Links

ഭൂമിയുടെ അച്ചുതണ്ടിന് ഒരു കുഴപ്പവുമില്ല !

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ധാരാളം തൂലികാമിത്രങ്ങള്‍ ഉണ്ടായിരുന്നു . അന്ന് ആശയവിനിമയത്തിന് കത്ത് എഴുതുക എന്നത് മാത്രമായിരുന്നു ഒരേയൊരു മാര്‍ഗ്ഗം . ദിവസവും എനിക്ക് കുറെ കത്തുകള്‍ കിട്ടുകയും ഞാന്‍ അവയ്ക്കൊക്കെ മറുപടി എഴുതുകയും ചെയ്യുമായിരുന്നു . പുലരുന്നത് വരെ കത്തെഴുതിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട് . ഇന്ന് ഇ-മെയിലും ചാറ്റും ഓര്‍ക്കുട്ടും ബ്ലോഗും അതേപോലെ എളുപ്പത്തില്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കത്തെഴുത്തിലുള്ള ആ ഒരു ഊഷ്മളത ഇന്ന് നഷ്ടപ്പെട്ടു പോയോ എന്ന് എനിക്ക് സംശയമുണ്ട് . ഒരു പക്ഷെ പ്രായം കൂടുന്നത് കൊണ്ട് തോന്നുന്നതാവാം .

നമുക്ക് നേരില്‍ ബന്ധപ്പെടാന്‍ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും പരിചിതരും അയല്‍ക്കാരും ഒക്കെയുണ്ട് . അത് കൂടാതെ ദൈനംദിന ജീവിതത്തില്‍ പലരുമായും ദിവസവും ബന്ധപ്പെടുകയും ചെയ്യുന്നു . എന്നാലും ഒരു പുതിയ ബന്ധത്തിന് വേണ്ടി , പുതിയ സൌഹൃദത്തിന് വേണ്ടി നാമോരോരുത്തരും ഏത് പ്രായത്തിലും കൊതിക്കുന്നു . അതാണല്ലോ ഓര്‍ക്കുട്ട് പോലുള്ള സൌഹൃദക്കൂട്ടായ്മകള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവും ഉണ്ടാവുന്നത് . മനസ്സ് എന്ന് പറയുന്നത് ഒരു വലിയ സംഭവം തന്നെയാണ് . നമുക്ക് ഒന്നിലും സംതൃപ്തി ഒരിക്കലും കണ്ടെത്താന്‍ കഴിയുന്നില്ല. നമ്മള്‍ ഒന്ന് അഗ്രഹിക്കുന്നു . അത് സക്ഷാല്‍ക്കരിക്കപ്പെടാനോ അല്ലെങ്കില്‍ കരസ്ഥമാക്കാനോ കഠിനമായി പരിശ്രമിക്കുന്നു . ഒരു സ്വപ്നമായി അത് മനസ്സില്‍ താലോലിക്കുന്ന കാലത്തോളം നമുക്കത് അനിര്‍വ്വചനീയമായ ആനന്ദവും സന്തോഷവും നല്‍കുന്നു . എന്നാല്‍ അത് കിട്ടിക്കഴിഞ്ഞാലോ ? തീര്‍ന്നു , അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി . പിന്നെ ഒരു സന്തോഷവും ആനന്ദവും അത് നല്‍കുന്നില്ല. ഈ സത്യം ജീവിതത്തില്‍ അവസാനം വരെ ഓരോ ആളേയും പിന്‍‌തുടരുന്നു . അങ്ങിനെ ജീവിതം കേവലം മരീചിക തേടിയുള്ള ഒരു യാത്ര മാത്രമായി പര്യവസാനിക്കുന്നു . ഉദാഹരണത്തിന് ഒരാള്‍ ഒരു വീട് നിര്‍മ്മിക്കാനോ , ഒരു കാറ് വാങ്ങാനോ ആഗ്രഹിക്കുന്നു എന്ന് വയ്ക്കുക . ആ ആഗ്രഹം അയാള്‍ക്ക് ഒരു ലഹരിയാണ് . അത് യാഥാര്‍ത്ഥ്യമായാല്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന സുഖമാണ് ഒരു ലഹരിയായി അയാളുടെ മനസ്സില്‍ പതയുന്നത് . ഏറ്റവും മനോഹരമായ ബംഗ്ലാവും കാറും മറ്റ് എല്ലാവിധ ആധുനിക സൌകര്യങ്ങളും സ്വന്തമായാലോ ? അതൊന്നുമല്ല തനിക്ക് ആനന്ദവും സംതൃപ്തിയും നല്‍കാന്‍ പോരുന്നവ എന്ന് അയാള്‍ വൈകാതെ തിരിച്ചറിയുന്നു . ഇനിയും ലഭിച്ചിട്ടില്ലാത്ത എന്തോ ഒന്നാണ് ആനന്ദത്തിന് വേണ്ടി താന്‍ ലക്ഷ്യമാക്കുന്നത് എന്ന് അയാള്‍ക്ക് ബോധ്യമാവുന്നു . അന്വേഷണം വീണ്ടും ആരംഭിക്കുന്നു .

പലര്‍ക്കും മദ്യപാനം ആനന്ദം നല്‍കുന്നതായി എന്നോട് പറയാറുണ്ട് . എന്നാല്‍ കയ്ച്ചിട്ടിറക്കാന്‍ കഴിയാത്ത ആ ദ്രാവകം എങ്ങിനെയോ കഷ്ടപ്പെട്ട് തൊണ്ടയിലൂടെ അകത്താക്കി സ്വബോധം പാതി നഷ്ടപ്പെട്ട് വേച്ചു വേച്ചു പോകുന്നതില്‍ എന്ത് ആനന്ദം? അങ്ങിനെയാണെങ്കില്‍ ബോധരഹിതനായി കഴിയുന്നതല്ലേ ഏറ്റവും വലിയ ആനന്ദം ? ആനന്ദം എന്നത് ജാഗ്രതാവസ്ഥയില്‍ അനുഭവവേദ്യമാകുന്ന ഒരു മാനസികാവസ്ഥയല്ലേ ? മദ്യപാനവും പുകവലിയും മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഡിത്തമായി എനിക്ക് തോന്നാറുണ്ട് . അങ്ങിനെ ചിന്തിച്ചാല്‍ മനുഷ്യന്റെ പല ചെയ്തികളും വിഡ്ഡിത്തങ്ങളായും ജീവിതം തന്നെ ഒരു അസംബന്ധനാടകമായും തോന്നും . മനുഷ്യന്‍ ഒരു നീണ്ടകാലം ഇവിടെ കഴിഞ്ഞു കൂടേണ്ടതുണ്ട് . ഒറ്റ നോട്ടത്തില്‍ വിഡ്ഡിത്തങ്ങളായിത്തോന്നുന്ന ചെയ്തികള്‍ തന്നെയാവണം ഈ ജീവിതം വിരസമാവാതെ നീട്ടിക്കൊണ്ടു പോകാന്‍ സഹായിക്കുന്നത് .

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണ്ണതകള്‍ , മൂല്യച്യുതികള്‍ , മനുഷ്യത്വരാഹിത്യം , സ്നേഹദാരിദ്ര്യം, ഗവണ്മെന്റിന്റെ ഭരണവൈകല്യങ്ങള്‍ , പൌരസമൂഹത്തിന്റെ പ്രതികരണമില്ലായ്മ , അണുകുടുംബം വരുത്തിവെച്ച അരക്ഷിതാവസ്ഥയും മാനസികസമ്മര്‍ദ്ധങ്ങളും , വിദ്യാഭ്യാസസമ്പ്രദായത്തിലെ പോരായ്മകള്‍ തൊട്ട് സൂര്യന് താഴെയുള്ള നൂറ് കൂട്ടം കാര്യങ്ങള്‍ ഞാന്‍ കത്തെഴുത്തിന് വിഷയമാക്കിയിരുന്നു . അങ്ങിനെ ധാരാളം തൂലികാസുഹൃത്തുക്കളെ എനിക്ക് കേരളത്തിനകത്തും പുറത്തും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു . കത്ത് വായിക്കുക എന്നത് അപൂര്‍വ്വമായ ഒരനുഭവം തന്നെയാണ് . ഓരോ വ്യക്തിയും അതുല്യവും അനുപമവുമായ പ്രതിഭാസമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഒരാളുടെ അനുഭവങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അയാള്‍ ഈ ലോകത്തെയും ജീവിതത്തെയും എങ്ങിനെ നോക്കിക്കാണുന്നുവെന്നതും . ചിരിക്കാനും, ചിന്തിക്കാനും, വിഭാവനം ചെയ്യാനും, കരയാനും ഒക്കെ കഴിയുന്ന മനുഷ്യന്‍ എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു . അപൂര്‍വ്വം ചില തൂലികാസുഹൃത്തുക്കളെയേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ . ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ഒരു സുഹൃത്തിനെ ഒരിക്കല്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു . അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു തൂലികാസൌഹൃദമാസികയില്‍ നിന്നാണ് അവന് എന്റെ വിലാസം കിട്ടിയിരുന്നത് . കുറെ കത്തുകള്‍ കൈമാറിയതിന് ശേഷം അവന്റെ താല്‍പ്പര്യപ്രകാരം ഞാന്‍ ജയിലില്‍ ചെന്നു . പ്രത്യയശാസ്ത്രപരമായും ആശയപരമായും തോന്നുന്ന പകയും വിദ്വേഷവും മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നതിലേക്കെത്തുന്നതിന്റെ യുക്തിരാഹിത്യം ഞാന്‍ അവനോട് എടുത്ത് പറഞ്ഞു . കൊല്ലാനുള്ള അവകാശം ഒരാള്‍ക്ക് സിദ്ധമാകുന്നത് എങ്ങിനെയെന്ന് ഞാന്‍ അവനോട് അത്ഭുതം കൂറി . മനുഷ്യരാശിയുടെ രക്ഷകനായി ഭാവിക്കാന്‍ ഒരു നേതാവിന് എങ്ങിനെ കഴിയുമെന്നും അങ്ങിനെ ഒരു രക്ഷാകര്‍ത്തൃത്വം ഒരു പാര്‍ട്ടിക്കോ മതത്തിനോ ആരില്‍ നിന്ന് ലഭിക്കുന്നു എന്നും ഞാന്‍ ചോദിച്ചു . ഒറ്റയ്ക്കായിരുന്ന് ജീവിതത്തിന്റെ ദൈന്യതകളില്‍ പലപ്പോഴും ദു:ഖിക്കാറുള്ള വ്യക്തിക്ക് ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാവുമ്പോള്‍ തന്നെപ്പോലെയുള്ള ഒരു സഹജീവിയെ ജീവനോടെ വെട്ടിക്കൊല്ലാന്‍ കഴിയുന്ന കരുത്ത് എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു . എങ്ങിനെയാണ് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനില്‍ നിന്ന് വ്യത്യസ്ഥനാകുന്നതും നിരപരാധിയായ ഒരാള്‍ അവനറിയാതെ മറ്റൊരാളുടെ ശത്രുവാകുന്നതും അയാളുടെ കൊലക്കത്തിക്കിരയാകുന്നതും ? ധാരാളം സാന്ത്വനവാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റിയതായിരുന്നു ഈ ചോദ്യങ്ങളൊക്കെ ഞാന്‍ . സംഭാഷണം നീണ്ടു പോകുന്നതില്‍ പിന്നെ ആ സുഹൃത്ത് അത്ര ഉത്സാഹം കാണിച്ചില്ല . അനുവദിക്കപ്പെട്ട സമയം തീരുന്നതിന് മുന്‍പേ ഞങ്ങള്‍ വിട പറഞ്ഞു . ജയിലിന്റെ ഗെയിറ്റ് കടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു ; കൊല്ലപ്പെടുന്നവരും മരണപ്പെടുന്നവരും എത്ര ഭാഗ്യവാന്മാര്‍ ! ജീവിതത്തിന്റെ യാതൊരു ദുരന്തങ്ങളും ദുരിതങ്ങളും അവരെ കാത്തിരിക്കുന്നില്ലല്ലോ !

എന്റെ കത്തുകള്‍ വായിച്ചു കൊണ്ടിരുന്ന തിരുവനന്തപുരത്തുള്ള വീട്ടമ്മയായ ഒരു തൂലികാസുഹൃത്ത് ഒരിക്കല്‍ എനിക്കെഴുതി “ ഈ ഭൂമിയുടെ അച്ചുതണ്ടിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല , അത് നേരെയാക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് ചേട്ടന്‍ വ്യാകുലപ്പെടേണ്ടതില്ല ” എന്ന് . പിന്നീട് ഞാന്‍ ആ സുഹൃത്തിന് കത്തുകള്‍ എഴുതിയില്ല . എന്നാല്‍ ആ വാക്കുകള്‍ ഒര്‍ക്കുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു .

ബാംഗ്ലുരിലെ പ്രബോധിനി വായനശാല

മിനിഞ്ഞാന്ന് രാവിലെയാണ്, ബാംഗ്ലുര്‍ മഡിവാളയില്‍ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന പ്രബോധിനി വായനശാല ഞാന്‍ സന്ദര്‍ശിച്ചത് . ജോമേഷ് എന്നെ അയ്യപ്പന്‍ ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് അവര്‍ താമസിക്കുന്ന വീട്ടിലേക്ക് നയിച്ചു . മൂന്നാമത്തെ നിലയില്‍ ജോമേഷും മറ്റ് നാല് പേരും ചേര്‍ന്ന് താമസിക്കുന്ന വാടക വീട്ടിലാണ് തല്‍ക്കാലം വായനശാല പ്രവര്‍ത്തിക്കുന്നത് . വായനശാലയുടേതായി ഒരു വെബ്‌സൈറ്റും പിന്നെ ബ്ലോഗും കൂടിയുണ്ട് . വായനശാലയുടെ തുടക്കവും ഇനിയിത് കൂടുതല്‍ വികസിപ്പിക്കേണ്ട ആവശ്യകതയും ജോമേഷ് എനിക്ക് വിവരിച്ചു തന്നു.

അലമാരിയില്‍ പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത് നോക്കിയിരിക്കേ എന്റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് ഒരു മടക്കയാത്ര നടത്തി . വായന നന്നെ ചെറുപ്പം മുതലേ എനിക്കൊരു ഹരമായിരുന്നു . കൈയില്‍ കിട്ടുന്ന എന്ത് തുണ്ട് കടലാസ് പോലും വായിക്കുമായിരുന്നു . എല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള ജിജ്ഞാസ കലശലായിരുന്നു . നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളും എന്ന നോവല്‍ വായിച്ചത് . ഈ പ്രപഞ്ചത്തിന്റെ അറ്റം വരെ പോകാനും എല്ലാം അറിയാനുള്ള ആകാംക്ഷയുമുള്ള വിശ്വം എന്ന അതിലെ കഥാപാത്രവുമായി ഞാന്‍ താദാത്മ്യം പ്രാപിക്കുകയായിരുന്നു . പിന്നീട് ഹൈസ്കൂള്‍ വിദ്യാഭ്യാസം എനിക്ക് തുടരാന്‍ കഴിഞ്ഞില്ല . അച്ഛന്‍ അകാലത്തില്‍ മരണപ്പെട്ടതോടുകൂടി ജീവിതം തന്നെ വഴി മുട്ടി . എനിക്കാണെങ്കില്‍ പഠിക്കണമായിരുന്നു . പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കണമായിരുന്നു . വലുതാവുമ്പോള്‍ ഉറൂബിനെപ്പോലെ ഒരു എഴുത്തുകാരനാവണമെന്ന മോഹം വേറെ .

അന്നൊക്കെ നാട്ടില്‍ നിന്നും എത്രയോ പേരെ തീവണ്ടികള്‍ മദിരാശി പോലുള്ള നഗരങ്ങളില്‍ എത്തിച്ചിരുന്നു . കൈയില്‍ കാശില്ലെങ്കിലും കള്ളവണ്ടി കയറി എന്നും പലരും മദ്രാസ് സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങാറുണ്ടായിരുന്നു . ദാരിദ്ര്യവും പട്ടിണിയും നിമിത്തം പലരും നഗരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്നു . എന്നും വണ്ടിയില്‍ നിന്നും പുറത്തിറങ്ങുന്ന അനേകം ബാലന്മാര്‍ നഗരത്തിലെ ചെറുതും വലുതുമായ റോഡുകളിലൂടേ ഊര്‍ന്നിറങ്ങി നഗരത്തിലെ മുഖമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ വിലയം പ്രാപിക്കാറുണ്ടായിരുന്നു . മദ്രാസ് പട്ടണം കരുണാനിധിയായ ഒരു മാതാവിനെപ്പോലെ അവിടെയെത്തുന്ന ആയിരമായിരം ബാലന്മാരെ തന്റെ കരങ്ങളാല്‍ ആശ്ലേഷിച്ച് അഭയം നല്‍കാറുണ്ടായിരുന്നു .

ഒരു നിയോഗം പോലെ ഞാനും മദിരാശിയില്‍ എത്തിപ്പെട്ടു . ജ്ഞാനതൃഷ്ണ ശമിപ്പിക്കാന്‍ നഗരത്തില്‍ ധാരാളം ലൈബ്രറികളുണ്ടായിരുന്നു . LLA വകയായ ലൈബ്രറികളുടെ ആസ്ഥാനം മൌണ്ട് റോഡിലെ സ്വന്തമായ കൂറ്റന്‍ കെട്ടിടത്തിലാണ് . മലയാളമുള്‍പ്പെടെ എല്ലാ ഭാഷയിലും ഗ്രന്ഥങ്ങളും ആനുകാലികങ്ങളും . നഗരത്തില്‍ എവിടെയും LLA യ്ക്ക് ശാഖകളുണ്ട് . അംഗത്വകാര്‍ഡ് ഉപയോഗിച്ച് എവിടെ നിന്നും പുസ്തകങ്ങള്‍ എടുക്കാം . അംഗത്വം കിട്ടണമെങ്കില്‍ ഒരു ഗസറ്റഡ് ആഫീസര്‍ അപേക്ഷയില്‍ സൈന്‍ ചെയ്യണമായിരുന്നു . ഒരു സഹൃദയനായ ഓഫീസര്‍ എന്നെ പരിചയമുണ്ടെന്ന് കാണിച്ച് ഒപ്പ് ഇട്ട് തന്നു . എഗ്‌മോറിലെ കണ്ണിമാറ ലൈബ്രറി വളരെ പ്രശസ്തമായിരുന്നു. ബ്രിട്ടീഷ് കാരനായ ഒരു സായ്‌വ് ആണത് നിര്‍മ്മിച്ചത് . അവിടെയുള്ള മലയാളം വിഭാഗത്തില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി . രാവിലെ കയറിക്കൂടിയാല്‍ മിക്കവാറും വൈകുന്നേരമാണ് ഇറങ്ങുക . വായിക്കാന്‍ വേണ്ടി തമിഴും ഇംഗ്ലീഷും പഠിച്ചു . അക്കാലത്തേ തമിഴില്‍ വിജ്ഞാനകോശം “കലൈക്കളഞ്ചിയം” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു . (മലയാളത്തില്‍ സര്‍വ്വവിജ്ഞാനകോശം 20 വാല്യം പ്രസിദ്ധീകരിക്കാനുള്ളസര്‍ക്കാര്‍ പദ്ധതി എന്തായെന്നറിയില്ല . 10ആമത്തെ വാല്യം വരെ ഞാന്‍ വാങ്ങിയിരുന്നു.) ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം വല്ല അലവലാതി തൊഴിലും ചെയ്ത് ഒരാഴ്ച ജീവിക്കുവാനുള്ള വരുമാനം ഞാന്‍ കണ്ടെത്തി. കോഡമ്പാക്കത്തെ വെസ്റ്റ് അവന്യു റോഡില്‍ 13ആം നമ്പര്‍ വീട്ടിലെ ഔട്ട് ഹൌസ് എനിക്ക് താമസത്തിന് സൌജന്യമായി നല്‍കപ്പെട്ടിരുന്നു . കണ്ണിമാറ ലൈബ്രറിയില്‍ പോയിരുന്നു വായിച്ച പലരും പില്‍ക്കാലത്ത് പ്രശസ്തരായ എഴുത്തുകാരായിട്ടുണ്ട് . ഈ ലൈബ്രറിയാണ് എന്നെ ഒരു നാടകകൃത്താക്കിയതെന്ന് എന്‍.എന്‍.പിള്ള ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . ഞാന്‍ പക്ഷെ വായിക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ അറിവില്ലാത്തവനാവുകയായിരുന്നു . ഉത്തരങ്ങള്‍ ഒരു മരീചിക പോലെ എന്നില്‍ നിന്ന് അകലുന്നു . പിന്നെപ്പിന്നെ ഒരു പുസ്തകവും മുഴുവനുമായി വായിക്കാന്‍ കഴിയാത്തായി. ഏതാനും പേജുകള്‍ വായിക്കുമ്പോഴേക്കും ചിന്തകള്‍ കാട് കയറാന്‍ തുടങ്ങും .

എഴുപതുകള്‍ വായനയുടെ വസന്തകാലമായിരുന്നു . അക്കാലത്ത് ഞാന്‍ സ്വന്തമായി ഒരു മലയാളം സര്‍ക്ക്യുലേറ്റിങ്ങ് ലൈബ്രറി തുടങ്ങി. ഒന്ന് രണ്ട് അഭ്യുദയകാംക്ഷികള്‍ നല്‍കിയ സാമ്പത്തിക സഹായം മൂലധനമായി സ്വരൂപിച്ച് മോഡേണ്‍ സര്‍ക്ക്യുലേറ്റിങ്ങ് ലൈബ്രറി എന്ന പേരിലാണ് തുടങ്ങിയത് . മലയാളികളുടെ വീടുകളില്‍ ആഴ്ചയില്‍ രണ്ട് വീതം പുസ്തകങ്ങള്‍ എത്തിക്കുക എന്നതായിരുന്നു പരിപാടി . ഓരോ അംഗത്തില്‍ നിന്നും മാസത്തില്‍ 3 രൂപ വരിസംഖയും വസൂലാക്കി . പുസ്തകം വാങ്ങിയിട്ട് രണ്ട് ദിവസം കൊണ്ട് രണ്ട് പുസ്തകവും വായിച്ച് തീര്‍ത്തിട്ട് എന്റെ വരവും കാത്ത് ഇരിക്കുമായിരുന്നു അക്കാലത്ത് മലയാളി വീട്ടമ്മമാര്‍ . പുസ്തകവും കൊടുത്ത് വായിച്ച പുസ്തകത്തെക്കുറിച്ച് ചര്‍ച്ച കൂടി നടത്തിയിട്ടേ ഞാന്‍ വീടുകളില്‍ നിന്ന് തിരിച്ചിറങ്ങാറുണ്ടായിരുന്നുള്ളൂ .

ഞാന്‍ ജോമേഷിനോട് എന്റെ അനുഭവം അയവിറക്കി പറഞ്ഞപ്പോള്‍ അവനത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവോ എന്തോ ? വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് . മനസ്സിന്റെഭക്ഷണമാണ് വായന . ശരീരത്തോടൊപ്പം മനസ്സും ആരോഗ്യകരമായി വളരണമെങ്കില്‍ വായന എന്ന പോഷകാഹാരം മനസ്സിന് അനുസ്യൂതം ലഭിക്കേണ്ടതുണ്ട് . എന്നാല്‍ ഇന്നത്തെ ഈ യാന്ത്രികമായ ജീവിതത്തിനിടയില്‍ എത്ര പേര്‍ വായനക്കായി സമയം നീക്കി വെക്കും . ഏതായാലും കുറച്ച് വായനക്കാരെ കൂടി കണ്ടെത്തി പ്രബോധിനി വായനശാല വികസിപ്പിക്കണമെന്ന ധാരണയിലാണ് ഞാന്‍ ജോമേഷിനോട് യാത്ര പറഞ്ഞത് . പ്രബോധിനിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല . പ്രബോധിനി വളര്‍ന്ന് ബാംഗ്ലൂര്‍ മലയാളികളുടെ ഒരു കലാ-സാംസ്കാരിക കേന്ദ്രമായി വികസിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം !

പ്രത്യാശയുടെ ഈ ശബ്ദം മനുഷ്യ സ്നേഹികള്‍ക്ക് ആവേശം പകരട്ടെ !

ഷാനവാസ് ഇലിപ്പക്കുളം എന്റെ പോസ്റ്റിന് എഴുതിയ ഈ കമന്റ് ഒരു മഹത്തായ പുതുവത്സര സമ്മാനമായി ഞാന്‍ സ്വീകരിക്കുന്നു .


സുകുമാരന്‍ മാഷേ നന്ദി.
ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.

എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.

ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.
തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.

തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.

സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.

എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു !

*****************************************************************

എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്‍ഷപൂരിതമാകുന്നത് ? എന്ത് കൊണ്ടാണ് തീവ്രവാദം ഇന്ന് ലോകമാസകലം ഇത്രമാത്രം അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് . എന്താണ് തീവ്രവാദികള്‍ നേടാന്‍ പോകുന്നത് ? ഒരു കാര്യം ഓര്‍ക്കേണ്ടതാണ് . തീവ്രവാദികള്‍ മാത്രമല്ല തീവ്രവാദികളെ പിന്‍‌തുണക്കുന്നവരും അപകടകാരികളും മനുഷ്യരാശിയുടെ ശത്രുക്കളാണെന്നതാണത് . തമിഴ് വംശജരുടെ പ്രശ്നം ചൂണ്ടിക്കാട്ടി ചിലര്‍ ലോകഭീകരന്‍ വേലുപ്പിള്ള പ്രഭാകരനെ പിന്‍‌തുണക്കുന്നുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ പ്രഭാകരന് തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ . മിതവാദികളായ എത്ര ശ്രീലങ്കന്‍ തമിഴ് നേതാക്കളെ പ്രഭാകരന്‍ കൊന്നൊടുക്കിയിട്ടുണ്ട് . തമിഴരുടെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാന്‍ ശ്രമിച്ചു കൊണ്ടിരുന്ന എത്രയോ തമിഴ് സംഘടനാ നേതാക്കളെ നിഷ്ക്കരുണം വധിച്ചു കൊണ്ട് താന്‍ മാത്രമാണ് ശ്രീലങ്കന്‍ തമിഴരുടെ ഏക സംരക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രഭാകരന്‍ ശ്രമിച്ചത് . തമിഴ് ഈഴം എന്ന പേരില്‍ ഒരു രാജ്യം സ്വന്തമായി കരസ്ഥമാക്കി ഏകാധിപതിയായി അവിടെ വാണുകൊണ്ട് ലോകത്തിലുള്ള മൊത്തം തമിഴരുടെ മിശിഹാ താനാണെന്ന് സ്ഥാപിക്കലാണ് പ്രഭാകരന്റെ സ്വപ്നം . പതിനായിരക്കണക്കിന് പാവപ്പെട്ട തമിഴരെ കൊലക്ക് കൊടുത്തതും കൊന്നതുമാണ് പ്രഭാകരന്റെ നേട്ടം . മനുഷ്യബോംബുകള്‍ എന്ന ചാവേറുകളെ ലോകത്ത് അവതരിപ്പിച്ചതും പ്രഭാകരന്‍ തന്നെ . അങ്ങിനെയുള്ള കൊടും തീവ്രവാദിയെ കാഴ്ചയില്‍ ഗാന്ധിയനെപ്പോലെയുള്ള പി. നെടുമാരനും മറ്റും പിന്‍‌തുണക്കുന്നത് എന്തിന്റെ പേരിലായാലും അപലപിക്കപ്പെടേണ്ടതാണ് . ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ആ രാജ്യം വെട്ടിമുറിക്കപ്പെടാതെ പരിഹരിക്കേണ്ടതുണ്ട് . സമാധാനപരമായ ചര്‍ച്ചയിലൂടെയല്ലാതെ ലോകത്തെവിടെയും ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല . പ്രഭാകരന്റെ അന്ത്യം അടുത്തു എന്നാണ് ശ്രീലങ്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . തീവ്രവാദവും ലോകത്ത് നിന്ന് അവസാനിപ്പിച്ചേ മതിയാവൂ .

ഇസ്ലാം മതം ഇങ്ങിനെ ഒരു തീവ്രവാദ മതമാണെന്ന അപഖ്യാതി ലോകമെമ്പാടും പ്രചരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് ആ മതത്തിലെ സമാധാന പ്രേമികള്‍ തീവ്രവാദത്ത തള്ളിപ്പറയാത്തത് എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ ഉള്ളതാണ് . എന്നാല്‍ ചിന്തിക്കുന്ന യുവതലമുറ മുസ്ലീം സമുദായത്തില്‍ ഉണ്ടെന്നും അവര്‍ പ്രതികരിക്കാതിരിക്കില്ല എന്ന പ്രത്യാശയാണ് ഷാനവാസ് നല്‍കുന്നത് .

തങ്ങളുടെ മതം , അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടി , അല്ലെങ്കില്‍ തങ്ങളുടെ സംഘടന മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റുമാണെന്ന ധാരണയില്‍ നിന്നുമാണ് അസഹിഷ്ണുതയും അക്രമവും അത് വളര്‍ന്ന് തീവ്രവാദവുമായി വളരുന്നത് . വിശ്വാസങ്ങളോ അഭിപ്രായങ്ങളോ ആശയങ്ങളോ എന്തുമാവട്ടെ ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ് . ജീവിയ്ക്കുക , ജീവിയ്ക്കാനനുവദിക്കുക എന്ന തത്വം അംഗീകരിക്കാത ഏത് മതത്തെയും ഏത് പാര്‍ട്ടിയെയും ഏത് സംഘടനയെയും എല്ലാവരും തള്ളിപ്പറയണം . വ്യത്യസ്ഥമായതോ എതിരായതോ ആയ ഏത് അഭിപ്രായത്തെയും ആശയത്തെയും സഹിക്കാനുള്ള ഹൃദയ വിശാലത ഏത് മതക്കാരനും പാര്‍ട്ടിക്കാരനും സ്വായത്തമാക്കണം . കാരണം ഈ ഭൂമിയും ഇവിടെയുള്ള വിഭവങ്ങളും സമ്പത്തും ആരുടെയും സ്വന്തമല്ല . ഇന്ന് ജീവിയ്ക്കുന്നവര്‍ നാളെ ജനിക്കാനിരിക്കുന്നവരില്‍ നിന്ന് കടം വാങ്ങി അനുഭവിക്കുന്നു എന്നേയുള്ളൂ . തീവ്രവാദികള്‍ സ്വമേധയാ മന:പരിവര്‍ത്തനത്തിന് വിധേയരാവുകയോ ആയുധം താഴെ വെക്കുകയോ ഇല്ല . നമ്മുടെ മൌനവും തീവ്രവാദത്തിന് പ്രോത്സാഹനമാണ് . തീവ്രവാദം ഇല്ലാതാക്കാനുള്ള ചുമതല നമുക്കെല്ലാമുണ്ട് . നമ്മള്‍ മറ്റുള്ളവരോട് ഉറക്കെ പറയുന്നത് തന്നെ തീവ്രവാദത്തിനെതിരായ ഒരു പ്രവര്‍ത്തനമാവും . അത്രയെങ്കിലും നമ്മള്‍ ചെയ്യണം .