വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ധാരാളം തൂലികാമിത്രങ്ങള്‍ ഉണ്ടായിരുന്നു . അന്ന് ആശയവിനിമയത്തിന് കത്ത് എഴുതുക എന്നത് മാത്രമായിരുന്നു ഒരേയൊരു മാര്‍ഗ്ഗം . ദിവസവും എനിക്ക് കുറെ കത്തുകള്‍ കിട്ടുകയും ഞാന്‍ അവയ്ക്കൊക്കെ മറുപടി എഴുതുകയും ചെയ്യുമായിരുന്നു . പുലരുന്നത് വരെ കത്തെഴുതിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട് . ഇന്ന് ഇ-മെയിലും ചാറ്റും ഓര്‍ക്കുട്ടും ബ്ലോഗും അതേപോലെ എളുപ്പത്തില്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കത്തെഴുത്തിലുള്ള ആ ഒരു ഊഷ്മളത ഇന്ന് നഷ്ടപ്പെട്ടു പോയോ എന്ന് എനിക്ക് സംശയമുണ്ട് . ഒരു പക്ഷെ പ്രായം കൂടുന്നത് കൊണ്ട് തോന്നുന്നതാവാം .
നമുക്ക് നേരില്‍ ബന്ധപ്പെടാന്‍ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും പരിചിതരും അയല്‍ക്കാരും ഒക്കെയുണ്ട് . അത് കൂടാതെ ദൈനംദിന ജീവിതത്തില്‍ പലരുമായും ദിവസവും ബന്ധപ്പെടുകയും ചെയ്യുന്നു . എന്നാലും ഒരു പുതിയ ബന്ധത്തിന് വേണ്ടി , പുതിയ സൌഹൃദത്തിന് വേണ്ടി നാമോരോരുത്തരും ഏത് പ്രായത്തിലും കൊതിക്കുന്നു . അതാണല്ലോ ഓര്‍ക്കുട്ട് പോലുള്ള സൌഹൃദക്കൂട്ടായ്മകള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവും ഉണ്ടാവുന്നത് . മനസ്സ് എന്ന് പറയുന്നത് ഒരു വലിയ സംഭവം തന്നെയാണ് . നമുക്ക് ഒന്നിലും സംതൃപ്തി ഒരിക്കലും കണ്ടെത്താന്‍ കഴിയുന്നില്ല. നമ്മള്‍ ഒന്ന് അഗ്രഹിക്കുന്നു . അത് സക്ഷാല്‍ക്കരിക്കപ്പെടാനോ അല്ലെങ്കില്‍ കരസ്ഥമാക്കാനോ കഠിനമായി പരിശ്രമിക്കുന്നു . ഒരു സ്വപ്നമായി അത് മനസ്സില്‍ താലോലിക്കുന്ന കാലത്തോളം നമുക്കത് അനിര്‍വ്വചനീയമായ ആനന്ദവും സന്തോഷവും നല്‍കുന്നു . എന്നാല്‍ അത് കിട്ടിക്കഴിഞ്ഞാലോ ? തീര്‍ന്നു , അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി . പിന്നെ ഒരു സന്തോഷവും ആനന്ദവും അത് നല്‍കുന്നില്ല. ഈ സത്യം ജീവിതത്തില്‍ അവസാനം വരെ ഓരോ ആളേയും പിന്‍തുടരുന്നു . അങ്ങിനെ ജീവിതം കേവലം മരീചിക തേടിയുള്ള ഒരു യാത്ര മാത്രമായി പര്യവസാനിക്കുന്നു . ഉദാഹരണത്തിന് ഒരാള്‍ ഒരു വീട് നിര്‍മ്മിക്കാനോ , ഒരു കാറ് വാങ്ങാനോ ആഗ്രഹിക്കുന്നു എന്ന് വയ്ക്കുക . ആ ആഗ്രഹം അയാള്‍ക്ക് ഒരു ലഹരിയാണ് . അത് യാഥാര്‍ത്ഥ്യമായാല്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന സുഖമാണ് ഒരു ലഹരിയായി അയാളുടെ മനസ്സില്‍ പതയുന്നത് . ഏറ്റവും മനോഹരമായ ബംഗ്ലാവും കാറും മറ്റ് എല്ലാവിധ ആധുനിക സൌകര്യങ്ങളും സ്വന്തമായാലോ ? അതൊന്നുമല്ല തനിക്ക് ആനന്ദവും സംതൃപ്തിയും നല്‍കാന്‍ പോരുന്നവ എന്ന് അയാള്‍ വൈകാതെ തിരിച്ചറിയുന്നു . ഇനിയും ലഭിച്ചിട്ടില്ലാത്ത എന്തോ ഒന്നാണ് ആനന്ദത്തിന് വേണ്ടി താന്‍ ലക്ഷ്യമാക്കുന്നത് എന്ന് അയാള്‍ക്ക് ബോധ്യമാവുന്നു . അന്വേഷണം വീണ്ടും ആരംഭിക്കുന്നു .
പലര്‍ക്കും മദ്യപാനം ആനന്ദം നല്‍കുന്നതായി എന്നോട് പറയാറുണ്ട് . എന്നാല്‍ കയ്ച്ചിട്ടിറക്കാന്‍ കഴിയാത്ത ആ ദ്രാവകം എങ്ങിനെയോ കഷ്ടപ്പെട്ട് തൊണ്ടയിലൂടെ അകത്താക്കി സ്വബോധം പാതി നഷ്ടപ്പെട്ട് വേച്ചു വേച്ചു പോകുന്നതില്‍ എന്ത് ആനന്ദം? അങ്ങിനെയാണെങ്കില്‍ ബോധരഹിതനായി കഴിയുന്നതല്ലേ ഏറ്റവും വലിയ ആനന്ദം ? ആനന്ദം എന്നത് ജാഗ്രതാവസ്ഥയില്‍ അനുഭവവേദ്യമാകുന്ന ഒരു മാനസികാവസ്ഥയല്ലേ ? മദ്യപാനവും പുകവലിയും മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഡിത്തമായി എനിക്ക് തോന്നാറുണ്ട് . അങ്ങിനെ ചിന്തിച്ചാല്‍ മനുഷ്യന്റെ പല ചെയ്തികളും വിഡ്ഡിത്തങ്ങളായും ജീവിതം തന്നെ ഒരു അസംബന്ധനാടകമായും തോന്നും . മനുഷ്യന്‍ ഒരു നീണ്ടകാലം ഇവിടെ കഴിഞ്ഞു കൂടേണ്ടതുണ്ട് . ഒറ്റ നോട്ടത്തില്‍ വിഡ്ഡിത്തങ്ങളായിത്തോന്നുന്ന ചെയ്തികള്‍ തന്നെയാവണം ഈ ജീവിതം വിരസമാവാതെ നീട്ടിക്കൊണ്ടു പോകാന്‍ സഹായിക്കുന്നത് .
സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണ്ണതകള്‍ , മൂല്യച്യുതികള്‍ , മനുഷ്യത്വരാഹിത്യം , സ്നേഹദാരിദ്ര്യം, ഗവണ്മെന്റിന്റെ ഭരണവൈകല്യങ്ങള്‍ , പൌരസമൂഹത്തിന്റെ പ്രതികരണമില്ലായ്മ , അണുകുടുംബം വരുത്തിവെച്ച അരക്ഷിതാവസ്ഥയും മാനസികസമ്മര്‍ദ്ധങ്ങളും , വിദ്യാഭ്യാസസമ്പ്രദായത്തിലെ പോരായ്മകള്‍ തൊട്ട് സൂര്യന് താഴെയുള്ള നൂറ് കൂട്ടം കാര്യങ്ങള്‍ ഞാന്‍ കത്തെഴുത്തിന് വിഷയമാക്കിയിരുന്നു . അങ്ങിനെ ധാരാളം തൂലികാസുഹൃത്തുക്കളെ എനിക്ക് കേരളത്തിനകത്തും പുറത്തും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു . കത്ത് വായിക്കുക എന്നത് അപൂര്‍വ്വമായ ഒരനുഭവം തന്നെയാണ് . ഓരോ വ്യക്തിയും അതുല്യവും അനുപമവുമായ പ്രതിഭാസമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഒരാളുടെ അനുഭവങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അയാള്‍ ഈ ലോകത്തെയും ജീവിതത്തെയും എങ്ങിനെ നോക്കിക്കാണുന്നുവെന്നതും . ചിരിക്കാനും, ചിന്തിക്കാനും, വിഭാവനം ചെയ്യാനും, കരയാനും ഒക്കെ കഴിയുന്ന മനുഷ്യന്‍ എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു . അപൂര്‍വ്വം ചില തൂലികാസുഹൃത്തുക്കളെയേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ . ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ഒരു സുഹൃത്തിനെ ഒരിക്കല്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു . അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു തൂലികാസൌഹൃദമാസികയില്‍ നിന്നാണ് അവന് എന്റെ വിലാസം കിട്ടിയിരുന്നത് . കുറെ കത്തുകള്‍ കൈമാറിയതിന് ശേഷം അവന്റെ താല്‍പ്പര്യപ്രകാരം ഞാന്‍ ജയിലില്‍ ചെന്നു . പ്രത്യയശാസ്ത്രപരമായും ആശയപരമായും തോന്നുന്ന പകയും വിദ്വേഷവും മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നതിലേക്കെത്തുന്നതിന്റെ യുക്തിരാഹിത്യം ഞാന്‍ അവനോട് എടുത്ത് പറഞ്ഞു . കൊല്ലാനുള്ള അവകാശം ഒരാള്‍ക്ക് സിദ്ധമാകുന്നത് എങ്ങിനെയെന്ന് ഞാന്‍ അവനോട് അത്ഭുതം കൂറി . മനുഷ്യരാശിയുടെ രക്ഷകനായി ഭാവിക്കാന്‍ ഒരു നേതാവിന് എങ്ങിനെ കഴിയുമെന്നും അങ്ങിനെ ഒരു രക്ഷാകര്‍ത്തൃത്വം ഒരു പാര്‍ട്ടിക്കോ മതത്തിനോ ആരില്‍ നിന്ന് ലഭിക്കുന്നു എന്നും ഞാന്‍ ചോദിച്ചു . ഒറ്റയ്ക്കായിരുന്ന് ജീവിതത്തിന്റെ ദൈന്യതകളില്‍ പലപ്പോഴും ദു:ഖിക്കാറുള്ള വ്യക്തിക്ക് ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാവുമ്പോള്‍ തന്നെപ്പോലെയുള്ള ഒരു സഹജീവിയെ ജീവനോടെ വെട്ടിക്കൊല്ലാന്‍ കഴിയുന്ന കരുത്ത് എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു . എങ്ങിനെയാണ് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനില്‍ നിന്ന് വ്യത്യസ്ഥനാകുന്നതും നിരപരാധിയായ ഒരാള്‍ അവനറിയാതെ മറ്റൊരാളുടെ ശത്രുവാകുന്നതും അയാളുടെ കൊലക്കത്തിക്കിരയാകുന്നതും ? ധാരാളം സാന്ത്വനവാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റിയതായിരുന്നു ഈ ചോദ്യങ്ങളൊക്കെ ഞാന്‍ . സംഭാഷണം നീണ്ടു പോകുന്നതില്‍ പിന്നെ ആ സുഹൃത്ത് അത്ര ഉത്സാഹം കാണിച്ചില്ല . അനുവദിക്കപ്പെട്ട സമയം തീരുന്നതിന് മുന്‍പേ ഞങ്ങള്‍ വിട പറഞ്ഞു . ജയിലിന്റെ ഗെയിറ്റ് കടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു ; കൊല്ലപ്പെടുന്നവരും മരണപ്പെടുന്നവരും എത്ര ഭാഗ്യവാന്മാര്‍ ! ജീവിതത്തിന്റെ യാതൊരു ദുരന്തങ്ങളും ദുരിതങ്ങളും അവരെ കാത്തിരിക്കുന്നില്ലല്ലോ !
എന്റെ കത്തുകള്‍ വായിച്ചു കൊണ്ടിരുന്ന തിരുവനന്തപുരത്തുള്ള വീട്ടമ്മയായ ഒരു തൂലികാസുഹൃത്ത് ഒരിക്കല്‍ എനിക്കെഴുതി “ ഈ ഭൂമിയുടെ അച്ചുതണ്ടിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല , അത് നേരെയാക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് ചേട്ടന്‍ വ്യാകുലപ്പെടേണ്ടതില്ല ” എന്ന് . പിന്നീട് ഞാന്‍ ആ സുഹൃത്തിന് കത്തുകള്‍ എഴുതിയില്ല . എന്നാല്‍ ആ വാക്കുകള്‍ ഒര്‍ക്കുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു .
14 comments:
ശരിയാണു സുകുമാര്‍ ജീ...
ഇന്നു കത്തുകള്‍ അന്യം നിന്നിരുന്നു ഇന്റെര്‍നെറ്റിന്റേയും വോയിസ്മൈലിന്റേയും
ജീവിതചുറ്റുപാടില്‍ കത്ത് ഇന്ന് അന്യം നിന്നിരിയ്ക്കുന്നൂ മുന്‍പൊക്കെ ഒരു വിവരമറിയാന്‍ ആഴ്ചകളും മാസങ്ങളും വേണ്ടിവന്നിരുന്നൂ ഇന്ന് അത് നിമിഷങ്ങള്‍ കൊണ്ട് നേടിയെടുക്കാനുള്ള കഴിവ് മനുഷ്യന്‍ പ്രാവര്‍ത്തികമാക്കിയിയ്ക്കുന്നൂ..
മാഷ് പറഞ്ഞത് പ്രായം കൂടുതല്‍ കൊണ്ട് തോന്നുന്നതല്ലാ അന്നത്തെ കത്തിന്റെ ഊഷ്മളത ഇന്നത്തെ ചാറ്റിങ്ങിനുണോ..?
എന്റെ അഭിപ്രായത്തില്‍ കത്തുകള്‍ക്ക് ജീവന്‍ തുളുംബും..
ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ മാറുന്നൂ മാഷെ..
ആര്‍ക്കും ആരോടൂം ഒരു കടപ്പാടും ഇല്ലാത്ത ഈ ലോകം..
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ലാ എല്ലാം ഒരു പൊള്ളയായ വാക്കുമാത്രം,സ്വന്തം ജീവിതസുഖത്തിനു വേണ്ടി സൌഹൃദവും സ്നേഹബന്ധങ്ങളും വ്യക്തിബന്ധങ്ങളും മാറ്റിവെയ്ക്കുന്ന കാലഘട്ടം,
അല്ലാ മാഷെ ഒരു പരുതിവരെ ഈ ലോകത്ത് ജീവിക്കണമെങ്കില്‍ സ്വബോധം നഷ്ടപ്പെട്ടെ പറ്റൂ ആരേയും കുറ്റം പറ്റയാന്‍ പറ്റില്ലാ ജീവിതസാഹചര്യങ്ങള്‍ മാറിയപ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതെയായ് എന്നു പറയുന്നതാ കൂടുതല്‍ ശെരി
ഇതില്‍ പറയുന്ന പോലെ ആരെ കുറ്റപ്പെടുത്താന്‍ നമുക്കാകും..?
ഈ മാനവരാശിയേയൊ.?
അതൊ ജനസമൂഹത്തേയൊ..? അതൊ വളന്നു വരുന്ന പിഞ്ചോമനകളേയൊ?
ഇന്ന് കൌമാരം വളരുന്നത് ഭാവിയിലെ തലമുറകളെ നശുപ്പിക്കുന്ന
അതൊ മാഷ് ഇവിടെ പറഞ്ഞപോലെ ഹരം പിടിയ്ക്കുന്ന ഇന്നത്തെ ജീവിതരീതിയേയൊ..?
അതൊ ജീവിതസാഹചര്യമാണോ..?
തലമുറകള്‍ പിന്നിടുമ്പോള്‍ മനുഷ്യന്‍ മനുഷ്യനലാതെആകുന്നൂ.
അതിനു കാരണമെന്താണ്..?
സുകുമാരേട്ടാ, ബര്‍ണാഡ്‌ഷാ സിഗരറ്റിനെ നിര്‍വ്വചിച്ചത് രസകരമായാണ്. ഫയര്‍ അറ്റ് വണ്‍ എന്‍ഡ് ആന്റ് ഫൂള്‍ അറ്റ് ദ അതര്‍ എന്‍ഡ്. കത്തെഴുത്തില്‍നിന്നും ഓര്‍ക്കുട്ടിലേക്കെത്തിയതുപോലെയായിരുന്നുവെന്നുപറയാം ഈയുള്ളവന്റെ ബീഡിയില്‍ നിന്നും സിഗരറ്റിലേക്കുള്ള കുരച്ചുചാട്ടം അഥവാ കുതിച്ചുചാട്ടം.
ആ കൊലക്കേസ് പ്രതിയുമായി ഇപ്പോഴും സംവദിക്കാറുണ്ടോ? എന്താണ് അയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്നറിയാന്‍ താത്‌പര്യമുണ്ട്.
nithyank@gmail.com
പലര്‍ക്കും മദ്യപാനം ആനന്ദം നല്‍കുന്നതായി എന്നോട് പറയാറുണ്ട് . എന്നാല്‍ കയ്ച്ചിട്ടിറക്കാന്‍ കഴിയാത്ത ആ ദ്രാവകം എങ്ങിനെയോ കഷ്ടപ്പെട്ട് തൊണ്ടയിലൂടെ അകത്താക്കി സ്വബോധം പാതി നഷ്ടപ്പെട്ട് വേച്ചു വേച്ചു പോകുന്നതില്‍ എന്ത് ആനന്ദം? അങ്ങിനെയാണെങ്കില്‍ ബോധരഹിതനായി കഴിയുന്നതല്ലേ ഏറ്റവും വലിയ ആനന്ദം ?
ഇതു ഞാന് പലരോടും ചോദിച്ചിട്ടുണ്ട്.. ആ കളയുന്ന കാശിനു ആര്ക്കെങ്കിലും ഒരു നേരത്തെ ആഹാരം വേടിച്ചു കൊടുത്തുടേ അല്ലെങ്കി വേണ്ട മുട്ടേം പാലും വേടിച്ചു കഴിച്ചൂടെ.....ആരോഗ്യമെങ്കിലും നന്നാകട്ടേ
നാളെയൊരു തലമുറ ഇങ്ങനെ പറഞ്ഞേക്കാം, പണ്ട് എന്റെ ചെറുപ്പത്തില്‍ telephone, sms, mobile, ksh"ഓര്ക്കുട്ട്" "ഈമെയില്" തുടങ്ങിയവയായിരുന്നു, അതിന്റെ ഒരു സുഖം ഈ വിര്‍ച്വല്‍ കമ്മ്യൂണിക്കേഷനില്‍മുഴുവനായും (നമ്മുടെ രൂപം ആളിരിക്കുന്ന സ്ഥലത്ത് അന്തരീക്ഷത്തില്‍കാണുകയും നേരിട്ടെന്ന പോലെ സംവദിക്കുകയും ചെയ്യുന്ന് ഒരു വിദ്യ ഭാവിയില്‍ ഉണ്ടായേക്കും എന്നെന്റെ ഭാവന (സിനിമാനടിയല്ല..)അല്ലെങ്കില്‍ പോട്ടെ കല്പന(അയ്യൊ ആപേരിലും സിനിമാനടി) എന്നാപ്പിന്നെ മനസ്സ്, പറയുന്നു, അതിന്റെ ചില രൂപങ്ങളൊക്കെ ആയതായി പലയിടതും(ഓര്‍മയില്ല എവിടെന്ന്,,) അറിയാന്‍ കഴിഞ്ഞു.) ആളെ നേരിട്ട് കാണുമ്പോളും, കിട്ടുന്നില്ല . എന്തായാലും ആ റ്റെക്നോളജി ആയിരുന്നു റ്റെക്നോലജി എന്ന്.
ഹൃദ്യമായ ഒരു കുറിപ്പ്..
കാണാത്ത അറിയാത്ത എവിടെയോ ഉള്ള ആളുടെ ഒരു കത്ത് നമ്മുടെ വിലാസത്തില്‍ വരിക, നമ്മളെ കുറിച്ച് അന്വഷിക്കുക, അതൊരു വല്ലാത്ത സന്തോഷം ആയിരുന്നു. നാട്ടിലും വിദേശങ്ങളലുമായി കുറെ നല്ല സൗഹൃദം അന്നും എനിക്കുണ്ടായിരുന്നു. അതു കൊണ്ടാകാം.. പിന്നെ മദ്യപാനത്തെ കുറിച്ചുള്ള നിഗമനം നന്നായി.
നിത്യന്‍ ചോദിച്ചത് പോലെ ആ കൊലക്കേസ് പ്രതി ഇപ്പൊഴും പരിചയം പുതുക്കാറുണ്ടോ..?
Dear sir,
ഭൂമിയുടെ അച്ചുതണ്ടിന് ഒരു കുഴപ്പവുമില്ല !
എന്ന പോസ്റ്റ് വായിച്ചു. വളരെ പ്രസക്തങ്ങളായ ചിന്തകള്‍. ഒരു കത്തിലൂടെ നമ്മള്‍ അതയച്ച ആളെ സ്പര്‍ശിക്കുന്നു. വെറും അക്ഷരങ്ങളിലൂടെയല്ലാതെ ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു.
പക്ഷെ, നമ്മള്‍ ടെക്നോളജിയേയും മാറ്റങ്ങളെയും അകറ്റി നിറുത്തുന്നതു കൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. ഓരൊ കാലഘട്ടത്തിന്റെ ആവശ്യകതകള്‍ മാറുന്നു. ഒരു ഉദാഹരണം പറഞ്ഞാന്‍ ഓഡിയോ കാസെറ്റുകള്‍ നമുക്കു ചെറുതല്ലാത്ത ഒരു നൊസ്റ്റാള്‍ജിയ ആണ്. ഇപ്പോളൊ... ഇന്റെര്‍നെറ്റിലും വഴിവക്കിലെ സി ഡികളിലുമായ പാട്ടുകളുടെ ഒരു പ്രപഞ്ചം നമ്മുടെ ചുറ്റും...എന്നിട്ടിപ്പോ നമ്മള്‍ ഒന്നുമറിയാത്തെ പോലെ അതംഗികരിക്കുന്നു.
മാറ്റം ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ്. എല്ലാ കാലഘട്ടാത്തിനും അതിന്റേതായ ന്യൂനതകളും ഉണ്ടായിരുന്നു. നമ്മോടൊപ്പം ഈ ലോകത്തിലെ നന്മകളും അവസാനിക്കുമെന്നും എല്ലാരും കരുതി.... പക്ഷേ ലോകത്തില്‍ ഇനിയും പച്ചപ്പ് അവശേഷിക്കുന്നു. ഓരോ കാലത്തിലും അതിനായി ബലിയാടുകളും ഉണ്ടാവുന്നു. ഇതിങ്ങനെ പോകും...അച്ചുതണ്ട് അങങനെ തന്നെ കാണും ... ഭൂമിയുള്ളിടത്തോളം കാലം..
ഒരു ചെറിയ സജഷന്‍:-
ഒരു പ്രത്യേക വിഷയത്തില്‍ ഉള്ള ശ്രദ്ധ മാറിപ്പോകുന്നുണ്ടോ എന്ന സംശയം . ഉദാഹരണാത്തിന്, ഈ പോസ്റ്റ് നമ്മള്‍ മറന്നു കൊണ്ടിരിക്കുന്ന കത്ത് എന്ന സംഗതിയെ ഓര്‍മ്മിപ്പിക്കനോ, അതോ പൊതുവേ കാണുന്ന സമൂഹത്തിലെ നാറുന്ന പ്രവണാതകള്‍ക്കെതിരെയുള്ള ശബ്ദമോ?
Thought provoking.
Keep up the good observations.
നിങ്ങളെഴുതുന്ന കുറിപ്പുകള്‍ക്കെല്ലാം വംശനാശംവന്ന, ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന ഒരു പൂവിന്റെ ഗന്ധമുണ്ട്. മുമ്പെഴുതിയ വായനെയെക്കുറിച്ചുള്ള,പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകളിലും അതുണ്ടായിരുന്നു.ഒരു പക്ഷെ നിങ്ങള്‍ കടന്നുവന്ന വഴികളീലെവിടെയോ ആവും വായിക്കുന്നവന്‍ എന്നതുകൊണ്ടാവും. പിന്‍വെളിച്ചത്തിന്റെ ചീളുകള്‍.
ഈ കുറിപ്പുവായിച്ചപ്പൊ പണ്ടെപ്പോഴോ വായിച്ചു മറന്ന ഒരു പുസ്തകത്തില്‍ വോള്‍ടയര്‍ ഉദാഹരണമായിപ്പറയുന്ന ബ്രാഹ്മണന്റെയും അയല്പക്കത്തെ അജ്ഞയായ സ്ത്രീയുടെയും കഥയാണ് ഓര്‍മ്മ വന്നത്. ജീവിതകാലം മുഴുവന്‍ പ്രപഞ്ചമനസ്സിന്റെ നിഗൂഡതകളീലേക്കുറ്റുനോക്കി ഉറക്കം നഷ്ടപ്പെടുത്തിയവനും,ജീവിച്ചവളും. വല്യ വിഷയമാണത്. നിങ്ങള്‍ ജൈവമനുഷ്യന്‍ വായിച്ചോ? ഇഷ്ടപ്പെടും.
നമസ്കാരം.
വളരെ നല്ല ലേഖനം.
അതെ, ടെക്നോളജി എത്ര വളര്‍ന്നാലും, ഒരു കത്ത് നമ്മുടെ അഡ്രസില്‍ പോസ്റ്റ്മാന്‍ കൊണ്ടുവരുമ്പോഴുണ്ടാവുന്ന ഒരു സന്തോഷം എത്ര ഇ-മെയില്‍, ഓര്‍ക്കൂട്ട് സ്ക്രാപ്പ്, ചാറ്റ് ചെയ്താലും കിട്ടുന്നതല്ല.
വളരെ നല്ല ലേഖനം.
ഇന്റര്‍നെറ്റിന്റെ ഇടനാഴികകളില്‍ പുതിയ സൗഹൃദങ്ങളും തേടി അലയുമ്പോഴും, ഇടനെഞ്ചില്‍ നീറിയെരിയുന്ന സ്മരണകളുമായി നമ്മള്‍ക്കു മുന്നോട്ടു പോകാം, പങ്കു വെയ്കാം... ജീവിത വീധിയുടെ തിരിചു പോകാന്‍ കഴിയാത്ത ഇടവഴികള്‍...
അനാഗതശ്മശ്രുവിന് നന്ദി .....!
സജീ ...പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുക എളുപ്പമല്ല , അത് കൊണ്ടാണ് പലരും റെഡിമെയിഡ് ഉത്തരങ്ങളില്‍ സമധാനം കണ്ടെത്തുന്നത് ...!
നിത്യന്‍ , നജീം ... വായനയ്ക്ക് നന്ദി . ആ കൊലക്കേസ് പ്രതിയുമായി പിന്നീട് ബന്ധം ഉണ്ടായിരുന്നില്ല . ആദ്യസമാഗമത്തോടെ ആ സൌഹൃദബന്ധം അവസാനിച്ചിരുന്നു.ബന്ധങ്ങള്‍ ഒക്കെ അങ്ങിനെ തന്നെയാണ് . ബന്ധങ്ങളില്‍ കഴിയുമ്പോള്‍ അതാസ്വദിക്കുക ,അത്ര തന്നെ. പിന്നെ എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും നമുക്ക് പിന്‍തുടരാനും കഴിയില്ലല്ലോ . മനുഷ്യനെ ജീവനോടെ കൊല ചെയ്യുന്ന മനുഷ്യര്‍ അവരുടെ വാര്‍ദ്ധക്യകാലത്ത് എങ്ങിനെ കഴിയുന്നു എന്നത് ഞാന്‍ പലപ്പോഴും ആലോചിക്കുന്ന ഒരു വിഷയമാണ് ...!
കടവനോട് : കഴിഞ്ഞ കാലത്തോട് നമുക്ക് ഒരു തരം നൊസ്റ്റാള്‍ജിയ തോന്നുന്നു . അത്രയേയുള്ളൂ . ചരല്‍ വിരിച്ച നാട്ടു പാതയും , തെളിനീരില്‍ നീന്തിക്കളിക്കുന്ന പരല്‍ മീനുകളും , പച്ചച്ച നെല്‍പ്പാടങ്ങളും ഒക്കെ എനിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് . ഇനി നാളെ സ്പെയിസില്‍ ഉല്ലാസ യാത്ര നടത്താന്‍ പോകുന്ന തലമുറക്ക് എന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഓര്‍മ്മകളാണുണ്ടാവുക .. അപ്പോഴും നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയ തന്നെ ...!
ജിഹേഷ് .. ഞാന്‍ ഒരിക്കല്‍ നാട്ടിലുള്ള ഒരു മദ്യപാനിയോട് ചോദിച്ചു “ നിങ്ങള്‍ എപ്പോഴെങ്കിലും പട്ടണത്തില്‍ പോയി ഫ്രൂട്ട് സാലഡ് നുണഞ്ഞ് കഴിച്ചിട്ടുണ്ടോ ?” ഇല്ല എന്നായിരുന്നു ഉത്തരം . എന്നാല്‍ കുറേ കഴിഞ്ഞ് കണ്ടപ്പോള്‍ അവന്‍ പറഞ്ഞു . കെ.പി.എസ്. ചോദിച്ചതിന്റെ അര്‍ത്ഥം എനിക്കിപ്പോഴാണ് മനസ്സിലായത് എന്ന് . എത്രയെത്ര രുചികരങ്ങളായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല . ആസ്വദിച്ച് ആഘോഷിച്ച് തീര്‍ക്കാമായിരുന്ന ജീവിതം പലരും ചുമക്കുകയാണ് , ഒരു നിയോഗം പോലെ !
Jane ... വളരെ നന്ദി , വായിച്ചതിനും നല്ല വാക്കുകള്‍ക്കും .
പ്രിയ വഴിപോക്കന്‍ , ബ്ലോഗില്‍ എഴുതുന്നതെല്ലാം ചര്‍ച്ച ചെയ്യപ്പെടണം എന്ന ഉദ്ധേശത്തിലല്ല . എന്നെ സംബന്ധിച്ച് എന്റെ ശിഥില ചിന്തകള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുക എന്നേ ഞാന്‍ ഉദ്ധേശിക്കുന്നുള്ളൂ . ഈ പോസ്റ്റില്‍ എന്തെങ്കിലും ഒരു സന്ദേശം ഉണ്ടെങ്കില്‍ അത് നാം കരുതുന്ന പോലെ ലോകം അത്ര നെഗറ്റീവ് അല്ല എന്നും അത്രയധികം നാം വ്യാകുലപ്പെടേണ്ടതുമില്ല എന്നുമാണ് . അങ്ങിനെ പറഞ്ഞ് ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞോ എന്നറിയില്ല . അടുത്ത പോസ്റ്റിലെ എന്റെ ചിന്തകള്‍ ഇതിന്റെ തുടര്‍ച്ചയാകണമെന്നുമില്ല . ഏതായാലും വായനക്കും കമന്റിനും നന്ദിയും സ്നേഹവും ....!
സുഗതരാജ് പലേരി , മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ , the prophet of frivolity, aham bharatheeya എന്നീ ബ്ലോഗ്ഗേര്‍സിനും നന്ദി ...!
സുകുമാരന്‍സാറിന്റെ ഈ അനുഭവങ്ങള്‍
എന്റെ വായനാനുഭവത്തെ ഒന്നുകൂടി
സമ്പന്നമാക്കി.
നന്ദി സര്‍
Post a Comment