എനിക്ക് വേണ്ടത് മനുഷ്യരുടെ അനുഗ്രഹം !

ഞാന്‍ അമ്പലങ്ങളില്‍ പോകാറില്ല,പ്രാര്‍ത്ഥിക്കാറുമില്ല. കാരണം, എനിക്ക് പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ല. എന്റെ പരിമിതികള്‍ക്കകത്ത് നിന്ന് കൊണ്ട്, എന്റെ കഴിവിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതലായി എനിക്കൊന്നും വേണ്ട.എന്റെ പ്രവര്‍ത്തിയുടെ ഫലമായി ഞാന്‍ സ്വായത്തമാക്കുന്നത് ആസ്വദിച്ചും നുണഞ്ഞും ജീവിതത്തിന്റെ വര്‍ത്തമാനകാലം ഞാന്‍ കടത്തിവിടുന്നു.

എന്റെ ചുറ്റുപാടും പ്രകൃതിയും മനുഷ്യരും എല്ലാം എനിക്കെന്നും അല്‍ഭുതമാണ്.വെറുതെയിരിക്കുമ്പോള്‍ ആകാശം കാണാന്‍ പോലും എന്തൊരു ഭംഗിയാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോളും ഞാനത് ആസ്വദിക്കുകയായിരുന്നു.ഒരിക്കല്‍ അഞ്ചരക്കണ്ടിയില്‍ ഞങ്ങളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഒരു രാത്രി ഞാന്‍ അവിടെ തനിച്ച് താമസിക്കേണ്ടിവന്നു. എങ്ങും സിമന്റും ചളിയും മണ്ണും.... അപ്പോള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ടെറസ്സില്‍ ലുങ്കിയും വിരിച്ചു ആകാശം നോക്കി ഞാന്‍ കിടന്നു... ഒരു കഷ്ടത അതങ്ങിനെ കാണുമ്പോള്‍ മാത്രമാണെന്നും നേരെ മറിച്ച് പൊസിറ്റീവായെടുത്താല്‍ കഷ്ടപ്പാടിലും ഒരു എന്‍‌ജോയ്‌മെന്റ് കണ്ടെത്താനാവുമെന്നു ഞാന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അനുഭവിച്ചിട്ടുണ്ട്.

എന്റെ ആവശ്യങ്ങള്‍ ഞാന്‍ തന്നെ നിര്‍വ്വഹിക്കണം.എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ പരിഹരിക്കണം.എന്റെ ദുരന്തങ്ങള്‍ ഞാന്‍ തന്നെ നേരിടണം.മരണം വരെ ജീവിക്കുക മാത്രമേ ഞാന്‍ ചെയ്യുകയുമുള്ളൂ.പിന്നെ ഞാന്‍ എന്തിന് പ്രാര്‍ത്ഥിക്കണം? ആരോട് പ്രാര്‍ത്ഥിക്കണം? എന്നാല്‍ അമ്പലങ്ങളില്‍ പോകുന്നവരേയും,പ്രര്‍ത്ഥിക്കുന്നവരേയും ഞാന്‍ നേരിട്ട് എതിര്‍ക്കാറില്ല. കാരണം അതൊരു മന:സ്സമാധാനത്തിന്റെ പ്രശ്നമാണ്.

ഒരു വിശ്വാസിയില്‍ അവിശ്വാസം കുത്തിവെച്ച്, ആത്മസംഘര്‍ഷം ഉണ്ടാക്കിയിട്ട് എന്ത് സമാധാനമാണ് എനിക്കയാള്‍ക്ക് പകരം നല്‍കാന്‍ കഴിയുക ? ഒന്നാലോചിച്ചാല്‍ ഈ ലോകത്തില്‍
മനുഷ്യന്റെ അവസ്ഥ സഹതാപാര്‍ഹമാണ്. നീണ്ട ജീവിതയാത്രയില്‍, അവന് ലഭിക്കുന്ന ആനന്ദത്തി
ന്റെയും, സുഖത്തിന്റെയും, സംതൃപ്തിയുടെയും അളവ് തുലോം പരിമിതമാണ്. യഥാര്‍ത്ഥത്തില്‍ ക്ഷണിക വും,നശ്വരവുമായ ഈ ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു തീര്‍ക്കാമായിരുന്നു. സ്വയം നിര്‍മ്മിക്കുന്ന ഊരാക്കുടുക്കുകളില്‍ പെട്ട് ഉഴലുകയാണ് ഇന്ന് മനുഷ്യര്‍.ഈ ഒരു അവസ്ഥയെയാണ്
ആള്‍ദൈവങ്ങളും,ആദ്ധ്യാത്മികക്കാരും എല്ലാം ചൂഷണം ചെയ്യുന്നത്. ഒരിക്കല്‍ മാതാ അമൃതാനന്ദമയി
യുടെ പ്രഭാഷണം കേള്‍ക്കാന്‍ ഞാന്‍ പോയിരുന്നു. സര്‍വ്വാഭരണവിഭൂഷിതരായി എത്തിച്ചേര്‍ന്ന ഭക്ത രില്‍ ചിലരെ അമ്മ കെട്ടിപ്പിടിച്ച് ആലിങ്ങനം ചെയ്തു.അവരുടേതായ നാടന്‍ ശൈലിയില്‍ സ്നേഹത്തെ ക്കുറിച്ചു അവര്‍ മണിക്കൂറൂകളോളം പ്രഭാഷണം നടത്തി.മുഴുവന്‍ ഭക്തരുടെയും സ്നേഹവും,ആരാധനയും ഏറ്റുവാങ്ങി അമ്മ തിരിച്ചു പോയി.എന്നാല്‍ വന്നുചേര്‍ന്നവരില്‍ ആരും തന്നെ പരസ്പരം പരിചയപ്പെടു കയോ സ്നേഹം പങ്കു വെക്കുകയോ ചെയ്തില്ല.പിന്നെ ഈ സ്നേഹപ്രഭാഷണം ആര്‍ക്കുവേണ്ടി? ഞാന്‍,
നീ എന്നു പോലും ഉച്ചരിക്കരുത്,നമ്മള്‍ എന്നേ പറയാവൂ എന്ന അമ്മയുടെ ഉല്‍ബോധനം ഒരു ഭക്തനും ചെവിക്കൊണ്ടില്ല. എന്നാല്‍ അവിടെ കൂടിയിരുന്ന എല്ലാവരും ആന്തരീകമായി കടുത്ത സ്നേഹദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു എന്നത് സത്യമാണ്.

ഇത്തരം ആയിരം അമ്മമാര്‍ ചേര്‍ന്നാലും, ശ്രീ ശ്രീ രവിശങ്കര്‍മാര്‍ ചേര്‍ന്നാലും ഒരു മദര്‍ തെരേസയാകില്ല ! എന്തിന് ഒരു സര്‍വ്വോദയം കുര്യന്‍ പോലും ആകില്ല !! ഭൂമിയില്‍ ജനിക്കുന്ന, ജീവിക്കുന്ന ആര്‍ക്കുംതന്നെ മനുഷ്യേതരമായ ഒരു എക്സ്ട്രാ കഴിവുമില്ല. അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ഗോപിനാഥ് മുതുകാടാണ് ഏറ്റവും വലിയ ആള്‍ദൈവം. ഏതെങ്കിലും തരത്തില്‍ മനുഷ്യനു സേവനം ചെയ്യുന്നവരാണ് മഹാത്മാക്കള്‍! അവരാണ് ആദരിക്കപ്പെടേണ്ടവര്‍ !!

ജീവിതത്തിന്റെ ഏതെങ്കിലും മേഖലകളില്‍ വിജയം വരിച്ചവര്‍, ഇത് ദൈവാനുഗ്രഹമാണ് എന്നു പറയുന്നത് ഇന്ന് പതിവാണ്. ഇങ്ങിനെ ചുരുക്കം ചിലരെ മാത്രം തെരഞ്ഞു പിടിച്ചു അനുഗ്രഹിക്കുന്ന സങ്കുചിതമനസ്ക്കനാണോ ദൈവം ? അയാളോട് മാത്രം പ്രത്യേകമമതയും താല്പര്യവും ദൈവത്തിനുണ്ടാവാന്‍ കാരണമെന്ത് ? ഞാനും എന്റെ ദൈവവും
എന്ന സ്വാര്‍ത്ഥ ചിന്തയില്‍ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വരുന്നത്. പണവും സമ്പത്തും ധാര്‍മ്മികമായല്ല ഇന്ന് വിതരണം ചെയ്യപ്പെടുന്നത്. കൌശലമുള്ളവര്‍ക്ക് എത്രയും കൂടുതല്‍ കൈക്കലാക്കാന്‍ തക്ക പാകത്തിലാണ് നമ്മുടെ സാമൂഹ്യ ഘടന. ഇതിലൊന്നും ദൈവത്തിന്റെ
അനുഗ്രഹമോ, തലയെഴുത്തോ, ഭാഗ്യമോ,നല്ല സമയമോ ഒന്നും തന്നെയില്ല.

അമ്പലങ്ങളിലും മറ്റും പോകുന്നവരുടെ എണ്ണം ദിനം‌പ്രതി പെരുകുന്നത് സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കുദാഹരണമാണ്, അല്ലാതെ പരിഹാരം കിട്ടുന്നു എന്നതിന്റെയല്ല. തമിഴില്‍ ഒരു ചൊല്ലുണ്ട്, “ പോതും എന്‍‌ട്ര മനം പൊന്‍ ശെയ്യും മരുന്ത് " ( മതി എന്ന മനസ്സ് ,പൊന്ന് ഉണ്ടാക്കുന്ന മരുന്നു..."ക്ഷമിക്കണം! തമിഴിന്റെ പ്രാസഭംഗി മലയാളത്തിനില്ല ) അതെ, സന്തോഷവും സംതൃപ്തിയും കണ്ടെത്താനുള്ള സൂത്രവാക്യമാണ് ആ പഴമൊഴി !

20 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

തമിഴില്‍ ഒരു ചൊല്ലുണ്ട്, “ പോതും എന്‍‌ട്ര മനം പൊന്‍ ശെയ്യും മരുന്ത് " ( മതി എന്ന മനസ്സ് ,പൊന്ന്
ഉണ്ടാക്കുന്ന മരുന്നു..."ക്ഷമിക്കണം! തമിഴിന്റെ പ്രാസഭംഗി മലയാളത്തിനില്ല ) അതെ, സന്തോഷവും
സംതൃപ്തിയും കണ്ടെത്താനുള്ള സൂത്രവാക്യമാണ് ആ പഴമൊഴി !

Oasis said...

Sir,
You seems to be stealing my mind..:)

sivadas said...

വളരെ ശരിയാണ് സുകുമാരേട്ടാ.

mumsy-മുംസി said...

ഭക്തിയില്‍ ചിലര്‍ ആനന്ദം കണ്ടെത്തുന്നു. ചിലര്‍ ആശ്വാസം, വേറെ ചിലര്‍ ആത്മരതിയും...

ദില്‍ബാസുരന്‍ said...

സുകുമാരേട്ടാ,
ഞാനും എന്റെ ദൈവവും
എന്ന സ്വാര്‍ത്ഥ ചിന്തയില്‍ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വരുന്നത്.

വളരെ ശരി.

ഓടോ: ഞാനും എന്റെ ദൈവവും തോളത്ത് കൈയ്യിട്ട് നടക്കുന്ന ദോസ്തുക്കളാ. എന്നെ തല്ലിയാല്‍ ദൈവം നിങ്ങളെ പൂശും(പുള്ളി മിക്കവാറും ബിസി ആയത് കൊണ്ട് ഞാന്‍ തന്നെ തല്ലി ബില്ല് റീയിമ്പേഴ്സ് ചെയ്യാറാ പതിവ്) എന്റെ ദൈവത്തെ തല്ലിയാല്‍ ഞാന്‍ നിങ്ങളെയും. സംശയമുണ്ടെങ്കില്‍ ചേട്ടന്‍ ബൂലോഗത്തെ ആരുടെയെങ്കിലും ദൈവത്തെ ഒന്ന് തോണ്ടി നോക്കൂ.. :-)

ദില്‍ബാസുരന്‍ said...

സുകുമാരേട്ടാ,
ഞാന്‍ വീണ്ടും വരും. താങ്കളുടെ എഴുത്ത് വായിക്കാന്‍.

മഹവിഷ്ണു said...

സുകുമാരേട്ടാ ഇവിടെ ഒരു അസുരന്‍ വന്നിരുന്നോ ?

Radheyan said...

ഈ ബ്ലോഗില്‍ വായിക്കാനുള്ള കണ്ടന്റ് ഉണ്ട്.നന്നായി എഴുതിയിരിക്കുന്നു.അഭിപ്രായങ്ങളോട് യോജിപ്പുമുണ്ട്.

ഒരു മുതിര്‍ന്ന ബ്ലോഗറുടെ പക്വതയുള്ള സ്വരം കേള്‍ക്കാന്‍ ദില്‍ബുകുട്ടന്‍ പറഞ്ഞപോലെ ഞാനിയും ഇതിലേ വരും

ദില്‍ബാസുരന്‍ said...

ദേ വന്നല്ലോ.. :-)

ദോസ്തേ മഹവിഷ്ണൂ,
ഞാനിവിടെ ഉണ്ട്. ഏയ് പ്രശ്നമൊന്നുമില്ല. എടപെടണ്ട. ഞാന്‍ നമ്മടെ ദോസ്തിയെ പറ്റി പറയുകയായിരുന്നു. അപ്പോഴേയ്ക്കും ഒരു ബ്ലോഗും തുടങ്ങി ഇങ്ങ് പോന്നോ? :-)

deepdowne said...

ദില്‍ബാസുരാ, ചിരിക്കാതിരിക്കാന്‍ വയ്യ. ഇതു വളരെ വളരെ വളരെ ഇഷ്ടമായി: "എന്നെ തല്ലിയാല്‍ ദൈവം നിങ്ങളെ പൂശും(പുള്ളി മിക്കവാറും ബിസി ആയത് കൊണ്ട് ഞാന്‍ തന്നെ തല്ലി ബില്ല് റീയിമ്പേഴ്സ് ചെയ്യാറാ പതിവ്)" ഹഹ!! (ഓര്‍ത്തോര്‍ത്ത്‌ ചിരിക്കുന്നു!)

വേണു venu said...

സുകുമാരന്‍ നിങ്ങളെഴുതിയ പലതും ആശയ ഐക്യം ഉള്ളതിനാല്‍‍ ഞാന്‍ ഇഷ്ടപ്പെട്ടു.
മനുഷ്യരിലൂടെ മാത്രമല്ല സകല ജീവജാലങ്ങളിലൂടെയും അനുഗ്രഹങ്ങള്‍‍ കിട്ടും വിധം നമ്മള്‍‍ എത്തിയാല്‍‍ ആ മേഖലയ്ക്കു് ദൈവീകത്വം എന്നു പേരിട്ടാലോ...?
പോതും എന്‍‌ട്ര മനം പൊന്‍ ശെയ്യും മരുന്ത്
ഇതു തന്നല്ലേ ഇവിടെ പുരാണങ്ങളിലും വേദങ്ങളിലും.
ഒത്തിരി ഇഷ്ടപ്പെട്ടു ചിന്താ ധാരകള്‍‍. yzxw

അപ്പു said...

സുകുമാരേട്ടാ....താങ്കളുടെ ചിന്തകള്‍ ഇഷ്ടപ്പെട്ടു...ഇനിയും ഇതിലേ വരാം..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട , oasis,deepdowne, മുംസി, ദില്‍ബു , വിഷ്ണു , രാധേയന്‍ ,വേണു.. എല്ലാവര്‍ക്കും വളരെ വളരെ നന്ദി.. !
deepdowne ദില്‍ബുവിന്റെ കമന്റിനാണ് കമന്റ് എഴുതിയത് , എന്നാലും എന്റെ ബ്ലോഗ് സന്ദര്‍ശിക്കുകയും വായിക്കുകയും ചെയ്തല്ലൊ.ദില്‍ബുവിന്റെ കമന്റിലെ നര്‍മ്മം ആസ്വദിച്ചെഴുതിയപ്പോള്‍ പോസ്റ്റിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ വിട്ടുപോയതാകണം. എന്റെ ചിന്തകള്‍ പലരേയും ചൊടിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം.പക്ഷെ എനിക്കെന്ത് ചെയ്യാന്‍ പറ്റും? ഇന്നലെ ഒരു കമന്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടിവന്നു.കാരണം ആ മാന്യസുഹൃത്ത് എന്നെ വ്യക്തിപരമായി കടന്നാക്രമിക്കുകയായിരുന്നു.ലക്ഷക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ഒരു കാര്യത്തെ പറ്റി പറയുമ്പോള്‍ അയാള്‍ക്ക് മാത്രം അങ്ങിനെ പൊള്ളേണ്ട കാര്യമില്ല.അയാള്‍ ഉപയോഗിച്ച വാക്കിനേക്കാളും പതിന്മടങ്ങ് ശക്തിയില്‍ എനിക്ക് പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല, എന്റെ പക്വത അതിനനുവദിക്കുന്നില്ല. അടിസ്ഥാനപരമായി എല്ലാ മനുഷ്യരേയും ഞാന്‍ നിഗൂഢമായി സ്നേഹിക്കുന്നു.അത്കൊണ്ടാണ് മനുഷ്യന്റെ ചിന്തകളിലും പെരുമാറ്റങ്ങളിലും ഉള്ള വൈരുദ്ധ്യങ്ങള്‍ എന്നെ വേദനിപ്പിക്കുന്നത്. കുറെ ആളുകള്‍ വിശ്വസിക്കുന്നു എന്നത്കൊണ്ട് ആ വിശാസം സത്യമാകണമെന്നില്ല.എല്ലാം തന്നെ പുനര്‍നിര്‍വ്വചിക്കപ്പെടണം,എല്ലാ വിശാസങ്ങളും തെളിയിക്കപ്പെടണം,എല്ലാ പ്രവൃത്തികളും സാധൂകരിക്കപ്പെടണം എന്നു ഞാന്‍ കരുതുന്നു.ഇതില്‍ എന്താണ് തെറ്റ് ?
പ്രിയ വേണു..ഒരു പേരില്‍ എന്തിരിക്കുന്നു..ഭാഷ മനുഷ്യന്‍ കണ്ടുപിടിച്ചതല്ലേ,മാത്രമല്ല പേരുകളാണ് ഭാഷയില്‍ കൂടുതലും. തെറ്റായ ധാരണകളും വ്യാഖ്യാനങ്ങളും നല്‍കാന്‍ പര്യാപ്തമായ ഒട്ടേറെ വാക്കുകളും പേരുകളും ഭാഷയില്‍ കടന്നുകൂടുകയും അവ ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.
ശരിയും, സത്യവുമായ കാര്യങ്ങള്‍ ലോകത്ത് എവിടെയുമുള്ള,ഏത് ഭാഷയിലുമുള്ള,ഏത് കാലത്തുമുള്ള ആര് പറഞ്ഞാലും അതൊക്കെ നമുക്ക് സ്വന്തം.എന്തായാലും കമന്റിട്ട എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി വീണ്ടും രേഖപ്പെടുത്തുന്നു.എന്നോട് വിയോജിക്കുന്നവര്‍ ആ വിയോജിപ്പ് ബ്ലോഗിന്റെ എത്തിക്സ് പാലിച്ചുകൊണ്ട് എഴുതിയാല്‍ ഞാന്‍ കൂടുതല്‍ നന്ദിയുള്ളവനായിരിക്കും.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട ശിവദാസിനും,അപ്പുവിനും വളരെ വളരെ നന്ദി... സ്നേഹവും..!

പടിപ്പുര said...

ദൈവവിശ്വാസത്തോടല്ല അതിന്റെ പേരിലുണ്ടാക്കുന്ന പൊല്ലാപ്പുകളോടാണ്‌ ഞാന്‍ വിയോജിക്കുന്നത്‌.

സഞ്ജു said...

Yet another thought evoking post by you on a delicate issue ! Good..
ദൈവങ്ങളും ആരാധനാലയങ്ങളും എല്ലാം വളരെയേറെ കൊമര്‍ശ്യലായിസ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലൊ ഇത്.പിന്നെ ഈയിടെയായി വര്‍ദ്ധിച്ച് വരുന്ന ആള്‍ദൈവങ്ങളുടെ കുതന്ത്രങ്ങളെപ്പറ്റി അധികം പറയാതെയിരിക്കുന്നതാണ്‌ നല്ലത്..അത് മറ്റൊരു ബിസിനസ്സ് മോഡല്‍..പടിപ്പുര പറഞ്ഞതുപോലെ ദൈവങ്ങളും ദൈവവിശ്വാസവുമല്ല ഇപ്പോഴത്തെ പ്രശ്നം..അതിന്റെ പേരിലുള്ള കൈയിട്ട് വാരലും,തമ്മിള്‍ത്തല്ലുകളും മറ്റുമാണ് വലിയ പ്രശ്നങ്ങള്‍...
തുടര്‍ന്നും എഴുതുക...

Anonymous said...

ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ ആണെന്ന് ആരാപറഞ്ഞത്‌? മര്‍ലീന്‍ ബ്രാന്‍ഡോ അഭിനയിച്ച ഒരു സിനിമയുണ്ടല്ലോ... എന്താ അതിന്റെ പേരു..? ഗോഡ്‌ ഫാദര്‍? ങാ അതു തന്നെ. അതിലെ ഓന്റെ അവസ്ഥയിലാ ദൈവം ഇപ്പോള്‍. ഗുണ്ടാ!! കാശുകൊണ്ട്‌ കൊടുത്തിട്ട്‌ ഭക്തന്‍ ഒരു പറച്ചിലുണ്ട്‌. "ഭഗവാനെ അവനെ രണ്ട്‌ താങ്ങ്‌ കൊട്‌. ദാ ഇത്ര കാശുണ്ട്‌.. പറ്റ്വോ? ഇല്ലേ വേറെ ദൈവത്തിനെ നോക്കണം. ങാ" ഇതെന്തോന്ന് ഭക്തി മാഷന്മാരേ.

സുജിത്ത്‌ said...

മാഷിന്റെ എല്ലാ പോസ്റ്റുകളും ഞാൻ വായിക്കാടുണ്ടു. അപൂർവമായി മാത്രമേ ഞാനെന്തെങ്കിലും ഇവിടെ എഴുതാറുള്ളൂ. എങ്കിലും താങ്കലുടെ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നതു കൊണ്ട് അതറിയിക്കുന്നു. “നീയുണർന്നാൽ നീയേ കടവുൾ.” എന്നു തുടങ്ങുന്ന തിരുകുറലിലെ വരികളാണിതു വായിച്ചപ്പോളോർമ വന്നത്. സമൂഹത്തിനു വേണ്ടി ഇതു പോലെയുള്ള ഗൗരവമുള്ള വിഷയങ്ങൾ പങ്കു വക്കുന്നതിലുള്ള നന്ദിയറിയിക്കുന്നു.

G.manu said...

kumaretta........bhakthi vyavasayam.com......thakarkkanam...lets do our best

ധ്വനി said...

തൃപ്തിയില്ലായ്മയും സ്വര്‍ത്ഥതയും ആണു എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം. ഭൂരിപക്ഷത്തിനും മനസിലായവയും, അതില്‍ ഭൂരിപക്ഷവും സൗകര്യപൂര്‍വം മറക്കുന്നതുമായ ചിന്തകളാണു ചേട്ടന്‍ ഇവിടെ പങ്കുവച്ചവ.
എന്നോടു പ്രത്യേക മമതയും താത്പര്യവുമുള്ള ദൈവം! . ഭൂരിപക്ഷത്തിന്റെയും ദൈവസങ്കല്‍പം ഇതാണു.

''എന്തിന് പ്രാര്‍ത്ഥിക്കണം? ആരോട് പ്രാര്‍ത്ഥിക്കണം?'' എന്ന ചിന്ത ശക്തം തന്നെ. പ്രശ്നങ്ങളും പ്രതിവിധിയും അവനവനില്‍ നിന്നു തന്നെയെന്നു മനുഷ്യന്‍ മനസ്സിലാക്കട്ടെ. അവന്‍ സ്വന്തം ആത്മാവിനൊടു/തന്നോടുതന്നെ സംവദിയ്ക്കട്ടെ. അതാവട്ടെ പ്രാര്‍ത്ഥന.

ഇതൊരു മികവുറ്റ ലേഖനമാണു. അഭിനന്ദനങ്ങള്‍!