Links

ബ്ലോഗിങ്ങും ഞാനും !

എന്നെ പറ്റി ബ്ലോഗില്‍ ഒരു തമാശയുണ്ട്. അതായത് ഞാന്‍ ബ്ലോഗിങ്ങ് അടിക്കടി നിര്‍ത്തുകയും എന്നാല്‍ അതേ വേഗത്തില്‍ വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുകയും ചെയ്യുന്ന ആളാണെന്ന്. അതില്‍ വാസ്തവമില്ലാതെയുമില്ല . സത്യത്തില്‍ എനിക്ക് ബ്ലോഗിങ്ങ് മടുപ്പ് ഉളവാക്കിയ ഒന്നാണ്. ബ്ലോഗ് എഴുതുക ഒരു കഴിവാണെന്ന് തോന്നുന്നില്ല. ഉദാഹരണം ഞാന്‍ തന്നെ. ആര്‍ക്കും ബ്ലോഗ് തുടങ്ങാം. എന്നാല്‍ കഴിവുള്ള ഒട്ടേറെ പേര്‍ ബ്ലോഗ് എഴുതുന്നുണ്ട്. അങ്ങനെ കഴിവുള്ളവരും ബ്ലോഗിലുണ്ട് എന്നര്‍ത്ഥം. ബ്ലോഗ് എനിക്ക് മടുക്കാന്‍ പ്രത്യേക കാരണമൊന്നും ഇല്ല . ആര്‍ക്കും എന്തിലും എപ്പോഴും മടുപ്പ് തോന്നാമല്ലൊ. നന്നായും അല്ലാതെയും ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന പലരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നത് കാണുന്നില്ല. അവര്‍ക്കൊക്കെ ബ്ലോഗ് മടുത്ത് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കളയാന്‍ എനിക്കിപ്പോള്‍ കുറെ സമയമുണ്ട്. അതാണ് ബ്ലോഗിന്റെ മുന്‍പില്‍ നിന്ന് ഞാന്‍ എഴുന്നേറ്റ് പോകാത്തത്. സമയത്തിന്റെ ദൌര്‍ലഭ്യം പോലെ തന്നെ പ്രശ്നമാണ് സമയത്തിന്റെ ധാരാളിത്തവും. ചെലവാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും അരോചകമായ ഒന്നാണ് സമയം. എന്നാല്‍ ഏറ്റവും വിലപ്പെട്ടതും സമയം തന്നെ. ഒരു സെക്കന്റെങ്കില്‍ ഒരു സെക്കന്റ് അത്രയും സമയം ആയുസ്സ് നീട്ടിക്കിട്ടാന്‍ എത്ര ആഗ്രഹിക്കുന്നു നമ്മള്‍ !

ബ്ലോഗില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല പലരുടെയും വെറുപ്പ് സമ്പാദിക്കാനും ഇടയായല്ലൊ എന്നൊരു ഖേദം പലപ്പോഴും ബ്ലോഗ് നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉത്തമബോധ്യത്തോടെയേ പറഞ്ഞിട്ടുള്ളൂ. അതാണ് പ്രശ്നവും. എല്ലാവരും അനുഭവിക്കുന്ന പ്രശ്നം തന്നെയാണിത്. ഒരേ പോലെ ചിന്തിക്കുന്ന രണ്ട് പേര്‍ ഉണ്ടാവാന്‍ വഴിയില്ല. ഈ വൈരുദ്ധ്യം തന്നെയാണ് ലോകത്ത് കാണുന്ന സകല സംഘര്‍ഷങ്ങളുടെയും അടിസ്ഥാന കാരണം. തന്നെ പോലെ ചിന്തിക്കുകയോ അല്ലെങ്കില്‍ താന്‍ ചിന്തിക്കുന്നതിനെ അനുകൂലിക്കുന്നവരെയോ മാത്രമേ ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്നുള്ളൂ. മാനുഷരെല്ലാം ഒരേ പോലെ ചിന്തിക്കുന്ന മോണോ ടൈപ്പുകളായിരുന്നെങ്കില്‍ സാമൂഹ്യജീവിതം വളരെ വിരസമായേനേ എന്ന് പലര്‍ക്കും മനസ്സിലാവാത്തത് ആ ഒരവസ്ഥ പരിചിതമല്ലാത്തതിനാലാണ്. ചിന്തകളിലും അഭിപ്രായങ്ങളിലും നിലപാടുകളിലുമെല്ലാം ഉള്ള വൈരുധ്യങ്ങള്‍ തന്നെയാണ് ജീവിതത്തെ വിരസമല്ലാതെ സജീവമായി നിലനിര്‍ത്തുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അനോണിയായി എഴുതുന്നതിനെ എതിര്‍ത്തത് ബ്ലോഗില്‍ കുറെ ശത്രുക്കളെ എനിക്ക് നേടിത്തന്നു. കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമി വാരികയില്‍ ഒരു വായനക്കാരന്‍ എഴുതിക്കണ്ടു, ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളുടെ രചയിതാവിന്റെ പേര്‍ നല്‍കുന്നത് ഉചിതമായിരിക്കുമെന്ന്. എന്റെ ബ്ലോഗില്‍ വന്ന് സുകുമാരേട്ടാ എന്ന് സംബോധന ചെയ്ത് കമന്റ് ചെയ്യുന്ന സുഹൃത്തിനെ എനിക്ക് വാത്സല്യപൂര്‍വ്വം പേര്‍ വിളിച്ച് മറുപടി പറയണമെന്ന ആഗ്രഹം തോന്നിയപ്പോഴാണ് സത്യത്തില്‍ പല ബ്ലോഗ്ഗര്‍ പേരുകളും സംബോധന ചെയ്യാന്‍ കഴിയാത്ത വണ്ണം അരോചകമാണെന്ന് എനിക്ക് തോന്നിയത്. മാത്രമല്ല പേര്‍ വിളിച്ച് സംബോധന ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു വൈകാരിക ബന്ധം അപരനാമങ്ങളില്‍ കിട്ടുകയില്ലല്ലൊ എന്ന ആധിയും എനിക്കാദ്യമൊക്കെ തോന്നി. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് സാമൂഹ്യപരമായ ഉത്തരവാദിത്വവും വിശ്വാസ്യതയും ഉണ്ടാവണമെങ്കില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വേണം എന്ന് തോന്നിയപ്പോഴാണ് തുറന്ന് പറഞ്ഞത്.

എന്റ യുക്തിവാദപരമായ ഇടപെടലുകള്‍ പലരെയും ചൊടിപ്പിച്ചു. നിരീശ്വരവാദം മറ്റാരോടും പറയില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ തീരുമാനിച്ചിരുന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല ആ ഒരു വിശ്വാസം ഇല്ലെങ്കില്‍ ജീവിക്കാന്‍ മനുഷ്യന് കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല പ്രപഞ്ചരഹസ്യം ആര്‍ക്കും പൂര്‍ണ്ണമായി അറിയുകയുമില്ല. എന്തെങ്കിലും അറിയണമെങ്കില്‍ അതിനുള്ള വഴി സയന്‍സ് മാത്രമാണെന്നത് വേറെ കാര്യം. എന്നാലും എല്ലാം അനാവരണം ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. അറിഞ്ഞത് വരെ അറിഞ്ഞതായും അറിയാത്തത് അറിയാത്തതായും കരുതാനാണെനിക്ക് ഇഷ്ടം. അത് കൊണ്ടാണ് പരീക്ഷണങ്ങള്‍ സദാ നടക്കുന്ന മേഖലയായ സയന്‍സിന്റെ കൂടെ നില്‍ക്കുന്നത്. പക്ഷെ നിലവിലുള്ള പല ആചാരങ്ങളും ചടങ്ങുകളും വിശ്വാസങ്ങളും ദൈവവിശ്വാവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കൊണ്ട് അവയിലെ വൈരുധ്യങ്ങളെ ചൂണ്ടിക്കാട്ടുമ്പോള്‍ സ്വാഭാവികമായി അത് ദൈവനിഷേധത്തില്‍ എത്തിപ്പോവുകയായിരുന്നു . ദൈവം എന്ന അത്താണിയില്‍ ദു:ഖഭാരങ്ങള്‍ ഇറക്കിവെച്ച് സമാധാനം അനുഭവിക്കുന്ന ആളുകളോട് ദൈവം ഇല്ല എന്ന് പറയുന്നത് അവരെ മാരകമായി മുറിവേല്‍പ്പിക്കുന്നതിന് തുല്യമാണ്. പക്ഷെ പലപ്പോഴും വിശ്വാസം അമിതമായി അസമാധാനം സ്വയം സ്വീകരിക്കുമ്പോള്‍ സഹജീവിസ്നേഹത്തിന്റെ പേരില്‍ ആ വിശ്വാസങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടേണ്ടിയും വരുന്നു . ഇത് വല്ലാത്ത ഒരു അവസ്ഥയാണ്.


ആയുര്‍വേദത്തെ എതിര്‍ത്തത് നിമിത്തം എല്ലാവര്‍ക്കും ഞാന്‍ അനഭിമതനായി. മനുഷ്യശരീരത്തെ പറ്റിയും അതിന് സംഭവിക്കുന്ന തകരാറുകളും വൈകല്യങ്ങളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ആധുനിക വൈദ്യശാസ്ത്രം. ഒരു തകരാറ് പരിഹരിക്കാന്‍ ഒന്നില്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവാന്‍ വഴിയില്ല എന്നാണ് എന്റെ ലോജിക്ക്. സ്വന്തമായി ചേരുവകള്‍ ചേര്‍ത്ത് സ്വന്തമായി പേരും നല്‍കി അത്ഭുത ഫലസിദ്ധികള്‍ പരസ്യപ്പെടുത്തി ചെയ്യുന്ന ഏറ്റവും വലിയ ബിസിനസ്സ് ആയി മാറിയിട്ടുണ്ട് ഇന്ന് ആയുര്‍വേദം. എതിര്‍ക്കാന്‍ അതായിരുന്നു കാരണം. ആധുനിക വൈദ്യവും ദുരുപയോഗം ചെയ്യുന്നുണ്ട് , എന്നാല്‍ അതിന്റെ ശാസ്ത്രീയതയും പ്രായോഗികതയും അനിഷേധ്യമാണ്. ദുരുപയോഗം തടയേണ്ടത് സര്‍ക്കാറും ജനങ്ങളുമാണ്.

മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്നൊരു ലേബലും എനിക്ക് ബ്ലോഗിലുണ്ട്. അതിലെനിക്ക് കുണ്ഠിതമേയില്ല. ഇപ്പോഴും ബ്ലോഗിലായാലും ശരി നാട്ടിലായാലും ശരി എന്റെ സുഹൃത്തുക്കള്‍ ഒട്ടുമുക്കാലും കമ്മ്യൂണിസ്റ്റ് ആശയക്കാരാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഫാസിസം കേരള സമൂഹത്തിന്റെ അന്തരികമായ സര്‍ഗ്ഗ ചേതനയെ തല്ലിക്കെടുത്തി എന്ന് ഞാന്‍ കരുതുന്നു. ഇന്ന് കേരളത്തിലെ ഓരോ പൌരനും അബോധപൂര്‍വ്വമാണെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു എന്ന് അല്പം അതിശയോക്തിപരമെങ്കിലും പറയാം. കേരളമനസ്സിന്റെ മേലെ ഭയത്തിന്റെ മേലാപ്പ് വിരിച്ചിട്ട് പഴയ ജന്മിത്വത്തിന്റെ പ്രതാപവും പ്രൌഢിയും നുകരുകയാണ് ആ പാര്‍ട്ടിയുടെ ലോക്കല്‍ മുതലങ്ങോട്ടുള്ള നേതാക്കള്‍ എന്ന ധാരണ തെറ്റായാലും ശരിയായാലും എനിക്കുണ്ട്. സ്വാതന്ത്ര്യം = ജീവിതം എന്നതില്‍ കുറഞ്ഞ ഒരു ഫോര്‍മ്യൂലയും അസ്വീകാര്യമായ എനിക്ക് സൌഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.


ശരിക്കും എന്നാണ് ഞാന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തുക ? ഒരു പക്ഷെ നാട്ടില്‍ സ്വന്തം വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നതെങ്കില്‍ ബ്ലോഗ് എഴുതാന്‍ സമയം കിട്ടുമായിരുന്നില്ല. അത് കൊണ്ട് ബ്ലോഗ് നിര്‍ത്താന്‍ തീയ്യതി നിശ്ചയിക്കുക പ്രയാസം. എന്നാല്‍ ഒന്ന് തീരുമാനിച്ചിട്ടുണ്ട് , ഒരു ദിവസം ബ്ലോഗ് ഡിലീറ്റ് ചെയ്യും. അത് ആരോടെങ്കിലുമുള്ള പരിഭവം കൊണ്ടോ നിരാശ കൊണ്ടോ അല്ല . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്ന് എന്ത് കൊണ്ടോ ആഗ്രഹിക്കുന്നതിനാലാണ്. മനുഷ്യ മനസ്സ് തന്നെ നിഗൂഢമായ ഒരു പ്രഹേളികയല്ലെ. മറ്റുള്ളവരെ കുറിച്ച് നമുക്ക് എത്രമാത്രം അറിയാം ? ഓരോ വ്യക്തിയും ഓരോ പ്രപഞ്ചങ്ങളാണെന്ന് തോന്നാറുണ്ട്. പൂര്‍ണ്ണമായും ആരും നമുക്ക് പിടി തരുന്നില്ല , ജീവിതം പോലെ തന്നെ !

എന്ത് തന്നെ ആയാലും ബ്ലോഗ്ഗിങ്ങ് എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. ഒട്ടേറെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ കഴിഞ്ഞു . ചിലരെ നേരില്‍ കണ്ട് സ്നേഹവും സൌഹൃദവും പങ്ക് വയ്ക്കാനും കഴിഞ്ഞു. നാട്ടിലെ കൊച്ചു കൊച്ചു സൌഹൃദസദസ്സുകളില്‍ വെച്ച് പറയുകയും തര്‍ക്കിക്കുകയും ചെയ്തുകൊണ്ടിരുന്ന ആശയങ്ങള്‍ നെറ്റിലെ അപരിചിതരും വിദുരസ്ഥരുമായ ഏതാനും സഹൃദയരുമായി പങ്ക് വയ്ക്കാന്‍ കഴിഞ്ഞല്ലൊ.

14 comments:

ചാണക്യന്‍ said...

തന്നിഷ്ടപ്രകാരമുള്ള ആശയങ്ങള്‍ പങ്ക് വെക്കുകയും ആ അഭിപ്രായങ്ങള്‍ക്ക് പലഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ മനസിന് മുറിവേറ്റു എന്നു പറയുകയും ചെയ്യുന്ന മാഷ്, വിമര്‍ശനങ്ങളെ വികാരപരമായി കാണുന്നു എന്നാണ് എനിക്കു തോന്നുന്നത്. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല. ആശയസംഘര്‍ഷങ്ങളാണ് ജീവിതത്തെ സജീവമാക്കി നിര്‍ത്തുന്നതെന്ന് മാഷ് തന്നെ അഭിപ്രായപ്പെട്ടല്ലോ. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. നൂറുശതമാനം ശരിപറയാനും ആര്‍ക്കും കഴിയില്ല. ബ്ലോഗ് ഡെലീറ്റ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും മാഷിന്റെ വ്യക്തിപരമായ കാര്യം മാത്രം. താങ്കളുടെ പോസ്റ്റുകള്‍ വായിച്ച് അഭിപ്രായം പറഞ്ഞവര്‍ നല്‍കിയ മനോവേദനയണ് ബ്ലോഗിംഗ് നിര്‍ത്താന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്ന കാഴ്ച്ചപ്പാട് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം...
മാഷെ തുടര്‍ന്നും എഴുതുക...
അഭിവാദ്യങ്ങള്‍...

ഭൂമിപുത്രി said...

സുകുമാരൻ സർ,ഈ വരികളിലെ ആർജ്ജവം തൊട്ടറിയാൻ കഴിയുന്നു.
സാറിന്റെ ആശയങ്ങളോട് ചിലപ്പോൾ യോജിപ്പും ചിലപ്പോൾ വിയോജിപ്പും തോന്നാറുണ്ട്.
എങ്കിലും എഴുതിയതു സുകുമാരൻ അഞ്ചരക്കണ്ടി എന്നു കണ്ടാൽ ഞാൻ വായിയ്ക്കാതെ വിടാറില്ല.
കാരണം ആദ്യം പറഞ്ഞതു തന്നെ.

Appu Adyakshari said...

സുകുമാരേട്ടാ, ഒരു കാര്യം പറയട്ടെ, സ്നേഹപൂര്‍വ്വംതന്നെ. താങ്കള്‍ ബ്ലോഗ് എഴുത്തു നിര്‍ത്തുകയോ, ബ്ലോഗ് ഡിലീറ്റ് ചെയ്യുകയോ ചെയ്യരുത്. പകരം, വായനക്കാര്‍ക്ക് കമന്റ് രേഖപ്പെടുത്താനുള്ള സംവിധാനം ഡിസേബിള്‍ ചെയ്യൂ. കമന്റ് ഉണ്ടെങ്കിലല്ലേ വായനക്കാരുമായി ഇന്ററാക്ഷന്‍ വരുന്നുള്ളൂ!എങ്കിലല്ലേ മനോവേദനയുടെ കാര്യമുള്ളൂ. ചാണക്യന്‍ പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ് ഞാനും വയ്ക്കുന്നു.

ഫസല്‍ ബിനാലി.. said...

താങ്കളുടെ ചിന്തകളോട് സമാനമായ പല കാര്യങ്ങളും എന്നിലും ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് തന്നെ ബ്ലോഗിംഗ് നിര്‍ത്തുന്ന കാര്യം പലവട്ടം ചിന്തിച്ചിട്ടുണ്ട്, പക്ഷെ അപ്പോഴൊക്കെ പല കഴിവുള്ള എഴുത്തുകാരേയും ഇവിടെ കാണാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് തന്നെ ഇവിടം വിട്ട് പോയിട്ട് തിരികെ വരേണ്ടി വന്നിട്ടുണ്ട്. എന്നെങ്കിലും ഞാനും ബ്ലോഗിംഗ് നിര്‍ത്തും, പക്ഷെ അന്നു ഞാന്‍ എന്‍റെ ബ്ലോഗ് ഡിലീറ്റ് ചെയ്യില്ല, എന്നെപ്പോലെ വിവരക്കേടുകള്‍ എഴുതുന്ന ഞാന്‍ ഡിലീറ്റ് ചെയ്യാതിരിക്കുമ്പോള്‍ താങ്കളെപ്പോലെ ആര്‍ജ്ജവത്തോടെ കാര്യങ്ങളെ സീരിയസ്സായിക്കാണുകയും അതെഴുതുകയും ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ ഡിലീറ്റായിക്കൂട എന്നാണെന്‍റെ അഭിപ്രായം, നമ്മളെ ഇങ്ങനെയൊക്കെയെങ്കിലും അടയാളപ്പെടുത്തേണ്ടേ? കാലം...

A Cunning Linguist said...

ഞാന്‍ പേപ്പറില്‍ എഴുതിയ ഒരു കവിത/കഥ/ലേഖനം കത്തിച്ച് കളയുമ്പോള്‍ നഷ്ടമാകുന്നത് എന്റെ മാത്രം പ്രയത്നവും, സംഭാവനകളും മാത്രമാണ്...

ഞാനുമായിട്ടുള്ള അഭിമുഖത്തിന്റെ ടേപ്പ് കത്തിച്ച് കളഞ്ഞാല്‍ നഷ്ടമാകുന്നത് എന്റെയും അഭിമുഖം നടത്തുന്നയാളിന്റെയും പ്രയത്നമാണ്...

എന്നാല്‍ ഞാന്‍ എന്റെ ബ്ലോഗ്ഗ് ഡിലീറ്റ് ചെയ്താല്‍ നഷ്ടമാകുന്ന പ്രയത്നം/സംഭാവനകള്‍ എന്റെ മാത്രമല്ല, ഒരു കൂട്ടം ആളുകളുടേതാണ്, അവര്‍ നടത്തുന്ന ചര്‍ച്ചകളാണ് നഷ്ടമാകുന്നത്, പ്രത്യേകിച്ചും ഇത് പോലൊരു സംഭവബ്ലോഗ്ഗിന്റെ (active blog) കാര്യമാകുമ്പോള്‍!!!

Unknown said...

പ്രിയപ്പെട്ട ചാണക്യന്‍ , ജയശ്രീ, അപ്പു , ഫസല്‍ , ഞാന്‍ (പ്രതീഷ് അല്ലെ :)) നിങ്ങളുടെ കമന്റ് അതിന്റെ സ്പിരിറ്റില്‍ ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഒരു സ്വയം വിമര്‍ശനത്തിന്റെ മൂഡിലാണ് ഞാന്‍ ... ബ്ലോഗ് പെട്ടെന്ന് ഡിലീറ്റ് ചെയ്യും എന്നല്ല ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കുമല്ലോ ...

Prasanna Raghavan said...

സുകുമാരന്‍ മാഷേ

ബ്ലോഗ് ഒരു ആശയ നവോധാനത്തിന് ഉപാധിയാകുമെന്ന ഒരാവേശം ബ്ലോഗിലേക്കു കടന്നു വന്ന പലര്‍ക്കും ഉണ്ടായിരുന്നു. അതില്‍ പലര്‍ക്കും നിരാശയാണിപ്പോള്‍‍, ഞാനും ആ കൂ‍ട്ടത്തില്‍ പെടുന്നു എന്നു പറയാം. കാരണം, എന്തായിരുന്നു എന്നു ചോദിച്ചാല്‍,ഉത്തരം എന്താ പറയുക. പ്രത്യേകിച്ചൊന്നും പറയേണ്ട ആവശ്യമില്ല. എന്റെ ഒരു പോസ്റ്റില്‍ ഞാന്‍ മലയാളം ബ്ലോഗിനെക്കുറിച്ചെഴുതിയിരുന്നു.

മലയാളി സമൂഹത്തിന്റെ ഒരു തനി പ്രതിബിംബമായിപ്പോയി, മലയാളം ബ്ലോഗും.എന്നാണ്‍് ഞാന്‍ ആ പോസ്റ്റില്‍ എഴുതിയിരുന്നത്.

പക്ഷെ അങ്ങനെ പറയുമ്പോഴും അതൊരു പരാജയ സമ്മതമാണെന്നേ എനിക്കു തോന്നിയിരുന്നുള്ളു. വിചാരിച്ചത് സാധിക്കാന്‍ കഴിയാഞ്ഞതിനു നമ്മള്‍ കുറ്റം പറയേണ്ടതു നമ്മളെ തന്നെയല്ലേ? എന്റെ ചിന്തയാണ്‍്. മാഷ് ഇതിനോടു യോജിക്കണമെന്നല്ല.


ഒരു സാംസ്കാരിക നവോധാനത്തെക്കുറിച്ച് മാഷും പലപ്പോഴും എഴുതിയിരുന്നു എന്നാണ്‍് എന്റെ തോന്നല്‍.

ഒരു സംസ്കാരിക കൂട്ടായ്മ ആഗ്രഹിക്കുന്ന മലയാളി ഇപ്പോഴും ഉണ്ട്,ആ കൂട്ടായ്മക്കു പലതും ചെയ്യാനും കഴിയും. വെറും സ്വപ്നമായീരിക്കാം

പക്ഷെ ഒരു വ്യക്തിക്കു മാത്രം ഒരു സംഘടനയോ കൂട്ടായ്മയോ ഉണ്ടാകാന്‍ സാധിക്കില്ല. അനേകമാളുകള്‍ക്കും അതു സാധിക്കാതെ വരും. സംഘടന ഒരു പ്രോസസ് ആണ്‍്. സമാനചിന്തകരുടെ ഒരു തുറന്ന സംവാദമാണത്.

എപ്പൊഴൊക്കെയോ പറയണമെന്നു കരുതിയത് പറയുന്നതുകോണ്ടാകാം ഇപ്പോള്‍ ഈ ആശയങ്ങള്‍ക്കു സാംഗത്യമില്ല എന്നു തോന്നുന്നത്.

ക്രിയാത്മകമായി പലതും ഒന്നിച്ചു നിന്നു ചെയ്യണമെന്നൂണ്ടായിരുന്നിട്ടും എന്തുകോണ്ടോന്നും നടന്നില്ല എന്നുള്ളതിനെക്കുറിച്ഛൊരൂ ഓപ്പണ്‍ ചര്‍ച്ച അതൊരു പോസ്റ്റാക്കു മാഷേ. ഒരു റിട്രോസ്പെക്ഷ്ന്‍.ഒരു പക്ഷെ പുതിയ ആശയങ്ങളോ ഉത്തരങ്ങളോ‍ അതു വഴി കാണാന്‍ കഴിഞ്ഞേക്കാം.

Unknown said...

പ്രിയപ്പെട്ട ടീച്ചര്‍, അങ്ങനെ വിളിക്കട്ടെ ... ടീച്ചര്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു ... സാമൂഹ്യ ജീവിയാണല്ലൊ മനുഷ്യര്‍ ... അതായത് സമൂഹത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് നിലനില്‍പ്പുള്ളൂ. വെള്ളത്തിലെ മീനിനെപ്പോലെ. വെള്ളം മലിനമായിക്കൊണ്ടേ ഇരുന്നാല്‍ എന്താവും. മീനുകള്‍ക്ക് അതിജീവനം അസാധ്യമാവും. സമൂഹം അനുദിനം നമ്മുടെ മുന്‍പില്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ചരിത്രത്തിന്റെ നാള്‍‌വഴികളില്‍ സാധാരണയായി കാണാന്‍ കഴിയുന്നത് അതാത് സമയങ്ങളില്‍ പല പല സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന് വന്നതാണ്. അതിനാല്‍ തന്നെയാണ് ഇന്ന് കാണുന്ന ഒരു വൃത്തിയും വെടിപ്പും സാമൂഹ്യപരിസരങ്ങളില്‍ കൈവന്നിരുന്നത്. എന്നാല്‍ കുറെയായി ഈ പരിസരം വെടിപ്പാക്കാന്‍ ആരുമില്ല എന്ന് തന്നെയുമല്ല അത് കൂടുതല്‍ വൃത്തികേടാക്കാന്‍ എല്ലാവരും ഉത്സാഹിക്കുകയും ചെയ്യുന്നു. സമൂഹത്തിന് ശരിയായ ചികിത്സ കിട്ടണമെങ്കില്‍ രോഗം എന്താണെന്ന് കണ്ടെത്തുകയും വേണം.

എന്നെ സംബന്ധിച്ച് പറഞ്ഞാല്‍,കുട്ടികള്‍ക്ക് ജോലിയൊക്കെ ആയാല്‍ ഗാര്‍ഹസ്ഥ്യത്തിന്റെ പരാധീനതകള്‍ ഒഴിവായാല്‍ പിന്നെയും സമയം ബാക്കിയുണ്ടെങ്കില്‍ എന്നെയും കുടുംബത്തെയും ഇത്രയും കാലം പോറ്റിയ സമൂഹത്തിന് തിരിച്ച് എന്തെങ്കിലും സേവനം ചെയ്യണമെന്ന് മുന്‍പേ കരുതിയിരുന്നു. മൂന്ന് നാല് വര്‍ഷമായി ഇങ്ങനെ ഒരു അന്വേഷണത്തിലായിരുന്നു ഞാന്‍. ഇതിനിടയില്‍ ഞങ്ങള്‍ക്ക് ബാംഗ്ലൂരിലേക്ക് താമസം മാറ്റേണ്ടി വന്നു. ശ്രീമതിയ്ക്ക് മക്കളെ പിരിഞ്ഞിരിക്കാന്‍ വിഷമം ഉള്ളത് കൊണ്ടാണ് അങ്ങനെ വേണ്ടി വന്നത് . ശ്രീമതിയുടെ മനസ്സ് വിഷമിപ്പിക്കാന്‍ വയ്യാത്തത് കൊണ്ട് എന്റെ മുന്നില്‍ മറ്റ് വഴിയില്ലായിരുന്നു.

ബാംഗ്ലൂരില്‍ വന്നതിന് ശേഷം ഓര്‍ക്കുട്ടിലൂടെയാണ് ഞാന്‍ ഒരു വര്‍ഷത്തോളം സുഹൃത്തുക്കളോട് ആശയവിനിമയം നടത്തിയിരുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരു വേദി കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.മധ്യമപ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്നവര്‍. ഒരു സുഹൃത്ത് ഒരിക്കല്‍ സ്ക്രാപ്പ് എഴുതി, താങ്കള്‍ക്ക് ബ്ലോഗ് തുടങ്ങിക്കൂടേ ... എന്നാല്‍ സമാനമനസ്ക്കരുമായി ആശയവിനിമയം നടത്താമല്ലൊ എന്ന് . എന്താണ് ബ്ലോഗ് എന്ന് അറിയില്ലായിരുന്നു. ആ അജ്ഞത സുഹൃത്തിനോട് തുറന്ന് പറഞ്ഞുമില്ല. എന്റെ മോന്‍ ഒരു ദിവസം “സേവ് കേരള” എന്ന ബ്ലോഗിനെ പറ്റി പറഞ്ഞു.അവന്‍ ഓഫീസില്‍ നിന്ന് നെറ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍ യാദൃച്ഛികമായി ശ്രദ്ധയില്‍ പെട്ടതായിരുന്നു. ഞാനും അവനും വീട്ടില്‍ നിന്ന് ആ ബ്ലോഗ് വായിച്ചു, അവിടെ ഒരു കമന്റ് എഴുതാന്‍ ഉല്‍ക്കടമായ മോഹം തോന്നി. കേരളത്തെ പറ്റി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഉല്‍ക്കണ്ഠകളായിരുന്നു ആ ബ്ലോഗ് മുഴുവന്‍. അപ്പോഴാണ് കമന്റ് എഴുതണമെങ്കില്‍ ബ്ലോഗ്ഗര്‍ ഐഡി വേണമെന്ന് മനസ്സിലായത്. എങ്ങനെയോ ഒരു ഐഡി ക്രീയേറ്റ് ചെയ്ത് കമന്റ് രേഖപ്പെടുത്തി. പിന്നീട് ആ ബ്ലോഗ് ഐഡി ഓപ്പന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം തിരക്കിനിടയില്‍ എന്തോ ഒരു പാസ്സ് വേര്‍ഡ് ആണ് നല്‍കിയിരുന്നത്.

ഇതിനിടയില്‍ ഓര്‍ക്കുട്ടില്‍ നിന്ന് ഒരു സുഹൃത്ത് എനിക്ക് മലയാളത്തില്‍ സ്ക്രാപ്പ് എഴുതി. ( ആ സുഹൃത്ത് അന്ന് ബ്ലോഗില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ബ്ലോഗ്ഗര്‍ ആണെന്നും അയാള്‍ ഏതോ ബ്ലോഗ് പാരയ്ക്ക് വിധേയനായി ബ്ലോഗ് ഡിലീറ്റേണ്ടി വന്നു എന്നും ഞാന്‍ പിന്നീട് മനസ്സിലാക്കി)മലയാളത്തില്‍ സ്ക്രാപ്പ് കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചു. എങ്ങനെയാണ് മലയാളത്തില്‍ സ്ക്രാപ്പ് എഴുതുക എന്ന് ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍ എനിക്ക് അയാളില്‍ നിന്ന് കിട്ടിയ മറുപടി ആയിരുന്നു എനിക്ക് നെറ്റില്‍ നിന്ന് കിട്ടിയ ആദ്യത്തെ മനോവേദന. മറുപടി ഇപ്രകാരം: “മലയാളത്തില്‍ കമ്പ്യൂട്ടറില്‍ എഴുതാന്‍ അറിയാത്ത ആളാണോ സാമൂഹ്യപരിഷ്ക്കരണത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് എന്റെ സുകുമാരക്കുറുപ്പ് ചേട്ടായീ .....”. ഞാന്‍ പിന്നീട് ബ്ലോഗ് തുടങ്ങുമ്പോള്‍ അയാള്‍ ബ്ലോഗ് നിര്‍ത്തിയിരുന്നു. എന്നാലും അക്കാലത്തെ ബ്ലോഗ്ഗര്‍മാരുടെ കണ്ണിലുണ്ണിയും ബ്ലോഗ്ഗേര്‍സ് മീറ്റുകളിലെ താരവുമായിരുന്നു. അന്നത്തെ ബ്ലോഗ് പുലികളെല്ലാം എന്ത്കൊണ്ടോ ക്രമേണ മടകളിലേക്ക് മടങ്ങി. അതും കഴിഞ്ഞ് ഒരു ദിവസം എന്റെ മോന്‍ ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്ത് അരമണിക്കൂര്‍ കൊണ്ട് എനിക്കൊരു മലയാളം ബ്ലോഗ് ക്രീയേറ്റ് ചെയ്തു തന്നു. ഞാന്‍ അന്ന് തന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കുകയും ചെയ്തു.

ബ്ലോഗിലൂടെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു പിന്നെ എന്റെ ചിന്ത. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു സാംസ്ക്കാരിക ഐക്യമുന്നണി എന്നതായിരുന്നു ആശയം. ബ്ലോഗില്‍ നിന്ന് പ്രതികരണം ഒന്നും കിട്ടിയില്ല. ഇതിനിടയില്‍ ചിത്രകാരന്‍ ബ്ലോഗ് അക്കാദമി എന്ന ആശയം മുന്നോട്ട് വെച്ചു. എന്നില്‍ പ്രതീക്ഷ മുളച്ചു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പറ്റം ബ്ലോഗ്ഗര്‍മാരെ കേരളത്തിന്റെ മണ്ണില്‍ വളര്‍ത്താന്‍ പറ്റിയ നല്ല ആശയം എന്നെനിക്ക് തോന്നി. എന്നാല്‍ അത്തരം ഒരു ദിശാബോധം ബ്ലോഗ് അക്കാദമിക്ക് നല്‍കി ഒരു ജനകീയ ബ്ലോഗ് കൂട്ടായ്മ സൃഷ്ടിച്ചെടുക്കുക എന്ന സ്വപ്നം അത്ര എളുപ്പമല്ല എന്നെനിക്ക് പെട്ടെന്ന് മനസ്സിലായി. എന്നെ പോലെ ചിന്തിക്കുന്ന ആരെയും എനിക്ക് കൂട്ടിന് കിട്ടിയില്ല. കുറെ പേര്‍ക്ക് ബ്ലോഗെഴുതാന്‍ പറഞ്ഞുകൊടുക്കുക എന്ന പരിമിതലക്ഷ്യം മാത്രമുള്ള ആ വിര്‍ച്വല്‍ കൂട്ടായ്മയില്‍ നിന്ന് ഞാന്‍ പിന്‍‌വാങ്ങി.

ഇത്രയും എഴുതിയത് എന്റെ ആത്മഗതം എന്ന് എടുക്കുക. ഇനി മവേലികേരളത്തിന്റെ അഥവാ ഞാന്‍ ബഹുമാനിക്കുന്ന പ്രസന്ന ടീച്ചറുടെ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് “ക്രിയാത്മകമായി പലതും ഒന്നിച്ചു നിന്നു ചെയ്യണമെന്നുണ്ടായിരുന്നിട്ടും എന്തുകോണ്ടോ ഒന്നും നടന്നില്ല എന്നുള്ളതിനെക്കുറിച്ചൊരു ഓപ്പണ്‍ ചര്‍ച്ച അതൊരു പോസ്റ്റാക്കു മാഷേ. ഒരു റിട്രോസ്പെക്‍ഷന്‍.ഒരു പക്ഷെ പുതിയ ആശയങ്ങളോ ഉത്തരങ്ങളോ‍ അതു വഴി കാണാന്‍ കഴിഞ്ഞേക്കാം.” ഇതിനുള്ള ഉത്തരം ടീച്ചര്‍ തന്നെ ആദ്യമേ പറഞ്ഞു വച്ചല്ലൊ “മലയാളി സമൂഹത്തിന്റെ ഒരു തനി പ്രതിബിംബമായിപ്പോയി, മലയാളം ബ്ലോഗും!

ബ്ലോഗില്‍ ഒന്നും ചെയ്യാനില്ല ടീച്ചര്‍ ... ചിന്തിക്കുന്നവര്‍ക്ക് മാത്രമേ പ്രശ്നമുള്ളൂ. എന്നോട് മുന്‍പ് ഒരു നക്സല്‍ സുഹൃത്ത് പറഞ്ഞിരുന്നു,“ ഒരു വിപ്ലവകാരി ആരെങ്കിലും വേദി ഒരുക്കിത്തരാന്‍ കാത്തിരിക്കുകയല്ല വേണ്ടത് , സ്വയം വേദി ഉണ്ടാക്കുകയാണ് വേണ്ടത് ” എന്ന്. ഇനിയേതായാലും ഒരങ്കത്തിന് നമ്മള്‍ക്ക് ബാല്യം ബാക്കിയില്ലല്ലൊ....

ടീച്ചര്‍ക്ക് നന്ദി !

Baiju Elikkattoor said...

താങ്കളോട് പല കരിയത്തിലും വിയോജിപ്പ് തോന്നാം. എന്നാല്‍ വെറുക്കാനോ അവഗണിക്കാനോ കഴിയില്ല. ബ്ലോഗില്‍ താങ്കളുടെ സാന്നിദ്ധ്യം എപ്പോഴും പ്രതീക്ഷിക്കുന്നു

Praveen payyanur said...

ദയവായി ബ്ലോഗ്‌ നിർത്തരുത്‌. കാരണം കമ്മ്യൂണിസ്റ്റ്‌ വിരുദധ ബ്ലോഗ്ഗ്‌ ചൂണ്ടിക്കാണിക്കാൻ ഒന്ന് വേണ്ടെ!
താങ്കൾക്ക്‌ പറ്റിയ കുഴപ്പം വിമർശ്ശനം മാത്രം ഉണ്ട്‌ സ്വയം വിമർശ്ശനം ഇല്ല എന്നതാണ്‌.
പാർട്ടിക്കെതിരെ താങ്കൾ വിശ്ശം ചീറ്റിയപ്പോൾ വിമർശ്ശനം സ്വാഭാവികം. പാടിപ്പുകഴ്ത്തലുകൾ മാത്രമാണ്‌ താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ കമന്റ്‌ ബോക്സിനുമുകളിൽ അത്‌ കൊടുത്താൽ മതി.

Baiju Elikkattoor said...

ഇന്നു സ്വയം വിമര്‍ശനം നടത്താന്‍ ചങ്കൂറ്റമുള്ള ഒരു CPM കാരനെ കാട്ടിത്തരുമോ പ്രവീണ്‍. "സ്വയം വിമര്‍ശനം" CPM ന്റെ പടിയിറങ്ങിയിട്ടു കാലം കുറെ ആയി, അറിഞ്ഞില്ലേ? അതെങ്ങനെ, പാര്‍ട്ടി ജ്വരം പിടിച്ചവരുടെ ഒക്കെ സാമാന്യ ബുദ്ധി switch off ആണെല്ലോ!

KPS ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരു കരിയതോട് 100% യോജിക്കുന്നു:

"ഇന്ന് കേരളത്തിലെ ഓരോ പൌരനും അബോധപൂര്‍വ്വമാണെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു എന്ന് അല്പം അതിശയോക്തിപരമെങ്കിലും പറയാം. കേരളമനസ്സിന്റെ മേലെ ഭയത്തിന്റെ മേലാപ്പ് വിരിച്ചിട്ട് പഴയ ജന്മിത്വത്തിന്റെ പ്രതാപവും പ്രൌഢിയും നുകരുകയാണ് ആ പാര്‍ട്ടിയുടെ ലോക്കല്‍ മുതലങ്ങോട്ടുള്ള നേതാക്കള്‍ എന്ന ധാരണ തെറ്റായാലും ശരിയായാലും എനിക്കുണ്ട്."

സഖാവ് പ്രവീണ്‍, ഈ ധാരണ തിരുത്തപ്പെടണം എന്ന് ആത്മാര്‍തമായി ആഗ്രഹിക്കുന്നു. ഇക്കരിയത്തില്‍ അങ്ങേക്ക് ഒരു സ്വയം വിമര്‍ശനം നടത്താനോ അല്ലെങ്കില്‍ ഈ ഒരു ധാരണ തിരുത്തി തരനോ കഴിയുമോ? മുഖം വക്രീകരിക്കല്‍ അല്ല ഉദ്ദേശിച്ചത്.

Unknown said...

ബൈജു, പ്രവീണിന്റെ നാടായ പയ്യന്നൂരിലും അതിനടുത്ത് തളിപ്പറമ്പിലും ഒക്കെ എനിക്ക് സ്നേഹിതന്മാരുണ്ട്. അവരൊക്കെ ജിടാക്കില്‍ ചാറ്റ് ചെയ്യുമ്പോള്‍ പറയുന്നു: “ ഇവിടെ എന്ത് ഡെമോക്രസി സുകുമാരേട്ടാ.. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പേടിച്ചിട്ടാണ് ജീവിയ്ക്കുന്നത് ...” എന്ന്.

പിണറായില്‍ പോയിട്ട് ഞാന്‍ അവിടെയുള്ള സഖാക്കന്മാരോട് ഉള്ള് തുറന്ന് സംസാരിക്കാറുണ്ട്. എന്നോട് എല്ലാവരും തുറന്ന് പറയും. കാരണം അവര്‍ക്കറിയാം ഞാനവര്‍ക്കൊരു ഭീഷണിയല്ല,തുറന്ന് പറയാമെന്ന്.

പ്രവീണിന്റെ കമന്റ് ഞാന്‍ അവഗണിച്ചതായിരുന്നു. എനിക്ക് നാട്ടിലുള്ളവരുടെ പള്‍സ് അറിയാം. ബൈജു മേല്‍ക്കണ്ട പോലെ എഴുതിയത് കൊണ്ട് ഇത്രയും പറഞ്ഞു എന്ന് മാത്രം.

Praveen payyanur said...

കേരളത്തിലെ ഓരോ പൗരനും പാർട്ടിയെ ഭയപ്പെട്ടു ജീവിക്കുന്നു. ഇത്‌ പുതിയ അറിവാണ്‌. കേരളത്തിലെ ജനങ്ങൾ ഒരർത്ഥത്തിൽ പാർട്ടി സംരക്ഷണയിലാണ്‌ എന്ന്‌ പറയുന്നതല്ലെ ശരി. ഉത്തരേന്‌ത്യൻ സംസ്ഥാനവും കേരളവും തമ്മിൽ വ്യത്യസ്തതയില്ലെ?.
പാർട്ടിയെ ഭയപ്പെടുന്ന വിഭാഗം എന്നതുകൊണ്ട്‌ സുകുമരേട്ടൻ ഉദ്ദ്യേശിച്ചത്‌ വർഗ്ഗിയ വാദികളെയായിരിക്കാം.

Sunand said...

ഇത് ഒരു സത്യമാണ്: പ്രപഞ്ച രഹസ്യം അറിയുന്നയാള്‍ അത് പറഞ്ഞു തരില്ല, ആരെങ്കിലും പറഞ്ഞു തന്നാല്‍ അതിനര്‍ത്ഥം അയാള്ക്ക് അത് അറിയില്ല എന്നാണ്.