വിശ്വാസവും അറിവും രണ്ടും രണ്ടാണ്. വിശ്വാസം അറിവല്ല അത് വെറും വിശ്വാസം മാത്രമാണ്. അത് പോലെ അറിവ് വിശ്വാസമല്ല അത് അറിവ് തന്നെയാണ്. വിശ്വസിക്കാൻ ഒരു തെളിവും ഒരു ലോജിക്കും വേണ്ട. പക്ഷെ അറിവിന് തെളിവ് വേണം ലോജിക്ക് വേണം. ലോകത്ത് ജനങ്ങളിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. പല വിധ വിശ്വാസികൾ ആണെന്ന് മാത്രം. വിശ്വാസികളെ പൊതുവെ ബന്ധിപ്പിക്കുന്ന ഘടകം അവർക്ക് വിശ്വസിക്കാൻ ഒരു തെളിവും ലോജിക്കും വേണ്ട എന്നതാണ്. പറഞ്ഞ് പഠിപ്പിച്ചത് അങ്ങ് വിശ്വസിച്ചോളും. എന്നിട്ട് വിശ്വാസം തന്നെയാണ് അറിവ് എന്നും വിശ്വസിക്കും. അതുകൊണ്ട് യഥാർത്ഥ അറിവ് അവരെ ധരിപ്പിക്കാൻ കഴിയില്ല.
വിശ്വാസങ്ങളെ തിരസ്ക്കരിച്ച് അറിവിനെ ആശ്രയിക്കുന്നവർ ന്യൂനപക്ഷമാണ്. ഞാൻ ഇങ്ങനെ രണ്ട് വിധം ആൾക്കാരെയേ കാണുന്നുള്ളൂ. ഞാൻ വളരെ മുൻപേ വിശ്വാസങ്ങളെ തിരസ്ക്കരിച്ച് അറിവിനെ തേടിപ്പോയ ആളാണ്. അതുകൊണ്ട് ഇന്നും ഓരോ ദിവസവും ഓരോ അറിവിനെ മനസ്സിലാക്കുകയാണ്. ഇനിയും എത്രയോ അറിവുകൾ മനസ്സിലാക്കാനുണ്ട്. ഈ ആയുസ്സിൽ വളരെ കുറവ് അറിവുകൾ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഇത് ഹിന്ദുക്കളോട് പറഞ്ഞാൽ അവർ പറയും നിങ്ങൾ വേദങ്ങൾ പഠിക്കൂ, ഭഗവദ്ഗീത പഠിക്കൂ നമ്മുടെ ഋഷിമാർ സർവ്വവും പഠിച്ച് പ്രപഞ്ചത്തെ കലക്കി കുടിച്ചവരാണ് എന്നൊക്കെ. എല്ലാം താളിയോലകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് പറയും. അവരോട് ഞാൻ എന്ത് പറയാനാണ്. എന്നാൽ പിന്നെ എന്തുകൊണ്ട് ഋഷിമാർ പേപ്പറും പെന്നും അച്ചടിയും കണ്ടുപിടിച്ചില്ല എന്ന് ചോദിക്കാൻ പറ്റുമോ?
മുസ്ലീങ്ങൾ പറയും എല്ലാം ഞമ്മളുടെ കിത്താബിൽ ഉണ്ട് എന്ന്. എന്ന് പറഞ്ഞാൽ ഇത് വരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാൻ ഉള്ളതിൻ്റെയും ഒക്കെ സൂചനകൾ കിത്താബിൽ ഉണ്ട് എന്ന്. കൃസ്ത്യാനികൾക്കും അങ്ങനെ തന്നെ. ചുരുക്കി പറഞ്ഞാൽ വിശ്വാസികളാണ് ഈ ലോകം നിയന്ത്രിക്കുന്നത്. വിശ്വസിക്കാനുള്ള മനുഷ്യൻ്റെ കഴിവിൻ്റെ പുറത്താണ് എല്ലാ എസ്റ്റാബ്ലിഷ്മെൻ്റുകളും നിലനിൽക്കുന്നത്. പക്ഷെ ലോകത്തെ പുരോഗതിയിലേക്ക് എടുത്ത് ചെല്ലുന്നത് അറിവാണ്, വിശ്വാസമല്ല. വിശ്വാസങ്ങൾ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് ദ്രോഹം മാത്രമാണ്. മനുഷ്യരെ ശത്രുക്കളാക്കുന്നത് വിശ്വാസങ്ങളാണ്. വിശ്വാസം മാറ്റി അറിവിൻ്റെ ലോകത്ത് വന്നാൽ അവിടെ മാനവികത മാത്രമേയുണ്ടാകൂ. ജോസഫ് മാഷ് പറഞ്ഞതും ഇതാണ്. പക്ഷെ അങ്ങനെയൊരു മാനവികലോകം വിദൂരമായ ഒരു സ്വപ്നം മാത്രമാണ്. ഒരിക്കലും യാഥാർഥ്യം ആകണമെന്നില്ല.
ഞാൻ ഹൈന്ദവതയെ പുകഴ്ത്തുന്നത് ഈ മതവിശ്വാസ ലോകത്ത് എനിക്ക് അപരിമിതമായ സ്വാതന്ത്ര്യം ലഭിക്കുന്നത് ഈ ഹൈന്ദവത ഇവിടെ നിലനിൽക്കുന്നത് കൊണ്ടാണ് എന്നതിനാലാണ്. ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷമായി ഇല്ലായിരുന്നെങ്കിൽ ഞാൻ സ്വതന്ത്രൻ ആകില്ലായിരുന്നു. ഇത് പോലെ എനിക്ക് എഴുതാനും കഴിയില്ലായിരുന്നു. ബി.ജെ.പി.യെ സപ്പോർട്ട് ചെയ്യാൻ കാരണം അവർ ഭരിക്കുന്നത് കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു, ആർക്കും ഒരു ദോഷവും ചെയ്യുന്നില്ല, പിന്നെ കേന്ദ്രത്തിൽ മന്ത്രിമാരൊന്നും ഒന്നിലും കൈയ്യിട്ട് വാരുന്നില്ല എന്നതൊക്കെയാണ്. ഇത്രയും പ്രൊഫഷണലായ കേന്ദ്രമന്ത്രിമാരെ മോദി മന്ത്രിസഭയിൽ അല്ലാതെ കണ്ടിട്ടും ഇല്ല. അതൊക്കെ നോക്കുമ്പോൾ മന്മോഹൻ സിങ്ങിൻ്റെ രണ്ട് ടേം മന്ത്രിസഭയിലും അദ്ദേഹം ഒഴികെ ബാക്കിയെല്ലാം ഒന്നിനും കൊള്ളാത്ത അലവലാതികളായിരുന്നു.
പിന്നെ വിശ്വാസത്തിൻ്റെ കാര്യം എടുത്താൽ ബി.ജെ.പി.ക്കാരും കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും എല്ലാം തുല്യരാണ്. ഒന്നല്ലെങ്കിൽ ഒന്ന് വിശ്വസിക്കുന്നവരാണ് എല്ലാ പാർട്ടിക്കാരും. അതേ സമയം വെറുതെ വിശ്വസിക്കാതെ അറിവിനെ ആശ്രയിക്കുന്നവർ, ലോജിക്കലായി ചിന്തിക്കുന്നവർ എല്ലാ പാർട്ടികളിലും ഉണ്ട് താനും. ബി.ജെ.പി.യിലും ഉണ്ട്. അതുകൊണ്ട് ബി.ജെ.പി.യെ പിന്തുണയ്ക്കാൻ എനിക്ക് ഒരു തടസ്സവും ഇല്ല. എന്നെ ബി.ജെ.പി.യോട് ഏറ്റവും അടുപ്പിക്കുന്ന ഘടകം കപട മതേതരരും ഒരു പ്രത്യേക വിശ്വാസികളും ബി.ജെ.പി.യോട് കാണിക്കുന്ന പകയും വിദ്വേഷവുമാണ്. എനിക്ക് അത്തരം മനോഭാവക്കാരോട് അറപ്പും പുച്ഛവും ആണ്. കാരണം ബി.ജെ.പി. ഇന്ത്യയിൽ അധികാരം പിടിച്ചെടുത്തതല്ല, ജനാധിപത്യപരമായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ബി.ജെ.പി. ഇന്ത്യ ഭരിക്കുന്നത്. ജനങ്ങളുടെ പിന്തുണ വേണ്ടത്ര ഇല്ലാത്ത അല്പന്മാരാണ് ബി.ജെ.പി.യെ പഴിക്കുന്നത്. അപ്പോഴും മാന്യത പുലർത്തുന്നത് കൊണ്ടാണ് ബി.ജെ.പി. എനിക്ക് പിന്നെയും സ്വീകാര്യമാകുന്നത്.
ഏറ്റവും വെറുക്കുന്ന പാർട്ടിയും നേതാക്കളും ഭരണവും ഏതാണെന്ന് തെളിച്ച് പറയേണ്ടതില്ലല്ലൊ. മാർക്സിസം മറ്റൊരു അന്ധവിശ്വാസമാണ്. സമത്വസുന്ദരമായ ലോകം എന്നത് കാൾ മാർക്സിൻ്റെ മനോഹരമായ ഒരു സ്വപ്നം ആയിരുന്നു. ആ സ്വപ്നം ആരെയാണ് വശീകരിക്കാത്തത്. എന്നെയും വശീകരിച്ചിരുന്നു. അങ്ങനെ സ്വപ്നം കാണാനും ആ സ്വപ്നം ലോകത്തോട് പറയാനും കാൾ മാർക്സിന് അവകാശം ഉണ്ടായിരുന്നു. പക്ഷെ അതൊരു സ്വപ്നം മാത്രമാണ്. യാഥാർഥ്യവുമായി ഒരിക്കലും പൊരുത്തപ്പെടാത്തത്. ആ സ്വപ്നത്തെ യാഥാർഥ്യമാക്കാം എന്ന് പറഞ്ഞ, വിശ്വസിച്ച കമ്മ്യൂണിസ്റ്റുകൾ ലോകത്ത് കാട്ടിക്കൂട്ടിയതും ഇപ്പോൾ കാട്ടിക്കൂട്ടുന്നതും എല്ലാവർക്കും അറിയാം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിലും ജനാധിപത്യ സംസ്ക്കാരത്തിലും യോജിക്കുന്ന ഒരാൾക്കും ഈ ഒരു അന്ധവിശ്വാസത്തെ എതിർത്ത് തോല്പിക്കാതിരിക്കാൻ കഴിയില്ല. ഹിന്ദുക്കളുടെ വിശ്വാസങ്ങൾ നിർദ്ദോഷമാണ്. പക്ഷെ കമ്മ്യൂണിസ്റ്റിൻ്റെയും ഇസ്ലാമിസ്റ്റിൻ്റെയും വിശ്വാസങ്ങൾ മാനവികതയ്ക്ക് എതിരാണ് ആപത്താണ്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്.