണു.

പുലി പ്രഭാകരനെ ഒരു ഫാസിസ്റ്റ് എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടതിനെക്കുറിച്ച് എനിക്ക് അല്പം പ്രയാസം തോന്നി.

ഒരിക്കല്‍ ശ്രീലങ്കയില്‍ പോകാനും അവിടെയുള്ള തമിഴരുടെ ജീവിതം കാണാനും എനിക്ക് സാധിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ടില്‍ വെച്ച് എന്റെ പാസ്പോര്‍ട്ടില്‍ സംശയം തോന്നിയ അധികാരികള്‍ എന്നെ അരമണിക്കൂറോളം തടഞ്ഞുവെച്ചു. ഒടുവില്‍ കാരണം ചോദിച്ച എന്നോട് പെരിയ ഓഫീസറെ കാണണം എന്ന് ഒരാള്‍ അറിയിക്കുകയും ഞാന്‍ ആ മനുഷ്യന്റെ മുന്നിലെത്തിക്കപ്പെടുകയും ചെയ്യ്‌തു.ആദ്യം ഇരിക്കാനൊരു കസേരപോലും നല്‍കാതെ അയാള്‍ എന്നെ ചോദ്യം ചെയ്യ്‌തു. ഒടുവില്‍ ഞാന്‍ അല്പം ശബ്ദമുയര്‍ത്തി ഞാനൊരു ഇന്ത്യക്കാരനാണെന്നും ഒന്നെങ്കില്‍ എനിക്ക് വിസ അനുവദിക്കുക. അല്ലെങ്കില്‍ എന്നെ തിരിച്ചുപോകാന്‍ അനുവദിക്കുക എന്ന് പറഞ്ഞു. ഞാനൊരു തമിഴന്‍ അല്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ എനിക്ക് കസേര കിട്ടി. എല്ലാവിധ ആചാരമര്യാദകളും തന്നു സ്വീകരിച്ചു.

തമിഴരെ ഒരു സംശയക്കണ്ണുകളോടെയാണു സിംഹളര്‍ നോക്കിക്കാണുന്നത്. ഒരു തമിഴനും സ്വതന്ത്രമായ സഞ്ചാര സ്വതന്ത്ര്യം പോലും ശ്രീലങ്കയില്‍ അനുവദിക്കപ്പെട്ടിട്ടില്ല. വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ ദൈന്യതയാണു തമിഴു മക്കളുടെ കണ്ണില്‍ കാണാന്‍ കഴിയുന്നത്.

എല്‍.റ്റി.റ്റി വന്നതിനു ശേഷമാണു തമിഴനു തല അല്പമെങ്കിലും നിവര്‍ന്നു നില്‍ക്കാനുള്ള സാഹചര്യം അവിടെ സൃഷ്ടിക്കപ്പെട്ടതെന്നു പല തമിഴരും പറയുന്നു., ഇന്നും പ്രഭാകരനില്‍ അവരുടെ വിശ്വാസമാണു ജീവിക്കാനുള്ള ശ്വാസം നല്‍കുന്നത്. എല്ലാം നഷ്ടപ്പെട്ടവനു പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പെന്ന രീതിയിലാണു പ്രഭാകരന്‍ ജീവിച്ചിരിക്കുന്നു എന്ന് അവര്‍ വിശ്വസിക്കുന്നത്. നക്കീരന്‍ പത്രം അക്കാര്യത്തില്‍ പത്ര ധര്‍മ്മം പുലര്‍ത്തിയില്ലാ എന്നു ഞാനും വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ ജന ധര്‍മ്മം പുലര്‍ത്തിയില്ലേ എന്നൊരു മറു ചോദ്യവും ഉന്നയിക്കപ്പെടാം.

തമിഴ് യുവാക്കളെ പിടിച്ചുകൊണ്‍ടുപോയി തല കീഴായി കെട്ടിയിട്ട് കഴുത്തില്‍ പെട്രോള്‍ ബോംബുകള്‍ തൂക്കിയിട്ട് ചോദ്യം ചെയ്യുന്ന രീതിയെക്കുറിച്ചും ആ ഭരണ കൂടത്തെക്കുറിച്ചും സുകുമാരേട്ടന്‍ ഏതു ഭാഷ ഉപയോഗിക്കും.

പിന്നെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം കൊണ്ടൊന്നുമല്ലാ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതെന്നു വിശ്വസിക്കുന്ന ഒരാളുമാണു ഞാന്‍. അതിനു നമ്മള്‍ ഫാസിസ്റ്റെന്നു വിളിക്കുന്ന ഹിറ്റ്ലറാണു നമ്മളെ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്നും സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഒരു അടിമ രാജ്യമായി ഇന്നും നമ്മള്‍ നില നില്‍ക്കുമായിരുന്നു.....

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ വീ.കെ.ബാല, ദില്ലി പോസ്റ്റ് എന്ന ബ്ലോഗ് കൂട്ടായ്മയിലെ ലേഖകനാണ് പോസ്റ്റ് എന്ന നാമത്തില്‍ മേലെ കമന്റ് എഴുതിയിട്ടുള്ളത്. വളരെ വിസ്തരിച്ച മറുപടി എഴുതണമെന്നുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ദീര്‍ഘസമയം ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. ആയതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. മാത്രമല്ല പുതിയ വിഷയങ്ങള്‍ എഴുതാനുണ്ട്
താനും.ഈ വിഷയത്തില്‍ ബാല എഴുതിയ പോസ്റ്റ് ഞാന്‍ ആദ്യമേ വായിച്ചിരുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ മനോജ്,

“ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം കൊണ്ടൊന്നുമല്ലാ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതെന്നു വിശ്വസിക്കുന്ന ഒരാളുമാണു ഞാന്‍. അതിനു നമ്മള്‍ ഫാസിസ്റ്റെന്നു വിളിക്കുന്ന ഹിറ്റ്ലറാണു നമ്മളെ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്നും സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഒരു അടിമ രാജ്യമായി ഇന്നും നമ്മള്‍ നില നില്‍ക്കുമായിരുന്നു” എന്ന മനോജിന്റെ പ്രസ്ഥാവന അത്യന്തം ഖേദകരമാണ്.

ആയുധമെടുത്ത് പോരാടിയ സംഘടനകള്‍ക്ക് താല്‍ക്കാലികമായ വിജയം ഉണ്ടായിട്ടുണ്ടാകാമെന്നല്ലാതെ തങ്ങള്‍ മുന്നോട്ട് വെച്ച ലക്ഷ്യം കൈവരിക്കാനോ ശാശ്വതമായി എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഒരിക്കലും കഴിഞ്ഞിട്ടില്ല. മഹത്തായ ലക്ഷ്യങ്ങളിലേക്ക് മഹത്തായ വഴികളേയുള്ളൂ. വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ നില നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന സൈന്യത്തെയും വിമോചനപ്രസ്ഥാനങ്ങളുടെ റിബല്‍ സൈന്യത്തെയും ഒരേ പോലെ കാണരുത്. വിമോചന പ്രസ്ഥാന നേതാവ് ആയുധമെടുത്താല്‍ അയാള്‍ ഏകാധിപതിയാകുമെന്നതിന് തെളിവുകള്‍ ചരിത്രത്തില്‍ ധാരാളം.

വംശീയ വിവേചനത്തിനെതിരെ ത്യാഗോജ്ജ്വലമായി സമരം നടത്തി ലക്ഷ്യപ്രാപ്തിയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ മാതൃക നമ്മുടെ മുന്‍പിലുണ്ട്. സത്യം,അഹിംസ,സഹനം,ലാളിത്യം, ജനാധിപത്യം,എന്നിങ്ങനെയുള്ള ഉന്നതമൂല്യങ്ങള്‍ക്ക് സാര്‍വ്വകാലികപ്രസക്തിയുണ്ട്.

ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് വേണ്ടി പോരാടുന്ന അമൃതലിംഗം പോലുള്ള നിരവധി നേതാക്കളെ പ്രഭാകരന്‍ കൊന്നൊടുക്കി. തീര്‍ച്ചയായും അവിടെ തമിഴ് ജനത സ്വാതന്ത്ര്യപ്പോരാട്ടം നടത്തേണ്ടതുണ്ടായിരുന്നു. അതിന് അഹിംസാപരമായ വഴിയായിരുന്നു സ്വീകരിച്ചിരുന്നതെങ്കില്‍ അല്പം താമസിച്ചാണെങ്കില്‍ പോലും ലക്ഷ്യം കാണാതിരിക്കാന്‍ ഒരു ന്യായവുമില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നുകില്‍ സിംഹളര്‍ ദയ വിചാരിക്കണം, അല്ലെങ്കില്‍ അമൃതലിഗത്തെപ്പോലുള്ള നേതാക്കള്‍ തമിഴരില്‍ നിന്ന് ഉയര്‍ന്ന് വന്ന് ആദ്യം മുതല്‍ തുടങ്ങണം.

സംഗതി വളരെ ക്ലീയര്‍ ആണ്. ദ്വേഷ്യം,കോപം,പക,വഞ്ചന,പ്രതികാരം,ചതി,കള്ളത്തരം,അക്രമം മുതലായ ദുര്‍ഗ്ഗുണങ്ങള്‍ കൊണ്ട് ഏതൊരു വ്യക്തിക്കും അന്തിമവിജയം നേടാന്‍ കഴിയാത്ത പോലെ ഇത്യാദി ദുഷ്ചെയ്തികള്‍ മൂലം ഏതൊരും പ്രസ്ഥാനത്തിനും രാജ്യത്തിനും അന്തിമവിജയം പ്രാപിക്കാന്‍ കഴിയില്ല. ഒരു തെറ്റിനെ, ഒരു തിന്മയെ അതേ തെറ്റ് കൊണ്ട് അതേ തിന്മ കൊണ്ട് തോല്‍പ്പിക്കാനാവില്ല. നമ്മുടെ മഹാത്മാക്കളുടെ മഹ്ത്വചനങ്ങള്‍ക്ക് എക്കാലവും പ്രസക്തിയുണ്ട്.

manoj said...

പ്രിയ സുകുമാരേട്ടാ,
ബ്രിട്ടീഷുകാര്‍ എഴുതിവെക്കുന്ന ചരിത്രം പഠിച്ച് ഹിറ്റ്ലറെ വിലയിരുത്തുന്നവരാണു നമ്മള്‍. ചരിത്രം എപ്പോഴും വിജയിക്കുന്നവനാണു നിശ്ചയിക്കുന്നതെന്ന സാമാന്യനിയമം തന്നെ ചരിത്രത്തെ മലീമസമാക്കുന്നു.
ഹിറ്റ്ലര്‍ എന്ന നാസിത്തലവനെ പ്രകീര്‍ത്തിച്ച് പറഞ്ഞതല്ല ഞാന്‍. രണ്ടാം ലോകമഹായുദ്ധം നടക്കുകയും ബ്രിട്ടന്‍ അതിലൂടെ സാമ്പത്തികമായ് വലിയൊരു പ്രതിസന്ധി നേരിടുകയും അമേരിക്ക സൈനീക ശക്തിയായ് ഉയര്‍ന്നുവരികയും ചെയ്യ്‌തതല്ലേ യഥാര്‍ത്ഥത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ ഒരു കാരണം. ഇന്ത്യ മാത്രമല്ല ബ്രിട്ടന്റെ അധീനതയിലിരുന്ന എല്ലാ രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയതിനു ഹിറ്റ്ലറോട് നന്ദി പറയണം. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ളവര്‍ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ മനം മടുത്ത് ജര്‍മ്മനിയുടെ സഹായം തേടിയതും മറക്കാന്‍ പാടില്ല. യുദ്ധാനന്തരം ഹിറ്റ്ലറെ ഒരു കിരാതനായ് ചിത്രീകരിക്കാന്‍ സയണിസ്റ്റ് ഭരണകൂടങ്ങളും യൂറോപ്യന്‍ മാധ്യമങ്ങളും വല്ലാതെ ശ്രമിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ ഒരു ക്രിമിനല്‍ മനോരോഗി ആയിരുന്നുവെന്നു സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ. ആ മനോരോഗിയെക്കൊണ്ട് ഇംഗ്ലണ്ട് എന്ന കാളസര്‍പ്പത്തെ തല്ലിക്കുകയല്ലായിരുന്നോ ചരിത്രം.?

പിന്നെ സമാധാനം എന്നത് ക്രിമിനലുകള്‍ക്കുള്ള മറുപടിയല്ല. മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്ന സാമാന്യ നിയമം തെറ്റാണോ? നാടന്‍ ഭാഷയില്‍ അടിയോളം ഉതകില്ല അണ്ണന്‍ തമ്പി എന്നും പറഞ്ഞു കേള്‍ക്കുന്നു.

കൊലപോലും മഹത്തായൊരു കാര്യത്തിനുവേണ്ടി ചെയ്യേണ്ടി വരുമ്പോള്‍ ശ്രേഷ്ടമാക്കപ്പെടുന്നു..!

എന്തായാലും മഹത് വചനങ്ങള്‍ വചനങ്ങള്‍ മാത്രമാണു. പ്രവര്‍ത്തി എന്നത് വ്യത്യസ്ഥമായൊരു പാതയൊരുക്കലല്ലേ.? ധര്‍മ്മം പ്രസംഗിച്ചു നിന്ന അര്‍ജ്ജുനനോട് കൃഷ്ണന് യുദ്ധം ചെയ്യാനും കര്‍മ്മം അനുഷ്ഠിക്കാനും പറയേണ്ടി വന്നു.

ശ്രീലങ്കയില്‍ ഒരു അഹിംസാ സിദ്ധാന്തത്തിനും പ്രസ്ക്തിയില്ല. അവിടെ 'തമിഴനെന്നു ചൊല്ലടാ തലൈ നിമിര്‍ന്നു നില്ലടാ' എന്ന ഭാരതിയാര്‍ കവിതക്കേ പ്രസ്ക്തിയുള്ളൂ........ ഇന്ന് അവിടെ തമിഴന്‍ എന്നു പറഞ്ഞാല്‍ ആ തലകള്‍ അരിഞ്ഞു വീഴിക്കുന്നു...പ്രഭാകരന്‍ എന്ന പുലിത്തലവന്റെ കൊലപാതകം ശ്രീലങ്കയെ എങ്ങനെ ബാധിക്കും എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

manoj said...

എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ദീര്‍ഘസമയം ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. ആയതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. മാത്രമല്ല പുതിയ വിഷയങ്ങള്‍ എഴുതാനുണ്ട്
താനും

ഹോ....സുകുമാരേട്ടാ, ഇതു ഞാന്‍ വായിച്ചിരുന്നില്ല കേട്ടോ മുന്നെ... എന്റെ കമന്റിനു മറുപടി എഴുതേണ്ടാ ട്ടോ.. താങ്കളുടെ വിലയേറിയ സമയം പുതിയ വിഷയങ്ങള്‍ക്കായ് വിനിയോഗിക്കണം എന്നാണു എന്റെയും ആഗ്രഹം.

സുകുമാരേട്ടന്‍ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമായി.........:)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി മനോജ് ....