Links

ചിന്തിക്കുന്നവര്‍ സംഘടിതരാവുക !!

നമ്മുടെ സമൂഹത്തിന്റെ സമസ്തമേഖലകളേയും, ഭയാനകമാംവിധം ജീര്‍ണ്ണത ഗ്രസിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രതികരണശേഷി തീരെയില്ലാതെ നിസ്സഹായരായി എല്ലാറ്റിനും മൂകസാക്ഷികളായി നാം ജീവിക്കുന്നു.ചിന്തിക്കുന്നവര്‍ നാളെയെക്കുറിച്ച്‌ വ്യാകുലപ്പെടുന്നു.എല്ലാം ഉടച്ചു വാര്‍ക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ എവിടെ,എങ്ങിനെ തുടങ്ങും ? ആര്‍ നേതൃത്വം നല്‍കും ? ഒരു കാര്യം തീര്‍ച്ചയാണു,ഇനി മഹാത്മാക്കള്‍ ജനിക്കുകയില്ല, മാതൃകാ നേതാക്കന്മാര്‍ ഉണ്ടാവുകയില്ല. എന്തെങ്കില്‍ മാറ്റം വേണമെന്നുണ്ടെങ്കില്‍ നമ്മള്‍ സാധാരണക്കാര്‍ തന്നെ മുന്‍കൈ എടുത്തേ പറ്റൂ. ഇന്ന് നമ്മുടെ ജനാധിപത്യസമ്പ്രദായത്തില്‍ പൗരന്മാര്‍ക്ക്‌ പൊതുകാര്യം ചര്‍ച്ച ചെയ്യാന്‍ യാതൊരു വേദിയുമില്ല. വോട്ടവകാശമുള്ള പൗരജനങ്ങളില്‍ പകുതിയിലധികം പേര്‍ വോട്ട്‌ രേഖപ്പെടുത്തുന്നില്ല. വോട്ട്‌ ചെയ്യുന്നവരെയാണെങ്കില്‍ ചെറുതും വലുതുമായ അനേകം പാര്‍ട്ടികള്‍ വീതിച്ചെടുത്ത്‌ വോട്ട്‌ ബേങ്കുകളായി സൂക്ഷിക്കുകയാണു. അവരുടെ തലയെണ്ണി,രാഷ്ട്രീയം ആജീവനാന്ത തൊഴിലാക്കിയവര്‍ സീറ്റിനും,അധികാരത്തിനും വേണ്ടി വില പേശുന്നു. ഈ വോട്ട്‌ ബേങ്ക്‌ സൂക്ഷിക്കാനും,നിലനിര്‍ത്താനുമാണു ഇന്നു രാഷ്ട്രീയാക്കാര്‍ പരസ്പരം മത്സരിക്കുന്നത്‌.അങ്ങിനെ വൃത്തികെട്ട ഈ അധികാരക്കളിയില്‍ നാടിന്റെയും,നാട്ടാരുടേയും എല്ലാ പൊതുതാല്‍പര്യങ്ങളും ബലികഴിക്കപ്പെടുന്നു. ജനാധിപത്യം വിജയിക്കണമെങ്കില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും,പൗരാവകാശം വിനിയോഗിക്കുകയും ചെയ്യുന്ന ഒരു പൗരസമൂഹം ഉണ്ടായിരിക്കണം. അതിനിനി ഒരു വിദൂര സാധ്യത പോലും നമ്മുടെ നാട്ടില്‍ കാണാനില്ല. ജനാധിപത്യം എന്ന് പറയുന്നത്‌ വെറും വോട്ട്‌ ചെയ്യലല്ല. അതൊരു ജീവിതശൈലിയാണു. സാമൂഹ്യ ബോധം നഷപ്പെട്ട നമുക്കിനിയത്‌ മനസ്സിലാവണമെന്നില്ല. പക്ഷേ,ജനാധിപത്യസംസ്കാരവും,മാനവീകമൂല്യങ്ങളും പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ എല്ലാവര്‍ക്കും സുരക്ഷിതത്വവും,സമാധാനവും ലഭിക്കുകയുള്ളൂ. എന്നാല്‍ കാര്യങ്ങളുടെ പോക്ക്‌ തീരെ പ്രതീക്ഷക്ക്‌ വക നല്‍കുന്നില്ല. എങ്ങും തര്‍ക്കങ്ങളും,വാദപ്രതിവാദങ്ങളും,ആരോപണപ്രത്യാരോപണങ്ങളും കൊണ്ട്‌ ശബ്ദമുഖരിതമാണു അന്തരീക്ഷം. ഒരു പൊതുവായ ന്യായവും, നേരും നെറിയും ഇന്നില്ല. ഓരോരുത്തരും അവനവന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ തോന്നിയപോലെയാണു ഇന്ന് സംസാരിക്കുന്നത്‌. അങ്ങിനെ നോക്കുമ്പോള്‍ എല്ലാം കൊണ്ടും മനുഷ്യന്റെ ഭാവി അത്ര ശോഭനമല്ല. ഇനി ഇതൊക്കെ നേരെയാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നും തോന്നുന്നില്ല.

രാഷ്ട്രീയവും,സാമൂഹീകവും,സാമ്പത്തികവുമായ പ്രശ്നങ്ങളില്‍, ഒരു പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ഒരു മാറ്റത്തിനു എന്നെങ്കിലും മനുഷ്യന്‍ മുതിര്‍ന്നേക്കാം.എന്നാല്‍ ഇന്ന് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ണ്,ജലം,അന്തരീക്ഷം തുടങ്ങി പ്രകൃതിയേയും പരിസ്തിതിയേയും പിന്നീട്‌ ആര്‍ക്കാണു ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുക ? ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അന്തരീക്ഷഘടന താറുമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്‌.ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്ന് പ്രസരിക്കുന്ന അള്‍ട്രാവയലറ്റ്‌ രശ്മി ഭൂമിയിലെത്താതെ തടുത്തുനിര്‍ത്തിയിരുന്ന ഓസോണ്‍ പാളിക്ക്‌ വിള്ളല്‍ സംഭവിക്കുകയും തന്മൂലം അന്തരീക്ഷത്തിലെ താപനില അസഹനീയമാംവിധം വര്‍ധിച്ചുവരികയുമാണു. ഓരോ നിമിഷവും ടണ്‍ കണക്കിനു വിഷവാതകങ്ങളാണു മനുഷ്യന്‍ ഉല്‍പ്പാദിപ്പിച്ച്‌ ഇന്ന് അന്തരീക്ഷത്തിലേക്ക്‌ വിടുന്നത്‌.എല്ലാ ആഘോഷവേളകളിലും നമ്മള്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നു. അതായത്‌ അണ്ണാരക്കണ്ണനും തന്നാലായത്‌ എന്ന മട്ടില്‍ പടക്കങ്ങള്‍ പൊട്ടിച്ച്‌ ഒരോരുത്തരും അന്തരീക്ഷമലിനീകരണത്തിനു ആക്കം കൂട്ടുന്നു. ഈ പടക്കങ്ങളെങ്കിലും നമുക്ക്‌ ഉപേക്ഷിച്ചുകൂടേ ? എല്ലാ ധാര്‍മ്മികമൂല്യങ്ങളും,പൗരബോധവും കൈമോശം വന്ന ഒരു ജനക്കൂട്ടമാണു നമ്മള്‍. സ്വന്തം കാര്യം സിന്ദാബാദ്‌ എന്നല്ലാതെ സമൂഹത്തെ ബാധിക്കുന്ന പൊതുകാര്യങ്ങളില്‍ ഇന്ന് ആര്‍ക്കും താല്‍പര്യമില്ല. അപരന്റെ അപ്രീതിയെ ഭയന്ന് ഒരു തെറ്റിനെതിരെയും ഒരക്ഷരം ആരും മിണ്ടുന്നില്ല. ശരിയായ രീതിയില്‍ ചിന്തിക്കുന്ന ധാരാളം പേരുണ്ടെങ്കിലും അവരെല്ലാം അസംഘടിതരും,നിസ്സഹായരുമാണു. കള്ളനാണയങ്ങളാണു ഇന്ന് എല്ലാ അരങ്ങുകളിലും ആടിത്തിമിര്‍ക്കുന്നത്‌. എന്തു ചെയ്യും......? ചിന്തിക്കുന്നവര്‍ ആത്മരക്ഷാര്‍ത്ഥം സംഘടിക്കട്ടെ !